2026 ജൂൺ 24, ബുധനാഴ്‌ച

ബാലേട്ടൻ

 

ബാലേട്ടൻ 


"ചന്ദ്രൻ ഇങ്ങനെ കൊഞ്ചി കൊഞ്ചി സംസാരിക്കണ്ട, അച്ഛൻ്റേമമ്മേടേം ഒടുക്കത്തെ പുത്രനാന്ന് ഞങ്ങളംഗീ കരിച്ചാ പോരേ?."

മൂത്ത അളിയൻ അങ്ങിനെ പറഞ്ഞ അന്നു മുതലാണത്രെ എട്ടോ പത്തോ വയസ്സായിട്ടും സംസാരത്തിൽ വിട്ടു മാറാതിരുന്ന എൻ്റെ കൊഞ്ചൽ അടങ്ങിയത്. നാലു മുതൽ തുടങ്ങി ആറാമത്തെ വയസ്സിൽ ഒന്നാം ക്ലാസിൽ ചേരാൻ നാട്ടിലേക്കു വരുന്നതു വരെ ചേച്ചിക്കൊപ്പം അരിമ്പൂരായിരുന്നു പൊറുതി. അഞ്ചു വയസ്സു മുഴുവൻ ചേച്ചി പഠിപ്പിച്ചിരുന്ന ഒന്നാം ക്ലാസ്സിലിരു ന്നുറങ്ങി.

മുത്തശ്ശിയും വലിയമ്മാവന്മാരും വലിയച്ഛന്മാരും വലിയമ്മമാരും മക്കളും മരുമക്കളും പേരകുട്ടികളു മൊക്കെയായി പത്തു നാല്പതു പേരുണ്ടായിരുന്ന വീട്ടിലായിരുന്നു ഞങ്ങൾ.

ടെയ്‌ലർ ഷോപ്പും കമ്മ്യൂണിസ്റ്റ് രാഷ്ട്രീയവുമായി വല്ലാത്ത തിരക്കിനിടയിലും അളിയനെ എടുത്തു കൊണ്ടു നടക്കാനും നാടുകാണിക്കാനും സമയം കണ്ടെത്തിയിരുന്നു ബാലേട്ടൻ.

"ഇതാരാ സീബീജീ, മോനാ?"

എറവിലെ ചക്കണാൻ്റെ പലചരക്കു പിടികയിൽ കണ്ടപ്പോൾ ചോദിച്ച സഖാവിനോട്

"ഏയ്, അളിയൻ കുട്ട്യാ!"

എന്നു പറഞ്ഞതും

"എൻ്റമ്മേ ഈ ഇത്തിരിക്കുഞ്ഞനാ!"

എന്ന് സഖാവ് വിസ്മയിച്ചതുമൊക്കെ ഇന്നും ഓർമ്മയിൽ.

അളിയനെപ്പററിയാണ് പറയാൻവന്നത്.

ബാലൻ, ബാലൻ നായർ, സീബീജി, സി. ബി. ജി നായർ, അങ്ങിനെ വിധത്തിലും തരത്തിലുമായി അറിയപ്പെട്ടിരുന്ന പൊതുജീവിതമായിരുന്നു അരിമ്പൂർ ചക്കുംകുമരത്ത് ബാലഗോവിന്ദൻ നായർ എന്ന നീണ്ട പേരുണ്ടായിരുന്ന അളിയൻ്റേത്. കേരളപ്പിറവി നാളിൽ ജനിച്ച മൂത്ത മകന് തൻ്റെ പോലെ തന്നെ നീട്ടി വലിച്ചൊരു പേരിട്ടു കക്ഷി; കേരളീയാനന്ദൻ. ഹൈസ്കൂൾ ക്ലാസിലെത്തിയപ്പോൾ മരുമകനത് വെട്ടിച്ചുരുക്കി ആനന്ദനെന്നാക്കിയത് മറ്റൊരു ചരിത്രം.

