2012, ഡിസംബർ 15, ശനിയാഴ്‌ച

ലോനപ്പേട്ടന്‍റെ പീയെന്‍ബി


ലോനപ്പേട്ടന്‍റെ പീയെന്‍ബി




അരിയങ്ങാടിയിലെ പലചരക്ക് മൊത്തവ്യാപാരക്കടയിലെ അസിസ്റ്റന്‍റ് ലോനപ്പേട്ടന്‍ അടച്ച പണം എണ്ണിക്കൊണ്ടിരിക്കുമ്പോള്‍ കൌണ്ടറിനപ്പുറം അണ്ണാമല യൂണിവേഴ്സിറ്റിയിലേക്ക് ഡ്രാഫ്‌റ്റിന് പണമടക്കാന്‍ വന്നു ക്യൂവില്‍ നില്‍ക്കുന്ന രണ്ടു വിദ്യാര്‍ഥികള്‍ നേരം കൊല്ലാന്‍ ക്വിസ് കളിക്കുന്നത് കേട്ടു. 


എസ്‌. ബീ. ഐ. എന്ന് പറഞ്ഞാല്‍ ഫുള്‍ ഫോം എന്താടാ  ? 


സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ



സീ. ബീ. ഐയോ? 



സെന്‍ട്രല്‍ ബ്യുറോ ഓഫ് ഇന്‍വെസ്ടിഗേഷന്‍ .


തെറ്റി. കടം ഒന്ന്.! സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ .

പള്ളീല് പറഞ്ഞാ മതി!. അത് ഇവര് ബാങ്കുകാര്‍ക്ക്.

ഓക്കേ, സമ്മതിച്ചു. എസ്‌. എം. ജീ. ബീ ന്ന്ച്ചാലോ? 

സൌത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്ക് .

ഗുഡ് !. അപ്പൊ ഐ സീ ഐ സീ ഐ ബാങ്കോ?

വേറെ ആളെ നോക്ക് ട്ടാ ഗഡീ! . ഇന്റസ്ട്രിയല്‍ ക്രെഡിറ്റ്‌ ആന്‍ഡ്‌ ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ബാങ്ക്.

എന്റമ്മേ! നീയ് പുല്യാണലോ ഗഡീ...ഇതൊക്കെങ്ങനെ സാധിച്ചു ?

വായിക്കണം. പേപ്പറും പുസ്തകോം വല്ലപ്പഴും വായിക്കണം !. 

ശരി. ഇനി അവസാന ചോദ്യം. ആലോചിച്ചിട്ട്‌ വേണം ഉത്തരം പറയാന്‍. 

നീയ് ചോദ്യം ചോദിക്ക് ബ്രോ!

സ്റ്റേറ്റ് ബാങ്ക് കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവും അധികം ബ്രാഞ്ച്കളുള്ള ബാങ്കാണ് പീ. എന്‍ .ബീ . ആ പീയെന്‍ബി ഒന്നു നീട്ടിപ്പിടിച്ചേ !.

പിള്ളേരുടെ സമയംകൊല്ലിക്കളി സാകൂതം ശ്രദ്ധിച്ചുകൊണ്ടിരുന്ന ലോനപ്പേട്ടന്‍ ആവേശപൂര്‍വം ചാടിക്കയറി പറഞ്ഞു.

" ഞാന്‍ പറയാം. പഴേ നെടുങ്ങാടി ബാങ്ക് !."

".......!?!"

പണമടച്ച രസീതിയും വാങ്ങി തങ്ങളെ നോക്കി മുറുക്കാന്‍കറ പിടിച്ച പല്ലുകള്‍ കാട്ടി ചിരിച്ചുകൊണ്ടു നടന്നു നീങ്ങിയ ലോനപ്പേട്ടനെ പിള്ളേര് അന്തം വിട്ടു നോക്കി നിന്നു...! 









                                                                       **********----------------------------------------------------------------------------------------------------------------------------------
പൊതുവിജ്ഞാനത്തില്‍ ലോനപ്പേട്ടന്റെ റേഞ്ച് ഇല്ലാത്തവര്‍ക്ക്‌ ഇതാ ഒരു 'കുളു ' :-
മലയാളത്തിലെ ആദ്യത്തെ നോവല്‍ 'കുന്ദലത ' എഴുതിയ അപ്പു നെടുങ്ങാടി 1899 ല്‍ കോഴിക്കോട്ട് സ്ഥാപിച്ച ദക്ഷിണേന്ത്യയിലെ ആദ്യത്തെ സ്വകാര്യ കമേഴ്സ്യല്‍ ബാങ്കായ നെടുങ്ങാടി ബാങ്ക് 2003 ല്‍ പീ. എന്‍ .ബീ (പഞ്ചാബ് നാഷണല്‍ ബാങ്ക് ) ഏറ്റെടുത്തു!!

2012, നവംബർ 25, ഞായറാഴ്‌ച

കാളിയമര്‍ദ്ദനം



കാളിയമര്‍ദ്ദനം 


ഔദ്യോഗികാവശ്യത്തിന്‌   ഒരു   ദിവസം   എറണാകുളത്തേക്ക്   പോയ  കൂട്ടത്തില്‍ ഇടപ്പള്ളിയിലുള്ള ചേട്ടന്റെ വീട്ടിലേയ്ക്ക് പോകാനായി ഒരു സ്വകാര്യ ബസ്സില്‍ കയറി. വൈകുന്നേരമായതുകൊണ്ടു ബസ്സില്‍ നല്ല തിരക്ക്.   കണ്ടക്ട്ടറും  കിളിയും  കൂടി  മുന്നില്‍നിന്നും പിന്നില്‍നിന്നും   തള്ളിയമര്‍ത്തി   പാക്കിംഗ് കഴിഞ്ഞപ്പോള്‍   അക്ഷരാര്‍ഥത്തില്‍   എനിക്ക് കാലു  കുത്താന്‍  ഇടമില്ല.   ബ്രേക്ക്‌  അമര്‍ത്തിച്ചവിട്ടി ഡ്രൈവര്‍  ബസ്സിന്നകം   ഒന്ന്  കുലുക്കി അമര്‍ത്തിയപ്പോള്‍   കാല്  നിലത്തു  കുത്താന്‍ ഇട കിട്ടി. .      അപ്പോഴാണ്‌   എനിക്കഭിമുഖമായി ശ്വാസം    പരസ്പരം    മുഖത്തു തട്ടുന്നവിധത്തില്‍  എന്നോട്  ഒട്ടിച്ചേര്‍ന്നുകൊണ്ട് ഒരാൾ നില്‍ക്കുന്നത് കണ്ടത്.!.  സര്‍വശക്തനും സര്‍വവ്യാപിയുമായ  കിളിയുടെ കരവിരുത് ! അടക്കിയൊതുക്കല്‍ കഴിഞ്ഞപ്പോള്‍  സംഭവിച്ച   ഞങ്ങളുടെ   രണ്ടു   പേരുടെയും   'നിലപാടാ 'യിരുന്നു   അത് !   വല്ലാത്ത വിമ്മിഷ്ടവുമായി  ഞാനങ്ങിനെ  നില്‍ക്കുമ്പോള്‍  അയാള്‍  എന്നെ നോക്കി  സൌമ്യമായി  ചിരിച്ചു . ചിരകാല  പരിചയമുള്ള  ഒരളോടെന്ന  പോലെയുള്ള  അയാളുടെ നില്‍പ്പും  ഭാവവും കണ്ടപ്പോള്‍ ഞാന്‍ വല്ലാതായി.എനിക്കയാളെ   ഒരു   പരിചയവുമില്ല. പക്ഷെ അയാളുടെ സൗഹൃദം മുറ്റിയ ചിരി വിലയിരുത്തിയപ്പോള്‍ അയാള്‍ക്കെന്നെ നല്ല   പരിചയംപോലെയുണ്ടെന്നു    തോന്നി. ആ ഒരൌല്‍സുക്യത്തില്‍ ഞാന്‍ ധൈര്യം സംഭരിച്ചു ചോദിച്ചു :

" എന്നെ അറിയുമോ?"



പുഞ്ചിരിച്ചുകൊണ്ടുതന്നെ അയാള്‍ പ്രതിവചിച്ചു:

"ഇല്ല"


സംശയലേശമില്ലാത്ത അയാളുടെ മറുപടി എനിക്കത്രപിടിച്ചില്ല!   ചെറിയൊരു ഈര്‍ഷ്യയോടെ ഞാന്‍ വീണ്ടും ചോദിച്ചു:

" പിന്നെന്തിനാ നിങ്ങളെന്നെ നോക്കി ഇങ്ങനെ ചിരിക്കുന്നത്?"

" ഒന്നുമില്ല. വല്ലാതെ നോവുന്നു" അയാള്‍ വീണ്ടും പുഞ്ചിരിച്ചു.

" നോവുകയോ?"

" അതെ എനിക്ക് വല്ലാതെ നോവുന്നുണ്ട്!"

" എന്ത് നോവ്‌ ? നിങ്ങളെന്താണ്‌ പറയുന്നതെന്ന് എനിക്ക് മനസ്സിലാവുന്നില്ല."

" എന്റെ കാലു വല്ലാതെ വേദനിക്കുന്നു"

" അതിനു ഞാനെന്തു വേണം?" 

" അങ്ങ് മനസ്സിരുത്തിയാല്‍ അതിനു ശമനം കിട്ടും"

" മിസ്ടര്‍ നിങ്ങള്‍ക്കെന്താണ് വേണ്ടത്? കുറെ നേരമായല്ലോ! ആളെ കളിയാക്കുകയാണോ?"

" ഒരിക്കലുമല്ല . പക്ഷെ അങ്ങ് ഷൂസിട്ട് ചവിട്ടി നില്‍ക്കുന്നത് എന്റെ കാലിന്മേലാണ് !" 

പാമ്പിനെ      ചവിട്ടിയാലെന്നപോലെ     ഒരു   പിടച്ചിലോടെ     കാലെടുത്തു       സാധാരണ    നില    പുനസ്ഥാപിച്ചെടുക്കുമ്പോള്‍    പണ്ടൊരു   ചാക്യാര്‍കൂത്തിനിടയില്‍    കാളിയമര്‍ദ്ദകന്‍ കൃഷ്ണനെകളിയാക്കിക്കൊണ്ട്  ചാക്യാര്‍  പറഞ്ഞ  ഫലിതമാണ് പെട്ടെന്നെനിക്ക്  ഓര്‍മ  വന്നത്:

" അതേയ്  കൃഷ്ണന്‍  പാമ്പിനെ ചവിട്ടി നൃത്തം ചെയ്തൂന്നൊക്കെ പറേണതില് വല്ല്യേ കാര്യൊന്നൂല്ല്യ.

