2020 സെപ്റ്റംബർ 23, ബുധനാഴ്‌ച

ഔചിത്യം

 

ഔചിത്യം


"ബാലേന്ദ്രാ എന്ത് പറേണു?. ഓക്കേ അല്ലെ?."

"ഡബിള് ഓക്കേ."
"മക്കള്ക്കൊക്കെ സുഖം?."
"സുഖം. അവടെ വിശേഷൊന്നൂല്ലിലോ?."
"ണ്ട്. അത് പറയാനും കൂട്യാ വിളിച്ചത്. മോള്ടെ കല്യാണാ. അടുത്ത മാസം പത്താന്തി."
"ഓ വെരി ഗുഡ്!."
"കഴിഞ്ഞ മേടത്തില് നടത്താന് വെച്ചേർന്നതാ. അപ്പഴല്ലേ .....!. ഇനീം നീട്ടാന് വയ്യ. നിശ്ചയം കഴിഞ്ഞിട്ട് കൊല്ലൊന്നായി!."
"ഉം."
"കാര്യായിട്ടോന്നൂല്ലിടോ. രണ്ടു കൂട്ടരടേം അച്ഛനും അമ്മേം സഹോദരങ്ങളും അമ്മാമാന്മാരും മാത്രായിട്ട് ഒരു നാല്പ്പതു പേര്."
"അമ്പതാവാലോ?."
"അത്രപോലും വേണ്ടാന്ന് വെച്ചു. പ്രോട്ടോക്കോള് ലംഘിച്ചു എന്നാക്ഷേപം വരും."
"അതെന്താദ്?."
"നേരത്തെ പറഞ്ഞ ബന്ധക്കാരെ വിട്ട് ഒരാളെ കൂടുതല് വിളിച്ചാ ഇഷ്യൂ ആവും. അവരെ വിളിച്ചു നമ്മളെ വിളിച്ചില്ല്യാന്നൊക്കെ. പറഞ്ഞാലൊന്നും ഗ്രഹിക്കണ കൂട്ടത്തിലല്ല പലരും. അപ്പൊ ആ പത്ത് പൊക്കോട്ടേന്ന് വെച്ചു."
"അപ്പൊ ഞാൻ?."
"അറീക്കാന് വിളിച്ചതാ. തന്നെ അറീക്കാണ്ട് കഴീല്ലിലോ. അറീക്കുന്നു. മകള്ടെ കല്ല്യാണാണ്. സെപ്തംബര് പത്താന്തി. ഗുരുവായൂര് വെച്ച്. അനുഗ്രഹിക്ക്യാ."
"തീര്ച്ചയായിട്ടും. എല്ലാ ആശംസകളും. മകളോട് പ്രത്യേകം പറയാ. മനസ്സോണ്ട് ഞാനവടേണ്ടാവും!. നന്നായീടോ വളരെ നന്നായി. അറീച്ചേന് തനിക്ക് നന്ദി. വെഷമകാലത്ത് കാണിച്ച വകതിരിവിന് അഭിനന്ദനങ്ങളും."
"ഹ ഹ, പറ്റുന്ന വിധത്തിലൊക്കെ നമ്മളും സംവിധാനത്തോട് സഹകരിക്കണ്ട്രോ. അപ്പൊ ശരി ബാലേന്ദ്രാ. മിസ്സിസ്സിനോട് പറയണേ."
"ഓ ഷ്വര് താങ്ക്യൂ...."
ചിങ്ങമാസമാണ്‌. ഇതിനകം ലഭിച്ചു കഴിഞ്ഞ ഏഴു കല്യാണക്ഷണങ്ങളുടെ പൊതു സ്വഭാവം മേൽ സംഭാഷണത്തില് കാണാം.
സംവിധാനങ്ങളോടു സഹകരിക്കുവാനും വൈഷമ്യങ്ങൾക്കുള്ളിലും സ്നേഹവും അടുപ്പവും കാത്തു സൂക്ഷിക്കാനും അത് പ്രകടിപ്പിക്കുവാനും മനുഷ്യര് അതീവ ശ്രദ്ധ കാണിക്കുന്നുണ്ടെന്നത് സന്തോഷം പകരുന്നു..
എല്ലാ വിവാഹങ്ങളും മംഗളകരമാവട്ടെ. പ്രതിശ്രുതവധൂവരന്മാര്ക്കെല്ലാം ആശംസകള്!.

പുകമറയില്ലാതെ

പുകമറയില്ലാതെ

അടുത്തിടെ കണ്ട യൂറോപ്യൻ സിനിമയിലെ ഒരു രംഗവും അതിലെ സംഭാഷണവും ചുരുട്ടിയെടുത്ത് ഒന്നു പുകച്ചു നോക്കിയതാണ്......

