2020 സെപ്റ്റംബർ 23, ബുധനാഴ്‌ച

ശബ്ദങ്ങള്‍

ശബ്ദങ്ങൾ

രണ്ടു ദിവസമായി കടുത്ത ചെവിവേദനയുമായി മല്ലിടുകയായിരുന്നു. നാൽപ്പത്തെട്ടിൽ വെറും നാലു മണിക്കൂർ മാത്രമാണ് ഉറങ്ങിയത്. നിവർത്തിയില്ലാതെ ഇന്ന് ഡോക്ടറെ കണ്ടു. ഏറെ പരിശ്രമത്തിനൊടുവിലാണ് ഒരാളുടെ അപ്പോയിൻമെൻ്റ് കിട്ടിയത്. കൊവിഡ് ഭീതി കാരണം വീട്ടിൽ പരിശോധിക്കുന്ന ഡോക്ടർമാർ വിരളം. ആശുപത്രിയിൽ പോയാൽ കൊവിഡ് നെഗറ്റീവ് കടലാസ് കാണിച്ചു കൊടുക്കണം എന്നൊക്കെ കേട്ടു . അതു വേണ്ട.
രാവിലെ ഏഴു മണിക്ക് ആദ്യത്തെ പേഷ്യൻ്റായി ടൌണിലുള്ള ഡോക്ടറുടെ വീട്ടിലെത്തി. കയ്യും കാലും കഴുകി. സാനിറ്റൈസർ തൊട്ട് ഭക്തിപൂർവ്വം അകത്തു കടന്നു.
"ചെവിയിൽ ഫംഗസ് ഇൻഫെക്ഷനുണ്ട്. വല്ലാതെ നീരുമുണ്ട്. ഷുഗറുണ്ടോ?."
"പൊതുവെ നോർമൽ. എടയ്ക്ക് ലേശം."
"മരുന്ന് കഴിക്കുന്നുണ്ടോ?."
"ഇല്ല്യ."
"പിന്നെങ്ങന്യാ.! മരുന്ന് കഴിക്കണം. 'പൊതുവേം ഇടയ്ക്കും' നോക്കി അവഗണിക്കരുത്!. ഇറ്റ്സ് ഡേയ്ഞ്ചറസ്‌. ഷുഗറുണ്ടെങ്കിലും ഇത്തരം അസുഖങ്ങൾ വന്നേക്കാം. ചെവിയിൽ ബഡ്സിടാറുണ്ടോ?."
"ചെലപ്പോൾ."
"ഒരിക്കലുമരുത്!. അത് ചെവിക്കുള്ളിൽ പോറലുണ്ടാക്കും. ഇൻഫെക്ഷനാവും. ദാറ്റ് കാൻ ബി ഫറ്റൽ റ്റൂ. "
"...............!!."
"കുറെ വായുവെടുത്ത് വായടച്ചു പിടിക്കൂ!."
"ങ്ഹും."
"ഇനി മൂക്ക് പൊത്തി ശക്തമായി ചെവിയിലൂടെ കാറ്റ് വിടൂ."
"ങ്ഹും."
"ചെവി തുറക്കുന്നില്ലേ."
"ഉണ്ട്."
"ഓക്കെ. അറ്റെ ടൈം അഞ്ചു തവണ ഇങ്ങിനെ ചെയ്യണം. ദിവസവും അതൊരു പ്രാക്റ്റീസാക്കുന്നത് നല്ലതാണ്."
"ശരി സർ."
"ചെവി എപ്പോഴും തുറന്നിരിക്കണം. അടഞ്ഞിരിക്കരുത്. ഇയർഫോൺ ഉപയോഗിക്കാറുണ്ടോ?."
"ഉണ്ട്. ലാപ് ടോപ്പിൽ സിനിമ കാണാറുണ്ട്."
" നെവർ!. അതൊഴിവാക്കണം."
"അത്.....മറ്റുള്ളവർക്ക് ശബ്ദശല്യം വേണ്ടെന്നു വെച്ചാണ്."
"അതൊരെസ്ക്യൂസല്ല. ഇയർഫോൺ, ഹെഡ്ഫോൺ ഒന്നും ഉപയോഗിക്കരുത്. "
"സർ. "
"ശരി. എഴുതി തന്ന മരുന്നുകൾ കഴിക്കുക. രണ്ടു ദിവസം കൂടുമ്പോ ഈ ഓയിൻമെൻ്റ് ചെവിക്കുള്ളിൽ പുരട്ടുക. അതിനു വേണമെങ്കിൽ ബഡ്സ് ഉപയോഗിക്കാം. ഒരാഴ്ച കഴിഞ്ഞ് വിവരം പറയൂ."
"ശരി സർ. താങ്ക്സ്."
"ശരി."
പുറത്തു കടക്കുമ്പോൾ ഭാര്യ പറഞ്ഞു:
"ഡോക്ടറ് പറഞ്ഞത് ശര്യാ. ഒരു ദിവസം എത്ര നേരാ സിനിമ കാണണത് ഹെഡ് ഫോണും വെച്ച്!."
ശരിയാണ്. ലോക് ഡൗൺ കാലത്ത് സിനിമ കാണൽ ഈണമായിട്ടുണ്ട്. 102 എണ്ണം പൂർത്തിയാക്കി രണ്ടു ദിവസം മുമ്പ്. മറ്റുള്ളവർക്ക് ശല്യമാവേണ്ട എന്നു കരുതി ഹെഡ് ഫോൺ വെച്ചാണ് ഫെസ്റ്റിവൽ. അന്നു മുതലാണ് ചെവിയിൽ കടിയും പുളിയും തുടങ്ങിയതും ഇപ്പോൾ ഈ ഗുരുതരാവസ്ഥയിൽ എത്തിയതും.
"പക്ഷെ സമയം പോണ്ടെ?. എടക്കൊരു സിനിമ കാണാണ്ടെങ്ങന്യാ?."
"ഹെഡ് ഫോൺ വെക്കാണ്ടും കാണാലോ".
"ശബ്ദം പൊറത്ത് കേക്കില്ല്യേ?."
"അതോണ്ടെന്താ വോള്യം കൊറച്ച് വെച്ചാ പോരെ?."
"എന്നാലും പ്രശ്നണ്ട്."
"എന്ത് പ്രശ്നം?."
"യൂറോപ്യൻ ഫെസ്റ്റിവൽ ഫേവറിറ്റ്
സിനിമകളാണ്. ചെല ശബ്ദങ്ങൾ....;"
"എന്താദ്?."
"ഒന്നൂല്ല്യ, നിങ്ങള് കാർല് കേറൂ!."

