മഹാപ്രസ്ഥാനം
സ്വര്‍ഗത്തില്‍ ഞാന്‍ ചെല്ലുമ്പോൾ പൂമുഖത്തിരുന്ന് ഒരു ചെല്ലത്തിൽനിന്നു മുറുക്കുകയായിരുന്നു അച്ഛനും അമ്മയും. കാൽപെരുമാറ്റം കേട്ടപ്പോൾ രണ്ടു പേരും തിരിഞ്ഞു നോക്കി. പ്രതീക്ഷിച്ച സന്തോഷമൊന്നും അവരുടെ മുഖത്തു കണ്ടില്ല. ഇരുവരും ഒന്നു ചിരിച്ചു എന്നു വരുത്തി.
"എങ്ങന്യേ നീയ് വന്നേ?."
അമ്മയാണ് ആദ്യം സംസാരിച്ചത്.
" അപ്പാളോ പതിനൊന്നില്."
"ആരേര്‍ന്നു കൂടെ?."
"നീൽ ആംസ്ട്രോങ്ങ്."
"അയ് അപ്പോ കാലനെന്തു പറ്റി?."
"ദേ വരുണൂന്ന് പറഞ്ഞ് എടക്ക് കണ്ണൂരെറങ്ങി."
"അപ്പ ഇനി ആള് അടുത്തൊന്നും ഇങ്ങട്ണ്ടാവില്ല്യേരിക്കും. നീലന് നല്ല പണ്യായി!.
അതും പറഞ്ഞ് അച്ഛൻ നീട്ടിത്തുപ്പിയ മുറുക്കാൻചാറത്രയും മരതകത്തിൽ വാർത്ത
ഡിസൈനർ ടൈലുകൾ വിരിച്ച മുറ്റത്തു വീണ് വൈഡൂര്യമണികളായി ഉരുണ്ടു കളിച്ചു. സ്വര്‍ഗമുറ്റത്ത് അതിരിട്ടു നിന്ന 156 റോസാച്ചെടികളിലെ പൂക്കളിൽ ചിലർ അതു കണ്ട് അസൂയ മൂത്ത് കറുത്തു.
"അച്ഛന്വമ്മക്കും എങ്ങന്യാ ഇവടെ?."
"സുഖക്കൊറവൊന്നൂല്ല്യ ന്‍റെ കുട്ട്യേ. ഒന്നിന്വൊരു കൊറവൂല്ല്യ. ഒക്കേണ്ട്. തിന്നാനും കുടിക്കാനും വേണ്ടത്ര!."
"പിന്നെന്താമ്മേ?."
"ഒന്നിനും പഴേ രുച്യങ്ങട് കിട്ടണില്ല്യ. കാലത്തും ഉച്ചരിഞ്ഞും വല്ലിച്ചോണങ്ങട് കഴിച്ചൂട്ടും. അന്ത്യാവുമ്പോ വാർത്തു വെച്ച കഞ്ഞീന്ന് മെളക് തിരുമ്പി എളം ചുടുക്കനെ ലേശം കഴിക്കാണ്ട് പറ്റണില്ല്യ നിക്ക്!. അതിനിവടെ ഒരു വഴീം കാണാല്ല്യ!."
"ആ ട്രിപ്റ്റനോൾ ഗുളിക കൊണ്ടന്ന്ണ്ടോ നീയ്?."
"എന്തിനാച്ഛാ ഇവടെ ഒറക്കഗുളിക?."
"പാട്ടും ഡാൻസും കഴിഞ്ഞ് കണ്ണിന്‍റെ പോള കൂട്ടാൻ നേരല്ല്യബടെ!."
"എങ്ങനേങ്ങിലും അജസ്റ്റീത് പോവാൻ നോക്ക്വ രണ്ടു പേരും."
"അല്ലാണ്ട്പ്പോ നൂർത്തീല്ലിലോ!. നെന്‍റെ പോലെ ഇഷ്ടള്ളപ്പോ ഇങ്ങട് പറഞ്ഞയക്കാനും തിരിച്ചു വിളിക്കാനും അവടത്തെ പോലെ സൗകര്യല്ലിലോബടെ.".
"അതേയ് മാഷേ സമയായീട്ടാ!. പതിനഞ്ച് മിനിറ്റാ പറഞ്ഞേക്കണെ! കളിക്കാന്‍ നിക്കാണ്ട് എറങ്ങാന്‍ നോക്ക്.വേറോട്ടണ്ട്!."
സ്വർഗവാതിൽക്കൽ നീൽ ആംസ്‌ട്രോങ്ങ് വാണം കൊളുത്താന്‍ തീപ്പെട്ടിയുരച്ചു.
"ന്നാ ഞാന്‍ പോട്ടെ അച്ഛാ? മടങ്ങാന്‍ നേരായി."
"പോട്ടേന്ന് പറേര്ത് കുട്ട്യേ!. വരട്ടേന്ന് പറ്യോ!."
അമ്മ വിലക്കി.
"ശര്യമ്മേ വരട്ടെ!."
"ശരി. ന്‍റെ മോൻ ഭാഗ്യവാനാ!. തോന്നുമ്പൊക്കെ ഇങ്ങട് വരാനും പോകാനും പറ്റ്ണ്ടലോ!. ഈശ്വരാ!."
പടിപ്പുര വാതിൽ കടക്കുമ്പോൾ പിന്നിൽ നിന്നും കേട്ടു:
"ചന്നരാ......! അടുത്തവണ വരുമ്പോ മറക്കണ്ടാ ട്രിപ്റ്റനോൾ! ട്രിപ്റ്റനോള്‍!."
സ്വർഗവാതില്‍ക്കല്‍ ഒരു പക്ഷി ചിലച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