2018 നവംബർ 7, ബുധനാഴ്‌ച

വകതിരിവ്

വകതിരിവ്



അതിരാവിലെയുള്ള ഏറണാകുളം യാത്രകൾക്കൊക്കെ ഓപ്‌ഷൻ ബി ബസ്സാണ് പൊതുവെ തെരഞ്ഞെടുക്കാറ്. വെളുപ്പിന് ട്രാഫിക്ക് കുറവായതുകൊണ്ട് വണ്ടിക്കു നല്ല വേഗതയുണ്ടാവും. കണ്ടാൽ ലുക്കില്ലെങ്കിലും പതിഞ്ഞമർന്നു പറക്കുന്ന തമിഴ്‌നാട് ബസ്സുകളുണ്ടാവും ട്രാൻസ്‌പോർട്ട് സ്റ്റേഷനിൽ. ഇഷ്ടംപോലെ സീറ്റും. ആറു മണിക്ക് കയറിയിരുന്നാൽ പുതുക്കാട്, ചാലക്കുടി, അങ്കമാലി സ്റ്റേഷനുകളില്‍ പ്രദക്ഷിണവും തേങ്ങയുടക്കലും ഒന്നുമില്ലാതെ ഏഴേകാലിന് നേരെ കച്ചേരിപ്പടി. നേരും നെറിയുമില്ലാത്ത തീവണ്ടിയാണെങ്കിൽ ഇതൊക്കെ വെറും സ്വപ്നം.
അത്ര നേരത്തെ എത്തേണ്ട ആവശ്യമില്ലാതിരുന്നതുകൊണ്ട് ഇത്തവണ തീവണ്ടി തന്നെ ആവാമെന്നു വെച്ചു. ലേശം വൈകിയാലും കുഴപ്പമില്ല. ഒരു മാറ്റം എപ്പോഴും രസകരമാണല്ലോ. ഏഴു മണിയുടെ ചെന്നൈ - ആലപ്പി, എട്ടേമുക്കാലിന് എറണാകുളം സൗത്ത്, ഒമ്പതരയ്ക്ക് ഡബ്ബിങ്ങ് സ്റ്റുഡിയോ അതായിരുന്നു പദ്ധതി. തൃശ്ശൂർ സ്റ്റേഷനിൽ എത്തിയപ്പോൾ വണ്ടി എൻക്വയറി കൗണ്ടറിലെ ബോർഡിൽ കൃത്യസമയത്ത് വന്നു നിൽപ്പുണ്ട്. ടിക്കറ്റ് കൗണ്ടറിൽ ഗുമസ്തന്മാർ ഇരുന്നു ഈച്ചയാട്ടുന്ന അപൂർവമായ കാഴ്ച!. ആദ്യത്തെ കൗണ്ടറിൽ ചെന്ന് പണദ്വാരത്തിലൂടെ ഇരുനൂറു രൂപയുടെ കയ്യിട്ടുകൊണ്ടു പറഞ്ഞു:
"ഒരെർണാളം സൗത്ത്. "
"ഏതാ?."
"ച്ചാൽ?."
"അല്ല; പാസഞ്ചറോ എസ്പ്രസ്സോ?."
"ഓ ഓക്കേ. ചെന്നൈ - ആലപ്പി. സ്ലീപ്പർ ക്‌ളാസ്."
നൂറ്റിയഞ്ചു രൂപയുടെ ടിക്കറ്റും ഇരുനൂറിൻ്റെ ബാക്കിയുമായി പ്ലാറ്റ് ഫോമിൽ കടന്നതും സൂപ്പർ ഫാസ്റ്റ് കൃതചക്രനായി വന്നു നിശ്ചലനായതും ഒപ്പം. മുന്നിൽ കണ്ട ബോഗിയിൽതന്നെ കയറി. നാലഞ്ച് ആളുകൾ മാത്രമായി ഒഴിഞ്ഞ കമ്പാർട്ട്മെന്റ്. പോരുമ്പോൾ ഒരു പന്തെടുക്കാഞ്ഞതിൽ നഷ്ടബോധം തോന്നി.
വണ്ടി ഇരിഞ്ഞാലക്കുട എത്തിയപ്പോൾ ടിക്കറ്റ് എക്‌സാമിനർ വന്നു. ഇതെന്താ ഇന്നെല്ലാം പതിവിന്‌ വിപരീതമാണല്ലോ?. തിരക്കില്ലാത്ത ടിക്കറ്റു കൗണ്ടർ, മനുഷ്യഗന്ധമില്ലാത്ത കമ്പാർട്ട്മെന്റ്. ഇന്നേവരെ കണ്ടിട്ടില്ലാത്ത ടിക്കറ്റ് പരിശോധന. എന്നോടൊപ്പം കയറി മുന്നിലിരുന്ന മധ്യവയസ്സു തോന്നിച്ച ഒരാളിൽ നിന്നും ടിക്കറ്റും ഐഡി കാർഡും വാങ്ങി പരിശോധിക്കുന്നത് കണ്ടപ്പോൾ സംശയമായി. ഇതെന്തിനാണ് ഐഡി പരിശോധന?.
പരിശോധകൻ എനിക്ക് നേരേ തിരിഞ്ഞു . ഞാൻ ടിക്കറ്റെടുത്തു നീട്ടി. അദ്ദേഹം അത് തിരിച്ചും മറിച്ചും നോക്കികൊണ്ട് നിന്നപ്പോൾ ഞാൻ പറഞ്ഞു:
"സർ ഐഡിയില്ല."
"ഇറ്റ്‌സോൾ റൈറ്റ്."
അത്രയും പറഞ്ഞു ടിക്കറ്റ് മടക്കിയേൽപ്പിച്ച് എന്നെ നോക്കിയൊരു പുഞ്ചിരിയും പാസ്സാക്കി കോട്ടിട്ടയാൾ കടന്നു പോയി.
സംശയം പൂർണമായും വിട്ടു മാറാത്ത മനസ്സുമായി ഇരുന്നപ്പോൾ എതിരെയിരുന്നയാൾ ചോദിച്ചു.
"സാർ ടിക്കറ്റിനു ഫുൾ ചാർജ് കൊടുത്തോ?. അല്ല; ഐഡി ചോദിച്ചു കണ്ടില്ല അതോണ്ട് ചോദിച്ചതാ."
"ഫുൾ ചാർജ് കൊടുത്തൂലോ?."
"എത്ര രൂപ കൊടുത്തു?."
"നൂറ്റിയഞ്ച്."
"എവടക്കാ ടിക്കറ്റ്?."
"സൗത്തിൽക്ക് ?."
"ങ്ഹാ അപ്പോ കൺസഷൻ തന്നെ. "
"ഏത് സീനിയർ സിറ്റിസണോ?."
"അതേ. ആക്ച്വൽ ചാർജ് നൂറ്റി എഴുപതാ."
"പക്ഷെ ഞാൻ കൺസഷൻ ചോദിച്ചിരുന്നില്ലല്ലോ!"
"ഹ ഹ സാറിനെ കണ്ടു തന്നതാവും."
ടിക്കറ്റ് സൂക്ഷ്മ പരിശോധന നടത്തിയപ്പോൾ അയാൾ പറഞ്ഞത് ശരി തന്നെ. വ്യക്തമായി മുദ്രണം ചെയ്തിരിക്കുന്നു SRCTZN .
ഞാൻ അത്ഭുതപ്പെട്ടു. ആവശ്യപ്പെട്ടില്ലെങ്കിലും സീനിയർ സിറ്റിസൺ കൺസഷൻ തന്നിരിക്കുന്നു ഉദാരമതിയായ ചീട്ടാളൻ. ആളെ കണ്ടു മുതിർന്ന പൗരത്വം തീരുമാനിക്കാനുള്ള ഭാരതീയ റേൽ ഗുമസ്തൻ്റെയും പരിശോധകൻ്റെയും കഴിവിൽ മതിപ്പുതോന്നി. എങ്കിലും ഒരു സൂചന പോലും നൽകാതെ കൺസഷൻ ടിക്കറ്റ് തന്ന് ഐഡിയില്ലാതെ ഫൈനടച്ചു നാണം കെടേണ്ടി വരുമായിരുന്ന സാദ്ധ്യതാസാഹചര്യം സൃഷ്‌ടിച്ച കൗണ്ടർ ക്ലർക്കിൻ്റെ മണ്ടയ്ക്ക് മനസാ ഒന്നു കിഴുക്കാതിരിക്കാനും കഴിഞ്ഞില്ല ലോകവിവരമില്ലാത്തവന്!.

