2021, ഏപ്രിൽ 15, വ്യാഴാഴ്‌ച

 

ദി വൈസ് ഇന്ത്യൻ വൈഫ്

"ദെവടന്നാ രാമഷ്ണൻ പാല് വാങ്ങണത്?."

"പുത്തിശ്ശേരീല് വേലായുധൻ്റെ വീട്ടീന്ന്."

"ഔ! രണ്ട് രണ്ടര കിലോമീറ്ററ് നടക്കണലോ രാമഷ്ണാ?. ഗോപീടെ പീട്യേല് മിൽമ കിട്ടുലോ? പിന്നെന്തിനാ ഇത്രേം ദൂരം?."

"അത്....പാക്കറ്റ്പാല് ശര്യാവില്ല്യ മാഷേ. അതാ."

"അതെന്താ പാക്കറ്റ് പാലിന് ദോഷം?."

"ദോഷണ്ടായിട്ടല്ല; കറവച്ചൂട് മാറാത്ത പാല് വേണം വീട്ടാർക്ക്."

"അയ്, അങ്ങന്യാച്ചാ തൊട്ടടുത്ത് വാസ്വേഴ്ശൻ്റെവടെ കറവേണ്ടലോ, അവട്ന്ന് വാങ്ങിച്ചൂടെ?."

"അതേയ് മാഷേ, ആഞ്ചിപ്ലാച്ചി കഴിഞ്ഞിരിക്കണ മൻഷ്യനാ. ദെവസോം കൊർച്ച് നടക്കാൻ പർഞ്ഞട്ട്ള്ളതാ ഡോട്ടറ്. വെൾച്ചാമ്പൊന്നെണീറ്റ് നടക്കട്ടേച്ചിട്ട് ഞാനായിട്ടേപ്പാർടാക്കീതാ പുത്തിശ്ശേരീലെ പാല്. അത് മൊടക്കാൻ നോക്ക്വാ മാഷ്?. മാഷക്കെന്തിൻ്റെ കേടാ മാഷേ!."

രാമഷ്ണൻ്റെ വീട്ടുപടി എത്തിയതറിയാതെ പോയത് മാഷുടെ പിഴ!.

"രാമഷ്ണാ ന്നാ ശരി."

മാഷ് നടത്തം എൺപതിലിട്ടു....
May be a black-and-white image of one or more people and food

ആനക്കൊമ്പ്

 

ആനക്കൊമ്പ്


"ആനേടെ കൊമ്പ് എട്ക്കണത് എങ്ങന്യാന്നറ്യോ തനിക്ക്?."

"മറവു ചെയ്യണേന് മുമ്പ് വെട്ടിപ്പൊളിച്ച്ട്ക്കും."

"അത് ചത്ത ആനേട്യല്ലേ?. ജീവള്ള ആനേടെ കൊമ്പ്."

"ജിവള്ള ആനേട്യാ!."

"അതെ. വെറും ആന്യല്ല; മദെളകി ഓടി വരണ ആനേടെ!."

"!!??."

"എന്തേ ?. അസാദ്ധ്യാന്ന് തോന്നീണ്ടാവും ല്ലേ?. പക്ഷേ സംഗതി നിസ്സാരാ."

"!!!???."

"ഓടി വരണ ആനേടെ മുമ്പിലിക്ക് നമ്മടെ ഉടുമുണ്ടങ്ങട് ഊരി എറ്യ."

"!!!!????."

"പറന്നു വരണ മുണ്ട് പിടിച്ച് നെലത്തിട്ടിട്ട് അതില് കുത്തി ആന മദം തീർക്കും. മുണ്ട് കീറി കൊമ്പ് കുടുങ്ങിയ സമയം നോക്കി മുണ്ട് പിടിച്ച് രൊറ്റ വലി. ഠിം! ദേ കെടക്കണു രണ്ട് കൊമ്പും പറഞ്ഞ് മുണ്ടിൻ്റുള്ളില്. പക്ഷേ ചോര പ്രളയാവും ട്ടാ!. "

"ഗോവാൽഷ്ണാ..........!?."

