2013, ഒക്‌ടോബർ 29, ചൊവ്വാഴ്ച

ക്ഷണപ്രഭാചഞ്ചലം



ക്ഷണപ്രഭാചഞ്ചലം 


ഒരു വിഷുവിന്‍റെ കഥയാണ്. 

കഥനത്തിനു മുൻപായി രണ്ടു വാക്ക്.
ഈ കഥ ഒരു തരത്തിലും മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നില്ല . വേഷങ്ങളും മുഹൂർത്തങ്ങളും ആസകലം ഭാവനാത്മകമാണ്. മറിച്ചു തോന്നുന്നുവെങ്കിൽ അതു ഞാനങ്ങു സഹിച്ചു!.
ഇനി കഥാകാലക്ഷേപം.
അച്ഛൻ ലേശം കള്ളുകുടിച്ചു മിനുങ്ങി വന്നിരുന്നെങ്കിൽ എന്ന് മോഹിച്ചിരുന്ന ഒരു ബാല്യക്കാരൻ്റെ കഥയാണ്.
അഞ്ചു പേരുള്ള കുടുംബം. ഗൃഹനാഥന് പട്ടണത്തിൽ ജോലി. ഭാര്യ , ആറു മക്കൾ. മക്കളിൽ മുതിർന്നവർ മൂന്നു പേര്‍ പറക്കമുറ്റി പുറത്ത്. ചിറകുവിരിയാത്തവർ ഞങ്ങൾ മൂന്നു പേര്‍ അകത്ത്. ഗാർഹിക കളിവേഷങ്ങളിൽ ഏറിയ കൂറും രൗദ്രം ആയിരുന്നു ഗൃഹനാഥന്‍റെ 

