സമ്പ്രതി വാർത്താഹ ശ്രൂയന്താം
തൂവാനമടിച്ച് നനഞ്ഞു കിടന്ന സിറ്റൗട്ടിലെ ചവിട്ടി വഴുക്കി രാവിലെ ഇരിക്കക്കുത്താലെ ഒന്നു വീണു. വീഴ്ചയുടെ ഷോക്കിനിടയിലും ശ്രദ്ധ കൊടുത്തത് പതനം ആരെങ്കിലും കണ്ടുവോ എന്ന് നോക്കുന്നതിലാണ്. ഇല്ല, സർവ്വം ഭദ്രമെന്ന് ഉറപ്പിച്ച് എഴുന്നേറ്റിരുന്നു. ചന്തി, കാൽമുട്ട് എന്നീ പ്രദേശങ്ങളിലെ പരിക്കുകൾ അവഗണിക്കത്തക്കതാണ്. പക്ഷേ ഇടത്തേ റിസ്റ്റിലേത് ആദരവും പരിചരണവും ആവശ്യപ്പെടുന്നതായി തോന്നി. വേദനയേക്കാളേറെ മരവിപ്പാണ്.
ടൈഗർ ബാം പുരട്ടി ഭാര്യ പതുക്കെ തലോടി തന്നതിന്റെ തരിപ്പിൽ വേദന ലേശം കുറഞ്ഞതായി തോന്നി. എങ്കിൽ അങ്ങിനെയങ്ങ് പോട്ടെ, കാര്യമാക്കണ്ട എന്നുവെച്ചു.
കഠിനമായ വേദനയിൽ ഉച്ചമയക്കം മുറിഞ്ഞപ്പോഴാണ് സംഗതി നിസ്സാരമല്ലെന്ന് മനസ്സിലായത്. മണിബന്ധത്തിൽ തരക്കേടില്ലാത്ത നീരുകൂടി കണ്ടപ്പോൾ താമസിച്ചില്ല, ഭാര്യയുമൊത്ത് വെള്ളിമൂങ്ങ വിളിച്ചിറങ്ങി. അമല ആശുപത്രിയിലേക്ക്. പോകുന്ന വഴിയിൽ വായനശാലക്ക് മുമ്പിൽ പാർക്ക് ചെയ്തിരിക്കുന്ന ആക്റ്റീവ കണ്ടു. സ്കൂട്ടർ എന്റേതാണെന്നും തലേ ദിവസം വൈകീട്ട് പാർക്ക് ചെയ്തത് എടുക്കാൻ മറന്നിരിക്കുന്നുവെന്നും മനസ്സിലാക്കി.
ആശുപത്രിയിലെത്തി കാഷ്വാലിറ്റിയിൽ രജിസ്റ്റർ ചെയ്തു. യുവതിയായ അറ്റൻഡർ അടുത്തുള്ള നിരീക്ഷണക്കട്ടിലിൽ കൊണ്ടിരുത്തി. ഒരു ഹൌസ് സർജൻ വന്ന് ഞെക്കിയും തട്ടിയും വിരലുകൾ പിടിച്ചു വലിച്ചും വേദനയുടെ പ്രഭവകേന്ദ്രം കണ്ടെത്തി. ശേഷം ദേഹാരോഗ്യത്തിന്റെയും ഔഷധച്ചൊരുക്കിന്റേയും പുരാരേഖകൾ ചോദിച്ചു വാങ്ങി. അതിനു പിന്നാലെ ആചാര സംരക്ഷണാർത്ഥം മൂന്നു നാലു വിദ്യാർത്ഥിനികൾ അടുത്തുവന്ന് ക്ഷേമാന്വേഷണം നടത്തി കുണുങ്ങി ചിരിച്ചുകൊണ്ട് മടങ്ങി.
"കാര്യമായ കുഴപ്പമില്ല. നമുക്ക് ഒരെക്സ്റേ എടുത്തു നോക്കാം. എന്താ?."
ഡോക്ടർ.
ഡോക്ടർ.