"എന്തേ?."

"തനിക്ക്....!?."

"വട്ടായീന്ന് വിചാരിച്ചാ?."

"ഏയ്, അങ്ങനൃല്ല; കടിക്കാൻ വരണ പട്ടീടെ നേരെ പ്രയോഗിക്കണ പണ്യല്ലേദ്?."
"അല്ല, വെറും തെറ്റിദ്ധാരണ്യാദ്!. പട്ടീടെ പല്ല് കിട്ടീട്ട് മ്മക്കെന്ത് കാര്യാടോ?."
May be an illustration of food

IN MEMORIAM

 


IN MEMORIAM

"ഡാ, ഡാ .... ദദ് നോക്ക്യേൻ!."

ആൽത്തറ വർത്തമാനങ്ങൾക്കിടയിൽ എല്ലാവരുടേയും ശ്രദ്ധ തിരിച്ചു കൊണ്ട് ഗോപി വഴിയിലേക്ക് വിരൽ ചൂണ്ടി.

"എന്തൂട്ടാണ്ടാ?."

"രണ്ട് പശുക്കള് പോണ കണ്ടാ?."

"കണ്ടു?."

"കുന്നത്തെ ഗോപാലൻന്നായരടെ പശുക്കളാ. നടൂത്താറ പറമ്പില് മേയാൻ പൂവ്വാണ്."

"അതിന്?. നീ കാര്യം പറേര!."

ജോണിന് എളകി.

" കേക്കണ്ട വിശേഷാ. അതിൻ്റെ പിന്നില് നടക്കണ ആ നായേ കണ്ടാ?. പശുക്കൾടെ പിന്നാൽന്ന് പൂവില്ല്യ നായ."

"ഏതാ നായ?."

"ഗോപാലന്നായരട്യന്നെ. എന്നും പശുക്കളെ തീറ്റിക്കാൻ കൊണ്ടോണതും കൊണ്ടരണതും അവനാ."

"അയ്, നായേടെ കയ്യില് മുട്യേൻ കോലൊന്നും കാണാല്ലിലോ?."

"തമാശ വിട് ബാലന്ദ്രാ!. ഒന്നൊന്നര മൈല് നടന്ന് പശുക്കളെ പറമ്പിലെത്തിച്ചിട്ടാ നായ മടങ്ങ്വാ!."

"ന്ന്ട്ടോ?."

"ഉച്ചിരിഞ്ഞാ അവൻ പോയി ഒക്കേറ്റിനേം തൊളിച്ച് കൊണ്ടരും. എടക്കെങ്ങാനും പശുക്കള് വഴി മാറ്യാണ്ടലോ നായ മുമ്പില് ചെന്ന് കൊരച്ച് നേരെ നടത്തിക്കും!."

"ഗോപി പറേണത് ശര്യാ ട്ടാ.....

പോക്കറ്റിൽ നിന്നൊരു കാജാ ബീഡിയെടുത്ത് കൊളുത്തി ഒരു കവിൾ പുകവിട്ടു കൊണ്ട് പുഷ്ക്കരൻ തുടർന്നു.

".....പശുക്കള് കൂടാണ്ട് ഗോപാലന്നായർക്ക് ഒരേറ്* പോത്തൂണ്ട്. കോളില് കൃഷിപ്പണി തൊടങ്ങ്യാ വെളുപ്പിന് പോത്തുങ്ങളെ ഉഴാൻ കൊണ്ടോണത് നായാ. ഗോപാലന്നായര് കാപ്പുടിച്ച് പാടത്ത് ചെല്ലുമ്പഴക്കും നായേം കന്നാല്യോളും കണ്ടത്തില് റെഡി!."

'സംഭവണലോഷ്ടാ!."

"കേക്കട, കഴിഞ്ഞില്ല്യ!. നായര് നൊകം വെച്ച് കണ്ടം പൂട്ടാൻ തൊടങ്ങ്യാ നായേം പണി തൊടങ്ങും."

