2012, മേയ് 27, ഞായറാഴ്‌ച

വിധിയെഴുത്ത്



വിധിയെഴുത്ത് 

അറുപതുകളിലെ ഒരു നിയമസഭാ തെരഞ്ഞെടുപ്പുകാലം. 'കോങ്ക്രസ്സും'  'കമ്മൂണിസ്റ്റും ' മാത്രമേ അന്ന് അങ്കത്തട്ടിലുള്ളൂ.  ഭീമ ദുര്യോധനന്മാരെ ഞാഞ്ഞൂള്‍ പത്തി വിരിച്ചു കാട്ടി വരച്ച വരയില്‍ നിര്‍ത്തിയിരുന്ന മുന്നണി ഘടകന്മാരൊന്നും അന്നില്ല.  ചുമരെഴുത്ത്, അരിവാള്‍ ചുറ്റിക നക്ഷത്രം, നുകം വെച്ച കാള  പോസ്ടറുകള്‍, കീ ജയ്, ഇങ്കുലാബ് ജാഥകളൊക്കെ ഉണ്ടായിരുന്നുവെങ്കിലും കറുത്ത റോഡിനെ വെളുപ്പിക്കുന്ന റോഡെഴുത്തും ചുറ്റിയ മുണ്ടിന്റെ കോന്തല ഇടംകൈക്കൊണ്ട് പിടിച്ച് വലം കൈ വാനിലുയര്‍ത്തിവീശി സെവന്റി എം എം ചിരി മുഖത്ത് ഘടിപ്പിച്ച് ( ഇത്രയൊക്കെ ചിരിക്കാനുണ്ടോ ! ) ആജന്മ സൗഹൃദം കളിച്ചു  നില്‍ക്കുന്ന സ്ഥാനാര്‍ഥിയുടെ ഫ്ലക്‌സും പ്രേത സിനിമളിലെ മുടിയഴിച്ചിട്ട വെള്ളസ്സാരിണികളെ അനുസ്മരിപ്പിക്കുന്ന തരത്തില്‍  തുറന്ന ജീപ്പില്‍ കാല്‍ ചുവട്ടില്‍ നിന്ന് വരുന്ന സ്പോട്ട് ലൈറ്റില്‍ പ്രേതമുഖം തത്സമയം പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ള പാതിരാ റോഡ്‌ ഷോകളും അന്നുണ്ടായിരുന്നില്ല.   തട്ടകത്തിലെ പ്രധാന'എലഷന്‍ വര്‍ക്ക് കൊടി നാട്ടലായിരുന്നു.    കൊടി സുനിമാരെ വെച്ച് രണ്ടു പാര്‍ട്ടിക്കാരും തങ്ങളുടെ കൊടികള്‍ മത്സരിച്ചു കെട്ടിയുയര്‍ത്തി. കവുങ്ങ്, കവുങ്ങിന്മേല്‍ കവുങ്ങ് കങ്കവുങ്ങ്, മുള മുളക്കുമേല്‍ മുള  മുമ്മുള, അതുക്കു മേല്‍ മാങ്ങാത്തോട്ടി എന്ന ക്രമത്തില്‍ കൊടിമരം കെട്ടിയുയര്‍ത്തിയാണ് മുവ്വര്‍ണക്കൊടിയും ചോരച്ചെങ്കൊടിയും വാനിലുയര്‍ത്തിപ്പറപ്പിച്ചിരുന്നത്.   നാല് കിലോമീറ്റര്‍ അകലെ പുഴയ്ക്കല്‍ പാടത്ത്  അയ്യന്തോള്‍ റോഡില്‍ നിന്നുകൊണ്ടാണ് കൊടിപ്പൊക്കം നിര്‍ണയിച്ചിരുന്നത്.  ഏറ്റവും ഉയരത്തില്‍ കൊടി പറപ്പിച്ചവര്‍ക്ക് ജയം.  മറ്റവര്‍ക്കു കൊടിപ്പൊക്കത്തോല്‍വി എന്ന എലഷന്‍ തോല്‍വിയേക്കാള്‍  ഭയാനകമായ പഞ്ചത്സര മനസ്താപം .

നാട്ടിലെ വാണിജ്യ സിരാകേന്ദ്രമായ വിളക്കുംകാലാണ് സംഭവസ്ഥലം. 'ആങ്ങളേം പെങ്ങളും ' മക്കളായ ലോനപ്പനും അന്തോണിയും തമ്മില്‍ പൊരിഞ്ഞ വാക്കേറ്റം.   അരിവാളാണ്  പൊക്കത്തിലെന്നു ലോനപ്പനും അത് പള്ളീല് പറഞ്ഞാ മതി ചര്‍ക്കേടെ   ചോട്ടിലേ  അരിവാള് നിക്കൂന്ന് അന്തോണിയും. ചേട്ടന്‍ അനിയന്മാര്‍ അടുത്തുള്ള അടാട്ട് ചന്തയില്‍ പോയി അന്തിക്കള്ള് മോന്തി തോളില്‍ കയ്യിട്ടു സന്താള്‍ നൃത്തം ചവിട്ടി   നാട്ടാരോടു ഉത്തമ സാഹോദര്യം  വിളംബരം   ചെയ്തു വീട്ടിലേക്കു മടങ്ങുന്ന വഴിക്ക് വെച്ചാണ് സര്‍ഗസംവാദം പൊട്ടിപ്പുറപ്പെട്ടത് .  വിളക്കുംകാല്‍ അന്യോന്യം മൂത്തു മൂത്ത്  'ബാലി സുഗ്രീവത്തി'നു തൊട്ടു മുന്‍പുള്ള വാടാ പോടാ ശംഖുവിളിയിലെത്തി നില്‍ക്കുമ്പോഴാണ് നമ്മുടെ ദേഹണ്ണക്കാരന്‍  ശേഖരന്‍ നായരുടെ വരവ്. ഏതോ വീടിലെ പതിനാറടിയന്തിരം കഴിഞ്ഞു വൈകീട്ടത്തെ   സബോതി   സ്വീകരിച്ച്      ആളും     '  ലെശന്നേ   പറഞ്ഞൂടൂ, ഒറങ്ങാന്‍ മാത്രള്ള '     ശൊക്കുമായാണ്   വരവ്.  നായര് രണ്ടു പേരുടെയും നല്ല അയല്‍ക്കാരന്‍.  

