2012, ഓഗസ്റ്റ് 11, ശനിയാഴ്‌ച

ശങ്കരവിജയം



ശങ്കരവിജയം 



സിറ്റി എന്നു ഞങ്ങള്‍ അരുമയോടെ വിളിച്ചിരുന്ന ഞങ്ങളുടെ നാട്ടിലെ നാല്‍ക്കവലയായിരുന്നു വിളക്കുംകാല്‍. കടകളൊക്കെ അടഞ്ഞുകിടന്നാലും മറ്റേത് ദിവസത്തേക്കാളും സിറ്റിയെ ഊര്‍ജസ്വലമാക്കിയിരുന്നത് ഞായറാഴ്ച്ചകളായിരുന്നു. പടിഞ്ഞാറ്റുമുറിക്കാരന്‍ കൊച്ചാപ്പുവിന്‍റെ ആട്ടിറച്ചിക്കച്ചവടം, നാട്ടിലെ നര്‍മകേസരികള്‍ നിറഞ്ഞാടുന്ന വെടിവട്ടം, സപ്പോര്‍ട്ട് കളി, നാരായണന്‍റെ ബാര്‍ബര്‍ ഷാപ്പിലെ രാഷ്ട്രീയ ചര്‍ച്ചകള്‍, പ്രകോപനങ്ങള്‍, വെട്ടും ക്ഷൌരവും മുഴുമിപ്പിക്കാത്ത ഇറങ്ങിപ്പോക്കുകള്‍, വെല്ലുവിളികള്‍, കനാല്‍പരുങ്ങി സേവിച്ച കോമരങ്ങള്‍ നിറഞ്ഞാടുന്ന സന്ധ്യകൾ, ഗ്രാമസംസ്കൃതി ആവിഷ്കാരവൈവിധ്യങ്ങളില്‍ പൂത്തുലയുന്ന ദിവസം.
സസ്യേതര ഭോജനപ്രിയര്‍ കണ്ണിലെണ്ണയൊഴിച്ചു കാത്തിരിക്കുന്ന ദിവസമാണ് ഞായറാഴ്ച. ആടുവെട്ടി കൊച്ചാപ്പുവിന്‍റെ ആഴ്ചയിലൊരിക്കലുള്ള അജമാംസവിപണനമേള അരങ്ങേറുന്നത് അന്നാണ്.
വയറ്, തുട, കൊറു, കരള്‍, കരളിന്‍റെ കരള്‍, കപടലോകത്തിലെ അത്മാര്‍ത്ഥഹൃദയം, ബോട്ടി, ഇത്യാദി വരേണ്യ മാംസളഭാഗങ്ങളും തലയും കൈകാലുകളുമായി നിശ്ശബ്ദമാക്കപ്പെട്ട ആടുജീവിതം അപ്രത്യക്ഷക്ഷമാകുമ്പോഴേക്കും സമയം രാവിലെ പത്തായിരിക്കും.
പിന്നെയാണ് തമാശയുടെ പെരുമണ്‍ തന്ത്രിമാര്‍ സമ്മേളിക്കുന്ന ചിരിയുടെ പന്തീരടിപ്പൂജ. കിഴക്ക് വെള്ള കീറുന്നതിന് മുമ്പേ നാലുമുറി, ആക്കറ്റാന്‍, കുരുടന്‍കോള്‍ പടവുകളിലെത്തി വിതച്ച കണ്ടങ്ങളിലെ ജലനിരപ്പിന്‍റെ കര്‍ക്കശ പരിശോധനകള്‍ക്കും വിദഗ്ദസമിതി ചര്‍ച്ചകള്‍ക്കും ശേഷം തിരിച്ചു വീട്ടില്‍വന്ന് മുളക് തിരുമ്പിയതും മാന്തള്‍ ചുട്ടതും കൂട്ടി തലേന്നത്തെ വെള്ളച്ചോറ്‌ മടമടാന്ന്‌ വിഴുങ്ങിയാണ് കേസരികള്‍ നര്‍മസദസ്സില്‍ എത്തിച്ചേരുക.