മ്യൂച്വൽ വെൽഫെയർ

മ്യൂച്വൽ വെൽഫെയർ

തോമസ്സാപ്ല മരിച്ചതറിഞ്ഞപ്പോൾ വർഗീസാപ്ലക്കൊരു മോഹം. അവിടെയൊന്നു പോണം. അവസാനായിട്ട് അവനെ ഒന്നു കാണണം. കുഞ്ഞുന്നാൾ മുതൽ കളിച്ചും കടിപിടി കൂടിയും വളർന്നവരാണ്. കാണണം, കണ്ടേ തീരൂ.
എന്നാൽ നടക്കാൻ വയ്യാത്തിടത്ത് പോകേണ്ടെന്ന് ത്രേസ്യച്ചേടത്തിയും. വർഗീസാപ്ലക്ക് പക്ഷേ ഒരേ സിദ്ധാന്തം; പോണം!.
നിഷേധിക്കാനും വയ്യ. ഉറ്റ ചങ്ങാതിയാണ് മരിച്ചിരിക്കുന്നത്. ഇനിയും ആരാണ് എപ്പോഴാണ് എന്നൊന്നും അറിയില്ല. അങ്ങിനെയിരിക്കുന്ന ഒരാൾ ഒരു മോഹം പറഞ്ഞിട്ട് നിവർത്തിക്കാതിരുന്നാൽ കർത്താവ് പൊറുക്കില്ല. കൂടെ പോകാമെന്നു വെച്ചാൽ വീട്ടിലെ തെരക്കൊഴിഞ്ഞിട്ട് എപ്പോൾ പോവാനാണ്. എന്തു ചെയ്യും എന്നു വിഷമിച്ചു കൊണ്ടിരുന്നപ്പോഴാണ് തെക്കേലെ പോളൂട്ടി പോകുന്നത് ത്രേസ്യ കണ്ടത്. അവൻ്റെ കൂടെ പറഞ്ഞയക്കാം.
"ഡാ പോൾട്ട്യേ, ഒന്നവടന്നേ."
"ങ്ഹ, എന്തേട്ത്ത്യാേരേ?"
"നിയ്യെങ്ങടാ പോണ്?."
"മ്മടെ തോമസേട്ടൻ്റെവടക്ക്. ന്തേ?."
"ന്നാ ആളേം കുടി ഒന്നു കൊണ്ടു പോ. പോണം പോണംന്ന് പിടിച്ച പിടീല് നിക്ക്വാ. വയ്യാത്തോടത്ത് കൂടെ വിടാൻ ഒരാള്ല്ല്യാണ്ട് ...."
"അയ് അയ്നെന്താ ചേട്ത്ത്യാരെ. ഞാൻ കൊണ്ടുവില്ല്യേ!. സ്സല് കാര്യായി!."
ഷർട്ടും തോളത്ത് മുണ്ടും ധരിപ്പിച്ച് വർഗീസാപ്ലയെ മുറ്റത്തിറക്കിയപ്പോൾ പോളൂട്ടി ചേട്ത്ത്യാരുടെ അടുത്തു വന്നു ചെവിയിൽ പറഞ്ഞു.
"ചേട്ത്ത്യാരെ ഇക്കൊരമ്പത് രൂവ വേണം."
"എന്തിറ്റ്?."
"ഒരമ്പത് രൂവ."
പോളൂട്ടി തല ചൊറിഞ്ഞു.
ചാരായം കുടിക്കാനാണ്. തക്കം മൊതലെടുക്ക്വാ ശവി!. ചേട്ത്ത്യാര് മനസ്സിൽ പ്രാകി.
"ഒരു സഹായം ചോച്ചപ്പോ നീയ്യ് പെശങ്ങാൻ നിക്ക്വാല്ലടാ!."
"അയ് ദൈവ ദോഷം പറേര്ത് ചേട്ത്ത്യാരെ!. ഇക്ക് വായ്പ്യായിട്ട് മതി. അടുത്ത മാസം തരാം."
"അവൻ്റൊരു വായ്പ!. ങ്ഹും ആൾടെ കാര്യായിപ്പോയില്ല്യേ, നൂർത്തീല്ലിലോ!."
അമ്പതു രൂപ നീട്ടുമ്പോൾ ത്രേസ്യാമ്മ മുന്നറിയിപ്പു കൊടുത്തു.
" ദേ പോൾട്ട്യേ വേർരു കാര്യണ്ട്!. ആളെ അവടേം ഇവടേം തട്ടീടാണ്ട് കൊണ്ടുവേം കൊണ്ടരേം ചീണം. ചാരായം കുടിക്കാൻ മുങ്ങീട്ട് ആളെ അവടേട്ട് പോരരിക്കോ!."
"ചേട്ത്ത്യാര് മിണ്ടാണ്ട്ന്നേ!. വറ്യേട്ടനെ പോറലില്ല്യാണ്ട് ഇബടെത്തിക്കണ കാര്യം പോളുട്ട്യേറ്റു!. വറ്യേട്ടൻ വന്നേൻ!."
വർഗീസാപ്ലേടെ കൈ പിടിച്ച് പോളൂട്ടി പടിയിറങ്ങിയപ്പോൾ ത്രേസ്യാമ്മ വിളിച്ചു പറഞ്ഞു.
"ഒന്ന് കണ്ടട്ട് അപ്പന്നെ പോന്നോളോ ട്ടാ!. മരുന്നൊക്കേള്ളാളാ!."
"പിന്നെന്താ ദേ ദിപ്പെത്തും!."
തോമസ്സാപ്ലയെ കാണാൻ തന്നെയാണ് ശങ്കരൻ നായരും ഇറങ്ങിയത്. പോകുന്ന വഴി ഒരാൾ ഇടത്തോട്ട് ഒരാൾ വലത്തോട്ട് എന്ന നിലയിൽ രണ്ടാളുകൾ കൈകോർത്ത് ചാഞ്ചാടി കിഴക്കുനിന്നു വരുന്നതു കണ്ടപ്പോൾ ശങ്കരൻ നായർക്ക് അത്ഭുതമായി. രണ്ടിൽ ഒരാൾ വർഗീസ് മാപ്ലയാണല്ലോ?. നടക്കാൻ ആവധില്ല വീട്ടിലിരിപ്പാണ് എന്നൊക്കെയാണല്ലോ കേട്ടിരുന്നത്? ആ ആളാണോ ആ വേലി ഈ വേലി പരുവത്തിൽ വരുന്നത്?.
"അയ് ദെന്താ വർഗീസാപ്ലേദ്?."
"തോമാസിനെ കാണാൻ പോയീതാ ൻ്റെ നായരേ!."
വർഗീസാപ്ല നടത്തം നിർത്തി കിതപ്പണച്ചു നിന്നു. പോളൂട്ടിയുടെ മുഖത്ത് സൂര്യകാന്തി.
"ഈ വയ്യാത്തോടത്താ!."
"വയ്യാച്ചാലും അവന്യൊന്ന് കാണാൻ പൂതി പറഞ്ഞപ്പോ എന്നെ ഈ മൊതലിൻ്റെ കൈലേൽപ്പിച്ച് വിട്ടതാ ത്രേസ്യ."
"ന്നട്ടോ?."
"ന്നട്ടെന്താ കാണാല്ല്യേ; ആരേനെ ആരക്കേൽപ്പിച്ചൂന്നാ നായര്ക്ക് തോന്നണ്?. ങ്ങട് നടന്നേരാ ശവീ!."
"അയ്, വഴീഴേട്ടാ..."
No photo description available.