ഭീകരാക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു ചികിത്സയിലായിരുന്ന യുവാവ്. അവൻ വെൻ്റിലേറ്ററിൽ നിന്ന് വിമോചിതനായിട്ട് കുറച്ചു നാളായിട്ടേയുള്ളു. ആക്രമണത്തിൽ നിന്ന് ഭാഗ്യം കൊണ്ട് രക്ഷപ്പെട്ട കൂട്ടുകാരി അവനെ കാണാൻ ആശുപത്രിയിൽ ചെല്ലുന്നു. കിടയ്ക്കക്കരികിലിട്ട കസേരയിൽ ഇരുന്നുകൊണ്ട് സുഖാസുഖവിവരങ്ങൾ അറിഞ്ഞുകൊണ്ടിരുന്നതിനിടയിൽ പതിഞ്ഞ സ്വരത്തിൽ അവൾ ചോദിച്ചു.
"ആശുപത്രിയിലെ ഭക്ഷണമൊക്കെ എങ്ങിനെ?."
" ഒരു വിധം മോശമാണ്."
" ആണോ!. "
"മോശമെന്നല്ല മഹാവഷള്!. എനിക്ക്
വിശപ്പില്ലാത്തത് ഭാഗ്യം!."
"ഞാൻ വല്ലതും കൊണ്ടുവരണോ?."
"വേണ്ട."
"സിഗരറ്റ്?."
"അതാവാമായിരുന്നു. പക്ഷേ ഞാൻ പുക വലിക്കില്ലല്ലോ?."
ദൈന്യതക്കിടയിലും നറുപുഞ്ചിരിയോടെ അവൻ പറഞ്ഞതു കേട്ടപ്പോൾ അവൾക്കു ചിരി പൊട്ടി.
:
:
:
സിനിമയല്ല രണ്ടു പേരുടേയും സംഭാഷണം സൃഷ്ടിച്ച ആശ്ചര്യമാണ് ഇതെഴുതുവാൻ നിമിത്തമായത്.
ആപ്പിള് വേണോ മുന്തിരി വേണോ മൂസമ്പി വേണോ എന്ന ലാഘവത്തിലാണ് ആശുപത്രിയിലേക്ക് സിഗരറ്റ് കൊണ്ടുവരണോ എന്നു സന്ദർശക ചോദിക്കുന്നത്. അപ്പനമ്മമാരും അപ്പൂപ്പനമ്മൂമ്മമാരും മക്കളും എന്തിനു പറയുന്നു പ്രസവച്ചൂരു മാറാത്ത കുട്ടികൾ വരെ സിഗരറ്റ് വലിക്കുന്നതു കാണാം യൂറോപ്യൻ സിനിമകളിൽ. ഒരു സിനിമയിൽ നടക്കുന്ന മൊത്തം ചുംബനങ്ങൾക്കു തൊട്ടു താഴെയാണ് പുകവലിയുടെ എണ്ണം എന്നു പറഞ്ഞാൽ ഊഹിക്കാം വലിയുടെ പെരുപ്പം. സിനിമയല്ലേ എന്നു പറഞ്ഞു അവഗണിച്ചു തള്ളാനും വയ്യ. വിദേശങ്ങളിലൊക്കെ പൊതു സ്ഥലങ്ങളിൽ പുകവലി നിർബാധം നടക്കുന്നുണ്ടെന്ന് അനുഭവസ്ഥർ പറയുന്നു. രണ്ടു വർഷം മുമ്പ് ഒരു ബഹറിൻ സന്ദർശനത്തിനിടയിൽ നേരിട്ട് ബോധ്യപ്പെട്ടിട്ടുമുണ്ട്. അപ്പോൾ വിദേശരാജ്യങ്ങളിൽ പുകവലി വിരുദ്ധനിയമങ്ങൾ നമ്മുടേതു പോലെ കർക്കശമല്ല എന്നർത്ഥം!.
ഇതെല്ലാം കാണുകയും കേൾക്കുകയും ചെയ്യുന്നത് ഒരു ഭൂതകാലാഭിരതിക്കുള്ള വക നൽകുന്നുണ്ട്.
കോളേജ് പഠനകാലത്ത് കേരളവർമ്മ മെൻസ് ഹോസ്റ്റൽ വടക്കുന്നാഥൻ ബ്ലോക്കിലെ സുഹൃത്തിൻ്റെ മുറി മംഗളൂർ ഗണേഷ് ബീഡിയുടെ മൊത്ത വിപണന കേന്ദ്രമായിരുന്നു. ഞായറാഴ്ചകളിൽ നാട്ടിലെ വായനശാലയിലും ആൽത്തറയിലും കവലയിലെ പീടികത്തിണ്ണകളിലും സൊറ പറയാനും ചെസ്സ് കളിക്കാനും കൂടുന്നവരൊക്കെ ബീഡിക്കെട്ടും തീപ്പെട്ടിയും സ്വന്തമായുള്ളവരായിരുന്നു. കൈമുതലായി തീപ്പെട്ടി മാത്രമുള്ളവരും
