2025 ജനുവരി 27, തിങ്കളാഴ്‌ച

നോക്കിയിരിക്കെ


നോക്കിയിരിക്കെ 


വെടിമരുന്നു പുരയ്ക്കരികിൽ മാലപ്പടക്കം പൊട്ടിച്ചുണ്ടായ ദുരന്തം പത്രത്തിൽ വായിച്ചപ്പോൾ അര നൂറ്റാണ്ട് മുമ്പ് നാട്ടിൽ തേവരുടെ പത്താമുദയ വേലയ്ക്ക് ഞങ്ങൾ ചെറുപ്പക്കാർ നടത്തിയിരുന്ന വെടിക്കെട്ട് ഉത്സാഹങ്ങൾ ഓർത്തു പോയി. ആനച്ചോറ് മാത്രമല്ല കൊലച്ചോറെന്ന് മനസ്സിലായത്അക്കാലത്താണല്ലോ.
വർഷം 1974 ധനുമാസം.
"അതേയ് ബാലന്ദ്രൻ, അശോകൻ, നിങ്ങള് രണ്ടാൾക്കും ഒരു പണീണ്ട്."
ഗോലി വലുപ്പത്തിൽ ഉരുട്ടിയ അമിട്ടു ഗുളികൾ ഒരു മുറത്തിലാക്കി ഇറയത്തു വെച്ചുകൊണ്ട് വെടിക്കെട്ട് പ്രമാണി ഉണ്ണിയേട്ടൻ പറഞ്ഞു.
"എന്താ വേണ്ട് ഉണ്ണ്യേട്ടാ?"
ഓലപ്പടക്കം കെട്ടിയിരുന്ന ഞാൻ പുതിയ പണിക്ക് സന്നദ്ധനായി.
"ഇതേയ് സിൽവറമിട്ടിൻ്റെ ഗുളികോളാ. ഇത് കൊണ്ടോയി മ്മടെ തറവാട്ടു പറമ്പിലെ ഞാറ്റ്വണ്ടത്തില് ഒണക്കാൻ വെക്കണം."
"റെഡി. അപ്പൊ ഈ കോറേടെ പണി മത്യാക്ക്യാലോ?"
ഒന്നു വലിക്കാൻ മുട്ടിയിരുന്നിരുന്ന അശോകൻ ഉഷാറായി.
"ആ, അതു മതി. രണ്ട് കിലോൻ്റ്യെല്ലേ, ധാരാളം. സൈസിത്തിരി കൂട്യോന്നാ സംശള്ളോ."
കുഴിമിന്നലിൻ്റെ കോറയിൽ പനഞ്ചിപ്പശയിൽ കുതിർത്ത കടലാസു ചീളുകൾ പതിച്ചു തേക്കുന്ന പണി നിർത്തി അശോകൻ കിണറ്റുകരയിൽ പോയി ഒരു പാട്ട വെള്ളം കോരി കൈ കഴുകി കള്ളിമുണ്ടിൽ തുടച്ചു.
"ബാൽന്ദ്രാ, ഗുളികേട്ത്തോ പൂവാം."
"അപ്പൊ ഈ കോറ ആരാ ഞാൻ കൊണ്ടുപോയി വെക്കണോ?"
"അയ്യോ സോറി ഉണ്ണ്യേട്ടാ, അത് മറന്നു."
വാണക്കഴുത്തിലൂടെ ചൂണ്ടുവിരലും നടുവിരലും കടത്തി പണി തീർന്ന കോറ കയ്യിലെടുത്ത് അശോകൻ നടന്നു. പിന്നാലെ ഗുളികയെടുത്ത് ഞാനും.
പടി കടക്കുമ്പോൾ ഉണ്ണ്യേട്ടൻ വിളിച്ചു പറയുന്നതു കേട്ടു.
"പിന്നേയ് ഒരു കാര്യം. സിൽവറ് ഗുളിക്യാണ് ട്ടാ. വെയിലധികം കൊണ്ടാ ഇരുന്ന് കത്തണ സാധനാ. മിൻറ്റും സെക്കൻഡും നോക്കിരുന്നോളോ. കൃത്യം മൂന്നു മണ്യായാ മൊറം ചാക്കോണ്ട് മൂടി അനക്കാണ്ട് എടുത്തൊണ്ടരണം. കൃത്യം മൂന്നു മണി ട്ടാ! പറേണേൻ്റെ ഗൌരവം മൻസിലായില്ല്യേ?"
"ഉവ്വ്."
"അട്ത്ത്ന്ന് മാറര്ത് ട്ടാ!. ചായേം ബീഡിവല്യൊക്കെ സാനം ഇവടെത്തിച്ചിട്ട്. കേട്ടില്ല്യേ?"
"ഉവ്വ്."
ഞാൻ പറഞ്ഞു.
"ഔ, അത് കടുപ്പായി!. ഇനി ബീഡി വലിക്കണങ്ങെ മൂന്നു മണി കഴ്യേണം, കശ്മലൻ! ങ്ഹും, വഴീണ്ട് വാ."
അശോകൻ പിറുപിറുത്തു.
"എന്താശോകൻ പറഞ്ഞേ?"
"ഒന്നൂല്ല്യുണ്ണ്യേട്ടാ, അപകടം പിടിച്ച പണ്യാന്ന് പർഞ്ഞതാവൻ!"
ഞാൻ രക്ഷകനായി.
"ങ്ഹാ! ഓർമ്മേണ്ടാവണം!"
