2015, ജനുവരി 23, വെള്ളിയാഴ്‌ച

ഐലണ്ട് എക്സ്പ്രസ്

ഐലണ്ട് എക്സ്പ്രസ്



“ഔ ഔ! ഇത്ര തെരഞ്ഞ് നോക്കാനൊന്നൂല്ല്യ ബാലന്ദ്രാ, നല്ല നാരങ്ങ്യാ കേടൊന്നൂല്ല്യ.  നാഗ്പൂര്‍ ലൂസ് ജാക്കറ്റ്  . അസ്സല് മധുരാ, വാങ്ങിക്കോ ഒന്നുരണ്ടു  കിലോ!.

ജയ്ഹിന്ദ് പച്ചക്കറിമാര്‍ക്കറ്റിലെ നടവഴിക്കരികില്‍ കൂർത്തുയര്‍ന്നുനിന്ന   ഓറഞ്ചുകുന്നിന്‍റെ താഴ്വാരത്തില്‍ നിന്നുകൊണ്ട്  ഞെക്കിയും മണത്തും നാലഞ്ചെണ്ണം എടുത്തു പരിശോധിച്ചുകൊണ്ടിരിക്കുമ്പോഴാണ്‌ പിന്നില്‍ നിന്നും ശബ്ദം കേട്ടത്. തിരിഞ്ഞു നോക്കിയപ്പോള്‍ പ്രഭാകരേട്ടന്‍!. കയ്യിലുള്ള  മെഷ് ബാഗില്‍  നിറയെ ലൂസ് ജാക്കറ്റ്.

“അ: പ്രഭാകരേട്ടനോ! കണ്ടിട്ട് കൊറേ നാളായീലോ?.”

“എങ്ങന്യാ കാണ്വാടോ?. നാട്ടീന്ന് പോന്നിട്ട് കൊല്ലം പന്ത്രണ്ടായീല്ല്യേ?.”

ശരി തന്നെ. പ്രഭാകരേട്ടന്‍ നാട്ടിലുള്ള സ്ഥലം വിറ്റു മുളംകുന്നത്തുകാവില്‍ പോയെന്നും അവിടെ ഭാര്യക്കു ഭാഗം കിട്ടിയ സ്ഥലത്ത് പുതിയ വീടുവെച്ചു  താമസമാക്കിയെന്നും ആരോ എന്നോ പറഞ്ഞതോര്‍ത്തു.

“താനിപ്പോ എവട്യാ?. പ്രോമോഷനൊക്കെ എവടെ വര്യായി?.  മാനേജരായാ?.”

“അസ്സലായി!. ഞാന്‍ കഴിഞ്ഞൊല്ലം റിട്ടയറീതു എന്‍റെ പ്രഭാകരേട്ടാ!. ”

“ ഉവ്വാ!?. അയ്യയ്യോ അത് ഞാനറിഞ്ഞില്ല്യ ട്ടാ! കാലം പോണ പോക്കേയ്!.  ശനീം തിങ്കളും ഐലണ്ട് എക്സ്പ്രസ്സില് നമ്മളൊക്കെ ഇടികൂടി പോയേര്‍ന്നത്‌ ദേ ഇന്നാളാര്‍ന്നൂന്ന്‍ തോന്ന്വാ!.” 

തുടര്‍ന്ന് മക്കളുടെ എണ്ണം, വിദ്യാഭ്യാസം, ജോലി, വിവാഹം, ഷുഗര്‍, പ്രഷര്‍, കൊളസ്റ്ററോള്‍, നാട്ടിലെ മരണങ്ങള്‍, വായനശാല, തേവരുടെ വേല ഇത്യാദി ഗാര്‍ഹിക ഗ്രാമ്യവിശേഷങ്ങള്‍ പരസ്പരം കൈമാറി.  അവസാനം പിരിയാന്‍ നേരം പ്രഭാകരേട്ടന്‍ പറഞ്ഞു:

“അപ്പോ ശരീടോ. ഇനീം കാണാം. പിന്നെ, തനിക്കിപ്പോ പഴേ പോലെ ഓര്‍മ്മക്കേടിന്‍റെ അസ്കിത്യൊന്നൂല്ലിലോ?.”

ഉള്ളില്‍ കാരമുള്ളു തറക്കുന്ന ഒരു ചോദ്യമെറിഞ്ഞ് അതിന്‍റെ നര്‍മത്തില്‍ അകമഴിഞ്ഞു ചിരിക്കുന്ന പ്രഭാകരേട്ടനോടൊപ്പം ചേരാതിരിക്കാന്‍ കഴിഞ്ഞില്ല. 

“ശരി പോട്രോ. നാട്ടില് മ്മടെ പഴേ ആള്‍ക്കാരോടൊക്കെ അന്വേഷണം പറയ്വാ!” 

