2018, മേയ് 23, ബുധനാഴ്‌ച

സമാന്തരം

സമാന്തരം 

കുര്‍ബ്ബാനയും കുമ്പസാരവും   മുടക്കാത്ത കൃസ്ത്യാനിയായിരുന്നു ജോണി. എങ്കിലും വിശ്വാസത്തില്‍  ഒരു വിഹിതം  അയാള്‍ തട്ടകത്തിലെ തേവര്‍ക്കും നീക്കിവെച്ചു. രാവിലെ പണിക്ക് പോകുമ്പോഴും വൈകീട്ട് ചന്തയില്‍ പോയി ഒന്നു മിനുങ്ങി മടങ്ങുമ്പോഴും അമ്പലനടയിലെത്തിയാല്‍ കിഴക്കോട്ടു തിരിഞ്ഞു നിന്ന് കുരിശു വരയ്ക്കുവാന്‍ ജോണി മറക്കാറില്ല. ആല്‍ത്തറയില്‍ ദേവസ്വക്കാര്‍ ഭണ്ടാരം സ്ഥാപിച്ചപ്പോള്‍  നിത്യവും ഒരു തുട്ട് അതിനുള്ളിലിട്ടുകൊണ്ടാക്കി കുരിശുവര.  ഇടവക പെരുന്നാളിനോടൊപ്പം തേവരുടെ വേലക്കുമുണ്ട് ജോണിയാലാവുന്ന  സഹായ സഹകരണങ്ങള്‍. ധനുമാസം പിറന്നാല്‍  പൂരവും പെരുന്നാളും  ജോണിയുടെ മനസ്സില്‍ പട്ടുകുട നിവര്‍ത്തും. പിന്നെ  ഹൃദയതാളം ബാന്റ് സെറ്റിനും പഞ്ചവാദ്യത്തിനും  വിട്ടുകൊടുക്കും .  

തരിശായിക്കിടന്നിരുന്ന മതിലകത്ത്  തെങ്ങിന്‍തൈ നടുവാന്‍ അമ്പലക്കമിറ്റിക്കാര്‍ തീരുമാനിച്ച കാലമായിരുന്നു അത് .  ജോലി കഴിഞ്ഞു മടങ്ങിവരുന്ന ഒരു സായാഹ്നത്തില്‍ അമ്പലക്കമ്മിറ്റി സെക്രട്ടറി മേനോന്‍റെ നേതൃത്വത്തില്‍  മതില്‍ക്കകത്തേക്ക്  നിരനിരയായി തെങ്ങിന്‍ തൈകള്‍ നീങ്ങുന്നത്‌ കണ്ടപ്പോള്‍ ജോണിയുടെ ഔത്സുക്യം ഉണര്‍ന്നു..

"അയ്‌ മേനോന്‍, ദെന്താ പരിപാടി ?."

"ഒന്നൂല്ല്യ ജോണ്യേ, മതില്‍ക്കകത്ത് നാല് തെങ്ങ്ന്തയ്യ് നടാന്ന് വെച്ചു.  അത് കാച്ചൊടങ്ങ്യാ ഒരു  വരുമാനായീലോ." 

ഇന്നത്തപോലെയല്ല; ക്ഷേത്രത്തിലെ നിത്യനിദാനങ്ങള്‍ക്ക് വരുമാനം കണ്ടെത്താന്‍ കമ്മിറ്റിക്കാര്‍ നാടോടിയിരുന്ന കാലമായിരുന്നു അത്. 

" അയ് , അതുഷാറായീലോ മേന്‍ന്നേ!. എത്ര തെങ്ങ് വെക്ക്ണ്ട്?"

"ചുറ്റില്വായിട്ട് ഒരു പത്തിരുപതെണ്ണം."

"ഔ നല്ല ചെലവാവൂലോ?."

"ആവും!.  പത്തെണ്ണത്തിന് ആള്‍ക്കാരായീണ്ട്. ബാക്കീള്ളേന് ചെലവ്  കണ്ടെത്ത്യാ മതി ."

