2023 ഒക്‌ടോബർ 11, ബുധനാഴ്‌ച

കേകേ

 കേകേ 


"ഡോ, താനോട്ടീട്ടീല് ഹിന്ദി സീരീസ് കാണാർണ്ടോ?"

ഫോൺ സംഭാഷണത്തിനിടയിൽ സുഹൃത്ത് ചോദിച്ചു.

"വല്ലപ്പോഴൊക്കെ. താനോ?"

"ഏതാണ്ടൊക്കെ കാണും. താൻ ബംബൈ മേരി ജാൻ കണ്ട്വോ?"

"ഉവ്വ്."

"നല്ലതല്ലേ?"

"ങ്‌ഹാ, നോട്ട് ബാഡ്."

"എനിക്കിഷ്ടായി. അതിലെ വില്ലൻ ആക്റ്റർ കലക്കീണ്ടല്ലേ?"

"ആരാ? വില്ലമ്മാര് കൊറേണ്ടലോ?"

"ഹാജി മസ്താൻ?."

"മസ്താനല്ല മഖ്ബൂൽ."

"ങ്‌ഹാ ശരിക്ക് പർഞ്ഞാ മസ്താൻ തന്നെ."

"നന്നായീണ്ട്."

"മ്മടെ മരിച്ച് പോയ എൻ.എഫ് വർഗ്ഗീസിന്റെ പോലേണ്ട് കക്ഷി."

"അത്രക്കെത്തില്ല്യ, ന്നാലും കൊള്ളാം."

"ദാവൂദ് ഇബ്രാഹിം പോര."

"ദാവൂദല്ല ദാര. ദാര കാദ്രി."

"ങ്ഹാ രണ്ടും ഒന്നന്നെ. പിന്നെ, ആ മെയിൻ ക്യാരക്റ്ററാരാ?"

"ഏത്, ഇസ്മയിൽ കാദ്രി?"

"ങ്‌ഹാ ആ പോലീസോഫീസറ്, ദാരേടെ വാപ്പ?."

"എല്ലാ സീരീസും സിനിമേം കാൺണ തനിക്ക് അയാളെ അറീല്ല്യാന്നോ!?"

"കക്ഷ്യേ കാണാറ്ണ്ട്. പക്ഷേ പേര് ശ്രദ്ധിച്ചിട്ടില്ല്യ. "

"കേകേ."

"ങ്‌ഹേ?"

"കെ.കെ. മേനോൻ."

"ഹ ഹ ഹ ഹ ഹ ഹ ഹ ഹ....! ഹയ്യൂ!!"

"എന്തേ താൻ ചിരിച്ചേ?"

"തമാശ കളയ്. ഏതാ ആക്റ്ററ്?"

"കെ.കെ. മേനോൻന്ന് പറഞ്ഞില്ലേ? കേകേന്നും അറീം."

"ഇയാള് പിന്നേം മറ്റേ...."

"താനാള് കൊള്ളാലോ! ഡോ, അയാള് ബോളിവുഡിലെ വല്ല്യേ പാർട്ട്യാണ്. കൃഷ്ണകുമാർ മേനോൻന്നാ കക്ഷീടെ മുഴൻ പേര്."

"സീരിയസ്‌ലി?"

"പിന്നല്ലാണ്ട്! അച്ഛന്വമ്മേം കോഴിക്കോട്ട്വാരാ. ജനിച്ചതും വളർന്നതും മാരാഷ്ട്രേലാ. തിയ്യറ്റർലായിരുന്നു തൊടക്കം."

"അത് ശരി!. ഇക്കറീല്ല്യാർന്നു ട്ടാ. പങ്കജ് ത്രിപാഠീടേം മനോജ് ബാജ്പായ്ടേം നവാസുദ്ദീൻ സിദ്ദിഖീടേം ഒക്കെ എടേല് കേകേ മേനോൻന്ന് കേക്കുമ്പോ;"

"ചിക്കാഗോല് കരയോഗണ്ട് ന്നൊക്കെ കേക്കണ പോലല്ലേ?"