പ്രയോഗദീപിക

 

പ്രയോഗദീപിക

കുറച്ചു കാലമായി സഹിച്ചു വരികയായിരുന്നു. മുഖത്ത് ഇടയ്ക്കിടെ എന്തോ അരിക്കുന്നതും അരിച്ചിടം ചൊറിയുന്നതുമായ ഒരനുഭവം. രാത്രി കിടക്കുമ്പോഴാണ് പാരമ്യം. തലയിണയിൽ നിന്ന് എന്തോ ഒന്ന് പുരികത്തിനുള്ളിലേക്ക് അരിച്ചു കയറും. തുടർന്ന് ചെന്നി പിടിച്ച് കവിളിലൂടെ താടിയിറങ്ങി കഴുത്തിൽ ചുറ്റിയടിച്ച ശേഷം വീണ്ടും കവിളിൽ കയറി കൺതടത്തിൻ പര്യവേഷണം നടത്തി മൂക്കിൻ തുമ്പിലൂടെ കഷണ്ടി കയറി കൊടിനാട്ടും വിധമാണ് തേർവാഴ്ച. അരിക്കുന്നിടത്ത് തൊട്ടു നോക്കിയാൽ മറ്റൊരിടത്താണ് വ്യവഹാരമെന്നു തോന്നും. അങ്ങിനെ ആദിമദ്ധ്യാന്തമേതെന്ന് പിടിതരാത്ത ഒരു തരം ഫാൻ്റെം മുഖത്തരിപ്പ്.
"സ്കിൻ ഡ്രൈയായിട്ടാ. വെളിച്ചെണ്ണ തേക്കണ പണീല്ലിലോ പിന്നെങ്ങന്യാ?."
"അതൊന്ന്വല്ല!."
"അല്ല!. രണ്ടീസം തേച്ചോക്ക്വോ അപ്പറ്യാം!"
ഒന്നു പരീക്ഷിക്കാമെന്നു തന്നെ വെച്ചു. പറഞ്ഞതനുസരിക്കുന്നത് കോടതിയലക്ഷ്യമൊന്നുമല്ലല്ലോ.
വെറുതെ വെളിച്ചെണ്ണ തേച്ചുള്ള കുളി പോര എന്നു തോന്നി. വെളുപ്പിന് നടക്കുന്നതിനു മുമ്പ് നല്ല ചുടുവെള്ളംകൊണ്ട് മുഖം കഴുകും. പിന്നെ തണുത്ത വെള്ളം കൊണ്ട്. തുടച്ച് വൃത്തിയാക്കിയ ശേഷം മുറുക്കാത്ത പച്ച വെളിച്ചെണ്ണയെടുത്ത് മുഖത്തും ചെവിയിലും കഴുത്തിലുമെല്ലാം കുളുർക്കെ പുരട്ടും. മുക്കാൽ മണിക്കൂർ നടത്തം കഴിഞ്ഞ് വീട്ടിൽ കയറിയാൽ മുഖവും കഴുത്തുമെല്ലാം ഉഷ്ണിച്ച് ആവി പറക്കും. ഗീസർ ഓൺ ചെയ്തു വന്ന് ഫാനിനടിയിൽ ഇരിക്കും. പിന്നെ ലാപ് ടോപിൽ റോയൽ സ്റ്റാഗിൻ്റെ രണ്ട് ഷോർട്ട് ഫിലിം. അര മണിക്കൂർ. തുടർന്ന് ഫേസ് ബുക്കിൽ ലൈക്കെണ്ണൽ. എല്ലാം കഴിഞ്ഞ് ബാല്യകാല സഖിയായ മാർഗോ സോപ്പിൽ പതഞ്ഞുള്ള ഒരെണ്ണയിളക്കിക്കുളി.
ഇപ്പോൾ ഒരാഴ്ച കഴിഞ്ഞു. വണ്ടർഫുള്ളെന്നേ പറയേണ്ടൂ; അരിപ്പ് ദീനം പുഴയ്ക്കൽ ചാൽ കടന്നിരിക്കുന്നു. ആത്മനിർഭരവും സ്വപ്നമുക്തവുമായ ഉറക്കം!.
"ഇപ്പെന്തായി?. ഞാൻ പറഞ്ഞപ്പൊ പിടിച്ചില്ല്യ."
"വെളിച്ചെണ്ണ തേച്ചതു കൊണ്ട് മാത്രായീല്ല്യ!."
"പിന്നെ?."
"എണ്ണയുടെ പ്രയോഗരീതിയാണ് കാര്യം. ചുടുവെള്ളം പ്ലസ് പച്ചവെള്ളം ഫേസ് വാഷിങ്ങ്, മുഖം തുടയ്ക്കൽ, കൃത്യം മുക്കാൽ മണിക്കൂർ വെളിച്ചെണ്ണ പുരട്ടിനടത്തം, ആവി പറത്തൽ, റോയൽ സ്റ്റാഗ് ഷോർട്ട് ഫിലിം, മാർഗോ സോപ്പ്. ആ ഒരു പ്രയോഗക്രമത്തിനാണ് റിസൾട്ട്!."
"അപ്പൊ വെളിച്ചെണ്ണ?."
"ഒരു ഘടകമെന്നു പറയാം."
ഹല്ല പിന്നെ!.

