2014, ഓഗസ്റ്റ് 15, വെള്ളിയാഴ്‌ച

ഡെവിള്‍സ് ആള്‍ട്ടര്‍നേറ്റീവ്.


  ഡെവിള്‍സ് ആള്‍ട്ടര്‍നേറ്റീവ്. 


"രാമേട്ടാ! നാളികേരം പിഴ്യാൻ  മുണ്ടില്ല്യാന്ന്!"

അടപ്രഥമനുള്ള തേങ്ങ ചിരകിക്കഴിഞ്ഞപ്പോള്‍ ദേഹണ്ഡത്തിന് ഉത്സാഹിക്കാൻ വന്ന കരക്കാര് പിള്ളേരു വിളിച്ചു പറയുന്നതു കേട്ട് രാമേട്ടൻ ഊത്തു നിർത്തി അടുപ്പിൽനിന്ന് തലയൂരി.

കാലത്ത് മൊതല് തൊടങ്ങീതാ ; കത്താത്ത വെറകും വെച്ചുള്ള മല്ലടി. കുന്നത്തെ  കുട്ടീഷ്ണന്‍നായരടെ പതിനാറടിയന്തിരത്തിന് ദേഹണ്ഡക്കരാറ് കുറിച്ച അന്നന്നെ വീട്ടുകാരോട്  നാലുവട്ടം  പറഞ്ഞതാര്‍ന്നു ; വാങ്ങിയ വിറകു നല്ലോണം ഒണങ്ങീട്ടുണ്ടാവില്ല്യ  വെയിലത്തിട്ട് നല്ലോണം ഒണക്കണം, എന്നെ വട്ടം ചിറ്റിക്കരുത് എന്നൊക്കെ. ആര് കേക്കാന്‍!. രാവിലെ തീപൂട്ടീപ്പോ   അടുപ്പില്  പൊങ്ങ്യേ കട്ടപ്പൊക ഇത് വരെ അടങ്ങീട്ടില്ല്യ!. വാഴപ്പിണ്ടി ഇതിലും നന്നായി കത്തും.

"വെറകെങ്ങനേണ്ട്  രാമൻ നായരേ, ഉഷാറല്ലേ?."

രാവിലെ പുളിയിഞ്ചി വെക്കാൻ   ഉരുളി  അടപ്പത്തു കേറ്റുമ്പോ സ്വർഗസ്ഥനായവന്‍റെ  ജാമാതാവ് ഡെപ്യൂട്ടി താസിൽദാർ ഗോവിന്ദമേനോനുണ്ട് കാര്യാന്വേഷണത്തിന് വന്നിരിക്കുന്നു. മനസ്സിൽ പുകഞ്ഞ കൊള്ളിയെടുത്ത് ചോദിച്ചവന്‍റെ മോന്തക്കിട്ട്‌ കുത്തിക്കൊണ്ട് രാമേട്ടന്‍ പറഞ്ഞു.

"തരക്കേടില്ല്യ. നല്ലസ്സല് നീർക്കെട്ടുള്ള പുളി വെറകാ! .എത്രീസം വെള്ളത്തിലിട്ടു?."

" അയ്‌,  അതെന്താ രാമൻ നായരേ പരിഹസിക്ക്യാ!."

"പിന്നെ മൈറ്റണോ? നിങ്ങള് വെറക് ഒണക്ക്യാ?. പത്തീസം മുമ്പ് പറഞ്ഞതല്ലേ ഞാൻ?."

"അതൊരക്കിടി പറ്റിപ്പോയീതാന്നേയ്!. തെരക്കിനെടേല് ആ കാര്യം  മറന്നു. ഒക്കേറ്റിനും ഞാന്‍ തന്നെ ഓടണ്ടേ?."

"നിങ്ങക്കങ്ങനെ പറഞ്ഞാ  കാര്യം കഴിഞ്ഞു. അടുപ്പിന്‍റെ കടക്കല് നിന്ന് പൊകഞ്ഞ് നീറാൻ     മ്മള്  ദേണ്ഡക്കാര്ണ്ടലോ ല്ലേ !"