"സത്യം!"

ഒളിച്ചോട്ടം

ഒളിച്ചോട്ടം  


ഒളിച്ചോടുവാൻ നിശ്ചയിച്ച സ്ഥലവും സമയവും പഴയ ഇഷ്ടക്കാരിയെ ഫോൺ ചെയ്ത് അറിയിക്കുവാൻ നോക്കുകയാണ് മുതിർന്ന പൌരൻ. അപ്പുറത്ത് ഫോൺ എടുക്കുന്നില്ല. ഓപ്പറേഷന്റെ സൂത്രധാരനായ ബാല്യയൌവനകാല സുഹൃത്ത് അരികിൽ നിന്ന് നിർദ്ദേശങ്ങൾ നൽകുന്നുണ്ട്. രണ്ടു തവണ വിളിച്ചിട്ടും കിട്ടാതാവുമ്പോൾ ഒരു മെസ്സേജ് അയക്കാൻ പറയുന്നു സുഹൃത്ത്, അതു ചെയ്യുന്നു. ഇത്രയുമാണ് സീൻ. സിറ്റുവേഷൻ വിവരിച്ചു തന്ന ശേഷം സംവിധായകൻ മോണിട്ടറിനു മുമ്പിൽ ചെന്നിരുന്നു. അസി. ഡയരക്റ്റർ വന്ന് ഫോൺ തുറന്ന് ഓപ്പറേഷൻ കാണിച്ചു തന്നു. അയാളുടെ മൊബെൽ ഫോൺ തന്നെയാണ് പ്രോപ്പർട്ടി.
ചവിട്ടുന്ന സൈക്കിളും മൊബൈൽ ഫോണും വേറെയാണെങ്കിൽ പൊരുത്തപ്പെടാൻ പ്രയാസമാണ്. സംവിധാന സഹായി എല്ലാം പറഞ്ഞു തന്നുവെങ്കിലും കൃത്യമായി മനസ്സിലായില്ല. അതങ്ങനെയാണ്. അത്ര പെട്ടെന്നൊന്നും സീസൺ ചെയ്തെടുക്കാനാവില്ല സപ്തതി ഉണ്ടവന്റെ തലയിലിരിപ്പ്. വർഷങ്ങൾ കഷ്ടപ്പെട്ടുണ്ടാക്കി സ്റ്റോർ ചെയ്ത വിവരങ്ങളുടെ പെൻ ഡ്രൈവ് അരണ ബുദ്ധിയിൽ ഫോർമാറ്റ് ചെയ്ത് വെടിപ്പാക്കിയിട്ട് അധിക നാളായിട്ടില്ല!

"ക്ലിയറല്ലേ സർ?"

"ഓക്കേ ക്ലിയർ "

ശ്ശെവടെ! എന്നാലും പാതി നുണയുടെ റിസ്കെടുത്തു.

"റെഡി റെഡി പൂവ്വാം"

ക്യാമറാമാൻ അക്ഷമനായി.

"റെഡി. ഓക്കേല്ലേ സാർ ?"

സംവിധായകൻ.

"ഓക്കേ."

"ഗുഡ്. റെഡി റെഡി സൈലൻസ്! സ്റ്റാർട്ട് ക്യാമറ!"

"റോളിങ്ങ്!"

"ആക്ഷൻ!"

അകത്തു നിന്ന് നടന്ന് പുറത്ത് വരാന്തയിൽ കടന്നു. മേശയിലിരുന്ന ഫോൺ എടുത്ത് ഓണാക്കി നമ്പറെടുത്തു പ്രസ്സ് ചെയ്തു. റിങ്ങ് ടോൺ. എടുക്കുന്നില്ല. അരമിനിറ്റ് കാത്തു. ഇനി കോൾ കട്ട് ചെയ്യാം. നോക്കുമ്പോൾ മൊബൈൽ സ്ക്രീൻ ബ്ളാക്ക്! തൊട്ടും തേമ്പിയും നോക്കി. രക്ഷയില്ല. പറഞ്ഞു തന്നത് മറന്നു.