പ്രണയഭീരു





                                                    പ്രണയഭീരു

ഒരു വൃശ്ചികമാസം.

സുഹൃത്തിന്‍റെ വീട്ടുമുറ്റത്തെ വിളക്കുപന്തലില്‍ അയ്യപ്പൻ പാട്ട്. പാടാനറിയില്ലെങ്കിലും കേളികേട്ട പാട്ടുകാർക്കൊപ്പം ഉടുക്കിൽ കരുതലോടെ താളമിട്ടിരിക്കുമ്പോൾ സുഹൃത്ത് പിന്നിൽനിന്ന് തട്ടി വിളിച്ചു .
"വാ!."
യോഗ്യന്മാര്‍ക്കൊപ്പമിരുന്നു കൊട്ടാൻ കിട്ടിയ അവസരം കൈവിട്ടു പോവുന്നതിലുള്ള നീരസത്തോടെ ചോദിച്ചു:
“എന്തേ?.”
“നിയ്യ് വാടാ, കാര്യണ്ട്‌.”
ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി അടക്കിയ സ്വരത്തില്‍ സുഹൃത്ത് പറഞ്ഞു:
“മോളില് എന്‍റെ മുറീല്‍ക്ക് ചെല്ല്!. കാത്തിരിക്ക്ണ്ട്!.”
“ആര്?.”
“നിന്റമ്മ!. ഡാ ശവീ അവള്. നെന്‍റെ മറ്റോള്!.”
നെഞ്ചില്‍ ഒരായിരം ഉടുക്കുകള്‍‍ ചെമ്പട കൊട്ടി.
“അയ്യോ ഡാ!.”
“എന്തേ?. ചെല്ല്. അന്യേത്തി ഏർപ്പാടാക്കീതാ. ഞാൻ പറഞ്ഞ്!.”
സുഹൃത്തിന്റെ മുഖത്ത് വിജയീ ഭാവം.
“ആര് നിന്‍റെ അനീത്ത്യാ?.”
“പിന്നെ നെനക്ക് എത്രന്യേത്തീണ്ട്!.”
“നശിപ്പിച്ചു!. നിയ്യെന്തൂട്ട്...;”
“ വല്ല്യേ വര്‍ത്താനൊന്നും പറേണ്ടാ!. നീ വേം വീടിന്‍റെ പിന്നിലെ കോണി കേറി ചെല്ല്!.”
“ഏയ്‌!. അതൊന്നും വേണ്ട്രാ.”
“വേണ്ടാന്നാ?. എത്ര പണീട്ത്ത്ട്ടാ സംഗതി ഒപ്പിച്ചേന്നറ്യോ!. വൈകിട്ട് എഴുന്നളിപ്പിന് താലം പിടിച്ച് നിക്കുമ്പഴാ അന്യേത്തി പറഞ്ഞൊപ്പിച്ചത്.”
“ശര്യാവില്ല്യ; വല്ലോരും കാണും!.”
“ആരും കാണില്ല്യ. നിയ്യെന്തിനാ പേടിക്കണേ?. അവള്‍ക്കൊരു പേടീണ്ടായില്ലിലോ!.”
“ന്നാലും.”
“കളിക്കാന്‍ നിക്കാണ്ട് ചെല്ലടാ പോത്തേ!. ഇന്യൊരവസരം കിട്ടില്ല്യ. പറയാള്ളതൊക്കെ പറഞ്ഞ് അഷ്ടബന്ധട്ടൊറപ്പിക്ക്. പിന്നൊരു കാര്യണ്ട്‌; പരമാവധി ഉമ്മയിലൊതുക്കണം!.”
“ഏയ് അയ്യേ!. ഇപ്പ വേണ്ടടാ. പിന്ന്യാവാം!. എന്തോ എനിക്കൊരു...”
“ഫ! തെണ്ടി!. നെനക്കൊന്നും പറഞ്ഞിട്ട്ള്ളതല്ലട പ്രേമം. ഒരു കാമുകന്‍ വന്നേക്കണു!. സമയം കളയാണ്ട് വീട്ടീപ്പോയി അമ്മേടെ മടീല് കെടന്നൊറങ്ങട കഴുതേ!. ബാക്കീള്ളോരെക്കൂടി വഷളാക്കാന്‍!.”

