യൂബേർ മധുരം
ഒരിക്കൽ ഒരു ലാൻഡ് രജിസ്ട്രേഷൻ ആവശ്യത്തിന് എറണാകുളത്തു നിന്ന് തൃശ്ശൂരിലേക്ക് യൂബേർ വിളിച്ച് വന്നു. (ഇത് മുമ്പെഴുതിയതാണ്.) സാഹിത്യ അക്കാദമിക്കു മുന്നിൽ കാറിറങ്ങി ഇന്ത്യാ ഗേറ്റ് ഹോട്ടലിൽ കയറി ബ്രേക്ക്ഫാസ്റ്റ് കഴിച്ച ശേഷം ഭാര്യാസഹോദരനെ വിളിക്കാൻ മൊബൈൽ എടുത്തപ്പോഴാണ് അറിയുന്നത് കണ്ണട കാണുന്നില്ല. ഹോട്ടലിൽ തിരിച്ചു ചെന്നന്വേഷിച്ചതു നിഷ്ഫലം. അപ്പോൾ സാധനം കാറിൽ മറന്നു വെച്ചതു തന്നെ! ഇനിയെന്തു ചെയ്യും!
യാത്രയ്ക്കിടയിൽ യൂബേർ സംവിധാനത്തെക്കുറിച്ചുള്ള അക്കാദമിക്ക് സംശയങ്ങൾ ഡ്രൈവറോട് ചോദിച്ച് നിവർത്തിച്ചു കിട്ടിയ കൂട്ടത്തിൽ തൃശ്ശൂരിൽ രണ്ട് മണിക്കൂർ തങ്ങിയേ താൻ മടങ്ങൂ എന്ന് ഡ്രൈവർ പറഞ്ഞ കാര്യം പെട്ടെന്ന് ഓർമ്മ വന്നതും
യൂബേർ തരപ്പെടുത്തി തന്ന മകളെ എറണാകുളത്തേക്കു വിളിച്ച് ഡ്രൈവറെ ബന്ധപ്പെടാൻ പറയാൻ ഭാര്യയെ ചട്ടം കെട്ടി ഞാൻ അക്കാദമിക്കു മുന്നിലേക്ക് കുതിച്ചു. പ്രതീക്ഷിച്ച സ്ഥലത്തു തന്നെ കാറ് കണ്ടപ്പോൾ വെപ്രാളത്തിന് പകുതി ആശ്വാസമായി. വാഹനത്തിനടുത്തു ചെന്ന് ഡൈവറെ നോക്കും നേരം പിന്നിൽ ഒരാളുടെ ഉറക്കെയുള്ള വിളി:
"എയ് സർ!"
തിരിഞ്ഞു നോക്കിയപ്പോൾ ഇമ്മാനുവൽ സിൽക്സിൻ്റെ പടിക്കെട്ടുകളിറങ്ങി നമ്മുടെ ഡ്രൈവർ വരുന്നു. നീട്ടിപ്പിടിച്ച കയ്യിൽ കണ്ണട!
"ഞാൻ ഇന്ത്യാ ഗേറ്റ് ഹോട്ടലിലും ഇവിടെയുമൊക്കെ സാറിനെ തിരഞ്ഞു. എന്തായാലും ഞാനിവിടെ തങ്ങുമെന്ന കാര്യം സാറോർത്തു വെച്ചതു നന്നായി. "
"ശര്യാ, യാത്രയ്ക്കിടയിൽ മിണ്ടിയും പറഞ്ഞുമിരിക്കുന്നത് നല്ലതാല്ലേ?"
"പിന്നല്ലാതെ!"
"അപ്പൊ, വളരെ നന്ദി സുഹൃത്തേ!"
"ഓ സാരല്ല്യ സർ!"
:
:
അതൊന്ന്. ഇനി മറ്റൊന്ന്. മക്കളുടെ കാറ് വർക്ക് ഷോപ്പിൽ ആയിരുന്നതിനാൽ ആ ആഴ്ച എറണാകുളത്തു നിന്ന് നാട്ടിലേക്ക് വന്നത് യൂബേറിൽ. കാറിറങ്ങി വീട്ടിൽ കയറിയ ഉടനെ കൃത്യമായി ഓർമ്മ വന്നു; മൊബൈൽ കാറിൽ മറന്നു വെച്ചിരിക്കുന്നു!
"അച്ഛനിതെന്നൂണ്ട്!"
കാറിറങ്ങി വന്ന മകളുടെ മൂക്കിൽ ശുണ്ഠി കയറി.
"അതെ, ഇന്നാള് കണ്ണട്യാർന്നു!"
മോൾക്ക് അമ്മയുടെ സോളിഡാരിറ്റി!
"അതെന്തങ്കില്വാവട്ടെ, നീ ഡ്രൈവറെ വിളിക്ക്."
"ഞാനച്ഛൻ്റെ മൊബൈൽലിക്ക് വിളിക്കാം."
"യെസ്, ഗുഡ്!"
"ഹലോ?"
എടുക്കുന്നില്ല.
"ഹലോ, എടുക്കണില്ലിലോച്ഛാ!"
അച്ഛൻ്റെ വയറ്റിൽ വെടി മരുന്നു കത്തി!
"ഹലോ, ഹലോ, ഹലോ!"
"യെസ്, മേഡം. പേടിക്കണ്ട, ഞാൻ തിരിച്ചു വരുന്നുണ്ട്. മേഡം വഴിയിൽ ഇറങ്ങി നിന്നാൽ മതി."
:
:
ഇന്ന് രാവിലെ കാക്കനാട്ടു നിന്ന് ആലുവ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങി ഡോർ അടക്കുമ്പോൾ ഡ്രൈവർ ചോദിച്ചു:
"സാർ, ഒന്നും മറന്ന് വെച്ചിട്ടില്ലല്ലോ?"
:
:
:
അറിയാനായിട്ടു ചോദിക്കുവാ; ഈ യൂബേർ സാരഥ്യമധുരാനുഭവങ്ങൾ എനിക്കു മാത്രമുള്ളതാണോ?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