നായരെ കണ്ടതും ക്രിസ്ത്യന്‍ ബ്രദേര്‍സ്  അക്ഷരശ്ലോകം നിര്‍ത്തി  കേസ്   നായരുടെ  വിധിക്ക് വിടാന്‍ തീരുമാനിച്ചു.  ഞാന്‍ ഒരു വഴിപോക്കന്‍ എന്ന മട്ടില്‍ തടിയൂരാന്‍ ശ്രമിച്ച അയാളെ രണ്ടു പേരും ചേര്‍ന്ന് വിരട്ടി മധ്യസ്ഥനാക്കി.  നിയമനം സ്വീകരിക്കാതെ ശേഖരന്‍ നായര്‍ക്ക്‌ മറ്റു വഴിയില്ലായിരുന്നു.  തെങ്ങടിച്ചാല്‍ പന വീഴുന്ന തരം ഒത്ത ദേഹങ്ങള്‍. മേല് കീഴ്‌ നോക്കാത്തോറ്റ .  നായരാണെങ്കിലോ ദുര്‍ബലശരീരി.

 " പറേടോ നായരെ ഏത് കൊടിക്കാ പൊക്കം കൂടുതല് ? കോങ്ക്രസ്സാ കമ്മൂണിസ്റ്റാ ? ഇപ്പ പറേണം. ഇല്ലിങ്ങെ താനിന്ന്  കുടുമ്മം മോളേല്ല്യ. "

  നായര് നടുങ്ങി! പറഞ്ഞാല്‍ പറഞ്ഞ പോലെ ചെയ്യണ വര്‍ഗങ്ങളാണ് ! എന്താ ഇപ്പൊ പറയ്വാ? എന്ത് പറഞ്ഞാലും അടി ഒറപ്പ്.  കഴിഞ്ഞ കക്കടകത്തില്  ഗാരേജില് കേറ്റി ഉഴിച്ചല്‍  നടത്തി  കഷ്ടിച്ച് ഫിറ്റായി നടക്ക്വാണ്. അത് കേടാവും. ചെകുത്താനും കടലിനും ഇടയ്ക്ക് എന്ന് പറഞ്ഞതിന്റെ പൊരുള് ഇപ്പോഴാണ് നായര്‍ക്ക്‌  തിരിഞ്ഞത്.   ഏത്  കൊടിയാണ്  പൊക്കം കൂടുതല് എന്ന് അറിയില്ല. കാരണം  താന്‍ കാണുമ്പോള്‍ കൊടി കയറിയിട്ടില്ല, അക്കാര്യം പറഞ്ഞാലോ?  നന്നായി . അതെങ്ങാനും പറഞ്ഞാല്‍  കൊടി കാണാണ്ട് താന്‍ പിന്നെ  എവടെ  ഒളിച്ചിരിക്ക്യായിരുന്നുഡോ എന്ന്  ചോദിച്ച് തന്റെ ധര്‍മദാരങ്ങളെ കൂടി  കാന്‍വാസില്‍ കൊണ്ട് വരും! വേണ്ട ആ പാവത്തിന്റെ ശരീര ഭാഗങ്ങള്‍ക്ക്  താനായിട്ട്  ഇവറ്റോള്‍ടെ ലോങ്ങ്‌ റേഞ്ച്  'വാക്കേറ് ' ദോഷം   തട്ടണ്ട!

തെല്ലിട ചിന്തിച്ച ശേഷം അത് പറയാന്‍ തന്നെ ശേഖരന്‍ നായര്‍ തീരുമാനിച്ചു. മരണം ഉറപ്പായാല്‍ ഒരുവന് വരുന്ന ഒരു ധൈര്യമുണ്ടല്ലോ.  അത് വെച്ച് രണ്ടു പേരുടെയും ക്രൌര്യം പുകയുന്ന മുഖങ്ങളിലേക്ക് മാറി മാറി നോക്കി ഒറ്റ ശ്വാസത്തില്‍ ഒരു തട്ട് തട്ടി :

"ഉച്ചക്ക് ഞാന്‍ രണ്ടു കൊടീം  കണ്ടേര്‍ന്നു . ന്റെ അഭിപ്രായത്തില് രണ്ടു  കൊടിക്കും   ലേശം പൊക്കം  കൂട്തലാ  "   

 "ഇപ്പ എങ്ങനീണ്ട് ! ഇപ്പ  എങ്ങനീണ്ട് .  കേക്ക  ശവീ  നായര് റേണത്  കൊടുക്ക്രോ     നായരേ  കയ്യ്.  താനാണ്ട്രോ ആങ്കുട്ടി.." 