കേട്ടപ്പോള്‍ ഒരു തൈ സഹായിച്ച് യജ്ഞത്തില്‍ പങ്കാളിയാവാന്‍ ജോണിക്കും പൂതിയായി.

"ഒന്നിനെന്തു ചെലവ് വരും മേന്‍ന്നേ?."

"തയ്യിനും പനിക്കൂ ലിക്ക്വായി അമ്പത് രൂപ്യാ വാങ്ങണ്."

"ഒരെണ്ണം ജോണ്യായാ എങ്ങന്യാ വെഷമാവോ?"

"അയ്‌ എന്ത് വെഷമാ  ജോണ്യേ?. അസ്സലായി!.  തേവര്‍ക്കെല്ലാരും  സമല്ലേ?."

"ന്നാ  ജോണീടെ വകേം  കെടക്കട്ടെ മ്മടെ തേവരക്കൊരു തെങ്ങ്."

പിന്നെ താമസമുണ്ടായില്ല  പോക്കറ്റില്‍നിന്നും അമ്പത് രൂപ എടുത്തു കൊടുത്ത് മേനോനില്‍നിന്നും  ജോണി  രശീതിയും തേവരുടെ അ നുഗ്രഹത്തിനുള്ള ശുപാര്‍ശയും  കൈപ്പറ്റി. 

ക്ഷേത്രത്തിനും ചുറ്റും വരിവരിയായി തെങ്ങിന്‍ തൈകള്‍ തലയുയര്‍ത്തി. തെക്കേ നടക്കു നേരെ മതിലരികത്തായി  മറ്റുള്ളവക്കൊപ്പം  തന്‍റെ തെങ്ങും മുറ്റി വളര്‍ന്നു വരുന്നത്‌  ഇടക്കിടെ പടിഞ്ഞാറേ  മതിലിനു വെളിയില്‍ നിന്ന് നിര്‍ന്നിമേഷനായി നോക്കിനില്‍ക്കാറുണ്ട് ജോണി.  ചെറുപ്പക്കാരും പുരോഗമന ചിന്താഗതിക്കാരുമായ ചില കമ്മിറ്റിക്കാര്‍  ക്ഷണിച്ചിരുന്നുവെങ്കിലും  ക്ഷേത്രവിശ്വാസങ്ങളെ കണക്കിലെടുത്ത്  ജോണി മതില്‍ക്കകത്തു കടന്നിരുന്നില്ല.

"അയ്യയ്യോ! ഒന്നും വേണ്ട കുട്ട്യേ, തേവരടെ വേല്യാവട്ടെ."

അതെ,   തന്‍റെ തയ്യിനെ ഒന്ന് തൊട്ടു തലോടി താലോലിക്കുവാനും  നിര്‍വൃതി കൊള്ളുവാനുമുളള മോഹത്തെ മതില്‍ക്കകത്തേക്ക് ആര്‍ക്കും പ്രവേശിക്കാമായിരുന്ന  ധനുമാസത്തിലെ  തേവരുടെ വേല നാളിലേക്ക്  അടക്കി  നിര്‍ത്തി ജോണി. പൂരത്തിന് രാവിലെ കിഴക്കേ നടയില്‍ ശിവേലിപ്പഞ്ചാരി  തീറു കലാശിച്ചാല്‍      അമ്പലക്കുളത്തില്‍നിന്നും മുക്കിയെടുത്ത ഒരു കുടം വെള്ളവുമായി തെങ്ങിനടുത്തെക്ക് നടക്കുന്ന  ജോണിയെ കണ്ടു കോരിത്തരിച്ചു നില്‍ക്കാറുണ്ട് തട്ടകം. 