ഹല്ലാ പിന്നെ! പറേണ്ടത്  പറേണലോ. അയാള് ഡെപ്പൂട്ടി കുണ്‍സ്രാളാച്ചാ എനിക്കെന്താ!. വൈകീട്ട് അരിമാവ്  അണിഞ്ഞു ചുരുട്ടാള്ള വാഴയിലേടുത്തു ചീന്തുമ്പളും ഇതന്നെ കഥ.   ഒരൊറ്റ  എല വാട്ടീട്ടില്ല്യ!. ഒക്കെ കീറിപ്പോണു. ചോദിച്ചപ്പോ സുച്ചിട്ട പോലെ  മറുപടി:

"അയ്യോ, വെയിലത്തിടാൻ വിട്ടു പോയി!.  ഞാന്‍ എന്താ ചെയ്യ്വാ! എനിക്ക് രണ്ട്  കയ്യല്ലേള്ളൂ രാമൻ നായരേ!."

ഇപ്പദാ  ഇങ്ങനെ!  ചെരക്യേ തേങ്ങ പിഴ്യാൻ മുണ്ടില്ല്യാത്രേ!. പത്തു മുന്നൂറു നാളികേരം ചെരകിത്  കെടക്ക്വാ കൈലാസം പോലെ. ഇതൊക്കെ പിഴിഞ്ഞ് അടപ്പത്തു കേറ്റിട്ട്  പായസം എപ്പൊ കാലാവാനാ?.    മൂന്നു കോടിത്തോർത്ത്  ലിസ്റ്റില് എഴുതിക്കൊടുത്തതാ.  കോന്തന്മാര്  അതും മറന്നേക്കുണു !. മുണ്ട് കിട്ടീല്ലിങ്ങെ  പിള്ളേരൊക്കെ ഇപ്പ  സ്ഥലം വിടും.

രാമേട്ടന്  പെരുത്തു കയറി.

"വേണ്വോ,  അച്ഛനോ?."

"അച്ഛനൊറങ്ങി."

"ഒറങ്ങ്യോ നന്നായി. തേങ്ങ പിഴ്യാള്ള  തോർത്തുണ്ട്  എവട്യാ  വെച്ചേക്കണ്?.

"ഇവട്യോന്നും കാണാല്ല്യ. "

"ങ്ഹാ! മറന്ന്ണ്ടാവും. ഒറങ്ങട്ടൊറങ്ങട്ടെ. എല്ലാം മറന്ന് മേനോൻ സുഖായിട്ടൊറങ്ങട്ടെ. നാളെ സദ്യ വെളമ്പാൻ പാഞ്ചാലീടെ പഴേ പാത്രം കളഞ്ഞ് കിട്ടീണ്ടലോ!."

ലക്ഷ്യമില്ലാത്ത ഒരു മൂന്നക്ഷരപ്രയോഗം നടത്തിക്കൊണ്ടു രാമേട്ടൻ ദേഹണ്ഡപ്പുരയുടെ പിന്നിൽ മറഞ്ഞു. വിറകിനിടയിൽ  ഒളിപ്പിച്ചു വെച്ചിരുന്ന കുപ്പി തുറന്ന്   ഒരു തുടുകവിൾ ഇറക്കി.  തിരിച്ചു വന്നു കുത്തുചട്ടുകമെടുത്തു തിളയ്ക്കുന്ന സാമ്പാറ് ഊക്കോടെ ഇളക്കി.

"രാമേട്ടാ മ്മളെന്താ  വേണ്ട്?  മണി രണ്ടായി. "

ചിരകിയ തേങ്ങയിൽ  കയ്യിട്ടിളക്കി  കളിച്ചു മടുത്ത ഉത്സാഹികളില്‍ ഒരാള്‍  ഉറക്കെ വിളിച്ചു ചോദിച്ചു. 