മാപ്പ്ലമ്മാര് ബ്രെസ്റ്റ്  വിരിച്ചും ആര്‍ത്തു വിളിച്ചും   നായരെ പൊക്കിയെടുക്കാന്‍ തിരിഞ്ഞപ്പോഴാണ് അറിയുന്നത്. നായരുടെ പൊടി പോലുമില്ല കണ്ടു പിടിക്കാന്‍ !

 *******

                                     

2012, മേയ് 24, വ്യാഴാഴ്‌ച

പെരുപ്പിക്കാതെ.,പെരുപ്പിക്കാതെ!



പെരുപ്പിക്കാതെ,പെരുപ്പിക്കാതെ!

തെക്കുനിനൂ വന്ന   ഒരദ്ധ്യാപകനുണ്ടായിരുന്നു ഞാൻ പഠിച്ചിരുന്ന ആശ്രമം സ്കൂളില്‍. ഒരു ഭീകരന്‍. ചുവന്ന ഉണ്ടക്കണ്ണുകള്‍, കൊമ്പന്‍ മീശ, ഉറക്കത്തിലൊഴിച്ച് സദാസമയം വാ നിറയെ മുറുക്കാന്‍.  ചെമ്പന്‍ കുഞ്ഞ് എന്ന പേരുള്ള പഴയ സിനിമാ നടന്‍റെ രൂപസാദൃശ്യം.  "കൊമ്പന്‍ മീശ പിരിച്ചും കൊണ്ടേ കുട്ടന്‍ മാഷ്‌ വരുന്നുണ്ടേ- വെറ്റ  മുറുക്കി ക്ലാസ്സുകള്‍ നീളെ ചുറ്റി നടന്നു വരുന്നുണ്ടേ" എന്നെഴുതാന്‍  സിപ്പി പള്ളിപ്പുറത്തിനു പില്‍ക്കാലത്ത്‌  പ്രേരകശക്തിയായത്  മൂപ്പിലാനെ വല്ലപ്പോഴും  കണ്ടതുകൊണ്ടാവാനിടയുണ്ട്. 

പെന്‍സില്‍  കൂട്ടിപ്പിടിച്ചു  ചെവിനുള്ളുക, ചോക്ക് കഷ്ണം ഉന്നം പിടിച്ചു നെറ്റിയില്‍ എറിയുക, പോലീസ് മാതൃകയില്‍ പൊക്കിളിനു മുകളില്‍  വയറു പിടിച്ച് വലിക്കുക, എഴുതി നിറഞ്ഞ ബ്ലാക്ക്‌ ബോര്‍ഡില്‍ ഇരകളുടെ മുഖം ചേര്‍ത്ത് പിടിച്ച് അക്ഷരങ്ങള്‍ മായ്ക്കുക, എന്നിങ്ങനെയാണ്         ഗുരുരാജന്‍റെ മൃഗയാവിനോദങ്ങൾ. ഹൈസ്കൂളിൽ എത്തേണ്ടി വന്നു പൊതു വിദ്യഭ്യാസവകുപ്പിന്‍റെ ആ മർദ്ദനോപകരണത്തിൽനിന്നു നിന്നു രക്ഷനേടാൻ.  ചെമ്പൻ കുഞ്ഞിന്‍റെ സാമ്രാജ്യം യൂ പി സ്കൂളില്‍ ഒതുങ്ങിയിരുന്നു.

സ്കൂൾ കോളേജ് പഠനങ്ങളൊക്കെ  പൂർത്തിയാക്കി വെള്ളക്കോളര്‍  തൊഴിലന്വേഷകനായി നടക്കുന്ന നാളുകൾ.  പിഎസ്സിക്ക്  അപേക്ഷ അയക്കാനായി പോസ്റ്റ്‌ ഓഫീസിൽ പോയി മടങ്ങുമ്പോഴാണ് ഒരു ദിവസം  അതു കാണേണ്ടി വന്നത്   . സമീപത്തുള്ള സ്റ്റേഷനറി  കടയുടെ തിണ്ണയില്‍   കടക്കാരനോട്  സൊറ പറഞ്ഞും വഴിയില്‍ പോകുന്ന പരിചയക്കാരെയും അല്ലാത്തവരേയും മൂപ്പിച്ചും  നമ്മുടെ കുട്ടന്‍മാഷുണ്ട് മുറുക്കിച്ചുവന്നു ചെമ്പരത്തിയായി  ഇരിക്കുന്നു. ആ സമയം തലയിലും  തോളുകളിലും   കൈകളിലും കമ്പിളിവസ്ത്രങ്ങൾ തൂക്കിയിട്ടു കുമ്മാട്ടിപ്പരുവത്തിൽ നടന്നു കച്ചവടം  നടത്തുന്ന ഒരു നേപ്പാളി കടയുടെ മുന്നിലൂടെ പോയി .  ചെമ്പന്‍ കുഞ്ഞ്  അയാളെ പാഠപുസ്തകഹിന്ദിയിൽ  കൈകൊട്ടി വിളിച്ചു:

" ഹേ ഭായ് ..ഇദര്‍ ആവോ. "

നേപ്പാളി സന്തോഷത്തില്‍ അടുത്ത് ചെന്ന് മുഖത്ത് നൂറു ചുളിവുകൾ വിരിയിച്ചും   കണ്ണു ചിമ്മിയും മഞ്ഞപ്പല്ലുകാട്ടി   ഇളിച്ചു നിന്നു .  തിരച്ചിലും പരിശോധനയും  ഒന്നുമില്ലാതെ   വസ്ത്രക്കൂമ്പാരത്തിനുള്ളില്‍നിന്നും വളരെ പെട്ടെന്ന് ഒരു സ്വെറ്റര്‍ വലിച്ചെടുത്തു  ചെമ്പന്‍കുഞ്ഞ് വില ചോദിച്ചു:

" യഹ് സ്വെറ്റര്‍ കോ കിത്‌നാ രൂപയാ ഹേ? "  (ഈ സ്വെറ്ററിന് എത്ര വേണം) 

സൌ റുപ്യ  ഭായ് സാബ് . അച്ഛാ സ്വെറ്റര്‍ ഹൈ  "  (നൂറു രൂപ സര്‍ , നല്ല സ്വെറ്റര്‍ ആണ് )

"നഹി നഹി.  മേം ആപ് കോ പച്ചാസ് റുപിയാ ദേ ദൂംഗാ  " (ഇല്ലില്ല  അമ്പത് രൂപ തരും) 

പറഞ്ഞതിന്‍റെ പാതി എന്ന സാമ്പ്രദായിക വിലപേശല്‍ ചിട്ടവട്ടമനുസരിച്ച്  ചെമ്പന്‍ നേപ്പാളി പറഞ്ഞ വിലയുടെ  നടു വെട്ടി. 

" ടീക്കെ സാബ് ,   നബ്ബെ രുപ്യ ദേ ദോ " ( ശരി .  തൊണ്ണൂറു രൂപ കൊട്  സര്‍ ) 

"നഹി നഹി പചാസ് " ( ങ്ങുഹും...  അമ്പത് മതി  ) 

"ടീക്കെ. പചാസ് ഹൈ തോ പചാസ്. ലേ ലോ  സാബ്" (ശരി. അമ്പതെങ്കില്‍  അമ്പത്. സാറെടുത്തോ) 
നേപ്പാളി കച്ചവടം ഉറപ്പിച്ചു.

കളിയിൽ കാര്യമില്ലല്ലോ!ചോദിച്ചതിന്റെ പകുതി എന്നതാണ് വിലപേശലിന്റെ രീതിശാസ്ത്രം.  യാതൊരു ഭാവഭേദവുമില്ലാതെ കഥാപുരുഷന്‍ തുടര്‍ന്നു :

"നഹി നഹി പച്ചീസ് രുപ്യ"(വേണ്ട വേണ്ട ഇരുപത്തഞ്ചുറുപ്പിക മതി) 

മുറുക്കാൻ ചവച്ചുകൊണ്ട് തന്നെ  നോക്കി കുലുങ്ങികുലുങ്ങി ചിരിക്കുന്ന ബദ്മാശിനെ കണ്ടപ്പോള്‍ ഗോതമ്പു  നിറമുള്ള നേപ്പാളി ചുവന്നു തെച്ചിപ്പൂവായി . പിന്നെ വസ്ത്രങ്ങളെല്ലാം കുടഞ്ഞു നിലത്തിട്ട് ഒരൊറ്റ ചാട്ടത്തിനു ചെമ്പന്‍റെ കഴുത്തില്‍ കയറിപിടിച്ചു.മനുഷ്യവംശത്തിന്‍റെ നൈരന്തര്യത്തിന്  അത്യന്താപേക്ഷിതമെന്നു പറയപ്പെടുന്ന ചില   ശരീരഭാഗങ്ങളുടെ ഭാഷാഭേദങ്ങളും  ഉല്ലൂ കേ പട്ടേ , സുവർ കേ ബച്ചേ  ഇത്യാദി പ്രചാര്‍ സഭാ ഭാഷയിലെ മധുര കോമള കാന്ത പദാവലികള്‍ക്കൊണ്ടുമുള്ള സഹസ്രനാമ പുഷ്പ്പാഞ്ജലിയുമായിരുന്നു  പിന്നീടങ്ങോട്ട്. ഗളമഥനം പരമകാഷ്ടയിലെത്തിയപ്പോള്‍ ചേരുവകളൊക്കെ കൃത്യമായിരുന്നതുകൊണ്ട് സ്റ്റേറ്റ് ഓഫ് ദി ആര്‍ട്ട്‌ നിര്‍മിതിയായി ഗുരുവദനത്തില്‍നിന്നും നിര്‍ഗ്ഗമിച്ച ചൊക ചൊകാ മുറുക്കാൻചാറ്  കഥാപുരുഷന്‍റെ ശുഭ്രവസ്ത്രാസകലം ചിത്രപടം   വിരിയിച്ചതു  കണ്ടപ്പോൾ നീചൻ ചോര ചര്‍ദിച്ചതാണെന്നു കരുതി നേപ്പാളി കഴുത്തിലെ പിടി വിട്ടു പകച്ചുനിന്നു.  ഉപരോധം നീങ്ങി വീണ്ടുകിട്ടിയ ശ്വാസം ചുമച്ചും കുരച്ചും നോർമലാക്കാൻ പാടുപെട്ടു  നിന്ന ചെമ്പനെ വിഷയത്തിൽ ഇടപെട്ട് ഐക്യരാഷ്ട്രസഭ കളിച്ച   കടക്കാരൻ   ഗുണദോഷിച്ചു: 

"അല്ല മാഷേ, മാഷക്കെന്തിന്‍റെ കേടാര്‍ന്നു.?. അരിക്കാശ്ണ്ടാക്കാന്‍    അന്യനാട്ട്‌ന്ന് വന്ന്     വെട്ടോഴി തെണ്ടണ ആ പാവത്തിന്‍റെ   പിരി എളക്കണ്ട  വല്ല ആവശ്യോണ്ടാര്‍ന്ന്വോ മാഷക്ക്?"