കാലം നീങ്ങി. തെങ്ങുകളൊക്കെ ഒന്നിനൊക്കണം വളര്‍ന്നു ഫലം നല്‍കിത്തുടങ്ങി. ആദ്യം കായ്ച്ചതില്‍നിന്നും ഒരെണ്ണം ഇരുകയ്യും നീട്ടി വാങ്ങാനും  കുരിശു വരയ്ക്കുവാനും  വിളവെടുപ്പ്‌ ദിവസം ജോണിയും നേരത്തെ സന്നിഹിതനായിരുന്നു. തുടര്‍ന്നുള്ള വിളവെടുപ്പുകള്‍ക്കൊക്കെ  ജോണി തന്‍റെ സ്നേഹസാന്നിദ്ധ്യം നല്‍കിപ്പോന്നു.  

അങ്ങിനെയിരിക്കെയാണ്‌ രംഗചര്യകള്‍ പൂര്‍ത്തിയാക്കും മുമ്പേ മരണം ഹൃദ്രോഗവേഷം കെട്ടി അരങ്ങില്‍നിന്നും ജോണിയെ നിര്‍ദ്ദയം  വലിച്ചിറക്കിക്കൊണ്ടു പോയത്.   അധികമാരാലും  ശ്രദ്ധിക്കപ്പെടാതെ പോയ ആ   മരണം പക്ഷെ  ശ്രദ്ധിക്കപ്പെട്ടതും   പുതിയ മാനം കൈവരിച്ചതും ഒരാഴ്ച കഴിഞ്ഞാണ്!.

വേലയോടനുബന്ധിച്ചു   നടക്കാറുള്ള   നിത്യശിവേലി കാണാൻ    ഒരു മണ്ഡലകാല  സായാഹ്നത്തില്‍ ക്ഷേത്ര നടയിലെത്തിയതായിരുന്നു ഞാന്‍. കമ്മിറ്റിയിലെ ചെറുപ്പക്കാരായ ഉത്സാഹികള്‍ ചുറ്റുവിളക്കുകളില്‍ തിരിയിടുന്നതും എണ്ണയൊഴിക്കുന്നതും നോക്കി നില്‍ക്കുമ്പോഴാണ് പെട്ടെന്നത്‌ കണ്ണില്‍ പെട്ടത്. തെക്കേ നടയില്‍ മതിലിനോട് ചേര്‍ന്ന് നില്‍ക്കുന്ന തെങ്ങുകളിലൊന്നിന്‍റെ തല ഉണങ്ങി നില്‍ക്കുന്നു. നല്ല ആരോഗ്യമുള്ള തെങ്ങായിരുന്നു. പെട്ടെന്നിങ്ങനെ ഉണങ്ങിയതെങ്ങിനെ?.

" കുട്ടാ, ആ തെങ്ങെന്തേ ഇങ്ങനൊണങ്ങീത്?."

"അതിടിവെട്ടീട്ട്!."

"അതെപ്പോ?"

"കഴിഞ്ഞ ത്ലാമാസത്തില്. മ്മടെ ജോണി മരിച്ചില്ല്യേ, അന്ന് രാത്രി!."

" ഓഹോ."

"ഒരു കാര്യം  കേക്കണോ ചേട്ടന്; ആ തെങ്ങ് ജോണീട്യാര്‍ന്നു!."