"എന്ത് പണി?."
"കൈക്കോട്ട് പണി!. കണ്ടത്തിന് വരമ്പ് വെക്കണ കണ്ടാണ്ടലോ കൊത്യാവും!."
:
:
ആനക്കഥകൾക്കിടയിൽ പട്ടികളെയൊക്കെ ആരോർക്കാൻ!.

അൺസങ്ങ് ഹീറോസ്!.
-----------------------------------
*ഒരേറ് = ഒരു ജോഡി
May be a drawing

ഗ്ലാസ് മോര്‍

 

ഗ്ലാസ് മോര്‍


"ങ്ഹ! ഹല്ല, ദാരാദ് മ്മടെ പർങ്ങോടത്തെ ചന്ദ്രനല്ലേ?. ദെപ്പൊ വന്നൂ?."

"ഒരാഴ്ച്യായി."

"ഉവ്വാ!. ഞാറിഞ്ഞില്ല്യാട്ടാ. നീയിപ്പെവട്യാ?."

"മഡ്രാസ്. രാമേട്ടൻ വലിക്ക്യോ?."

"അ...ഏയ്...ഇല്ല്യ.... വേണ്ട!..

പത്ത് പന്ത്രണ്ട് കൊല്ലായിണ്ടാവില്ല്യേ നീയ് നാട് വിട്ടട്ട്?."

"പതിനാല്."

"ങ്ഹാ! ആള് വല്ലാണ്ട് മാറീട്ടാ. കണ്ടപ്പൊ പെട്ടന്നങ്ങട് മൻസിലായില്ല്യ!."

"ഹഹ!. കാലം കൊറെ കഴിഞ്ഞില്ല്യേ രാമേട്ടാ?."

"അതേതെ!. അവടെ മദിരാശീലെന്താ നെനക്ക് പണി?."

"കമ്പനീലാ. വരട്ടെ രാമേട്ടാ; ടൌൺലൊന്ന് പോണം."
:
:
:
"ങ്ഹും!, ന്താ ചെക്കൻ്റൊരു ഗമ!. നാട്ടാരടെ വളപ്പിലെ അണ്ടീം പറക്കി

നടന്നേർന്നോനാ. "

"അച്ഛൻ ശിപായീം തള്ളക്ക് മനക്കല് പണീം!."

"കമ്പനീലാത്രേ. എന്തൂട്ട് കമ്പന്യാണാവോ!."

"കമ്പനി വേറെന്തൂട്ടാവാനാ? അതന്നെ!."

"ഏത്?."

"ഗ്ലാസ്മോർ!."

"അതെന്തൂട്ട് കമ്പന്യാണ്ടാദ്?."

"ഗ്ലാസ്മോർ. അറീല്ല്യേ; സെയ്ദാ പേട്ടില് ചെട്ട്യാരടെ ഹോട്ടൽലേയ് ചായ കുടിച്ച് പോണോരുടെ ഗ്ലാസ് മോറല്!. രാത്ര്യായാ ഇട്ട്ളിക്കരക്കലും!."

" ഹ ഹ ഹ ഹത് ശരി!. അപ്പൊ ഹോട്ടല് പണ്യാല്ലേ!. ഔ! സിസ്സറിൻ്റെ പാക്കറ്റ് നീട്ടീട്ട് 'വലിക്ക്യോ?' ന്നാങ്ങട് ചോയ്ക്കണ കണ്ടാണ്ടലോ!. പോട്ടെ; നീയ്യൊരു ബീഡീട്ത്തേ."
:
:
:
പണ്ടൊക്കെ അങ്ങിനെയായിരുന്നു.....