കടക്കാരന്‍ പറയുന്നതെങ്ങാനും ഊഹിച്ചെടുത്ത് ഹിമാലയവാസന്‍  'പാലാഴിമഥനം രണ്ടാംദിവസം' ആടിയെങ്കിലോ എന്നു ഭയപ്പെട്ട്‌ ചെമ്പൻകുഞ്ഞ് കടക്കാരനോട് അടക്കിയ സ്വരത്തില്‍ കെഞ്ചി:

" നായരേ...പെരുപ്പിക്കാതെ, പെരുപ്പിക്കാതെ !"

0000000

2012, മേയ് 21, തിങ്കളാഴ്‌ച

തൃശൂര്‍ പൂരം 2012 - ഒരു നര്‍മ്മാവലോകനം


മഴപ്പേടിയും എല്ലീഡി കുടകളുടെ അരങ്ങേറ്റവും  ആനയിടച്ചിലുമൊക്കെയായി പൂർവ്വാധികം  ശ്രദ്ധ പിടിച്ചു പറ്റിയ 1912 ലെ പൂരസ്മരണകൾക്ക്  ഭാവനയുടെ   നിറം ചാലിച്ചെഴുതിയതാണ് ഈ പോസ്റ്റ്.  ആറു കൊല്ലം  കഴിഞ്ഞു.   അന്നുണ്ടായിരുന്നതിന്റെ  നാലിരട്ടി സുഹൃത്തുക്കളുണ്ടിപ്പോൾ സൗഹൃദവൃന്ദത്തിൽ.  ഒന്ന് പൊട്ടി തട്ടിയെടുക്കാമെന്നു  തോന്നി.


കമ്മിറ്റിക്കാരുടെയും   പൂരക്കമ്പക്കാരുടേയും കച്ചവടക്കാരുടെയും മനസ്സില്‍ കുഴിമിന്നൽ പൊട്ടിച്ചുകൊണ്ടാണ്   മേയ് ഒന്നാംപുലരി പൂരപ്പട്ടണം   കൌസല്യാ സുപ്രജാ പാടിയത്.   ബംഗാള്‍   ഉള്‍ക്കടലില്‍ ഉരുണ്ടുയര്‍ന്ന    ന്യൂനമര്‍ദ്ദനം     ആകാശത്ത് മഴ മേഘങ്ങളെ അണനിരത്തി സമാന്തര ഗജമേളയും കരിമരുന്നുപ്രയോഗവും നടത്തിയപ്പോൾ   പൂരത്തമ്പുരാക്കന്മാർ ഉരഗങ്ങളെപ്പോൽ നടുങ്ങി  .നടപ്പാണ്ടി കൊട്ടി ബ്രഹ്മസ്വം മഠത്തിലേക്ക് പൂരപ്പാർപ്പിനു  പോകും വഴി മഴയെപ്രതി ആധി മൂത്ത തിരുവമ്പാടി ഭഗോതിയെ തലേ ദിവസം  രാത്രി താന്‍ കൂടല്മാണിക്യത്തിൽ പോയി        ട് ഭാരതപ്പിഷാരടിയെ സന്ധിച്ചതും  തൃശ്ശൂരിലെ കേളികേട്ട   ഫ്ലവര്‍ മാര്‍ട്ടില്‍നിന്നും പ്രത്യേകം കോര്‍ത്ത്‌ വാങ്ങിയ താമരമാലയുടെ പൊതി നീട്ടിയതും പൊതിയഴിച്ചുനോക്കി സന്തുഷ്ടനായ  സംഗമേശൻ നാളെ വരുണൻ പൂരം അലമ്പാക്കുന്നതു തനിക്കൊന്നു കാണണം. എന്ന് വെല്ലു വിളിച്ചതുമായ കാര്യം   കൃഷ്ണന്‍ കോലത്തിൽനിന്നും കുമ്പിട്ട് ഭാഗോതിയുടെ കാതിലോതിയതു താൻ കേട്ടുവെന്ന് ശിവസുന്ദരൻ
പിന്നീട് പത്രക്കാരോട് പറയുകയുണ്ടായി.


