പരീക്ഷണങ്ങള്‍
സന്ധ്യക്ക് ഹൈദരബാദിൽ നിന്ന് മകന്റെ ഫോണ്.
"ങ്ഹാ, പറേടാ."
"അച്ഛാ, ഞങ്ങളാസ്പത്രീലാ."
"അയ്യോ..... എന്തേ!."
"ഒന്നൂല്ല്യ, ഭരതു ഒന്നു വീണു ."
"ന്നട്ട്?."
"എടത്തേ കയ്യിന് ഫ്രാക്ച്ചറ്ണ്ട്."
"ഫ്രാക്ച്ചറോ !."
"അതെ, പേടിക്കാനൊന്നൂല്ല്യച്ഛാ!. സംഗത്യെന്താച്ചാ പറ്റീട്ട് കൊറെ കഴിഞ്ഞ് നീര് വന്ന് വേദന സഹിക്കാണ്ടായപ്പഴാ അവൻ പറഞ്ഞത്. "
"അതങ്ങന്യന്ന്യാ കുട്ട്യോള്. പേടിച്ചിട്ട് മിണ്ടാണ്ട് കൊണ്ട് നടക്കും. കൂട്ട്യാ കൂടാണ്ടാവുമ്പൊ പറയും!. "
"ഒടനെ അടുത്ത്ള്ള ആസ്പത്രീ കൊണ്ടുവന്നു. രണ്ട് വർഷം മുമ്പ് അച്ഛനെ കാണിച്ച ഡോക്ടറില്ല്യേ, അങ്ങേരന്ന്യാ."
"ഓ... റെഡ്ഡി!. യെസ്, അങ്ങേര് നല്ല ഡോക്ടറാ. ഡോക്ടറെന്തു പറഞ്ഞു?."
"ഇപ്പൊ നീര്ണ്ട്. തല്ക്കാലം ലൈറ്റായിട്ട് ബാന്ഡ് എയിഡ് ഇടാം. രണ്ടീസം കഴിഞ്ഞു നീരൊക്കെ കൊറഞ്ഞാ തിക്ക് പ്ലാസ്റ്ററിടണന്ന് പറഞ്ഞു. പേടിക്കാനൊന്നൂല്ല്യാന്നും. "
"ങ്ഹും. അവനട്ത്ത്ണ്ടാ?."
"ഇല്ല്യാ. അകത്തക്ക് കൊണ്ടോയി."
"എന്തേണ്ടായീത്?."
"അതിപ്പഴ്വറീല്ല്യ."
"എവടെ വെച്ചാ പറ്റീത്?."
"അത് പിന്നെവട്യാന്ന് പറയാണ്ടോച്ഛാ?. പാര്ക്കിലന്നെ!. സ്ഥിരം അഭ്യാസത്തട്ട്!. "
"എന്താണ്ടായേന്ന് അവനോട് ചോച്ചില്ല്യെ നിയ്യ്?."
"ഇതു വരെയുള്ള അന്വേഷണത്തിൽ നിന്നും കാര്യമായ ഒരു വിവരവും ലഭിച്ചിട്ടില്ല. കക്ഷി ചോദ്യം ചെയ്യലിനോട് പൂർണ്ണമായി സഹകരിക്കുന്നില്ല."
"ഓ, അപ്പൊ വെളിപ്പെടുത്താൻ വയ്യാത്ത വലിയ എന്തോ സംരഭത്തിലായിരുന്നിരിക്കണം!."
"തീർച്ചയായും. ക്ലോസ് ഫ്രൻസിൽ ചിലരോടന്വേഷിക്കുമ്പോൾ ലഭിക്കുന്ന സൂചനകളും അതു തന്നെയാണ്."
"അവരെന്തു പറഞ്ഞു?."
"സീസോ, ഉരുമ്മുകോണി, ഊഞ്ഞാൽ ഇവ മൂന്നും ചേർത്തുകൊണ്ടുള്ള ഒരു ഇൻ്റെഗ്രേറ്റഡ് പ്രോഗ്രാമിൻ്റെ സാദ്ധ്യതാ പരീക്ഷണത്തിലായിരുന്നുവത്രെ പുള്ളി."
"ഓഹോ!. "
"അവൻ്റെ ഫ്രൻസ് അന്വേഷിച്ചു വന്നിരുന്നു. കാണാനാവാതെ അവരൊക്കെ വേഗം മടങ്ങി. "
"അതെന്തേ?. "
"സന്ദർശനാനുമതി നിഷേധിച്ചു. "
"ആര് ആസ്പത്രിക്കാരോ?."
"ഏയ്, പരിക്കുകാരൻ തന്നെ!."
"കാരണം?."
"രണ്ടു പേരെയും മുഖാമുഖം നിർത്തി ചോദ്യം ചെയ്താലോ എന്നു ഭയപ്പെട്ടിട്ടാവണം."
"ങ്ഹും. സ്മാർട്ട് ബോയ്!. ഡോക്ടറെന്തു പറഞ്ഞു?."
"പേടിക്കാനില്ല. ഡിസ്ലൊക്കേഷൻ ഉണ്ടാവാതെ പോയത് നന്നായീത്രെ. അങ്ങന്യായിരുന്നൂച്ചാ ഓപ്പറേഷൻ വേണ്ടി വന്നേനേന്ന്!. "
"ഭാഗ്യം!."
"എന്താണ്ടായേന്ന് ഡോക്ടറോട് അവൻ പറഞ്ഞ്വാവോ?."
"അറീല്ല്യ. ഡോക്ടർ പക്ഷേ ചിലത് അനുമാനിക്കുന്നുണ്ട്."
"ച്ചാൽ?."
"ഗ്രാഫിക്സിനു പോലും വഴങ്ങാത്ത തരം ഒരു ജിംനാസ്റ്റിക്സ് പ്രൊജക്റ്റിൻ്റെ ഫിസിക്കൽ ഡെമോൺസ്ട്രേഷനിൽ ആയിരുന്നിരിക്കണം കഥാനായകനെന്ന്!."

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