കുറവായിരുന്നില്ല. തോൽക്കുകയോ ജയിക്കുകയോ എന്തുമാവട്ടെ പത്താം ക്ലാസ്സ് കഴിഞ്ഞാൽ ബീഡി വലിച്ച് വയസ്സറിയിക്കുന്ന ആൺമക്കൾ അമ്മമാരുടെ അഹങ്കാരവും അത്മവിശ്വാസവുമായിരുന്നു.
" ഗോപിക്ക് ഒന്ന്വായില്ല്യാല്ലേ മാലത്യേച്ച്യേ?."
"ഭവാന്യെന്താങ്ങനെ പർഞ്ഞേ?. ൻ്റെ മോന് ചായക്കും ബീഡിക്കൂള്ളത് അവന്ണ്ടാക്ക്ണ്ട്."
"എന്താവന് പണി?."
"എലട്രീഷ്യം."
സ്വന്തം ആപ്പിൾ ഫോട്ടോ പൊതിയിൽ കുറയുന്ന ബീഡിയെണ്ണങ്ങൾ തങ്ങളിൽ സൃഷ്ടിക്കുന്ന അരക്ഷിതബോധമുണ്ടോ
ബീഡി വലിക്കാത്ത ഈ പെണ്ണുങ്ങൾ അറിയുന്നു എന്ന് രഹസ്യമായി പരിതപിച്ചിരുന്നുവെങ്കിലും ചായക്കും ബീഡിക്കും വകയുണ്ടാക്കാൻ തുടങ്ങിയാൽ ചെക്കൻ മുതിർന്നു എന്ന് അച്ഛന്മാരും അഭിമാനിച്ചു പോന്നു. ഒരുവൻ്റെ ആണത്തവും കാര്യപ്രാപ്തിയും നിർണ്ണയിക്കുന്നതിൽ അക്കാലത്ത് ബീഡിവലിക്ക് വലിയ പങ്കുണ്ടായിരുന്നു എന്നു ചുരുക്കം.
ബാങ്കിൽ ജോലി ചെയ്തിരുന്ന കാലത്ത് സീറ്റിലിരുന്നു സിഗരറ്റ് വലിക്കാമായിരുന്നു. കൗണ്ടറിനപ്പുറവും ഇപ്പുറവുമായി നിന്ന് കസ്റ്റമറും കൗണ്ടർ ക്ലാർക്കും മുഖത്തേക്ക് പരസ്പരം പുകച്ചൂതി ആരതി ഉഴിഞ്ഞായിരുന്നു ഇടപാടുകൾ നടത്തിയിരുന്നത്. സ്റ്റാഫ് ട്രെയിനിങ്ങ് സെൻ്ററിലെ ഫ്രഞ്ച് താടിയുള്ള ഫാക്കൽറ്റി മെംബർമാർ പുകവലയങ്ങൾ പറത്തി വിട്ടുകൊണ്ട് ഡെപ്പോസിറ്റും അഡ്വാൻസും പറഞ്ഞു തന്നു ഞങ്ങൾക്ക്.
ആ കാലമൊക്കെ പോയി. പത്തു മുപ്പതു കൊല്ലത്തിനുള്ളിൽ നമ്മുടെ നാട്ടിൽ സംഭവിച്ചിട്ടുള്ള സാമൂഹ്യമാറ്റങ്ങളിൽ മുന്തിയത് ഈ പുകവലി വിരോധവും നിരോധനവുമായിരിക്കുമെന്നു തോന്നുന്നു.
പൊതു നിരത്തിൽനിന്നുള്ള പുകവലി ജനം ഉപേക്ഷിച്ചിരിക്കുന്നു. വെടിമരുന്നു പുരയിൽ ബീഡി കൊളുത്തുന്ന പോലെയാണ് നമുക്ക്‌ ആശുപത്രിയിൽ വെച്ചുള്ള പുകവലി!. ചെറുപ്പക്കാരായ മദ്യപാന സദസ്യരിൽ പോലും അഞ്ചിൽ നാലുപേർ പുകവലി വിരുദ്ധരാണ്!. ടച്ചിങ്ങ്സ് ലിസ്റ്റിൽ ഇന്ന് ഗോൾഡ് ഫ്ളേക്കിന് ഭ്രഷ്ടുണ്ട്. ഞങ്ങൾ പഴയ വലിക്കാർക്ക് തീർത്തും അതിശയകരമാണ് ഈ പുകയില്ലാക്കാലം!.
ഇപ്പറഞ്ഞത് കേട്ട് കള്ള്, കഞ്ചാവ്, മറ്റു പുകയില വ്യഞ്ജനങ്ങൾ എന്നിവക്ക് പൊതുവേ പ്രിയമേറിയില്ലേ എന്നൊന്നും ചോദിക്കരുത് പ്ലീസ്!. ഓടാൻ മാർഗ്ഗമില്ല; കോൾപാടമൊക്കെ രണ്ടാൾക്ക് വെള്ളം കയറിക്കിടപ്പാണ്!.
എന്തായാലും പുകവലി പ്രോട്ടോക്കോൾ പാലനത്തിൽ നാം വികസിത രാജ്യങ്ങളേക്കാൾ കൊറോണക്കാതം മുന്നിലാണെന്ന് ഒരു ബീഡി കൊളുത്താതെതന്നെ പറയാമെന്നു തോന്നുന്നു!.
_____________________________________
SMOKING IS INJURIOUS TO HEALTH