അരിമ്പൂരും കുന്നത്തങ്ങാടിയിലും സമീപ ഗ്രാമങ്ങളിലും എന്നു വേണ്ട മണലൂർ കാഞ്ഞാണി അന്തിക്കാട് പ്രദേശങ്ങളിലെല്ലാം അറിയപ്പെട്ടിരുന്ന സി. പി. ഐ പ്രവർത്തകനായിരുന്നു സഖാവ് സിബിജി. മുൻ മന്ത്രി കെ.പി. പ്രഭാകരൻ മുൻ കോൺഗ്രസ് എം എൽ.എ എൻ. ഐ. ദേവസ്സിക്കുട്ടി എന്നിവർ സുഹൃത്തുകളയിരുന്നു. ദേവസ്സിക്കുട്ടിയോട് പഞ്ചായത്ത് തെര ഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയ പ്പെട്ടിട്ടുണ്ട്. അന്തിക്കാട്ട് ചകിരി ത്തൊഴിലാളി സമരങ്ങളിൽ ഐക്യപ്പെട്ട് തരക്കേടില്ലാത്ത പോലീസ് മർദ്ദനം ഏറ്റുവാങ്ങിയി ട്ടുമുണ്ട്.

സങ്കടങ്ങളും ആവശ്യങ്ങളും നിർദ്ദേശങ്ങളും സഹായാഭ്യർത്ഥ നകളും തറവാട്ടു ഭാഗപ്രശ്നങ്ങളും മറ്റുമായി തൊഴിലാളികളും സാധാ രണക്കാരുമായി നിരവധി പേർ നിത്യേന വീട്ടിലും ടെയ്‌ലർ ഷോപ്പിലും വന്നു ചേർന്നിരുന്നതും കാര്യനിവർത്തി സാധിച്ചും സാധിക്കുമെന്ന പ്രതീക്ഷ യുമായി മടങ്ങിയിരുന്നതുമാണ് എൻ്റെ ആദ്യത്തെ രാഷ്ട്രീയക്കാഴ്ചകൾ.

1996 ൽ ബാലേട്ടൻ പോയി. ഇന്ന് മുപ്പതാം ചരമവാർഷികദിനം.
See less

കോയ്മ


കോയ്മ 


തിരോന്തരത്തൊക്കെ നായരും ഒറ്റപ്പാലം ഭാഗത്തൊക്കെ മേനോനുമാണ് കൂടിയ ഇനങ്ങളെന്ന് കേട്ട പ്പോൾ തൃശ്ശൂക്കാരൻ പറഞ്ഞു:

മ്മടെ തൃശ്ശൂര് രണ്ടും ഈക്വലാ.

എന്താദ്?

ഇവടെ രണ്ടുപേരും സൌഹൃ...അല്ല സൌഭ്രാത്രത്തിലാ.

ക്ലിയറാക്ക്!

ഒരച്ഛനുണ്ടായ മക്കൾലന്നെ നായരൂണ്ട് മേനോനൂണ്ട്.

അതെങ്ങനെ?

എൻ്റെമ്മാമന് നാലാൺമക്കളാ. നാലുപേരും പത്ത് പാസ്സായി ടൈപ്പും ഷോർട്ടാൻ്റും പഠിച്ച് ഡെൽഹീലും ബോംബേലും കൽക്കട്ടേലും പോയി വല്ല്യേ ഉദ്യോഗസ്ഥന്മാരായീപ്പോ അവടത്തെ രീതിക്ക് വാല് വെച്ചു യോഗ്യന്മാരായി. പക്ഷേ ഒരക്കിടി പറ്റി നാൽവർക്കും.

എന്തേ?

പേര് സ്റ്റൈലാക്കുമ്പോൾ ഏകോപ നമില്ലാതെ പോയോണ്ട് രണ്ട് പേർ നായന്മാരും രണ്ടുപേർ മേനോന്മാ രുമായി.
See less

ശരവണം

 

ശരവണം 


രാവിലെ ഏഴര മണിക്ക് കാക്കനാട്ടേക്കുള്ള യാത്രാമദ്ധ്യേ ആലുവ 'ദേശ'ത്തുള്ള ശരവണഭവനിൽ നിരാഹാരം മുറിക്കലാണ് പതിവ്.. തിരക്കൊന്നുമില്ലാതെ ചുമരും ചാരി നിൽക്കുന്ന വെയിറ്റർമാർ കെട്ടിയ കൈകളഴിച്ച് വാങ്കോ സാർ പറഞ്ഞ് നിയമസഭയിലെ ഡയസിലേക്ക് സ്പീക്കറെയെന്നോണം തീൻമേശ യിലേക്ക് കൂട്ടിക്കൊണ്ടു പോകും. പിന്നെ ഇട്ളി, മസാല, തട്ട് ദോശകൾ, വട, നെയ്റോസ്റ്റ്, പൊങ്ങൽ ഇത്യാദി കളുമായി കൃത്യവും ഊഷ്മ ളവുമായ സർവ്വീസ്.

