2026 ജൂൺ 24, ബുധനാഴ്‌ച

മറൈൻ ഡ്രൈവ്

 

മറൈൻ ഡ്രൈവ്


റെയിൽവേ സ്റ്റേഷൻ പ്ലാറ്റ് ഫോമിലും ഷോപ്പിങ്ങ്മാളിൻ്റെ മുറ്റത്തും ഗ്രാനൈറ്റ് ടൈലുകൾ പതിക്കുന്ന ലാവണ്യസങ്കല്പ ങ്ങൾക്ക് നല്ല നമസ്കാരം!.

കഴിഞ്ഞ ഞായറാഴ്ച നല്ല തെളിഞ്ഞ കാലാവസ്ഥ നോക്കി ഭാര്യയും മകളും മരുമകനും പേരക്കുട്ടിയും മകൻ്റെ മകനും അടങ്ങുന്ന ടീം ഒന്നു കറങ്ങാൻ ഇറങ്ങിയതാണ്. കൊച്ചി വില്ലിങ്ങ്ഡൺ ഐലൻ്റ്, മറൈൻ ഡൈവ്, ബ്രോഡ്‌വേ എന്നിങ്ങനെയായിരുന്നു ഐറ്റിനറി. 1980 ൽ ജോലി കിട്ടി ജോയിൻ ചെയ്ത സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വില്ലിങ്ങ് ഡൺ ഐലൻ്റ് ബ്രാഞ്ച് (ഇപ്പോൾ LCPC Branch) ഒന്നു കാണണം മുമ്പിൽ നിന്ന് പടം പിടിച്ച് ഫേസ് ബുക്കിൽ ഒരു നൊസ്റ്റി പോസ്റ്റ് പൂശണം എന്നതും ഒരുദ്ദേശമായിരുന്നു. 43 വർഷം മുമ്പ് വിടപറഞ്ഞ ബ്രാഞ്ച് കണ്ട് ഉപചാര ങ്ങൾക്കു ശേഷം കടവന്ത്രയിലെത്തി സേത്തി ദാ ധാബ കയറി പഞ്ചാബി ഫുഡടിച്ച് മറൈൻ ഡ്രൈവ് ആർച്ച് പാലം കയറി ഗ്രൌണ്ട് മുറിച്ച് ബ്രോഡ് വേയിൽ കയറാൻ നോക്കുമ്പോൾ രാവിലെ ഐലൻ്റിൽ വെച്ചേ തുടങ്ങിയ മഴ കനത്തു. ഈ ചളിയും ചവിട്ടി ബ്രോഡ് വേയിലേക്കിനി പോകണ്ട എന്ന് ഏകകണ്ഠമായി തീരുമാനിച്ച് മടങ്ങും വഴി മറൈൻ ഡ്രൈവിലെ ഒരു ഷോപ്പിങ്ങ് കോംപ്ലക്സിലേക്ക് കയറാൻ നോക്കിയതാണ്. മുറ്റത്തു വിരിച്ച ഗ്രാനൈറ്റ് ടൈൽ വഴുക്കി ഭാര്യ മൂട് കുത്തി വീണു. പിന്നെ എണീക്കാൻ പറ്റിയില്ല. എണീപ്പിക്കാനായി നോക്കി യപ്പോൾ പറ്റുന്നില്ല. ആശുപത്രിയി ലേക്ക് പോകുവാൻ നോക്കുമ്പോൾ മറൈൻ ഡ്രൈവിലേക്ക് വാഹനങ്ങൾ കടത്തുകയില്ല. എന്തു ചെയ്യും? കോംപ്ല ക്സിൽ നിന്നിരുന്ന നല്ലവനായ സെക്യു രിറ്റി ജീവനക്കാരൻ അയാളിരിക്കുന്ന പ്ലാസ്റ്റിക് ചെയർ കൊണ്ടു വന്ന് അതിൽ പ്രയാസപ്പെട്ടിരുത്തി അയാളും മരുമകനും ചേർന്ന് താഴെയുള്ള കാർപാർക്കിൽ എത്തിച്ചു. അവിടെ നിന്ന് റെനായ് മെഡി സിറ്റി. എക്‌സ്റേ പരിശോധിച്ചശേഷം ഡോക്ടർ പറഞ്ഞു തുടയെല്ല് പൊട്ടിയിരിക്കുന്നു സർജറി ഉടൻ വേണം. ഞങ്ങൾക്ക് തൃശ്ശൂരിൽ പോകണം എന്ന് പറഞ്ഞപ്പോൾ പ്രഥമ ശുശ്രൂഷ നൽകി അവർ വിട്ടുതന്ന ആംബുലൻസിൽ തൃശ്ശൂരിലെത്തി ചന്ദ്രമതിയമ്മ ഹോസ്പിറ്റലിൽ അഡ്‌മിറ്റ് ചെയ്ത് ഇന്നലെ സർജറി നടത്തി.

ഇന്നലെ വൈകുന്നേരം മൂഡൗട്ട് ആയി അടുത്തിരിക്കുമ്പോൾ മലർന്നു കിടന്ന് മൊബൈൽ നോക്കുന്നതിനിടയിൽ ഭാര്യയുടെ ചോദ്യം :

"ഐലൻ്റ് ബ്രാഞ്ചിൽ പോയി പടം പിടിച്ചിട്ട് ഫേസ് ബുക്കിൽ നൊസ്റ്റാൾ ജിക് പോസ്റ്റിടണന്നൊക്കെ പറഞ്ഞിട്ട് ഒന്നും കാണാല്ലിലോ?"

ശാരീരികാവശതകൾക്കിടയിലും മനുഷ്യരിങ്ങനെ പ്രസാദം വിതറാൻ തുടങ്ങിയാൽ മറ്റുള്ളവരെന്തു ചെയ്യും? മൂഡൗട്ട് വിട്ട് മൂഡ് ഇൻ ആവുക അല്ലാതെന്ത്!
See less

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