2026 ജൂൺ 24, ബുധനാഴ്‌ച

ഹരിതകർമ്മഫലം

 ഹരിതകർമ്മഫലം 


"ബാൽന്ദ്രേട്ടാ, ഒക്കക്കൂടി സഞ്ചീലിട്ട് കൊണ്ടോരാർന്നില്ല്യേ?"

വെളുപ്പിന് നടപ്പിനിടയിൽ വഴിയിൽ അവിടവിടെ കിടന്നിരുന്ന പ്ലാസ്റ്റിക്ക് കുപ്പികൾ ഓരോന്നായി പെറുക്കി എടുക്കുകയായിരുന്നു. നടുത്താറ പാടക്കരയിൽ പഞ്ചായത്ത് വകബോട്ടിൽ ബൂത്ത് സ്ഥാപിച്ചിട്ടുണ്ട്. മാലിന്യം നിറച്ച സഞ്ചികൾ കുത്തി നിറച്ച് കഴിഞ്ഞ് സ്പേസുണ്ടെങ്കിൽ കുപ്പികൾ തിരുകിക്കയറ്റാം. എക്സ്ക്ലൂസീവ്‌ലി ഫോർ ബോട്ടിൽ അല്ലേ?.

ഒരു ബിസ്‌ലേരി, ഒരിദയം നല്ലെണ്ണ, ഡെറ്റോൾ ഒരു വണ്ടൻ ബോട്ടിൽ, ഫ്രഞ്ച് പ്രസിഡണ്ടിനെ ഓർമ്മിപ്പി ക്കുന്ന പേരുള്ള ഒരു കീടനാശിനി എല്ലാം കഴിഞ്ഞ് അഞ്ചാമനിലേക്ക് കണ്ണെത്തിയപ്പോൾ മനസ്സൊന്നു ചഞ്ചലപ്പെട്ടു:

ആർഡ്ബെഗ് 10 years !

ഹെൻ്റെമ്മേ! ഇതാരപ്പാ ഇവനുമായി പാനബന്ധമുള്ളവൻ? അയ്യായിര ത്തിന് മുകളിലാണ് വില. ഇതിൻ്റെ ഉപഭോക്താവിനെ അടിയന്തിരമായി കണ്ടെത്തി സൌഹൃദം സ്ഥാപിക്കേ ണ്ടതുണ്ടല്ലോ?

ആദരവോടെ കുനിഞ്ഞ് എടുക്കാൻ നോക്കിയപ്പോൾ കയ്യിലുളളതെല്ലാം നിലത്തു വീണു. ടക്ക്! കട്പിട് കട്പിട് കട്പിട്!

അതിനിടയിലാണ് എതിരെ വന്നവൻ്റെ ക്ഷേമാന്വേഷണം!

മാസാമാസം ഹരിതകർമ്മ സേന വീട്ടില് വന്ന് പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്നുണ്ട്. ഇടവിട്ടിടവിട്ട് പ്ലാസ്റ്റിക് കുപ്പികൾ ഗ്ലാസ് കുപ്പികൾ ഇലക്ട്രോണിക്ക മാലിന്യങ്ങൾ വേറെയും. പോകുന്ന വഴി കണ്ടത് പെറുക്കിയെടുത്ത് ഏറ്റവുമടുത്ത ബോട്ടിൽ ബൂത്തിൽ കൊണ്ടിട്ട് ഉത്തമ പൌരനെന്ന് സ്വയം പുളകം കൊള്ളാമെന്നൊക്കെ വിചാരിച്ച്ശ്ര മദാനിക്കുമ്പോഴാണ് അയാളുടെ ഒരു...

"ഏയ്, പോണ വഴിക്ക് ഒക്കെടുത്ത് ബൂത്തില് കൊണ്ടിടാന്ന് വിചാ....."

മുഴുപ്പിക്കാൻ സമ്മതിച്ചില്ല കക്ഷി :

"ബൂത്ത് പബ്ളിക്ക് യൂസിന്ള്ളതല്ലേ? വീട്ടിലുള്ളതൊക്കെ എല്ലാ മാസോം ഹരിതകർമ്മക്കാര് വന്ന് കൊണ്ടു പോവൂലോ, പിന്നെന്താ?"

അപ്പൊ ഞാനാരായി?

ഉത്തമനിൽ നിന്ന് അധമനിലേയ്ക്ക്അധിക ദൂരമില്ല!
See less

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