ഇന്നാദ്യമായി തിരക്കു കണ്ടു. സ്ഥിരം സീറ്റും വെയിറ്ററും ഭാഗ്യമെന്നോണം കിട്ടിയതുകൊണ്ട് രക്ഷപ്പെട്ടു.

"ദെന്താടീ, പതിവില്ലാത്ത തെരക്ക്!"

"ഒമ്പത് മണ്യായില്ല്യേ അച്ഛാ, പീക്ക് ടൈമാണ്. വെളുപ്പിനേഴുമണിക്കല്ലേ നമ്മള് പതിവ്, ആ സമയത്ത് ഒട്ടും തെരക്ക്ണ്ടാവില്ല്യ."

അത് കറക്റ്റ്!

ശരവണൻ്റെ തട്ടുദോശ സുന്ദരമായപദമെന്നതും കറക്റ്റ്!
See less

മറൈൻ ഡ്രൈവ്

 

മറൈൻ ഡ്രൈവ്


റെയിൽവേ സ്റ്റേഷൻ പ്ലാറ്റ് ഫോമിലും ഷോപ്പിങ്ങ്മാളിൻ്റെ മുറ്റത്തും ഗ്രാനൈറ്റ് ടൈലുകൾ പതിക്കുന്ന ലാവണ്യസങ്കല്പ ങ്ങൾക്ക് നല്ല നമസ്കാരം!.

കഴിഞ്ഞ ഞായറാഴ്ച നല്ല തെളിഞ്ഞ കാലാവസ്ഥ നോക്കി ഭാര്യയും മകളും മരുമകനും പേരക്കുട്ടിയും മകൻ്റെ മകനും അടങ്ങുന്ന ടീം ഒന്നു കറങ്ങാൻ ഇറങ്ങിയതാണ്. കൊച്ചി വില്ലിങ്ങ്ഡൺ ഐലൻ്റ്, മറൈൻ ഡൈവ്, ബ്രോഡ്‌വേ എന്നിങ്ങനെയായിരുന്നു ഐറ്റിനറി. 1980 ൽ ജോലി കിട്ടി ജോയിൻ ചെയ്ത സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വില്ലിങ്ങ് ഡൺ ഐലൻ്റ് ബ്രാഞ്ച് (ഇപ്പോൾ LCPC Branch) ഒന്നു കാണണം മുമ്പിൽ നിന്ന് പടം പിടിച്ച് ഫേസ് ബുക്കിൽ ഒരു നൊസ്റ്റി പോസ്റ്റ് പൂശണം എന്നതും ഒരുദ്ദേശമായിരുന്നു. 43 വർഷം മുമ്പ് വിടപറഞ്ഞ ബ്രാഞ്ച് കണ്ട് ഉപചാര ങ്ങൾക്കു ശേഷം കടവന്ത്രയിലെത്തി സേത്തി ദാ ധാബ കയറി പഞ്ചാബി ഫുഡടിച്ച് മറൈൻ ഡ്രൈവ് ആർച്ച് പാലം കയറി ഗ്രൌണ്ട് മുറിച്ച് ബ്രോഡ് വേയിൽ കയറാൻ നോക്കുമ്പോൾ രാവിലെ ഐലൻ്റിൽ വെച്ചേ തുടങ്ങിയ മഴ കനത്തു. ഈ ചളിയും ചവിട്ടി ബ്രോഡ് വേയിലേക്കിനി പോകണ്ട എന്ന് ഏകകണ്ഠമായി തീരുമാനിച്ച് മടങ്ങും വഴി മറൈൻ ഡ്രൈവിലെ ഒരു ഷോപ്പിങ്ങ് കോംപ്ലക്സിലേക്ക് കയറാൻ നോക്കിയതാണ്. മുറ്റത്തു വിരിച്ച ഗ്രാനൈറ്റ് ടൈൽ വഴുക്കി ഭാര്യ മൂട് കുത്തി വീണു. പിന്നെ എണീക്കാൻ പറ്റിയില്ല. എണീപ്പിക്കാനായി നോക്കി യപ്പോൾ പറ്റുന്നില്ല. ആശുപത്രിയി ലേക്ക് പോകുവാൻ നോക്കുമ്പോൾ മറൈൻ ഡ്രൈവിലേക്ക് വാഹനങ്ങൾ കടത്തുകയില്ല. എന്തു ചെയ്യും? കോംപ്ല ക്സിൽ നിന്നിരുന്ന നല്ലവനായ സെക്യു രിറ്റി ജീവനക്കാരൻ അയാളിരിക്കുന്ന പ്ലാസ്റ്റിക് ചെയർ കൊണ്ടു വന്ന് അതിൽ പ്രയാസപ്പെട്ടിരുത്തി അയാളും മരുമകനും ചേർന്ന് താഴെയുള്ള കാർപാർക്കിൽ എത്തിച്ചു. അവിടെ നിന്ന് റെനായ് മെഡി സിറ്റി. എക്‌സ്റേ പരിശോധിച്ചശേഷം ഡോക്ടർ പറഞ്ഞു തുടയെല്ല് പൊട്ടിയിരിക്കുന്നു സർജറി ഉടൻ വേണം. ഞങ്ങൾക്ക് തൃശ്ശൂരിൽ പോകണം എന്ന് പറഞ്ഞപ്പോൾ പ്രഥമ ശുശ്രൂഷ നൽകി അവർ വിട്ടുതന്ന ആംബുലൻസിൽ തൃശ്ശൂരിലെത്തി ചന്ദ്രമതിയമ്മ ഹോസ്പിറ്റലിൽ അഡ്‌മിറ്റ് ചെയ്ത് ഇന്നലെ സർജറി നടത്തി.