നാമൊന്നു ചോദിക്ക്യാ.....ഈ പാമ്പിനെ ചവിട്ട്യാ ആരാ നൃത്തം വെക്കാത്ത് !? "


ചവിട്ടിയരയ്ക്കുന്ന വേദനക്കിടയിലും ക്ഷമ കൈവിടാതെ അഭിജാതമായി പ്രതികരിച്ച ആ അജ്ഞാത  സുഹൃത്തിനോട്നന്ദി  പറയാതെ ചാക്യാര്‍ ഫലിതത്തില്‍ അഭിരമിച്ച മനസ്സിന്റെ  വികൃതിയെ ഞാന്‍ ശപിച്ചു ...



                                                      ********

2012, ഒക്‌ടോബർ 18, വ്യാഴാഴ്‌ച

ലവണാസുരം




ലവണാസുരം

മണ്‍മറഞ്ഞുപോയ  കാരണവന്മാരുടെ  ആത്മാക്കൾക്ക്     മദ്യവും മാംസവും വീതു വെച്ച് നിവേദിക്കുന്ന  ഒരു ആണ്ടറുതി അനുഷ്ടാനം പണ്ട്  ചില തറവാടുകളിൽ പതിവുണ്ടായിരുന്നു. അന്നേ ദിവസം  തറവാട്ടുകാരേയും നാട്ടുകാരില്‍ അത്യാവശ്യം വേണ്ടപ്പെട്ടവരെയും  ക്ഷണിച്ചു വരുത്തും.  അടച്ചിട്ടു പൂജയും സല്‍ക്കാരവുമാണ് മുഖ്യം. മദ്യവും   മാംസവുമാണ്    ചടങ്ങിനെ  ജനപ്രിയമാക്കിയിരുന്നത്!  സന്ധ്യയ്ക്ക് കുടുംബത്തിലെ തലമൂത്ത കാരണവര്‍ കുളിച്ചു ശുദ്ധമായി ചായ്പ്പിൽ കയറി വാതിലടച്ചിട്ടു രണ്ടാമതൊരാളെ കൂട്ടാതെ  ഗോപ്യമായി ചെയ്യുന്ന പൂജക്കുശേഷം  പ്രേതാത്മാക്കക്ക് നിവേദിച്ച പൊരിച്ച കോഴിമാംസത്തുണ്ടുകള്‍ പ്രസാദമായി വിതരണം ചെയ്യും. തുടര്‍ന്ന് കോഴിക്കറിയും  മറ്റു സാമ്പ്രദായിക സസ്യവിഭവങ്ങളും ചേര്‍ന്ന സദ്യ. ഇതിനിടയിൽ മുതിര്‍ന്നവരുടെ വീരഭദ്രസേവ. കള്ളും  ചാരായവും  മില്ലിക്കു മില്ലി സമാസമം ചേര്‍ത്തുള്ള കോക്ക്ടെയിൽ.

വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന ഒരു വീതുവെപ്പിന്‍റെ    കഥ പറയാം....


പൂജ യഥാവിധി കഴിഞ്ഞു. കീഴ്വഴക്കമനുസരിച്ച് അകത്ത് 'സ്ത്രീകളും കുട്ട്യോളും' ഉണ്ടുകൊണ്ടിരിക്കുന്നു. പുറത്ത്  വരാന്തയോടു ചേര്‍ന്നുള്ള ചായ്പ്പില്‍ അതീവരഹസ്യമായി  മുതിര്‍ന്നവരുടെ  സേവാഗ്രാം ആരംഭിക്കുന്നു. കാര്യപരിപാടിയുടെ ഔപചാരികമായ ഉത്ഘാടനരൂപത്തില്‍ നൂറു മില്ലി  . പിടിപ്പിച്ച്  കോഴിച്ചാറ് തൊട്ടു നക്കിയ കാരണവര്‍ അയ്യപ്പന്‍ നായരാണ് സംഗതി കണ്ടു പിടിച്ചത്. കോഴിയിൽ ഉപ്പ് ക്ഷമിക്കാവുന്നതിലുമപ്പുറം!  തയ്യാറിപ്പിന് ഉത്തരവാദിയായ ഗോവിന്ദന്‍ നായരോട് കാരണവര്‍  കാര്യം തിരക്കി :

" ദെന്താടോ ഗോയിന്നാ! കോഴി വായേല് വെക്കാന്‍ കൊള്ളില്ലിലോ! ഉപ്പിന്‍റപ്പനാ  സാനം!. "

നിജസ്ഥിതി അറിയാന്‍ കറി തൊട്ടു കൂട്ടിയവരൊക്കെ കാരണവരുടെ വിലയിരുത്തലിനെ പിന്താങ്ങി.

"ഔ! ഔ ശര്യന്നെ!. ഉപ്പു വല്ലാണ്ടേണ്ട്‌  കറീല്!"

പിന്തുണ കിട്ടിയപ്പോള്‍ കാരണവര്‍ക്ക്‌ ആവേശം മൂത്തു :

"ടോ  കൊശവാ, ഇത് കോഴീല് ഉപ്പിട്ടതോ അതോ കോഴി ഉപ്പിലിട്ടതോ?"

ഒരു കഷ്ണമെടുത്തു വായിലിട്ട് രസപരിശോധന നടത്തിയ ഗോവിന്ദന്‍ നായര്‍ക്കും കാര്യം ബോധ്യമായി. ഉപ്പിലിട്ടതു തന്നെ!.

പച്ചക്കറി ദേഹണ്ഡിച്ചു മാത്രം പരിചയമുള്ള തന്നോട് "  ഗോയിന്നാ തനിക്കു കോഴിക്കൂട്ടാൻ വെച്ച് ശീലണ്ടോ ?" എന്ന് കാരണവര്‍ ചോദിച്ചപ്പോള്‍ മറിച്ചൊന്നു പറയാന്‍ നില്‍ക്കാതെ ദൗത്യം ഏറ്റെടുക്കുകയായിരുന്നു.  അതിങ്ങനെ ഒരു ദുരന്തത്തിൽ  കലാശിക്കുമെന്ന് കരുതീല്ല്യ. ഇനീപ്പോ എന്താ ഒരു സമാധാനം പറയ്വാ?. ഗോവിന്ദന്‍നായര്‍ വട്ടത്തിലായി. ഒരു കാരണം കാണിക്കൽ നോട്ടീസ്  കാരണവരുടെ ശരീരഭാഷയില്‍നിന്നും വായിച്ചെടുത്ത ഗോവിന്ദന്‍ നായര്‍ പറഞ്ഞു :

" ശര്യാ. ഉപ്പു പൊടിക്കു  കൂടലാ  ."

" പൊടിക്കൊന്ന്വല്ല. ഒരു വണ്ടിക്ക്!. പറേടോ കോഴ്യോണ്ട് താൻ എന്തൂട്ടാ ചീതേ ?!.".

കാരണവര്‍ക്ക് ലേശം കയറിത്തുടങ്ങിയിരുന്നു.

അയ്യപ്പന്‍ നായരുടെ വടിച്ചു മിനുക്കിയ മുഖത്തെ രൂക്ഷത  ദര്‍ശിച്ചു നില്‍ക്കക്കള്ളിയില്ലാതായപ്പോള്‍ ഗോവിന്ദന്‍ നായര്‍ തട്ടിയും തടഞ്ഞും പറഞ്ഞു:

"അല്ല..... അയ്യപ്പന്‍ നായരേ ... അത് ....പ്പോ... എന്താ പറയ്വാ ...പണിക്കാരൻ വേലായുധൻ  കൂട്ടീന്ന് കോഴീനെ പിടിച്ച്‌ കൊല്ലാൻ കൊണ്ടുവുമ്പോ  ഞാന്‍ കണ്ടേര്‍ന്നു. "

" ആരെ?. കൊഴീന്യോ അതോ വേലായുധന്യോ?.

"  കൊഴീന്യന്നെ. നല്ല വണ്ടന്‍ ചാത്തന്‍കോഴ്യാർന്നു!. "

" ന്നട്ടോ?."

" കറീല് ഉപ്പിടുമ്പോ അതാർന്നു മനസ്സില്."

" ഏത് ?.  കൊല്ലാൻ കൊണ്ടോമ്പോ കണ്ട കോഴീടെ വലുപ്പോ?."

"അതെ!."

ഗോവിന്ദന്‍ നായരുടെ സത്യസന്ധമായ മറുപടി എല്ലാവരെയും തെല്ലിട നിശ്ശബ്ദരാക്കി. അയ്യപ്പന്‍ നായര്‍ നിരായുധനായി. ഇടത്തരം  വലുപ്പത്തിലുള്ള ഓട്ടുരുളി നിറയെ തന്നെ  പരിഹസിച്ചു ചിരിക്കുന്ന  കോഴിക്കറി നോക്കി നെടുവീര്‍പ്പിട്ടുകൊണ്ട്  കാരണവര് പറഞ്ഞു:

"ന്നാ ഗോയിന്ദാ. ഈ കോഴിക്കറി ഇവടെ ചെലവാവാന്‍ വെഷമാ.   താനൊരു കാര്യം ചെയ്യ്വാ. ഒക്കക്കൂടി വരണ്ടീട്ത്ത്ട്ട് ആ കുണ്ടൻബോണീലാക്കി   ശങ്കരന്‍റെ ഷാപ്പില്  കൊണ്ട് കൊടുക്ക്വാ. അവട്യാച്ചാ  കളേണ്ടി വരില്ല്യ. "

കള്ളുവീഴ്ത്തിലെ  ഉപദംശപ്രശ്നത്തിന്  മുട്ടുശാന്തിയായി അകത്തുനിന്നും കാച്ചിയ പത്തു പന്ത്രണ്ടു പപ്പടവും ഒരു ഡവറ മാങ്ങാക്കറിയും കൊണ്ടുവരുവാന്‍ അനന്തരവനോട് വിളിച്ചു പറഞ്ഞ ശേഷം കാരണവര്‍ കോട്ടികാട്ടിക്കൊണ്ടു ഗോവിന്ദന്‍ നായരോടു പറഞ്ഞു:

"ഔ! ന്നാലും എന്‍റെ ഗോയിന്ദാ! കറീല് ഉപ്പ്ടുമ്പോ താന്‍ കോഴിക്കൂട് മനസ്സില് കണ്ടില്ലിലോ !. ഭാഗ്യം!."

2012, സെപ്റ്റംബർ 15, ശനിയാഴ്‌ച

പുലിവാല്


പുലിവാല് 


ഇരുപത് കൊല്ലം മുന്‍പ്  ഓഫീസില്‍ ഒരു ദിവസം.....


" മിസ്റ്റര്‍ ബാലചന്ദ്രന്‍,  യു ഹാവ് ഗോട്ട് എ കാള്‍ "


ഡിവിഷണല്‍  മാനേജര്‍ വിളിക്കുന്നത്  കേട്ട് അദ്ദേഹത്തിന്‍റെ ചേമ്പറില്‍ ചെന്ന്  റിസീവര്‍ കയ്യിലെടുത്തു.