"കട്ട് കട്ട്!"

സംവിധായകൻ വിളിച്ചു പറഞ്ഞു.

"എന്താ സാർ പ്രശ്നം?"

അസിസ്റ്റന്റ് ഓടിയെത്തി.

"ഞാനീ മൊബൈലിൽ

കംഫർട്ടബിളല്ല. എന്റെ മൊബൈലാക്കിക്കൂടെ?"

"ഷ്വർ സർ.! സാറിന്റെ ഫോൺ എടുക്കൂ. "

സഹൻ ഫോൺ വാങ്ങി. കാമുകിയുടെ പേരും നമ്പറും ആഡ് ചെയ്തു തന്നു. ക്ലോസ് ഷോട്ടിൽ പേര് ക്യാമറയിൽ തെളിയണം.

"ഓകെ റെഡി."

"റെഡി ക്യാമറ!"

"റോളിങ്!"

"ആക്ഷൻ!"

ഫോൺ എടുത്തു. സ്ക്രീൻ ഓപ്പണാവുന്നില്ല. വിരൽത്തുമ്പും പിന്നും ഒന്നും ഏശുന്നില്ല! പതിവില്ലാത്തതാണ്.

"കട്ട് കട്ട് കട്ട്!"

"എന്താ സാർ?"

"എന്തോ! വർക്കാവുന്നില്ല. ഡിസ്ക്കംഫർട്ട് തന്നെയാവണം."

"പ്രോപ്പർട്ടി മാറീലോ സർ, പിന്നെന്താ ഡിസ്കംഫർട്ട്!?"

"എനിക്കല്ല, മൊബൈലിന്. ആദ്യായിട്ടാണേയ്, അതിന്റൊരു...."

"ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ
ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ"


"സാറ് പൊളിയാണല്ലോ !."

" ഹ ഹ ഹേയ്, ഒക്കെ പൂവ്വാം."

"ഫോൺ ഓക്കേല്ലേ സാർ?"

"ഡബിളോക്കേ!"

"റെഡി പൂവ്വാം, സൈലൻസ്! സ്റ്റാർട്ട് ക്യാമറ!"

"റോളിങ്ങ്!"

"ആക്ഷൻ!"

രണ്ട് കോള്. ഒരു മെസ്സേജ്. ഫോൺ മേശയിൽ വെച്ച് കുട്ടുകാരനെ നോക്കി. കൂട്ടുകാരൻ തലയിളക്കി ദാറ്റ്സാൾ മുദ്ര കാട്ടി.

"കട്ട്! ഓാാാാക്കെ സാർ, സൂ......പ്പർ! അടിപൊളി! "

ഷോർട്ട് ഫിലിം ലൊക്കേഷൻ ഒരു രസം തന്നെ!

2022 ഡിസംബർ 7, ബുധനാഴ്‌ച

മായ

 മായ 

"തനിക്ക് ഷുഗറെങ്ങന്യാ?"

"നൂറ്റി നാൽപ്പത്."
" ഇക്ക് നൂറ്റത്. ചീൽസ ചെയ്യണ്ടാ?"
"ഏയ് തൊടങ്ങീട്ടില്ല്യ. വരട്ടെ."
"കണ്ട്രോളിയ്യാ?"
"എന്ത് ഷുഗറാ ഭക്ഷണാ?'
"അയ്, തമാശ കളയ്. മതിരം കഴിക്കാറ്ണ്ടാ?"
"അത്യാവശ്യം. പക്ഷേ ചായക്കില്ല്യ."
"ചോയ്ക്കട്ടെ, താനെങ്ങന്യാ മതിരല്ല്യാത്ത ചായ കുടിക്കണേഷ്ടാ?"
"എനിക്ക് കൊഴപ്പൊന്നുല്ലിലോ? ആദ്യത്തെ കൊർച്ചീസം ത്തിരി വെഷമുണ്ടാവും. പിന്നത് ശീലാവും. "
"എനിക്ക് പറ്റണില്ല്യപ്പ. തൊണ്ടേന്ന് കീപ്പോട്ടെറങ്ങില്ല്യ സാനം."
"നട്ടെന്താ താൻ ചെയ്യണ്? ചായ കഴിക്കാറില്ല്യേ?"
"പിന്നില്ല്യാണ്ട്! സ്സലായി!"
"അപ്പെങ്ങന്യാ കഴിക്ക്യാ?"
"ചായക്കുമ്പ് ഒരു ലഡു തിന്നും."
"ങ്ഹേ!"
"അതേടോ, ലഡു തിന്ന് എന്തെങ്കിലും കുടിച്ചാ മതിരം തോന്നാറില്ലിലോ. ആ സമാധാനത്തിലങ്ങട് കുടിച്ചാ സാനെറങ്ങും."
"അപ്പൊ മതിരൊക്കെ ഒരു തോന്നലാല്ലെ?"
"ദാറ്റ്സിറ്റ്! വെറും തോന്നൽ!"