സിനിമാരി


സിനിമാരി

അടുക്കളയിൽ നിന്നും ഒഴിഞ്ഞ സിലിണ്ടറെടുത്ത് പോകുമ്പോൾ അയാൾ പറഞ്ഞു.
"ഇപ്പേതാണ്ടെല്ലാരും ഇങ്ങന്യാ. മ്മക്ക് പണി കൊറഞ്ഞു."
അലമാര തുറന്ന് കാർഡും ബുക്കും പണവും എടുത്തു കൊടുത്തു രശീതി വാങ്ങി തിരിച്ച് ലാപ്ടോപിനു മുമ്പിൽ വന്നിരുന്നു.
അവിടെ പക്ഷേ ഒന്നും സംഭവിച്ചിട്ടില്ല!. അതേ പടി!. പൊടിക്ക് അനക്കമില്ല. ഗ്യാസ് കച്ചവടത്തിന് ഇറങ്ങി തിരിക്കുന്നതിനു മുമ്പെങ്ങാനും പോസിലിട്ടതാണോ എന്നു സംശയിച്ച് മൗസെടുത്ത് സ്ക്രീനിൽ പല തവണ വലം ക്ലിക്കി നോക്കി. ഒരു രക്ഷയുമില്ല. തരിച്ചു നിൽക്കുകയാണ് പടം.
മനസ്സിലൊന്ന് പണ്ടാറമടക്കി ഓഫ് ചെയ്യാൻ തുനിഞ്ഞപ്പോൾ പെട്ടെന്ന് ചിത്രം മാറി. ചെടിയുടെ ഇലയിൽ ധ്യാനത്തിലിരിക്കുന്ന ഒരു പുഴുവിൻ്റെ സമീപദൃശ്യം!.
അത് ശരി!. അപ്പോൾ പടം ഓടിക്കൊണ്ടേ ഇരിക്കുകയായിരുന്നു എന്ന്!. ച്ചാൽ പത്ത് മിനിറ്റ് കുറ്റിക്കാട്!. മതി മതി ഇനിയുമിരുന്നാൽ പുഴു ആ ഇലയെല്ലാം തിന്നു തീർക്കുന്നതു കാണേണ്ടി വരും!.
ഒറ്റ സ്നാപ്പിലോ ഒറ്റ ഷോട്ടിലോ ഒതുങ്ങില്ല ജിവിതം എന്നോ മറ്റോ കേട്ടിട്ടുണ്ട്. അതൊക്കെ കവിത. മനുഷ്യൻ്റെ ക്ഷമ അതിൽ പെടില്ല; ഇത്തരം ഷോട്ടിൻ്റെ നൂറിലൊന്ന് നേരം മതി അതൊടുങ്ങാൻ!.
സ്ലോ ബേണാണത്രെ!.