" ഹലോ, ബാലചന്ദ്രന്‍  ഹിയര്‍ "

" ഹലോ, മിസ്റ്റര്‍ ജയചന്ദ്രന്‍  നായര്‍,  എന്‍റെ പേര് വിക്രമന്‍ നായര്‍.  വീട് ചങ്ങനാശ്ശേരി . കല്‍ക്കത്തയിലുള്ള അങ്ങയുടെ ബ്രദര്‍  ഇന്‍ ലോ മിസ്റ്റര്‍ കെ .എന്‍ . മേനോന്‍ പറഞ്ഞാ ഞാന്‍ വിളിക്കുന്നേ "

" അത്യോ, വളരെ സന്തോഷം സര്‍ .   ന്താ വിശേഷം പറയൂ "

" ബാങ്ക്  ജോലിയായതുകൊണ്ട്   തെരക്കൊണ്ടാവുമെന്നറിയാം.  അതുകൊണ്ട്  ഞാന്‍ നേരിട്ട് വിഷയത്തിലേക്ക് കടന്നേക്കാം. കല്‍ക്കത്തയില്‍  തന്നെയുള്ള എന്‍റെ ഒരു അടുത്ത ബന്ധു ആയി അടുപ്പിച്ചതാ കേട്ടോ; എന്‍റെ മകള്‍ക്കൊരു വിവാഹാലോചന. മിസ്റ്റര്‍ മേനോന്‍റെ മകന്‍; അതായത്  താങ്കളുടെ സഹോദരീപുത്രനുമായിട്ടാണ്.   ദൈവം സഹായിച്ചു സംഗതി വളരെ  മുന്നോട്ടു പോയിട്ടൊണ്ട്‌.  ആ നിലയ്ക്ക്  കുറച്ചു കൂടി വിവരങ്ങള്‍ പരസ്പരം അറിയണമെന്നൊണ്ട് . നേരിട്ട് കണ്ടു സംസാരിക്കുന്നതില്‍ വിരോധമൊണ്ടോ?"

" ഏയ്‌, ഒരു വിരോധോല്ല്യ . അസ്സലായി. ന്താദ്! എപ്പോഴാണ് വേണ്ടത്  എന്ന്  സാറ് പറഞ്ഞാ മതി"

" ബാലചന്ദ്രന്‍ നായര്‍ , സത്യത്തില്‍ ഞാനിപ്പോള്‍ തൃശ്ശൂരില്‍ തന്നെയൊണ്ട്.  ഇവിടെയുള്ള എന്‍റെ സുഹൃത്ത്  മിസ്റ്റര്‍ നീലകണ്‌ഠപിള്ളയുടെ വീട്ടില്‍നിന്നാ സംസാരിക്കുന്നേ "

"ഓഹോ"

" മിസ്റ്റര്‍ ജയചന്ദ്രന്‍ നായര്‍ക്ക്‌ സൗകര്യം ഉള്ള ഒരു സമയം പറഞ്ഞാല്‍ ഞാന്‍ അങ്ങയുടെ വീട്ടിലേക്ക്‌ വരാം. നാട്ടിലെ വിലാസമൊക്കെ  മിസ്റ്റര്‍ മേനോന്‍ പറഞ്ഞു തന്നിട്ടൊണ്ട്. പുറനാട്ടുകര  അല്ല്യോ വീട് ?"

"അതെ. എനിക്കെപ്പഴായാലും സൗകര്യം തന്ന്യാ ."

" അങ്ങിനെയെങ്കില്‍  നമുക്ക്  ഇന്നു തന്നെയങ്ങായാലോ?"

"വിരോധല്ല്യ . ഓഫീസ്  ഉള്ളോണ്ട്  അഞ്ചു മണിക്കു ശേഷാവാം .  വൈകുമ്പോ സാറിനു ബുദ്ധിമുട്ടാവ്വ്വോ ?"

"ഓ. എന്നാ പറയുന്നേ!  ബുദ്ധിമുട്ടോ?   ഞാന്‍ അതിനായിട്ട്‌ എറങ്ങിത്തിരിച്ചിരിക്കുവല്ല്യോ?  ഇന്ന് എന്തായാലും ഇവിടെതന്നെയാണ്  എന്റെ ക്യാമ്പ്‌. നാളെ  കണ്ണൂര്  വരെ ഒന്ന് പോകണം. സര്‍വീസ് പെന്‍ഷണര്‍മാരുടെ സംഘടനയുടെ  സംസ്ഥാന ജൊയിന്‍റ്  സെക്രട്ടറിയാണ് ഞാന്‍.  അവിടെ ഒരു സമ്മേളനമുണ്ട്.   ഞാന്‍ സദാ യാത്രയിലുള്ള ഒരാളാണ്  കേട്ടോ."

" സന്തോഷം. അതൊക്കെ നല്ല കാര്യല്ലേ?"

" തന്നെ  തന്നെ. സമൂഹത്തിനു വേണ്ടി ഓരോരുത്തരും തന്നാലായത്  ചെയ്യേണ്ടായോ? അപ്പോള്‍  ഞാന്‍ ഇന്ന്  ഒരു ആറു മണിക്ക് താങ്കളുടെ വീട്ടില്‍ വരാം. "

"ശരി.  അങ്ങന്യാച്ചാ  ഒരു കാര്യം ചെയ്യാം. വൈകീട്ട്  ഞാന്‍ മിസ്റ്റര്‍ പിള്ളേടെ  വീട്ടില്‍ക്ക് വരാം.   മ്മക്ക്  ഒരുമിച്ചു   പോകാം. അങ്ങക്ക്‌  എന്‍റെ ബൈക്കില് ഇരിക്കണ്ടി വരും. പക്ഷെ. വെഷമാവ്വോ ?"

" ഓ. ഒന്നും  വേണ്ടെന്ന് . മിസ്റ്റര്‍  നായര്‍ക്ക്‌ ഭാര്യയെയും കൂട്ടി പോകേണ്ടതല്ല്യോ.   മിസ്റ്റര്‍ മേനോന്‍ എന്നോട്  എല്ലാം പറഞ്ഞിട്ടൊണ്ട്.   നിങ്ങളുടെ ഭാര്യയും  എമ്പ്ലോയ്ഡ് ആണെന്നും  ഒരുമിച്ചു ബൈക്കിലാണ്‌  യാത്രയെന്നുമൊക്കെ. എന്തായാലും അത്  വേണ്ട  മിസ്റ്റര്‍ നായര്‍. ഞാന്‍  ഇവിടെ നിന്ന്  ഒരു  ഓട്ടോ പിടിച്ചു വന്നേക്കാം "

" എല്ലാം സാറിന്‍റെ  ഇഷ്ട്ടം. അപ്പോന്നാ ഞാന്‍  ആറ്‌  മണിക്ക് പ്രതീക്ഷിക്കട്ടെ ? "

"തീര്‍ച്ചയായും.  ഞാന്‍ ആറ്‌  മണിക്ക്  കൃത്യം അവിടെയത്തും.   ശേഷം വഴിയെ സംസാരിക്കാം കേട്ടോ.    എന്നാല്‍  ഞാന്‍  വെച്ചോട്ടെ?"

" ശരി, ന്നാ അങ്ങന്യാവട്ടെ ."

ആ  ധാരണയില്‍  സംഭാഷണം അവസാനിച്ചു. 
ഓഫീസ്‌  വിട്ട്  മടങ്ങുമ്പോള്‍ അത്യാവശ്യം ബേക്കറി സാധനങ്ങള്‍ വാങ്ങി.   വീടിന്‍റെ അകവും പുറവും തിടുക്കത്തില്‍  അടിച്ചു വാരി തുടച്ചു. അലങ്കോലപ്പെട്ടു കിടക്കുന്ന സ്വീകരണമുറി  വൃത്തിയാക്കി വെച്ചു . വിവാഹാലോചനയുമായി വരുന്ന പെണ്ണിന്‍റെച്ഛനെ സ്വീകരിക്കുവാന്‍ തയ്യാറായി ഞങ്ങള്‍ നിന്നു.

മണി ആറരയായി.   ആളെ കാണാനില്ല. കണിശക്കാരനാണെന്നു മനസ്സിലാക്കിയതുകൊണ്ട് ആറു മണിക്ക് തന്നെ പ്രതീക്ഷിച്ചു.  ഓ, അങ്ങിനെയൊക്കെ ഷാര്‍പ്പാവാന്‍ പറ്റുമോ എല്ലാവര്‍ക്കും  എല്ലായ്പ്പോഴും  എന്നു തിരിച്ചും ചിന്തിച്ചു.

ഏഴു മണി അടിച്ചു .  വരട്ടെ;  ഇനിയും സമയമുണ്ട്.  ആള്‍ക്ക് തിരിച്ചു  നാട്ടിലേക്ക്  മടങ്ങേണ്ടല്ലോ.  തൃശ്ശൂരില്‍  തന്നെ അല്ലെ ക്യാമ്പ്‌.    വൈകിയാലും  കുഴപ്പമില്ല.

എഴരയായിട്ടും കണാഞ്ഞപ്പോള്‍  സംശയമായി.   ഇനി ആശാന്‍ പരിപാടി കാന്‍സല്‍ ചെയ്തോ?   ഏയ്‌  അങ്ങിനെ വരില്ല.  അങ്ങിനെയെങ്കില്‍  അറിയിക്കും.   അച്ചടക്കമുള്ള ഒരു  സാമൂഹ്യ  പ്രവര്‍ത്തകനല്ലേ.   മാന്യത വിട്ടു പെരുമാറില്ല.

ഇതിനിടയില്‍  മൂന്നു  നാല്  ഓട്ടോ റിക്ഷകള്‍  വീടിനു പടിക്കല്‍ കൂടി പോയി.     ഇതിലൊന്നും നിങ്ങള്‍  പ്രതീക്ഷിക്കുന്ന ആളില്ല എന്നു ഹോണടിച്ചുകൊണ്ട്. 

