ഒബ്സര്‍വര്‍
പണ്ട് സ്കൂളിൽ പഠിക്കുന്ന കാലത്ത് നടന്നതാണ്. സ്കൂളിലെ കമ്മ്യൂണിറ്റി ഹാളിൻ്റെ ചുമരിൽ വേണു മാഷ് + ഗീത ടീച്ചർ എന്ന് ഒരു വിരുതൻ ചുവന്ന ക്രയോൺ പെൻസിൽകൊണ്ട് വലിയ അക്ഷരങ്ങളിൽ എഴുതി വെച്ചത് ഞങ്ങൾക്ക് ഡ്രിൽ നടത്തിക്കൊണ്ടിരുന്ന പി.ടി. മാഷ് കണ്ടു. കണ്ട ഉടൻ 'ഏത് തല തെറിച്ചോനാ ഈ ചീതത് ' എന്ന് മുറുമുറുത്തുകൊണ്ട് മാഷ് ഒരു കല്ലെടുത്ത് അത് ചുരണ്ടി കളയാൻ തുടങ്ങി. ചുരണ്ടി കഴിഞ്ഞപ്പോഴാണ് ചുറ്റിലും കൂടിയിരുന്ന ഞങ്ങൾ കുട്ടികൾക്കിടയിൽ കൂട്ടച്ചിരി ഉയർന്നത്. അത് കേട്ടപ്പോൾ മാഷ് രോഷാകുലനായി.
"എന്താടാ പിള്ളേരെ ചിരിച്ചത്?."
ഞങ്ങൾ പെട്ടെന്ന് നിശ്ശബ്ദരായി.
" പറേടാ, എന്തിനാ ചിരിച്ചത്?."
മാഷ് മയിലാഞ്ചിവടി ഒടിക്കുവാൻ തിരിഞ്ഞു. സംഭവം തേഡ് ഡിഗ്രിയിലേക്ക് നീങ്ങുന്നു എന്നു കണ്ടപ്പോൾ ഞങ്ങൾക്കിടയിൽ അല്പം ധൈര്യമുണ്ടായിരുന്ന ഉണ്ണികൃഷ്ണൻ മുന്നോട്ട് കയറി വന്നു പറഞ്ഞു.
"മാഷേ, മാഷ് മാച്ചപ്പോ എഴുതീത് വൽതായി!."
ഉണ്ണികൃഷ്ണൻ പറഞ്ഞ കാര്യം തികച്ചും സത്യമാണെന്ന് പരിശോധിച്ചു ബോധ്യപ്പെട്ടപ്പോൾ മാഷ് അന്ധാളിച്ചു. എങ്കിലും അത് പുറത്തു കാണിക്കാതെ മാഷ് തിരിഞ്ഞു നിന്ന് അലറി:
"പോടാ, എല്ലാരും പോയി വരി നിക്ക്. ഈ പിരീഡ് കഴീണ വരെ എല്ലാരും ഒറ്റക്കാൽല് നിക്കണം!. അമ്പട, നിഷേധികള്!. "
ചുമരെഴുത്ത് മൊത്തത്തിൽ മായ്ക്കാതെ അക്ഷരരേഖകളിലുടെ മാത്രമായി കല്ലുരച്ചപ്പോൾ പെൻസിലെഴുത്ത് ശിലാലിഖിത രൂപത്തിൽ ശാശ്വതമായി എന്ന ഞെട്ടിപ്പിക്കുന്ന സത്യം മഞ്ഞ നിറമുള്ള ചുമരിൽ തെളിഞ്ഞതു കണ്ടപ്പോൾ മാഷ് സ്വയം ശപിക്കുന്നത് ഞങ്ങളിൽ ചിലർ കേട്ടിരുന്നു :
"ശ്ശെ! ഇതിപ്പൊ വെളുക്കാൻ തേച്ചത് പാണ്ടായീലോ!. "
:
:
:
ഒന്നൂല്ല്യ; ഇലക്ഷൻ ബൂത്തിന് 200 മീറ്ററിനുള്ളിൽ കാണുന്ന പ്രചരണ പോസ്റ്ററുകളെല്ലാം കരി ഓയിലുകൊണ്ട് മാർക്ക് ചെയ്തു ശ്രദ്ധേയമാക്കുന്ന മാക്രോ ഒബ്സർവേഷൻ കണ്ടപ്പോൾ ഓർമ്മ വന്നതാ!.
................................................................
കഥാപാത്ര നാമങ്ങൾ സാങ്കല്പികം. ജിവിച്ചിരിക്കുന്നവരോ മരിച്ചവരോ ആരുമായും അവയ്ക്ക് ബന്ധമില്ല.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