അക്കളി തീക്കളി ജാതിമതങ്ങളൊക്കെ വീട്ടുപടിക്കല്‍ ബലിക്കളഞ്ഞ് നായരും, ഈഴവനും, നസ്രാണിയും എഴുത്തശ്ശനുമെല്ലാം ഓരൊറ്റ വയറിന്‍ പടപ്പുകളായി പങ്കെടുക്കുന്ന ഈ തമാശപ്പറ്റില്‍ പടിഞ്ഞാറ്റുമുറിക്കാര്‍ തന്നെയായിരുന്നു വിശാരദന്മാര്‍. പ്രമാണം എന്നും അവരുടെ കുട്ടനെഴുത്തശ്ശനും. അയ്യപ്പനെഴുത്തശ്ശന്‍റെ സൈക്കിള്‍ കടത്തിണ്ണയില്‍ സ്ഥിരം ഇരിപ്പിടങ്ങളില്‍ ആസ്ഥാന വിദ്വാന്മാര്‍ ആസനസ്ഥരാവുമ്പോള്‍ പഴയ പഞ്ചായത്ത്‌ മെമ്പര്‍ കൃഷ്ണേട്ടന്‍ ഒരുക്കുന്ന അധോവായു വിസ്ഫോടനത്തോടെ ആചാരവെടി മുഴങ്ങും. അതോടെ അരങ്ങ് നിശ്ശബ്ദമാവും. തൃപ്പുകയുടെ പ്രഹരശേഷി കുട്ടനേഴ്ശന്‍ വിലയിരുത്തുന്നതോടെ സദസ്സ് ആരംഭിക്കും . വിസ്ഫോടനത്തിന്‍റെ തരംഗ തീവ്രതയെ അടിസ്ഥാനപ്പെടുത്തി കീഴ്ശ്വാസങ്ങളുടെ ഗന്ധം നിര്‍ണയിച്ചിരിക്കുന്ന ഒരു മണിപ്രവാളശ്ലോകം ഈണത്തില്‍ ചൊല്ലി കുട്ടനെഴുത്തശ്ശന്‍ അര്‍ത്ഥം വിഗ്രഹിക്കുമ്പോള്‍ സദസ്സ് കത്തും.
" ഭും ഭും പരിമളം നാസ്തി; പീ പീ എന്നത് മധ്യമം
അശുകുശു മഹാദോഷം; നിശ്ശബ്ദം പ്രാണസങ്കടം"
"അതായത് ഭും ഭും എന്ന സ്ഫോടത്തോടെ നിര്‍ഗ്ഗമിക്കുന്നത് ഗന്ധരഹിതനും പീ പീ എന്ന സുഷിരനാദാനുസാരിയായവന്‍ മധ്യമഗന്ധിയും അശു കുശു സീല്‍ക്കാരങ്ങലോടെ ഫണം വിടര്‍ത്തുന്നവനോ മഹാദോഷകാരിയും ശബ്ദമില്ലാതെ ജാരസദൃശം പുറത്തുകടക്കുന്നവനാകട്ടെ നാസികളുടെ ഗ്യാസ് ചേംബറുമാകുന്നു"
ഇത്രയും വര്‍ണിച്ചു കേള്‍ക്കുന്നതോടെ തന്‍റേതു ഗന്ധരഹിതനാണെന്ന തിരിച്ചറിവ് നല്‍കിയ ആശ്വാസത്തില്‍ ഒരു ബോണസ് കുഴിമിന്നല്‍ കൂടി പൊട്ടിച്ച് കൃഷ്ണേട്ടന്‍ വിളക്കുംകാലിനെ പ്രകമ്പനം കൊള്ളിക്കും. പാണ്ടിമേളത്തില്‍ കതിനവെടിയെന്നപോലെ ഇടയ്ക്കിടെയുള്ള ഈ ആസനസേവയും ശുദ്ധ സഹൃദയത്വവുമല്ലാതെ മറ്റു സംഭാവനകളൊന്നും സദിരില്‍ കൃഷ്ണേട്ടന്‍റെ വകയായി പതിവില്ല. പരിപൂര്‍ണ നിശ്ശബ്ദന്‍.