നാരങ്ങസഞ്ചിയും തൂക്കി ഇടംവലം മാര്‍ക്കറ്റ് പര്യവേഷണം നടത്തി നടന്നകലുന്ന പ്രഭാകരേട്ടനെ നോക്കി നിന്നപ്പോള്‍ പഴയ ഒരു സംഭവമോര്‍ത്ത്‌ നേരിയ വേദന മനസ്സില്‍ പടര്‍ന്നു.. 

വിമുക്തഭടനായിരുന്നു പ്രഭാകരേട്ടന്‍. ആര്‍മിയില്‍ നിന്നു  പിരിഞ്ഞു പോന്ന്‍ ഏറെ താമസിയാതെ തന്നെ കൊച്ചി നേവല്‍ ബേസ് കാന്റീനില്‍ ജോലിയായി. സ്റ്റേറ്റ് ബാങ്കില്‍ പ്രോബേഷണറായി ഞാന്‍ അന്ന് വില്ലിംഗ്ടണ്‍    ഐലണ്ടില്‍. ഏലൂരില്‍ ചേട്ടന്‍റെ വീട്ടില്‍ താമസം.    എല്ലാ ശനിയാഴ്ചയും ഐലണ്ട് എക്സ്പ്രസ്സില്‍ നാട്ടിലേക്ക് പോകും . തിങ്കളാഴ്ച അതിരാവിലെ ഐലണ്ടില്‍ തന്നെ മടക്കം.

ദിവസവും ഷട്ടിലടിച്ചിരുന്ന  പ്രഭാകരേട്ടനെ ഈ ദിവസങ്ങളില്‍ ഞാന്‍ എറണാകുളം സൌത്തിലും , തൃശ്ശൂര്‍ സ്റ്റേഷനിലും വെച്ചു സന്ധിക്കും. എറണാകുളത്തുനിന്നുള്ള യാത്ര ഏറെ ദുഷ്ക്കരമായിരുന്നു. വണ്ടിയില്‍ പൂരത്തിരക്കായിരിക്കും. സ്ലീപ്പര്‍ റിസര്‍വേഷന്‍ കമ്പാര്‍ട്ട്മെന്റില്‍ പോലും കാലുകുത്താൻ വിഷമമായിരുന്നു. ടോയ്ലറ്റിനടുത്തുള്ള ജങ്ക്ഷനിലെ തിരക്കില്‍ ഞങ്ങള്‍ കഷ്ടിച്ച് നില്‍ക്കാന്‍ ഇടം കണ്ടെത്തും. തുടര്‍ന്ന് നേവല്‍ ബേസ് കാന്‍റീനിലെ ഗാര്‍ഹികോപകരണങ്ങളുടെ വിലക്കുറവ്, പ്രഭാകരേട്ടന് തികയാത്ത ‘മാസ ക്വോട്ട’, ബാംഗ്ലൂരില്‍   ചിട്ടി വിളിക്കാന്‍ പോകുന്നവര്‍ നിമിത്തം ഐലണ്ട് എക്സ്പ്രസ്സില്‍ റിസര്‍വേഷന്‍ കിട്ടാനുള്ള വിഷമം, ആര്‍മി അനുഭവങ്ങള്‍, ബംഗ്ലാദേശ് യുദ്ധം, മുക്തി ബാഹിനി, യാഹ്യാ ഖാൻ  അങ്ങിനെ അങ്ങിനെ പ്രഭാകരേട്ടന്‍റെ നോണ്‍ സ്റ്റോപ്പ്‌ വിശേഷങ്ങളുമായുള്ള യാത്ര. തിങ്കളാഴ്ച രാവിലെ ഒഴിഞ്ഞ ബോഗികളുമായി വരുന്ന ഐലണ്ടില്‍ ക്ലേശരഹിതമായ മടക്കയാത്ര. 

ഒരു ശനിയാഴ്ച ഉച്ച തിരിഞ്ഞ് സൌത്തില്‍ എത്തിയ ഐലണ്ടില്‍ പതിവിനു വിപരീതമായി തീരെ തിരക്കനുഭവപ്പെട്ടില്ല. പാലക്കാട്, തൃശ്ശൂർ ക്വോട്ടയായിരിക്കണം,  സ്ലീപ്പര്‍ കമ്പാര്‍ട്ട്മെന്റില്‍ ഇഷ്ടം പോലെ സീറ്റുകള്‍!. പ്രഭാകരേട്ടന്‍ എന്തോ പതിവു വിട്ടു വല്ലാതെ ചുവന്നിരിക്കുന്നു. ഒഴിഞ്ഞു കിടക്കുന്ന അപ്പര്‍ ബര്‍ത്തിലേക്ക് ആര്‍ത്തിയോടെ പൊത്തിപ്പിടിച്ചു കയറുമ്പോൾ  അദ്ദേഹം പറഞ്ഞു.