ഇന്നലെ വൈകുന്നേരം മൂഡൗട്ട് ആയി അടുത്തിരിക്കുമ്പോൾ മലർന്നു കിടന്ന് മൊബൈൽ നോക്കുന്നതിനിടയിൽ ഭാര്യയുടെ ചോദ്യം :

"ഐലൻ്റ് ബ്രാഞ്ചിൽ പോയി പടം പിടിച്ചിട്ട് ഫേസ് ബുക്കിൽ നൊസ്റ്റാൾ ജിക് പോസ്റ്റിടണന്നൊക്കെ പറഞ്ഞിട്ട് ഒന്നും കാണാല്ലിലോ?"

ശാരീരികാവശതകൾക്കിടയിലും മനുഷ്യരിങ്ങനെ പ്രസാദം വിതറാൻ തുടങ്ങിയാൽ മറ്റുള്ളവരെന്തു ചെയ്യും? മൂഡൗട്ട് വിട്ട് മൂഡ് ഇൻ ആവുക അല്ലാതെന്ത്!
See less

സൈക്കിൾ


സൈക്കിൾ


1969 ലാണ് ഞാൻ ഒരു സൈക്കിൾ സ്വന്തമാക്കുന്നത്. പ്രീഡിഗ്രിക്ക് കേരള വർമ്മയിൽ ചേർന്നപ്പോൾ. സൈക്കി ളായാൽ ബസ്സ് കാത്ത് നിൽക്കുന്ന പ്രയാസം ഒഴിവാക്കാം സമയത്തിന് ക്ലാസിലെത്താം എന്ന് വിശദമാക്കി ഞാൻ സമർപ്പിച്ച പ്രൊജക്റ്റ് വായി ച്ചംഗീകരിച്ച അച്ഛൻ ഒരു നാൾ വൈകിട്ട് ബാങ്കിൽ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലെത്തിയത് 'പെടയ്ക്ക ണ ജാതി' റാലി സൈക്കിളുമായാണ്.