മുഖത്തെഴുത്ത്. ശാന്തവും കരുണവും നന്നേ കഷ്ടി. ആരോഗ്യപരമായ പരിഗണനകളാലാവാം സാമൂഹിക വ്യവഹാരങ്ങളിൽ ശാന്തമാണ് സ്ഥായി. വീടിനകത്ത് കരുണശാന്താദികളിൽ ഏതെങ്കിലും ഒന്ന് മുഖത്തു വിരിയണമെങ്കിൽ 'ലേശം' അകത്തു ചെല്ലണമായിരുന്നു. അവർണനും പരാക്രമിയുമായ വീരഭദ്രനെ തൊട്ടുകൂട. കിക്ക് കുറഞ്ഞവൻ ക്ഷീരവർണൻ തന്നെയായിരുന്നു അച്ഛന്‍റെ ഫേവറിറ്റ്. അതുതന്നെ കുപ്പിയിലെ ജലനിരപ്പ്‌ പകുതിയായാൽ ഷട്ടറിടും.
പച്ച വേഷം ഏതു നിമിഷവും കത്തിയായി പകർന്നാടിയേക്കാമെന്ന് അറിയാമായിരുന്നെങ്കിലും അരക്കുപ്പി തെങ്ങിൻകള്ള് പൂശി ലാസ്യമാടുന്ന അച്ഛനുവേണ്ടി മക്കളെന്നും മുട്ടിപ്പായി പ്രാർഥിച്ചുപോന്നു. അന്യത്ര ചിന്തിക്കാൻ താനാര് എന്ന മട്ടിൽ അപ്പോഴൊക്കെ പാവം മാവിലായിക്കാരിയായി അകലം പാലിച്ചു നിന്നു അമ്മ. വിഷയത്തെ മുൻനിർത്തി പിറന്നാളുകൾ, ഓണം തിരുവാതിര, നാട്ടിലെ പൂരം ഇത്യാദി വിശേഷങ്ങൾക്ക് ഒരാഴ്ച മുൻപുതന്നെ വിളക്കു തെളിയുന്ന പ്രാർഥനാശിബിരങ്ങളിൽ അഹമഹമികയാ മൂവരും പങ്കെടുത്തിരുന്നുവെങ്കിലും വിഷുവടുക്കുമ്പോൾ സ്ഫോടനാത്മകമായ ഒരു വിഷയത്തെച്ചൊല്ലി സോളിഡാരിറ്റിയിൽ വിള്ളലുകൾ പ്രത്യക്ഷപ്പെടാറുണ്ട്. മത്താപ്പ്, മേശപ്പൂവ് , തലച്ചക്രം , ലാത്തിരി, പൂത്തിരി കമ്പിപ്പൂത്തിരി എന്നിവയുമായി ലോഗ്യത്തിലായിരുന്നെങ്കിലും പടക്കം എന്ന ഭീകരതയുമായി ചേച്ചിക്കു തീരെ പൊരുത്തപ്പെടാനാകുമായിരുന്നില്ല. . പടക്കവൈരിയായ സഹോദരിയുടെ ഫെമിനിസ്റ്റ് സംഘടനാ തത്വങ്ങളോടു യോജിക്കുവാനോ പടക്കരഹിത വിഷുവിനെപ്പറ്റി ചിന്തിക്കുവാനോ ഇളമുറക്കാർ ഞങ്ങൾക്കും വയ്യ. സ്വാഭാവികമായും " ഈശ്വരാ , ഇന്ന് അച്ഛൻ ഇത്തിരി കള്ളൂടിക്കണേ, കൊറേ പടക്കം മേടിച്ചു കൊണ്ടരണേ.!" എന്ന സഹോദരന്മാരുടെ ഉള്ളുരുകിയ പ്രാർഥനകളിൽനിന്ന് പ്രതിഷേധ സൂചകമായി ഇരുചെവികളിലും ചൂണ്ടുവിരൽ കുത്തിയിറക്കി വിട്ടുനിന്നു മൂവരിൽ മൂത്തവളായ സഹോദരി.
പ്രാർഥനകൾ മിക്കവാറും ഫലിക്കുക തന്നെ ചെയ്യാറുണ്ട്. അയല്പക്കത്തെല്ലാം പടക്കവും കമ്പിത്തിരിയും കത്തി കരിപ്പേറെ ചെന്നിട്ടും തങ്ങളുടെ കുടിയിൽ ഒരു തരി വെടിമരുന്നു പുകയുന്നില്ലല്ലോ എന്നു വിഷണ്ണിച്ച് താടിക്കു കയ്യും വെച്ച് രാമലക്ഷ്മണന്മാർ ഇറയത്തെ തിണ്ണയിൽ കുന്തിച്ചിരിക്കുമ്പോഴായിരിക്കും അച്ഛൻ പടി കയറി വരുന്നത്. രാവിലെ തോളത്തിട്ടുപോയ രണ്ടാംമുണ്ട് ഭാണ്ഡമായി പരിണമിച്ചു കണ്ടാൽ സഹോദരങ്ങൾ ഞങ്ങൾ ആർപ്പു വിളിക്കുകയും സമാന്തരമായി ചേച്ചി അടുക്കളയിലേക്കൊടി മാതൃസമക്ഷം പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്യുമായിരുന്നു.