വിഷുഫലം

/////// വിഷുഫലം ///////

പടക്കപ്പേടി പാരമ്പര്യ സിദ്ധമാണെന്നു തോന്നുന്നു. വിഷുവടുത്താൽ ബാഹ്യലോകവുമായുള്ള സമ്പർക്കമുപേക്ഷിച്ച്‌ വീട്ടിലൊരു മൂലയിൽ ചെവി പൊത്തി അതീന്ദ്രിയത്തിൽ മുഴുകിയിരുന്ന ഒരു ചേച്ചിയെക്കുറിച്ച് ഇതിനു മുമ്പ് എഴുതിയിട്ടുണ്ട്. സ്ഫോടനാത്മകമായ അന്തരീക്ഷത്തില്‍ കൈകൊള്ളേണ്ടുന്ന സമാശ്വാസനടപടിയെന്ന നിലക്ക് അനുജന്മാർക്കുള്ള പടക്കസാമഗ്രികൾക്കൊപ്പം അച്ഛൻ കരുതുമായിരുന്ന തനിക്കുള്ള രണ്ടു ജിലേബിയുടെ സവിശേഷാവകാശം സഹോദരചിന്താലേശമന്യേ രുചിച്ചനുഭവിച്ചിരുന്ന ഒരു ചേച്ചിയുടെ കഥ. പേടിയുടെ ജനിതകം സഹോദരപുത്രിയിലേക്ക് പകർന്നുകൊണ്ടാണ് ആ ചേച്ചി കണ്ണടച്ചത്. തലമുറയുടെ സുകൃതമെന്നേ പറയേണ്ടൂ അന്നുമുതൽ വിഷുവിനു പടക്കം ഇനത്തില്‍ ഈയുള്ളവന് കാര്യമായ പണച്ചിലവുണ്ടായിട്ടില്ല. കമ്പിത്തിരി, മത്താപ്പ്, തലച്ചക്രം, പൂത്തിരി, പാമ്പുഗുളിക ഇത്യാദി സൌമ്യപ്രകൃതികളെ മാത്രമേ പടക്കവൈരിയായ മകള്‍ വിഷുപ്പടി ഇങ്ങോട്ടു കടത്താന്‍ സമ്മതിക്കാറുള്ളു . എന്നാൽപ്പോലും ഏപ്രില്‍ പതിമൂന്നിന് ഉച്ചതിരിഞ്ഞു ചെവിയില്‍ തിരുകുന്ന ചെറുവിരലുകള്‍ പുറത്തു വരണമെങ്കില്‍ ഏപ്രില്‍ പതിനാറെങ്കിലും കഴിയണം.
പണ്ടൊരു തൃശ്ശൂര്‍ പൂരപ്പിറ്റേന്ന് തിരുവമ്പാടിയും പാറമേക്കാവും മുഖാമുഖം പാണ്ടി കൊട്ടുന്നതിനിടയില്‍ ശ്രീമൂലസ്ഥാനത്ത് മോളെയും കൊണ്ടുചെന്നു നിന്ന മേളക്കമ്പക്കാരന്‍ അച്ഛന്‍ മടങ്ങിയത് മോഹാലസ്യത്തിൽ വീണുപോയവളെ തോളത്തിട്ടുകൊണ്ടാണ്. പെരുവനത്തെയും കിഴക്കൂട്ടിനെയും മൂച്ചു കേറ്റി ഇരുദേവസ്വങ്ങളും മത്സരിച്ച് ചൂട്ടു കുത്തുന്ന വെടിത്തറകൾക്കിടയിലായിരുന്നു പാണ്ടിയുടെ ഇടക്കലാശങ്ങളിലെ താളസ്ഥാനങ്ങളിൽ പൊട്ടുന്ന കതിനയുടെ സൌന്ദര്യം നുകരാനായി അച്ഛൻ നിലപാടുതറ കെട്ടിയിരുന്നത് !.
കഴിഞ്ഞില്ല; തൊണ്ണൂറുകളിലെ ഒരു ശബരിമല യാത്രക്കിടയില്‍ ശബരിപീഠത്തിലെത്തിയപ്പോള്‍ എന്നെപ്പോലെതന്നെ രണ്ട് ഇരുമുടിക്കെട്ടുകൾ താങ്ങി മലചവിട്ടി തളർന്ന ഒരാള്‍ അടുത്തു വന്നു കിതപ്പണച്ചുകൊണ്ടു ചോദിച്ചു.

"മകളാണല്ലേ?"

"അതെ?."

"എപ്പം തിരുകി?"

"എന്ത്, മനസ്സിലായില്ലിലോ ?"

"അല്ല; മകള് ചെവിയില്‍ എപ്പം വിരല്‍ തിരുകിയെന്ന് ?"

