2019, ഫെബ്രുവരി 21, വ്യാഴാഴ്‌ച

വിപദിധൈര്യം

വിപദിധൈര്യം


വർഷം 1976.

ശ്രീരംഗം വിക്രമൻ നായരുടെ 'വിളക്കുകൾ നിഴലുകൾ' എന്ന നാടകമായിരുന്നു അക്കൊല്ലം വായനശാലയുടെ വാർഷികത്തിനവതരിപ്പിക്കാൻ തെരഞ്ഞെടുത്തത്. അപരാധികൾ രക്ഷപ്പെടുകയും നിരപരാധികൾ ശിക്ഷിക്കപ്പെടുകയും ചെയ്യുന്ന നീതിശ്രീന്യായ വ്യവസ്ഥയിലെ പഴുതുകളെ പ്രതി രണ്ട് നിയമജ്ഞർ തമ്മിൽ നടക്കുന്ന സംവാദം പശ്ചാത്തലമായുള്ള കനപ്പെട്ട നാടകം.

അഭിനേതാക്കളുടെ സെലക്ഷൻ പ്രോസസ്സും അടിപിടിയും വേഷം കിട്ടാത്തവരുടെ വെല്ലുവിളികളും അതിജീവിച്ച് തോപ്പിലെ രാജന്റെ ഒരു മാസത്തെ പ്രോംപ്റ്റായ പ്രോംപ്റ്റിങ്ങിന്റെ പിൻബലത്തിൽ ഡയലോഗൊക്കെ ഒരു വിധം മന:പാഠമാക്കിയപ്പോൾ സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടിയുമൊത്തുള്ള ആദ്യത്തെ റിഹേഴ്സലിന് ദിവസം നിശ്ചയിച്ചു.
ആണിനെ വെച്ചു കെട്ടിയുള്ള കീഴ്ക്കട ഒഴിവാക്കി സ്ത്രീയെ വെച്ചുള്ള നാട്ടിലെ ആദ്യ നാടകമാണ്. കലാലയം രാധേച്ചിയായിരുന്നു നടി. ഭർത്താവ് പായമ്മൽ ജോസേട്ടൻ സംവിധായകനും. 'എല്ലാവരും സംഭാഷണം പഠിക്ക് ; ബാക്കി ഞാൻ നോക്കിക്കോളാം' എന്ന ജോസേട്ടനുമായുള്ള ഉഭയകക്ഷി കരാർ വ്യവസ്ഥ പ്രകാരമാണ് നല്ല ശുഷ്കാന്തിയോടെ ഞങ്ങൾ ഡയലോഗ് കാണാപാഠമാക്കിയത്. ഞങ്ങൾ എന്നു പറഞ്ഞാൽ ഞാൻ, കേരളത്തിൽ തന്നെ പ്രശസ്തനായിരുന്ന പ്രൊഫഷണൽ നാടകനടൻ തമ്പിരാജ്, സുകുച്ചേട്ടൻ, വേണുഗോപാലക്കുറുപ്പ്, തോമസ് അക്കര എന്നിവർ.
അതുവരെ വായനശാലയിൽ തന്നെയാണ് ചെയ്തുകൊണ്ടിരുന്നുതെങ്കിലും നടി വരുന്ന പ്രത്യേക സാഹചര്യത്തിൽ പ്രേക്ഷകത്തിരക്കേറാൻ സാദ്ധ്യതയുള്ള പൊതു സ്ഥലം ഒഴിവാക്കി ഞങ്ങളുടെ ആരുടെയെങ്കിലും വീടിന്റെ സ്വകാര്യതയിലാകാം റിഹേഴ്സൽ എന്ന് തീരുമാനിച്ചു. എങ്കിൽ തന്റെ വീട്ടിലാകാം എന്ന് ഹരി സ്വയം സന്നദ്ധനായപ്പോൾ ലേശം ദൂരമുണ്ടെങ്കിലും തൊട്ടയലത്ത് അധികം വീടുകളൊന്നുമില്ലാത്ത ഹരിയിടം തന്നെയാകട്ടെ റിഹേഴ്സൽ ക്യാമ്പ് എന്നും നിശ്ചയിച്ചു.
റിഹേഴ്സൽ രാത്രി. 
തമാശ പറഞ്ഞും പരിഹസിച്ചും ശാസിച്ചും റിഹേഴ്സൽ മൂന്ന് ബ്ലോക്കിംഗ് പൂർത്തിയാക്കിയപ്പോൾ ജോസേട്ടൻ പത്തു മിനിറ്റ് ബ്രേക്കിട്ടു. മൂത്രമൊഴിക്കലും ബീഡി വലിയും നടന്നുകൊണ്ടിരുന്നപ്പോൾ എല്ലാവർക്കും കുടിക്കുവാനായി അടുക്കളയിൽ നിന്നും ഒരു കുട്ടിച്ചെമ്പ് വെള്ളവുമായി വന്നു ഹരി പറഞ്ഞു..

