കളിയും കാര്യവും
ചേച്ചിയുടെ ഭര്‍ത്തൃപിതാവ് സീരിയസ്സായി മിഷന്‍ ആശുപത്രിയിലാണെന്നറിഞ്ഞ് അദ്ദേഹത്തെ കാണാന്‍ പോയതാണ് അച്ഛന്‍. രോഗികളെ സന്ദര്‍ശിച്ചും ചികിത്സയുടെ ഗൌരവം വിലയിരുത്തിയും ഉള്‍ക്കൊണ്ടും അതു മറ്റുള്ളവരെ പറഞ്ഞു വിസ്മയിപ്പിച്ചും ആയവകളാല്‍ പ്രചോദിതമായി ഇടക്കിടെ സ്വന്തം നിലക്ക് ദീനം ചമഞ്ഞ് മക്കളെ വിളിച്ചുകൂട്ടി ആശുപത്രിവാസം ചെയ്തും റിട്ടയര്‍മെന്‍റ് ജീവിതം അച്ഛന്‍ ആഘോഷിച്ചുകൊണ്ടിരുന്ന കാലമായിരുന്നു അത്. പണം കയ്യിലെത്തിയാല്‍ ഏതു നിമിഷവും അച്ഛനു രോഗം വരാം. അച്ഛന്‍റെ പെന്‍ഷന്‍ വീട്ടുകാര്‍ക്ക് ടെന്‍ഷന്‍ എന്ന അവസ്ഥ!.
അന്നു രാവിലെ ആശുപത്രിയില്‍ പോയ അച്ഛന്‍ തിരിച്ചു വന്നത് ഉച്ചതിരിഞ്ഞു മൂന്നുമണിക്കാണ്. മീനവെയിലിന് തടയിട്ട കാലന്‍കുട മടക്കി ഉത്തരത്തില്‍ തൂക്കിയിട്ട് ഇറയത്തെ തിണ്ണയില്‍ രണ്ടാം മുണ്ടു വീശി ക്ഷീണം തീര്‍ക്കാനിരുന്ന അച്ഛനോട് അമ്മ ചോദിച്ചു:
“എങ്ങനേണ്ട് രാമങ്കുട്ടിമേനോന്?.”
“ഒന്നും പറേണ്ട ന്‍റെ പാറൂട്ട്യേ!. എന്താ മേന്‍റെ ഒരവസ്ഥ!.”
“ എന്തേ?.” അമ്മക്ക് ആശങ്ക മൂത്തു.
“ആള്‍ക്ക് തീരെ ബോധല്ല്യ!. നല്ല വലീംണ്ട്!. ഓക്സിജന്‍ കൊടത്ത് കെടത്ത്യേക്ക്യാ! ന്തൊരു കെടപ്പാ കെടപ്പ്!"
“കൃഷ്ണാ ഗുര്വാരപ്പാ!.” അമ്മ.
“ഗ്ലൂക്കോസ് കുത്തിവെച്ചണ്ട്. പിന്നെ മൂത്രത്തിനൊക്കെ ട്യൂബാ, മലത്തിനും ട്യൂബ്, ദേഹത്ത് സര്‍വത്ര ട്യൂബും വയറോള്വാ!. തലക്കല് ഒരു മിഷ്യേനും വെച്ചട്ട് ഒരു നേഴ്സ് എപ്പഴും അടുത്തിരിക്ക്ണ്ട്. മക്കളും മരുമക്കളും പേരക്കുട്ട്യോളും കട്ടിലിന് ചുറ്റും ങ്ങനെ നെരനെരാലെ നിക്ക്ണ്ട്!.പെരുത്ത് വാടകേള്ള വല്ല്യേ മുറീലാ കെടപ്പ്!.സന്ധുക്കളും ബന്ധുക്കള്വായിട്ട് ആളുകളിങ്ങനെ വരുണൂ പോണൂ!.”
“ഈശ്വരാ....”
ഒരു നിശ്വാസം പൂര്‍ത്തീകരിക്കാന്‍ അമ്മക്ക് ഇട കൊടുക്കാതെ നഷ്ടബോധം നിഴലിച്ച മുഖത്തോടെ അച്ഛന്‍ പറഞ്ഞു:
“രാമങ്കുട്ടിമേനോന്‍ ഭാഗ്യവാന്‍ തന്നെ!.”
" ന്‍റെ തേവരേ!. എന്തൊരക്രമാ ഈ പറേണത് !. ഭാഗ്യവാനാത്രേ!.. അപ്പൊങ്ങന്യൊക്കെ കെടക്കണന്നാവും മോഹം!."
അമ്മ തലയില്‍ കൈവെച്ചു!.
"
"
"
"
"
"
ഭാഗ്യമോ നിര്‍ഭാഗ്യമോ എന്തോ അച്ഛനങ്ങിനെ കിടന്നില്ല. കാല്‍ നൂറ്റാണ്ടു കഴിഞ്ഞ് ഒരു മകരമാസത്തിലെ പൂയം നാളിലാണതുണ്ടായത്.
മൂത്തവളും കൂടുതല്‍ പ്രിയങ്കരിയുമായ പുത്രിയുടെ സഞ്ചയനത്തിന്‍റെ തലേന്നാള്‍....!.
രാത്രിഭക്ഷണവും കഴിഞ്ഞ് മുന്നേ ഗമിച്ച മകളേയും ഗുരുവായൂരപ്പനേയും വിളിച്ച് കിടക്കയിലേക്ക് മലർന്ന അച്ഛന്‍ ദുര്‍ബ്ബലമായ നെഞ്ചിലെ രോമസമൃദ്ധിയില്‍ കണ്ണടച്ചു....... ആതുരനാടകങ്ങള്‍ ആടിയപ്പോഴൊക്കെയും ഉള്ളിൽ രഹസ്യമായി താലോലിച്ചിരുന്ന മോഹസാഫല്യത്തിലേക്ക്..... പതിനായിരത്തിലൊരുവനു മാത്രം സിദ്ധിക്കുന്ന അനായാസമരണത്തിലേക്ക്.....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