2020 മാർച്ച് 14, ശനിയാഴ്‌ച

ഉപചാരം



ഉപചാരം

മുഖസ്തുതി, ചോളാക്യം, കുശലവചനം ഇത്യാദി ഔപചാരികതകളിലൊക്കെ പിന്നോക്കക്കാരിയായിരുന്നു അമ്മ. വിനിമയം ആരോടൊത്തായാലും. ചക്കരവാക്കുകൾ നിഘണ്ടുവിലേയില്ല. തുറന്നടിക്കും.

മേൽചൊന്നതിന്റെയെല്ലാം തമ്പുരാട്ടിയായിരുന്ന അച്ഛന്റെ ചെറിയമ്മയുടെ മകളുടെ വീട്ടിലേക്ക് ഒരു നാൾ അമ്മ ചെന്നു. അച്ഛന്റെ വീട്ടിൽ പോയി മടങ്ങുന്നതിനു മുമ്പ് ഒന്നു കണ്ടുമിണ്ടിയിറങ്ങാൻ കയറിയതായിരുന്നു. കണ്ട വശം നാത്തൂൻ ഓടി വന്നു കൈക്കൂട്ടിപ്പിടിച്ചു.


"അയ്യോ ഏട്ത്യേമ്മേ എത്ര നാളായി കണ്ടട്ട്. ഇരിക്ക്വോ എട്ത്യേമ്മേ. ഡേ വിജയേ, ദാരാ വന്നേക്കണേ നോക്ക്യേ!. ഈശരാ!"

അമ്മ ഇരുന്നു.

"ന്തേ നാരണോപ്പ വരാഞ്ഞേ എട്ത്യേമ്മേ?. നാരണോപ്പടെ മൊകം കണ്ട കാലം മറന്നു!.ഡേ വിജയേ, കാപ്പിക്ക് വെള്ളം വെക്ക്."

"വേണ്ട തങ്കേ. പിന്ന്യാവാം."

"അയ്യോ അതു പറ്റില്ല്യേട്ത്യേമ്മേ കാപ്പുടിച്ച്ട്ട് പോയാ മതി. കൊറെ കാലംകൂടി കേറി വന്നട്ട്!."

എന്തെങ്കിലുമാവട്ടെ എന്നു വെച്ച് അമ്മ പിന്നെ ഒന്നും പറഞ്ഞില്ല. സ്വതവേ കാപ്പി ചായാദികൾ നിർബന്ധമല്ല അമ്മക്ക് എങ്കിലും.

"കുട്ടൻ പ്പെവട്യാ തങ്കേ?."

"അവൻ മദിരാശീല്. ഹോട്ടൽല് വെപ്പു പണ്യാ. ഓണത്തിന് വന്നു പോയേള്ളോ."

"വിജയത്തിനെത്ര കുട്ട്യോളാ?."

"അവൾക്ക് രണ്ട്. മൂത്തത് പത്തിലായി. താഴേള്ളോള് നാൽല്. മൂന്നാമത് വിശേഷോണ്ട്."

"നിർത്താറായില്ല്യേ?."

"ദുങ്കുടി രണ്ടും രണ്ടോടത്തായാ നിർത്ത്വാന്നാ തീരുമാനം."

"മതി. മ്മടെ പോലത്ത്യല്ല ഇപ്ലത്തെ കാലം."

"അതന്നേട്ത്യേമ്മേ!."

അങ്ങിനെ സംസാരിച്ച് കുറെ കഴിഞ്ഞപ്പോൾ അമ്മ പറഞ്ഞു:

"ന്നാ ഞാൻ എറങ്ങണില്ല്യ തങ്കേ. ചെന്ന്ട്ട് പണീണ്ട്. "

"അയ്യോ ഏട്ത്യേമ്മേ. കാപ്പി കുടിച്ച്ട്ട് പോയാ മതി ഏട്ത്യേമ്മേ. ഒരു കാപ്പി കുടിക്കാണ്ട് പോയാങ്ങന്യാ ഏട്ത്യേമ്മേ!. ഡേ... വിജയേ..."

അമ്മ വീണ്ടും ഇരുന്നു. വാതം, കഫം, കാലു പൊളിച്ചൽ, തണ്ടൽ വേദന, പാലിന്റെ വില ഇത്യാദി വിശേഷങ്ങൾ അനുഷ്ഠാനപരമായി കൈമാറി നേരമേറെ ചെന്നിട്ടും ഏട്ത്യേമ്മേടെ കാപ്പി കോഴിയുടെ മുലയായി. നാത്തൂന്റെ വാക്കല്ലാതെ ഭൌതിക രൂപത്തിൽ വിജയവും കാപ്പിയും വരുന്ന കാണുന്നില്ല.

"കാപ്പി കുടിച്ച് പൂവാം എട്ത്യേമ്മേ " മൂന്നാമത് ഒന്നുകൂടി കഴിഞ്ഞു. അല്ല; അമ്മ ക്ഷമിച്ചു.

"ഉണ്ണ്യപ്പൻ വരാറില്ല്യേ ഏട്ത്യേമ്മേ?."

"ഉവ്വ്. അതേയ് തങ്കേ, ബാക്കി വിശേഷൊക്കെ പിന്നൊരിക്ക്യാവാം. ഞാനെറങ്ങ്വാ. വീട്ടില് നെല്ലൊണക്കാട്ട്ണ്ട്. ചെന്നട്ട് വേണം;"

"അയ്യോ എട്ത്യേമ്മേ. കാപ്പി കുടിച്ചില്ലിലോ എട്ത്യേമ്മേ. കാപ്പുടിച്ചിട്ട് പൂവാം എട്ത്യേമ്മേ!."

അമ്മയുടെ പരമാവധി അതായിരുന്നു.

"ന്നാ കിണ്ങ്ങാൻ നിക്കാണ്ട് പോയി കാപ്പി വെക്ക്യാങ്ങട്!. കാപ്പുടിക്കാം എട്ത്യേമ്മേ കാപ്പുടിക്കാം ഏട്ത്യേമ്മേ, വിജയേ കാപ്പിവെക്ക് ന്നൊക്കെ രാവിലെ തൊടങ്ങീതണലോ!. കാപ്പീം കാണാല്ല്യ വിജയത്തിനേം കാണാല്ല്യ. വേണ്ടാന്ന് പർഞ്ഞാ അതും സമ്മയ്ക്കില്ല്യ!. യ്യയ്യേ ദെന്ത് കൂത്താദ്!. ങ്ങനേണ്ടോ മൻഷ്യര്!. ബാക്കിള്ളോരെ നട്ടം തിരിക്കാൻ!."

തോറ്റോടുന്നവരെ പിന്തുടർന്ന് ദ്രോഹിക്കരുത് എന്ന യുദ്ധമര്യാദ പാലിക്കാനാവണം മരിക്കുന്നതുവരെ അമ്മ കഥാശേഷം നമ്മളോട് പറഞ്ഞില്ല.

"അത്രറിഞ്ഞാ മതീപ്പൊ!." പിന്നെ അപ്പീലില്ലായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