ഗ്യാരണ്ടി
വേദന തിന്ന് തിന്ന് അവശമായപ്പോൾ തിരുമാനിച്ചു താഴെ ഇടത്തെ വരിയിലെ കടപ്പല്ല് എടുത്തു കളയണം. ഇനിയും അവനെ വെച്ചിരിക്കാൻ വയ്യ!. പക്ഷേ സൂക്ഷിക്കണം ആൻ്റി പ്ലേറ്റ്ലെറ്റ് ഗുളിക കഴിക്കുന്നുണ്ട്. രണ്ടുമൂന്നു വർഷം മുമ്പ് ആഞ്ജിയോപ്ലാസ്റ്റി കഴിഞ്ഞതാ. ബ്ലീഡിങ് റിസ്‌കുണ്ട്. കത്തിയോ സൂചിയോ കൊണ്ടാൽ തന്നെ ശീങ്ങ് ശീങ്ങ് ന്നാണ് ചോര ചീറ്റുക. അപ്പൊ പിന്നെ പല്ലെടുത്താലുള്ള കാര്യം പറയാനുണ്ടോ? വല്ലാത്ത ടെൻഷനു മായാണ് ഡെൻ്റിസ്റ്റിനെ കണ്ടത്.
"ഇരിക്കൂ."
ഡെൻ്റൽ ചെയർ ചൂണ്ടി ഡോക്ടർ പറഞ്ഞു. തൊട്ടടുത്ത സ്റ്റൂളിലിരുന്ന് കൈകളിൽ ഗ്ലൌസിട്ടുകൊണ്ടിരി ക്കുമ്പോൾ അദ്ദേഹം ചോദിച്ചു:
"എന്താ പ്രശ്നം?'
"ലോവർ ലെഫ്റ്റ് വിസ്ഡം ടൂത്ത് വല്ലാണ്ടായിരിക്കുന്നു എടുക്കണം."
"കാണട്ടെ വാ തുറക്കൂ!."
ലൈറ്റ് ഓണാക്കി ശിരസ്സിൽ കൈ വെച്ചുകൊണ്ട് ഡോക്ടർ തട്ടിയും മുട്ടിയും കുത്തിയും വേദന ചോദിച്ചും പരിശോധിച്ചു.
"പൂർണ്ണമായും കേടായിട്ടുണ്ട്. നോ സ്കോപ് ഫോർ റൂട്ട് കെനാൽ. എക്സ്ട്രാക്ഷൻ തന്നെ വേണ്ടി വരും."
"അങ്ങനെ ആയിക്കോട്ടെ സർ, പക്ഷേ..."
"പറയൂ."
"മൂന്നു കൊല്ലം മുമ്പ് ആഞ്ജിയോ കഴിഞ്ഞതാണ്. സ്റ്റിൽ ടേക്കിങ്ങ്..."
"ക്ലോപിഡോഗ്രൽ?"
ഹൃദയമിടിപ്പ് കൂടി.
"യെസ്."
"സോ വാട്ട്?."
"അത് കൊറച്ച് ദിവസം നിർത്തണ്ടി വരില്ലെ?"
"വേണ്ട!"
"സർ?"
"അതിൻ്റെ ആവശ്യല്ല്യ, ഞാൻ ചെയ്യാറില്ല!"
"അപ്പൊ ബ്ലീഡിങ്?"
"അതിനൊക്കെ മാർഗ്ഗങ്ങളുണ്ട്."
"അപ്പൊ നിർത്തണ്ട?."
'മെഡിസിൻ നിർത്തി ചെയ്യുന്നതി നേക്കാൾ റിസ്ക്ക് കുറവ് നിർത്താതെ ചെയ്യുന്നതിലാണ്. ധൈര്യായിട്ടിരിക്കു സർ, എന്താദ്! എന്നാ തൊടങ്ങാം?.
"ശരി സർ!"
തരിപ്പിക്കലും കുത്തിയിളക്കലും പറിച്ചെടുക്കലും സ്റ്റിച്ചിടലും കഴിഞ്ഞ് വശങ്ങളിലും മുകളിലും പഞ്ഞി പാക്ക് ചെയ്തുകൊണ്ട് ഡോക്ടർ പറഞ്ഞു:
"നന്നായി കടിച്ചു പിടിക്കണം. മൂന്നു മണിക്കൂർ സമയം തുപ്പരുത്. ഒരു മണിക്കൂർ കഴിഞ്ഞാൽ പഞ്ഞി എടുത്തു കളയാം. ഐസ്ക്രീമോ തണുത്ത എന്തെങ്കിലുമോ കഴിക്കാം. വായ കഴുകി സൈഡിലൂടെ ഒഴുക്കി കളയണം. സ്ക്വീസ് ചെയ്യരുത്!."
"പഞ്ഞിയെടുത്താൽ പുതിയത് വെക്കണോ?"
"വേണ്ട, ബ്ലീഡിങ്ങ് ഇല്ല. നോർമലാ. പിന്നെ, നീരുണ്ടാവും ഇടക്കിടക്ക് ഐസ് പാക്ക് വെക്കാം. ഒരാഴ്ച കഴിഞ്ഞ് സ്റ്റിച്ചെടുക്കാം. ഈ നാലു ഗുളികകൾ വീട്ടിൽ ചെന്ന് കഴിച്ചു തുടങ്ങിക്കോളൂ"
എഴുതി നീട്ടിയ പ്രിസ്‌കിപ്ഷൻ വാങ്ങുമ്പോൾ ഡോക്‌ടർ മുഖത്തു നോക്കി പുഞ്ചിരിച്ചു കണ്ണിറുക്കി:
"ഇത്രേള്ളൂന്ന്!."
"താങ്ക്യൂ സർ!"
വാതിൽ തുറന്നു പുറത്തു കടക്കുമ്പോൾ സ്വയം പറഞ്ഞു: പിന്നല്ല!
See less
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