വാഗീശ്വരി
ദ്രവിച്ച് ശൌര്യം ചോർന്ന അണപ്പല്ല് എടുത്തു കളയാൻ ആശുപത്രിയിലേക്ക് സ്കൂട്ടറിൽ പോകുമ്പോൾ ഇടയ്ക്കൊന്ന് പെട്രോൾ ഇൻഡി ക്കേറ്ററിൽ കണ്ണുടക്കി. അവസാ നത്തെ കട്ടയും അലിഞ്ഞില്ലാതാ വാൻ പോകുന്നു. ഹൈവേയിൽ അടുത്തു കണ്ട പെട്രോൾ പമ്പിൽ കയറിയപ്പോഴാണ് ഓർത്തത് പഴ്സെ ടുക്കാൻ മറന്നിരിക്കുന്നു! ജീപേ ചെയ്യാൻ നോക്കിയ പല അവസര ങ്ങളിലും ഡാറ്റ ചതിച്ച് നാണം കെട്ടിട്ടുണ്ട്. അതിനാൽ സംഭവം നല്ല ഉറപ്പാക്കിയിട്ട് മതി പെട്രോളടിക്കൽ എന്നു തീരുമാനിച്ച് സ്കൂട്ടർ സ്റ്റാൻ്റിലിട്ടു. പമ്പിൽ വേറെ ആരുമില്ല ഞാൻ മാത്രമേയുള്ളു. കാരണം വിശദീകരിച്ച് ജിപേ ചെയ്തിട്ട് മതി പെട്രോളടി എന്ന് പമ്പുമായി സ്കൂട്ടറിനരികിൽ വന്ന പെൺകുട്ടിയോട് പറഞ്ഞപ്പോൾ അവർ യന്ത്രം തുറന്ന് ക്യൂ ആർ സ്കാനറെടുത്തു കാണിച്ചു. പേമെൻ്റ് കഴിഞ്ഞ് ഫ്യുവൽ ടാങ്ക് തുറക്കാൻ നോക്കുമ്പോൾ ഒരു ബുള്ളറ്റ് പിന്നിൽ വന്നു നിന്നു. ടാങ്ക് തുറക്കാൻ താമസം നേരിട്ടപ്പോൾ ഡിസ്പെൻസിങ്ങ് യൂണിറ്റിൽ വിരലമർത്താൻ തുടങ്ങിയ സർവീസ് ഗേളിനോട് ഞാൻ പറഞ്ഞു
"മേഡം, അവിടെ കൊടുത്തോളൂ."
ബുള്ളറ്റിൽ അടി കഴിഞ്ഞപ്പോൾ ഡിസ്പെൻസിങ് യൂണിറ്റിൽ എൻ്റെ ഡിമാൻ്റ് സെറ്റ് ചെയ്ത് യുവതിഎൻ്റെ സ്കൂട്ടറിലേക്ക് പമ്പുമായി വന്നത് ബുള്ളറ്റ് വീരന് ഇഷ്ടമായില്ല. അയാൾ അവരോട് ഈർഷ്യയോടെ പറഞ്ഞു:
"എനിക്ക് ബില്ല് വേണം!"
സർവീസ് ഗേൾ അയാൾക്കു നേരെ തിരിഞ്ഞു :
"നിക്ക് ചേട്ടാ ഞാനിവടെ ചെയ്യണത് കണ്ടില്ല്യേ?"
"എന്നേവടെ പാത്യാക്കി നിർത്തീട്ടാ?"
"ഈ സാറിനെ പാത്യാക്കീട്ടല്ലേ ചേട്ടാ ആ പാതി ചെയ്തത്? അതെന്താ കാണാത്ത്?"
"അതെനിക്ക് കാണണ്ടാവശ്യല്ല്യ."
"ന്നാ എനിക്ക് കാണണം. ഈ സാറിൻ്റെ പാതി മര്യാദെങ്കിലും കാണിക്ക് ചേട്ടൻ!"
ഹൈവേയിലെ തിരക്കിലേക്ക് സ്കൂട്ടർ അണി ചേർക്കുമ്പോൾ മനസ്സൊന്നു കുളിർത്തു.
അത്യാവശ്യം മര്യാദയൊക്കെ തർക്ക രൂപത്തിലും അവശേഷിക്കുന്നുണ്ട് ഈ ലോകത്ത്!
See less
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