“ബാലന്ദ്രാ, ഞാൻ രണ്ടെണ്ണം വീശീണ്ട്.  അതോണ്ടാവും വല്ലാണ്ട് ഒറക്കം വരുണു. ലേശം കെടക്കട്ടെ. എത്ത്യാ വിളിക്കണേ!.”

“ശരി. ഞാന്‍ വിളിക്കാം പ്രഭാകരേട്ടാ .”

കമ്പാര്‍ട്ട്മെന്‍റില്‍ ഉള്ളവരില്‍ ഏതാണ്ടെല്ലാവരും ബാങ്ക് ജീവനക്കാരായിരുന്നു. സൌത്തിന്ത്യന്‍, കാത്തലിക്ക്, ഫെഡറല്‍, ധനലക്ഷ്മി, നെടുങ്ങാടി, ലോഡ് കൃഷ്ണ, കനറ, എസ്ബീട്ടി അങ്ങിനെ വിവിധ ബാങ്കുകളില്‍ ജോലി ചെയ്യുന്നവര്‍. വരാനിരിക്കുന്ന വേതനക്കരാറിനെക്കുറിച്ചുള്ള ചര്‍ച്ചകളും വെടിവട്ടവുമായി    അവരോടൊപ്പം കൂടിയപ്പോള്‍ ഞാന്‍ പ്രഭാകരേട്ടനെ  മറന്നു.

പ്രഭാകരേട്ടനെ പിന്നെ കണ്ടത്‌ ഒരാഴ്ച കഴിഞ്ഞു വല്ലാത്തൊരു സാഹചര്യത്തിലാണ്!.

നാട്ടിലെ പത്താമുദയവേല. ഉച്ച നേരത്തെ എഴുന്നെള്ളിപ്പ്. അന്നമനട പരമേശ്വരന്‍റെ പഞ്ചവാദ്യം കടുകു വറുക്കുന്നു. കടവല്ലൂര്‍ അരവിന്ദാക്ഷനും എടപ്പാള്‍ അപ്പുണ്ണിക്കും പിന്നില്‍ സ്ഥാനം പിടിച്ചു കയ്യും കലാശവുമായി മൂച്ചു കേറ്റി നില്‍ക്കുമ്പോള്‍ പിന്നില്‍നിന്നും ചുമലില്‍ ആരോ തട്ടി. തിരിഞ്ഞു നോക്കിയപ്പോള്‍ പ്രഭാകരേട്ടനാണ്. ആസകലം ചുവന്നിരിക്കുന്നു. ബ്രാണ്ടിയുടെ മണം .

“ഒരു കാര്യം പറയാണ്ട്!. താനൊന്നിങ്ങട് വന്നേ!.” 

രസം കൊന്നതിലുള്ള  ഈര്‍ഷ്യയും അക്ഷമയും മറച്ചു പിടിച്ചുകൊണ്ട് അമ്പലപ്പറമ്പിലെ പേരാല്‍ച്ചുവട്ടിലേക്ക് ഞാന്‍ പ്രഭാകരേട്ടനെ അനുഗമിച്ചു.

“ഒന്നൂല്ല്യ.  അകൈതവമായ നന്ദി രേഖപ്പെടുത്താന്‍ വിളിച്ചതാ!.” 

ചോദ്യഭാവം നിഴലിക്കുന്ന എന്‍റെ മുഖത്തു നോക്കി കയ്പ്പ്  നിറച്ച ഒരു പുഞ്ചിരിയോടെ  പ്രഭാകരേട്ടന്‍ പറഞ്ഞു.

“എന്താദ്  പ്രഭാകരേട്ടാ?” 

എനിക്കു കാര്യം പിടി കിട്ടിയില്ല.

“അല്ല; കഴിഞ്ഞ ശന്യാഴ്ച്ചേയ്  എന്‍റെ ഒറക്കം മുറിച്ച് ശല്ല്യപ്പെടുത്താണ്ട് താന്‍ കൂളായി വണ്ടീന്ന് എറങ്ങിപ്പോയീലോ? എപ്ലായാലും അതിന്‍റെ നന്ദി അറീക്കണലോ?." 

പാണ്ടിമേളത്തിന്‍റെ  കതിന പഞ്ചവാദ്യത്തില്‍ പൊട്ടിയ പോലെ തോന്നി എനിക്ക്!. ഒന്നും മിണ്ടാനാവാതെ ഞാന്‍ രണ്ടു നിമിഷം തരിച്ചു നിന്നു!. വാദ്യവും ആരവവും എല്ലാം നിലച്ച പോലെ! സമനില തിരിച്ചു കിട്ടിയപ്പോള്‍ ഞാന്‍ വിക്കിയായി:

“അയ്യോ...പ്രഭാകരേട്ടാ... ഞാന്‍..അന്നാ കാര്യം...”

“മറന്നൂല്ലേ?. അത് പറഞ്ഞാ തന്‍റെ  കാര്യം   തീര്‍ന്നു! എന്‍റെ കാര്യോ? അറിഞ്ഞ്വോ   ഇയാള്?”