പട്ടത്ത് പറങ്ങോടത്ത് വീടിൻ്റെ തെക്കുമ്പുറത്തെ തൊട്ടാവാടിമുള്ള് നിറഞ്ഞ പറമ്പിലൂടെ നടന്ന് പിന്നിലെ ഞാറ്റടിയിൽ മുറം കൊണ്ടു വെച്ച് നേരിയ തണുപ്പുള്ള ഗുളികകൾ മൃദുവായി തൊട്ടു പരത്തുമ്പോൾ കത്തുന്ന ധനുമാസവെയിലിൽ പുറം വെന്തു. എന്നാലും ഉണ്ണ്യേട്ടൻ പറഞ്ഞത് തൊണ്ട തൊടാതെ വിഴുങ്ങാൻ പറ്റിയില്ല. മിനിറ്റും സെക്കണ്ടും നോക്കി കണ്ണില് കാള മാർക്ക് നല്ലെണ്ണയൊഴിച്ച് നോക്കിയിരിക്കണമത്രെ! ഒരു സെക്കൻഡ് തെറ്റിയാൽ ഇരുന്ന് കത്തുമത്രേ! പിന്നേ!
"വെടിക്കെട്ടാശാന്മാരൊക്കെ പൊതുവെ പുളുവടിക്കാരാടാ.
ഈ എക്സർവീസാരടെ പോലെ."
അശോകൻ എൻ്റെ മനോഗതം വാക്കാൽ പൂരിപ്പിച്ച് മുറത്തിന് തൊട്ടായി പശയുണങ്ങാത്ത കോറ വെച്ചു.
തൊട്ടടുത്ത വിളക്കിൻ കാൽ കവലയിൽ ഊഴമിട്ട് പോയി ഓരോ ബീഡിയും പുകച്ചു കഴിഞ്ഞാണ് കാവലിരിപ്പ് തുടങ്ങിയത്. ഗുളികമുറത്തിന് അപ്പുറമിപ്പുറം ഇരുന്ന് ഞങ്ങൾ കോളേജ് വിശേഷങ്ങൾ കൈമാറി. ഞാൻ കേരളവർമ്മ, അശോകൻ പട്ടാമ്പി സംസ്കൃത കോളേജ്. ക്യാമ്പസിൽ ആയിടെ നടന്ന രാഷ്ട്രീയ കൊലപാതകവും ക്യാമ്പസ് അന്തരീക്ഷവും അശോകൻ വിവരിക്കുന്നതിനിടയിലാണ്
അത് സംഭവിച്ചത്....
സംസാരത്തിനിടയ്ക്ക് പെട്ടെന്ന് ഒരാന്തലോടെ അശോകൻ വാച്ചു നോക്കിയതും 'അയ്യോ ബാലന്ദ്രാ മണി മൂന്ന് പൈനഞ്ചായി എടുത്തോ' എന്ന് പറഞ്ഞതും ഓർമ്മയുണ്ട്. പിന്നെയുണ്ടായത്...
ഭ്ഫംooooooo
🔥
!!
രണ്ടാം ലോകയുദ്ധകാലത്തെ ക്യാമറ ഫ്ലാഷ് ലൈറ്റുകൾ നൂറെണ്ണം ഒരുമിച്ചു മിന്നിയ പോലത്തെ വെള്ളിവെളിച്ചവും സ്ഫോടവും!
ബോധം തെളിഞ്ഞപ്പോൾ ഹിരോഷിമയിൽ പൊട്ടി വിരിഞ്ഞ കൂണ് പോലെ ഒന്ന് ഖുമ്ഖുമാന്ന് മുകളിലേക്ക് ഉയർന്നുയർന്നു പോകുന്നു!
"അശോകാ!"
എൻ്റെ മുറവിളിയ്ക്ക് കത്തിയാളുന്ന മുറത്തിനപ്പറത്തു നിന്ന് അശോകൻ്റെ മറുവിളി...
"ബാലന്ദ്രാ!"
എന്നെപ്പോലെ അശോകനും മലർന്നു കിടപ്പാണെന്ന് അവൻ്റെ സ്വരം തെളിവ്!
"അശോകാ, കൊഴപ്പൊന്നൂല്ലിലോ?"
"ഇല്ല്യ, കണ്ണ് പക്ഷേ സാധാരണനില പുനസ്ഥാപിച്ചിട്ടില്ല. ഇപ്പോഴും ഒരു വെള്ളിരാശി. നെനക്കോ?"
"അവിടത്തെപ്പോലെ ഇവിടെയും!
ദേഹത്തിന് പൊള്ളലൊന്നും?"
"ഇല്ല്യാന്ന് തോന്നുണു."
"ഭാഗ്യം!"
"സുരക്ഷിത അകലത്തിലായിരുന്നു നമ്മുടെ ഇരിപ്പെന്ന് സാരം!"
"ഉണ്ണ്യേട്ടനോടെന്തു പറയും?"
"പാദങ്ങളിൽ വീണ് പൊട്ടിപ്പൊട്ടി കരയാം. സമസ്താപരാധം പൊറുക്കണമേന്ന് കെഞ്ചാം."
"ഗുളികപ്പുറമെ ഉപദേശിച്ചതത്രയും വേദവാക്യമായിരുന്നെന്നും കൂട്ടിച്ചേർക്കാം."
"എന്തായാലും ഇനി വെടിക്കെട്ട് പെരേല് നമ്മളെ കേറ്റില്ല്യ!"
"എന്നു വെച്ച് ണ്ടായ കാര്യം പറയാണ്ട് പറ്റില്ലില്ലോ? നടക്ക്!"
:
:
:
പിന്നീട് വെടിക്കെട്ട് പുരയിൽ കാലെടുത്തു വെച്ചിട്ടില്ല.അടുത്ത വർഷം അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതും പോലീസ് നാടു മുഴുവൻ ജീപ്പോട്ടി പരിശോധന കർശനമാക്കിയതും ഞങ്ങളുടെതീരുമാനത്തിന് ബലമേകി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