അറിയാതെ പോയത്


അറിയാതെ പോയത്

സകൂളിൽ പഠിക്കുന്ന കാലത്ത് പേടിയുടേയും നാണത്തിൻ്റെയും സഭാകമ്പത്തിൻ്റെയും കലാതിലകമായിരുന്നു ഞാൻ. നാട്ടിൽ അമ്പലപ്പറമ്പിൽ ഓട്ടവും ചാട്ടവും പന്തുകളിയും അമ്പലക്കുളം ചാടലും തിരുതകൃതിയായിരുന്നെങ്കിലും സ്കൂളിൽ തരമൊന്നു വേറെയായിരുന്നു. രാവിലെ സ്കൂളിലെത്തിയാൽ ക്ലാസിൽ സ്വന്തം സീറ്റിൽ ചെന്നിരിക്കും. ഇടക്ക് കുട്ടികൾ തൊട്ടു-പ്രാന്തി കളിക്കുന്നതും കിളിമാസ് കളിക്കുന്നതും ക്ലാസ് മുറിയുടെ ജനലിലൂടെ കൊതിപൂണ്ടു നോക്കി നിൽക്കും. ആ സമയം ഏതെങ്കിലും മാഷ് മുറുക്കാൻ ചവച്ചു വരാന്തയിലൂടെ റോന്തിനു വരുന്നതു കണ്ടാൽ ഓടി സീറ്റിലിരിക്കും. എന്തോ വലിയ കുറ്റം ചെയ്ത പോലെ തല കുനിച്ച്. സ്കൂളിൽ തികഞ്ഞ അച്ചടക്കവും പഠനമികവും പുലർത്തി പേരെടുത്ത ചേട്ടൻ ചേച്ചിമാരുടെ അനിയൻ എന്നത് പ്രതിരോധിക്കാൻ വയ്യാത്ത സമ്മർദ്ദമായിരുന്നു!. അതൊക്കെ പേടി എന്ന വകുപ്പിൽ പെടും.