“ഇല്ല്യ  പ്രഭാകരേട്ടാ സോറി!   എന്തേണ്ടായേ!?”  

“ഏയ്‌ ഒന്നൂണ്ടായില്ല്യ!.  നാട്ടുകാർക്കില്ല്യാത്ത  ദയവ് പാലക്കാട്ടുകാര് കാട്ടി അത്രന്നെ. റിസര്‍വ് ചെയ്തോര്  വന്നു കുത്തീം തോണ്ടീം ബഹളം വെച്ചോണ്ട് ഒലവക്കോട്ടെങ്ങിലും എറങ്ങാന്‍ പറ്റി!.”

ഒന്നും പറയാനാവാതെ വിരല്‍ ഞൊടിച്ചു നിന്ന എന്‍റെ  കുറ്റബോധത്തെ തലോടി പ്രഭാകരേട്ടന്‍ പറഞ്ഞു.

“ശരി ശരി, ചെല്ല്!. അര്‍മാദിക്ക്!. ഇനി ഈ കാര്യോ ര്‍ത്ത്  തന്‍റെ പൂരക്കിക്ക് കളേണ്ട!. "

ചതഞ്ഞ മനസ്സുമായി പഞ്ചവാദ്യത്തിലേക്ക് തിരിച്ചു നടക്കുമ്പോള്‍ പ്രഭാകരേട്ടന്‍ ഓര്‍മിപ്പിക്കാന്‍ മറന്നില്ല:

“അതേയ്, രാത്രിപ്പൂരത്തിനു ഞാന്‍ വര്വേണ്ടാവില്ല്യ. തിങ്കളാഴ്ച കാലത്ത് ഐലണ്ടില് കാണാം. പൂരക്ഷീണത്തില് ഇനി  അത് മറക്കണ്ട താൻ!.”
*****************






ശരി മുതല്‍ ശരി വരെ



ശരി മുതല്‍ ശരി വരെ


വെളുപ്പാന്‍ കാലത്തെ ദ്രുത നട.

രണ്ടും കയ്യും ചുമലുയരത്തിൽ വീശി പട്ടാളച്ചിട്ടയില്‍ അടാട്ട് ചന്ത കടക്കുമ്പോള്‍ ചായക്കടയിലെ  കൂട്ടവര്‍ത്തമാനം പെട്ടെന്ന് നിന്നു  .

കറുത്ത പാന്‍റ്, ആക്ഷന്‍ ഷൂ, കടുംനീല ടീഷര്‍ട്ട്, അതിനുമേല്‍ കടുംചുവപ്പു കയ്യില്ലാ സ്വെറ്റര്‍, അഞ്ച്-പതിനൊന്ന്‍ പൊക്കം, ഒത്ത വണ്ണം. ചായക്കട മൊത്തം തന്നിലേക്ക് തിരിഞ്ഞിരിക്കുകയാണ്!. ഇടം വലം നോക്കാതെ നടന്നകലുമ്പോള്‍ സ്റ്റിംഗ് ഓപറേഷനിലൂടെ പിന്‍ഭാഷണം കാത്‌ പിടിച്ചെടുത്തു.

“ദാരാ പോയീത്?”

“അയ്‌, അത്‌ മ്മടെ ബാലന്ദ്രനാ. വെളക്കുംകാലിലെ.”

“എന്നും ങ്ങനെ നടക്കാര്‍ണ്ടാ? കാണാറില്ല്യ.”

“നിയ്യ്‌ കാണാണ്ടാ!. എന്നൂണ്ട്. എത്ര ദൂരം നടക്കുന്നറിയ്വോ? വെളക്കുംകാലീന്ന് പിടിച്ചാ ഇതിക്കൊടെ പോയി ചിറ്റിലപ്പിള്ളി, വ്യാസപീഠം, സംസ്കൃത കോളേജ്, പോസ്ടാപ്പീസ് വഴി അഞ്ചഞ്ചര കിലോമീറ്ററ് നടക്കും പാര്‍ട്ടി!.”

“ഈശോയെ! അഞ്ചര കിലോമീട്രാ!”

“പിന്നെ നീയെന്തൂട്ടാ വിചാരിച്ചേ? നടക്ക്വാച്ചാ അത്ര നടക്കണം. അല്ലാണ്ട് നിന്‍റെ പോലെ ദേ  പള്ളി വരെ നാലടി നടന്നാ പോരാ!. ചുരുങ്ങീത് അഞ്ചു കിലോമീട്ര് ദെവസോം നടക്കണംന്നാ ഗോയ്ന്നുട്ടിഡോട്ടറ്  പറ്യാറ്!.”

“ അത് മാത്രല്ലാന്നേയ്! നടക്കണ നടത്തം നോക്ക്യേന്‍; എന്‍സീസി പരേഡ് പോലെ.”