ഫെയർ പ്ലേ

                                                                 ഫെയർ പ്ലേ

മോണിങ്ങ് വാക്ക് പകുതി ദൂരം പിന്നിട്ടപ്പോൾ പതിവില്ലാത്ത ക്ഷീണം തോന്നി. ഇന്നലെ ലേശം പനിച്ചിരുന്നു. അതിന്റെയാവാം. ദൂരം കുറഞ്ഞ വഴിയിലേക്ക് മാറ്റിപ്പിടിച്ചപ്പോൾ ഓർത്തു; കുറെ നാളായി ഈ വഴി ലെഫ്റ്റ് റൈറ്റ്‌ ലെഫ്റ്റടിച്ചിട്ട്. വിജനമായ പാടമാണ്. മുമ്പൊരുനാൾ പാടമദ്ധ്യത്തിൽ വെച്ചുണ്ടായ കുരുക്ഷേത്രയുദ്ധം ഓർത്തപ്പോൾ കിടുങ്ങി. പത്തിരുപതു തെരുവുനായ്ക്കളുടെ കൂർത്ത പല്ലുകളിൽ നിന്ന് ജന്മാന്തരം കൊണ്ടാണ് അന്നു രക്ഷപ്പെട്ടത്!.

ഏയ് ഇനിയതൊന്നുമുണ്ടാവില്ല. വഴിയിൽ പള്ളിയിൽ പോകുന്നവർ ധാരാളമുണ്ട്. ധൈര്യമായി പോകാം.
എന്നാലും ഒരു വിശ്വാസത്തിന് വഴിയരികിൽ വളർന്നു നിന്ന ശീമക്കൊന്നയിൽ നിന്ന്‌ വണ്ണത്തിലൊന്ന് ഒടിച്ചെടുത്ത് ഇല ഊർന്ന് നീറ്റാക്കി കുത്തികുത്തി നെഞ്ചുയർത്തി നടന്നു. ആരടാവടെ!.
പള്ളിക്കാരും പട്ടക്കാരും ഒന്നും വഴിയിലുണ്ടായില്ല. പക്ഷേ ഒരാളും കുരച്ചു വന്നില്ല. എവിടെ?. പൂർവ്വസൂരികൾ എല്ലാവരും പടത്തിലായോ?. പുതുതലമുറക്കാരൊക്കെ സബർമതിക്കാരായോ?.
പാടം അവസാനിക്കാറായപ്പോൾ സമാധാനമായി. രക്ഷപ്പെട്ടു. പാടം കഴിയുന്നിടത്തെ വേലിപ്പടർപ്പിനിടയിൽ വടി കുത്തിക്കയറ്റി. അടുത്ത തവണ നടത്തം റിവേഴ്സിലാക്കി ഇവനെത്തന്നെ ഉപയോഗിക്കാം. ഒടിച്ചിടത്ത് തന്നെ ഒളിപ്പിച്ചു വെക്കാം. നല്ല അജസ്റ്റ്മെന്റ്.