സദസ്സ് ജീവത്തായിരിക്കുന്ന സമയമത്രയും വഴിയില്‍ പോകുന്ന മാവിലായിക്കാര്‍ പോലും ട്രോളിങ്ങിനു വിധേയരാവും. അമ്പേറ്റ കുരുക്കളുടെ എങ്ങലടികളും പ്രതിഷേധങ്ങളും ഭീഷണികളും വിളക്കുംകാല്‍ ചത്വരത്തില്‍ അലയടിക്കും. അരസികരായ വഴിപോക്കര്‍ക്ക് പരിക്കുകൂടാതെ ടോള്‍ഗേറ്റ് മറികടക്കണമെങ്കില് സമാന്തര പാതകള്‍ കണ്ടുവെയ്ക്കേണ്ടിയിരുന്നു. യൂ ടേണ്‍ അടിക്കുന്നവരെ പിന്നാലേ ചെന്നു പിടികൂടും.
പക്ഷിമൃഗാദികള്‍ക്കുപോലും നിയമപരിരക്ഷ ലഭിക്കാത്ത വസ്ത്രാക്ഷേപത്തിന്‍റെ പട്ടാപ്പകലുകളൊന്നില്‍ ഒരിക്കല്‍ ജീവശാസ്ത്രപരമായ ശാരീരികാവശ്യങ്ങള്‍ക്കായി ബാലാല്‍ക്കാരത്തിന് മുതിര്‍ന്ന ഒരു ചാത്തന്‍സും ചാരിത്ര്യസംരക്ഷണാര്‍ത്ഥം അക്രമിയില്‍നിന്നും രക്ഷപ്പെട്ട പിടക്കോഴിയും ഓട്ടപ്പന്തയത്തിനിടയില്‍ സദസ്സിനു മുന്നില്‍ വന്നുപെട്ട് പകച്ചു നിന്നപ്പോള്‍ കാമമോഹിതന്‍റെ പ്രണയപാരവശ്യം കണ്ട് അലിവു തോന്നിയ കുട്ടനെഴുത്തശ്ശന്‍ പിടയെ ഉപദേശിച്ചു :
" സാരല്ല്യടീ നീയ്യിപ്പോ മഠത്തില് ചേരാന്‍ പോവ്വ്വോന്ന്വല്ലലോ! വേറെ വഴീല്ല്യാത്തോണ്ടല്ലേ ? കഴിച്ചിട്ട് പോട്ടെ പാവം"
എഴ്ശന്‍റെ കൌണ്‍സലിങ്ങില്‍ യാഥാര്‍ത്യബോധം കൈവരിച്ചവള്‍ക്കൊപ്പം ചാരിതാര്‍ത്ഥ്യത്തോടെ മടങ്ങുമ്പോള്‍ തന്നെ നോക്കി കണ്ണിറുക്കിയ കുക്കുടവിടനെ ഒന്ന് അഭിനന്ദിക്കാന്‍ എഴുത്തശ്ശന്‍ മറന്നില്ല.
"ഔ ന്‍റെ കുട്ടാ..... നെന്‍റ്യൊക്കെ ഒരു ഭാഗ്യം!. ലോഡ്ജില് മുറീട്ക്കണ്ടാ, പോലീസിനേം പേപ്പറുകാരേം പേടിക്കണ്ടാ! ഔ! ഔ! ഭാഗ്യം ചെയ്ത ജന്മന്നെ !"