സ്കൂൾ ആനിവേഴ്സറി കായിക മത്സരങ്ങളിൽ പങ്കെടുക്കാറില്ല. കാരണം നാണം. യൂത്ത് ഫെസ്റ്റിവലിൻ്റെയും വാർഷികദിന പരിപാടികളുടെയും സ്റ്റേജിൽ കാലെടുത്തു കുത്താറില്ല. അതു സഭാകമ്പം. ആകെക്കൂടി ചിത്രരചനാ മത്സരങ്ങളിൽ പങ്കെടുക്കും. പക്ഷേ സമ്മാനം വാങ്ങാൻ സ്റ്റേജിൽ കയറാൻ ഭയമായതിനാൽ വാർഷികത്തിന് പോകാറില്ല. പിറ്റേതിൻ്റെ പിറ്റെ ദിവസം സ്കൂളിൽ ചെന്നാൽ ഹെഡ് മാസ്റ്ററുടെ സമൺസുമായി പ്യൂൺ ലോനപ്പേട്ടൻ ക്ലാസ്സിൽ വരും. മുട്ടുവിറച്ച് ചെല്ലുമ്പോൾ തൻ്റെ മുറിയിൽ കാത്തിരിക്കുന്നുണ്ടാവും വാരിയർ സ്വാമി എന്നു വിളിച്ചിരുന്ന ഹെഡ്മാസ്റ്റർ വ്യോമകേശാനന്ദ സ്വാമി. ചൂരൽ വിളക്കി രക്തശുദ്ധി വരുത്തിയ കൈവെള്ളകളിൽ വാർഷികത്തിന് കൈപ്പറ്റാത്ത സർട്ടിഫിക്കറ്റ് വെച്ചു തരും ആജാനബാഹുവായിരുന്ന സ്വാമി....
മൂത്ര പിരിയഡിന് ബെല്ലടിച്ചാൽ എല്ലാവരും സാധിച്ചു കഴിഞ്ഞ് ആളനക്കമില്ലാതായാൽ മാത്രമേ പുരയിൽ കയറൂ. ആൾ സാമീപ്യമുണ്ടായാൽ മോട്ടറ് സ്റ്റാർട്ടാവില്ല!.
ബെല്ലടിച്ചു കഴിഞ്ഞ് വൈകി ക്ലാസിലെത്തുമ്പോൾ ആ പിരിയഡു മുഴുവൻ വരാന്തയിൽ നിന്നു വാതിൽപ്പുറക്കാഴ്ചകൾ ആസ്വദിക്കാം!.
ആരോടും കശപിശക്കോ ഗുസ്തിക്കോ പോകാത്ത നല്ലുട്ടിയായിരുന്നു. സ്ഥിരമായി കുത്തിയും മാന്തിയും തോണ്ടിയും ഉപദ്രവിച്ചിരുന്ന ചട്ടമ്പി ചന്ദ്രുവിനോടു പോലും ഗാന്ധിയൻ സമീപനമായിരുന്നു. പക്ഷേ ഒരു നാൾ കോമ്പസ്സുകൊണ്ടുള്ള കുത്ത് സഹനത്തിനപ്പുറം ചന്തിയിൽ ആഴ്ന്നിറങ്ങിയപ്പോൾ സാധു മിരണ്ടാൽ സ്റ്റൈലിൽ അക്രമിയെ അടിച്ചു ബോധം കെടുത്തിയതിൻ്റെ കേസ് ഫയൽ ഇപ്പോഴും സ്കൂളിലുണ്ടായിരിക്കണം. ക്ലാസ് മാഷ്, ഡ്രില്ല് മാഷ്, ഹെഡ് മാഷ്, സെന്മേരീസുകാരി ചേച്ചി, അമ്മ, അച്ഛൻ അങ്ങിനെയായിരുന്നു വകയിൽ ശിക്ഷയുടെ ദായക്രമം. ക്രിമിനൽ റെക്കോഡായി അങ്ങിനെ ഒന്നേ സ്കൂൾ ജീവിതത്തിൽ ഉണ്ടായിട്ടുള്ളു.
അങ്ങിനെയൊക്കെയായിരുന്നെങ്കിലും പത്താം ക്ലാസ് പരീക്ഷയ്ക്ക് തൊട്ടു മുമ്പ് നടന്ന സ്കൂൾ വാർഷിക സ്പോർട്സിൽ അവിശ്വസനീയമെന്നപോൽ ഒന്നുണ്ടായി.
പങ്കെടുക്കാറില്ലെങ്കിലും ഗ്രൌണ്ടിൽ പോകാനും കൂട്ടത്തിൽ നിന്ന് മത്സരം കാണാനും കയ്യടിക്കുവാനുമുള്ള ആത്മവിശ്വാസമൊക്കെ പത്താം ക്ലാസ് ജീവിതത്തോടെ കൈവന്നിരുന്നു.
ഓട്ടവും ചാട്ടവും കഴിഞ്ഞ് റിലേയ്ക്ക് മുമ്പ് ഷോട്ട് പുട്ട് മത്സരം നടക്കുകയാണ്. പേര് വിളിച്ചവരൊക്കെ സർക്കിളിനു പിന്നിൽ അണിനിരന്നിരിക്കുന്നു. എന്നെപ്പോലെയുള്ള പോത്തന്മാരും എലുമ്പന്മാരുമടക്കം അഞ്ചെട്ടു പേരുണ്ട്. ഏറ് തുടങ്ങുന്നതിനു മുമ്പ് ഡ്രിൽ മാഷ് എന്നു വിളിച്ചിരുന്ന സെബാസ്റ്റ്യൻ മാഷ് ചുറ്റും നോക്കി വിളിച്ചു ചോദിച്ചു:
"ഇന്യാരെങ്കിലൂണ്ടോ ഷോട്ട് പുട്ട് സീനിയേഴ്സ്?."
മാഷുടെ നോട്ടം ഞാൻ നിൽക്കുന്നിടത്തേക്ക് കറങ്ങിത്തിരിഞ്ഞ് എത്തിയപ്പോൾ ഞാൻ സൂത്രത്തിൽ തല വലിച്ചു.
"ആരാണ്ടാദ്!. ഡാ ... ഇവട വാടാ... എവടക്കാ നിയ്യ് മുങ്ങണ്!. ഇങ്ങട് വാടാ തോക്കാ!."
തണ്ടും തടിയും നോക്കിയുള്ള വിളിയാണ് മാഷിൻ്റേത്. എനിക്കന്നേ അഞ്ചേ ഏഴുണ്ട് പൊക്കം. എഴുപത് തൂക്കവും. ചുറ്റും കൂടിയിരുന്നവരുടെ ചിരിയും മാഷുടെ പരിഹാസവുമായപ്പോൾ എനിക്ക് തെളിവിൽ വരാതെ മറ്റു മാർഗ്ഗമൊന്നുമുണ്ടായില്ല. നേരെ സർക്കിളിലേക്ക് കയറി ചെന്നു.
"സർക്കിൾന്ന് മാറി നിക്കറ!. ദാ ഇവടെ ഇവടെ നിക്ക്!."
എറിയന്മാരുടെ വരിയിൽ ഒരറ്റത്ത് എന്നെ നിർത്തി.
"എന്താ നിൻ്റെ പേര്?."
"ബാലചന്ദ്രൻ."
