2021 ഏപ്രിൽ 15, വ്യാഴാഴ്‌ച

ബാലനും പോയി

 ബാലനും പോയി

മാസങ്ങൾക്കു മുമ്പ് കേൾക്കാൻ വയ്യാത്ത ഒരു വാർത്ത സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അത് തെറ്റാണ് എന്നറിഞ്ഞപ്പോൾ ഉണ്ടായത് പറഞ്ഞറിയിക്കാനാവാത്ത ആശ്വാസം.
പക്ഷേ ഇത്തവണ........!.
യാത്രാമൊഴി ചൊല്ലുകയല്ലാതെ സ്വയം ആശ്വസിപ്പിക്കാനായി ഒന്നുമില്ലല്ലോ ചങ്ങാതീ....
:
:
:
എഴുപതുകളുടെ അവസാനത്തിലാണ് ഞങ്ങൾ മുഖദാവിൽ പരിചയപ്പെടുന്നത്. ബാലൻ തൃശ്ശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ ആദ്യ ബാച്ച് വിദ്യാർത്ഥിയായിരിക്കെ. തൊഴിലില്ലായ്മ ദേശീയ ദുരന്തമായിരുന്ന ഒരു കെട്ട കാലത്ത് അച്ഛനമ്മമാരുടെ നെഞ്ചിൽ തീ കോരിയിട്ട് കേന്ദ്ര പൊതുമരാമത്ത് വകുപ്പിലെ ജോലി രാജി വെക്കുകയും നാട്ടിൽ നാടകം കളിച്ചു നടക്കുകയും ചെയ്ത (മൂത്ത ജ്യേഷ്ഠൻ്റെ ഭാഷയിൽ അപായകരമായ ആത്മവിശ്വാസം) എൻ്റെ അഹമ്മതി ജീവിതത്തിൻ്റെ നാളുകളിലൊന്നിൽ.
സർക്കാർ തലത്തിൽ കേരളോത്സവം ആരംഭിക്കുന്നതിനും മുന്നേ അടാട്ട് പഞ്ചായത്തിൽ നടന്നിരുന്ന പഞ്ചായത്ത് കലോത്സവത്തിൽ മത്സരിക്കാനൊരു നാടകവും തേടി അരണാട്ടുകര ക്യാമ്പസിൽ ചെന്നപ്പോഴാണ് ബാലചന്ദ്രനെ ആദ്യമായി കാണുന്നത്. അതിനു മുന്നേയും പരിചയമുണ്ട്; മാതൃഭൂമി വിഷുപ്പതിപ്പിൽ വിദ്യാർത്ഥികൾക്കായി നടത്തിയിരുന്ന രചനാമത്സരത്തിൽ നാടകത്തിന് ഒന്നാം സ്ഥാനം കിട്ടിയ എഴുത്തുകാരൻ എന്ന വായിച്ചറിവിൽ.
'മകുടി' എന്ന നാടകത്തിൻ്റെ സ്ക്രിപ്റ്റും ഏതാനും നിർദ്ദേശങ്ങളും തന്നാണ് ബാലൻ അന്ന് ഞങ്ങളെ തിരിച്ചു യാത്രയാക്കിയത്‌. ബാലൻ്റെ സതീർത്ഥ്യനും എൻ്റെ സുഹൃത്തുമായ ജയസൂര്യ നിയോഗിച്ച അവരുടെ ജൂനിയറായ ശശിധരൻ എന്ന വിദ്യാർത്ഥിയാണ് നാടകം സംവിധാനം ചെയ്തത്. നാടകത്തിന് രണ്ടാം സ്ഥാനവും പാമ്പാട്ടിയുടെ വേഷമിട്ട എനിക്ക് മികച്ച നടൻ പുരസ്ക്കാരവും ലഭിച്ചു. അഭിനയത്തിനുള്ള ആദ്യത്തെ സമ്മാനം!. അടുത്ത വർഷം ബാലചന്ദ്രൻ്റെ തന്നെ 'തുടി' എന്ന നാടകമാണ് ഞങ്ങൾ അരങ്ങിലേറ്റിയത്. സംവിധാനവും ബാലൻ ഏറ്റെടുത്തു. അപ്പോഴേയ്ക്കും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ജോലി ലഭിച്ച് കൊച്ചി