“അങ്ങന്യന്ന്യാണ്ട്രാ നടക്ക്വാ!.  കാല് നീട്ടി, കയ്യ്‌ വീശി ഉപ്പൂറ്റി  കുത്തി, നല്ല സ്പീഡില് നടക്കണം. അല്ലാണ്ട് കല്ല്യാണച്ചെക്കന്‍ മണ്ഡപത്തില്‍ക്ക് പോണ പോല്യല്ല!”

ആ പറഞ്ഞതെത്ര ശരി !

ചായക്കടയിലെ സുഹൃത്ത് പറയുന്നതു കേട്ടപ്പോള്‍ അങ്ങിനെ തോന്നി.

ആരോഗ്യ സംരക്ഷണത്തിന്‍റെ കാര്യത്തില്‍ പുലര്‍ത്തുന്ന ജാഗ്രതയിലും നിഷ്ക്കര്‍ഷയിലും സ്വയം അഭിമാനവും സംതൃപ്തിയും തോന്നി. നാളെ മുതല്‍ അര കിലോമീറ്റര്‍ കൂട്ടി ആറാക്കണം എന്ന് ഉറപ്പിച്ചു. റൂട്ടൊന്നു മാറ്റിപ്പിടിച്ചു മുതുവറ, അമല വഴിയാക്കിയാല്‍ മതി. ആറാവും.

പ്രഭാതസവാരി മടക്കം തേവരുടെ അമ്പലമെത്തിയപ്പോള്‍ എതിരെ നിന്ന് ജോണി വരുന്നു.

“ബാലന്ദ്രന്‍ നടത്തം  വീണ്ടും തൊടങ്ങ്യല്ലേ?”

“വീണ്ട്വോന്ന്വല്ല.  ഞാന്‍ എന്നും നടക്കാറുണ്ടലോ.”

“അത് പള്ളീപ്പറഞ്ഞാ മതി! ഞാന്‍ ശ്രദ്ധിക്കാറുണ്ട്രോ. എടവപ്പാതി   തൊടങ്ങ്യേപ്പിന്നെ തന്നെ കണ്ടിട്ടില്ല്യ. ഇതിപ്പോ ഡിസംബറായില്ല്യെ? .”

“അത് പിന്നെ.....മഴ്യോക്ക്യാവുമ്പോ....വല്ല്യേ ശല്ല്യം!”

“മഴേം മഞ്ഞും വെയില്വോക്കെ നോക്ക്യാ മ്മിണി നടക്കാന്‍ പറ്റും.  നോക്ക്യേ, പൊതിരെ മഴ്യായാലും ഞാന്‍ നടത്തം നിര്‍ത്താറില്ല്യ. അതാ വേണ്ട്. അല്ലാണ്ട് തന്‍റെ പോലെ ഒരു പൂതിക്ക്‌ വല്ലപ്പള്വോക്കെ പാന്റും ഷൂസൂട്ട് നടന്ന്‍ട്ട് ഒരു കാര്യോല്ല്യ! പോട്ടെ, ചെന്നിട്ട് വേണം പാടത്ത്  വെള്ളം നോക്കാന്‍!”

ആ പറയുന്നതിലും ശരിയുണ്ട്!

കള്ളിമുണ്ട് ഇടക്കുത്തി വള്ളിചെരിപ്പടിച്ചു നടന്നകലുന്ന സുഹൃത്തിനെ നോക്കിനിന്നപ്പോള്‍ അങ്ങിനെയും തോന്നി.




2015, ജനുവരി 7, ബുധനാഴ്‌ച

ആസ്വാദനം


 ആസ്വാദനം 

“വകേല് നാലാമതൊന്നൂടി പിടിക്കാന്‍ തോന്നാഞ്ഞത് നന്നായി!. ഇല്ലിങ്ങെ അയാള് ആ ക്ടാവിനേം കൂടി കൊന്നേനെ!”

വിസ ശരിയായി ദുബായിക്ക് പോകും മുമ്പ്‌ തിരിച്ചുകൊടുക്കാന്‍ പറഞ്ഞു മകനേല്‍പ്പിച്ച സത്യജിത്‌ റേയുടെ അപുത്രയം സിനിമയുടെ സീഡികള്‍ തരാന്‍ വന്നതായിരുന്നു അന്തോണിമാപ്പിള.

“ ഇതിവിടെ തരാന്‍ പറഞ്ഞ്ട്ടാ  ചെക്കന്‍ പോയീത് . പടം മൂന്നും ഞാനും കണ്ടു. ഭാഷ്യൊക്കെ ചെക്കന പറഞ്ഞു തന്നു.  ”


“ഉവ്വോ? നന്നായി!. സിനിമെങ്ങനെ ഇഷ്ടപ്പെട്ട്വോ? അതൊക്കെ പോട്ടെ; കുട്ടീനെ കൊന്നേനേന്നൊക്കെ പറഞ്ഞത് ആരെപ്പറ്റ്യാ?”