"ഓ അത് ശരി!. പമ്പ.....പമ്പ."

"സമാധാനമുണ്ട് കേട്ടോ. പുള്ളിക്കാരി ചാലക്കയത്തു വെച്ചേ ഫിറ്റാക്കി!."

"ആര്?."

" ദാ കണ്ടാട്ടെ !"

ചെറുവിരൽ രണ്ടും കട വരെ ചെവിക്കുഴിയിൽ തുളച്ചു കയറ്റി തന്നോടൊട്ടിനിന്ന ഒരാളെ കാണാമറയത്തുനിന്നും അയാൾ മുന്നിലേക്ക് പിടിച്ചു നിർത്തി. വിരണ്ട മാൻ പേടയുടെ കണ്ണുകളുമായി ഒരെട്ടുവയസ്സുകാരി!.

തത്സമയം ഇപ്പുറത്ത് ഒമ്പത് വയസ്സുകാരിക്ക് സമാശ്വാസം. തുല്യദുഃഖിതരുടെ ഐക്യദാർഢ്യം സന്നിധാനം വരെ അഭംഗുരം നീണ്ടു. ആ കരുത്ത് ശബരിമലയിൽ കാൽപ്പാന്തകാലം സ്ത്രീപ്രവേശനം അനുവദിക്കരുതെന്ന ഉറച്ച അഭിപ്രായരൂപീകരണത്തിലെത്തിനിൽക്കുന്നു ഇപ്പോൾ.

നക്ഷത്രം പൊട്ടി വീഴുന്നത് കണ്ടാൽ ദോഷമാണെന്നൊരു വിശ്വാസം പണ്ട് നാട്ടിലുണ്ടായിരുന്നു. തൽക്ഷണം നാല് കഷണ്ടിത്തലകൾ ഓർത്തെടുക്കുന്നത് നോക്കുദോഷത്തിനു പരിഹാരമായും വിധിയുണ്ടായിരുന്നു. പെട്ടെന്ന് നാല് കഷണ്ടിത്തലകൾ ഓർത്തെടുക്കുക എന്നത് ശ്രമകരമായിരുന്ന സാഹചര്യങ്ങളിൽ ദോഷദൃക്കുകൾക്കു പണിയെളുപ്പം നൽകിയിരുന്നത് നാട്ടിലെ ഒരു കുടുംബമായിരുന്നുവെന്ന് അകാലത്തിൽ മരിച്ചു പോയ എൻ്റെ ചങ്ങാതി ഉണ്ണി എപ്പോഴും പറയാറുണ്ട് . കൊട്ടാപ്പുറത്ത് നാരായണൻ നായരേയും മൂന്ന് ആൺ മക്കളെയും മനസാ സ്മരാമി എന്നു നിമിഷാർദ്ധം കൊണ്ട് പൂർത്തീകരിക്കാമായിരുന്ന അഷ്ടപദമന്ത്രം മതിയായിരുന്നുവത്രെ അന്നൊക്കെ നക്ഷത്രപതനദർശനദോഷം അകറ്റാൻ. നാരായണൻ നായർ എന്നു പറഞ്ഞാൽ ഈയുള്ളവൻ്റെ അച്ഛൻ എന്നാരെങ്കിലും ഇത്തരുണത്തിൽ വായിച്ചെടുത്താൽ അയാളെ കുറ്റം പറയാനാവില്ല!.