അനാശാസ്യം ഉയര്‍ത്തിയ ചിരിയുടെ അലയൊലികള്‍ ശമിക്കുന്നതിനു മുന്‍പേ ദാ വരുന്നു നമ്മുടെ കൃഷ്ണന്‍ നായര്. ഒരേറ്‌ (ജോഡി) പോത്തും അഞ്ചുപറക്കണ്ടം കോള്‍കൃഷിയും അത്യാവശ്യം രണ്ടു മൂന്നു തെങ്ങിന്‍ പറമ്പുകളില്‍ കാളത്തേക്കുമായി ജീവസന്ധാരണം നടത്തിയിരുന്ന ഒരു എ പീ എല്ലുകാരന്‍ കരയോഗി. മഹിഷങ്ങളിലൊന്നിനെ കഴുത്തില്‍ കയറിട്ട് ഗുരുവായൂര്‍ കേശവന്‍റെ ഒന്നാംപാപ്പാന്‍ നടിച്ച് ചുങ്കക്കാരുടെ കണ്ണുവെട്ടിക്കാന്‍ വ്യാമോഹിച്ച നായരെ കയ്യോടെ പിടികൂടി ദിനേശനാക്കിക്കൊണ്ട് ഉപാധ്യക്ഷന്‍ ശങ്കുണ്ണ്യേട്ടന്‍ ചോദിച്ചു :
"ആരെ കെട്ടീട്ക്കാനാടോ നായരേ തന്‍റെ വാഹനത്തിനേം കൂട്ടി എറങ്ങീരിക്കണ് "
" ഏയ്‌ ഒന്നൂല്ല്യ. ഞാന്‍ ദാ മൃഗാസ്പത്രീലിക്കാ."
നായര് ഭവ്യനായി.
" ആരക്കാസുഖം? തനിക്കാ പോത്തിനാ? "
" ദേ ശങ്കുണ്ണ്യേ വെളഞ്ഞ കണ്ടത്തിലിക്ക് തേവണ്ടാ ട്ടാ . നിക്ക് ത്തിരി ധിര്‍തീണ്ട്."
നായര് പ്രതിഷേധിച്ചു.
" ന്തൂട്ട് ധിര്‍തീ. താനവടെ നിക്ക്‌ടോ. ന്താ പോത്തിന് ദെണ്ണം? മൃഗാസ്പത്രീലൊന്നും പൂവ്വാണ്ടെ മ്മക്ക് വഴീണ്ടാക്കാം "
ശങ്കുണ്ണ്യേട്ടന്‍ വിട്ടില്ല.
"പോത്തിന് വായക്കു നല്ല രുചീല്ല്യാന്ന് തോന്നുണൂ. ഒരു തരി വയ്ക്കോല് തിന്നണില്ല്യ. മൂന്നാലീസായീന്നേയ് ."
നായര്‍ ഒന്നിണങ്ങി.
"വയ്ക്കോല് തീറ്റിക്കാന്‍ ഒരു വഴീണ്ട്രോ"
കുട്ടനെഴുത്തശ്ശന്‍ പറഞ്ഞു .
"ന്താദ് " നായര് കൌതുകം പൂണ്ടു.
"അഞ്ചു വല്ല്യേ നാളികേരം പൊതിച്ച്‌ ചെരക്യേല് രണ്ടു കിലോ ശര്‍ക്കര പൊടിച്ച് ചേര്‍ക്ക്വ. ന്നട്ടതില് നൂറ്റമ്പതീശ എലക്കായേം കരയാമ്പൂവും അണ്ടിപ്പരിപ്പും മുന്നാഴി എരുമനെയ്യും കൂട്ടി എളക്ക്വ. ഈ കൂട്ടില് ഒരു നാല് പൊട്ട് വയ്ക്കൊലിട്ട് കൊഴച്ചുരുട്ടി ഉണ്ടോളാക്കി കൊടുക്കുമ്പോ പോത്ത് തിന്ന്വോ തിന്നില്ല്യേന്ന് താനൊന്നു നോക്ക്വാ!."