ഞാന്‍ ജിജ്ഞാസുവായി.


“അയ്‌, അതിപ്പോ സിനിമ പിടിച്ച ആളേന്യന്നെ!."



“ആര് സംവിധായകനോ?”

“ആ, അതന്നെ.”

“അതെന്താങ്ങനെ പറ്യാന്‍!?"

“അയ്‌, അല്ലെങ്ങെ മാഷോന്നു നോക്ക്യേന്‍!. ആദ്യത്തേല് പെങ്ങളെ കൊന്നു, രണ്ടാമത്തേല് തന്തേം തള്ളേം കൊന്നു, ഇനിപ്പോ കെട്ട്യേന്യായിട്ട് ബാക്കി വെക്കണ്ടാച്ചിട്ട്‌ മൂന്നാമത്തേല് അയ്നേം കൊന്നു!. അപ്പാലോചിച്ചതാ; യ്യ് നെലക്ക് പടം നാലാമതൊന്നു പിടിച്ചേര്‍ന്നെങ്ങെ മോനേം കൊന്നേര്‍ന്നില്ല്യേന്ന്! ഔ ന്നാലും ന്‍റെ മാഷേ, വല്ലാത്തൊരു യോഗന്നെ ആ കുടുമ്മത്തിന്‍റെ ല്ലേ!”

മൂന്നു സിനിമകളിലെയും കരളുരുക്കുന്ന മരണങ്ങളാണ് അന്തോണിമാപ്പിള ഉദ്ദേശിച്ചതെന്ന് മനസ്സിലാക്കാന്‍ വിഷമമുണ്ടായില്ല!.

പാഥേര്‍ പാഞ്ചലിയിൽ  അപുവിന്‍റെ ചേച്ചി ദുര്‍ഗ.
അപരാജിതോയില്‍ അച്ഛന്‍ ഹരിഹര്‍, അമ്മ സര്‍വജയ. 

അപൂര്‍ സന്‍സാറില്‍ അപുവിന്‍റെ ഭാര്യ അപര്‍ണ.

അപുര്‍ സന്‍സാറിലെ അവസാനദൃശ്യത്തില്‍ പുതിയൊരു ജീവിതത്തിലേക്കു നടന്നു നീങ്ങുന്ന അപുവിന്‍റെ തോളില്‍ പുഞ്ചിരിച്ചിരിക്കുന്ന മകനിലായിരുന്നു അന്തോണി മാപ്പിളയുടെ ആശ്വാസം !

"ഔ! കെട്ട്യേ പെണ്ണ് പേറില് മരിച്ചൂന്ന് കേട്ടപ്പൊ വെവരം പറ്യാന്‍ ചെന്നോന്‍റെ മോത്തടിച്ച അടി! ആ ചെക്കന്‍ എന്ത് പെഴച്ച്വാവോ! പര്‍ഞ്ഞ വര്‍ത്താനം കേക്ക്വയ്യാത്തോണ്ടന്നേ ല്ലേ മാഷേ!? ന്നാ ഞാന്‍ പോണില്ല്യ മാഷേ. ചെന്നട്ട്‌ വേണം പീട്യ തൊറക്കാന്‍."


ഗെയിറ്റടച്ചു കുറ്റിയിട്ടു താക്കോലും കിലുക്കി പടിയിറങ്ങുന്ന ആ ആസ്വാദകനെ ഞാന്‍ വിസ്മയത്തോടെ നോക്കി നിന്നു......

2015, ജനുവരി 3, ശനിയാഴ്‌ച

താലപ്പൊലി

താലപ്പൊലി

ഒളരി ഭഗവതി ക്ഷേത്രത്തിലെ  താലപ്പൊലി. 

അമ്പലപ്പറമ്പില്‍ പകല്‍പ്പാണ്ടി പൊരിയുന്നു. പതിനഞ്ച് ഇടംതല. മൂന്നിരട്ടി വീക്കം. അത്രയും താളം. ഇടംതലക്കൊന്നു വെച്ച് കൊമ്പും കുഴലും. പ്രമാണമോ സാക്ഷാല്‍ പെരുവനം! മച്ചുനന്‍ സതീശനും മട്ടന്നൂര്‍ ശിവരാമനും ഒഴികെ കൂട്ടുകാര്‍ എല്ലാവരുമുണ്ട്‌ ഇടംവലം. കേളത്ത്, തിരുവല്ല, പഴുവില്‍, ചൊവ്വല്ലുര്‍ മോഹനന്‍, വാരിയര്‍ മോഹനന്‍ തുടങ്ങി പുലികളെല്ലാം അണിനിരന്ന എണ്ണം പറഞ്ഞ മേളം. ഇലഞ്ഞിത്തറ മേളത്തിനനിയന്‍ ഒളരിക്കര മേളം എന്ന് ചങ്കുറപ്പോടെ പറയാം.

