2017 ജനുവരി 29, ഞായറാഴ്‌ച

പൈപ്പ് ലൈന്‍ കവലയിലെ യാത്രക്കാര്‍



 പൈപ്പ് ലൈന്‍ കവലയിലെ യാത്രക്കാര്‍ 

സ്റ്റോപ്പില്‍ നിര്‍ത്തി യാത്രക്കാരെ കയറ്റുക, രാത്രികാലങ്ങളില്‍ അവരുടെ ബുദ്ധിമുട്ടുകളോര്‍ത്ത് നിയതമല്ലാത്ത സ്റ്റോപ്പുകളിലും വണ്ടി നിര്‍ത്തി സഹായിക്കുക, മാന്യമായി പെരുമാറുക തുടങ്ങി യാത്രീസൌഹൃദ ബന്ധങ്ങളില്‍ പ്രകടവും ആശാവഹവുമായ മാറ്റങ്ങള്‍ കുറച്ചു കാലമായി കെയെസ്സാര്‍ട്ടീസി ജീവനക്കാരില്‍ വന്നിട്ടുള്ളതു കണ്ടു സന്തോഷിച്ചു വരികയായിരുന്നു . അതിനിടക്ക് ഇന്നലെ എറണാകുളത്തു വെച്ചുണ്ടായ അനുഭവം അതിനു ലേശം മങ്ങലേല്‍പ്പിച്ചുവോ എന്നു സംശയം!.
വാഴക്കാലയിൽ വ്യക്തിപരമായ ഒരാവശ്യം കഴിഞ്ഞു തൃശ്ശൂര്‍ക്കു മടങ്ങുവാനുള്ള ബസ്സും കാത്ത് പൈപ് ലൈന്‍ ജങ്ക്ഷനില്‍ നില്‍ക്കുകയായിരുന്നു ഞാൻ. അര മണിക്കൂര്‍ നിന്നു കാലു കഴച്ചിട്ടും ഒരൊറ്റ ട്രാന്‍സ്പോര്‍ട്ട് ബസ്സും വന്നു കാണാത്തതില്‍ ഖിന്നരും അസ്വസ്ഥരുമായിരുന്നു സ്റ്റോപ്പില്‍ കാത്തു നിന്നിരുന്നവരെല്ലാം. തൃശ്ശൂര്‍ക്കും മലപ്പുറത്തേക്കും കോഴിക്കോട്ടേക്കും മറ്റുമായി പത്തിരുപതു യാത്രക്കാരുണ്ട്. റോഡിന് നടുവിലുള്ള ഫ്ലൈ ഓവറില്‍കൂടി കാറുകളും ചരക്കുലോറികളും ടൂറിസ്റ്റ് ബസ്സുകളും അങ്ങോട്ടും ഇങ്ങോട്ടും പോകുന്നുണ്ട്. സ്വകാര്യ പൊതുമേഖലാഭേദമന്യേ എല്ലാ യാത്രാബസ്സുകളും ഫ്ലൈ ഓവറിലെ കുറുക്കുവഴിയിലൂടെ പോകാതെ പഴയ റോഡിലൂടെതന്നെ പോകണമെന്ന കര്‍ശന നിയമം നിലവിലുണ്ടെന്നാണ് അറിവ്. കേയെസ്സാര്‍ട്ടീസിയുടെ വൈറ്റില ഹബ്ബില്‍നിന്നു വരുന്ന ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ്, ലിമിറ്റഡ് സ്റ്റോപ്പ്, ഡീലക്സ്, സൂപ്പര്‍ ഡീലക്സ് തുടങ്ങിയ സഹസ്രനാമി ബസ്സുകളെല്ലാം പൈപ്പ് ലൈന്‍ ജങ്ക്ഷനിലെ ഈ അംഗീകൃത ബസ് സ്റ്റോപ്പില്‍ നിര്‍ത്തണം. തന്ത്രപ്രധാനമായ ആ സ്ഥാനത്തോടുള്ള മമതയും വണ്ടിയെത്തിയാല്‍ കയറാന്‍ നേരത്ത് പ്രയോഗിക്കേണ്ട അഭ്യാസബലത്തിലുള്ള വിശ്വാസവും ഉള്ളിലൊതുക്കിക്കൊണ്ടാണ് ഞങ്ങള്‍ യാത്രക്കാര്‍ ഓരോരുത്തരും നില്‍ക്കുന്നത്.
