പകല്‍വെളിച്ചം
"ഒരുപകാരം ചെയ്തതാടോ. അതിങ്ങനെ പുലിവാലാവുന്ന് വിചാരിച്ചില്ല്യ!."
നമ്പൂരി മാഷ് സംഭവം വിവരിച്ചു തുടങ്ങി.
“രാവിലെ ഒരു പത്തു മണിക്ക് സ്കൂട്ടറെടുത്ത് തൃശ്ശൂര്ക്ക് പൊറപ്പെട്ടതാ ഞാൻ. ജസ്റ്റ് പേരാമംഗലം പോലീസ് സ്റ്റേഷന്‍ കടന്നപ്പോ എതിരേന്ന് ഹെഡ് ലൈറ്റിട്ട് ഒരാള്‍ സ്കൂട്ടറോടിച്ച് വരണ കണ്ടു. എടക്ക് എനിക്കും അറിയാണ്ടങ്ങനെ പറ്റാറുണ്ട്. എതിരേന്ന് വരണാള് വലത്തെ കൈപ്പത്തി വിരിച്ച് വിരലുകള്‍ കൂര്‍പ്പിച്ചും നിവര്‍ത്തീം കാണിക്കുമ്പളാ അറ്യാ മ്മടെ ലൈറ്റ് ഓണാണ്ന്ന്. അതുപോലൊന്ന് ആരേങ്കിലും സഹായിക്കണന്ന് കൊറേ നാളായി ഞാനും മോഹിച്ച് നടക്ക്വാര്‍ന്നു.”
കുമ്പിട്ട് ഉടുത്ത മുണ്ടിന്‍റെ കോന്തലയുയര്‍ത്തി മുഖം തുടക്കാനായി മാഷ് ഒന്നു നിര്‍ത്തി.
"അയ് അപ്പൊ മാഷേ ഇപ്പൊ ടൂ വീലറുകള് പകലും ലൈറ്റ് കത്തിച്ചോടിക്കണം ന്നല്ലേ?."
"ഇക്കതറീണ്ടാർന്നില്ലിടോ. അറീച്ചാ ഈ കളിക്ക് ഒരുമ്പെടില്ലിലോ?."
“എന്നിട്ടെന്തേണ്ടായേ?.”
ഞാന്‍ ചോദിച്ചു.
“ഇത്തരം മുഹൂര്‍ത്തങ്ങളില് നടപ്പുള്ള ആ കൈമുദ്ര ഞാനും കാണിച്ചു. അടുത്തെത്തീപ്ലാ ഹെല്‍മറ്റ് വെച്ച് ഓടിക്കുന്നയാള്‍ സ്ത്രീയാണെന്ന് മനസ്സിലായീത്. ഒന്നും പറേണ്ടടോ; അവര് ലൈറ്റ് ഓഫാക്കീല്ല്യാന്ന് മാത്രല്ല വണ്ടി സ്ലോ ആക്കീട്ട് എന്‍റടുത്തൂടി കടന്നുപോവുമ്പോ രണ്ടു വാക്ക് പറേം ചീതു. പറഞ്ഞത് ഇപ്പളും ഓര്‍ക്ക്വയ്യ!.വണ്ടി നിര്‍ത്തി തിരിഞ്ഞു നോക്കി അവര് പോലീസ് സ്റ്റേഷനിലിക്ക് തിര്യേണില്ല്യാന്ന് ഒറപ്പാക്കീട്ടെ ഞാന്‍ പോയുള്ളൂ!.”
“അയ് എന്താ മാഷേ അവര് പറഞ്ഞേ?”
എനിക്ക് ആകാംക്ഷയായി!.
എന്‍റെ മുഖത്ത് നോക്കാന്‍ ശക്തിയില്ലാതെയാവാം മാഷ് കീഴോട്ട് നോക്കി പറഞ്ഞു.
"പ്ഫ പട്ടീ! തനിക്കെന്തിന്റെ കേടാണ്ടോന്ന്!."
“അയ്യയ്യോ....!. ദെന്താ മാഷേദ്?. അവര്‍ക്ക് വട്ട്ണ്ടാ!."
എനിക്കതിശയം തോന്നി. തന്നെ സഹായിച്ചയാളോട് ഒരു സ്ത്രീ!.
"അതൊന്ന്വാവില്ലിടോ."
"പിന്നെ?."
" ആ കൈപ്രയോഗാ പെഴച്ചേന്നു തോന്നുണു. കൈവിരലോള് കൂര്‍പ്പിച്ചും നീര്‍ത്തീം കൂര്‍പ്പിച്ചും നീര്‍ത്തീള്ള സിഗ്നല്‍ നമ്പ്രദായൊന്നും ആ സ്ത്രീക്ക് പരിചയണ്ടാവില്ല്യേരിക്കും. അവര് തെറ്റിദ്ധരിച്ചു കാണാനേ തരള്ളു!."
“അത് ശര്യാണല്ലോ മാഷേ!."
മാഷ് പറഞ്ഞതിന്‍റെ ഹെഡ് ലൈറ്റ് കത്തിയപ്പോള്‍ ഒരുള്‍ക്കിടിലത്തോടെ ഞാനോര്‍ത്തു:
“ദൈവമേ ഇങ്ങിനെ എത്രയെത്ര പേരെ ഞാനും സഹായിച്ചിരിക്കുന്നു!.”
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