ഫൈനല്‍ ഡോസ്



ഫൈനല്‍ ഡോസ്


കോളിംഗ് ബെല്ലടിച്ചപ്പോള്‍ ഡോക്ടര്‍ വാതില്‍ തുറന്നു.
"ങ്ങ്ഹാ ബാലന്ദ്രൻ വര്വോ."

കസേരയിലിരുന്ന് രോഗീപീഠം ചൂണ്ടി അദ്ദേഹം പറഞ്ഞു
"ഇരിക്ക്വോ. എന്താസുഖം?."
"എനിക്കല്ല സര്‍‍."
"ഓ അച്ഛനാവും ല്ലേ?."
"അതെ."
"തോന്നി. അച്ഛന് പെന്‍ഷന്‍ കിട്ടീണ്ടാവും ല്ലേ?."
"അതെ."
"പെന്‍ഷന്‍ കിട്ട്യാ അച്ഛന് അസുഖം പതിവണലോ. പെൻഷൻ കിട്ട്യാ നാരേണന്‍ നായര്‍ക്കും മക്കളുടെ മണ്യോര്‍ഡറ് വന്നാ രാമക്കുറുപ്പിനും കൃത്യായിട്ടസുഖം വരും പൊറനാട്രേല്. ഇത്തവണെന്താ വിശേഷം?."
"നെഞ്ചുവേദന."
"എന്താ അച്ഛന്‍റെ ഡയഗ്നോസിസ്?."
"അറ്റാക്ക്."
"അപ്പോ അള്‍സറ് വിട്ടു ല്ലേ?."
"അതെ."
"ഇനീപ്പെന്താ ഞാന്‍ വേണ്ട്?."
"ഗുളിക."
"ഗുളിക മാറ്റി എഴുതണം ല്ലേ?. കഴിഞ്ഞ തവണ എഴുതീത് കഴിഞ്ഞ്വോ?."
"മുക്കാലും ബാക്ക്യാണ് സര്‍."
"അതെന്തേ?."
"ഡോക്ടറെന്നെ പറ്റിച്ചു. ഗുളിക വിറ്റാമിനാ. മൂത്രത്തിന് മഞ്ഞനെറണ്ട്, ചൂരൂണ്ട് ന്നൊക്ക്യാ ഇപ്പ പറേണത്."
"ഈശ്വരാ!. കണ്ട്വോ!. അപ്പ അതും കണ്ടു പിടിച്ചു!. അച്ഛനെ തൃപ്തിപ്പെട്ത്താൻ ബീ കോംപ്ലക്‌സ് മനപ്പൂര്‍വ്വം എഴുതീതാ ഞാന്‍. ബാലന്ദ്രാ അച്ഛന് ദൈവം സഹായിച്ചിട്ട് ഒരസുഖോല്ല്യ. വയസ്സായാ എല്ലാരടേം സിസ്റ്റംസൊക്കെ ഒന്നു വീക്കാവും. അതൊക്ക്യന്നെ അച്ഛനൂള്ളു. ബാക്ക്യൊക്കെ അച്ഛന്‍റെ തോന്നലാ."
"ഞാനെന്താ ചെയ്യ്വാ സാറെ!. അച്ഛനൊരു രോഗോല്ല്യാന്ന് ഇക്ക്വറ്യാം. പറഞ്ഞിട്ട് ഒരു കാര്യോല്ല്യ. സാമോം ദാനോം ഭേദോം ഒക്കെ നോക്കി. ങ്ങനെ പോയാ ഇക്ക് പ്രാന്താവും."
"നാലാമതൊരെണ്ണം ബാക്കീല്ല്യേ?."
"എന്ത്?."
"ദണ്ഡം?."
"അയ്യോ!."
"പേടിക്കണ്ട; ദേഹോപദ്രവല്ല; മൈല്‍ഡായിട്ട് ഒന്ന് ശാസിക്ക്വ. അത്രേ വേണ്ടൂ. "
"ഔ ശാസിക്ക്യേ!."
"എന്താ ശാസിച്ചാല്?."
"അച്ഛനല്ലേ!."
"അച്ഛനാച്ചിട്ട്?."
"ഡോക്ട്ടറേ!."
"അതേയ് ബാലന്ദ്രാ, അച്ഛനിത് രണ്ടാം ബാല്യാ. അതിന്‍റെ കുറുമ്പാ. കുറുമ്പ് കാട്ടുമ്പോ കുട്ട്യോളെ മ്മള് ചീത്ത പറ്യാറില്ല്യെ?. "
"ന്നാലും."
"സഹിക്കാൻ പറ്റാണ്ടാവുമ്പോ സമസ്താപരാധം പൊറുക്കണേന്ന് ഈശ്വരന്യങ്ങട് മനസ്സില് ധ്യാനിച്ചിട്ട് സ്നേഹത്തോടെ നാല് ചീത്ത പറയാ. ചെലപ്പോ സമാധാനം കിട്ടീന്ന് വരും. തമാശ്യായിട്ട് കൂട്ടണ്ട; പരീക്ഷിച്ചു നോക്ക്വോ."
:
:
:
ചികിത്സ കൃത്യമായിരുന്നു. രണ്ടു മൂന്ന് ഡോസ് പൂര്‍ത്തിയായപ്പോള്‍ അച്ഛന് നല്ല സമാധാനം കിട്ടി.
“മോനും മോള്‍ക്കും അച്ഛന്‍ നല്ല വെഷമണ്ടാക്കി ല്ലേ. ഈശ്വരാ..!.”
മരിക്കുന്നതിനു കുറച്ചു നാള്‍ മുമ്പ് അച്ഛൻ പറഞ്ഞിരുന്നു.
ഒരു രോഗവുമില്ലാതെ അച്ഛന്‍ അനായാസമരണം കൈവരിച്ചിട്ട് കാല്‍ നൂറ്റാണ്ട് കഴിഞ്ഞു. പക്ഷേ ഡോക്റ്റര്‍ അവസാനം കുറിച്ചുതന്ന മരുന്നോര്‍മ്മയുടെ വിങ്ങല്‍ ഇന്നും മനസ്സില്‍ തങ്ങി നില്‍ക്കുന്നു.
നല്ല പാഠമല്ല പറഞ്ഞതെന്നറിയാം. 
പക്ഷേ ചിലതൊക്കെ അങ്ങിനെയാണ്. വിറ്റാമിന്‍ ഗുളികകളും ചതുരുപായങ്ങളും നമ്മളേയും കാത്തിരിക്കുന്നുണ്ടാവാം.
ഒന്നും നമ്മുടെ വരുതിയിലല്ലല്ലോ..