പായസം അടപ്പത്ത്ന്നെറക്ക്യാ  രുചി നോക്കി ഒരു ഗ്ലാസ്‌ കട്ടന്‍ കാപ്പിയും കുടിച്ചു വീട്ടീ  പോയി കെടക്കയില്‍ മലരാന്‍  മുട്ടി നിക്ക്വാ എല്ലാരും. തേങ്ങാപ്പാല് പിഴ്യാൻ  മുണ്ട് കൊടുത്തില്ലിങ്ങെ വേന്ദ്രന്മാരൊക്കെ  ഇപ്പോ എറങ്ങിപ്പൂവും. ഒന്നിനും മടിക്കാത്ത വർഗാ!.

രാമേട്ടന്‍ ഉള്ളില്‍ കിടുങ്ങി. പിന്നെ താമസിച്ചില്ല. കുത്തുചട്ടുകം ചെമ്പിലിട്ട്    പിള്ളേർക്കു  നേരെ പാതിവട്ടം തിരിഞ്ഞു  മടിക്കുത്തിൽ കൈവെച്ചു.

"ന്നറാ മുണ്ട്!.  പിഴിഞ്ഞോ.  പിരിച്ചു പിരിച്ചു പൊട്ടിക്കാണ്ട് ഇങ്ങടന്നെ  തരണം! രണ്ടാമതൊന്നില്ല്യ."

ചിരകിയ തേങ്ങാക്കൂനക്കു  മുകളില്‍ എന്തോ പറന്നു വിരിഞ്ഞു വീണത്‌ വട്ടം കൂടിയിരുന്ന ഉത്സാഹികൾ ആകാംക്ഷയോടെ നോക്കി...

രാമേട്ടൻ അരയിൽ ചുറ്റിയ തോർത്ത്!

അടുത്തു കിടന്ന സ്റ്റീൽ കസേര വലിച്ചിട്ട് ചുവപ്പു വള്ളിനിക്കറും കാലിന്മേല്‍ കയറ്റി വെച്ച  കാലും ചുണ്ടിൽ എരിയുന്ന  ബീടിയുമായി സാമ്പാറ് പാകമാകാനായി    രാമേട്ടൻ കാത്തിരുന്നു.....

2014, ഓഗസ്റ്റ് 7, വ്യാഴാഴ്‌ച

ഭാഷ


 ഭാഷ



തറവാട്ടുകാരായിരുന്നു രണ്ടു പേരും.തെച്ചിക്കാട്ടെ ഗോപാലനും ശേഖരനും. സഹോദരപുത്രന്മാര്‍. പക്ഷെ സമുദായച്ചെമ്പിന്‍റെ ദുരുപയോഗത്തെച്ചൊല്ലി കവലയില്‍വെച്ചു തര്‍ക്കം ഉടലെടുത്തപ്പോള്‍ രക്തബന്ധമൊക്കെ മറന്ന് രണ്ടു പേരും പരസ്പരം തെറി വിളിച്ചു നിറഞ്ഞാടി. സരസ്വതീ പൂജയില്‍ പ്രാവീണ്യം പോരെന്നു അതു വരേക്കും തോന്നിച്ചിരുന്ന മിതഭാഷിയായ ശേഖരന്‍ ശ്രോതാക്കളേയും വിഷയത്തില്‍ ട്രിപ്പിള്‍ പീയെച്ച്ഡിയുള്ള ഗോപാലനെത്തന്നെയും അതിശയിപ്പിച്ചുകൊണ്ട് അന്യോന്യത്തില്‍ കത്തിക്കയറി. തന്നേക്കാള്‍ വയസ്സില്‍ ഇളയവന്‍റെ മുന്നില്‍ പരാജയം മണത്തപ്പോള്‍ ഗോപാലന്‍ തലയൂരാന്‍ നോക്കി.


" അയ്‌! അയ്യയ്യേ വഷള്! ശേഖരാ നിയ്യൊന്ന്‍ സംസര്‍ഗത്തില് സംസാരിക്ക് !."