രണ്ടു കൊല്ലം കാനാട്ടുകരയിലേക്ക് സൈക്കിൾ ചവിട്ടി. ബി.എ.യ്ക്ക് ചേർന്നപ്പോൾ ഡിഗ്രിക്ക് മോശമെന്ന് തോന്നി യാത്ര ബസ്സിലാക്കി.

അവസരോചിതമായി അച്ഛനും പ്രവർത്തിച്ചു. പൊടി തട്ടാതെയും തുടയ്ക്കാതെയും ഓയിലിടാതേയും പുതുക്കാട്ട് മനയ്ക്കലെ കിണറ്റിലെ മരയഴിത്തുടിയുടെ ശബ്ദം സൈക്കിൾ ഉണ്ടാക്കിത്തുടങ്ങിയപ്പോൾ അടുത്ത ഓണത്തിനു മുമ്പ് കിട്ടിയ വിലയ്ക്ക് പടിഞ്ഞാറ്റുമുറിക്കാരൻ ഒരു ലോനപ്പന് അച്ഛനതു വിറ്റു.

ഹരിതകർമ്മഫലം

 ഹരിതകർമ്മഫലം 


"ബാൽന്ദ്രേട്ടാ, ഒക്കക്കൂടി സഞ്ചീലിട്ട് കൊണ്ടോരാർന്നില്ല്യേ?"

വെളുപ്പിന് നടപ്പിനിടയിൽ വഴിയിൽ അവിടവിടെ കിടന്നിരുന്ന പ്ലാസ്റ്റിക്ക് കുപ്പികൾ ഓരോന്നായി പെറുക്കി എടുക്കുകയായിരുന്നു. നടുത്താറ പാടക്കരയിൽ പഞ്ചായത്ത് വകബോട്ടിൽ ബൂത്ത് സ്ഥാപിച്ചിട്ടുണ്ട്. മാലിന്യം നിറച്ച സഞ്ചികൾ കുത്തി നിറച്ച് കഴിഞ്ഞ് സ്പേസുണ്ടെങ്കിൽ കുപ്പികൾ തിരുകിക്കയറ്റാം. എക്സ്ക്ലൂസീവ്‌ലി ഫോർ ബോട്ടിൽ അല്ലേ?.

ഒരു ബിസ്‌ലേരി, ഒരിദയം നല്ലെണ്ണ, ഡെറ്റോൾ ഒരു വണ്ടൻ ബോട്ടിൽ, ഫ്രഞ്ച് പ്രസിഡണ്ടിനെ ഓർമ്മിപ്പി ക്കുന്ന പേരുള്ള ഒരു കീടനാശിനി എല്ലാം കഴിഞ്ഞ് അഞ്ചാമനിലേക്ക് കണ്ണെത്തിയപ്പോൾ മനസ്സൊന്നു ചഞ്ചലപ്പെട്ടു:

ആർഡ്ബെഗ് 10 years !

ഹെൻ്റെമ്മേ! ഇതാരപ്പാ ഇവനുമായി പാനബന്ധമുള്ളവൻ? അയ്യായിര ത്തിന് മുകളിലാണ് വില. ഇതിൻ്റെ ഉപഭോക്താവിനെ അടിയന്തിരമായി കണ്ടെത്തി സൌഹൃദം സ്ഥാപിക്കേ ണ്ടതുണ്ടല്ലോ?

ആദരവോടെ കുനിഞ്ഞ് എടുക്കാൻ നോക്കിയപ്പോൾ കയ്യിലുളളതെല്ലാം നിലത്തു വീണു. ടക്ക്! കട്പിട് കട്പിട് കട്പിട്!

അതിനിടയിലാണ് എതിരെ വന്നവൻ്റെ ക്ഷേമാന്വേഷണം!

മാസാമാസം ഹരിതകർമ്മ സേന വീട്ടില് വന്ന് പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്നുണ്ട്. ഇടവിട്ടിടവിട്ട് പ്ലാസ്റ്റിക് കുപ്പികൾ ഗ്ലാസ് കുപ്പികൾ ഇലക്ട്രോണിക്ക മാലിന്യങ്ങൾ വേറെയും. പോകുന്ന വഴി കണ്ടത് പെറുക്കിയെടുത്ത് ഏറ്റവുമടുത്ത ബോട്ടിൽ ബൂത്തിൽ കൊണ്ടിട്ട് ഉത്തമ പൌരനെന്ന് സ്വയം പുളകം കൊള്ളാമെന്നൊക്കെ വിചാരിച്ച്ശ്ര മദാനിക്കുമ്പോഴാണ് അയാളുടെ ഒരു...