എട്ടു  മണി ആയിട്ടും കാണാതെ  വന്നപ്പോള്‍ തീരുമാനിച്ചു. ഇനി വരില്ല.  അന്തസ്സില്ലാത്ത  മനുഷ്യന്‍ .  അല്ലെങ്കിലും ഈ തെക്കന്മാര്‍ക്ക്‌  തീരെ  സത്യസന്ധതയില്ല . പ്രാദേശികവികാരത്തിലേക്ക് വിചാരം ചുവടുമാറ്റം ചെയ്തു തുടങ്ങിയ നിമിഷത്തിലാണ് പടിക്കല്‍  ഒരു  ഓട്ടോ  റിക്ഷ വന്നു നിന്നത്.   ഞങ്ങള്‍  ഉടനെ  പടിക്കലേക്കു ഇറങ്ങി ചെന്നു.   ആള്‍ തന്നെ.   ഓട്ടോ റിക്ഷക്കാരന്‍ വാടക പറയുന്നത്  കേട്ടപ്പോള്‍  ഞങ്ങള്‍  ഞെട്ടി. നൂറു  രൂപ!  പക്ഷെ  അതിഥിക്ക് ഒരു ഭാവമാറ്റവുമില്ല .  അറിയാത്തതുകൊണ്ടാവും എന്ന്  വിചാരിച്ചു ഞാന്‍  ഇടപെട്ടു:

" നൂറു  രൂപ്യോ ?   എന്താ ചങ്ങാതീ  ദ്  ? തൃശ്ശൂര്ന്ന്  ഇങ്ങട്ട് മുപ്പതു  രൂപ്യല്ലെള്ളോ ?   ചോദിക്കണേന്  ഒരു  ലിമിറ്റില്ല്യേ  "

" ദേ മാഷേ, നിങ്ങള്  കാര്യറ്യാണ്ട്  കെടന്ന് വളവളാന്ന് സംസാരിക്കരുത്  ട്ടാ!.  തൃശൂര്ന്ന് ഇബടക്ക്  മുപ്പതന്ന്യാന്ന്   ഇക്കറ്യാം.  പക്ഷെ നിങ്ങള്‍ടെ  കോപ്പിലെ  വീടന്വേഷിച്ച്‌ ഈ പഞ്ചായത്ത്  മൊത്തം  കെടന്നു  കറങ്ങാന്‍ തോടങ്ങീട്ടേയ്  നേരെത്ര്യായീന്നാ  വിചാരം?   ആളെ അറിയാണ്ട്  വീടന്വേഷിച്ച്‌ ഏറങ്ങ്യാലേയ്  ഇങ്ങനിരിക്കും."

" അതിനിപ്പോ  എന്തേണ്ടായീത്.   ഇദ്ദേഹത്തിനു അഡ്രസ്‌ അറിയാര്‍ന്നൂലോ.   ന്ന്ട്ടെന്തേ ?"

" ആ..., മാഷ്‌  കാര്‍ന്നരോടന്നെ  ചോദിക്ക്.    അതൊക്കെ നിങ്ങള്‍ടെ  കാര്യം"

എന്നും  പറഞ്ഞു  അത്ര  നല്ലതല്ലാത്ത  ഒരു മൂന്നക്ഷരം പിറുപിറുത്ത്  ഓട്ടോക്കാരന്‍  ഓടിച്ചു പോയി.   ഞാന്‍ തിരിഞ്ഞു  അതിഥിയോടു  വിവരം തിരക്കി 

" എന്താണ്  സാര്‍ ഉണ്ടായത്.   വീട്  കണ്ടു പിടിക്കാന്‍ എന്തേങ്ങനെ  വെഷമിച്ചത് ? ഇത്രധികം വാടക വരാന്‍ മാത്രം  കറങ്ങ്യോ ?"


"ഓ!   ഒന്നും  പറയേണ്ടെന്ന് !   ഓട്ടോക്കാരന്‍  പറഞ്ഞതെല്ലാം ശരിയാ.    ഈ പഞ്ചായത്ത്‌  മുഴുവന്‍  ചുറ്റിക്കറങ്ങി.   ഈ വീടിനു മുന്നിലൂടെ  തന്നെ  മൂന്നോ  നാലോ തവണ പോയിട്ടുണ്ടെന്നു ഇപ്പോഴാണ്  മനസ്സിലായത്  "

" അപ്പൊ ആരോടെങ്കിലും ചോദിക്കാര്‍ന്നില്ല്യേ ?"

" പിന്നെ ചോദിക്കാതെ പറ്റുമോ!.   ഏറെ പേരോടു  ചോദിച്ചതാ  .  പക്ഷെ  ആര്‍ക്കും നിങ്ങളെ  അറിയത്തില്ല . അങ്ങിനെയൊരാള്‍  ഈ നാട്ടിലില്ലെന്നാ  മറുപടി."

" എന്നെ അറീല്ല്യാന്നോ? "  ഞാന്‍ അതിശയിച്ചു പോയി.

" തന്നേന്ന്.   എല്ലാവര്‍ക്കും  വീട്ടുപേരറിയാം കേട്ടോ.    ഈ പേരില്‍  ഒത്തിരി  വീടുകളുണ്ടെന്നും. പക്ഷെ  നിങ്ങളെ അറിയില്ല  ആര്‍ക്കും. "

ആ  സ്വരത്തില്‍  ലേശം  നീരസം  കലര്‍ന്നിട്ടുണ്ടോ എന്ന് എനിക്ക്  സംശയമായി.


"ഏയ്‌  അങ്ങനെ  വരില്ല്യ.    ഒരു  പക്ഷെ  സാറ്‌ ചോദിച്ചതൊക്കെ  നാട്ടില്  അടുത്ത കാലത്ത്  സെറ്റില് ചെയ്തോരോടായിരിക്കും.    അതല്ലെങ്കില്‍  പേര്  തെറ്റി പറഞ്ഞു  കാണും."

"എന്തുവാ  പറയുന്നേ ?    എഴുപത്  വയസ്സായെങ്കിലും അത്രയ്ക്ക്  വലിയ  മറവിരോഗമൊന്നും  എന്നെ  ബാധിച്ചിട്ടില്ല കേട്ടോ.  വ്യക്തമായി  നിങ്ങളുടെ  പേര്  പറഞ്ഞാണ്  ഞാന്‍ ചോദിച്ചത്.   എല്ലാവര്‍ക്കും  ബാലകൃഷ്ണന്‍ നായരേയും, മാധവന്‍നായരേയും, ഗോപിനാഥന്‍  നായരേയും അറിയാം പക്ഷെ ബാലചന്ദ്രന്‍  നായരെ  ആര്‍ക്കും അറിയില്ല"

" ബാലചന്ദ്രന്‍ നായരോ..!?"

" തന്നെ  തന്നെ  ബാലചന്ദ്രന്‍ നായര്‍  എന്ന്  തന്നെയാണ് ഞാന്‍  പറഞ്ഞത്"

" ശ്ശോ!  അത്  തന്നെയാണ്  സാര്‍  കൊഴപ്പാക്കീത് "

" എന്ത്വാ കൊഴപ്പം? നിങ്ങളുടെ  പേര്  ബാലചന്ദ്രന്‍ നായരെന്നല്ല്യോ?"

" സംഗതി ഞാന്‍  ബാലചന്ദ്രന്‍ തന്നെ.   പക്ഷെ  നായര്  എന്ന് പറഞ്ഞതാണ്  വെഷമാക്കീത് "

" ങ്ങ്ഹേ!!  അപ്പോള്‍  നിങ്ങള്‍  നായരല്ല്യോ !!?"

വല്ലാതെ  പതറിയ  സ്വരത്തിലുള്ള  ആ  ചോദ്യം കേട്ടപ്പോഴാണ്  ഞാന്‍  അദ്ദേഹത്തെ  കൂടുതല്‍ ശ്രദ്ധിച്ചത് .  വീട്ടുപടിക്കലെ അരണ്ട വെളിച്ചത്തിലും  ഇടിവേട്ടെറ്റ പോലെ  നില്‍ക്കുന്ന ആ രൂപത്തെ  എനിക്ക്  കാണാന്‍ കഴിഞ്ഞു .    ആ നിലയില്‍  അദ്ദേഹത്തെ  അധികനേരം നിര്‍ത്തേണ്ടെന്നു കരുതി ഞാന്‍ ഉടനെ വിശദീകരിച്ചു: 

" തന്നെ സര്‍, നായര്‍ തന്നെ.  പക്ഷെ  ഞങ്ങളാരും പേരിനോടൊപ്പം  ആ വാല്  ചേര്‍ത്തിട്ടില്ല. അറുപത്തിനാല് വയസ്സായ എന്‍റെ  ചേട്ടന്‍ പോലും വെറും  ബാലകൃഷ്ണനാണ് . പൊതുവേ ഞങ്ങളുടെ നാട്ടിലും  അങ്ങനൊക്കത്തന്ന്യാ. ചോദിച്ചവര്‍ക്കൊക്കെ  ബാലചന്ദ്രന്‍  നായരെ അറിയാണ്ട് പോയീത്  അതോണ്ടാ  "

" ഓഹോ അങ്ങിനെയോ..?"

അത്രയും പറഞ്ഞു  ഒരു ദീര്‍ഘനിശ്വാസമിട്ടുകൊണ്ട് മധ്യതിരുവിതാംകൂറുകാരന്‍ കരയോഗി  നായര്‍ വീട്ടിലേക്ക്‌  കയറുമ്പോള്‍ രാവിലത്തെ സംഭാഷണത്തില്‍  നാല് വരിക്കിടയില്‍ അഞ്ചു തവണ ബാലചന്ദ്രന്‍ നായര്‍, ബാലചന്ദ്രന്‍ നായര്‍ എന്നു പറഞ്ഞു സംബോധന ചെയ്ത സമയത്തു  തന്നെ കാര്യങ്ങള്‍  വ്യക്തമാക്കിയിരുന്നെങ്കില്‍ വയസ്സുകാലത്ത്  ഈ  പാവത്തിനു  കറങ്ങേണ്ടി വരില്ലായിരുന്നല്ലോ  എന്ന് ഒരു കുറ്റബോധം തൃശ്ശൂക്കാരന്‍  വാലില്ലാനായരുടെ  മനസ്സില്‍ ഉണര്‍ന്നു.



......................

   



2012, സെപ്റ്റംബർ 8, ശനിയാഴ്‌ച

പന്തിപ്പട





പന്തിപ്പട




ചാണകം മെഴുകിയ നിലത്ത് പന്തിപ്പായ വിരിച്ച് ഇലയിട്ടു ചോറും സാമ്പാറും ഒഴികെയുള്ള വിഭവങ്ങളെല്ലാം വിളമ്പി ഗ്ലാസുകളില്‍ വെള്ളം പാര്‍ന്നതിനുശേഷമേ പണ്ടൊക്കെ വിവാഹസദ്യക്ക് ക്ഷണിതാക്കളെ  പന്തിയില്‍ കടത്തിയിരുത്തിയിരുന്നുള്ളു. . മാത്രവുമല്ല ആദ്യത്തെ ഒന്നോ രണ്ടോ പന്തി 'വരന്‍റെ കൂട്ടര്‍'ക്കായി സംവരണവും ചെയ്തിരുന്നു. കൂറ്റൻ  നാക്കിലയില്‍ വിഭവങ്ങള്‍ വിധിയാംവണ്ണം നിരന്നു കഴിഞ്ഞാല്‍ കുടുംബത്തിലെ തലമൂത്ത കാരണവര്‍ വന്നു വിളമ്പലിന്‍റെ കൃതകൃത്യത  പരിശോധിക്കും. എല്ലാം ഭദ്രമെന്ന് ബോധ്യപ്പെട്ടാല്‍ വായില്‍ കൊഴുത്തു നിറഞ്ഞ  മുറുക്കാന്‍  സദ്യപ്പന്തലിനു വെളിയിലെ തെങ്ങിന്‍റെ കടയ്ക്കലേക്ക്     പാറ്റി തുപ്പും. എന്നിട്ട്   മൂത്ത അനന്തരവനെ  വിളിച്ചു പറയും.