ഇരുവശത്തും ധാരാളം വീടുകളുള്ള വഴിയിലൂടെ നടക്കുമ്പോൾ ഓർത്തു; ഇനി കുഴപ്പമില്ല. ഓർത്തു മനസ്സെടുത്തില്ല കേട്ടു;
"അത് നിശ്ചയിക്കേണ്ടത് താനല്ല ഞങ്ങളാണ്."
എവിടെ നിന്നോ സംഘഗാനരൂപത്തിൽ കേട്ട അശരീരി ശരീരങ്ങളായി മുമ്പിൽ പ്രത്യക്ഷപ്പെട്ടത് നിമിഷങ്ങൾക്കകമായിരുന്നു. കാത്തിരിക്കുകയായിരുന്നെന്നു തോന്നി. അഞ്ചാറു പേരുണ്ട്. അധികം ആലോചിച്ചില്ല. കഴിഞ്ഞ തവണത്തെപ്പോലെ എതിർത്ത് നിന്ന് ഭാഗ്യം പരീക്ഷിക്കണ്ട. പിൻമാറ്റവും ഒരു യുദ്ധമുറയാണ്.
നൊടിയിടയിൽ തൊട്ടടുത്ത് കണ്ട ഗേറ്റിന്റെ കുറ്റി മാറ്റി അകത്തു കടന്ന് കുറ്റിയിട്ടു. അവർ അഞ്ചാറല്ല പത്തുപേരുണ്ടെന്ന് കൃത്യമായി എണ്ണുവാൻ തക്ക സുരക്ഷിതത്വമായിരുന്നു ഗേറ്റിനുള്ളിൽ. മാർച്ചുമായി വന്ന പ്രതിഷേധ സമരക്കാർ പോലീസ് ബാരിക്കേഡിനപ്പുറത്തെന്ന പോലെ നാലഞ്ചു നിമിഷം ഭൌണ്ട്രം മുഴക്കി ഗേറ്റ് കുലുക്കിയ ശേഷം ദേഹപുഷ്ടിയുള്ള മറ്റൊരു ഉരുപ്പടിയിൽ പ്രതീക്ഷയർപ്പിച്ചായിരിക്കണം പാടത്തേക്ക് ചിട്ടയോടെ അടിവെച്ചടിവെച്ച് സംഘം നീങ്ങി. ഇടക്ക് നേതാവാണെന്നു തോന്നുന്നു ഒരാൾ തിരിഞ്ഞുനിന്ന് എന്നെ നോക്കി വലം കയ്യുയർത്തി എന്തോ കാണിക്കുന്നതു കണ്ടു. ശ്വാനഹസ്തമുദ്രയുടെ അർത്ഥം ഇഴപിരിച്ചെടുത്തത് വളരെ വൈകിയായിരുന്നു. മറ്റൊന്നുമായിരുന്നില്ല; കുറ്റിയിട്ട ഗേറ്റ് തുറന്ന് അകത്തു കടന്നതിലെ വേഗതക്കും കൃതഹസ്തതയ്ക്കുള്ള തംസപ്പായിരുന്നു അത്!.
അതെ, അദ്ദാണ് റിയൽ സ്പോർട്സ്മാൻ സ്പിരിറ്റ്!.