ക്രെഡിറ്റ്


ക്രെഡിറ്റ്

ബി.എ. അവസാനവർഷ പരീക്ഷക്കാലത്താണ് ശ്രീ. കെ.പി. കുമാരൻ്റെ 'അതിഥി' എന്ന ചിത്രം കാണുന്നത്. പി.ജെ. ആൻ്റണി, ഷീല, ബാലൻ കെ നായർ, കൊട്ടാരക്കര ശ്രീധരൻ നായർ തുടങ്ങിയ മുൻനിരക്കാർ അഭിനയിച്ച ചിത്രം. അടൂരിൻ്റ സ്വയംവരവും അരവിന്ദൻ്റ ഉത്തരായനവും ശ്യാം ബെനഗലിൻ്റെ അങ്കുറുമൊക്കെ കണ്ട് സിനിമാ അഭിരുചികൾ അപ്പാടെ മാറി വരികയായിരുന്നു. രാജേഷ് ഖന്നയേയും പ്രേം നസീറിനേയുമൊക്കെ ട്രങ്കിലടച്ച് അട്ടത്തു തള്ളി.
'അതിഥി' കണ്ടത് രാംദാസിലായിരുന്നു. റിലീസ് ഷോ. പതിവു ശീലങ്ങൾ വിട്ട സിനിമയായതുകൊണ്ട് ജനം വളരെ കുറവ്. ചിത്രം കഴിഞ്ഞ് ഹാൾ വിട്ടു പുറത്തിറങ്ങുപ്പോൾ പിന്നിൽനിന്ന് പരിചിതമായ ഒരു സ്ത്രീശബ്ദം:
"സിനിമ ഇഷ്ടപ്പെട്ടോ ബാലചന്ദ്രൻ?."
തിരിഞ്ഞു നോക്കിയപ്പോൾ പത്മജ ടീച്ചർ!. കോളേജിൽ ഇന്ത്യൻ ഫിലോസഫിയും ലോജിക്കും പഠിപ്പിക്കുന്ന ടീച്ചർ!.
വിയർത്തു പോയി!. പിറ്റെ ദിവസം ഇന്ത്യൻ ഫിലോസഫി പരീക്ഷ എഴുതേണ്ടയാളെ സിനിമാ തിയ്യറ്ററിൽ കയ്യോടെ പിടികൂടിയിരിക്കയാണ് ഗുരുനാഥ!.
"ഇഷ്ടപ്പെട്ടു ടീച്ചറേ. ടീച്ചർക്കോ?."
"നല്ല സിനിമ. ഫിലോസഫിക്കലാണ്. എത്ര പേർക്കിഷ്ടപ്പെടുമെന്നറിയില്ല."
"അതു ശരിയാണ്."
"വരട്ടെ ബാലചന്ദ്രൻ; നാളത്തേക്ക് പ്രിപ്പയേഡല്ലെ?. സാംഖ്യം ആൻഡ് ന്യായ വൈശേഷികം. രണ്ടും നല്ലപോലെ കവറീതിട്ടില്ലേ?."
"ഓ... "
ഭയപ്പെട്ടതു പോലെയായിരുന്നില്ല ടീച്ചറുടെ പ്രതികരണം. ഫിലോസഫി സ്റ്റുഡൻ്റ്‌ കാണേണ്ട ചിത്രം തന്നെ എന്ന ഭാവം. ചിത്രത്തിലെ തീം സോങ്ങ് തന്നെ ഫിലോസഫി.
അഹം ബ്രഹ്മാസ്മി.....ബ്രഹ്മാസ്മി...........
വ്യാമോഹം....
എല്ലാമെല്ലാമൊരു വ്യമോഹം.
ഇരുട്ടിൻ്റെ ചാക്കിലെ ഇല്ലാത്ത പൂച്ചയെ
തിരയുന്നൊരന്ധൻ്റെ വ്യാമോഹം....
എന്തായാലും കുമാരൻ്റെ അതിഥി ഒരു നെയ്യപ്പമായിരുന്നു. ഗുണം രണ്ട്. നല്ല
സിനിമ, പത്മജ ടീച്ചറുടെ ടിപ്പുകൾ. പരീക്ഷ മോശമായില്ല. സാംഖ്യവും ന്യായവൈശേഷികങ്ങളും
ചോദ്യങ്ങളായി വന്ന് കടാക്ഷിച്ചു!. ടീച്ചറെ അതിനു ശേഷം കണ്ടിട്ടില്ല. നാല്പത്തഞ്ചു വർഷം കഴിഞ്ഞു!. പ്രൊഫസറായിരുന്ന രാജരാജവർമ്മ സാർ കഴിഞ്ഞ വർഷം മരിച്ചു. ടീച്ചറിപ്പോൾ എവിടെയോ എന്തോ!.
ഇത്രയും ആനുഷംഗികം.
പറഞ്ഞു വരുന്നതതല്ല. ഈയാഴ്ചത്തെ മാതൃഭൂമിയിൽ ശ്രീ. അടൂർ ഗോപാലകൃഷ്ണൻ പ്രദീപ് പനങ്ങാടിനു നൽകിയ അഭിമുഖത്തിൽ (മൂന്നാം ഭാഗം) ശ്രീ. കെ.പി.കുമാരനെ കൊച്ചാക്കുന്ന തരത്തിൽ ചിലതു പറഞ്ഞിരിക്കുന്നു. സ്വയംവരം തിരക്കഥയുടെ ക്രെഡിറ്റിൽ താൻ പറഞ്ഞത് കേട്ടെഴുതുക മാത്രം ചെയ്ത കുമാരൻ്റെ പേരു കൂടി ചേർത്തത് തെറ്റായിപ്പോയത്രെ. അന്താരാഷ്ട്ര തലത്തിൽ അംഗീകാരം നേടിയ കുമാരൻ്റെ 'ദ് റോക്ക് ' എന്ന ഒന്നര മിനിറ്റ് ചിത്രം സത്യത്തിൽ ഞാനാണ് ചെയ്തു കൊടുത്തതെന്നും അതിന് അവാർഡ് ലഭിച്ചതിന് ശേഷം കുമാരൻ എൻ്റെ ശത്രുവായി എന്നും അടൂർ അഭിമുഖത്തിൽ പറയുന്നുണ്ട്. ഇവയ്ക്കൊക്കെ കെ.പി. കുമാരൻ മുമ്പെങ്ങാനും മറുപടി പറഞ്ഞിട്ടുണ്ടോ, ഇനി പറയുമോ എന്നറിയാത്തതുകൊണ്ട് നമുക്കായി ഒന്നും നിശ്ചയിക്കാൻ വയ്യ!.
എന്തായാലും 'ദ് റോക്ക്' നു ശേഷം ശ്രീ . കുമാരൻ സ്വതന്ത്ര സംവിധായകനായത് നന്നായി. 'അതിഥി'യും മലയാളത്തിലെ ഏറ്റവും നല്ല ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടിയ 'രുഗ്മിണി'യും മറ്റു പല ചിത്രങ്ങളും സംവിധാനം ചെയ്തതിൻ്റെ ക്രെഡിറ്റെങ്കിലും പാവത്തിന് കിട്ടിയല്ലോ!.