പരീക്ഷണങ്ങള്‍

 

പരീക്ഷണങ്ങള്‍ 


സന്ധ്യക്ക്‌ ഹൈദരബാദിൽ നിന്ന് മകന്റെ ഫോണ്.
"ങ്ഹാ, പറേടാ."
"അച്ഛാ, ഞങ്ങളാസ്പത്രീലാ."
"അയ്യോ..... എന്തേ!."
"ഒന്നൂല്ല്യ, ഭരതു ഒന്നു വീണു ."
"ന്നട്ട്?."
"എടത്തേ കയ്യിന് ഫ്രാക്ച്ചറ്ണ്ട്."
"ഫ്രാക്ച്ചറോ !."
"അതെ, പേടിക്കാനൊന്നൂല്ല്യച്ഛാ!. സംഗത്യെന്താച്ചാ പറ്റീട്ട് കൊറെ കഴിഞ്ഞ് നീര് വന്ന് വേദന സഹിക്കാണ്ടായപ്പഴാ അവൻ പറഞ്ഞത്. "
"അതങ്ങന്യന്ന്യാ കുട്ട്യോള്. പേടിച്ചിട്ട് മിണ്ടാണ്ട് കൊണ്ട് നടക്കും. കൂട്ട്യാ കൂടാണ്ടാവുമ്പൊ പറയും!. "
"ഒടനെ അടുത്ത്ള്ള ആസ്പത്രീ കൊണ്ടുവന്നു. രണ്ട് വർഷം മുമ്പ് അച്ഛനെ കാണിച്ച ഡോക്ടറില്ല്യേ, അങ്ങേരന്ന്യാ."
"ഓ... റെഡ്ഡി!. യെസ്, അങ്ങേര് നല്ല ഡോക്ടറാ. ഡോക്ടറെന്തു പറഞ്ഞു?."
"ഇപ്പൊ നീര്ണ്ട്. തല്ക്കാലം ലൈറ്റായിട്ട് ബാന്ഡ് എയിഡ് ഇടാം. രണ്ടീസം കഴിഞ്ഞു നീരൊക്കെ കൊറഞ്ഞാ തിക്ക് പ്ലാസ്റ്ററിടണന്ന് പറഞ്ഞു. പേടിക്കാനൊന്നൂല്ല്യാന്നും. "
"ങ്ഹും. അവനട്ത്ത്ണ്ടാ?."
"ഇല്ല്യാ. അകത്തക്ക് കൊണ്ടോയി."
"എന്തേണ്ടായീത്?."
"അതിപ്പഴ്വറീല്ല്യ."
"എവടെ വെച്ചാ പറ്റീത്?."
"അത് പിന്നെവട്യാന്ന് പറയാണ്ടോച്ഛാ?. പാര്ക്കിലന്നെ!. സ്ഥിരം അഭ്യാസത്തട്ട്!. "
"എന്താണ്ടായേന്ന് അവനോട് ചോച്ചില്ല്യെ നിയ്യ്?."
"ഇതു വരെയുള്ള അന്വേഷണത്തിൽ നിന്നും കാര്യമായ ഒരു വിവരവും ലഭിച്ചിട്ടില്ല. കക്ഷി ചോദ്യം ചെയ്യലിനോട് പൂർണ്ണമായി സഹകരിക്കുന്നില്ല."
"ഓ, അപ്പൊ വെളിപ്പെടുത്താൻ വയ്യാത്ത വലിയ എന്തോ സംരഭത്തിലായിരുന്നിരിക്കണം!."
"തീർച്ചയായും. ക്ലോസ് ഫ്രൻസിൽ ചിലരോടന്വേഷിക്കുമ്പോൾ ലഭിക്കുന്ന സൂചനകളും അതു തന്നെയാണ്."
"അവരെന്തു പറഞ്ഞു?."
"സീസോ, ഉരുമ്മുകോണി, ഊഞ്ഞാൽ ഇവ മൂന്നും ചേർത്തുകൊണ്ടുള്ള ഒരു ഇൻ്റെഗ്രേറ്റഡ് പ്രോഗ്രാമിൻ്റെ സാദ്ധ്യതാ പരീക്ഷണത്തിലായിരുന്നുവത്രെ പുള്ളി."
"ഓഹോ!. "
"അവൻ്റെ ഫ്രൻസ് അന്വേഷിച്ചു വന്നിരുന്നു. കാണാനാവാതെ അവരൊക്കെ വേഗം മടങ്ങി. "
"അതെന്തേ?. "
"സന്ദർശനാനുമതി നിഷേധിച്ചു. "
"ആര് ആസ്പത്രിക്കാരോ?."
"ഏയ്, പരിക്കുകാരൻ തന്നെ!."
"കാരണം?."
"രണ്ടു പേരെയും മുഖാമുഖം നിർത്തി ചോദ്യം ചെയ്താലോ എന്നു ഭയപ്പെട്ടിട്ടാവണം."
"ങ്ഹും. സ്മാർട്ട് ബോയ്!. ഡോക്ടറെന്തു പറഞ്ഞു?."
"പേടിക്കാനില്ല. ഡിസ്ലൊക്കേഷൻ ഉണ്ടാവാതെ പോയത് നന്നായീത്രെ. അങ്ങന്യായിരുന്നൂച്ചാ ഓപ്പറേഷൻ വേണ്ടി വന്നേനേന്ന്!. "
"ഭാഗ്യം!."
"എന്താണ്ടായേന്ന് ഡോക്ടറോട് അവൻ പറഞ്ഞ്വാവോ?."
"അറീല്ല്യ. ഡോക്ടർ പക്ഷേ ചിലത് അനുമാനിക്കുന്നുണ്ട്."
"ച്ചാൽ?."
"ഗ്രാഫിക്സിനു പോലും വഴങ്ങാത്ത തരം ഒരു ജിംനാസ്റ്റിക്സ് പ്രൊജക്റ്റിൻ്റെ ഫിസിക്കൽ ഡെമോൺസ്ട്രേഷനിൽ ആയിരുന്നിരിക്കണം കഥാനായകനെന്ന്!."
May be an image of child, sitting and indoor