"ക്ലാസ്?."
"പത്ത് ബി."
"ശരി. അവടെ നിക്ക്. നിൻ്റെ നമ്പറ് ഒമ്പത്. അപ്പൊ ഇന്യാരൂല്ലിലോ?. യെസ് മത്സരം തൊടങ്ങാണ്. ഷോട്ട് പുട്ട് സീനിയേഴ്സ്. റെഡി നമ്പർ വൺ!. "
എട്ടും കഴിഞ്ഞ് ഒമ്പതെത്തിയപ്പോൾ ദേഹം വിറച്ചു തുടങ്ങി. ഞാൻ അനങ്ങിയില്ല.
"ദെന്താണ്ടാ നോക്കി നിക്കണ്. എടുത്തെറ്യേടാങ്ങട്! കാണട്ടെ."
ഞാൻ അനങ്ങുന്നില്ല.
"തെങ്ങടിച്ചാ പന വീഴണ തടീണ്ടായിട്ട് ചെക്കൻ്റെ നിപ്പ് കണ്ടാ. പിടിക്കടാദ്. എറിയടാ."
മാഷ് ഷോട്ടെടുത്ത് കയ്യിൽ തന്നു.
എനിക്ക് ദേഹം തളരുന്ന പോലെ!.
ദൈന്യം കണ്ടിട്ടാവണം മാഷ് അടുത്തു വന്ന് പതുക്കെ ചെവിയിൽ പറഞ്ഞു:
"പൂശ്!. നെനക്ക് കിട്ടും!."
അതൊരു ചൂട്ടുകുത്തായിരുന്നു. ഉള്ളിൽ എന്തോ ഒന്നിന് തീ പിടിച്ച പോലെ തോന്നി. ഉണ്ടയുമായി സർക്കിളിൽ കയറുമ്പോൾ നഷ്ടപ്പെട്ട ഓർമ്മ തിരിച്ചു കിട്ടിയത് ചുറ്റിലുമുയർന്ന ആരവം കേട്ടപ്പോഴായിരുന്നു. എട്ടു കുത്തുകൾക്കും മുന്നിലായി എൻ്റെ കുത്ത്!. തൊട്ടു പിന്നിലുള്ളതിനേക്കാൾ ആറടിയോളം കൂടുതൽ. ടേപ്പ് വെച്ച് അളവു വിളിച്ചു പറയുമ്പോൾ സെബാസ്റ്റ്യൻ മാഷ് എന്നെ അവിശ്വസനീയതയോടെ നോക്കി നിന്നു.
സെക്കൻഡ് റൌണ്ടിൽ മാഷ് എൻ്റെ നമ്പർ വിളിക്കാതെ ഫൈനൽ റൌണ്ടിലേക്ക് കടന്നു. എനിക്കപ്പുറം മറ്റൊരു കുത്തില്ലെന്നുറപ്പായപ്പോൾ മാഷ് പറഞ്ഞു.
"ആവശ്യല്ല്യ എന്നാലും എറിഞ്ഞോ. ടെസ്റ്റിനാ. നിൻ്റെ മാക്സിമം നോക്ക്!."
പരമാവധി ശക്തിയെടുത്തെറിഞ്ഞിട്ടും ആദ്യത്തോളമെത്തിയില്ല. എന്നാലും ഒന്നാം സ്ഥാനം എനിക്കു തന്നെ!.
മത്സരം കഴിഞ്ഞ് എല്ലാവരും റിലേ കാണാൻ സ്ഥലം പിടിക്കാൻ ഗ്രൌണ്ടിനു പുറത്തേക്ക് ഓടി. മാഷും അളവു കുറിക്കുന്ന പേപ്പർ പാഡ് കയ്യിൽ വെച്ച് എൻ സി സി ഓഫീസർ ഭാസ്ക്കരൻ മാഷും എന്തോ സ്വകാര്യം പറഞ്ഞ് സർക്കിളിൽ നിന്നു. സെബാസ്റ്റ്യൻ മാഷ് ഇടക്കിടെ എന്നെ നോക്കുന്നുമുണ്ട്. മാഷുടെ മുഖത്ത് നിരാശ നിഴലിച്ച പോലെ തോന്നി. ഏറ്റവും ഒടുവിലായി ഞാൻ സ്ഥലം വിടാനൊരുങ്ങിയപ്പോൾ മാഷ് എന്നെ അടുത്തു വിളിച്ചു.
"ഇബട വാടാ!."
ഞാൻ ചെന്നു.
"നിൻ്റെ വീടെവട്യാ?."
"വെളക്കും കാലില്."
"നിയ്യിവട തന്ന്യാ പഠിച്ചേർന്നത്?."
"അതെ. "
"ഒന്നാം ക്ലാസു മൊതല്?."
"അതെ മാഷെ."
"നിയ്യിതിനു മുമ്പൊന്നും സ്പോർട്സില് പങ്കെടുത്തിട്ടില്ല്യേ?."
"ഇല്ല്യ."
"എന്തേ?."
ഞാൻ ഒന്നും മിണ്ടാതെ തല താഴ്ത്തി നിന്നു.
"പറേടാ!."
"നാ.... നാണായിട്ടാ മാഷേ!."
ഞാൻ ഒരു വിധം പറഞ്ഞൊപ്പിച്ചു.
അതു കേട്ട വശം മാഷ് വലത്തെ കൈവെള്ള കൊണ്ട് സ്വന്തം നെറ്റിയിലടിച്ചു!.
"കർത്താവേ!."
"എന്താ മാഷേ?. എന്താ കാര്യം?."
ഭാസ്ക്കരൻ മാഷക്ക് ജിജ്ഞാസയേറി.
"ഭാസ്ക്കരാ.... കഴിഞ്ഞ ഡിസ്ട്രിക്റ്റ് സ്കൂൾ മീറ്റിലെ റെക്കോഡിന് അര ഇഞ്ചേ കൊറവുള്ളു ഇവൻ്റെ ഏറിന്!."
"അയ്യോ മാഷെ ശര്യാണോ!."
മിണ്ടാനാവാതെയാവണം തലയൊന്നു കുലുക്കി സെബാസ്റ്റ്യൻ മാഷ് നിന്നു. ഭാസ്കരൻ മാഷ് അതു കണ്ട് കുറ്റപ്പെടുത്തുന്ന പോലെ എന്നെ തീഷ്ണമായി നോക്കി.
"എന്താ ബാലന്ദ്രാ നീ കാണിച്ചത്!."
സെബാസ്റ്റ്യൻ മാഷ് ദീർഘനിശ്വാസമിട്ട് ഭാസ്കരൻ മാഷുടെ തോളിൽ തട്ടി.
"ഭാസ്ക്കരാ... തെറ്റീതെനിക്കാ!. എനിക്കെൻ്റെ പിള്ളേരെ അറിയാൻ പറ്റീല്ല്യ!."
:
:
കിട്ടിയ സർട്ടിഫിക്കറ്റിനേക്കാൾ ആയിരമിരട്ടി വിലയുള്ളതായിരുന്നു ആ ആത്മവിമർശനമെന്നു മനസ്സിലാക്കാൻ വിവേകത്തിൻ്റെ പ്രായമെത്തേണ്ടി വന്നു എനിക്ക് ....
ഇന്ന് സെപ്തംബർ 5. അദ്ധ്യാപക ദിനം.