ബാക്ക് ലാഷ്

ബാക്ക് ലാഷ്

ഇന്നലെ രാത്രി മുഴുവൻ ഉറങ്ങാൻ കഴിഞ്ഞില്ല. അസഹനീയമായ കാലു വേദന. പണ്ട് കാലു പൊളിച്ചൽ, എല്ലുപൊളിച്ചൽ എന്നൊക്കെ അച്ഛനും അമ്മയും ആവലാതിപ്പെട്ടിരുന്നതു കേട്ട് നിർമ്മമനായി നടന്നിരുന്ന ചെറുപ്പക്കാരന് കാലം കരുതി വെച്ച ചികിത്സയാണെന്ന് കിടക്കയിൽ കിടന്നു പുളഞ്ഞു കൊണ്ടിരുന്നപ്പോൾ തിരിച്ചറിഞ്ഞു. ഒരു പാരസിറ്റമോൾ ടാബ്ലറ്റ് കിട്ടിയിരുന്നെങ്കിൽ നേരിയ സമാധാനം കിട്ടുമെന്നു കരുതി വീടകം മുഴുവൻ പരിശോധിച്ചിട്ടും ഒരു പൊട്ട് കിട്ടിയില്ല. സാധാരണ ഗതിയിൽ നിലത്ത് ചവിട്ടിക്കൂട്ടി നടന്നിരുന്ന വസ്തുവാണ്. ആപത്ത് കാലത്ത് കാൽപോളുമില്ല ക്രോസിനുമില്ല.
ഒരാഴ്ചയായുള്ള മഴയാണ്, വീട്ടിനകത്തു നിലത്തും പുറത്തു തൊടിയിലും നല്ല തണുപ്പാണ്, ചെരുപ്പിടാതെ നടന്നതാണ് രോഗകാരണം എന്നൊക്കെ ഭാര്യയുടെ ഗവേഷണ റിപ്പോർട്ടിൽ നിന്നും കണ്ടെത്താനായിട്ടുണ്ട്. എന്തായാലും കാലുവേദന (വാതം എന്നു പറയാൻ ഒരു മടി!) എന്ന യാഥാർത്ഥ്യം രാത്രിയെ കാളയാക്കി മുന്നിലെത്തിച്ചിരിക്കുന്നു!.
ഡോക്ടറെ കാണലൊക്കെ കൊവിഡിൻ്റെ സാഹചര്യത്തിൽ പാടാണ്. ഇന്നു രാത്രിക്ക് കരുതലായി നാലഞ്ച് ഗുളിക വാങ്ങി വെക്കാമെന്ന് കരുതി രാവിലെ മെഡിക്കൽ ഷോപ്പിൽ ചെന്നു.
" അഞ്ച് പാരസിറ്റമോൾ ടാബ്ലെറ്റ്..."
ചോദ്യം മുഴുമിപ്പിച്ചില്ല അപ്പോഴേക്കും;
"പാരസിറ്റമോൾ കൊട്ക്കില്ല്യ!."
കൌണ്ടറിൽ കൈകൾ കുത്തി ഒന്നു മുന്നിലേക്കാഞ്ഞ് മുഖത്തടിക്കുന്ന പോലെ എടുത്തു കൊടുപ്പുകാരൻ പറഞ്ഞു. പിന്നാലെ ഒരു അളുമ്പൂസൻ ചിരിയും!.
"എന്ത്?."
"പാരസിറ്റമോൾ കൊടുക്കാൻ പാടില്ല്യ!."
കടുപ്പം കുറയുന്നില്ല വാക്കുകൾക്ക്.
"കാരണം?."
കാൽക്കുലേറ്ററിൽ എന്തൊക്കെയോ കുത്തി കണക്കാക്കുന്നതിൽ അതീവ വ്യാപൃതനായിരുന്ന മാനേജർ തലയുയർത്തി:
"പ്രിസ്ക്രിപ്ഷൻ വേണം."
"പാരസിറ്റമോളാണ്!."
"ഏത് മോളായാലും പ്രിസ്ക്രിപ്ഷൻ വേണം."
"ഇല്ല്യാണ്ടന്നെ വാങ്ങാറ്ണ്ടലോ?."
"ഇപ്പൊ കൊട്ക്കാറില്ല്യ."
"എന്താദ്?."
"നിർദ്ദേശണ്ട്. സ്വയം ചികിത്സിച്ച് വഷളാക്കീട്ട് കൊവിഡ് കാലത്ത് ആശുപത്രീല് പോവാണ്ടിരിക്കാനാണ്!. ഒക്കെ റിസ്ക്കല്ലെ?."
ഇതാരറിഞ്ഞു!.
പത്രമൊക്കെ വല്ലവരും വായിക്കുമോ!.
മടങ്ങുമ്പോൾ ഒന്നു തിരിഞ്ഞു നോക്കി. എടുത്തു കൊടുപ്പുകാരൻ വിജയശ്രീ പുരസ്ക്കാരം ലഭിച്ചവനെപ്പോലെ എന്നെ നോക്കി പുഞ്ചിരിക്കുന്നു!.
എന്താണിയാൾക്കിത്ര പെരുത്ത് സന്തോഷം?. ബാങ്കിലായിരുന്ന സമയത്ത് ഇയാൾ കൊണ്ടുവന്ന ചെക്കെങ്ങാനും ഞാനായിട്ട് മടക്കുകയുണ്ടായിട്ടുണ്ടോ?.
ആവോ; ഉണ്ടായിരിക്കണം!.