"മാധവാ, എന്നാനി അമാന്തിക്കണ്ടാ. അവരെ വിളിച്ചോള്വാ!."

കേട്ട ക്ഷണം  മരുമകന്‍ പന്തലിനു പുറത്തു വന്നു സമീപസ്ഥരും ദൂരസ്ഥരും മൊത്തത്തില്‍ കേള്‍ക്കാന്‍ പാകത്തില്‍ മേപ്പടി നിര്‍ദ്ദേശം ഉച്ചത്തിൽ  ഭാഷാന്തരീകരിക്കും. 

"ന്നാ ഇരിക്കാം. വരന്‍റെ കൂട്ടക്കാര് ആരൊക്ക്യാച്ചാ അവര് ആദ്യരിക്ക്യാ!".


പിന്നെ വരന്‍റെ സംഘത്തിലെ പ്രമാണിമാരില്‍ ഒരാളെ അടുത്തുവിളിച്ച്  സ്വന്തക്കാരെ കൈകാര്യം ചെയ്യേണ്ട   ഉത്തരവാദിത്തം രഹസ്യം കേള്‍ക്കാനെന്നപോലെ  കഴുത്തു വെട്ടിച്ചു നീട്ടിയ അയാളുടെ കാതിലോതിയശേഷം   ഒരു നുള്ള് പട്ടണം പൊടി മൂക്കില്‍ വലിച്ചു കയറ്റി ആയതിലുണ്ടായ ചോരക്കണ്ണുകളുമായി മറ്റു തിരക്കുകളില്‍ വ്യാപൃതനാവാനെന്നവണ്ണം  അന്തര്‍ധാനം  ചെയ്യും .

ക്ഷണപ്രഖ്യാപനം കേള്‍ക്കുന്നതോടെ    തുറന്നു കിട്ടിയ ഗ്രീന്‍ചാനലിലൂടെ വരന്‍റെ  ആള്‍ക്കാർ അച്ചടക്കത്തോടെ വരിയായി പന്തലിനുള്ളിലേക്ക്‌ പ്രവേശിക്കും. മെതിയടിയിട്ടു ശ്രീകോവിലിലേക്കു വരുന്ന മേല്‍ശാന്തിക്കെന്നപോലെ കരക്കാരും ദേശി ബന്ധുക്കളും കയ്യകലമിട്ടു ഭവ്യതയോടെ വഴിമാറിക്കൊടുക്കും 
ആദ്യപന്തി ഉണ്ടെണീറ്റാല്‍ കല്യാണി, കാര്‍ത്തു, കാളി, പാറു, തങ്ക തുടങ്ങിയ സ്റ്റാന്‍ഡേര്‍ഡ് നാമധാരികളായ അടിച്ചുതളിക്കാരികൾ ചൂലും കൊമ്പുമുറവുമായി വന്ന്  പരേഡും പരിചമുട്ടും നടത്തി കളം വെടിപ്പാക്കിയതിനുശേഷമേ  അടുത്ത പന്തിക്ക് ഇലയിടൂ. തുടര്‍ന്ന് കണിശമായ  തനിയാവര്‍ത്തനം.


തറവാട്ടുമുറ്റത്ത് ഓലയും മുളയും കവുങ്ങും ട്രില്ലീസും ഈത്തപ്പനയോലയും കെട്ടിയുയർത്തിയ   പന്തലിന്‍റെ പരിമിതിക്കുള്ളിൽ 'നാടാകെക്കല്ല്യാണം' വെടിപ്പായി നടത്തിയിരുന്നു പണ്ടൊക്കെ!

കാലം മാറി, കഥ മാറി, സദ്യാവസ്ഥകളമ്പേ മാറി. ആണ്‍പെണ്‍ വീട്ടുകാരുടേയും കരക്കാരുടേയും സഹകരണത്തിന്‍റെ മസൃണമായ  നാളുകള്‍ ഇന്ന് മാഞ്ചുവട്ടിലെ   മധുരിക്കും ഓർമ്മകൾ  മാത്രം.          പുഷ്പാഞ്ജലി, നീരാഞ്ജലി, ബാഷ്പാഞ്ജലി, ചൂഡാമണി, കൌസ്തുഭം, ഉഡ്യാണം,  പാഞ്ചജന്യം, പാലയ്ക്കാമോതിരം  ഇത്യാദി പേരുകളുള്ള കല്ല്യാണമണ്ഡപങ്ങളിലാണ് ഇപ്പോള്‍ സംഭവം. കെട്ടു കഴിഞ്ഞു  ഊട്ടുപുരകളില്‍ നോക്കെത്താദൂരം വരിയിട്ട മടക്കുമേശകളില്‍ വിഭവങ്ങളൊക്കെ നിരന്ന ഇലകളിലേക്ക് ഉണ്ണികളെ വിളിക്കുന്നത്‌ ഇപ്പോള്‍ ആദ്യപന്തിക്ക് മാത്രം. വരന്‍റെ വീട്ടുകാർക്കുള്ള  പ്രഥപരിഗണനയും  ഇസെഡ് കാറ്റഗറി സുരക്ഷയും  എടുത്തു കളഞ്ഞിരിക്കുന്നു.  സീറ്റ് കിട്ടിയവന് കിട്ടി. പടവെട്ടി വേണം പന്തിയിലിരിക്കാന്‍. 


റിലീസ്  പന്തിക്കു   ടിക്കറ്റ്‌  കിട്ടി   മടമടാ ഉണ്ടുകൊണ്ടിരിക്കുന്ന ഭാഗ്യവാന്മാര്‍ക്ക് പിന്നില്‍ അടുത്ത ഷോയ്ക്കു വേണ്ടി   രണ്ടോ മൂന്നോ  പേര്‍ രണോല്‍സുകരായി അര്‍ദ്ധമണ്ഡലത്തില്‍ നില്‍പ്പുണ്ടാവും.   ഉണ്ടവൻ എഴുന്നേറ്റാല്‍  പിന്മുറക്കാരിൽ ഒരാൾക്ക് കരുത്തു തെളിയിച്ച് പാന കഴിഞ്ഞ കളംപോലെ   കിടക്കുന്ന എച്ചിലിലക്കു പിന്നില്‍ അടുത്ത പന്തിക്ക് കടന്നിരിക്കാം. ഇരിപ്പവകാശത്തിനു വേണ്ടിയുള്ള പിന്നാംപുറക്കാരുടെ അഭ്യാസക്കാഴ്ച്ചക്കിടയില്‍പ്പെട്ട് തടി കേടാവാതെ രക്ഷപ്പെടുകയെന്നത്   ഉണ്ടുകൊണ്ടിരിക്കുന്നവന്‍റെ റിസ്കായിരിക്കും. ദേഹപീഡയേൽക്കാതെ ഉണ്ണണമെന്നുള്ളവര്‍ക്ക് പ്രോപ്പര്‍ ചാനലില്‍  ഇല കിട്ടുന്നതുവരെ  പിടിച്ചുനില്‍ക്കാനായി ഊണ് കഴിഞ്ഞു കൈകഴുകി തുപ്പുന്നതിന്‍റെ തൊട്ടടുത്തു തന്നെ പ്രത്യേകം  തയ്യാറാക്കിയിട്ടുള്ള മുറുക്കാന്‍ കൌണ്ടറില്‍  ചെന്ന് സുപ്പാരി വിതരണം ചെയ്യാന്‍ ഗുസ്തി കൂടുന്ന ആറു  മുതൽ പത്തുവരെ   പ്രായമുള്ള  പിള്ളേരിൽനിന്നും  ഒരു  ചെറുനാരങ്ങ ഇരന്നു വാങ്ങി ഓട്ട കുത്തി  നീരൂറ്റിക്കുടിച്ച് റീചാര്‍ജ്  യ്യാം. അല്ലെങ്കില്‍ തൊട്ടടുത്ത ബീവറേജസ് ഔട്ട്‌ലെറ്റിലെ തിരുപ്പതി ക്യൂ അറ്റംമുട്ടി നില്‍ക്കാം.

പട ജയിച്ചു വേണം പന്തിയിലിരിക്കാന്‍  എന്ന മത്സരാധിഷ്ടിത വ്യവസ്ഥ വികാസം പ്രാപിച്ചുകൊണ്ടിരുന്ന നാളുകളില്‍ ഉണ്ടായ  ഒരു സംഭവകഥയാണ് ഇനി പറയാനുള്ളത്. കൊച്ചിയിലെ  ഒരു പൊതുമേഖലാ  വ്യവസായ ശാലയുടെ  തലവന്‍ അടുത്തൂണ്‍ പറ്റിയതിന്‍റെ യാത്രയയപ്പ് യോഗമാണ് സന്ദർഭം.  സഹപ്രവര്‍ത്തകര്‍ നല്‍കിയ ഈട്ടിത്തടിയുടെ മേഡ്  ഇന്‍ ചേർപ്പ്‌  ആനക്കുട്ടിക്കും  ആശംസകൾക്കും  നന്ദി പറഞ്ഞ്    നാലു പതീറ്റാണ്ടു പിന്നിട്ട തന്‍റെ ഔദ്യോഗിക ജീവിതത്തിന്‍റെ നാള്‍വഴികളിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ സരസഭാഷയിൽ അയവിറക്കുകയായിരുന്നു അദ്ദേഹം.


കീഴുദ്യോഗസ്ഥന്‍റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കുവാനായി വീഐപി ക്ഷണിതാവായി ചിങ്ങമാസത്തിലെ ഒരു ഞായറാഴ്ച രാവിലെ  നഗരത്തിലെ പ്രശസ്തമായ കല്ല്യാണമണ്ഡപത്തില്‍ തലവനെത്തി. സദസ്സിന്‍റെ മുന്‍നിരയില്‍ റിപ്പബ്ലിക്  ദിനപരേഡിനു വിദേശ രാഷ്ട്രത്തലവനെന്നപോലെ ഒരുക്കിയ ആസനത്തില്‍ ഉപവിഷ്ടനായി  ചടങ്ങുകള്‍ കണ്‍കുളിര്‍ക്കെ  വീക്ഷിച്ചു. താലികെട്ടും തകിലടിയും കഴിഞ്ഞുകിട്ടിയ കയ്യൊഴിവിന്‍റെ തെല്ലിടയില്‍ വധൂപിതാവ് നടുത്തളത്തിലേക്കിറങ്ങിവന്നു മേലാളനെ മണ്ഡപത്തിലേക്കാനയിച്ച്  നവമിധുനങ്ങളെ പരിചയപ്പെടുത്തി. കൂടെ നിർത്തി പടവും വീഡിയോയും പിടിച്ചു സന്ദർഭം രേഖയാക്കി.  അനന്തരം ഔപചാരിക ബഹുമതികളോടെ  സദ്യ നടക്കുന്ന ഹാളിലേക്ക് കൂട്ടിക്കൊണ്ടു പോയി. 