നവതി


നവതി

ഇന്ന് ചിങ്ങത്തിലെ ഉത്രട്ടാതി. ചേട്ടൻ്റെയും മൂത്ത അനന്തിരവൻ്റെയും പിറന്നാളാണ്. എൻ്റെ ശീമപ്പിറന്നാളും. അത് കലക്കി!. ആ വകയിൽ രാവിലെ രണ്ടു പേരെയും വിളിച്ചൊന്ന് ആശംസിക്കാമെന്ന് കരുതി:

"ഹലോ!".
"ഹലോ ചേട്ടാ, ചന്ദ്രനാണ്. "
"ങ്ഹാ എന്തേ?."
"ഇന്നെന്താ ദിവസന്നറിയോ?."
"എന്താ വിശേഷം?."
"അയ് ഇന്ന് ചിങ്ങത്തിലെ ഉത്രട്ടാത്യല്ലേ!. ചേട്ടൻ്റെ പെറന്നാള്. "
"ഓഹോ?."
"വെറും പിറന്നാളല്ല; നവതി."
"ഓ തൊണ്ണൂറായി അല്ലേ?."
"പിന്നെ!."
"ങ്ഹാ! ശരിയാണ്, ണയൻ്റീൻ തർട്ടി. യൂ ആർ റൈറ്റ്."
"ഹാപ്പി ബർത്ത് ഡേ...!."
"ഓ ഹ ഹ ഹ താങ്ക്യൂ... വേറെന്താ വിശേഷം?."
'ഒന്നൂല്ല്യ. വിക്ഷീയാൻ വിളിച്ചതാ."
"ഓ... അത് ശരി. അങ്ങന്യാവട്ടെ."
എന്നെക്കാൾ ഇരുപത്തിമൂന്ന് വയസ്സിന് മൂപ്പനാണ് ചേട്ടൻ. അമ്മയുടെ ഭാഷയിൽ "ഉണ്ണിക്ക് ചന്നരൻ്റെ അച്ഛനാവാള്ള മൂപ്പ്ണ്ട്!."
പിറന്നാളുകൾ മറക്കുന്നത് നല്ലതാണെന്ന് അമ്മ പറയാറുണ്ട്. പിറന്നാളുകളല്ല പെരുന്നാളുകൾ തന്നെ മറന്നവനാണ് ചേട്ടൻ ബാലകൃഷ്ണൻ....
ഷഷ്ടി പൂർത്തി
സപ്തതി
അശീതി
ശതാഭിഷേകം
ഇപ്പോഴിതാ നവതിയും!.
നിർമ്മമാൽ നിർമ്മമൻ!.
അതാണ് ചേട്ടൻ; അന്നും ഇന്നും....

സ്ഥിതപ്രജ്ഞം

 

സ്ഥിതപ്രജ്ഞം

സ്കൂട്ടറിൽ പെട്രോളടിക്കണം. ഫാർമേഴ്സ് സൂപ്പർമാർക്കറ്റിൽ നിന്ന് വറവുകായയും ശർക്കരുപ്പേരിക്കുള്ള ചുക്ക് ജീരകാദി മേമ്പൊടികളും വാങ്ങണം. പുറത്തോട്ടിറക്കത്തിൻ്റെ ലക്ഷ്യമതായിരുന്നു. അലമാരിയിലെ മുഖ്യ ഖജനാവിൽ നിന്ന് രണ്ട് അഞ്ഞൂറു രൂപ നോട്ടെടുത്ത് പേഴ്സിലേക്ക് ട്രാൻസ്ഫർ ചെയ്തു. മുഖംമൂടിയും തലമൂടിയും ഫിറ്റാക്കി സ്കൂട്ടറിൽ കയറി. ശവാസനത്തിലായിരുന്ന എൻജിൻ വിറച്ച് വിറച്ച് ജീവത്താകാൻ സമയമെടുത്തു.

കോൾ പാടത്തിനരികിലെ വഴിയിലൂടെ പോകുമ്പോൾ തോന്നി. കൃഷിയിറക്കാറായോ?. ചാലുവരമ്പുകൾ കണ്ടുതുടങ്ങിയിരിക്കുന്നു. ഒരാഴ്ച മുമ്പ് വെള്ളം കയറി റോഡ് മുക്കിയ പാടമാണ്. വെള്ളം അത്രമാത്രം ഇറങ്ങിയിരിക്കുന്നു. ഏനാമ്മാവ് ബണ്ട് തുറന്നിരിക്കണം.
പുഴയ്ക്കൽ പെട്രോൾ പമ്പിൽ വണ്ടി നിർത്തി. എത്ര എന്ന് കണ്ണു കാട്ടിയ സർവീസ് ബോയോട് രണ്ട് എന്ന് വിരലുകാട്ടി.
പെട്രോൾ ടാങ്ക് പൂട്ടി പണമെടുക്കാൻ നോക്കിയപ്പോൾ വയറ് കത്തി!. രണ്ടഞ്ഞൂറിൻ്റെ നോട്ടെവിടെ?. ഷർട്ടിലും പാൻ്റിൻ്റെ രണ്ട് സൈഡ് പോക്കറ്റുകളിലും സാധനമില്ല.വലത്തെ പോക്കറ്റിൽ കുറെ കടലാസുകൾ മാത്രം. ചതിച്ചു!.
അടിച്ച പെട്രോള് ഊറ്റിയെടുക്കാൻ സംവിധാനമുണ്ടാവുമോ എന്തോ!.
" സോറി, പേഴ്സെടുക്കാൻ മറന്നു. വണ്ടി ഇവിടെ ഇരിക്കട്ടെ ഞാനെടുത്തു വരാം!."
എന്നു പറയാൻ തുടങ്ങിയതായിരുന്നു. അപ്പോഴാണ് കടലാസിനിടയിൽ നിന്ന് കൃത്യം 200 രൂപയുടെ നോട്ട് നിലത്ത് വീണത്!. ഇന്നലെ ഫാർമേഴ്സ് ബാങ്കിൽ നിന്നു വാങ്ങിയ പലവ്യഞ്ജനങ്ങളുടെ ബില്ലും ബാക്കിയുമാണ്.
ശരി. വീട്ടിലേക്ക് മടങ്ങാം. പണം മേശപ്പുറത്തു വെച്ചു കാണും. എടുത്തിട്ടുണ്ടാവില്ല. എല്ലാം മായയല്ലേ. പണമെടുത്തിട്ടു വേണം കായ വാങ്ങാൻ. വീട്ടിൽ ചെന്ന് മേശയിൽ നോക്കുമ്പോൾ മേശമേൽ പണമില്ല!.
"എന്തേ മടങ്ങീത്?."
"രണ്ടഞ്ഞൂറിൻ്റെ നോട്ട് ഇവടെ കണ്ട്വോ?."
"ഇല്ല്യ. എറങ്ങുമ്പൊ പേഴ്സ് പോക്കറ്റില് വെക്കണ കണ്ടൂലോ?."
"ഏയ്. ഇല്ല്യ. പെട്രോളടിച്ചിട്ട് കാശ് കൊടുക്കാൻ നോക്കീപ്പോ സാനം കണ്ടില്ല്യ. ഭാഗ്യത്തിന് പോക്കറ്റില് ഇരുനൂറ് രൂപേണ്ടാർന്നു."
"അയ് എന്തായി പറേണേ, പിന്നിലെ പോക്കറ്റില് വെക്കണത് ഞാൻ കണ്ടതല്ലേ?."
"പിന്നിലെ പോക്കറ്റിലാ!?. "
ശരിയാണല്ലോ!. തപ്പി നോക്കിയപ്പോൾ ചന്തിയിലെ പോക്കറ്റിന് ഗർഭം. നരച്ച പേഴ്സിനുള്ളിൽ അഞ്ഞൂറിൻ്റെ ഇരട്ടക്കുട്ടികൾ!. അപ്പൊ പെട്രോൾ പമ്പില് വെച്ച് നോക്കുമ്പൊ ഈ പോക്കറ്റ് എവട്യായിരുന്നു?.
"ദെന്താത്രക്ക് ഓർമ്മേല്ല്യാണ്ടായാ!"
"പിന്നില്ല്യാണ്ട്?. തൊടക്കാണ്!. "
"എന്ത് തൊടക്കം?."
"അൽഷീമേഴ്സ്.....അൽഷീമേഴ്സ്!."

