റഫറൻസ്
"എന്തായാലും നാരായണൻ സുഹൃത്തിനോട് ഒന്നന്വേഷിക്കു. എനിക്ക് വേറാരൂല്ല്യ സഹായത്തിനായിട്ട്."
"ഒഫ് കോഴ്സ് ഹരിദാസ്. ഞാനിന്നു തന്നെ അന്വേഷിച്ചു വിവരം പറയാം."
''താങ്ക്സ്!."
"ഓക്കേ."
സഹപ്രവർത്തകനായിരുന്ന സുഹൃത്ത് തന്റെ മരുമകളുടെ മകൾക്ക് വന്ന ആലോചനയിലെ ചെക്കന്റെ സ്വഭാവ ഗുണമറിയാൻ വിളിച്ചതാണ് നാരായണനെ. എവിടെ നിന്നോ നാട്ടിൽ വന്നു സെറ്റിലായിട്ടുള്ള കുടുംബത്തിലെ ചെക്കനെക്കുറിച്ച് നാരായണന് ഒരു പിടിപാടുമില്ല. പക്ഷെ നാട്ടിൽ തന്റെ ഒരു സുഹൃത്ത് വിജയന്റെ പരിചയക്കാരാണ് കൂട്ടരെന്നും അയാൾക്ക് അവരെക്കുറിച്ച് അറിയാം എന്നുമുള്ള ധാരണക്കു പുറത്താണ് അയാളോടന്വേഷിച്ചു പറയാം എന്ന വാക്ക് ഹരിദാസിന് കൊടുത്തത്. വിവാഹാലോചനയൊക്കെ അല്ലെ; തന്നാൽ കഴിയുന്ന പ്രകാരം ചെയ്തു കളയാം. നാരായണൻ ഉടൻ തന്നെ സുഹൃത്തിനെ വിളിച്ചു.
"ഹലോ എന്താ നാരേണാ രാവില്യന്നെ?.''
"ഒന്നൂല്യ വിജിയാ ഞാനൊരു കാര്യറിയാൻ വിളിച്ചതാ."
"എന്താദ് പറയൂ."
"നിങ്ങൾടെ വീടിന്റെ പിന്നില് താമസിക്കണ ഒരു കൂട്ടരില്ല്യേ എന്തോ രാമചന്ദ്രനോ രാമകൃഷ്ണനോ .... മറ്റോ?."
''ഉവ്വ്, രാമചന്ദ്രൻ. എക്സാ. എന്താ കാര്യം?."
"അയാൾടെ മകനുണ്ടല്ലോ ഒരു ....; "
"രൂപേഷ്."
"യെസ് രൂപേഷ്. എന്തായാൾക്ക് ജോലി?."
"മെഡിക്കൽ റെപ്പാണ്."
"യെസ് യെസ് അതന്നെ. എന്റെ പഴേ ഓഫീസ് കൊളീഗിന്റെ മരുമോൾക്ക് അയാൾടൊരു കല്യാണാലോചന ചെന്നണ്ട്. സുഹൃത്തെന്നെ കൊറച്ച് മുമ്പ് വിളിച്ചിരുന്നു. ഒന്നന്വേഷിക്കാൻ പറഞ്ഞട്ട്. അവര് നാട്ടില് വന്നട്ട് നാലഞ്ച് കൊല്ലായീച്ചാലും എനിക്ക് യാതൊരു പരിചയോല്ല്യ. തനിക്കറിയാലോ അവരെപ്പറ്റി?. അയലക്കല്ലെ?."
"ആ നെലക്ക്ളള പരിചയല്ല്യായേല്ല്യ."
"അപ്പ തനിക്കറ്യാലോ അത് മതീ. എങ്ങന്യാ പയ്യൻ തരം?."
"സ്വഭാവാവും ചോദിക്കണത്?."
"അതെ."
"നാരേണാ വെഷമം വിചാരിക്കര്ത്. സ്വഭാവ സർട്ടിഫിക്കറ്റ് കൊടുക്കല് നിർത്തി.''
"അയ് എന്താടോദ്!."
''അതേന്നേയ്, ആ പണി നിർത്തി."
"ചേതല്ല്യാത്ത ഉപകാരല്ലടോ?. എനിക്കറ്യാത്തോണ്ടല്ലേ തന്നോട് ചോദിച്ചേ."
"ചേതണ്ടടോ. ചേതണ്ട്!. നല്ലതായാലും ചീത്ത്യായാലും നാട്ടാരെപ്പറ്റീള്ള അഭിപ്രായ ശേഖരണോം വിതരണോം ഇപ്പൊ പതിവില്ല്യ."
"എന്താ വിജയാ താനിങ്ങന്യൊക്കെ പറേണേ?."
"അതങ്ങന്യാടോ!. അനുഭവം ഗുരു. ഇതുപോലെ ഒരു കല്ല്യാണക്കേസില് റഫറ്യായീതാ ഒരിക്കെ. വേറാർക്ക്വല്ല; ഭാര്യേടെ അമ്മാമന്റെ മോൾക്ക്. പയ്യൻ ഓഫീസിലെ സുഹൃത്തിന്റെ മകൻ. കാണാൻ നല്ല ചെക്കൻ. സൌമ്യപ്രകൃതം. വെല്ലോഫായ ഡീസന്റ് ഫാമിലി. അമ്മ ഓഫീസ് സൂപ്രണ്ട്, അച്ഛൻ ഡെപൂട്ടി താസിൽദാറ്. സംശയൊന്നൂണ്ടായില്ല്യ ഞാൻ എക്സലന്റ് റിപ്പോർട്ട് കൊടുത്തു. കല്ല്യാണോം നടന്നു. പക്ഷേ ആ റിപ്പോർട്ട് പിടിപ്പിച്ച പുലീടെ വാല് ഇപ്പഴും എന്റെ കയ്യിലിരിപ്പാ!. "
''എന്താദ്?."
"ചെക്കൻ പൂര ഡ്രഗ്ഗാന്ന്!."
"അയ്യയ്യോ!."
"അതേടോ!. മ്മള് പൊറത്തക്ക് കാണണ പോല്യൊന്ന്വല്ല മൻഷ്യര്. "
"ഞാനത്രക്കാലോചിച്ചില്ല്യാട്ടാ വിജയാ!."
"ങ്ഹാ ആലോചിക്കണം. നല്ലോണാലോചിക്കണം!.''
"ഒഫ് കോഴ്സ്!. താങ്ക്യൂ വിജയാ, താങ്ക്യൂ താങ്ക്യൂ!."
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