വാതിലടച്ച്  ബന്തവസ്സാക്കി  ആദ്യപന്തിക്കുള്ള വിളമ്പല്‍ നടക്കുകയായിരുന്നു ഹാളില്‍.  ഉണ്ണാന്‍ വെറി  പൂണ്ടു നില്‍ക്കുന്ന ആള്‍ക്കൂട്ടത്തിലൂടെ ഞെങ്ങിയും ഞെരുങ്ങിയും ഒരുവിധത്തില്‍ അദ്ദേഹത്തെ പ്രവേശനകവാടത്തിലെ കൊളാപ്സിബിള്‍ ഗേറ്റിനു പിന്നിലെത്തിച്ച്  ഏറ്റവും  മുന്നില്‍   നിര്‍ത്തി. തന്‍റെ ജീവിതത്തിലെ അനര്‍ഘ മുഹൂര്‍ത്തത്തിന്‍റെ അതിഭാവുകത്വം   ഗദ്യത്തിലും പദ്യത്തിലും ആടി ഫലിപ്പിച്ച ശേഷം തുടരുപചാരങ്ങള്‍ക്കായി അടുത്ത ഒരു ബന്ധുവിനെ  ചട്ടം കെട്ടി കൂടെ  നിര്‍ത്തി   മേലാളന് ഒരു ക്ഷമാപണവും സമ്മാനിച്ച്‌ കല്ല്യാണഫോട്ടോ സെഷനില്‍ നിര്‍ണായകവേഷം  കളിക്കാനായി തിളച്ചു മറിയുന്ന കതിര്‍മണ്ഡപത്തിലേക്ക് കുട്ടീടച്ഛൻ  കുതിച്ചു. പിന്നില്‍നിന്നും വരുന്ന കടുത്ത സമ്മര്‍ദത്തെ പ്രതിരോധിക്കാനായി ഗേറ്റിന്‍റെ കമ്പികളില്‍ മുറുക്കിപ്പിടിച്ചുകൊണ്ട് ബോസ്സ് ഹാളിനുള്ളിലെ രംഗചര്യകള്‍  ശ്രദ്ധിച്ചു.   

വിശാലമായ ഹാള്‍. അക്ഷരമുരിയാടാതെ വിളമ്പുന്ന സബോര്‍ഡിനേറ്റുകള്‍.   'ആദ്യത്തെ വിളമ്പല്‍ പേരിനു  മാത്രം '  എന്ന ഈവന്‍റ് മാനേജ്‌മെന്‍റ്  തത്വം  അക്ഷരംപ്രതി പാലിച്ചുകൊണ്ട് തവികള്‍   കറിപ്പാത്രങ്ങളില്‍ ഏകതാളം തട്ടി  ഇലയില്‍ കുത്തുന്ന ശബ്ദവരിശകളാല്‍   മുഖരിതമാണ്  ഹാള്‍.   കരിയും ചളിയും കറപ്പാടുകളും വരയും കുറിയുമൊക്കെയായി പിക്കാസോവിന്‍റെ ഗൂര്‍ണിക്ക ചിത്രത്തെ അനുസ്മരിപ്പിക്കുന്ന മുട്ടിനു താഴെ ഇറക്കമുള്ള അടുക്കളത്തോര്‍ത്തു  ചുറ്റി ദേഹണ്ണപ്രമാണിയാണെന്നു ഊഹിച്ചെടുക്കാവുന്ന  ഒരു  രോമേശന്‍ പട്ടര്‍ തമിഴും മലയാളവും സമാസമം ചേര്‍ത്തു നല്‍കുന്ന നിര്‍ദേശങ്ങള്‍ക്കിടയില്‍ പെട്ടെന്നു വെട്ടിത്തിരിഞ്ഞ് വാതില്‍ക്കലേക്ക്  നോക്കി  വിളിച്ചു പറഞ്ഞു:


"ഡേയ്  നരസു, ഐറ്റം എല്ലാം വിളമ്പി പൊറകെ കൂപ്പിട്ടാല്‍ പോതും"


അതു  കേട്ടയുടന്‍  ഗേറ്റിനപ്പുറം  പാറാവ്‌  നിന്ന ഒരു  കോങ്കണ്ണന്‍ പട്ടര്‍ നട തുറക്കാത്തതില്‍ അക്ഷമ മൂത്ത് മുറുമുറുത്തുകൊണ്ടിരുന്ന വാതില്‍പ്പുറക്കാരെ ലക്ഷ്യമാക്കി " വെപ്രാളം കൂട്ടാതെ, സാമി ശൊല്ലിയാലേ  വാതില് തൊറക്കൂ" എന്ന്  തന്‍റെ  കറ  കളഞ്ഞ സാമിഭക്തി വെളിപ്പെടുത്തി. കോങ്കണ്ണ്. സൃഷ്ടിച്ച ആശയക്കുഴപ്പത്തില്‍ പറയുന്നത് തന്നെ നോക്കിയാണെന്ന  ധാരണാവിഭ്രാന്തി പിടിപെട്ട്    ഊണ് കഴിച്ചില്ലെങ്കിലും  വേണ്ടില്ല ഇവിടെനിന്നൊന്നു തടിയൂരിയാല്‍ മതിയെന്ന് ബോസ്സിന്  തോന്നിയത്രേ!.   പക്ഷെ  പിന്നില്‍ ഇരമ്പുന്ന പാരാവാരം നീന്തേണ്ടതോര്‍ത്തപ്പോള്‍  ആ മോഹം ഉപേക്ഷിക്കുകയായിരുന്നു. എന്തായാലും നനഞ്ഞു, ഇനി  കുളിച്ചു തന്നെ കയറാം എന്ന് ദൃഡനിശ്ചയം ചെയ്തു  നില്‍ക്കുമ്പോഴാണ് അത് സംഭവിച്ചത് !


" ഡേയ്  നരസു,  തൊറക്ക്..! "

ക്യാപ്റ്റന്‍  രോമേഷ്  അയ്യരുടെ  ശാസനവും അതേത്തുടര്‍ന്ന് ദ്വാരപാലകന്‍ വാതില്‍ വലിച്ചു തുറക്കുന്ന ശബ്ദവും കേട്ടതു മാത്രം ബോസ്സിന് ഓർമ്മയുണ്ട്.  പിന്നെയെല്ലാം അവ്യക്തം.
ഉരുള്‍പ്പൊട്ടലില്‍  താന്‍  ഒലിച്ചു പോവുകയായിരുന്നുവെന്നും ചെന്നടിഞ്ഞിരിക്കുന്നത്  ദേഹണ്ണന്‍  പട്ടരുടെ വെരിക്കോസ് വെയിന്‍ എംബ്രോയ്ഡറി വര്‍ക്കുള്ള  കാല്‍പാദങ്ങളിലാണെന്നും മനസ്സിലായത് ഓര്‍മ്മ  തിരിച്ചു കിട്ടിയപ്പോഴാണ്. ചിന്നിച്ചിതറിയ ഇലകള്‍ക്കും ഉപദംശങ്ങള്‍ക്കുമിടയില്‍  സര്‍വവിഭവവിഭൂഷിതരായി ചുറ്റിലും തന്നോടൊപ്പം മലര്‍ന്നു കിടക്കുന്ന   പതിതരെ  കണ്ടപ്പോൾ   ആരും അന്യരല്ലെന്ന് ബോസിന് തോന്നി!

മുന്നില്‍ നില്‍ക്കുന്നവന്റെ  ദേഹഭാരത്തെ  പിന്‍തള്ളിന്‍റെ ഊക്കുകൊണ്ടു ഗുണിച്ചാൽ കിട്ടുന്നതു  തീറ്റപ്രാന്ത് എന്ന ന്യൂട്ടോണിയന്‍ ദ്വിതീയ ചലനതത്വത്തോടൊപ്പം അന്നം തന്നെ ജീവന്‍, ഉണ്ണാന്‍ ഉറച്ച നായരേയും  വെട്ടാന്‍ വരുന്ന പോത്തിനെയും തടുക്കാനാവില്ല തുടങ്ങിയ സനാതന സത്യങ്ങളും  അന്നദ്ദേഹം കൊണ്ടറിഞ്ഞു.   

തീറ്റപ്പന്തിയിലെ   ദുരന്തം അതുകൊണ്ടും അവസാനിച്ചില്ലെന്നു പറഞ്ഞു ബോസ്സ് നാടകത്തിന്‍റെ അന്ത്യപാദത്തിലേയ്ക്ക് പ്രവേശിച്ചു. ഇരുകൂട്ടം അച്ചാര്‍, പുളിയിഞ്ചി, കാളന്‍  ഇത്യാദി ഷഡ് രസ സപ്തവര്‍ണ കറിക്കൂട്ടുകളില്‍ ആപാദചൂഡം ഹോളി  കുളിച്ച് കാല്‍കീഴില്‍ പരവേശം പൂണ്ടു കിടക്കുന്ന പൊതുമേഖലാ സ്ഥാപനത്തിന്‍റെ മുഖ്യ കാര്യദര്‍ശിയായ തന്നെ അവജ്ഞയോടെ     നോക്കിക്കൊണ്ട് കുശിനിപ്പട്ടര്‍ പറഞ്ഞുവത്രേ:


" കടവുളേ! എവിടുന്നു വന്തപ്പാ; ഇന്ത ദരിദ്രവാസി..?"


നാടകാന്തം കപിത്വം എന്ന  ലാവണ്യശാസ്ത്രവും ഈ ഭരതവാക്യശ്രവണത്തിലൂടെ തനിക്കു വശമായെന്നു പറഞ്ഞുകൊണ്ടാണ് ബോസ്സ് തന്‍റെ മറുപടിപ്രസംഗം ഉപസംഹരിച്ചത് .....

                       
                                ****************













* മോണ്‍സ്റ്റര്‍ : വീകെയെന്നോട്  കടപ്പാട്.