കുട്ടനെഴുത്തശ്ശന്‍ കുറിപ്പടി കൊടുത്തത് കേട്ട് നായര് പറഞ്ഞു :
"ദേപ്പൊ നന്നായെ! ഈ നല്ലിരിപ്പിനു വകേണ്ടായിരുന്നൂച്ചാ നിക്കൊരു ആനേ വാങ്ങായിരുന്നൂലോ കുട്ടേഴ്ശാ!"
തന്‍റെ ഫലിതത്തിന്‍റെ കേമത്തത്തില്‍ പുളകംകൊണ്ട് കുലുങ്ങിച്ചിരിച്ചുകൊണ്ടിരുന്ന നായര്‍ക്ക് മറ്റാരും പിന്തുണ നല്‍കാതിരുന്ന സാഹചര്യത്തില്‍ ഒരു അശ്വാസച്ചിരി സമ്മാനിച്ചുകൊണ്ട് കുട്ടനെഴുത്തശ്ശന്‍ തുടര്‍ന്നു;
" അതിനു നൂര്‍ത്തീല്ലിങ്ങെ നായര് ഒരറ്റകൈ പ്രയോഗിച്ചു നോക്ക്വാ. പോത്ത് പച്ചപ്പുല്ല്‌ തിന്നണുണ്ടോ?"
" പച്ചപ്പുല്ലൊക്കെ തിന്നും. പക്ഷെ യ്യ് ചുട്ട വേനല്ക്ക് എവ്ട്ന്നു കിട്ടുണൂ പച്ചപ്പുല്ല് ?"
" അതിനൊക്കെ വഴീണ്ട്. വല്ല്യേ ചെലവൊന്നൂല്ല്യ. തൃശ്ശൂര് പോയിട്ട് ആ ഏനൂന്‍റെ കണ്ണടപ്പീടികേന്ന് ഒരു പച്ച കൂളിംഗ് ഗ്ലാസ്‌ വാങ്ങ്വ. അതാങ്ങ്ട് പോത്തിന് വെച്ച് കൊടുക്ക്വാ. പച്ചപ്പുല്ലാന്നു വിചാരിച്ചിട്ട് പോത്ത് വയ്ക്കോല് ജബജബാന്ന് തിന്നോളും "
പത്തിരുപത്തഞ്ചു പേരുടെ കൂട്ടച്ചിരിയും കൂക്കിവിളിയും കേട്ടപ്പോള്‍ പോത്ത് വിരണ്ട് മുക്രയിട്ടോടി. കയറു കൈവിട്ട കൃഷ്ണന്‍ നായര് 'ബടെ പോത്തെ ബടെ പോത്തെ' എന്നു വിലപിച്ചുകൊണ്ട് പോത്തിന്‍റെ പിന്നാലേയും. ആ കാഴ്ച കാണാന്‍ എല്ലാവരും എഴുന്നേറ്റു നിന്നു. . മൃഗവും മനുഷ്യനും കാഴ്ചയില്‍നിന്നും മറഞ്ഞപ്പോള്‍ എല്ലാവരും ചിരി നിര്‍ത്തി യഥാസ്ഥാനങ്ങളില്‍ വന്നിരുന്ന് ഇടവേളയ്ക്കായി ഓരോ കാജാ ബീടിക്കു തീകൊളുത്തി. അപ്പോഴാണ് കൊച്ചുമാത്തുവിന്‍റെ പലചരക്ക് കടയുടെ മുന്നിലിട്ട ഉപ്പുപെട്ടിക്കു മുകളിലിരുന്നു തേങ്ങി തേങ്ങി ചിരിക്കുന്ന ശങ്കരനെ എല്ലാവരും ശ്രദ്ധിച്ചത്. ആശാന്‍റെ ചിരി നിലക്കുന്നില്ല. നിശ്ചിത സമയ പരിധി കഴിഞ്ഞിട്ടും കണ്ണില്‍നിന്നും മൂക്കില്‍നിന്നും വെള്ളം ഒലിപ്പിച്ചും ആര്‍പ്പ് വിളിക്കാരെപ്പോലെ തലയില്‍ കൈവെച്ചും ഉറഞ്ഞു ചിരിച്ചുകൊണ്ടിരുന്ന ശങ്കരനെ രണ്ടു മൂന്നു പേര്‍ വട്ടംപിടിച്ച് കലിയിറക്കി. എന്നിട്ടും 'ഹയ്യൂ...ഹയ്യൂ' എന്ന് ശ്വാസം മുട്ടി നിന്ന ആചാരലംഘകനോട് ശങ്കുണ്ണ്യേട്ടന്‍ ചോദിച്ചു.
