ഈഗോ
നാല്പതു കിലോമീറ്ററിൽ കൂടുതൽ വേഗതയിൽ സ്കൂട്ടർ ഓടിക്കാറില്ല ചന്ദ്രൻ. ഒരു ദിവസം എട്ടു വയസ്സുകാരൻ മകനേയും കൂട്ടി അയാൾ തൃശ്ശൂർക്ക് പോവുകയായിരുന്നു. പുഴക്കൽ പാടത്തെത്തിയപ്പോൾ തൊട്ടു മുന്നിൽ മറ്റൊരാൾ ഇടവും വലവും വെട്ടിച്ച് അലസമായി സ്കൂട്ടർ ഓടിച്ചു പോകുന്നതു കണ്ടു. നാല്പതു കി.മീ. കണിശക്കാരൻ ചന്ദ്രന് അയാളെ മറി കടന്നു പോകാൻ ഭയം. മുന്നിലുള്ളവന്‍റെ കളി കണ്ടു ബോറടിച്ചിട്ടാവണം മകൻ പറഞ്ഞു:
" അയാളെ വെട്ടിക്കച്ഛാ!"
മകന്‍റെ റോൾ മോഡലാണ് അച്ഛന്‍!. ഉള്ള ഹീറോ പരിവേഷം നഷ്ടപ്പെടുത്തരുത്! വേഗത കൂട്ടി മറി കടക്കാൻ ഭയം സമ്മതിക്കുന്നുമില്ല. ചന്ദ്രൻ വിവശനായി. എന്തും വരട്ടെ എന്നു നിനച്ച് അയാളെ ഓവർ ടേക്ക് ചെയ്യുമ്പോൾ കൈ വിറക്കുന്നുണ്ടായിരുന്നു. പക്ഷെ മകന്‍റെ കയ്യടിച്ചാഹ്ളാദം നിലയ്ക്കും മുമ്പേ ഒരിരമ്പത്തോടെ അയാളുടെ സ്കൂട്ടർ അവരെ മറി കടന്നു പോയി. പോകുന്ന പോക്കിൽ അയാൾ അവരെ രൂക്ഷമായൊന്നു നോക്കുകയും ചെയ്തു.
നിരാശ പൂണ്ട മകൻ വിളിച്ചു പറഞ്ഞു:
"ഇനീം വെട്ടിക്കച്ഛാ!"
മകന്‍റെ ആരാധന നഷ്പ്പെട്ടോട്ടെ എന്നു തന്നെ അച്ഛൻ തീരുമാനിച്ചു.
" വേണ്ട മോനേ, അയാളൊരു ഭയങ്കരനാ!!"
" അയാളാരാച്ഛാ?."
മകന് ഭയം കലർന്ന ഔത്സുക്യം.
" അയാളാണ് മോനെ ഈഗോ."
" ആര്?."
" ഈഗോ ഈഗോ!."
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