2020 മാർച്ച് 14, ശനിയാഴ്‌ച

കായമൂപ്പ്



കായമൂപ്പ്

രണ്ടു മൂന്നു വർഷം മുമ്പാണ്‌.

ഭാര്യയുടെ പിറന്നാള്‍ ദിവസം ഉച്ചതിരിഞ്ഞു ഗുരുവായൂരിലേക്കുള്ള യാത്ര. ചൂണ്ടല്‍ പാടത്തെത്തിയപ്പോള്‍ ബസ്സിനുള്ളിൽ വലിയ ബഹളം. പത്തറുപതു വയസ്സു തോന്നിക്കുന്ന ഒരാള്‍ കണ്ടക്റ്ററുടെ മെക്കിട്ടു കയറുന്നു. സത്യന്‍ അന്തിക്കാടിന്റെ മുഖച്ഛായയുള്ള കണ്ടക്റ്റര്‍ അപൂർവ്വമാം വിധം സ്ഥിതപ്രജ്ഞനായിരുന്നു. കക്ഷത്തിരിക്കുന്ന ക്യാഷ് ബാഗിനുള്ളിലെ നാണയത്തുട്ടുകൾ പോലെ നാക്കിലും നല്ല നര്‍മ്മം കിലുങ്ങുന്ന രസികൻ.


തൃശ്ശൂരിലെ ശക്തന്‍ മാര്‍ക്കറ്റില്‍നിന്നും കായക്കച്ചവടം കഴിഞ്ഞു ലേശം മിനുങ്ങി ബസ്സില്‍ കയറിയതാണെന്നു തോന്നുന്നു മുതിര്‍ന്ന പൌരന്‍. ടിക്കറ്റെടുത്തു സൈഡിലെ കമ്പിയില്‍ തല ചായ്ച്ച് കൂര്‍ക്കം വലിച്ചുറങ്ങുമ്പോള്‍ കേച്ചേരിയെത്തിയാല്‍ കണ്ടക്റ്റര്‍ വിളിച്ചുണര്‍ത്തൂമെന്ന് ആശാന്‍ വല്ലാതെ പ്രതീക്ഷിച്ചിരുന്നുവത്രെ. താന്‍ മനസ്സില്‍ കണ്ടത് കണ്ടക്റ്റര്‍ പിടിച്ചുകൊടുത്തില്ലെന്നാണ് യാത്രിയുടെ ആക്ഷേപം.

"നിയ്യാളെ സൂപ്പാക്കീല്ലറാ!."

"അയ്യോ ചേട്ടാ സോറി, ഞാന്‍ മറന്നതാ!. വേണച്ചിട്ടല്ല!."

"നിയ്യ് കാശ് വാങ്ങാന്‍ മറന്നില്ലിലോ?."

"അയ് അതെന്തുട്ടു വര്‍ത്താനാ ചേട്ടാ!. കാശ് വാങ്ങീന്ന്ച്ചിട്ട് ബസ്സിക്കേറ്യോര്യൊക്കെ ഓര്‍ത്തു വിളിച്ചെറക്കാന്‍ എനിക്കു പറ്റ്വോ!."

ബാഗില്‍നിന്നും ഒരു പത്തു രൂപയെടുത്ത് നീട്ടിക്കൊണ്ട് കണ്ടക്റ്റര്‍ തുടര്‍ന്നു:

“ന്നാ ചേട്ടന്റെ പൈസ. ദാ അടുത്ത സ്റ്റോപ്പിലെറങ്ങി കേച്ചേരീല്‍ക്ക് തിരിച്ച് കേറിക്കോ. വെഷമല്ലിലോ?. ഇനി അതിലും ഇരുന്നൊറങ്ങി കൈപ്പറമ്പിലെറങ്ങണ്ട ട്ടാ!."

കേച്ചേരിക്കാരന്‍ രൂപ വാങ്ങി ഫുട്ബോഡില്‍ നിന്നുകൊണ്ട് കണ്ടക്റ്ററെ തുറിച്ചു നോക്കി ദഹിപ്പിച്ചു:

"വേണ്ട്ര, വേണ്ട്ര.... വെളഞ്ഞ കണ്ടത്തില്‍ക്ക് തേവണ്ട്രാ നിയ്യ്!. നോക്ക്യേ, നിയ്യ് വല്ല്യേ ആളായീന്നൊന്നും വിചാരിക്കണ്ട ട്ടാ!. നെനക്ക്ള്ളതൊക്കേയ് എനിക്കൂണ്ട്!. ശെകരം കൂട്യെങ്ങിലേള്ളോ!."

കണ്ടക്റ്റര്‍ പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു.

"അത്യാ!. ചേട്ടന് കൂടുതല്ണ്ട് ല്ലേ?. ഭാഗ്യവാന്‍!. നന്നാവട്ടേട്ടാ!. തൽക്കാലം ചേട്ടനെറങ്ങ്!."

കഥാനായകനെ ചൂണ്ടല്‍ കവലയില്‍ പ്രസവിച്ച് വണ്ടി നീങ്ങിയപ്പോള്‍ എനിക്കു മുന്നിലെ സീറ്റിലിരുന്നിരുന്ന രണ്ടു പേര്‍ തമ്മില്‍ പറഞ്ഞു:

"അയ്!. ശെന്താ കാര്‍ന്നോരടെ ചൊണ!."

"ഉം അതങ്ങന്യാ, നായ്ക്കൊര്‍ണക്കായക്ക് മൂക്കുംതോറും കടി കൂടും!."

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