2015, നവംബർ 26, വ്യാഴാഴ്‌ച

പ്രകൃതിപാഠങ്ങള്‍




 പ്രകൃതിപാഠങ്ങള്‍ 

മില്ലേനിയം സമാപ്തി വര്‍ഷത്തിലാണ് സംഭവം.

സപ്തതി കഴിഞ്ഞവര്‍ പോലും മുടി ചായമടിച്ചു ചീകിയൊതുക്കി കുട്ടപ്പനായി നടക്കുന്ന പുതു സംസ്കൃതിയുടെ കാലമാണ്. കുറെകാലമായി  മനസ്സില്‍ ഒരു പൂതി കയറിയിട്ട്.   തലയിലിരിപ്പൊന്നുമില്ലെങ്കിലും  ഉള്ളതുവെച്ച് ഒന്നു പൂശ്യാലോ? പൊതുജനം എങ്ങിനെ പ്രതികരിക്കും?  ആശങ്കകളൊക്കെ തിരിച്ചും മറിച്ചും ചിന്തിച്ചൊതുക്കി അവശേഷിക്കുന്ന ചുമരില്‍ ഒരു നാള്‍ ചിത്രം വരക്കുക തന്നെ ചെയ്തു.


ലൂസിയ പാലസില്‍ പോയി നൂറ്റിയമ്പത് മുടക്കി ഗോദ്രെജ് കുമാരനായി വീട്ടില്‍ ചെന്നു കയറിയ ഉടന്‍ അമ്മ അര്‍ത്ഥശങ്കക്കിടം നല്‍കാതെ പറഞ്ഞു:



“ അയ്യയ്യേ! ദേന്തൂട്ടായി ചെക്കന്‍ കാട്ട്യേക്കണേ! പൊട്ട!”

“ പൊട്ട്യോ! അമ്മക്ക് തോന്നണതാ. ഇതാപ്പൊ സ്റ്റൈല്.”

“തോന്നണതൊന്ന്വല്ല. ഒരു ഭംഗീല്ല്യ! വേഗം അതെളക്കി കളഞ്ഞോളോ!."

“എളക്കി കളയേ!. അസ്സലായി! നൂറ്റമ്പത് രൂപ്യാ കൊടുത്തേ! ഇനി മൂന്നു മാസം കഴ്യേണം പഴേ പോല്യാവാന്‍."

" ഇത് നോക്ക്വോ ജാന്വോ...”

വര്‍ത്തമാനം കേട്ട് ഇറയത്തേക്ക് വന്ന ഭാര്യയിലേക്ക് അമ്മ ട്രാക്ക് മാറ്റി .

"....ചന്നരന്‍റെ ....മോത്തക്ക് നോക്ക്വയ്യ! നാടകത്തിനു വേഷം കെട്ട്യേ പോലേണ്ട്!."

ഭാര്യ ഞാന്‍ പെരിങ്ങാവുകാര്യാ എന്ന മട്ടില്‍ ചിരിയൊതുക്കി നിന്നു.

“കൊള്ളില്ല്യാച്ചാ അമ്മ എന്‍റെ മോത്ത് നോക്കണ്ട പോരേ!” എനിക്കു ശുണ്ഠി കയറി.

" ചന്നരാ പറേണത് കേക്ക്!. നെനക്ക് ആ നര തന്ന്യാ അന്തസ്സ്. പതിനെട്ടല്ല നാല്‍പ്പത്തെട്ടാ വരണ ചിങ്ങത്തില്!. ഓരോ പ്രായത്തിന് ഓരോന്നു പറഞ്ഞ്ണ്ട് മനുഷ്യര്‍ക്ക്. അത് മറന്നു വേഷം കെട്ട്യാ അരോചകാ!."

"പത്തെഴുപതു വയസ്സ് കഴിഞ്ഞോര് ഡൈ ചെയ്തു നടക്കുണു. അപ്പളോ?"

ഞാന്‍ നിരാശനായി പതുക്കെ പ്രതിരോധത്തിലേക്ക് വലിഞ്ഞു.

"പ്രായായോര് ഇങ്ങന്യൊക്കെ നടന്നാ ആളോളോരോന്ന് പറഞ്ഞ്ണ്ടാക്കും കുട്ട്യേ!.”

“എന്ത് പറഞ്ഞ്ണ്ടാക്കും?”

“സൂക്കേടാന്ന്!”

“സൂക്കേടാ!” എനിക്ക് നേരിയ ഭയം തോന്നി.

“അതേടാ! ആ കുന്നത്തെ രാമന്‍വൈദ്യരെ നോക്കീണ്ടാ നിയ്യ്?."

"എന്താ വൈദ്യര്‍ക്ക്?."

"വയസ്സെണ്‍പതായി. ഒരൊറ്റ മുടി നരച്ചിട്ടൂല്ല്യാ, കൊഴിഞ്ഞിട്ടൂല്ല്യാ!."

"അയ്, അത് നല്ലതല്ലേ? ഇത്ര വയസ്സായിട്ടും മുടി നരച്ചിട്ടില്ല്യാച്ചാ?"

"നല്ലതാ!? അസ്സലായി! എന്‍റെ മോന്‍റൊരു ബുദ്ധി! അതേയ്, വയസ്സായാ മനുഷ്യന്‍റെ മുടി നരക്കണം. പല്ലു കൊഴ്യേണം. തൊലി ചുക്കിച്ചുളിയണം. അതാ ശാസ്ത്രം!"

"ഇല്ലിങ്ങിലോ?."

" ഇല്ല്യാച്ചാ ദേഹത്തിനെന്തോ വല്ല്യേ കേട്ണ്ട്ന്നര്‍ത്ഥം !"

തുടക്കവും ഒടുക്കവും അതായിരുന്നു. 'സൂക്കേട്' പേടിയോ മാതൃഭക്തിയോ എന്തോ ചന്നരന്‍ പിന്നെ മണ്ടയില്‍ ചായം തേച്ചിട്ടില്ല!.