ഒബ്സര്‍വര്‍

 ഒബ്സര്‍വര്‍ 

പണ്ട് സ്കൂളിൽ പഠിക്കുന്ന കാലത്ത് നടന്നതാണ്. സ്കൂളിലെ കമ്മ്യൂണിറ്റി ഹാളിൻ്റെ ചുമരിൽ വേണു മാഷ് + ഗീത ടീച്ചർ എന്ന് ഒരു വിരുതൻ ചുവന്ന ക്രയോൺ പെൻസിൽകൊണ്ട് വലിയ അക്ഷരങ്ങളിൽ എഴുതി വെച്ചത് ഞങ്ങൾക്ക് ഡ്രിൽ നടത്തിക്കൊണ്ടിരുന്ന പി.ടി. മാഷ് കണ്ടു. കണ്ട ഉടൻ 'ഏത് തല തെറിച്ചോനാ ഈ ചീതത് ' എന്ന് മുറുമുറുത്തുകൊണ്ട് മാഷ് ഒരു കല്ലെടുത്ത് അത് ചുരണ്ടി കളയാൻ തുടങ്ങി. ചുരണ്ടി കഴിഞ്ഞപ്പോഴാണ് ചുറ്റിലും കൂടിയിരുന്ന ഞങ്ങൾ കുട്ടികൾക്കിടയിൽ കൂട്ടച്ചിരി ഉയർന്നത്. അത് കേട്ടപ്പോൾ മാഷ് രോഷാകുലനായി.

"എന്താടാ പിള്ളേരെ ചിരിച്ചത്?."

ഞങ്ങൾ പെട്ടെന്ന് നിശ്ശബ്ദരായി.

" പറേടാ, എന്തിനാ ചിരിച്ചത്?."

മാഷ് മയിലാഞ്ചിവടി ഒടിക്കുവാൻ തിരിഞ്ഞു. സംഭവം തേഡ് ഡിഗ്രിയിലേക്ക് നീങ്ങുന്നു എന്നു കണ്ടപ്പോൾ ഞങ്ങൾക്കിടയിൽ അല്പം ധൈര്യമുണ്ടായിരുന്ന ഉണ്ണികൃഷ്ണൻ മുന്നോട്ട് കയറി വന്നു പറഞ്ഞു.

"മാഷേ, മാഷ് മാച്ചപ്പോ എഴുതീത് വൽതായി!."