2012, ഓഗസ്റ്റ് 11, ശനിയാഴ്‌ച

ശങ്കരവിജയം



ശങ്കരവിജയം 



സിറ്റി എന്നു ഞങ്ങള്‍ അരുമയോടെ വിളിച്ചിരുന്ന ഞങ്ങളുടെ നാട്ടിലെ നാല്‍ക്കവലയായിരുന്നു വിളക്കുംകാല്‍. കടകളൊക്കെ അടഞ്ഞുകിടന്നാലും മറ്റേത് ദിവസത്തേക്കാളും സിറ്റിയെ ഊര്‍ജസ്വലമാക്കിയിരുന്നത് ഞായറാഴ്ച്ചകളായിരുന്നു. പടിഞ്ഞാറ്റുമുറിക്കാരന്‍ കൊച്ചാപ്പുവിന്‍റെ ആട്ടിറച്ചിക്കച്ചവടം, നാട്ടിലെ നര്‍മകേസരികള്‍ നിറഞ്ഞാടുന്ന വെടിവട്ടം, സപ്പോര്‍ട്ട് കളി, നാരായണന്‍റെ ബാര്‍ബര്‍ ഷാപ്പിലെ രാഷ്ട്രീയ ചര്‍ച്ചകള്‍, പ്രകോപനങ്ങള്‍, വെട്ടും ക്ഷൌരവും മുഴുമിപ്പിക്കാത്ത ഇറങ്ങിപ്പോക്കുകള്‍, വെല്ലുവിളികള്‍, കനാല്‍പരുങ്ങി സേവിച്ച കോമരങ്ങള്‍ നിറഞ്ഞാടുന്ന സന്ധ്യകൾ, ഗ്രാമസംസ്കൃതി ആവിഷ്കാരവൈവിധ്യങ്ങളില്‍ പൂത്തുലയുന്ന ദിവസം.
സസ്യേതര ഭോജനപ്രിയര്‍ കണ്ണിലെണ്ണയൊഴിച്ചു കാത്തിരിക്കുന്ന ദിവസമാണ് ഞായറാഴ്ച. ആടുവെട്ടി കൊച്ചാപ്പുവിന്‍റെ ആഴ്ചയിലൊരിക്കലുള്ള അജമാംസവിപണനമേള അരങ്ങേറുന്നത് അന്നാണ്.
വയറ്, തുട, കൊറു, കരള്‍, കരളിന്‍റെ കരള്‍, കപടലോകത്തിലെ അത്മാര്‍ത്ഥഹൃദയം, ബോട്ടി, ഇത്യാദി വരേണ്യ മാംസളഭാഗങ്ങളും തലയും കൈകാലുകളുമായി നിശ്ശബ്ദമാക്കപ്പെട്ട ആടുജീവിതം അപ്രത്യക്ഷക്ഷമാകുമ്പോഴേക്കും സമയം രാവിലെ പത്തായിരിക്കും.
പിന്നെയാണ് തമാശയുടെ പെരുമണ്‍ തന്ത്രിമാര്‍ സമ്മേളിക്കുന്ന ചിരിയുടെ പന്തീരടിപ്പൂജ. കിഴക്ക് വെള്ള കീറുന്നതിന് മുമ്പേ നാലുമുറി, ആക്കറ്റാന്‍, കുരുടന്‍കോള്‍ പടവുകളിലെത്തി വിതച്ച കണ്ടങ്ങളിലെ ജലനിരപ്പിന്‍റെ കര്‍ക്കശ പരിശോധനകള്‍ക്കും വിദഗ്ദസമിതി ചര്‍ച്ചകള്‍ക്കും ശേഷം തിരിച്ചു വീട്ടില്‍വന്ന് മുളക് തിരുമ്പിയതും മാന്തള്‍ ചുട്ടതും കൂട്ടി തലേന്നത്തെ വെള്ളച്ചോറ്‌ മടമടാന്ന്‌ വിഴുങ്ങിയാണ് കേസരികള്‍ നര്‍മസദസ്സില്‍ എത്തിച്ചേരുക.
അക്കളി തീക്കളി ജാതിമതങ്ങളൊക്കെ വീട്ടുപടിക്കല്‍ ബലിക്കളഞ്ഞ് നായരും, ഈഴവനും, നസ്രാണിയും എഴുത്തശ്ശനുമെല്ലാം ഓരൊറ്റ വയറിന്‍ പടപ്പുകളായി പങ്കെടുക്കുന്ന ഈ തമാശപ്പറ്റില്‍ പടിഞ്ഞാറ്റുമുറിക്കാര്‍ തന്നെയായിരുന്നു വിശാരദന്മാര്‍. പ്രമാണം എന്നും അവരുടെ കുട്ടനെഴുത്തശ്ശനും. അയ്യപ്പനെഴുത്തശ്ശന്‍റെ സൈക്കിള്‍ കടത്തിണ്ണയില്‍ സ്ഥിരം ഇരിപ്പിടങ്ങളില്‍ ആസ്ഥാന വിദ്വാന്മാര്‍ ആസനസ്ഥരാവുമ്പോള്‍ പഴയ പഞ്ചായത്ത്‌ മെമ്പര്‍ കൃഷ്ണേട്ടന്‍ ഒരുക്കുന്ന അധോവായു വിസ്ഫോടനത്തോടെ ആചാരവെടി മുഴങ്ങും. അതോടെ അരങ്ങ് നിശ്ശബ്ദമാവും. തൃപ്പുകയുടെ പ്രഹരശേഷി കുട്ടനേഴ്ശന്‍ വിലയിരുത്തുന്നതോടെ സദസ്സ് ആരംഭിക്കും . വിസ്ഫോടനത്തിന്‍റെ തരംഗ തീവ്രതയെ അടിസ്ഥാനപ്പെടുത്തി കീഴ്ശ്വാസങ്ങളുടെ ഗന്ധം നിര്‍ണയിച്ചിരിക്കുന്ന ഒരു മണിപ്രവാളശ്ലോകം ഈണത്തില്‍ ചൊല്ലി കുട്ടനെഴുത്തശ്ശന്‍ അര്‍ത്ഥം വിഗ്രഹിക്കുമ്പോള്‍ സദസ്സ് കത്തും.
" ഭും ഭും പരിമളം നാസ്തി; പീ പീ എന്നത് മധ്യമം
അശുകുശു മഹാദോഷം; നിശ്ശബ്ദം പ്രാണസങ്കടം"
"അതായത് ഭും ഭും എന്ന സ്ഫോടത്തോടെ നിര്‍ഗ്ഗമിക്കുന്നത് ഗന്ധരഹിതനും പീ പീ എന്ന സുഷിരനാദാനുസാരിയായവന്‍ മധ്യമഗന്ധിയും അശു കുശു സീല്‍ക്കാരങ്ങലോടെ ഫണം വിടര്‍ത്തുന്നവനോ മഹാദോഷകാരിയും ശബ്ദമില്ലാതെ ജാരസദൃശം പുറത്തുകടക്കുന്നവനാകട്ടെ നാസികളുടെ ഗ്യാസ് ചേംബറുമാകുന്നു"
ഇത്രയും വര്‍ണിച്ചു കേള്‍ക്കുന്നതോടെ തന്‍റേതു ഗന്ധരഹിതനാണെന്ന തിരിച്ചറിവ് നല്‍കിയ ആശ്വാസത്തില്‍ ഒരു ബോണസ് കുഴിമിന്നല്‍ കൂടി പൊട്ടിച്ച് കൃഷ്ണേട്ടന്‍ വിളക്കുംകാലിനെ പ്രകമ്പനം കൊള്ളിക്കും. പാണ്ടിമേളത്തില്‍ കതിനവെടിയെന്നപോലെ ഇടയ്ക്കിടെയുള്ള ഈ ആസനസേവയും ശുദ്ധ സഹൃദയത്വവുമല്ലാതെ മറ്റു സംഭാവനകളൊന്നും സദിരില്‍ കൃഷ്ണേട്ടന്‍റെ വകയായി പതിവില്ല. പരിപൂര്‍ണ നിശ്ശബ്ദന്‍.
സദസ്സ് ജീവത്തായിരിക്കുന്ന സമയമത്രയും വഴിയില്‍ പോകുന്ന മാവിലായിക്കാര്‍ പോലും ട്രോളിങ്ങിനു വിധേയരാവും. അമ്പേറ്റ കുരുക്കളുടെ എങ്ങലടികളും പ്രതിഷേധങ്ങളും ഭീഷണികളും വിളക്കുംകാല്‍ ചത്വരത്തില്‍ അലയടിക്കും. അരസികരായ വഴിപോക്കര്‍ക്ക് പരിക്കുകൂടാതെ ടോള്‍ഗേറ്റ് മറികടക്കണമെങ്കില് സമാന്തര പാതകള്‍ കണ്ടുവെയ്ക്കേണ്ടിയിരുന്നു. യൂ ടേണ്‍ അടിക്കുന്നവരെ പിന്നാലേ ചെന്നു പിടികൂടും.
പക്ഷിമൃഗാദികള്‍ക്കുപോലും നിയമപരിരക്ഷ ലഭിക്കാത്ത വസ്ത്രാക്ഷേപത്തിന്‍റെ പട്ടാപ്പകലുകളൊന്നില്‍ ഒരിക്കല്‍ ജീവശാസ്ത്രപരമായ ശാരീരികാവശ്യങ്ങള്‍ക്കായി ബാലാല്‍ക്കാരത്തിന് മുതിര്‍ന്ന ഒരു ചാത്തന്‍സും ചാരിത്ര്യസംരക്ഷണാര്‍ത്ഥം അക്രമിയില്‍നിന്നും രക്ഷപ്പെട്ട പിടക്കോഴിയും ഓട്ടപ്പന്തയത്തിനിടയില്‍ സദസ്സിനു മുന്നില്‍ വന്നുപെട്ട് പകച്ചു നിന്നപ്പോള്‍ കാമമോഹിതന്‍റെ പ്രണയപാരവശ്യം കണ്ട് അലിവു തോന്നിയ കുട്ടനെഴുത്തശ്ശന്‍ പിടയെ ഉപദേശിച്ചു :
" സാരല്ല്യടീ നീയ്യിപ്പോ മഠത്തില് ചേരാന്‍ പോവ്വ്വോന്ന്വല്ലലോ! വേറെ വഴീല്ല്യാത്തോണ്ടല്ലേ ? കഴിച്ചിട്ട് പോട്ടെ പാവം"
എഴ്ശന്‍റെ കൌണ്‍സലിങ്ങില്‍ യാഥാര്‍ത്യബോധം കൈവരിച്ചവള്‍ക്കൊപ്പം ചാരിതാര്‍ത്ഥ്യത്തോടെ മടങ്ങുമ്പോള്‍ തന്നെ നോക്കി കണ്ണിറുക്കിയ കുക്കുടവിടനെ ഒന്ന് അഭിനന്ദിക്കാന്‍ എഴുത്തശ്ശന്‍ മറന്നില്ല.
"ഔ ന്‍റെ കുട്ടാ..... നെന്‍റ്യൊക്കെ ഒരു ഭാഗ്യം!. ലോഡ്ജില് മുറീട്ക്കണ്ടാ, പോലീസിനേം പേപ്പറുകാരേം പേടിക്കണ്ടാ! ഔ! ഔ! ഭാഗ്യം ചെയ്ത ജന്മന്നെ !"
അനാശാസ്യം ഉയര്‍ത്തിയ ചിരിയുടെ അലയൊലികള്‍ ശമിക്കുന്നതിനു മുന്‍പേ ദാ വരുന്നു നമ്മുടെ കൃഷ്ണന്‍ നായര്. ഒരേറ്‌ (ജോഡി) പോത്തും അഞ്ചുപറക്കണ്ടം കോള്‍കൃഷിയും അത്യാവശ്യം രണ്ടു മൂന്നു തെങ്ങിന്‍ പറമ്പുകളില്‍ കാളത്തേക്കുമായി ജീവസന്ധാരണം നടത്തിയിരുന്ന ഒരു എ പീ എല്ലുകാരന്‍ കരയോഗി. മഹിഷങ്ങളിലൊന്നിനെ കഴുത്തില്‍ കയറിട്ട് ഗുരുവായൂര്‍ കേശവന്‍റെ ഒന്നാംപാപ്പാന്‍ നടിച്ച് ചുങ്കക്കാരുടെ കണ്ണുവെട്ടിക്കാന്‍ വ്യാമോഹിച്ച നായരെ കയ്യോടെ പിടികൂടി ദിനേശനാക്കിക്കൊണ്ട് ഉപാധ്യക്ഷന്‍ ശങ്കുണ്ണ്യേട്ടന്‍ ചോദിച്ചു :
"ആരെ കെട്ടീട്ക്കാനാടോ നായരേ തന്‍റെ വാഹനത്തിനേം കൂട്ടി എറങ്ങീരിക്കണ് "
" ഏയ്‌ ഒന്നൂല്ല്യ. ഞാന്‍ ദാ മൃഗാസ്പത്രീലിക്കാ."
നായര് ഭവ്യനായി.
" ആരക്കാസുഖം? തനിക്കാ പോത്തിനാ? "
" ദേ ശങ്കുണ്ണ്യേ വെളഞ്ഞ കണ്ടത്തിലിക്ക് തേവണ്ടാ ട്ടാ . നിക്ക് ത്തിരി ധിര്‍തീണ്ട്."
നായര് പ്രതിഷേധിച്ചു.
" ന്തൂട്ട് ധിര്‍തീ. താനവടെ നിക്ക്‌ടോ. ന്താ പോത്തിന് ദെണ്ണം? മൃഗാസ്പത്രീലൊന്നും പൂവ്വാണ്ടെ മ്മക്ക് വഴീണ്ടാക്കാം "
ശങ്കുണ്ണ്യേട്ടന്‍ വിട്ടില്ല.
"പോത്തിന് വായക്കു നല്ല രുചീല്ല്യാന്ന് തോന്നുണൂ. ഒരു തരി വയ്ക്കോല് തിന്നണില്ല്യ. മൂന്നാലീസായീന്നേയ് ."
നായര്‍ ഒന്നിണങ്ങി.
"വയ്ക്കോല് തീറ്റിക്കാന്‍ ഒരു വഴീണ്ട്രോ"
കുട്ടനെഴുത്തശ്ശന്‍ പറഞ്ഞു .
"ന്താദ് " നായര് കൌതുകം പൂണ്ടു.
"അഞ്ചു വല്ല്യേ നാളികേരം പൊതിച്ച്‌ ചെരക്യേല് രണ്ടു കിലോ ശര്‍ക്കര പൊടിച്ച് ചേര്‍ക്ക്വ. ന്നട്ടതില് നൂറ്റമ്പതീശ എലക്കായേം കരയാമ്പൂവും അണ്ടിപ്പരിപ്പും മുന്നാഴി എരുമനെയ്യും കൂട്ടി എളക്ക്വ. ഈ കൂട്ടില് ഒരു നാല് പൊട്ട് വയ്ക്കൊലിട്ട് കൊഴച്ചുരുട്ടി ഉണ്ടോളാക്കി കൊടുക്കുമ്പോ പോത്ത് തിന്ന്വോ തിന്നില്ല്യേന്ന് താനൊന്നു നോക്ക്വാ!."
കുട്ടനെഴുത്തശ്ശന്‍ കുറിപ്പടി കൊടുത്തത് കേട്ട് നായര് പറഞ്ഞു :
"ദേപ്പൊ നന്നായെ! ഈ നല്ലിരിപ്പിനു വകേണ്ടായിരുന്നൂച്ചാ നിക്കൊരു ആനേ വാങ്ങായിരുന്നൂലോ കുട്ടേഴ്ശാ!"
തന്‍റെ ഫലിതത്തിന്‍റെ കേമത്തത്തില്‍ പുളകംകൊണ്ട് കുലുങ്ങിച്ചിരിച്ചുകൊണ്ടിരുന്ന നായര്‍ക്ക് മറ്റാരും പിന്തുണ നല്‍കാതിരുന്ന സാഹചര്യത്തില്‍ ഒരു അശ്വാസച്ചിരി സമ്മാനിച്ചുകൊണ്ട് കുട്ടനെഴുത്തശ്ശന്‍ തുടര്‍ന്നു;
" അതിനു നൂര്‍ത്തീല്ലിങ്ങെ നായര് ഒരറ്റകൈ പ്രയോഗിച്ചു നോക്ക്വാ. പോത്ത് പച്ചപ്പുല്ല്‌ തിന്നണുണ്ടോ?"
" പച്ചപ്പുല്ലൊക്കെ തിന്നും. പക്ഷെ യ്യ് ചുട്ട വേനല്ക്ക് എവ്ട്ന്നു കിട്ടുണൂ പച്ചപ്പുല്ല് ?"
" അതിനൊക്കെ വഴീണ്ട്. വല്ല്യേ ചെലവൊന്നൂല്ല്യ. തൃശ്ശൂര് പോയിട്ട് ആ ഏനൂന്‍റെ കണ്ണടപ്പീടികേന്ന് ഒരു പച്ച കൂളിംഗ് ഗ്ലാസ്‌ വാങ്ങ്വ. അതാങ്ങ്ട് പോത്തിന് വെച്ച് കൊടുക്ക്വാ. പച്ചപ്പുല്ലാന്നു വിചാരിച്ചിട്ട് പോത്ത് വയ്ക്കോല് ജബജബാന്ന് തിന്നോളും "
പത്തിരുപത്തഞ്ചു പേരുടെ കൂട്ടച്ചിരിയും കൂക്കിവിളിയും കേട്ടപ്പോള്‍ പോത്ത് വിരണ്ട് മുക്രയിട്ടോടി. കയറു കൈവിട്ട കൃഷ്ണന്‍ നായര് 'ബടെ പോത്തെ ബടെ പോത്തെ' എന്നു വിലപിച്ചുകൊണ്ട് പോത്തിന്‍റെ പിന്നാലേയും. ആ കാഴ്ച കാണാന്‍ എല്ലാവരും എഴുന്നേറ്റു നിന്നു. . മൃഗവും മനുഷ്യനും കാഴ്ചയില്‍നിന്നും മറഞ്ഞപ്പോള്‍ എല്ലാവരും ചിരി നിര്‍ത്തി യഥാസ്ഥാനങ്ങളില്‍ വന്നിരുന്ന് ഇടവേളയ്ക്കായി ഓരോ കാജാ ബീടിക്കു തീകൊളുത്തി. അപ്പോഴാണ് കൊച്ചുമാത്തുവിന്‍റെ പലചരക്ക് കടയുടെ മുന്നിലിട്ട ഉപ്പുപെട്ടിക്കു മുകളിലിരുന്നു തേങ്ങി തേങ്ങി ചിരിക്കുന്ന ശങ്കരനെ എല്ലാവരും ശ്രദ്ധിച്ചത്. ആശാന്‍റെ ചിരി നിലക്കുന്നില്ല. നിശ്ചിത സമയ പരിധി കഴിഞ്ഞിട്ടും കണ്ണില്‍നിന്നും മൂക്കില്‍നിന്നും വെള്ളം ഒലിപ്പിച്ചും ആര്‍പ്പ് വിളിക്കാരെപ്പോലെ തലയില്‍ കൈവെച്ചും ഉറഞ്ഞു ചിരിച്ചുകൊണ്ടിരുന്ന ശങ്കരനെ രണ്ടു മൂന്നു പേര്‍ വട്ടംപിടിച്ച് കലിയിറക്കി. എന്നിട്ടും 'ഹയ്യൂ...ഹയ്യൂ' എന്ന് ശ്വാസം മുട്ടി നിന്ന ആചാരലംഘകനോട് ശങ്കുണ്ണ്യേട്ടന്‍ ചോദിച്ചു.
" എന്താണ്ടാ ശങ്കരാ നിര്‍ത്താറായില്ല്യെ നെന്‍റെ ദെണ്ണെളക്കം! ന്താ നെനക്ക്?"
ഒരു വിധം സമനില വീണ്ടെടുത്തു കൈരണ്ടും എളിയില്‍ കുത്തി വളഞ്ഞുനിന്നുകൊണ്ട് ശങ്കരന്‍ ചോദിച്ചു;
" അയ്യോ..... ന്‍റെ ചങ്കുണ്ണ്യേട്ടാ; യ്ക്കറിയാണ്ട് ചോയ്ക്ക്യാ; കൂളിംഗ് ഗ്ലാസ്സൊക്കെ വെച്ചാലും പോത്തിന് തിന്നുമ്പോ അറീല്ല്യേ അത് വയ്ക്കോലാന്ന് ഹ ഹ ഹ ഹ ഹ !!!"
"...........................................!!!!???".
അതെ, ചിലപ്പോള്‍ അങ്ങിനെയാണ് . ചരിത്രത്തിനും ഉത്തരം മുട്ടും; ചില ചോദ്യങ്ങള്‍ക്ക് മുന്നില്‍.....