കൊളുത്താന്‍ ഉരച്ച തീപ്പെട്ടിക്കൊള്ളി കെടുത്തിയെറിഞ്ഞ് ചുണ്ടത്തിരുന്ന കാജാ ബീഡി ശേഖരന്‍ തിരിച്ചെടുത്തു. പിന്നെ അരക്കെട്ട് മുന്നിലേക്കൊന്ന് ഇളക്കിത്തള്ളി രണ്ടും കയ്യും മലര്‍ത്തി അശ്ളീലം ചമച്ചുകൊണ്ട്‌ പറഞ്ഞു:

"ഔ പിന്നേ! നിയ്യ് സംസാരിച്ചേര്‍ന്നത് വെള്ളത്തോളിന്‍റെ ഭാഷേലല്ലേ!!."

2014, ഓഗസ്റ്റ് 4, തിങ്കളാഴ്‌ച

മുക്തദന്തം

മുക്തദന്തം


ഉച്ചഭക്ഷണപ്പുറമെ എല്ലാ ദിവസവും മുടക്കമില്ലാതെ നടന്നിരുന്ന സംഭവമായിരുന്നു   നാട്ടിലെ   മുതിർന്ന പൌരന്മാരുടെ  സപ്പോർട്ട് കളി. അടുത്തൂണ്‍ പറ്റിയ വാദ്ധ്യാരും സർക്കാർ  ജോലിക്കാരനും ദേഹണ്ണക്കാരനും കൃഷിക്കാരനും അടങ്ങുന്നവർ  ചേരിതിരിഞ്ഞു പട വെട്ടിയിരുന്നത് കുറുപ്പുമാഷുടെ   വീടിന്റെ    പൂമുഖത്ത്. കളിയിൽ പിഴവുവന്നാൽ പിശകിയവന്‍റെ നാലു തലമുറക്ക്‌ പങ്കുകളിക്കാരിൽനിന്നും    പുലഭ്യം കേൾക്കും. കേട്ടാൽ തൊഴുതു നിൽക്കാൻ തോന്നുന്ന സരസ്വതി. 

കളിയില്‍ പിഴവു വരുത്താനും    തെറി കേൾക്കാനും എന്നും നിയോഗം കൂട്ടത്തിൽ ഇളയവൻ തങ്കപ്പൻനായര്‍ക്കായിരുന്നു .   സപ്പോർട്ട് കളിയുടെ രസതന്ത്രത്തിൽ ഏഴാംക്ലാസ്  തോറ്റവനെങ്കിലും മറ്റാരും ഇല്ലാത്ത സാഹചര്യത്തില്‍  തങ്കപ്പൻനായരെ കടത്തിയിരുത്തി വട്ടമൊ പ്പിക്കുകയായിരുന്നു. 

ക്ഷിപ്രകോപിയായിരുന്ന റിട്ടയേഡ്‌ താസിൽദാർ മേനോന്‍റെ ടീമിലേക്കാണ് തങ്കപ്പൻ  നായർക്ക്‌ നറുക്ക് വീണത്‌.  ആദ്യത്തെ കളിയിൽ തന്നെ തങ്കപ്പൻ നായർ ബാറ്റണ്‍ നിലത്തിട്ടു. പാട്ടും പാടി ജയിക്കേണ്ട കളി തുലച്ചതില്‍ കലികയറി മേനോന്‍ കയ്യിലിരുന്ന ചീട്ടിന്‍റെ ശേഷിപ്പ്  നിലത്തെറിഞ്ഞു. താൻ ഭൂമിയിലേക്ക്‌ വന്നവഴി മേനോണ്‍  ചെല്ലുന്നത് കേൾക്കാൻ   നമ്രശിരസ്കനായി  തങ്കപ്പന്‍നായർ ഇരുന്നു. പക്ഷെ പതിവിനു വിപരീതമായി മേനോൻ  സ്ഫോടത്തില്‍ ഒരു വെറൈറ്റി ഐറ്റമാണ് വിട്ടത്.