ഉണ്ണികൃഷ്ണൻ പറഞ്ഞ കാര്യം തികച്ചും സത്യമാണെന്ന് പരിശോധിച്ചു ബോധ്യപ്പെട്ടപ്പോൾ മാഷ് അന്ധാളിച്ചു. എങ്കിലും അത് പുറത്തു കാണിക്കാതെ മാഷ് തിരിഞ്ഞു നിന്ന് അലറി:

"പോടാ, എല്ലാരും പോയി വരി നിക്ക്. ഈ പിരീഡ് കഴീണ വരെ എല്ലാരും ഒറ്റക്കാൽല് നിക്കണം!. അമ്പട, നിഷേധികള്!. "

ചുമരെഴുത്ത് മൊത്തത്തിൽ മായ്ക്കാതെ അക്ഷരരേഖകളിലുടെ മാത്രമായി കല്ലുരച്ചപ്പോൾ പെൻസിലെഴുത്ത് ശിലാലിഖിത രൂപത്തിൽ ശാശ്വതമായി എന്ന ഞെട്ടിപ്പിക്കുന്ന സത്യം മഞ്ഞ നിറമുള്ള ചുമരിൽ തെളിഞ്ഞതു കണ്ടപ്പോൾ മാഷ് സ്വയം ശപിക്കുന്നത് ഞങ്ങളിൽ ചിലർ കേട്ടിരുന്നു :

"ശ്ശെ! ഇതിപ്പൊ വെളുക്കാൻ തേച്ചത് പാണ്ടായീലോ!. "
:
:
:
ഒന്നൂല്ല്യ; ഇലക്ഷൻ ബൂത്തിന് 200 മീറ്ററിനുള്ളിൽ കാണുന്ന പ്രചരണ പോസ്റ്ററുകളെല്ലാം കരി ഓയിലുകൊണ്ട് മാർക്ക് ചെയ്തു ശ്രദ്ധേയമാക്കുന്ന മാക്രോ ഒബ്സർവേഷൻ കണ്ടപ്പോൾ ഓർമ്മ വന്നതാ!.
................................................................
കഥാപാത്ര നാമങ്ങൾ സാങ്കല്പികം. ജിവിച്ചിരിക്കുന്നവരോ മരിച്ചവരോ ആരുമായും അവയ്ക്ക് ബന്ധമില്ല.

ജിയോ

 

ജിയോ


"ബാലേട്ടാ ഗുഡ് മോണിംഗ്!."

"ഹലോ ഗുഡ് മോണിംഗ് ജിയോ!. പറയ്."
"സുഖല്ലേ?."
"പരമസുഖം."
"ബാലേട്ടൻ ഫ്രീയാണോ?."
"ഓ...!."
"പൂരത്തിൻ്റെ ഒരു പ്രൊമോ വർക്ക്ണ്ട്. മ്മക്ക് നോക്കിക്കൂടെ?."
"പിന്നെന്താന്ന്!."
"ന്നാ നാളെ. വൈകീട്ട് നാല് മണിക്ക് സ്റ്റുഡിയോല് വരണം. ജുബ്ബ രണ്ട് മൂന്നെണ്ണം കരുതിക്കോളൂ. മുണ്ടും."
"ഓക്കെ."
"അധികം സമയെട്ക്കില്ല്യ ട്ടാ."
എട്ത്താലും കൊഴപ്പല്ല്യ."
"ഹ ഹ!. അപ്പൊ നാളെ ബാലേട്ടാ. ഞാൻ വിളിക്കാം."
"ശരി."
:
:
:
സൌമ്യസ്വരത്തിലുള്ള ആ വിളി ഇനി കേള്ക്കില്ല.
തൃശ്ശൂപ്പൂരം പ്രൊമോ വീഡിയോ ഷൂട്ടിന് വിളിക്കാന് ഇനി ജിയോ ഇല്ല...
പോയി....
അനിയാ വിട....
ജിയോ സണ്ണി (42) സീനിയർ റിപ്പോർട്ടർ.
TCV തൃശ്ശൂർ. ഹൃദയാഘാതം മൂലം ഇന്ന് അന്തരിച്ചു.
ആദരാഞ്ജലി ........