 വെയിലും മഴയും ചൊരുക്കായതിനാൽ ഇടനേരം വിദ്യാർത്ഥി കോര്ണറിലെത്തി  പാണ്ടി കൊട്ടി ഊഴപ്രകാരം  പൂരം പ്രഥമനായപ്പോള്‍ ലേശം വെയിലുകൊണ്ടു എന്ന്  കൂര്‍ക്കഞ്ചെരിക്കാരും വടൂക്കരക്കാരും ഉയർത്തിയ ആരോപണം   പൂയം  സിണ്ടിക്കേറ്റിന്റെ പ്രചാരവേലയാണെന്നും താൻ ഒരു ലേശം വെയിലോ  ഒരിറ്റ് മഞ്ഞോ കൊണ്ടിട്ടില്ലെന്നും  മടങ്ങും വഴി  കണിമംഗലം ശാസ്താവ് നെഹ്‌റു മണ്ഡപം കയറി നിഷേധിച്ചു.      പനെക്കംപിള്ളി ശാസ്താവും ചെമ്പൂക്കാവ് ഭാഗോതിയും പടിഞാറ്റുമുറിക്കാരുടെ കണ്ണ് വെട്ടിച്ചുകൊണ്ട്  അപ്പുറത്ത് കിഴക്കേ നടയിലൂടെ മതിലകത്തെയ്ക്ക്   കടക്കുകയാണുണ്ടായതെന്നു കിഴക്കുമ്മുറിക്കാര്‍  അടക്കം പറഞ്ഞു.       മണികണ്ഠനാലില്‍ കാരമുക്ക് ഭഗവതിയ്ക്ക് പാണ്ടി  കൊലുമ്പിയപ്പോള്‍  മഹാത്മാഗാന്ധിയും  കുറൂര്‍ നമ്പൂരിയും ക്രമപ്രകാരം വടിയും രണ്ടാമ്മുണ്ടും വീശി പെരുവനം കുട്ടനെ  മൂച്ച്   കേറ്റി. കൊച്ചുകുട്ടിയമ്മ പറ നിറച്ചു. പൂങ്കുന്നത്ത് ബ്ലോക്കില്‍ പെട്ടതുകൊണ്ട് കോഴിക്കോട്ടുനിന്ന്  കേളപ്പന് മുഹൂര്‍ത്തത്തിന് എത്താനായില്ല.   ഭഗോതിയെ കൊട്ടിക്കേറ്റി ശ്രീമൂലസ്ഥാനത്ത്  കൊണ്ട്  ചെന്ന്  അഞ്ചാം കാലത്തിൽ പൊരിച്ചെടുക്കുമ്പോഴേക്കും ചൂരോട്ടാവ് ചേച്ചി പതിനാലാനപ്പൊറത്ത്  പള്ളിവാൾ ചുഴറ്റി നൃത്തം തുടങ്ങിയിരുന്നു. . തുള്ളൽ  മധ്യമത്തിലെത്തിയപ്പോള്‍ "മാലിന്യ പ്രശ്നത്തില്‍ ജനകീയ സമിതിക്കാര്‍ക്കൊപ്പം സത്യാഗ്രഹമിരുന്നു  നേരം പോയതറിഞ്ഞില്ല്യ കുട്ട്യോളെ "എന്ന്  പിറുപിറുത്ത്  ധൃതി പിടിച്ചു  മതിലരിക്  പറ്റി ചൂരോട്ടാവ് ഭഗവതിയെ  കടന്നു ശ്രീമൂലസ്ഥാനത്തു ചെന്ന്  പാണ്ടികൊണ്ട്   ഉപായത്തിലൊരു മൊളൂഷ്യം വെച്ച്  ലാലൂര് ഭഗോതി മടങ്ങി. പരയ്ക്കാട് തങ്കപ്പന്റെ പിള്ളേര്  ത്രിപുട കൊട്ടി കൊണ്ടുവന്ന  അയ്യന്തോള്‍  കാര്‍ത്ത്യേന്യേമ്മയും പിന്നാലെ കുറ്റുക്കാരി നെയ്തലക്കാവിലമ്മയും പടിഞ്ഞാറെനട വഴി മതിലകത്ത് കടന്നു മസ്റ്റര്‍  റോളില്‍ ഒപ്പിട്ടു ബത്ത വാങ്ങുമ്പോഴേക്കും പഴയ നടക്കാവില്‍   തിരുവമ്പാടി  ഭഗവതി  കതിന  പൊട്ടിച്ചു  മഠത്തിൽ വരവിനു   കാലമിട്ടു  കഴിഞ്ഞിരുന്നു.


ഇതേ സമയം കിഴക്കുമ്മുറിയില്‍ ഗുരുവായൂക്കാരൻ  പപ്പനാവന്റെ പുറത്തു  കയറി ഇലഞ്ഞിത്തറ റെജിമെന്റിന്റെ  ഗാര്‍ഡ് ഓഫ് ഓണര്‍  പരിശോധിച്ച ശേഷം പാറമേക്കാവമ്മ  പശ്ചിമേഷ്യ  ലക്ഷ്യമാക്കി  കാഹളമൂതി  .   മനോധര്‍മത്തില്‍ ചെമ്പട കൊട്ടിയുരുട്ടി പെരുവനം കുട്ടന്‍ മേടവെയിലിനെ പൂനിലാവാക്കിയപ്പോള്‍ കുളിര് സഹിക്കാഞ്ഞ് ജനങ്ങള്‍ തീക്കായാനോടി.        കച്ചോടം മുട്ടിയ ശീതള പാനീയക്കാര്‍ വാവിട്ടു നിലവിളിച്ചു.  സ്റ്റേറ്റ് ബാങ്കുകാർ  കലക്കി വെച്ചിരുന്ന കട്ടിമോരത്രയും മണീസ് കേഫുകാര്‍ ചുളുവിലക്ക്  വാങ്ങി തൈരുവടയിട്ടു. തകരപ്പെട്ടികള്‍ നിറഞ്ഞു കവിഞ്ഞപ്പോള്‍  ചുക്ക് കാപ്പിക്കാര്‍ മുണ്ട് വളച്ചു കുത്തി ശിവസുന്ദരനും പപ്പനാവനും വില പറഞ്ഞു.