"അപ്പ്വോ , കുട്ടാ " തുടങ്ങിയ ചക്കരവിളികളോടെ അച്ഛൻ മുന്നിൽ ഇട്ടു തരുന്ന പടക്കക്കിഴി കെട്ടഴിയുന്നതും മേശപ്പൂ വിരിയുന്നതും തലച്ചക്രം തിരിയുന്നതും പിന്നെ നൊടിയിടക്കുള്ളിലായിരിക്കും.
"സൂക്ഷിച്ചു കത്തിക്ക്വാ. കയ്യും കാലും പൊള്ളിക്കണ്ട കുട്ട്യോള്! "
എന്നും പറഞ്ഞ് അടുക്കളയിലേക്ക് പ്രവേശിക്കുന്ന അച്ഛന്‍റെ കയ്യിലെ എണ്ണ പുരണ്ട കടലാസുപൊതിയിൽ അമ്മയെ ഒട്ടിനിന്നു ചിണുങ്ങുന്ന ചേച്ചിക്കുള്ള രണ്ടു സമാശ്വാസ ജിലേബികളാണെന്ന കൊതിപ്പിക്കുന്ന യാഥാർത്ഥ്യത്തെ വെടിക്കെട്ടിന്‍റെ തത്സമയലഹരിയിൽ ഞങ്ങൾ ചേട്ടനും അനിയനും പാതി മനസ്സോടെ അവഗണിക്കാറാണ് പതിവ്.
നിയമാനുസൃത കരിമരുന്നുപ്രയോഗം ഒരു റൌണ്ട് പൂർത്തിയാക്കി അത്താഴപ്പുറമെയുള്ള രണ്ടാമൂഴത്തിലേക്ക് സംക്രമിക്കുമ്പോഴാണ്‌ അച്ഛന്‍റെ പകർന്നാട്ടം തുടങ്ങുക. ചിമ്മിനിവിളക്കിന്‍റെ നാളത്തിൽ കൊളുത്തി വെപ്രാളത്തിൽ വലിച്ചെറിഞ്ഞ ആനപ്പടക്കം മുതുകത്തു വീണു പൊട്ടിയതാണെന്നാണ് ആദ്യം തോന്നുക. പിന്നീട് സ്വബോധം തിരിച്ചു കിട്ടുമ്പോൾ കാണാം.....
വിചിത്രവീര്യം പടിയിറങ്ങി ലാസ്യം മാറ്റി താണ്ഡവമണിഞ്ഞ് തൊട്ടുപിന്നിൽ അച്ഛന്‍റെ ദീർഘകായം!.
"പോയി കെടന്നൊറങ്ങട!. കണ്ണും ചെവിടും കേക്കാൻ നൂർത്തീല്ല്യാണ്ട്!. ന്യൊരു ശബ്ദം ഇബടെ കേട്ടാ രണ്ടും പടിക്ക് പൊറത്ത്!."
വീണ്ടും പൊട്ടാവുന്ന അടിയുടെ സമീപസാദ്ധ്യതക്കെതിരെ ജാഗ്രത പാലിച്ച് കിടപ്പുമുറിയിലേക്ക് നടക്കുമ്പോൾ നിരാശയോടെ ഓർക്കും:
"ബാക്കി വന്ന പടക്കം കത്തിക്കാൻ ഇനിയെത്ര ദിവസം ഭജനമിരിക്കണം?."
വിയർത്തൊലിച്ചു ഗന്ധകം മണക്കുന്ന ശരീരവുമായി വടക്കേ അകത്തു വിരിച്ച കോസറിയിലേക്കു ചരിയുമ്പോഴാണ് കൂനിന്മേൽ കുരുവെന്നപോലെ സഹോദരന്മാർ നടുക്കുന്ന ആ കാഴ്ച കാണുക!.
ഓടിച്ചിട്ടു പിടിച്ച ഇരയെ കടിച്ചു പറിക്കുന്ന വ്യാഘ്രത്തെപ്പോലെ തങ്ങൾ കാണാനും കേൾക്കാനും പാകത്തിൽ കശകശാന്ന് ജിലേബി ചവച്ചു തേനൊലിക്കുന്ന ദംഷ്ട്രകളുമായി ചേച്ചിയുടെ ഭീഷണമായ രൂപം മുറിയുടെ മൂലയിലെ അരണ്ട വെളിച്ചത്തിൽ!.