2018 ഒക്‌ടോബർ 13, ശനിയാഴ്‌ച

കൊലവെറി

കൊലവെറി


നല്ല ഊക്കന്‍ പാളയങ്കോടന്‍ കുലയായിരുന്നു. കടയും തലയും നീക്കിയാല്‍തന്നെ മൂന്നടിയോളം നീളം. കുറഞ്ഞത് ഇരുനൂറു തുടമുള്ള കായകള്‍. വിളവെടുപ്പ് പക്ഷേ സുകരമായിരുന്നില്ല. കായ ഉന്നതകുലനാണ്. അസാധാരണ ഉയരമുള്ള വാഴയില്‍ മൂത്തു മിനുങ്ങി നില്‍ക്കുന്നു. ചുറ്റിലും തെങ്ങടിച്ചാല്‍ പന വീഴുന്ന മട്ടിലുള്ള ദീര്‍ഘകായന്മാര്‍ നാലഞ്ചെണ്ണം വേറെയുമുണ്ട്. ന്യൂജെന്‍ വാഴകളൊക്കെ ബുര്‍ജ് കലീഫയുടെ തറവാട്ടുകാര്‍.
ആസൂത്രിതമായായിരുന്നു ഓപ്പറേഷന്‍. കഴുത്തു വെട്ടി തല കുമ്പിടീച്ച് കുല വെട്ടണം. കെല്‍പ്പിനൊപ്പം ഏനവും അനുഭവസമ്പത്തും ആവശ്യപ്പെടുന്ന പണിയാണ്. താങ്ങാന്‍ രണ്ടാളെ ചട്ടം കെട്ടി പതിനഞ്ചടിയോളം പൊക്കമുള്ള വാഴയുടെ പത്തടിക്ക് മുകളിലുള്ള അടിക്കഴുത്തില്‍ വെട്ടി മെല്ലെ ചായ്ച്ച് കുല അറുത്തെടുക്കണം. ഭാര്യയും വീട്ടുജോലിക്കാരിയും അരുംകൊലയ്ക്ക് കൂട്ടിനുണ്ട്.
പ്രവര്‍ത്തിപരിചയം കമ്മിയാണെങ്കിലും അഹന്തക്ക് കുറവില്ലാതിരുന്നവന്‍റെ അഞ്ചടി പതിനൊന്നിഞ്ച്‌ ഉയരത്തില്‍നിന്നുയര്‍ന്ന രണ്ടടി നീളമുള്ള വീശുവാള്‍ ചെന്ന്‍ വീണത്‌ കൃത്യം പത്തടിയില്‍. പക്ഷേ ഉന്നതകുലൻ അചഞ്ചലന്‍.

“ഒരു വെട്ടുംകൂടി വെട്ട്വോ!.”

പണിക്കാരിയുടെ ആഹ്വാനം.
ഒന്നുകൂടി കൊടുത്തു. അതേറ്റു. പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി കാണിക്കുന്ന അവധാനതയോടെ വാഴ താഴേക്ക് ചെരിഞ്ഞു ചെരിഞ്ഞു കുനിഞ്ഞു നിന്നു. തിങ്ങിക്കൂടിനിന്ന കട്ടിയുള്ള ഇലകള്‍ അരിഞ്ഞ് വെട്ടിയെടുക്കാന്‍ നോക്കിയപ്പോള്‍ കുലയെവിടെ?.


