2025 ജനുവരി 27, തിങ്കളാഴ്‌ച

മണി

 

മണി


"ഡാ, കോടിക്കണക്കിന് രൂപേടെ മൊതൽ മൊടക്കാ. പത്തു മുന്നൂറാൾക്കാരടെ മാസങ്ങൾടെ അദ്ധ്വാനോം. അതൊക്കെ കഴിഞ്ഞട്ടാ ഒരു പടെറക്കണത്. അതിന്യാ ഒരുത്തൻ നെഗറ്റീവ്ട്ട് പൊളിക്കാൻ നോക്കണത്. അപ്പ കാശ് മൊടക്ക്യോൻ വിളിച്ച് നാല് പറഞ്ഞൂന്ന് വരും!"

"ഡാ, ദീസം മുഴൻ പണീട്ത്ത്ട്ട് കിട്ട്യേ കാശ് കൊടുത്തട്ടാ മ്മളും പടം കാൺണത്. അപ്പൊ പടം മോശായാ മ്മളും പറേം. ന്താണ്ടാ മ്മള്ട്ക്കണ പണ്യൊന്നും പണ്യല്ലേ?"

കൊഴുക്കുന്ന റിവ്യൂ വിവാദം ശ്രദ്ധിക്കുമ്പോൾ ഒരു പഴയ ബാങ്ക് മണിക്കഥ ഓർമ്മ വരുന്നു.

തൃശ്ശൂരിലെ പ്രമുഖ കോളേജിലെ അന്യ സംസ്ഥാനക്കാരനായിരുന്ന ഒരു പ്രൊഫസർ ടൌണിലുള്ള ബാങ്കിൽ തനിക്കുള്ള സ്ഥിര നിക്ഷേപം പുതുക്കാൻ ചെന്നു. രാവിലെ നല്ല തിരക്കുള്ള സമയമായിരുന്നു. ഡിവിഷണൽ മാനേജരുടെ മുന്നിൽ ചെന്ന് കാര്യം പറഞ്ഞ് നിക്ഷേപ രശീതി പ്രൊഫസർ മേശപ്പുറത്തു വെച്ചു. കോട്ടയത്തുകാരി ഒരു സ്ത്രീ ആയിരുന്നു മാനേജർ. അവർ രശീതി ഒന്നോടിച്ചു നോക്കിയ ശേഷം പ്രൊഫസറോട് പറഞ്ഞു.

"സർ, ഇരിക്കൂ കെട്ടോ."

അതു കേട്ട് പ്രൊഫസർ അക്ഷമനായി.

"മേഡം അയാം എ ലിറ്റിൽ ബിസി. കോളേജിൽ നിന്ന് വൺ അവർ പെർമിഷൻ വാങ്ങി വന്നതാണ്. പ്ലീസ് എക്സ്പെഡൈറ്റ് പ്രൊസീജർ. "

"ഷ്വർ സർ. ബട്ട് കൗണ്ടറിലെ തിരക്ക് കണ്ടില്ലായോ? സോ സ്വല്പം വെയ്റ്റ് ചെയ്യേണ്ടി വരും. സീ...."

മേശയിലിരിക്കുന്ന ചെക്കുകൾ കാണിച്ചു കൊണ്ട് അവർ തുടർന്നു:

"....ഐ ഹാവ് റ്റു ഡിസ്പോസ് ഓൾ ദീസ് ഇൻസ്ട്രുമെൻസ്. കസ്റ്റമേഴ്സ് വെയ്റ്റ് ചെയ്യാണ്."

"അപ്പൊ എൻ്റെ കാര്യം? ഞാനും നിങ്ങൾടെ കസ്റ്റമറല്ലേ?"

"സാറിൻ്റേത് ട്രാൻസ്ഫറല്ലായോ? ഇത് മണി പേയ്മെൻ്റാണ്."

അതു കേട്ടതും മൂക്കത്തെ ശുണ്ഠിക്ക് പേരു കേട്ട പ്രൊഫസർ ചാടിയെണീറ്റ് ആക്രോശിച്ചു:

"റബിഷ്! എന്താ മേഡം, അപ്പൊ എൻ്റെ മണ്യൊന്നും മണ്യല്ലേ!"

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