2013, ഒക്‌ടോബർ 25, വെള്ളിയാഴ്‌ച

"ഇറ്റ്സോൾ റൈറ്റ് ."

"ഇറ്റ്സോൾ റൈറ്റ് ."

ഏ ടി എം  തുടങ്ങിയ കാലത്തുണ്ടായ അനുഭവമാണ്.  അന്ന് ബാങ്കിൽ ജോലി ചെയ്യുന്നു.

പനിക്കു കുറിച്ചു തന്ന മരുന്നിന്‍റെ ഒരു കോഴ്സ് കഴിഞ്ഞു   ഡോക്ട്ടറെ  കാണാൻ ക്ലിനിക്കിലേക്കു പോകുന്ന വഴി വട്ടച്ചെലവിനുള്ള  പണമെടുക്കാൻ തൊട്ടടുത്തുള്ള ഏ.ടി.എം. കാബിനിൽ  ചെന്നു.   രണ്ടു മെഷിനുള്ള കാബിനാണ് . വലിയ തിരക്കില്ല. ഉള്ളിൽ രണ്ടു പേർ . പുറത്തും രണ്ട് . പുറത്തു ക്യൂവിൽ മൂന്നാമനായി ഞാൻ.  എനിക്ക് പിന്നിൽ സുമുഖനായ ഒരു ചെറുപ്പക്കാരൻ.  കയ്യിലുള്ള ബാഗ് കണ്ടിട്ട് സെയിൽസ് എക്സിക്ക്യൂട്ടീവാണ്. ഉള്ളിലുള്ള രണ്ടു പേരിൽ ഒരാൾ പണമെടുത്ത് പുറത്തിറങ്ങി. മറ്റെയാൾ നിന്ന നിൽപ്പു തന്നെ. സ്ലോട്ടിൽ കാർഡ്‌ തള്ളിയും വലിച്ചും സ്ക്രീനിൽ തൊട്ടും തോണ്ടിയും ബട്ടണുകളിൽ  അമർത്തിയും  ഇടക്കിടെ അയൽവക്കക്കാരനേയും പുറത്തുള്ള ഞങ്ങളെയും നോക്കി പരുങ്ങുന്നത് കണ്ടപ്പോൾ  മനസ്സിലായി ആൾ കണ്‍ഫ്യൂഷ്യസ്സാണെന്ന് . ഞങ്ങളിൽ ഒന്നാമൻ കയറി പടപടാന്ന് കാര്യം നടത്തി പുറത്തിറങ്ങിയ ഗ്യാപ്പിൽ അയാൾ കൗണ്ടർ മാറ്റിപ്പിടിച്ചു ഭേദ്യം തുടങ്ങി. ഊഴമനുസരിച്ച് എനിക്കു തൊട്ടു മുന്നിൽനിന്നും കയറിയ വിദ്വാൻ   ഒഴിഞ്ഞ മെഷിനിൽ അനായാസം കാര്യം സാധിച്ച അഹങ്കാരത്തിൽ പുറത്തു കടക്കുമ്പോൾ പൊതിക്കാത്ത തേങ്ങയുമായി മല്ലിടുന്ന ഏട്ടീയെം നിരക്ഷരനെ പുച്ഛത്തോടെ നോക്കി.  ഞാൻ കരുതി; പാവം സഹായിച്ചു കളയാം.

അകത്തു കയറി സ്ലോട്ടിൽ കാർഡ് ഇടുമ്പോൾ ഞാൻ അയാളെ ഒന്നു നോക്കി . ഒരു പത്തു നാൽപ്പതു വയസ്സു കാണും. പാൻസും  സ്ലാക്ക് ഷർട്ടും ഗോൾഡൻ  ഫ്രെയിം കണ്ണടയും ധരിച്ച പരമയോഗ്യൻ. മെഷിൻ  ആദ്യമായി ഉപയോഗിക്കുകയായിരിക്കും.. വിഷമങ്ങൾ സ്വാഭാവികം. ഞാൻ അയാളെ നോക്കി പുഞ്ചിരിച്ചു . പക്ഷെ പുള്ളിക്കാരൻ  മുഖത്തു ഗൗരവം എഴുതി നിൽപ്പാണ്  . ഞാൻ  ചോദിച്ചു :

"എന്താ സർ  സഹായിക്കണോ?."

അയാൾ എന്നെ ആപാദചൂഡം ഒന്ന് നിരീക്ഷിച്ചു. അപ്പോഴാണ്‌ എന്‍റെ ബാഹ്യരൂപത്തെക്കുറിച്ചു ഞാനും ഓർത്തത്. അക്ക്യുപംക്ചർ വള്ളിച്ചെരിപ്പ് .അസുഖത്തിന്‍റെ അലസതയിൽ ഇസ്തിരിയിടാതെ എടുത്തു ചുറ്റിയ ചുക്കിച്ചുളിഞ്ഞ കൈത്തറി മുണ്ടും  ഷർട്ടും.  ഏഴുദിവസം പ്രായമുള്ള  നരച്ച താടിക്ക് മുകളിൽ കുഴിയിലാണ്ട കണ്ണുകൾ . ടോട്ടലി അണ്‍ ഇമ്പ്രസ്സീവ്  !.

"വേണ്ട . ഞാൻ നോക്കട്ടെ."

തിടുക്കത്തിൽ അത്രയും പറഞ്ഞുകൊണ്ട് അയാൾ മെഷിനിലേക്കു തിരിഞ്ഞു യജ്ഞം പുനരാരംഭിച്ചു . കുത്തിയും തേമ്പിയുമുള്ള എന്‍റെ പണി പുരോഗമിക്കുന്നതിനിടക്ക്  അയാളുടെ സ്ക്രീനിലേയ്ക്ക്    നോക്കി ഞാൻ ഒരനാശാസ്യം  നടത്തി . ആശാൻ ട്രാൻസ്ഫർ ബട്ടണ്‍ അമർത്തിയാണ് കളി. 