“അയ്‌ ദെന്താപ്പദ്, കൊലെവടെപ്പോയ്!.”

വേലക്കാരി അന്തംവിട്ടു നിന്നു.
ചതി മനസ്സിലാക്കാന്‍ ഒരു നിമിഷമെടുത്തു; ഭാര്യയുടെ കഷ്ടം വെപ്പ് കാണുന്നതു വരെ.


“അസ്സലായി. വാഴ മാറി വെട്ടീ!.”

നോക്കിയപ്പോള്‍ ശരിയാണ്; സന്താനഭാഗ്യമില്ലാതെ മുന്നേ ഗമിച്ചവളുടെ ജീവജലം ഇറ്റ് വീഴുന്ന വാള്‍ത്തലപ്പിനേയും ആള് മാറി വെട്ടിയവന്‍റെ ജാള്യതയേയും മാറി മാറി നോക്കി ഉറഞ്ഞു ചിരിക്കുന്ന കുലവാഴ!.

“ അല്ലാ എന്തൂട്ട് പണ്യാ ഈ കാട്ട്യേ!. കഷ്ടം!.”

“അദ്ദന്നെ!.”

“അപ്പ വെട്ടുമ്പൊ നിങ്ങള്‍ടെ രണ്ടാള്‍ടെ മോത്തും കണ്ണ്ണ്ടാര്‍ന്നില്ല്യെ!.”

ഒറ്റ വീശിന് കഴുത്തറുത്ത് കുല വെട്ടി പിണ്ടി രണ്ടും പിളര്‍ന്ന് ഉണ്ണികളെ പുറത്തെടുത്ത് തുണ്ടം തുണ്ടമാക്കി ഫ്രിജ്ജില്‍ കയറ്റിയിട്ടേ കലിയടങ്ങിയുള്ളു!.

2018 ജൂലൈ 17, ചൊവ്വാഴ്ച

രാഷ്ട്രമീമാംസ



രാഷ്ട്രമീമാംസ


അച്ഛാ, ഈ   പൊളിറ്റിക്സ് ന്ന് പറഞ്ഞാ എന്താ ?."

രാത്രി കിടക്കുന്നതിനു മുമ്പ് കൊച്ചുമകൻ വന്നു ചോദിച്ചതു കേട്ടപ്പോൾ  കുട്ടിയുടെ അനേഷണത്വരയിൽ അച്ഛന് അഭിമാനം തോന്നി. വളരെ ഉത്സാഹത്തോടെ അയാൾ വിഷയത്തിൽ കയറി.

"നല്ല ചോദ്യം. പൊളിറ്റിക്സെന്താന്ന്  അച്ഛൻ എളുപ്പത്തില്  മോന്  പറഞ്ഞരാം. അച്ഛൻ ചില ചോദ്യങ്ങള്  മോനോട്  ചോദിക്കും. മോൻ ഉത്തരം പറയൂലോ ?."

"പറയാം."

"ശരി,  മ്മടെ വീട്ടില്  ആരൊക്കേണ്ട്?."

"അച്ഛൻ, അമ്മ, ഞാൻ, കുഞ്ഞുവാവ , വേലക്കാരി."

"ഗുഡ്. വീട് പുലർത്താള്ള  കാശ്  ആരാണ്ടാക്കണേ ?."

"അച്ഛൻ."

"വെരി ഗുഡ്. അപ്പൊ അച്ഛനെ മുതലാളിത്തം എന്ന് പറയാം. ഓക്കേ?."

"ഓക്കേ. അച്ഛൻ മുതലാളിത്തം."

"ശരി . വീട് നടത്തിക്കൊണ്ടു പോണതാരാ ?."

"അമ്മ."

"എക്സലന്റ്!. അമ്മയാണ് ഗൃഹഭരണം. അപ്പൊ അമ്മ  ഗവൺമെൻറ്."

" അച്ഛനും അമ്മയും കൂടീട്ട് മോൻ്റെ   കാര്യങ്ങൾ നോക്കുന്നു അല്ലേ?."

"അതെ."

"യെസ്. അപ്പൊ മോനാണ്  ജനം മനസ്സിലായാ?."

"ഉവ്വ്. "

"നൈസ്. ഇനി മോൻ  പറയൂ ഈ വീട്ടിലെ പണികളെല്ലാം ആരാ എടുക്കണേ?"

"വേലക്കാരി."

"വേലക്കാരി, ഓക്കെ. അപ്പോ  വേലക്കാരിയെ നമുക്ക് അദ്ധ്വാനിക്കുന്ന വർഗം  ഏന്ന്  വിളിക്കാം അല്ലെ?."

"ഉം."

"പിന്നെ മ്മടെ വീട്ടില് ഒരാളുംകൂടീല്ല്യേ?"

"ഉവ്വ്. കുഞ്ഞുവാവ."

"അതന്നേ!. മോൻ്റെ  കുഞ്ഞനിയൻ. അവനാണ് ഭാവി. എന്താന്ന്?."

"ഭാവി."

"യെസ്. ഇത്രേം  മോന്  മനസ്സിലായില്യേ. ഇനി ഇത്രേം വെച്ചിട്ട് മോൻ തന്നെ  പൊളിറ്റിക്സ്  എന്താന്ന്  മനസ്സിലാക്കണം ഓക്കേ?"

"ഓക്കേ അച്ഛാ."

"ശരി. ഇനി മോൻ  പോയി കിടന്നോളൂ . ഗുഡ്നൈറ്റ്!."