വില്ലിങ്ങ്‌ഡൺ ഐലൻ്റിൽ ആയിരുന്ന എനിക്ക് അക്കൊല്ലം നാടകത്തിൽ പങ്കെടുക്കാനായില്ല. ആ വർഷവും നാടകത്തിന് ഞങ്ങൾക്ക് രണ്ടാം സ്ഥാനം ലഭിച്ചു. മികച്ച നടിക്കുള്ള പുരസ്ക്കാരവും. മൂന്നാം വർഷം ഞങ്ങളൊന്നു മാറ്റിപ്പിടിച്ചു. ജയസൂര്യയുടെ സംവിധാനത്തിൽ അന്നവതരിപ്പിച്ചത് രണ്ടു പേരുടേയും ഗുരുവായ ജി.ശങ്കരപ്പിള്ള എഴുതിയ 'അമാലന്മാർ'. ആ നാടകം കാണാൻ സദസ്സിൽ ബാലനുമുണ്ടായിരുന്നു. നാടകം കഴിഞ്ഞപ്പോൾ പുള്ളി പിന്നരങ്ങിൽ വന്നു കൈ തന്നപ്പോൾ എന്തോ മണത്തത് ശരിയായിരുന്നു. ആ വർഷവും നാടകത്തിനു രണ്ടാം സ്ഥാനത്തോടൊപ്പം 'മധ്യവയസ്ക്കൻ' എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് മികച്ച നടനുള്ള സമ്മാനം എനിക്കു വീണ്ടും!. ആ മൂന്നു വർഷവും അവതരിപ്പിച്ച നാടകങ്ങൾ ഭൂരിഭാഗവും ബാലന്റെ രചനകളായിരുന്നു. രണ്ടാം വർഷം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ പാവം ഉസ്മാൻ, തുടി, കർണ്ണഭാരം എന്നിവയടക്കം!.
സ്കൂൾ ഓഫ് ഡ്രാമ വിദ്യാർത്ഥികളുടെ ലാബറട്ടറികളായിരുന്ന തൃശ്ശൂരിലെ പ്രധാന 'നാടക പ്രദേശ'ങ്ങളിൽ ഒന്നായിരുന്നു അടാട്ട് പഞ്ചായത്തും. രാജ് തോമസിൻ്റെ നാട്. ഇന്ന് ലോക പ്രശസ്തനായ നടൻ ഗോപാലൻ അടാട്ട് അന്ന് സ്കൂൾ വിദ്യാർത്ഥി. നിഖിൽദാസും അജയൻ അടാട്ടും ജനിച്ചിട്ടു പോലുമില്ല. ജോസ് ചിറമ്മൽ, ശ്യാമപ്രസാദ്, ജയസൂര്യ, അഹമ്മദ് മുസ്ളിം, മുരളി മേനോൻ, അലക്സ് കടവിൽ, ശിവാനന്ദൻ, സന്ധ്യ തുടങ്ങി പിൽക്കാലത്ത് പ്രശസ്തരായവരുടെ സതീർത്ഥ്യനാണ് ബാലചന്ദ്രൻ എന്നറിയുന്നത് ഈ കാലത്തായിരുന്നു.
നാടകസൌഹൃദത്തിൻ്റെ ആ നാളുകളിലൊന്നിൽ ബാലൻ പറയുകയുണ്ടായിട്ടുണ്ട്:
"പി.ബാലചന്ദ്രൻ. നമ്മൾ രണ്ടു പേരും പേരിലും ഇനീഷ്യലിലും ഒന്നാണല്ലോ ബാലാ?. ഭാവിയിൽ അത് ഐഡൻ്റിറ്റി പ്രശ്നമുണ്ടാക്കുമോ?."
"സംശയിക്കണ്ട. അതിനു മാത്രം പൊക്കം ഞാൻ വെക്കില്ല."
ബാലൻ്റെ തമാശ പക്ഷേ പിന്നീട് യാഥാർത്ഥ്യമായി. സിനിമയുമായി ബന്ധപ്പെട്ട് ബാലനുള്ള ഫോണ്വി ളികളിൽ പലതും എനിക്കാണ് വന്നിരുന്നത്!.