കരുതൽ

കരുതൽ 


മരിക്കുന്നതിന് ആറു വർഷം മുമ്പ് അതായത് എൺപത്തിയാറാം വയസ്സിൽ ഒരു ദിവസം അമ്മ ഒന്നു വീണു. വിഷുത്തലേന്ന് കുട്ടികൾ ലാത്തിരി പൂത്തിരി കമ്പിപ്പൂത്തിരി കത്തിക്കുന്നത് കാണാൻ മുറ്റത്ത് മണ്ണിൽ കസേരയിട്ടിരിക്കയായിരുന്നു. ഇടയ്ക്ക് ചന്തി മരവിപ്പും ബോറടിയുമായപ്പോൾ അമ്മ കസേരയിൽ നിന്ന് എഴുന്നേറ്റു:
"മതി. കൊറേരായില്ല്യേ?."
പറഞ്ഞതും അമ്മ കാലിടറി നിലത്ത് വീണു. ഞങ്ങളെല്ലാം ഓടിച്ചെന്ന് അമ്മയെ പിടിച്ച് എഴുന്നേൽപ്പിച്ചു. പ്രാഥമിക പരിശോധനയൊക്കെ നടത്തി ഞാൻ ചോദിച്ചു:
"അമ്മക്ക് വെഷമൊന്നൂല്ലിലോ?"
"ഒന്നൂല്ല്യ, ജമ്മാന്തരം!"
അന്തിച്ചു നോക്കി നിന്ന കുട്ടികളെ നോക്കി അമ്മ വിഷയം ക്ലോസ് ചെയ്തു.
"മക്കള് പടക്കം പൊട്ടിച്ചോളോ അച്ഛമ്മക്കൊന്നൂല്ല്യാ ട്ടാ."
സമാധാനമായതപ്പോഴാണ്.
ഈ പ്രായത്തിലൊക്കെ ഉണ്ടായിക്കേട്ടിട്ടുള്ള വീഴ്ചകളുടേയും തുടർ യാതനകളുടേയും കഥകൾ എറെയുണ്ടായിരുന്നു മനസ്സിൽ.
കൈ പിടിച്ച് മുറിയിൽ കൊണ്ടുപോകുന്നതിനിടയിൽ അമ്മ പറഞ്ഞു:
"അതേയ് ഞാൻ വീണ കാര്യം പൊറത്താരോടും മിണ്ടണ്ട ട്ടാ!. നാണക്കേട്!"
"എന്ത് നാണക്കേട്?"
എനിക്കതിശയമായി!.
നാണക്കേടെന്തെന്ന് മനസ്സിലായത് അമ്മയുടെ വിശദീകരണത്തിലാണ്:
"തൊണ്ണൂറട്ത്ത തള്ളയ്ക്ക് വീണിട്ടൊന്നും പറ്റീല്ല്യാന്ന് വിചാരിക്കില്ല്യേ ആൾക്കാര്!"
:
:
:
ഇന്നലെ പ്രഭാതസവാരിക്കിടയിൽ അമ്മയുടെ മകനും ഒന്നു വീണു. പൈപ്പിടുന്നതിനു വാട്ടർ അതോറിട്ടിക്കാര് മാന്തി പുറത്തിട്ട മണ്ണ് മിനിഞ്ഞാന്ന് രാത്രി പെയ്ത മഴയിൽ റോഡിൽ ഒഴുകി പരന്നിരുന്നു. അതിൽ വലംകാൽ എടുത്തുവെച്ചത് കൃത്യമായി ഓർക്കുന്നുണ്ട്. കോഴിനെയ്യും ഗ്രീസും റെഡ് ഓക്സൈഡും പാകത്തിനു ചേർത്ത് നന്നായി കൂട്ടിക്കുഴച്ചതായിരിക്കണം ഘൃതരൂപത്തിൽ കിടന്ന ചെമ്മണ്ണിൽ വെച്ച കാൽ വഴുക്കി വീണതാണ് എന്നറിയാൻ ഒരു മിനിറ്റെടുത്തു. എണീറ്റു നോക്കിയപ്പോൾ ദേഹസമാധാനനില തൃപ്തികരം. പക്ഷേ നടപ്പ് പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു. പാൻസും ടീഷർട്ടും ഹോളണ്ടിന്റെ ജേഴ്സി പരുവമായിരുന്നു.
തിരിഞ്ഞു നടക്കുമ്പോൾ നിരാശയായി; കണ്ടതാരോടും മിണ്ടണ്ട എന്നു ചട്ടംകെട്ടാൻ സംഭവസ്ഥലത്ത് ഞാനല്ലാതെ മറ്റൊരാളില്ലായിരുന്നു!
Janaki Devi Kunnambath, Rajam Nair and 242 others
91 comments
Like
Comment
Share