"സുഹൃത്തേ, നിങ്ങള്‍ക്ക് കാഷല്ലേ അവശ്യം. അപ്പോൾ ട്രാൻസ്ഫറല്ല ബാങ്കിങ്ങാണ് അമർത്തേണ്ടത്. "

ഞാൻ പറഞ്ഞു.

വെട്ടാൻ  നില്ക്കുന്ന പോത്തിനെപ്പോലെ എന്നെ ഒന്നു നോക്കിക്കൊണ്ട്‌ അയാൾ പറഞ്ഞു :

"ഇറ്റ്സോൾറൈറ്റ് മിസ്റ്റർ !. എനിക്കറിയാം."

പണവും അഡ്വൈസ് സ്ലിപ്പും വാരിയെടുത്ത് പൊന്നുരുക്കുന്നിടത്തുനിന്നും  ജീവനും കൊണ്ടു  പുറത്തു കടക്കുമ്പോൾ  പൂച്ച പറഞ്ഞു:

"സോറി ."

എനിക്കു  പിന്നിൽ  നിന്നിരുന്ന മെഡിക്കൽ റെപ് യുവാവ് അകത്തു കയറുന്ന വേളയിൽ  പുഞ്ചിരിച്ചുകൊണ്ട് എന്നോടു പതിഞ്ഞ സ്വരത്തില്‍ ചോദിച്ചു :

"കൊറേ  നെരായീലോ ഗുസ്തി തൊടങ്ങീട്ട് !എന്താ അങ്ങേർക്കു പ്രോബ്ലം സർ ?  "

"ഇറ്റ്സോൾ റൈറ്റ് ." ഞാനും  പ്രതിവചിച്ചു .

പുറത്തു കടന്നു സ്ലിപ് പരിശോധിച്ചുകൊണ്ടിരിക്കുമ്പോൾ ഞാൻ ഒരൗത്സുക്യത്തിന്‍റെ  പുറത്ത് കാബിനിലേക്കൊന്നു തിരിഞ്ഞുനോക്കി. അവിടെ തിരുതകൃതിയായി ക്ലാസ് നടക്കുന്നു!. വളരെ ഉത്സാഹത്തോടെ ചെറുപ്പക്കാരൻ വിരൽ  ചൂണ്ടി നല്‍കുന്ന നിദേശങ്ങൾ സ്കൂൾ കുട്ടിയെപ്പോലെ അനുസരിക്കുന്ന കണ്‍ഫ്യൂഷ്യസ്സ് !

പണം എടുത്തു ഉന്മേഷവാനായി   പുറത്തിറങ്ങുമ്പോൾ രണ്ടു പേരും സംഭാഷിച്ചിരുന്നത്  ഞാൻ ശ്രദ്ധിച്ചു.

" സാറ് ട്രാൻസ്ഫർ  ഓപ്ഷൻ ആണ്  ട്രൈ ചെയ്തോണ്ടിരുന്നത് . ദാറ്റ്‌ വാസ് ദി പ്രോബ്ലം. ലിങ്ക്ഡ്‌  അക്കൌണ്ടുകളിലേക്ക് പണം മാറ്റാനുള്ള ഒപ്ഷനാണത്. റ്റു ഗെറ്റ്  കാഷ് യു ഹാഡ്  റ്റു  ഗോ ബാങ്കിംഗ്!"

" യെസ്  യെസ്  ഇപ്പൊ മനസ്സിലായി. ഞാൻ ആദ്യായിട്ടാണ്‌ ഓപറേറ്റ് ചെയ്യുന്നതേയ്  . അതിന്‍റെ ഒരു ടെന്‍ഷന്‍   ഉണ്ടായിരിന്നു  . ആക്ച്വലി ചെയ്യണ്ട വിധമൊക്കെ  ബാങ്കുകാര് ഇന്‍സ്ട്രക്റ്റ് ചെയ്തിരുന്നു; അറ്റ്‌ ദി ടൈം  ഓഫ് ഡെലിവറിങ്ങ് ദി കാർഡ് .  ഞാൻ പക്ഷെ ഒക്കെ മറന്നു . എനിവേ താങ്ക്സ്  ഫോർ യുവർ ഗുഡ് ഗൈഡന്‍സ് !."