എന്നതുപോലെ കേരളത്തിലെ മഹാക്ഷേത്രങ്ങളിൽ വെടിവഴിപാടുള്ളവ ഏതൊക്കെയെന്നു ബാലേന്ദ്രൻ്റെ മകളോട് ചോദിച്ചാല്‍ അറിയാമെന്നു നാട്ടില്‍ വിശ്വാസികൾക്കിടയിൽ ഒരു പാട്ടുണ്ട്. ശ്രമകരമായ ഗവേഷണംകൊണ്ടു തേടിപ്പിടിച്ച ക്ഷേത്രനാമങ്ങൾ അതീവരഹസ്യമായി പകർത്തിയ ഒരു താളിയോല മകളുടെ കൈവശമുണ്ടെന്ന കാര്യം എനിക്കുമറിയാം. ഓലയിൽ ഒന്നാമൻ കതിനാവെടിയുടെ തമ്പുരാനായ സാക്ഷാൽ തൃപ്രയാര്‍ രാമചന്ദ്രൻ തന്നെ. രണ്ടാമൻ ശബരിമലയിലെ ഗിരീശൻ. അങ്ങിനെ മകളുടെ കൂപ്പിയ കൈകൾ ദർശിക്കാൻ ഭാഗ്യം സിദ്ധിച്ചിട്ടില്ലാത്ത ശ്രീരാമ, അയ്യപ്പ, ഭഗവതീ ക്ഷേത്രങ്ങൾ നിരവധിയുണ്ട് ഭൂമി മലയാളത്തിൽ.

മകൾ വിവാഹിതയായി ആദ്യത്തെ വിഷുവാണ്. ആയതിന് 'കുടീന്ന് ജോലി' (Work from home ) സൗകര്യമെടുത്ത് കെട്ടിയോനുമൊത്തു നാട്ടില്‍ വരുന്നുണ്ട്. എന്നാണ് ഇവിടേക്ക് ; വിഷുവിനോ തലേന്നോ എന്ന ഞങ്ങളുടെ സംശയം ദൂരീകരിച്ചുകൊണ്ട് ഇന്നലെ മകളുടെ വിളി. നല്ല ഉറച്ച, ആത്മവിശ്വാസത്തിൻ്റെ സ്വരം.

" വിഷുത്തലേന്ന് ഞങ്ങള് ഒളരീലാണ് ട്ടാ അച്ഛാ. അവടക്ക് വിഷൂന്."

"അത്യോ. ശരി ശരി."

സന്ദേഹമെല്ലാം പമ്പ കടന്നിരിക്കുന്നു. അച്ഛനെങ്ങാനും വാങ്ങി വെച്ചിട്ടുള്ള പടക്കം പൊട്ടിയേക്കാവുന്ന ജന്മഗൃഹത്തേക്കാള്‍ മുത്തശ്ശി മരിച്ചു വാലായ്മയുള്ള ഭര്‍തൃഗൃഹം തന്നെ വിഷുത്തലേന്നിന് ഉത്തമം എന്ന് മകൾ പ്രശ്നവശാൽ കണ്ടെത്തിയിരിക്കുന്നു.

" ഇവൾടെ പടക്കപ്പേടി മാറ്റിയിട്ടു തന്നെ കാര്യം!."

മേടമാസമടുത്തതോടെ തകർക്കാൻ പറ്റാത്ത വിശ്വാസം മരുമകൻ്റെ മനസ്സിൽ സെറ്റായിട്ടുണ്ട്. പൂരക്കമ്പക്കാരൻ കമ്പപ്പേടിക്കാരിയെയും കൂട്ടി ആദ്യത്തെ തൃശ്ശൂപ്പൂരം കൂടാൻ നിശ്ചയിച്ചിരിക്കുന്നു.

പൂരങ്ങളുടെ പൂരം കാണിക്കുന്നത് ഗാർഹിക പീഡനനിയമത്തിൻ്റെ പരിധിയിൽ വരുമോ എന്ന അന്വേഷണത്തിലാണിപ്പോൾ കുട്ടീടച്ഛൻ. വേറൊന്നുകൊണ്ടുമല്ല; പരിധിയിൽ വരുമെങ്കിൽ അതിനു പൂർവ്വകാലപ്രാബല്യമുണ്ടാകുമോ എന്നൊന്നറിയാനാണ്. കാലമൊക്കെ മാറിയില്ലേ കരുതിയിരിക്കണമല്ലോ!.

LikeShow More Reactions
Comment