കോമ്പൻസേറ്ററി

കോമ്പൻസേറ്ററി

വെളുപ്പിന് സിഗരറ്റ് വാങ്ങാൻ ലോനപ്പൻ്റെ പീടികയിലേക്ക് കയറുമ്പോഴാണ് തെക്കുനിന്ന് ഒരാൾ തുളുമ്പിയുരുണ്ടു വരുന്നതു സുകുമാരൻ കണ്ടത്. തെക്കേലെ രാമകൃഷ്ണൻ്റെ മകനാണ്. രാവിലത്തെ നടത്തം കഴിഞ്ഞുള്ള മടക്കമാവണം. നൂറ്റിപ്പത്ത് കിലോ തൂക്കമുണ്ടത്രെ പ്ലസ്ടൂക്കാരൻ. കൊവിഡ് കാലത്ത് കക്ഷി വെയ്റ്റ് കുറയ്ക്കുവാനുള്ള ശ്രമത്തിലാണെന്ന് സമപ്രായക്കാരനും സുഹൃത്തുമായ മകൻ വീട്ടിൽ പറയുന്നത് കേട്ടിരുന്നു. ഡോക്ടറുടെ നിർദ്ദേശമുണ്ടെന്നും.
"ഇന്നത്തെ നടത്തം കഴിഞ്ഞ്വല്ലേ വിജൂ? "
"ങ്ഹാ അങ്കിൾ."
"എത്ര ദൂരം നടക്ക്ണ്ട്?."
"മോണിങ്ങിലാറ് ഇവ്നിങ്ങിലാറ്!. "
കാഞ്ചൻജംഗ കീഴടക്കി വരുന്ന ഭാവത്തിലാണ് മറുപടി.
"'ഹേയ് ഭേഷ്!. അപ്പ വേയ്റ്റ് നല്ലണം കൊറഞ്ഞ്‌ണ്ടാവൂലോ?. ഇപ്പെത്രേണ്ട്?."
പയ്യൻ രൂക്ഷമായൊന്നു നോക്കി കഴുത്തു വെട്ടിച്ച് നടന്നു പോയതു കണ്ടപ്പോൾ താനെന്തോ അശ്ളീലം പറഞ്ഞുവോ എന്നു സംശയമായി സുകുമാരന്.
"ലോനപ്പാ അരപ്പാക്കറ്റ്‌ ഗോൾഡ്."
"ക്ടാവിനത് ചോയ്ക്കണതിഷ്ടല്ല്യ."
സിഗരറ്റും കൊടുത്തതിൽ ബാക്കി ചില്ലറയും വെച്ചു നീട്ടുമ്പോൾ ലോനപ്പൻ പറഞ്ഞു.
"ഏത്?."
"അല്ല; തൂക്കേയ്."
"അത്യോ, അയ്യോ!. നടക്കണോണ്ട് ഗുണണ്ടോന്നറ്യാൻ ചോയ്ച്ചതാ ട്ടാ."
"ഗുണണ്ട് സൂമാരാ...."
പെട്ടെന്ന് വന്നു കയറിയ രാമകൃഷ്ണനാണ് മറുപടി പറഞ്ഞത്. സരസഭാഷിയാണ് രാമകൃഷ്ണൻ. സംഭാഷണം വള്ളി പുള്ളി വിടാതെ കേട്ടിരിക്കുന്നു!.
"......അഞ്ച് കിലോ കൂടി!."
"അയ്!. "
"അതേടോ. ഇപ്പൊ നൂറ്റിപ്പതിനഞ്ചാ. ഇന്നലെ വെയ്റ്റ് നോക്കാൻ കേറീപ്പൊ മെഷിൻ കത്തിപ്പോയി!. ലോനപ്പാ ഒരു സീർട്ട്."
"ഹ ഹ!. ദെന്താപ്പദിങ്ങനെ!. ദിവസം പന്ത്രണ്ട് കിലോമീറ്ററ് നടന്നട്ട്?."
സിഗരറ്റ് കൊളുത്തി ഒരു കവിൾ പുകയെടുത്തതിൽ ഒരോഹരി പുറത്തേക്കൂതിക്കൊണ്ട് രാമകൃഷണൻ പറഞ്ഞു:
"എങ്ങന്യാണ്ടോ കൊറയാ?. ദേ ഇപ്പ പോയീത് കണ്ടാ. ആ പോക്ക് ചെന്ന് വീഴണത് കെടക്കേലാ. എട്ട് മണ്യടിക്കാണ്ട് ഇന്യെണീക്കില്ല്യ മൊതല്."
"അയ്യയ്യോ!. "
"എണീറ്റാലോ മിനിറ്റ് വൈകാണ്ട് കുളിച്ച് ഡൈനിങ്ങ് ടേബിൾല് പ്രതിഷ്ഠ്യാവും. പിന്നെ ഗണപതി പ്രാതലാ . പത്തിട്ട്ളി, രണ്ട് മൊട്ട, ഒരു പടല പാളേങ്കൊടൻ, ഹോർലിക്സ് കലക്കീട്ട് ഇരുനാഴി എരുമപ്പാല്!."
" ഔ!"
"നടന്നാ പോരാ. ഒപ്പം തീറ്റേം കൊറക്കണം. വേണ്ടേ?. ഇതെന്താ; ഉണ്ണാനിരിക്കണാളെ അപ്പറത്ത് കാണാൻ പറ്റാത്തോണം ചോറ് വെളമ്പണം ഉച്ചക്ക്. മീനില്ല്യാണ്ട് ഒരു വറ്റെറങ്ങില്ല്യ. നാല് മൊട്ട പൊരിച്ചത് ഒരു മണി ഒഴിയാണ്ട് നീക്ക്യാ വെക്കണം. ഉർളൻ കെഴങ്ങ് എണ്ണ മുങ്ങെ വറത്തത് പിടിപിട്യായിട്ട് കടിച്ചെറക്കണം. ഷിൻസി പപ്പടം; ഷിൻസ്യന്നെ വേണം, എട്ട്. കുടിച്ചിട്ട് ഏമ്പക്കടാൻ ഒരു ഗ്ലാസ് കട്ടത്തൈര്!."
"ദെന്താ രാമഷ്ണാദ്!."
"കഴിഞ്ഞിട്ടില്ലിടോ; എടനേരം ഒരു പാക്കറ്റ് ലേയ്‌സ്, ഇരുനാഴി വെട്ട്യാ മുറ്യാത്ത ചായ. ഒന്നരാടം വെച്ച് രണ്ട് നേന്ത്രപ്പഴം വയറ് കീറി അരികളഞ്ഞ് അവിലിട്ട് മൂട്ടി പൊരിച്ചത്."
"അപ്പൊ രാത്രി?."
"ലേശം സമാധാനണ്ട്. എട്ട് ചപ്പാത്തീം അരക്കിലോ ചെറുപയറ് മസാലരച്ച് വെച്ചതും മതി. അധികായാ വയറ് വീർത്ത് മുട്ടീട്ട് ഒറക്കം വരില്ല്യാത്രേ!. പറഞ്ഞ് നിന്ന് നേരം പോയീതറിഞ്ഞില്ല്യ. ജോലിക്ക് പോണം. ലോനപ്പാ മൂന്ന് ഡസൻ മൊട്ട. വേഗാട്ടെ!. "
"..............!!."
Image may contain: drawing
Raman Mundanad, Chithira Balachandran and 111 others
23 comments
1 share
Like
Comment
Share

