2017, സെപ്റ്റംബർ 14, വ്യാഴാഴ്‌ച

തൊണ്ടി

കൺഫർമേഷൻ 


ബി. എ. ഫൈനലിന് പഠിക്കുമ്പോഴാണ്  നാലുവര്‍ഷം മുമ്പ്‌ പ്രീഡിഗ്രിക്കു കൊളുത്തിയ ബീടി അച്ഛന്‍ പിടിച്ചെടുക്കുന്നത് .

ദിവസവും അത്താഴം കഴിഞ്ഞ ഉടന്‍ പ്രിയസുഹൃത്ത് അശോകനുമൊത്ത് സമീപത്തുള്ള വിളക്കുംകാല്‍ കവലയില്‍ പോയി  ഓരോ കെട്ടു കാജാ ബീടി വാങ്ങി  വീടുപടിക്കലെ ഇരുട്ടിന്‍റെ സുരക്ഷിതത്വത്തിലിരുന്നുകൊണ്ട് ഒരു മതിയാവോളം വലി പതിവുണ്ട്. സംഭവദിവസത്തെ ആദ്യത്തെ ബീടിയില്‍, പോയ വാരത്തെ പട്ടാമ്പി സംസ്കൃത കോളേജ് വിശേഷങ്ങള്‍ അശോകന്‍ പുകച്ചൂതിക്കൊണ്ടിരിക്കുമ്പോഴാണ് പിന്നില്‍ അച്ഛന്‍റെ വിളി കേട്ടത്:


"ചന്നരാ...!."



പുകച്ചുകൊണ്ടിരുന്നത് വലിച്ചെറിഞ്ഞ് അവശേഷിക്കുന്ന ബീടിക്കെട്ടും തീപ്പെട്ടിയും വെപ്രാളപ്പെട്ട് മടിയില്‍ തിരുകി വിനീതവിധേയനായി അച്ഛനുമുന്നില്‍ ചെന്നുനിന്ന് ചോദിച്ചു:


"എന്താച്ഛാ?"

ചോദിച്ചതും മടിക്കുത്തഴിഞ്ഞു ബീടിയും തീപ്പെട്ടിയും കട്ടിലിലിരുന്ന് നെഞ്ചു തടവുന്ന അച്ഛന്‍റെ കാല്‍ക്കല്‍ വീണു വണങ്ങിയതും ഒരുമിച്ചായിരുന്നു. ഗൂഡം പിടിക്കപ്പെട്ടവന്‍റെ ഹൃദയതാളം മാത്രം കേട്ടുകൊണ്ടിരുന്ന ഭീതിദമായ നിശ്ശബ്ദത ധന്വന്തരം ധന്വന്തരം കുഴമ്പിന്റെ  മണത്തോടൊപ്പം  അച്ഛന്‍റെ മുറിയില്‍ തളം കെട്ടി നിന്നു. ട്രാഫിക് സിഗ്നല്‍ തെറ്റിച്ചതിന് പോലീസ് വിസില്‍ കേട്ടവനെപ്പോലെ ഇതികര്‍ത്തവ്യതാമൂഡനായി നിന്നവനോട് അച്ഛന്‍ ഭയപ്പെടുത്തുന്ന നിര്‍വികാരതയോടെ ചോദിച്ചു :

"എന്താദ്?."

"ബീട്യാ."

കാലതാമസത്തിന്‍റെ ഭവിഷ്യത്ത് അതീവഗുരുതരമായിരിക്കും എന്നറിയാവുന്നതുകൊണ്ട് അച്ഛന്‍റെ ചോദ്യത്തിന് ഉടനടി മറുപടി നല്‍കുന്ന സ്വഭാവം ചെറുപ്പത്തിലേ ശീലിച്ചിരുന്നു.

"ദെന്നു തൊടങ്ങീ?."

നാലു വര്‍ഷം മുമ്പ്‌ എന്ന്  അമ്മക്കുപോലും അറിയാവുന്ന ഒരു വസ്തുത അച്ഛനറിയാതെ പോയത് എന്‍റെ തെറ്റല്ല എന്നോര്‍ത്തുകൊണ്ട്‌ പറഞ്ഞു:

"അധികായിട്ടില്ല്യ. പരീക്ഷ്യോക്ക്യല്ലേ.... ഒറക്കൊളിക്കുമ്പോ..... ഓരോന്ന്..."

"എത്ര ഓരോന്ന്ണ്ട്?."

"അധികല്ല്യ."

" ഒരു കെട്ടു കഴ്യേണ വരെ ല്ലേ?."

"അതേ."

ഉത്തരങ്ങളിലെ അവ്യക്തത ഒരു തരത്തിലും അച്ഛന്‍ അനുവദിച്ചു തരാറില്ല. മാത്രവുമല്ല അച്ഛനെ നിരായുധനാക്കാന്‍ ഉത്തരങ്ങളിലെ സത്യസന്ധത ധാരാളം.

"ങ്ങ്ഹും. അതിങ്ങട് എടുക്ക്വാ."

നിലത്തു കിടന്ന സഖാക്കളെ വാരിപ്പെറുക്കി അച്ഛന്‍റെ കൈകളില്‍ വെച്ചുകൊടുത്തുകൊണ്ട് നമ്രശിരസ്കനായി നില്‍ക്കുമ്പോള്‍ അച്ഛന്‍ പറഞ്ഞു:

"ശരി. പൊക്കൊള്വാ. പീട്യേ പോയി ഇത് വാങ്ങാനാ തന്നെ വിളിച്ചത്."

മുറിയിൽനിന്ന്  തടിയൂരി തിരിച്ചു പടിക്കലെത്തി  ഉണ്ടായതൊക്കെ വിവരിച്ചപ്പോൾ തൻ്റെ  മടിയിലിരുന്ന കാജയുടെ പുതിയ  പാക്കറ്റ് പൊളിച്ച് ഒരെണ്ണം നീട്ടിക്കൊണ്ട് അശോകൻ പറഞ്ഞു:


"തനിക്കു വേണ്ടത് താൻ  പോയി വാങ്ങിക്കോള്വാ
എന്ന ധ്വനിപാഠം അച്ഛന്റെ  വാക്കുകളിലുണ്ട്.  നിന്റെ  പൊകവലി പ്രൊബേഷൻ പിരിയഡ് അവസാനിച്ചു. അതാഘോഷിക്കണം. നീയിത് വലിച്ചേ!."