നാടക പഠനം കഴിഞ്ഞ് വിദ്യാഭ്യാസ കലാ സാംസ്ക്കാരിക രംഗങ്ങളിൽ ബാലൻ സജീവമാവുകയും പ്രശസ്തിയുടെ പടവുകൾ കയറിക്കൊണ്ടിരിക്കുകയും ചെയ്തിരുന്ന സമയത്താണ് ഞങ്ങൾ വീണ്ടും കണ്ടുമുട്ടുന്നത്. ജയസൂര്യയാണ് ഒരു വൃശ്ചികമാസ സന്ധ്യയിൽ ബാലചന്ദ്രനെയും കൂട്ടിക്കൊണ്ട് വീട്ടിൽ വന്നത്. ( ചേർത്തലക്കാരനായ ജയസൂര്യ 33 വർഷമായി എൻ്റെ നാട്ടുകാരനാണ്) സംസാരവും സൽക്കാരവുമായി രാവേറെ ചെന്നപ്പോള് ഞാൻ പറഞ്ഞു:
" ശരി. വല്ലാതെ വൈകി. നാളെ ഏഴു മണിക്ക് മകൾക്ക് ഡോക്ടറുടെ അപ്പോയിൻമെൻ്റുണ്ട്. നേരത്തെ എണീക്കണം."
" ഓക്കെ ബാലാ. ഞാൻ നാളെ രാവിലെ പോകും. ഇനിയും കാണാം. പിന്നെ മോൾക്കെന്താ അസുഖം?."
" വിട്ടു മാറാത്ത ജലദോഷം. ഇടക്കിടെ ശ്വാസം മുട്ട്. മൂന്നു വർഷമായി രോഗവും ചികിത്സയും തുടങ്ങിയിട്ട്. പരീക്ഷക്കാലത്തൊക്കെ വല്ലാത്ത ബുദ്ധിമുട്ടാണ്. അടുത്ത വർഷം പത്താം ക്ലാസാ!. പേടിയുണ്ട്!."
"നാളെ ആരെയാണ് കാണിക്കുന്നത്?."
"ENT സ്പെഷലിസ്റ്റ്. അല്ലാതാരാ?."
"ഞാനൊരാളുടെ കാര്യം പറയട്ടെ. ഏതായാലും ഇത്രയും കാലം കൊണ്ടു നടന്നില്ലേ. കുറച്ചു നാൾ അങ്ങേർക്കു വിട്ടുകൊടുത്തൂടെ?."
"ആർക്ക്?."
"ആളൊരു സ്വാമിയാണ്. പേടിക്കണ്ട, ആസാമിയല്ല!."
"ആരാദ്?."
"നിർമ്മലാനന്ദഗിരി. ഒറ്റപ്പാലത്താണ്‌. ചെന്നു കാണ്. വ്യത്യാസമറിയാം."
മുക്കുറ്റി സമൂലം പറിച്ച് കഴുകിയത് അഞ്ചെണ്ണം അമ്മിയിലരച്ച് ദിവസം മൂന്നു നേരം. കഷായം അരിഷ്ടം ചൂർണ്ണം ആദികളായി രണ്ടു മൂന്ന് അനുസാരികളും. മൂന്നു മാസത്തെ ചികിത്സ; മകളുടെ മൂന്നാണ്ട് മൂപ്പുള്ള 'അലർജിക് റൈനൈറ്റിസ് ' പമ്പ കടന്നു!. അന്നത്തെ പതിനാലുകാരിക്ക് ഇന്ന് ഇരുപത്തെട്ട്. ഐടി ജീവനക്കാരി. വിവാഹിത.
മകളുടെ ഓർമ്മകളിൽ ഇനി വേർതിരിവുകളില്ല. വർഷങ്ങൾക്കു മുമ്പ് സമാധിയായ സ്വാമിക്കൊപ്പമാണ് ഇനി ബാലചന്ദ്രനങ്കിൾ.....
"വാസാംസി ജീർണ്ണാനി യഥാ വിഹായ..."
ഭഗവത്ഗീതയിലെ പ്രസിദ്ധമായ ശ്ലോകം ഹൃദിസ്ഥമാക്കുന്നത് 'മകുടി'യുടെ റിഹേഴ്സലുകളിലൂടെയാണ്. അർത്ഥമറിയാതെ അന്നുരുവിട്ടു പഠിച്ച വാക്കുകൾ തീരാത്ത വേദനയുടെ പൊരുളറിയിച്ചുകൊണ്ട് മുന്നിൽ നിൽക്കുന്നു....
ജീർണ്ണവസ്ത്രമുപേക്ഷിച്ച് അരങ്ങൊഴിഞ്ഞ സുഹൃത്തേ വിട....

May be an image of 1 person and beard

Like
Comment
Share

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