റിട്ടേണ്‍


റിട്ടേണ്‍

ചേട്ടൻ ഇട്ടിരുന്ന സ്റ്റൈലൻ ഒപ്പ് കണ്ട് പ്രചോദിതനായതാണ് ചെറുപ്പത്തിൽ. പേർഷ്യക്കാരയക്കുന്ന ഡ്രാഫ്റ്റുകളിൽ കണ്ടിട്ടുള്ള അറബി ഒപ്പുകളും പ്രേരകശക്തിയായിരുന്നു. ഏറെ നാളത്തെ ലാവണ്യാന്വേഷണ പരീക്ഷണങ്ങൾക്കു ശേഷമാണ് ഇഷ്ടപ്പെട്ടതൊന്ന് രൂപത്തിലാക്കിയതും വെഞ്ചരിച്ചതും. പത്താം ക്ലാസ്സുമുതൽ കൃതഹസ്തമായി നടന്നു പോന്ന ഒപ്പിടീൽ പക്ഷേ കൈവിട്ടു പോവുന്ന മട്ടാണ് ഈയിടെയായി!.ചെക്കു കൊടുത്താലും മ്യൂച്വൽ ഫണ്ട് റിഡംപ്ഷന് അപേക്ഷിച്ചാലും കിട്ടുന്ന മറുപടി, ചെക്കാണെങ്കിൽ Drawers signature differs. റിഡംപ്ഷൻ അപേക്ഷയാണെങ്കിൽ Your signature does not match with the one in our records.

 

മറുപടിയിലെന്നല്ല എഴുതുന്നവൻ്റെ കണ്ണിൽ പോലും ഒരിറ്റു ചോരയില്ല!.
തോറ്റു!.ഇനി അച്ഛൻ്റേയും അമ്മയുടേയും 'ശൂ' തന്നെ ആശ്രയം. അതുമല്ലെങ്കിൽ തമ്പിമ്പ്രഷൻ. ച്ചാൽ തള്ളവിരൽ കുത്തിത്തിരിപ്പ്!. ഒരു തിരിച്ചു പോക്ക് മനുഷ്യ സഹജമാണല്ലോ?.

 

പണ്ട് ബാങ്കിൽ ക്ലിയറിങ്ങിൽ വന്നിരുന്ന ചെക്കുകൾ ഇതേ പദാവലികൾ ചാർത്തി റിട്ടേൺ സ്ലിപ്പടിച്ച് രയിസ്ട്രാക്കി മടക്കുമ്പോഴൊക്കെ അനുഭവിച്ചിരുന്ന ഗൂഢമായ ഒരാഹ്ളാദമുണ്ടല്ലോ; അതിനുള്ള കൂട്ടുപലിശയായിരിക്കണം!.
Let enjoy it.