വിളക്കുംകാല്‍ ചത്വരത്തിന്‍റെ കോട്ടമതിലുകളില്‍ തട്ടി പ്രതിധ്വനിച്ച ശങ്കരന്‍റെ മില്ല്യന്‍ ഡോളര്‍ ചോദ്യത്തിനുമുന്നില്‍ ധനുര്‍വ്വേദികള്‍ അമ്പൊഴിഞ്ഞ ആവനാഴികളുമായി നര്‍മാര്‍ത്ഥസദസ്സില്‍ തളര്‍ന്നിരുന്നു. മഹാദുരന്തത്തിന്‍റെ ധാര്‍മിക ഉത്തരവാദിത്തം സ്വയം ഏറ്റെടുത്ത് അപ്പുവെഴുത്തശ്ശന്‍റെ സൈക്കിള്‍ ഷാപ്പിലെ ആക്രിക്കൂട്ടത്തിലേക്ക് പ്രമാണത്തിന്‍റെ ഗാണ്ഡിവം വലിച്ചെറിഞ്ഞു കുട്ടനെഴുത്തശ്ശന്‍.



കുനിഞ്ഞ ശിരസ്സും നുറുങ്ങിയ ഹൃദയവുമായി വാണീവല്ലഭന്മാര്‍ പരാജയത്തിന്‍റെ ലഞ്ചിനായി പിരിയുമ്പോഴും കൊച്ചുമാത്തുവിന്‍റെ ഉപ്പുപെട്ടിപ്പുറത്തിരുന്ന് ശിശുസഹജമായ നിഷ്കളങ്കതയോടെ ഏതോ സിനിമയില്‍ വെള്ളപ്പൂതം ജനാര്‍ദ്ധനനെ കണ്ട ശ്രീനിവാസനെപോലെ ശങ്കരന്‍ ചിരിക്കുന്നുണ്ടായിരുന്നു.