"ഏയ്, പോണ വഴിക്ക് ഒക്കെടുത്ത് ബൂത്തില് കൊണ്ടിടാന്ന് വിചാ....."

മുഴുപ്പിക്കാൻ സമ്മതിച്ചില്ല കക്ഷി :

"ബൂത്ത് പബ്ളിക്ക് യൂസിന്ള്ളതല്ലേ? വീട്ടിലുള്ളതൊക്കെ എല്ലാ മാസോം ഹരിതകർമ്മക്കാര് വന്ന് കൊണ്ടു പോവൂലോ, പിന്നെന്താ?"

അപ്പൊ ഞാനാരായി?

ഉത്തമനിൽ നിന്ന് അധമനിലേയ്ക്ക്അധിക ദൂരമില്ല!
See less

കടം

 കടം

"ദെന്താദ് കുപ്പി മടീല് വെച്ച് ആലോ ചിച്ചോണ്ടിരിക്കണ്? കഴിഞ്ഞൂച്ചാ വന്നൂണ് കഴിക്ക്യോ, വെളമ്പി വെച്ചട്ട് നേരെത്ര്യായി!."

അത്താഴമുണ്ണാൻ അച്ഛൻ വരുന്നത് കാണാതായപ്പോൾ അമ്മ അച്ഛൻ്റെ മുറിയിൽ ചെന്നു വിളിച്ചു.. റമ്മിൻ്റെ വലിയ കുപ്പി തിരിച്ചു മുണ്ടുപെട്ടിയിൽ വെക്കുമ്പോൾ അച്ഛൻ പറഞ്ഞു.

"കുപ്പീല് ആരൊക്ക്യോ കേറി വ്യവഹരിക്കണ്‌ണ്ട് പാറൂട്ട്യേ!"

"അവനോനല്ലാണ്ട് പിന്നാരാ?"

"ഏയ്, ന്താ നിങ്ങള് പറേണ്! ഒരു മാസം മുമ്പ് ഉണ്ണീഷ്ണൻ ലീവില് വന്നപ്പൊ കൊണ്ടന്നത് നിങ്ങള് കണ്ടതല്ലേ. അന്ന് ഒരൗൺസ് കഴിച്ച് അടച്ച് പെട്ടീല് വെച്ചു. പിന്നിപ്പളാ ഞാൻ കുപ്പി തൊറക്കണ്."

പട്ടാളത്തിൽ ഹവിൽദാറായിരുന്ന അനന്തിരവൻ ലീവിൽ വന്നപ്പോൾ അമ്മാമന് ദക്ഷിണ വെച്ച ഹെർക്കു ലീസ് ത്രീ എക്സ് റമ്മിന്റെ കുപ്പി പരിശോധിക്കുകയായിരുന്നു അച്ഛൻ. ഉള്ളം കയ്യിലൊരു തുള്ളിയൊഴിച്ച് തീർത്ഥം പോലെ വലിച്ചു കുടിച്ചാൽ മതി അച്ഛന് വെളുപ്പാവും വരെ ഉറക്കം ഉഷാറാവാൻ. അനന്തിരവന്റെ അടുത്ത വർഷത്തെ സമർപ്പണം വരെ ഒരു കുപ്പി ധാരാളമായിരുന്നു അച്ഛന്. പക്ഷേ പതിവിനു വിപരീതമായി കുപ്പിയിലെ ഉള്ളടക്കത്തിനു സംഭവിച്ച വർണ്ണപരിണാമം അച്ഛന്റെ ജിജ്ഞാസ ഉണർത്തി. അനന്തിരവൻ ഒരു മാസം മുമ്പ് തന്നത് അന്നു തന്നെ രാത്രി ചെറുതൊന്ന് പൊട്ടിച്ചൊഴിച്ച ശേഷം അടച്ചു വെച്ച കുപ്പിയാണ്. രണ്ടാമ തൊന്നു തുറക്കുന്നത് ഇപ്പോഴാണ്. നോക്കുമ്പോൾ കടുകട്ടൻ കാപ്പിയുടെ നിറമുണ്ടായിരുന്ന സാധനമിപ്പോൾ വിസ്ക്കിയുടേതു പോലെ സ്വർണ്ണ നിറമായിരിക്കുന്നു. കഴിക്കുമ്പോഴുള്ള കത്തലും നീറ്റവും ശൊക്കും കുത്തനെ കുറഞ്ഞിരിക്കുന്നു. പക്ഷേ മെട്രിക്ക് അളവിൽ ലേശം പോലും കുറവില്ല താനും. കുപ്പിക്കഴുത്തിനു തൊട്ടു താഴെ നിലനിർത്തിയിരുന്ന ജലനിരപ്പ് അര മില്ലി താഴ്ന്നിട്ടുമില്ല. അതാണ് അച്ഛനെ ചിന്തയുടെ പാരാവാരത്തിൽ തള്ളിയ ഘടകം.