"ആയിക്കോട്ടെ."
പോരുമ്പോഴേ ഭയപ്പെട്ടതു സംഭവിക്കാൻ പിന്നെ വൈകിയില്ല. മുന്നിൽ വീൽ ചെയറുമായി യുവതിയായ അറ്റൻഡർ!.
"ങ്ങട് ഇരുന്നോളോ." അറ്റൻഡർ.
"എക്സ്റേ റൂമിലേക്കല്ലേ സിസ്റ്ററേ, ഞാൻ നടന്നോളാം."
"അയ്യോ അതു പറ്റില്ല സർ!."
"ഞാൻ ഇവടക്ക് നടന്നാ വന്നത്."
"അതു പറഞ്ഞാ പറ്റില്ല്യ; നിയമാ!. "
രക്ഷയില്ല. കസേരയിൽ ലാബിലേക്കുരുളുന്ന വഴി രോഗി മുഖം താഴ്ത്തിയിരിക്കുന്നതു കണ്ടപ്പോൾ അറ്റൻഡർ ചോദിച്ചു
"എന്താ സർ വല്ല വെഷമോം തോന്ന്ണ്ടാ?."
"ഒന്നൂല്ല്യ; ഒരു തോർത്തുമുണ്ട് കിട്ടുമോ?."
"എന്തിനാ?. വെയർക്ക്ണ്ടാ?."
"ഏയ്, തലയലിടാനാ പരിചയക്കാര് കണ്ടാ....!."
"സാറ് ഭയങ്കര കോമഡ്യണലോ ചേച്ച്യേ?."
രസികത്തി അറ്റൻഡറോടൊപ്പം ഭാര്യയും നിറഞ്ഞു ചിരിച്ചു.
എക്സ്റേ റൂമിലേക്കുള്ള വാതിൽ തള്ളി തുറന്ന് പ്രവേശിക്കുന്നതിനിടയിലാണ് വിളി കേട്ടത്.
" ബാലേട്ടാ!. "
ഒരു നോട്ടത്തിനുള്ള സമയമേ കിട്ടിയുള്ളു. നാട്ടുവാർത്തകളുടെ സമ്പാദകനും പ്രചാരകനുമായ പരിചയക്കാരൻ യുവാവ് ഓടി വരുന്നു. എനിക്ക് പ്രതികരിക്കാൻ ഇട കിട്ടുന്നതിനു മുമ്പ് പിന്നിൽ വാതിലടഞ്ഞു.
ചതിച്ചു!. വള്ളിച്ചെരിപ്പടിച്ച് ഓടി വന്ന അന്വേഷകന്റെ മുമ്പിൽ വിശദ വിവരങ്ങളുടെ വാതിലാണടഞ്ഞത്. അയാൾ പണി തുടങ്ങുവാനും എനിക്കു പണി കിട്ടുവാനും ഇനി നിമിഷങ്ങൾ മാത്രം!.
പരിക്ക് നിസ്സാരമായിരുന്നു. വെറുമൊരു റിസ്റ്റ് ബ്രേസിൽ ചികിത്സയൊതുക്കി ഡോക്ടർ. പക്ഷെ എക്സ്റേ റൂമിന്റെ വാതിൽക്കൽ വാർത്താവിതരണക്കാരന്റെ കണ്ടത്തിൽ വിതച്ച സസ്പെൻസ് ഇപ്പോൾ നല്ല വിളവിൽ കൊയ്തുകൊണ്ടിരിക്കുന്നു....
"ബാലന്ദ്രൻ ആസ്പത്രീലാത്രേ!."
"അയ്യോ എന്തേ പറ്റീത്?"
"അറീല്ല്യ; സീരിയസ്സാന്ന് കേട്ടു. വീൽചെയർല് കൊണ്ടോണത് കണ്ടോര്ണ്ട്!. കൂടുതലൊന്ന്വറീല്ല്യ!."
"അയ്യയ്യോ!. ഏതാസ്‌പ്ത്രീലാ?."
"അമലേല്!. "
"ഈശ്വരാ....!."
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