" പ്ഫ.....!! "

അറുപത്തഞ്ചു വയസ്സും തത്തുല്ല്യം മേദസ്സും കനിഞ്ഞു നൽകിയ കരുത്തു മുഴുവൻ ആവാഹിച്ചുകൊണ്ടുള്ള ഒരാട്ട് ! 

പൊട്ടിത്തെറിയുടെ ആഘാതത്തിൽ  ആടിയുലഞ്ഞ തങ്കപ്പൻ നായർക്ക്  അസ്ഥാനത്ത് എന്തോ വന്നു തറച്ച പോലെ തോന്നി. മനസ്സാന്നിദ്ധ്യം വീണ്ടെടുത്ത് ദുരന്തസ്ഥലിയിലേക്കു നോക്കിയപ്പോൾ പക്ഷെ സ്ഥിതി സാധാരണം. കാര്യമെന്തെന്നറിയാതെ അന്തംവിട്ടു മുന്നിലേക്കു നോക്കിയപ്പോൾ പരിഭ്രമിച്ചുകൊണ്ട് എന്തോ തിരയുന്ന മേനോനെ കണ്ടു. മേനോന്‍റെ ദൃഷ്ടി ചമ്രം പടിഞ്ഞിരുന്ന തങ്കപ്പൻനായരുടെ വലത്തെ കാല്‍മുട്ടിനടിയില്‍ തറച്ചു വിടര്‍ന്നുനിന്നു.  ആട്ടിയ വായകൊണ്ടു തന്നെ മേനോൻ അഭ്യർഥിച്ചു:

"അയ്യോ തങ്കപ്പാ ! അതിങ്ങടെടുക്ക്വാ!"

"ഏത്?"

"അയ്‌! ദത്, തന്‍റെ കാലിന്‍റെ ചോട്ടില് കെടക്കണതടോ!"


കാലിനടിയിൽ പരതി തടഞ്ഞ വസ്തു എടുത്തു നോക്കിയപ്പോൾ തങ്കപ്പൻ നായര്‍ ഞെട്ടി!. 

ഉള്ളംകയ്യിലിരുന്നു ചിരിക്കുന്ന മേനോന്റെ സെറ്റുപല്ല്!








2014, ഓഗസ്റ്റ് 3, ഞായറാഴ്‌ച

ബ്രാന്‍ഡ്‌


 ബ്രാന്‍ഡ്‌


ശങ്കരരേഴ്ശന്‍റെ ചായക്ലബ്ബിന്‍റെ മുറ്റത്ത് വിറകുവെട്ടിക്കൊണ്ടിരുന്ന വേലായുധന്‍ ഇടക്ക് മഴു നിലത്തിട്ട് ദേവസ്സ്യാപ്ലയുടെ പാണ്ട്യാലേല്‍ക്ക് ചെന്നു. തലയില്‍ കെട്ടിയിരുന്ന   തോര്‍ത്തുമുണ്ടഴിച്ച്  വീശിക്കൊണ്ട് പറഞ്ഞു:


"ദേവസ്സ്യേട്ടാ ഒരു ഷോഡേട്ത്തേ."


വലത്തെ   തോളില്‍   ചെവിയോടു  ചേര്‍ത്തു  വെച്ച് ദേവസ്സ്യാപ്ല  പൊട്ടിച്ചു ചീറ്റിച്ചു കൊടുത്ത  ഗോലിസോഡ മടമടാന്ന് കുടിച്ച്  കുപ്പിയില്‍ ശേഷിച്ചത് ഉള്ളം കയ്യിലെടുത്തു മുഖത്തടിച്ചു കഴുകിയശേഷം വേലായുധന്‍ ആവശ്യപ്പെട്ടു: 



" ഇന്യൊരു സിസ്സറ്.  ഔ ശെന്താ ചൂട്!"