"ഗുഡ്നൈറ്റ് അച്ഛാ!."

പക്ഷെ കുട്ടിക്ക് കിടക്കയിൽ കിടന്നിട്ട്  ഉറക്കം വന്നില്ല. അച്ഛൻ പറഞ്ഞതിനെക്കുറിച്ച് ആലോച്ചനോടാലോചന തന്നെ .  ഇടക്ക് കുഞ്ഞുവാവ കരയുന്നതു കേട്ടപ്പോൾ മുറിയിലേക്ക് ഓടിച്ചെന്നു . ഡൈപറിൽ നിറയെ അപ്പിയിട്ട് മൂത്രമൊഴിച്ചു അഴുകിയിരിക്കുന്നു. കുട്ടി അമ്മയുടെ മുറിയിലേക്കോടി.  അമ്മ നല്ല ഉറക്കം. വിളിച്ചു ശല്യപ്പെടുത്തേണ്ടന്നു കരുതി വേലക്കാരിയുടെ മുറിയിലേക്കോടി. അവിടെ ചെന്നപ്പോൾ കട്ടിലിൽ വേ ക്കാരിക്കൊപ്പം  അച്ഛൻ!. കുട്ടി പിന്നെ ഒന്നിനും പോയില്ല. കിടക്കയിൽ ചെന്നു കിടന്നു സുഖമായി ഉറങ്ങി. പിറ്റേ ദിവസം ഉത്സാഹത്തോടെ അച്ഛൻ്റെ  ഓഫിസ് മുറിയിൽ ചെന്നു.

"അച്ഛാ.."

"യെസ്?"

"പൊളിറ്റിക്സ്  എന്താണ് ഇപ്പൊ ഇക്ക് മനസ്സിലായി ട്ടാ!."

"ഉവ്വോ വണ്ടർഫുൾ!. ന്നാ  മോൻ പറയൂ , അച്ഛൻ കേക്കട്ടെ."

" അധാനിക്കുന്ന ജനവിഭാഗത്തെ മുതലാളിത്തം ചൂഷണം ചെയ്തുകൊണ്ടിരിക്കുമ്പോൾ  ഗവൺമെന്റ്  ഉറങ്ങുകയും ജനങ്ങൾ  അവഗണിക്കപ്പെടുകയും  നാടിൻ്റെ  ഭാവി അഴുക്കിലാണ്ടു കിടക്കുകയും ചെയ്യുന്ന അവസ്ഥയാണ് പൊളിറ്റിക്സ് ."

ജെല്യൂഷ്യന്‍ ഡ്രീംസ്


ജെല്യൂഷ്യന്‍ ഡ്രീംസ്



മധുരമുണ്ടെങ്കിൽ  കുമ്മായവും കട്ടു തിന്നുമായിരുന്നു ചെറുബാല്യത്തില്‍. അങ്ങനെയാണ് അച്ഛന്‍റെ ലേഹ്യങ്ങളും ഘൃതങ്ങളും ചേച്ചി ഇടക്കിടെ കഴിച്ചിരുന്ന ഒരു സൊയമ്പന്‍ സിറപ്പും അമ്മയുടെ ശര്‍ക്കരപ്പാവുപോലുള്ള ചുമ മരുന്നുമൊക്കെ  ഇഷ്ടഭോജ്യങ്ങളായി മാറിയത്. 

പല  നാൾ കള്ളൻ ഒരു നാൾ  വലയിൽ കുടുങ്ങി. ഉരുകിയ ഐസ് ക്രീം പോലത്തെ വെളുവെളുമ്പന്‍ ഇംഗ്ലീഷ് മരുന്ന് കൈവെള്ളയിലൊഴിച്ച് മുക്തകണ്ഠം  നക്കിക്കൊണ്ടിരിക്കുമ്പോഴാണ്  ഇരുട്ട് നിറഞ്ഞ  മുറിയിലേക്ക് മരുന്നിന്‍റെ അവകാശി കടന്നു  വന്നത്. തൊണ്ടിയോടെ അടുക്കളയിൽ ഹാജരാക്കി ചേച്ചി കുറ്റപത്രം സമർപ്പിച്ചപ്പോൾ അമ്മ പതിവിനു വിപരീതമായി ശാന്തസ്വരൂപയായി:

"ഉവ്വോ മോന്‍ ചേച്ചീടെ മരുന്ന്  കഴിച്ച്വോ?."

"ഉവ്വ്. " 

അമ്മയുടേത് പ്രച്ഛന്നവേഷമാണെന്നും  നിഷേധിച്ചാൽ  അതേതു നിമിഷവും  കത്തിയാകാമെന്നും  തോന്നിയതുകൊണ്ട് മറുപടിയിൽ നൂറില്‍ നൂറ് സത്യസന്ധത ചേർക്കേണ്ടി വന്നു .

"ഈശ്വരാ.... തീണ്ടാരിക്ക്ള്ള മരുന്നാർന്നൂലോത്!. ഇനീപ്പോ കുട്ടി തീണ്ടാര്യാവൂലോ."

താടി കൈവെള്ളയില്‍ കുത്തി ആശങ്ക കണ്ണുരുട്ടിയ പോസില്‍ ചേച്ചിയെ നോക്കി അമ്മ  പറഞ്ഞത് കേട്ടപ്പോള്‍ സപ്തനാഡികളും തളര്‍ന്നു പോയി.

"തീണ്ടാര്യായാ എന്താണ്ടാവ്വാ?."

ഇടറുന്ന തൊണ്ടയില്‍നിന്നു വാക്കുകള്‍ ഉതിര്‍ന്നത് ചോദ്യകര്‍ത്താവ്‌ തന്നെ അറിഞ്ഞില്ല.

