2017 ജനുവരി 29, ഞായറാഴ്‌ച

ബുദ്ധപഥo



ബുദ്ധപഥo  

അമ്പതു വര്‍ഷം മുമ്പ് .......
അച്ഛമ്മ മരിച്ച് സഞ്ചയനകര്‍മം നടക്കുകയാണ്. വെളുപ്പിന് ചീരിയന്‍ വന്നപ്പോള്‍ മുതൽ തൊട്ടും പിടിച്ചും എടുത്തും വെച്ചും ഇഴഞ്ഞു നീങ്ങിയ ചടങ്ങാണ്. പതിനൊന്നു മണിയായിട്ടും അവസാനിച്ചിട്ടില്ല. അറുപതിനടുത്തെത്തിയ മൂത്ത മകനായ അച്ഛന് ശരീരം വിറച്ചിട്ടു നില്‍ക്കാന്‍ വയ്യാതായി. വെളുപ്പിന് ഉണര്‍ന്നതില്‍പിന്നെ ജലപാനമുണ്ടായിട്ടില്ല. നിഷിദ്ധമാണത്രേ!. എല്ലാ ചടങ്ങുകളും കഴിഞ്ഞ് അസ്ഥി നിറച്ച കുടം വരിക്കപ്ലാവിന്‍റെ ചുവട്ടില്‍ നിക്ഷേപിച്ച് കുളികഴിഞ്ഞതിനു ശേഷമേ പച്ചവെള്ളം തൊടാന്‍ പോലും ശാസ്ത്രാനുവാദമുള്ളൂ!. സാധാരണ ദിവസങ്ങളില്‍ ഈ സമയത്തിനുള്ളില്‍ പ്രാതലിനു പുറമെ നാലഞ്ചു ചായയെങ്കിലും കുടിക്കുന്ന പ്രകൃതമാണ് അച്ഛന്‍റേത്. ആ അച്ഛനാണ്.......!.

തലേ ദിവസത്തെ മഴയില്‍ ചിതയില്‍ പതിഞ്ഞമര്‍ന്ന ചാരത്തിൽ നിന്നും അത്തിമരക്കമ്പുകൾകൊണ്ട് തോണ്ടിയെടുത്ത അസ്ഥിശകലങ്ങൾ പാളത്തൊട്ടിയിലിട്ട് പാലും തൈരും എണ്ണയും വെള്ളവും കൂട്ടി ശുദ്ധം വരുത്താന്‍ തുടങ്ങിയിട്ടേയുള്ളൂ ചീരിയന്‍. ഒരു ചായ കുടിക്കണമെങ്കില്‍ ഇനിയും മണിക്കൂറുകള്‍ കഴിയണമെന്നോര്‍ത്തപ്പോള്‍ അച്ഛന് പാരവശ്യം കൂടി. ചിതക്കരികിലെ കവുങ്ങില്‍ കെട്ടിപ്പിടിച്ചുനിന്നിട്ടും ശരീരത്തിന്‍റെ വിറയല്‍ ശമിക്കാതായപ്പോള്‍ കവുങ്ങു വിട്ടു കവുങ്ങു മാറിപ്പിടിച്ച് അച്ഛന്‍ ഒരുവിധം തറവാട്ടുമുറ്റത്തെത്തി. കൈകള്‍ പിന്നിലേക്ക് കുത്തി ഇറയത്തിരുന്നുകൊണ്ട് തളര്‍ന്ന സ്വരത്തില്‍ സഹോദരിയെ വിളിച്ചു:

“കൊച്ചമ്മണ്യേ..!”

അച്ഛന്‍പെങ്ങള്‍ ഭയഭക്തിബഹുമാനങ്ങളോടെ ഓടി അടുത്തെത്തി.

“എന്തേ ഓപ്പേ?.”

“വേഗൊരു ചായേട് !.”

“അയ്യോ ഓപ്പേ.... എന്തായി പറേണേ! ഇപ്പോ പാടില്ല്യ!.”

“അതൊന്നും സാരല്ല്യാ. വേഗാട്ടെ.”

“കര്‍മ്മങ്ങള് കഴ്യാണ്ട് എങ്ങന്യാ ഓപ്പേ!?.”

“കര്‍മ്മങ്ങള് കഴ്യാന്‍ കാത്ത്ന്നാ ഇന്നന്നെ എന്നേം അമ്മടടുത്തക്ക് ഇടുക്കണ്ടി വരും. നിയ്യ് പറഞ്ഞത് കേക്ക്.”.

“ ഓപ്പേ!.”

“കിണ്ങ്ങാന്‍ നിക്കാണ്ട് പോയി ചായേടടേ!.”

തളര്‍ച്ചക്കിടയിലും അച്ഛന്‍ പൊട്ടിത്തെറിച്ചു!.

ഇരിപ്പില്‍നിന്നും ചെരിഞ്ഞ് അനന്തശയനത്തിലേക്ക് ശരീരഭാഷ പരിവര്‍ത്തിപ്പിക്കുമ്പോള്‍ രണ്ടു നേരം കുളിയും ജപവും മാസാമാസം ഗുരുവായൂര്‍ ദര്‍ശനവും മുടക്കാറില്ലാത്ത അച്ഛന്‍ സ്വയം പറഞ്ഞു:

"ശരീരം ദണ്ഡിച്ച് പിതൃകര്‍മ്മം  ചെയ്യാൻ   ഒരോലേലും എഴുതിവെ ച്ചിട്ടില്ല്യ!. ഇന്യതിന്‍റെ പേരില് നരകാച്ചാ ഞാന്‍ സഹിച്ചു!."

അപ്പുറത്ത് അടുക്കളയില്‍ തീയെരിഞ്ഞു തുടങ്ങിയിരുന്നു......

വിശ്വാസത്തിന്‍റെ കാര്യത്തില്‍ അന്ന് ആത്മീയഗുരുവായി വരിച്ചതാണ് അച്ഛനെ. അര നൂറ്റാണ്ടു കഴിഞ്ഞു. ഇന്നും മറ്റൊരാളില്ല!.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