"ഇറ്റ്സോൾ റൈറ്റ് ." എന്നും  പറഞ്ഞു അയാൾക്ക്‌ കൈ കൊടുത്ത് ചെറുപ്പക്കാരൻ  യമഹ മൂളിച്ചു  പറന്നു പോയി. ഞാൻ പ്രതീക്ഷിച്ച പോലെ തന്നെ  പോലെ  എന്നെ തിരിഞ്ഞു നോക്കിയ കണ്‍ഫ്യൂഷ്യസ്സിന്‍റെ കഴുത്തിനു മുകളിൽ അപ്പോഴും ഞാൻ അതു കണ്ടു;

ആ  വെട്ടുപോത്തിന്‍റെ തല!.

ഞാനെന്തു തെറ്റാണ് ചെയ്തത് ദൈവമേ!.

                                                                  0-0-0-0-0 















2013, ഒക്‌ടോബർ 23, ബുധനാഴ്‌ച

കുറിപ്പടി

കുറിപ്പടി 

പത്തിന്‍റെ ഒരു സ്ട്രിപ്പ്‌ ക്രോസിൻ കഴിച്ചിട്ടും അഴയാത്ത പനിക്കുപ്പായമിട്ട് തൊട്ടടുത്തുള്ള ക്ലിനിക്കില്‍ പോയതാണ്. കുഴല്‍ നെഞ്ചത്ത് അമര്‍ത്തി ശ്വാസം നീട്ടി വലിപ്പിച്ചും കഠിനമായി ചുമപ്പിച്ചും ദണ്ഡിപ്പിച്ചുകൊണ്ട് കഴിഞ്ഞ രണ്ടു ദിവസത്തെ എന്റെ ചെയ്തികളെല്ലാം ഡോക്ട്ടര്‍ ചോര്‍ത്തിയെടുത്തു.  ഒരാഴ്ച മുന്‍പ് മകളുടെ കോളേജിലെ പീ.ടീ.എ. മീറ്റിംഗിൽ വെച്ച് കാമ്പസിലെ അശാന്തിയെപ്രതി അല്‍പ്പം വൈകാരികമായി സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ പെട്ടെന്നു തലവിങ്ങിയതും ചുറ്റിയതുമെല്ലാം ഡോക്ട്ടറോടു പറഞ്ഞു . അതൊന്നും തീരെ ശ്രദ്ധിക്കാത്ത മട്ടിൽ പരിശോധന മുഴുമിപ്പിച്ച്‌ അദ്ദേഹം സ്റ്റെതസ്കോപ്പെടുത്തു മേശപ്പുറത്തു വെച്ചു . രക്തസമ്മർദ്ദം പരിശോധിച്ചശേഷം  മരുന്നിനു കുറിപ്പെഴുതുമ്പോൾ ഡോക്ട്ടര്‍ തനി നാടന്‍ ഭാഷയില്‍ വിശദീകരിച്ചു:



"പ്രഷറ് നൂറ്റിമുപ്പത് .   കാര്യാക്കാല്ല്യ . ഈ പ്രായത്തില് അതൊക്കെ നോർമലാ . അസുഖം ജലദോഷപ്പന്യാ . കാലാവസ്ഥ അത്ര നന്നല്ലലോ . രാത്രി അസ്സല് മഴ, കാലത്ത് മഞ്ഞ്, പകലു മുഴന്‍ തീപ്പൊള്ളണ ചൂടും. പേടിക്കാനൊന്നൂല്ല്യ . മൂന്നീസത്തേക്ക് മരുന്നെഴുതീണ്ട് . കഴിച്ചിട്ട് വിവരം പറയ്വാ ."