സിസ്സേര്‍സിന്‍റെ പുതിയ    പാക്കറ്റ്       പൊളിച്ചു     നീട്ടിയ       ഒരെണ്ണം     വായില്‍     എറിഞ്ഞു
പിടിപ്പിച്ചപ്പോള്‍ വേലായുധന് എന്തോ പന്തികേട്‌ തോന്നി സാധനം  തിരിച്ചെടുത്തു സൂക്ഷിച്ചു നോക്കി. അത് തിരിച്ചു കൊടുത്തുകൊണ്ട് പറഞ്ഞു: 


"അയ്‌, ഇത് കത്തിര്യാ!ഇതല്ല ദേവസ്സ്യേട്ടാ! പനാമസിസ്സറ്ട്ക്ക്."


2014, ഓഗസ്റ്റ് 1, വെള്ളിയാഴ്‌ച

ലൂബ്രിക്കന്റ്

ലൂബ്രിക്കന്റ്  
ലൂബ്രിക്കന്റ് 


വൈകീട്ട്  പരേഡ്  കഴിയുമ്പോൾ കേഡറ്റുകൾക്ക് കൊടുക്കുവാനുള്ള ലഘുഭക്ഷണം തലച്ചുമടായി സ്കൂളിലേക്ക് കൊണ്ടുപോവുകയായിരുന്നു ചായക്കടക്കാരൻ ശങ്കരേട്ടന്‍റെ  സഹായി രാമൻ. മസാലദോശ, പൂരി, ഉഴുന്നുവട അങ്ങിനെ എന്തെങ്കിലുമൊക്കെയാണ് പതിവ്. തലയിൽ ചൂരക്കൊട്ടയും വലംകയ്യിൽ ചായക്കെറ്റിലും കക്ഷത്തില്‍ വാഴയിലച്ചുരുട്ടുമായി "കളകളം കായലോളങ്ങൾ" മൂളി ധൃതിയിൽ പോകുന്ന രാമനോട് എതിരെനിന്നു വന്ന ശങ്കുവേഴ്ശൻ   ചോളാക്യം ചോദിച്ചു:

"ദെന്തൂട്ടാ  രാമാ തലേല് ? "

 "ഇത്  മ്മടെ  സ്ക്കൂൾലെ  എൻസ്സീസി പിള്ളേർക്ക്ള്ള  ഭക്ഷണാ ശങ്ക്വേട്ടാ ."


"ഇന്നെന്താ  വിഭവം?."


" പൂട്ടും നേന്ത്രപ്പഴോം. "


" പഴോ ! അപ്പൊ പൂട്ടിന് വേറെ ഒഴിച്ചുകറീല്ല്യേ ?"


"ഇല്ല്യ ."



"അസ്സലായി! വൈന്നേരം ഒന്നു രണ്ട് മണിക്കൂറ് ലെഫ്റ്റ് റൈറ്റടിച്ച് ചങ്കു വറ്റിയ പിള്ളേർക്ക് കടലക്കറ്യോ  കൊള്ളിക്കറ്യോ ഒന്നുല്ല്യാണ്ട് വെറും പൂട്ടും പഴോം വെളമ്പ്വേ? കഷ്ടം!"  

ഏഴ്ശൻ  അതിശയം നടിച്ചു മൂക്കത്ത് വിരല്‍ വെച്ചു.

"അപ്പൊ നെന്‍റെ കക്ഷത്തെന്താ  രാമാ ?" 


"അത് വെളമ്പാള്ള  വാഴെല്യാ."


"അത് ശരി ! ഞാൻ വിചാരിച്ചു കശുമാവിന്‍റെ ചുള്ളിക്കമ്പോളാന്ന്!."


"അതെന്തൂട്ടിനാ ശങ്ക്വേട്ടാ കശുമാവുംകമ്പ്!?"   രാമനു സംശയമായി.


"അല്ല; പുട്ട് തിന്നുമ്പളേയ് പിള്ളേർക്ക്  ചങ്കീന്ന്   കുത്ത്യെറക്കാൻ എന്തെങ്കിലും കുന്തം വേണ്ട്രോ?."