ഔചിത്യം

 

ഔചിത്യം


"ബാലേന്ദ്രാ എന്ത് പറേണു?. ഓക്കേ അല്ലെ?."

"ഡബിള് ഓക്കേ."
"മക്കള്ക്കൊക്കെ സുഖം?."
"സുഖം. അവടെ വിശേഷൊന്നൂല്ലിലോ?."
"ണ്ട്. അത് പറയാനും കൂട്യാ വിളിച്ചത്. മോള്ടെ കല്യാണാ. അടുത്ത മാസം പത്താന്തി."
"ഓ വെരി ഗുഡ്!."
"കഴിഞ്ഞ മേടത്തില് നടത്താന് വെച്ചേർന്നതാ. അപ്പഴല്ലേ .....!. ഇനീം നീട്ടാന് വയ്യ. നിശ്ചയം കഴിഞ്ഞിട്ട് കൊല്ലൊന്നായി!."
"ഉം."
"കാര്യായിട്ടോന്നൂല്ലിടോ. രണ്ടു കൂട്ടരടേം അച്ഛനും അമ്മേം സഹോദരങ്ങളും അമ്മാമാന്മാരും മാത്രായിട്ട് ഒരു നാല്പ്പതു പേര്."
"അമ്പതാവാലോ?."
"അത്രപോലും വേണ്ടാന്ന് വെച്ചു. പ്രോട്ടോക്കോള് ലംഘിച്ചു എന്നാക്ഷേപം വരും."
"അതെന്താദ്?."
"നേരത്തെ പറഞ്ഞ ബന്ധക്കാരെ വിട്ട് ഒരാളെ കൂടുതല് വിളിച്ചാ ഇഷ്യൂ ആവും. അവരെ വിളിച്ചു നമ്മളെ വിളിച്ചില്ല്യാന്നൊക്കെ. പറഞ്ഞാലൊന്നും ഗ്രഹിക്കണ കൂട്ടത്തിലല്ല പലരും. അപ്പൊ ആ പത്ത് പൊക്കോട്ടേന്ന് വെച്ചു."
"അപ്പൊ ഞാൻ?."
"അറീക്കാന് വിളിച്ചതാ. തന്നെ അറീക്കാണ്ട് കഴീല്ലിലോ. അറീക്കുന്നു. മകള്ടെ കല്ല്യാണാണ്. സെപ്തംബര് പത്താന്തി. ഗുരുവായൂര് വെച്ച്. അനുഗ്രഹിക്ക്യാ."
"തീര്ച്ചയായിട്ടും. എല്ലാ ആശംസകളും. മകളോട് പ്രത്യേകം പറയാ. മനസ്സോണ്ട് ഞാനവടേണ്ടാവും!. നന്നായീടോ വളരെ നന്നായി. അറീച്ചേന് തനിക്ക് നന്ദി. വെഷമകാലത്ത് കാണിച്ച വകതിരിവിന് അഭിനന്ദനങ്ങളും."
"ഹ ഹ, പറ്റുന്ന വിധത്തിലൊക്കെ നമ്മളും സംവിധാനത്തോട് സഹകരിക്കണ്ട്രോ. അപ്പൊ ശരി ബാലേന്ദ്രാ. മിസ്സിസ്സിനോട് പറയണേ."
"ഓ ഷ്വര് താങ്ക്യൂ...."
ചിങ്ങമാസമാണ്‌. ഇതിനകം ലഭിച്ചു കഴിഞ്ഞ ഏഴു കല്യാണക്ഷണങ്ങളുടെ പൊതു സ്വഭാവം മേൽ സംഭാഷണത്തില് കാണാം.
സംവിധാനങ്ങളോടു സഹകരിക്കുവാനും വൈഷമ്യങ്ങൾക്കുള്ളിലും സ്നേഹവും അടുപ്പവും കാത്തു സൂക്ഷിക്കാനും അത് പ്രകടിപ്പിക്കുവാനും മനുഷ്യര് അതീവ ശ്രദ്ധ കാണിക്കുന്നുണ്ടെന്നത് സന്തോഷം പകരുന്നു..
എല്ലാ വിവാഹങ്ങളും മംഗളകരമാവട്ടെ. പ്രതിശ്രുതവധൂവരന്മാര്ക്കെല്ലാം ആശംസകള്!.