" വേറൊന്നൂല്ല്യ പെങ്കുട്ട്യാവും അത്രന്നെ. ഷര്‍ട്ടും ട്രൌസറ്വോക്കെ മാറ്റീട്ടേയ്,  പാവാടേം ജാക്കറ്റൂട്ട്  നടക്കണ്ടി വരും."

സുവോളജി ബീയെസ്സിക്ക് രണ്ടാംകൊല്ലം വായിക്കുന്ന ചേച്ചി മരുന്നടിയുടെ പാര്‍ശ്വഫലം അക്കാദമിക്കായി പ്രവചിച്ചു കേട്ടപ്പോള്‍ സ്ക്കൂളില്‍ പെണ്‍കുട്ടികളുടെ ബെഞ്ചിലിരിക്കുന്ന ചിത്രം കണ്ട് നെഞ്ച് നകാരമടിച്ചു. ചങ്ങാതിമാര്‍  ജയന്തനും രാജുവുമെല്ലാം നഷ്ടപ്പെടുമെന്നത് മാത്രമല്ല  അവരൊക്കെ പരിഹാസദൃഷ്ടിയോടെ നോക്കി നാണിപ്പിക്കുക കൂടി ചെയ്യുമെന്നതോര്‍ത്ത്  മോഹാലസ്യത്തിന്‍റെ വക്കിലെത്തി ആടി നില്‍ക്കുമ്പോള്‍ ഭയത്തിന്‍റെ പെട്ടിയില്‍ ചേച്ചിയും പിന്നാലെ അമ്മയും  അവസാനത്തെ രണ്ട് ആണികള്‍ കൂടി അടിച്ചു :

"എന്തായാലും സ്കൂള്‍ല് പേര് മാറ്റാന്‍ വല്ല്യേ  വെഷമല്ല്യ; ചന്ദ്രന്‍ന്ന്ള്ളത് ചന്ദ്രികാന്നാക്ക്യാ മതീലോ. "

"അതെ. ഒന്നൂടി മുതര്‍ന്നാ അടുക്കളസഹായത്തിന് ഇക്കൊരാള്വായി."

രണ്ടു ദിവസം  ഭക്ഷണം കഴിച്ചില്ല. നിത്യേന രാവിലെ ഉണര്‍ന്നെഴുന്നേറ്റാല്‍ വേണ്ടതെല്ലാം യഥാസ്ഥാനത്തില്ലേ എന്ന ഭൌതികപരിശോധന മാസങ്ങളോളം നീണ്ടു നിന്നു.   പൂര്‍വ്വാധികം രുചിയോടെ മൂന്നു നേരം  ഭക്ഷണം കഴിക്കാനും സ്വത്വപരിശോധന അവസാനിപ്പിക്കാനും ഏറെ നാളെടുത്തു.  ഒരു രാതി ഭക്ഷണപ്പുറമെ അതേ മരുന്നിന്‍റെ  ടേബിള്‍ സ്പൂണ്‍ അച്ഛന്‍  വടിച്ചു നക്കുന്നത് യാദൃശ്ചികമായി  കാണും വരെ!.








2018 ജൂലൈ 2, തിങ്കളാഴ്‌ച

പിള്ളമനസ്സ്

പിള്ളമനസ്സ് 

കഴിഞ്ഞ ദിവസം  വൈകീട്ട് സംഗീത നാടക  അക്കാദമി നാട്യഗൃഹത്തിൽ നടക്കുന്ന രംഗചേതനയുടെ പ്രതിവാര നാടകം കാണാൻ സ്‌കൂട്ടറിൽ പോവുകയായിരുന്നു ഞാൻ. ദേവസ്വം ബോർഡ് ജംക്ഷനിൽനിന്ന് വലംതിരിഞ്ഞു  സാഹിത്യ അക്കാദമിക്കുനേരെ പോകുന്ന റോഡിലൂടെയാണ് യാത്ര. (ആ റോഡിനു പേരുണ്ടോ?)  തൊട്ടു മുന്നിൽ അഞ്ചു പത്തു വയസ്സ് പ്രായം തോന്നിക്കുന്ന പയ്യനെയും പിന്നിലിരുത്തി എന്റേത്‌ പോലത്തെ വെളുത്ത  ആക്ടീവ സ്‌കൂട്ടറിൽ  ഒരാൾ നേരെ പോകുന്നുണ്ടായിരുന്നു.  എന്നെപ്പോലെ തന്നെ അയാളും  ഒരു സാവകാശാനന്ദൻ . കൂടിയാൽ   ഇരുപതു കി.മീ വേഗത. 

വൈലോപ്പിള്ളി റോഡിലേക്കുള്ള തിരിവെത്തിയപ്പോൾ യാതൊരു സൂചനയും നൽകാതെ അയാൾ വണ്ടി  വലത്തോട്ടു തിരിച്ചത് പെട്ടെന്നായിരുന്നു.  രണ്ടു പേരും കോംബോ ബ്രേക്ക് ആഞ്ഞു  പിടിച്ച്‌ ഇരുപതിനെ   പൂജ്യമാക്കിയതുകൊണ്ട് കൂട്ടിയിടിയും അനുബന്ധ ശണ്ഠകളും പോലീസും  ഒഴിവായി.  രണ്ടു പേരുടെയും ചന്തികൾ തമ്മിൽ ഒന്നുരസി അത്രമാത്രം.  പിന്നിൽ വാഹനങ്ങളുടെ ഹോണാരവം തുടങ്ങിയിരുന്നു. ഉള്ളിൽ ഇരച്ചു വന്ന കോപം മറച്ചുപിടിച്ചു മുന്നോട്ടു പോകാൻ തുടങ്ങിയതായിരുന്നു ഞാൻ . അപ്പോഴാണ് 

"എവടെ നോക്കീട്ടാ മിസ്റ്റർ നിങ്ങൾ വണ്ടിയോടിക്കുന്നത്?."