ബ്രഹ്മസ്വം മഠത്തിലെ  കുശിനിയില്‍ കുറുക്കിയെടുത്ത് നടുവിലാലില്‍ ചെറുതുരുത്തിക്കാരന്‍   സെയ്തലവീടെ    ട്രില്ലീസ്   പന്തലിൽ  ശിവസുന്ദരന്റെ പുറത്തിരുന്നു മുക്തകണ്ടം ഭുജിച്ച  പഞ്ചവാദ്യപ്പാലട നായ്ക്കനാലില്‍ എരിഞ്ഞു  തികട്ടിയപ്പോള്‍  അമ്പാടിച്ചേച്ചിക്ക്‌ അന്നമനട പരമേശ്വരൻ   തന്റെ  തിമില വറുത്തു പൊടിച്ചു കിഴക്കൂട്ടിന്റെ ചെമ്പടയില്‍ ചാലിച്ച്  സേവിക്കാൻ കൊടുത്തു. പ്രത്യുപകാരമായി ഭഗോതി കിഴക്കൂട്ട്   അന്യേനെ ശ്രീമൂലസ്ഥാനം വരെ നടത്തി ചെണ്ടകൊട്ടിച്ചു.   തുടർന്ന്  നടന്ന ശ്രീമൂലസ്ഥാനം ഇലഞ്ഞിത്തറ ദ്വന്ദത്തിൽ   പാണ്ടിക്കളം   നിറഞ്ഞാടിയ  കിഴക്കൂടന്‍ പെരുവനത്തെ സമനിലയില്‍ പിടിച്ചു നിര്‍ത്തിയത് ചരിത്രമായി. പോയിന്റ്‌  തിരുവമ്പാടി ഒന്നര പാറമേക്കാവ് അര. പഞ്ചവാദ്യം പകല്‍ ഏകദിനത്തില്‍ പാറമേക്കാവ് അമ്മയുടെ അഭാവത്തില്‍  ലഭിച്ച വാക്ക് ഓവര്‍ തിരുവമ്പാടിക്കാരിക്കു ഒരു പോയിന്റിന്റെ ലീഡ് നേടിക്കൊടുത്തിരുന്നു.


പക്ഷെ മത്സരങ്ങളുടെ അമ്മയെന്ന് വിശേഷിപ്പിക്കപ്പെട്ട കുടമാറ്റത്തില്‍ അമ്മ ഭഗോതിയെ അക്ഷരാര്‍ത്ഥത്തില്‍  തൂത്തുവാരുക തന്നെ ചെയ്തു  .  തെക്കേ നട   സ്റ്റേഡിയത്തില്‍ രാത്രിയും പകലുമായി നടന്ന മത്സരത്തില്‍ നാല് നിര കുടകള്‍ക്കാണ്  പാറമേക്കാവിലമ്മ വിജയം കണ്ടത്.  സമനിലയിലേക്ക് നീങ്ങുന്നു എന്ന് തോന്നിച്ച മത്സരത്തിന്റെ അവസാന ഓവറുകളില്‍ തുടരെ തുടരെ അഞ്ചു സ്പെഷ്യല്‍ കുടകളുയര്‍ത്തിയാണ് അപ്രാപ്യമെന്നു തോന്നിച്ച വിജയം അമ്മ കൊയ്തെടുത്തത്.  നിര്‍ണായക ഘട്ടത്തില്‍ 'കൃഷ്ണയ്യ മുരളിതരനെ' ഇറക്കിക്കൊണ്ടുള്ള തിരുവമ്പാടി ഭാഗോതിയുടെ 'എല്ലീഡീ ' പവര്‍ പ്ലേ ഒടുവില്‍ അവര്‍ക്ക് തന്നെ വിനയാവുകയാണുണ്ടായത് . 'എല്ലീഡീ റിവേര്‍സ് സ്വീപി' ലൂടെയും 'മള്‍ട്ടിപ്പ്ള്‍ ഹുഡട് കോബ്ര  കട്ടി'ലൂടെയും 'ലോഫ്റ്റട് ബലൂണ്‍ ഡ്രൈവി'ലൂടെയും പടിഞ്ഞാറ്റ്മുറിക്കാരി   തിരിച്ചടിച്ചപ്പോള്‍ വടക്കത്തിയില്‍നിന്നും മറുപടിയുണ്ടായില്ല. ഇതോടെ ആറു മത്സരങ്ങളുള്ള പരമ്പരയില്‍ ഇരു കൂട്ടരും ഒന്നര പോയിന്റോടെ തുല്യനിലയിലായി.


