2015, സെപ്റ്റംബർ 15, ചൊവ്വാഴ്ച

ചോദ്യങ്ങള്‍


 ചോദ്യങ്ങള്‍ 

ബോബി ഫിഷറും ബോറിസ് സ്പാസ്ക്കിയും ചേര്‍ന്നാണ് ചെസ്സ് കളി പഠിപ്പിച്ചത്. 1972ല്‍. ഫിഷറുടെ കിറുക്കൻ  നിലപാടുകൾ   കൊളുത്തിവിട്ട വിവാദങ്ങൾ   പത്രത്തില്‍ വായിച്ചാണ് കളിയെക്കുറിച്ചു മനസ്സിലാക്കിയതും   കമ്പം കയറിയതും . ചെസ്സിന് അഖിലലോകപ്രിയത കൂട്ടിയതും ആ ലോകമഹായുദ്ധമായിരുന്നുവല്ലോ. അന്ന് കൂടെ കളി പഠിച്ചവരില്‍ പല തൃശ്ശൂക്കാരും പ്രശസ്തരായി. നമ്മള്‍ പൊറാട്രക്കാരൊക്കെ ഒന്നാം ക്ലാസില്‍ തോറ്റുകിടന്നു. 

കളരിയില്‍ സതീര്‍ത്ഥ്യരായവരുമൊത്ത് തീനും കുടിയുമുപേക്ഷിച്ചു കളിയോട് കളിതന്നെയായിരുന്നു ആദ്യഘട്ടത്തില്‍. വായനശാലയിലെ ഒരു ഞായറാഴ്ചക്കളി. തഞ്ചത്തിൽ കിട്ടിയ  ഫോര്‍ക്കില്‍* കുരുക്കി വെട്ടിയെടുത്ത ചന്ദ്രന്‍ മാഷുടെ റാണിയെ താലോലിച്ചിരിക്കുമ്പൊഴാണ്  അയല്‍പക്കത്തെ പയ്യന്‍ ഓടിയെത്തി  എനിക്കരികില്‍ കിതച്ചു നിന്നത്. എന്തോ പറയാന്‍ മുട്ടുന്ന അവന്‍റെ ശരീരഭാഷ വായിച്ചു ഞാന്‍ ചോദിച്ചു:

"എന്തടാ?."



"ഒരു കാര്യം ചോയ്ക്കാന്‍ പറഞ്ഞു!."


"ആര്?."


"അമ്മ."


"ഏതമ്മ?."


"ബാലന്ദ്രേട്ടന്‍റെ."


"എന്തൂട്ടാ  ചോയ്ക്കാന്‍ പറഞ്ഞേ?."


"ഊണ് വായനശാലേല്‍ക്ക് കൊണ്ട്രണോന്ന്!.".


.പറഞ്ഞതും ചെക്കന്‍ വണ്ടി  റിവേര്‍ഴ്സില്‍ വാണം  വിട്ടു .


സൈക്കിള്‍ ടയര്‍ പഞ്ചറാവുന്ന ശബ്ദത്തില്‍   ചന്ദ്രന്‍ മാഷ് ചിരിച്ചുലഞ്ഞു.


"ഞാന്‍ റിസൈന്‍ ചീതു!.മതി, നിർത്ത്വാ !".

കരുക്കളെല്ലാം  വാരി പാരീസ് മിഠായി ഒഴിഞ്ഞ തകരപ്പെട്ടിയിലിട്ടു പ്രതിയോഗി കളിപ്പടം  മടക്കി. 



"സമയെത്ര്യായീ മാഷേ?."


"ഒന്നര!."


"എന്റമ്മേ! ഒന്നര്യാ!?."


കാലത്ത് ഒമ്പത് മണിക്ക് ചന്ദ്രന്‍മാഷുടെ രാജാവിന്‍റെ കാലാള് വെച്ചടി രണ്ടില്‍ തുടങ്ങിയ കളിയാണ്! ഇപ്പോള്‍ മണി ഒന്നര!


അന്നറിഞ്ഞു; ചെസ്സ് കളിയെപ്പോലെ സമയം പിടുങ്ങുന്ന  മറ്റൊരു ഗണപതിയില്ലെന്ന്!.


ഇന്ന്....


രാവിലെ ഉപ്പുമാവ് ഫുള്‍ ടാങ്കടിച്ചു മുകളിലെ മുറിയില്‍  കയറിയതാണ്. കമ്പ്യൂട്ടര്‍ നട തുറന്ന് ക്രോമില്‍ ദക്ഷിണ വെച്ചു  


ഫേസ്ബുക്കില്‍ കയറുമ്പോള്‍ ജോലിക്കു പോകാൻ സാരി ചുറ്റിയ   ഭാര്യ ചുവട്ടിൽനിന്നും വിളിച്ചു പറഞ്ഞു:


"ഞാന്‍ പൂവാട്ടാ. വാതില്  കുറ്റീട്ടോളോ."


ഉദ്യോഗസ്ഥഭാര്യയുടെ ശബ്ദം പ്രസ്തുത  ദിവസം വീണ്ടും കേട്ടത് ഇങ്ങിനെ:


" അതേയ് മോളിലിണ്ടാ? ദെന്താദ്! ഇന്നുച്ചക്കൂണ് കഴിച്ചില്ല്യേ? ചോറും കൂട്ടാനും അങ്ങന്യന്നെ ഇരിക്ക്ണ്ടലോ?."

ചോദ്യം കേട്ട് കിടിലം കൊണ്ടിരിക്കുമ്പോള്‍ ഡെസ്ക്ടോപ്പിന്‍റെ ബോട്ടം റൈറ്റ് കോർണർ കണ്ണിറുക്കി:

"എന്തേ അന്തം വിട്ടിരിക്കണേ ?  മണി ആറ് പതിമൂന്നായി!."

ഇന്നറിയുന്നു; മുഖപുസ്തകത്തെപ്പോലെ നിര്‍ദ്ദയനായ ഒരു സമയക്കൊലയാളി ഇനി വേറെ ജനിക്കണം!.
---------------------------------------------------------------------------------
*ഫോര്‍ക്ക് ( FORK ) : ഒറ്റ കരുകൊണ്ട് ഒരേ സമയം എതിരാളിയുടെ രണ്ടില്‍ കൂടുതല്‍ കരുക്കളെ കുടുക്കുന്ന നീക്കം