പെട്ടെന്നാണ് എല്ലാവരുടേയും ദൃഷ്ടി ആകാശത്തിലേക്കുയര്‍ന്നത്!. അതാ കോഴിക്കോട്ടേക്കുള്ള ഒരു സൂപ്പര്‍ഫാസ്റ്റ് ബസ്സ് ഫ്ലൈ ഓവറിലൂടെ മന്ദം മന്ദം നീങ്ങുന്നു!. ഒന്നോ രണ്ടോ യാത്രക്കാരുടെ ഉറക്കംതൂങ്ങുന്ന തലകളൊഴിച്ചാല്‍ ബസ്സ് ശരിക്കും കാലി!. ഉദ്ദേശം അമ്പതടി അകലത്തും എഴുപത്തടി ഉയരത്തിലും മറ്റു വാഹനങ്ങളുടെ ബഹളങ്ങള്‍ക്കിടയിലുമായി ചരിക്കുന്ന ബസ്സിന്‍റെ ശ്രദ്ധയാര്‍ഷിക്കാനായി നിരാശയും രോഷവും കയറിയ ചിലര്‍ കയ്യടിച്ചും കൂക്കിവിളിച്ചും തിരുമണ്ടന്‍ ശ്രമങ്ങള്‍ നടത്തുന്നത് കണ്ട് ഞാന്‍ പതിയെ പിന്നിലേക്ക് വലിഞ്ഞു. വണ്ടി ഫ്ലൈ ഓവറിറങ്ങി അപ്രത്യക്ഷമാവുന്നതുവരെ എല്ലാവരും എന്തോ കളഞ്ഞു പോയ അണ്ണാനെപ്പോലെ അങ്ങോട്ടുതന്നെ നോക്കി നിന്നു. എല്ലാ നിരാശയും ഉള്ളിലൊതുക്കി എന്‍റെ അരികില്‍ മുണ്ടും ഷര്‍ട്ടുമായി ആസകലം ശുഭ്രവസ്ത്രം ധരിച്ചുനിന്ന ഒരു മധ്യവയസ്കന്‍ പ്രേമം എന്ന സിനിമയിലെ നായകന്‍റെ രണ്ടാമത്തെ നായികയുടെ പ്രചുരപ്രചാരം സിദ്ധിച്ച പേരിന്‍റെ ആദിരൂപം ഒന്നൊതുക്കി ഉച്ചരിച്ചുകൊണ്ട് പാതയരികിലെ മതിലിലേക്കു കാര്‍ക്കിച്ചുതുപ്പി . തൊട്ടടുത്ത് നില്‍ക്കുന്ന മാന്യദേഹം തന്‍റെ വചനാമൃതം കേട്ടുവോ, മാനക്കേടായോ എന്നൊക്കെയുള്ള സംശയമുഖത്താല്‍ എന്നെ നോക്കി വ്രീളാവിവശനായിനിന്ന അയാളോട് ഞാന്‍ ഉള്ളാലേ മൊഴിഞ്ഞു:
"തരക്കേടൊന്നൂല്ല്യ സുഹൃത്തേ, സന്തോഷമായിട്ടിരിക്കൂ!. എന്‍റെ വായില്‍ ഉരുക്കഴിയാതെ പോയ സാരസ്വതമാണ് താങ്കള്‍ മന്ത്രിച്ചത്. നന്നായി, വളരെ നന്നായി!. ദീര്‍ഘസുമന്ത്രോ ഭവ:!."

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