" എന്താണ്ടാ ശങ്കരാ നിര്‍ത്താറായില്ല്യെ നെന്‍റെ ദെണ്ണെളക്കം! ന്താ നെനക്ക്?"
ഒരു വിധം സമനില വീണ്ടെടുത്തു കൈരണ്ടും എളിയില്‍ കുത്തി വളഞ്ഞുനിന്നുകൊണ്ട് ശങ്കരന്‍ ചോദിച്ചു;
" അയ്യോ..... ന്‍റെ ചങ്കുണ്ണ്യേട്ടാ; യ്ക്കറിയാണ്ട് ചോയ്ക്ക്യാ; കൂളിംഗ് ഗ്ലാസ്സൊക്കെ വെച്ചാലും പോത്തിന് തിന്നുമ്പോ അറീല്ല്യേ അത് വയ്ക്കോലാന്ന് ഹ ഹ ഹ ഹ ഹ !!!"
"...........................................!!!!???".
അതെ, ചിലപ്പോള്‍ അങ്ങിനെയാണ് . ചരിത്രത്തിനും ഉത്തരം മുട്ടും; ചില ചോദ്യങ്ങള്‍ക്ക് മുന്നില്‍.....

വിളക്കുംകാല്‍ ചത്വരത്തിന്‍റെ കോട്ടമതിലുകളില്‍ തട്ടി പ്രതിധ്വനിച്ച ശങ്കരന്‍റെ മില്ല്യന്‍ ഡോളര്‍ ചോദ്യത്തിനുമുന്നില്‍ ധനുര്‍വ്വേദികള്‍ അമ്പൊഴിഞ്ഞ ആവനാഴികളുമായി നര്‍മാര്‍ത്ഥസദസ്സില്‍ തളര്‍ന്നിരുന്നു. മഹാദുരന്തത്തിന്‍റെ ധാര്‍മിക ഉത്തരവാദിത്തം സ്വയം ഏറ്റെടുത്ത് അപ്പുവെഴുത്തശ്ശന്‍റെ സൈക്കിള്‍ ഷാപ്പിലെ ആക്രിക്കൂട്ടത്തിലേക്ക് പ്രമാണത്തിന്‍റെ ഗാണ്ഡിവം വലിച്ചെറിഞ്ഞു കുട്ടനെഴുത്തശ്ശന്‍.



കുനിഞ്ഞ ശിരസ്സും നുറുങ്ങിയ ഹൃദയവുമായി വാണീവല്ലഭന്മാര്‍ പരാജയത്തിന്‍റെ ലഞ്ചിനായി പിരിയുമ്പോഴും കൊച്ചുമാത്തുവിന്‍റെ ഉപ്പുപെട്ടിപ്പുറത്തിരുന്ന് ശിശുസഹജമായ നിഷ്കളങ്കതയോടെ ഏതോ സിനിമയില്‍ വെള്ളപ്പൂതം ജനാര്‍ദ്ധനനെ കണ്ട ശ്രീനിവാസനെപോലെ ശങ്കരന്‍ ചിരിക്കുന്നുണ്ടായിരുന്നു.