കുടമാറ്റത്തിന്റെ വിധിനിര്‍ണയത്തെ ചൊല്ലി ഭാഗോതിമാര്‍ക്കിടയില്‍ വലിയ കശപിശയുണ്ടായി എന്ന് പിന്നാമ്പുറ വര്‍ത്തമാനമുണ്ട്! സ്ലോഗ് ഓവറുകളില്‍ പാറമേക്കാവമ്മ തകര്‍ത്തടിച്ച്   സമ്മര്‍ദ്ദത്തിലാഴ്ത്തിയപ്പോള്‍ വെളിച്ചക്കുറവ്  ചൂണ്ടിക്കാട്ടിയുള്ള   തിരുവമ്പാടിക്കരിയുടെ ലൈറ്റ് അപ്പീല്‍ അമ്പയര്‍ മഹാദേവന്‍ നിരസിച്ചതിനെത്തുടര്‍ന്നാണ് പ്രശ്നങ്ങള്‍ തല പൊക്കിയത്. അമ്പയറോട് ഉടക്കിയ ഭഗോതിയെ പാറമേക്കാവമ്മ കളിയുടെ അന്തസ്സിനു നിരക്കാത്ത ഭാഷയില്‍ അധിക്ഷേപിച്ചുവെന്നും തുടര്‍ന്ന് രണ്ടു പേരും തമ്മില്‍ വാക്കേറ്റമുണ്ടായെന്നുമാണ് റിപ്പോര്‍ട്ട്. പിന്നിലിരിക്കുന്ന പുല്ലാങ്കുഴൽ വായനക്കാരന്റെ      നിര്‍ദ്ദേശമനുസരിച്ചാണ് ലൈറ്റ് അപ്പീല്‍ ചെയ്തതെന്നും ആണൊരുത്തന്റെ തുണയില്ലാതെ ഗ്രൗണ്ടില്‍ ഇറങ്ങാന്‍ ചുണയില്ലാത്തവള്‍ക്ക് പറഞ്ഞിട്ടുള്ളതല്ല പൂരക്കളിയെന്നും അമ്മ പറഞ്ഞത് വിവാദമായിട്ടുണ്ട്. അധിക്ഷേപം കേട്ട് എന്തോ പറയാന്‍ ശിവസുന്ദരനെ വിട്ടിറങ്ങിയ കൃഷ്ണനോട് പണ്ട് കുരുക്ഷേത്ര യൂനിവേര്‍സിറ്റി  ക്യാമ്പസ്സില്‍    വൈസ് ചാന്‍സലര്‍ ഭീഷ്മാചാര്യയോടു കളിച്ച കളിയൊന്നും സെന്മേരീസില്‍ പഠിച്ച തന്നോട് വേണ്ടെന്നു പാറമേക്കാവുകാരി മുഖത്തടിച്ചപോലെ പറഞ്ഞുവത്രേ. ഇന്‍സ്പെക്ടര്‍ ബലറാമിന്റെ പെങ്ങളോടുള്ള കളിയാണെന്ന് മനസ്സിലാക്കി തന്ത്രപൂര്‍വ്വം തലയൂരിയ കൃഷ്ണന്റെ പിന്നാലെ സഹായം അഭ്യര്‍ത്തിച്ചെത്തിയ തിരുവമ്പാടിക്കാരിയോട് കേരളവര്‍മയില്‍ അഞ്ചു വര്‍ഷം പഠിച്ചിട്ടും ഒരു സെന്മേരീസുകാരിയോടു   മുട്ടുവാനുള്ള ഇടതുപക്ഷവീര്യം   നിനക്ക് ഇല്ലാതെ പോയല്ലോ  ന്റെ പെണ്‍പിറന്നോരെ    എന്ന് പരിതപിച്ച കൃഷ്ണന്‍ തന്റെ വീട് കണ്ണൂരില്‍ തളിപ്പറമ്പിനടുത്തു മാവിലായിലാണെന്നു പറഞ്ഞു കൈമലര്‍ത്തിയത്രെ.  ശരി ദൂരം വിട്ടു നിങ്ങളെന്നാണ്  സമദൂരക്കാരനായത്  എന്ന് തിരുവമ്പാടിക്കാരി കയര്‍ത്തപ്പോള്‍ പാളയത്തില്‍ തന്നെ പട എന്ന നിലയായി. കളി കൈവിട്ടു പോയെന്നായപ്പോള്‍ സമാധാന ശ്രമങ്ങള്‍ക്കായി  ഗുരുവായൂരില്‍ നിന്നും അപ്പേട്ടനും കൊടുങ്ങല്ലൂരില്‍നിന്നും കുരുംബേട്ത്തിയും തൃപ്രയാറില്‍നിന്നും രാമോപ്പയും രാമനിലയത്തില്‍ വന്നു ക്യാമ്പ്‌ ചെയ്യുകയുണ്ടായത്രേ! എന്തായാലും സര്‍വകക്ഷിസമാധാന ചര്‍ച്ചകള്‍ക്ക് ഫലമുണ്ടായി.  പിറ്റേ ദിവസത്തെ വിട വാങ്ങല്‍ രംഗം ഹൃദയസ്പര്‍ശിയായിരുന്നു.  'കഴിഞ്ഞതൊക്കെ  കഴിഞ്ഞെടീ'  'ഒക്കെ ഒരു  സ്വപ്നാര്‍ന്നുന്ന്  നിരീക്കെടീ ,  പറച്ചിലുകളോടെ മുതിര്‍ന്ന ചേച്ചിമാര്‍ കെട്ടിപ്പിടിച്ചു കണ്ണീര്‍ വാര്‍ത്ത് മൂക്ക് പിഴിയുന്നത് കണ്ടപ്പോള്‍ പിടിച്ചു നില്ക്കാന്‍ വയ്യാതായ   പെരുവനവും  കിഴക്കൂടനും  കൂടി  പൂരപ്പറമ്പില്‍ കടക്കാതെ ഒളിച്ചുനിന്ന    പഞ്ചാരിയെ തിരഞ്ഞു  പിടിച്ച്   അഞ്ചാം  കാലത്തിലിട്ട്   ഒന്ന് പെരുക്കി!


ഉപചാരം ചൊല്ലി വിടപറയല്‍ ചടങ്ങിനിടയിൽ തിണ്ണബലം കാട്ടിയ തൃശൂര്‍ക്കാരന്   പള്ളക്കൊന്നു കൊടുത്ത്‌  തിരുനക്കരയ്ക്കോടിയ ഉണ്ണികൃഷ്ണനെ സീയെമ്മസ്സിനു മുന്‍പില്‍ വെച്ച് അറസ്റ്റ് ചെയ്തു കേസ്സാക്കുകയും ശ്രീമൂലസ്ഥാനത്തിന്  ഇടം വലം നിരനിരയായി കുഴിമിന്നല്‍ പൊട്ടിച്ച്  ഭീതി പരത്തി ജനക്കൂട്ടത്തെ  പിരിച്ചു വിടുകയും  ചെയ്തശേഷം    വടക്കുന്നാഥന്‍ ഉച്ചയുറക്കത്തിനു ശ്രീലകത്ത് കയറി  പായ വിരിച്ചപ്പോള്‍ ഇന്ദ്രപ്രസ്ഥത്തില്‍ ബലദേവാനന്ദ സാഗരന്‍ 2012 ലെ പൂരത്തിന് ഇതി  വാര്‍ത്താഹ ഈണത്തില്‍ ചൊല്ലി.