ഉച്ചമയക്കം ഉണര്‍ന്നു പൂരക്കുപ്പായമിട്ട് പുറനാട്ടുകര കോള്‍പ്പാടവും പുല്ലഴി പുറംചാലും 'ആക്റ്റീവ'യായി മുറിച്ചു കടന്ന് അമ്പലപ്പറമ്പിലെത്തിയപ്പോള്‍ ചെമ്പട കൊട്ടിത്തുടങ്ങിയിരുന്നു. മേളക്കാരുടെ നാലയലത്തുപോലും എത്താന്‍ പറ്റാത്ത വിധം ജനം. എങ്കിലും തീറു കൊട്ടി പാണ്ടി കൊലുമ്പി പതികാലത്തിലേക്ക് കടന്നപ്പോള്‍  മൂച്ചിന്‍റെ രസച്ചിരടു പൊട്ടി ഒഴിഞ്ഞുപോയ ആസ്വാദകരുടെ വേക്കന്‍സിയിയിലേക്ക് കുത്തിത്തുളച്ചു കയറി കുറുംകുഴല്‍ നിരയിൽ ഇടത്തെയറ്റക്കാരനെ പിന്‍പറ്റി ജാഗ്രത്തില്‍ നിന്നു. രണ്ടും മൂന്നും കാലങ്ങള്‍ സ്ഥലം  മാറി കൊട്ടി നീങ്ങുമ്പോള്‍ സ്ഥാനഭ്രംശം സംഭവിക്കാതിരിക്കാന്‍ കുറുംകുഴലിന്‍റെ ഇടംതോള്‍ പറ്റി  പതിനെട്ടടവും പയറ്റി സമ്മര്‍ദ്ദങ്ങളെ അതിജീവിച്ചതിനു  മികച്ച പ്രതിഫലം കിട്ടി. മേളം ഗോപുരവാതില്‍ക്കലെത്തി കലാശക്കളമുറപ്പിച്ചപ്പോള്‍  ഇടംതല, കുറുംകുഴല്‍ നിരകളുടെ ഒരറ്റത്തു നടുവിലായി തരപ്പെട്ടത് മേളകുതുകികളുടെ കണ്ണേറു തട്ടുന്ന നിൽപ്പിടം! പഞ്ചവാദ്യത്തില്‍ ഇടയ്ക്ക വാദ്യക്കാര്‍ നില്‍ക്കുന്ന വിശിഷ്ട സ്ഥാനം.  "ആരാടാ ഇവന്‍?" എന്ന് തദ്ദേശീയര്‍ക്കും വിശിഷ്യാ പൂരക്കമ്മിറ്റിക്കാര്‍ക്കും ഈഗോ ചൊറിച്ചിലുണ്ടാക്കിയേക്കാവുന്ന അപകടമേഖല!

ഇടം വലം തിരിഞ്ഞും പിന്തിരിഞ്ഞും വാദ്യവൃന്ദത്തെ ജാഗരൂകരാക്കുന്നതിനിടയില്‍ പെരുവനം കുട്ടന്‍ മാരാര്‍ നല്‍കിയ     നറുപുഞ്ചിരിച്ചാറു മോന്തി  വിജ്രുംഭിച്ച അഭിമാനം തലയുയര്‍ത്തിപ്പിടിച്ചു നാലാളെ കാണിച്ചു കുശുമ്പു കുത്തിച്ചു നില്‍ക്കുമ്പോഴാണ് പോക്കറ്റിലെ മൊബൈലിന്‍റെ വൈബ്രേറ്റര്‍ പിടഞ്ഞു  ഇടത്തെ മുലക്കണ്ണില്‍ ഇക്കിളി കൂട്ടിയത്. നോക്കിയപ്പോള്‍ പണ്ടു കേരളവര്‍മയില്‍ ഒപ്പമുണ്ടായിരുന്ന ലോക്കല്‍ ചങ്ങാതി രഘുവിന്‍റെ സന്ദേശമാണ്. കാല്‍ നൂറ്റാണ്ട് അമേരിക്കയില്‍ പാര്‍ത്ത് കക്ഷി അടുത്ത കാലത്ത് കുറ്റി പറിച്ചു നാട്ടില്‍ വന്ന കാര്യം നേരത്തേ അറിഞ്ഞിരുന്നു. 

"Come out of that hell immediately! There's a problem. Its serious and urgent! We are at the Mother Hospital gate"

ഭഗോതീ! എന്താണാവോ? മദര്‍ ആശുപത്രിയുടെ മുന്നില്‍നിന്നാണ് വിളിക്കുന്നത്‌. ആര്‍ക്കെങ്കിലും വല്ല അപകടവും?   പരിഭ്രമത്തിന്‍റെ കൈകളാല്‍ ജനക്കൂട്ടത്തെ വകഞ്ഞു മാറ്റി പുറത്തു കടക്കുമ്പോഴും കിടിലന്‍ മേളവും മേലനങ്ങി പിടിച്ചെടുത്ത ഇടവും  നഷ്ടപ്പെട്ടതിന്‍റെ വിങ്ങല്‍ മനസ്സില്‍ തങ്ങി നിന്നു.