വേണ്ടത് വേണ്ട സമയത്തു  ചെയ്തില്ലെങ്കിൽ ഇതായിരിക്കും ഫലം. അങ്ങോട്ട് കയറി ആക്രമിക്കാഞ്ഞത് വിനയായി എന്നൊക്കെ മനസ്സ് ശാസിച്ചു . പിന്നിൽ നല്ലൊരു മോനാണ് ഇരിക്കുന്നതെന്നും  മൊത്തത്തിൽ കുഴപ്പക്കാരനല്ലെന്നും 
തോന്നിയപ്പോൾ  ഒന്ന് കോർക്കാൻ തന്നെ നിശ്ചയിച്ചു. 

"നേരെ നോക്കീട്ട്?." 

ഞാൻ ചെറിയൊരു വെല്ലു വിളിസ്വരത്തിൽ തന്നെ പറഞ്ഞു.

"ഞാൻ തിരിയണത് കണ്ടില്ലേ?."

"പക്ഷെ താങ്കളുടെ വെട്ടിത്തിരിയലിന് മുന്നറിയിപ്പൊന്നും കണ്ടില്ല്യ!. "

"മനസ്സിലായില്ല!."

"അല്ല; പുതിയ വണ്ടിയാണല്ലോ. ഇൻഡിക്കേറ്ററൊക്കെ കണ്ടീഷനായിരിക്കും. അതൊന്നിടാർന്നില്ല്യേ  സൂർത്തേ?.

തിരിച്ചറിവിൻ്റെ  ഒരു  പകപ്പ് അയാളുടെ മുഖത്ത് മിന്നി മാഞ്ഞു.  പക്ഷെ  പെട്ടെന്നുതന്നെ മായ്ച്ചു കളഞ്ഞു കക്ഷി ശക്തമായി തിരിച്ചു വന്നു.

"ഞാൻ ഇൻഡിക്കേറ്റർ ഇട്ടിരുന്നു."

"ഇല്ല്യ!."

"നിങ്ങളുടെ  മുഖത്തു കണ്ണില്ലേ ?."

"അതോണ്ടാ പറഞ്ഞത് . നിങ്ങൾ  ഇൻഡിക്കേറ്ററിട്ടിരുന്നില്ല്യ. ഉവ്വോ  മോനേ,  അച്ഛൻ ഇൻഡിക്കേറ്റർ ഇട്ടിരുന്നോ? "

പിൻസീറ്റിൽ കളിയാസ്വദിച്ചിരുന്നിരുന്ന   പയ്യനിൽ   സാഹസികമായി വിശ്വാസം അർപ്പിച്ചുകൊണ്ടുള്ള ഒരു ഗാംബ്ലിങ്ങായിരുന്നു അത്.  പക്ഷേ ജാക്ക് പോട്ടു തന്നെ അടിച്ചുവെന്ന് പറഞ്ഞാൽ മതിയല്ലോ; കുട്ടി സ്പോർട്സ്മാൻ സ്പിരിറ്റ്  കൈവിടാതെ കണിശമായി മൊഴിഞ്ഞു.

"ഇല്ല്യ ."

ഒരു ഞെട്ടലോടെ പിന്നിലേക്ക് തിരിഞ്ഞ അയാളുടെ  രൂക്ഷമായ മുഖത്തേക്കു  നോക്കി ക്ഷമാപണസ്വരത്തോടെ കുട്ടി ആവർത്തിച്ചു 

" സോറി ഡാഡി,  ഡാഡി ഇൻഡിക്കേറ്റർ ഇട്ടിരുന്നില്ല്യ ."

ഇളക്കാക്കാനാവാത്ത ആ സത്യസന്ധതയുടെ നേർക്ക് സ്തബ്ധനായി നോക്കിനിന്ന എൻ്റെ നേരെ തിരിഞ്ഞുകൊണ്ട്  പേരിടാനാവാത്തതരം ഒരു മുഖ ഭാവത്തോടെ അയാൾ മന്ത്രിച്ചു 

"സോറി!." 

"ഇറ്റ്‌സോൾ റൈറ്റ് സർ ." 

ക്ഷമാപണം സ്വീകരിച്ചത്   കേട്ടിരിക്കയില്ല. അതിനു മുമ്പ് അയാൾ വണ്ടിയെടുത്തിരുന്നു. പക്ഷെ കുട്ടി എന്നെ നോക്കി ഒന്ന് പുഞ്ചിരിക്കാൻ മറന്നില്ല. അത്രയും ഭംഗിയുള്ള ആ പുഞ്ചിരിക്ക് ഒരു കൈകൂപ്പലിൽ കുറഞ്ഞൊന്നും എനിക്ക് നൽകാനുണ്ടായിരുന്നില്ല!.

പാലസ് റോഡിലേക്ക് നീങ്ങിക്കൊണ്ടിരിക്കുമ്പോൾ ഞാൻ ആലോചിച്ചു. എന്തായിരിക്കും വീട്ടിൽ  ചെന്നാൽ ആ കുട്ടിയെ കാത്തിരിക്കുന്നത്?.  ഭേദ്യമോ   അഭിവാദ്യമോ?. 

ഒരു ക്ഷമാപണത്തിന് സന്മനസ്സു കാണിച്ച അയാൾ ആദ്യത്തേതിന് തുനിയുകയില്ലെന്നുതന്നെ ഞാൻ ആശ്വസിച്ചു.