"തൽക്കാലം എല്ലാവരും ഇതു കുടിക്ക്. കാപ്പിക്ക് വെള്ളം വെച്ചിട്ടുണ്ട്."
"കാപ്പി അടുത്ത ബ്രേക്കിന്."
ജോസേട്ടൻ കണിശം പറഞ്ഞു.
ചുട്ട മേടമാസമായിരുന്നതുകൊണ്ട് എല്ലാവർക്കും നല്ല ദാഹമുണ്ടായിരുന്നു. പാത്രം വാങ്ങി ഗ്ലാസൊന്നുമില്ലാതെ 
മടമടാന്ന് എല്ലാവരും വെള്ളം കുടിച്ചു,. സുകുച്ചേട്ടനൊഴികെ. കാലിയായ പാത്രം തിരിച്ചു വാങ്ങുമ്പോൾ ഹരി പറഞ്ഞു.

''സുകുച്ചേട്ടാ ഒരു മിനിറ്റ്. ഇപ്പ കൊണ്ടരാം."
"വേണ്ട ഹര്യേ, ഞാൻ കുടിച്ചു."
"അയ്, ദെവടന്ന്?."
"ദാ ആ ജനലയ്ക്കലിരുന്ന പാത്രത്തില്ണ്ടാർന്നു."
"ഏത് ആ ഡവറേല്യോ!."
"അതന്നെ."
"അയ്യോ സുകുച്ചേട്ടാ!. "
"എന്തേ?."
"അതച്ഛൻ സെറ്റ്പല്ലിട്ട് വെച്ച വെള്ളാർന്നു!."
എല്ലാവരും ആർത്തു ചിരിച്ചപ്പോൾ ഒരു ഭാവഭേദവുമില്ലാതെ എല്ലാ ചിരിയും നിർവീര്യമാക്കിക്കൊണ്ട് സുകുച്ചേട്ടൻ പറഞ്ഞു.
" അതിനെന്താ?."
"അദ്ദന്നെ!. ഒരു കൊഴപ്പോല്ല്യ മേൻനെ. നല്ല ധാതുജലല്ലേ!. അപ്പ ശരി; എല്ലാരും വന്നേൻ തൊടങ്ങാം.''
ജോസേട്ടന്റെ ബെല്ലിൽ എല്ലാവരും ഉഷാറായി.
''ജോസേട്ടാ, ഒരു മിനിറ്റ്. ഒരു ബീഡി വലിച്ചിട്ട് വരാം."
സുകുച്ചേട്ടൻ ബീഡിയെടുക്കുന്നതു കണ്ടപ്പോൾ തമ്പിരാജ് പ്രൊഫഷണൽ ശൈലിയിൽ ചോദിച്ചു.
"മിസ്റ്റർ സുകുമാരൻ, നിങ്ങൾ കുറച്ച് മുമ്പ് വലിച്ചതല്ലേയുള്ളു?."
" മതിയായില്ല. ഒന്നൂട്യായാലേ ശര്യാവൂ."
" ശരി വേഗാവട്ടെ!. സമയം പോണു. "
ജോസേട്ടൻ പരുപരുത്ത സ്വരത്തിൽ തിടുക്കം പറഞ്ഞു.
സുകുച്ചേട്ടന്റെ രണ്ടാം ബീഡി വലിയിൽ പന്തികേട് തോന്നി രണ്ടു മിനിറ്റ് കഴിഞ്ഞ് പിന്നാലെ പോയ വേണുക്കുറുപ്പ് കണ്ടത് വീടിന്റെ തെക്കേ പുറത്തുള്ള തെങ്ങിൽ ഇടം കൈ കുത്തി വലംകയ്യിന്റെ മണിബന്ധം വരെ തൊണ്ടയിലിറക്കി കേശാദിപാദം ഉലഞ്ഞു ഛർദ്ദിക്കുന്ന സുകുച്ചേട്ടനെയാണ്!.