ആശുപതിപ്പടിക്കല്‍ എത്തുമ്പോള്‍ അവര്‍ മൂന്നു പേരുണ്ടായിരുന്നു. കൂട്ടുകാരനൊപ്പം അപരിചിതരായ രണ്ടു പേര്‍. കണ്ടപാടെ അവന്‍ അടുത്തു വന്നു കൈകള്‍ കൂട്ടിപ്പിടിച്ചു.  മുഖത്തെ ഗൌരവം വിടാതെ മറ്റു രണ്ടു പേരെ പരിചയപ്പെടുത്തി. 

"എന്താ സംഗതി?" ഞാന്‍ ആകാംക്ഷയോടെ ചോദിച്ചു .

"വാ പറയാം." 

കൂട്ടുകാരന്‍ കൈപിടിച്ചു വലിച്ചു അടുത്തു കിടന്ന ഇന്നോവയിലെ മുന്‍സീറ്റില്‍ കയറ്റിയിരുത്തി. മറ്റു രണ്ടുപേരും പിന്നില്‍ കയറി. വണ്ടി നീങ്ങിയപ്പോള്‍ അവന്‍  പറഞ്ഞു.

" നിന്നെ കയ്യില്‍ കിട്ടുവാന്‍ ഇതേ വഴിയുള്ളൂ!"

"എന്തിന്? സീരിയസ്  പ്രോബ്ളംന്നു പറഞ്ഞൂലോ? എന്താദ്!?"

സ്റ്റീരിയോയില്‍ 'മഞ്ജുഭാഷിണി മണിയറവീണയില്‍.' കേട്ടതല്ലാതെ എന്‍റെ ചോദ്യത്തിന് അവന്‍റെ വീടെത്തുന്നതുവരെ മറുപടി കിട്ടിയില്ല. 

ബംഗ്ലാവിലെ ബാര്‍ റാക്കിന്‍റെ വര്‍ണശോഭയില്‍ തിളങ്ങുന്ന ശീമക്കുപ്പികളിലേക്കു കൈചൂണ്ടി രഘു ചോദിച്ചു

"പറയ്; ഏതാണ് നിനക്ക് വേണ്ടത്?  സ്പ്രിംഗ്ബാങ്ക് 10 ഇയര്‍ ഓള്‍ഡ്‌?, ബാല്‍വെനി 12 ?, ഗ്ലെന്‍മോറന്‍ജി 18?, ബോമോര്‍ 25 ഇയര്‍ ?"

അകലെ പെരുവനം കുട്ടന്‍റെ പാണ്ടി അഞ്ചില്‍ കടുകു വറക്കുന്ന പൂരപ്പറമ്പില്‍ പയറ്റിപ്പിടിച്ചെടുത്ത വാന്‍റെജ്‌ പോയിന്‍റ്! 

സ്വപ്നത്തില്‍ പോലും കാലു കുത്തിയിട്ടില്ലാത്ത സിംഗിള്‍ മാള്‍ട്ട് പോയിന്‍റ് ഇവിടെ, തൊട്ടടുത്ത്!

എന്താ വേണ്ട്? പ്രീഡിഗ്രി ഇംഗ്ലീഷ് ക്ലാസ്സില്‍ ഗണപതിമാഷില്‍നിന്നും കേട്ട വരികള്‍ കാതില്‍ നിലകൊട്ടി. 

റ്റു ബി ഓര്‍ നോട്ട് റ്റു ബി.... 

അഞ്ചിന്‍റെ ചെമ്പുനാണയമെറിഞ്ഞു വിധി നിര്‍ണയിക്കാനുള്ള ശ്രമത്തെ കൂട്ടുകാരന്‍ നിര്‍വീര്യമാക്കുകതന്നെ ചെയ്തു.

" നതിംഗ് ഡൂയിംഗ്! നീയിന്നിനി മേളം കാണില്ല!"


വീക്കം പിടിച്ചിരുന്ന പരിചയക്കാരന്‍ മാരാര്‍  പിറ്റേ ദിവസം നടുവിലാലില്‍ വെച്ചു കണ്ടപ്പോള്‍ ചോദിച്ചു:

" അയ്‌! അത്‌ വരെ തെളിഞ്ഞ് നിന്ന ആളെ മേളം അഞ്ചാം കാലത്തിലിക്ക് കടന്നപ്പോ ശ്ശടേന്ന് കാണാണ്ടായി! ദെവടെക്ക്  പോയീ!?"

"സ്വർഗത്തിലേക്ക് !." മനസ്സ് മന്ത്രിച്ചു.

****************