2021 ഏപ്രിൽ 15, വ്യാഴാഴ്‌ച

കാക്കനാടിൻ്റെ ഒരു കഷ്ണം.

 കാക്കനാടിൻ്റെ ഒരു കഷ്ണം.

1982.
ജോലി കിട്ടി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വില്ലിങ്ങ്ഡൺ ഐലൻ്റ് ബ്രാഞ്ചിൽ ജോയിൻ ചെയ്ത് രണ്ടു വർഷം കഴിഞ്ഞ കാലം.
ഒരു ലഞ്ച് ബ്രേക്കിൽ സഹപ്രവർത്തകർക്കിടയിൽ ബാങ്ക് ലോണെടുത്ത് വീടു പണിയുന്നതിൻ്റെ ചർച്ച പൊടിപൊടിക്കുകയായിരുന്നു. ശശിധരൻ ഇടപ്പള്ളിയിൽ സ്ഥലം വാങ്ങി. ജെയിംസ് വൈറ്റിലയിൽ. പ്രഭു തൃക്കാക്കര.
"ബാലാ നെനക്ക് പത്ത് സെൻ്റ്
വാങ്ങീട്ടൂട്രാ?."
തൃശ്ശൂര് കോടന്നൂക്കാരൻ ഫ്രാൻസീസ് എന്നെ ഒന്നിളക്കാൻ നോക്കി. കക്ഷി കടവന്ത്രയിൽ തറ പണിതു കഴിഞ്ഞു.
"ഹഹ!."
"എന്ത് ഇക്കക്ക!. തമാശ്യല്ല; ഇപ്പ ചീപ്പ്ല് കിട്ടും."
"ചിരിച്ച് തള്ളണ്ട ബാലന്ദ്രാ. എടപ്പള്ളീല് ഇഷ്ടം പോലെ സ്ഥലം കിട്ടാണ്ട്. കൊറച്ച ങ്ങട്ട് നീങ്ങ്യാ എളമക്കരേല് അതിലും കൊറഞ്ഞ് കിട്ടും."
പറവൂക്കാരൻ ശശിധരൻ.
"ഏയ് അതിൻ്റെ പത്തിലൊന്ന് വെലക്ക് സ്ഥലണ്ട്. "
പയസ് ഉദാരനായി.
"എവടെ?."
ശശിയുടെ ചോദ്യത്തിൽ വെല്ലുവിളി.
"കാക്കനാട്. "
"ഭ്ർർർർ.... "
ഫ്രാൻസീസ് തുപ്പൽ ചാമ്പി പയസിനെ റദ്ദ് ചെയ്തു.
"കുറുക്കൻ മൂല്യാ കുറുക്കൻമൂല!. ആ കാട്ടുമുക്കിലന്നെ സ്ഥലം വാങ്ങണം!. അപ്പടി കുന്നും കുണ്ടും കുഴ്യണ്. വേണ്ടാട്ട ബാലാ!."
വാങ്ങാൻ താല്പര്യമുള്ളവനല്ലേ ആശയക്കുഴപ്പമുള്ളു. ഇടപ്പള്ളിയും കടവന്ത്രയും വൈറ്റിലയും തൃക്കാക്കരയും കാക്കനാടും ഒന്നും ഉണ്ടായില്ല. ഒരു വർഷം കഴിഞ്ഞ് തൃശ്ശൂരിലേക്ക് പോന്നപ്പോൾ അച്ഛൻ ഇഷ്ടദാനം ചെയ്ത തറവാട്ടു പറമ്പിൽ ഞാൻ വീട് പണിതു.
:
:
:
ഇന്നലെ എറണാകുളത്ത് പോയപ്പോൾ ഇൻഫോ പാർക്കിനടുത്ത് മരുമകൻ്റെ മകൻ വാടകയ്ക്ക് താമസിക്കുന്ന ഫ്ലാറ്റിൽ പോയിരുന്നു. അവിടെ ഡൈനിങ്ങ് റൂമിൻ്റെ ജനലരികിൽ നിന്നപ്പോൾ കണ്ട കാഴ്ചയാണിത്.
"ആ കാണുന്ന ഏരിയ ഏതാ സതീശാ?."
മരുമകനോട് ചോദിച്ചു.
"കാക്കനാടിൻ്റെ ഭാഗന്നെ. ഇപ്പൊ ഡവലപ്പ് ചെയ്ത് വരുന്ന ഏരിയാണ്."
"എൻ്റെമ്മോ!."
"അപ്പൊ ശരിക്കും കാക്കനാട് കണ്ടാലോ?. ചന്ദ്രമ്മാമൻ ഞെട്ടും!."
മുപ്പത്തത്തെട്ട് വർഷം മുമ്പ് പയസ് പറഞ്ഞത് കേട്ടിരുന്നെങ്കിൽ എന്നോർത്തപ്പോൾ സ്വയം എടുത്ത്‌ ജനലിനു പുറത്തേക്കെറിയാൻ തോന്നി...
May be an image of sky and tree


Comment
Share

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