"അവനോനല്ലാണ്ട് പിന്നെ വേറാര് കഴിക്കാനാ?"

അമ്മക്ക് സംശയമുണ്ടായില്ല.

"ഇന്യയാളെങ്ങാനും? "

രണ്ടു ദിവസം മുമ്പ് ഉദ്യോഗം തേടി ഡൽഹിയിൽ ചേച്ചിക്കടുത്തേക്കു പോയ ചേട്ടനിലേയ്ക്ക് അച്ഛൻ കുന്തമുന തിരിച്ചു.

"ആര് രാജ്യനാ? വെർതെ കുട്ട്യേ സംശയ്ക്കാണ്ട് വന്ന് കഴിക്ക്വോദ്!"

"അല്ലാണ്ട് പിന്നെങ്ങന്യാന്നാ നിങ്ങള് പറേണ്?"

"അങ്ങന്യാച്ചാ കുപ്പീല് കൊറവ് കാണണ്ടേ?"

"എട്ക്കണത്രേം വെള്ളം അപ്പപ്പൊ ഒഴിച്ച് വെച്ചാ മതീലോ?"

"പിന്നേ! അതൊന്ന്വവൻ ചെയ്യില്ല്യ!"

"ഞാൻ നോക്കീട്ട് അങ്ങന്യാവാനേ തരള്ളു. നെറം മാറാനും കടുപ്പം കൊറ്യാനും മറ്റൊരു കാരണം കാണാല്ല്യ!"

"മതി!. ഓരോന്ന് നിരൂപിച്ചിരിക്കാണ്ട് വന്ന് കഴിക്ക്യോദ്. വെളമ്പ്യേ ചോറും കൂട്ടാനും തണ്ത്തു!"
:
:
:
അന്നത്തെ മോഡസ് ഓപ്പറാണ്ടി കൃത്യം അച്ഛൻ പറഞ്ഞതുപോലെ തന്നെയാ യിരുന്നുവെന്നും അച്ഛന്റെ ഗവേഷണ ബുദ്ധി അതിശയിപ്പിക്കയല്ല അമ്പര പ്പിക്കുകയാണ് ചെയ്തതെന്നും ചേട്ടൻ എന്നോട് വെളിപ്പെടുത്തുന്നത് വർഷ ങ്ങൾ കഴിഞ്ഞാണ്. ഡൽഹിയിൽ പോയി ചായക്കും ബീഡിക്കും വഹ** ആയ ശേഷം ഒരു നാൾ ലീവിൽ വന്ന് ഒരു കുപ്പി ഓൾഡ് മോങ്ക് അച്ഛന്റെ കാൽക്കൽ സമർപ്പിച്ചു നമസ്ക്കരിച്ച അവസരത്തിൽ!.

ഏവർക്കും അച്ഛൻദിനാശംസകൾ!
______________________________________________________________________________________________________________
ചായക്കും ബീഡിക്കും വഹയാവുക എന്നാൽ തൊഴിലാവുക എന്നതിൻ്റെ എഴുപതുകളിലെ നാട്ടുമൊഴി.
See less