മീറ്റിങ്ങിനിടയിലുണ്ടായ  തലചുറ്റലിനെ പറ്റി ഒന്നും പറഞ്ഞില്ലല്ലോ എന്നു വ്യസനിച്ചു ഫീസ് കൊടുത്തു പുറംവാതിലിലേക്കു തിരിയുമ്പോള്‍  ഡോക്ട്ടറുടെ പോസ്റ്റ്‌ സ്ക്രിപ്റ്റ്:

" അതേയ്‌ ഞാനൊരു കാര്യം പറേട്ടെ; വെഷമം തോന്നണ്ട. നോക്ക്വോ, ചുറ്റും കാണണ ലോകം മുഴൻ വഷളാ. കുടിക്കണ വെള്ളം, ശ്വസിക്കണ വായു, കഴിക്കണ പച്ചക്കറി, എടപഴകണ ആൾക്കാര്, കാണണ കാര്യങ്ങള് , കേക്കണ വാക്കോള്, ഒക്കെ മഹാ പൊട്ട്യാ . സംശല്ല്യ. ന്നാ മ്മളൊന്നും വിചാരിച്ചാ ദൊന്നും നന്നാക്കാൻ പറ്റൂല്ല്യ. ഉള്ളാരോഗ്യം വെടക്കാക്കാന്ന് മാത്രം. സാമൂഹ്യോം ദേശാന്തരോം കളിക്കാണ്ട് സൊന്തം കാര്യം നോക്കി നടക്ക്വാച്ചാ കൊർച്ചാലം കൂടി കേടൊന്നൂല്ല്യാണ്ട് ജീവിക്കാം . ന്നാ അങ്ങന്യാവട്ടെ. മരുന്ന് കോഴ്സ് കംപ്ളീറ്റിയ്യാൻ മറക്കണ്ട !"

പുതിയ കുറിപ്പടി മനസ്സിൽ ചുരുട്ടി വെച്ച് പുറത്തു കടക്കുമ്പോൾ ഡോക്ട്ടർ അടുത്ത ദീനനെ വിളിച്ചു :

"അടുത്താളാരാച്ചാ വര്വോ ട്ടാ! "

xxxxxxxxxxx 

2013, ഒക്‌ടോബർ 21, തിങ്കളാഴ്‌ച

തുരുമ്പ്

തുരുമ്പ് 

എ.  വി.  ശശിധരൻ സംവിധാനം ചെയ്യുന്ന 'ഒളിപ്പോര് ' സിനിമയുടെ ഷൂട്ടിംഗ് നാട്ടിൽ നടക്കുന്നു .  യുവസുഹൃത്ത് വിപിന്റെ വിവാഹപാർട്ടിയിൽ വെച്ച്  നടനും നാടകാചാര്യനുമായ ചേർത്തല ജയസുര്യ പറഞ്ഞ്  ഇന്നലെ വൈകീട്ടാണ് അറിഞ്ഞത് .  ഫഹദ്  ഫാസിലും  തലൈവാസലും കലാഭവൻ മണിയും സറീന  വഹാബുമൊക്കെയുള്ള  സംഭവം തുടങ്ങീട്ടു രണ്ട് ദിവസമായത്രെ. സുഹൃത്തിന് ചെറിയൊരു വേഷവും ഉണ്ട് . നേരിട്ട് ലൊക്കേഷനിലേക്ക് പോകാൻ  തയ്യാറായിട്ടാണ്  അദ്ദേഹം വന്നിരിക്കുന്നത് . സ്വന്തം നാട്ടിൽ വരുന്ന ഫഹദിനെ  കാണാൻ മനസ്സ് ആവേശം കൊണ്ടു . 'ചാപ്പാക്കുരിശി'ലും  'ഡയമണ്ട്  നെക്ലേസി'ലും തുടങ്ങിയ പരിചയമാണ് . വെള്ളേപ്പവും റൂമാലിയും ചിക്കനും കുറുമയും വെട്ടിവിഴുങ്ങുന്ന പെരുത്ത ആർത്തിയോട്  സുല്ല് പറഞ്ഞ് ഉടനെ ജയസൂര്യക്കൊപ്പം ലൊക്കേഷനിൽ പോയി. ലോക്കേഷൻ  പുറനാട്ടുകര   കോൾപ്പാടത്തിന്റെ കരയിലുള്ള മൂർപാറ . നാട്ടിൻപുറത്തു നടക്കുന്ന ഒരു 'നാടകംകളി'യും അലമ്പുകളുമാണ്  വിഷയം.  നാടകക്കാരും , കാണികളും കമ്മിറ്റിക്കാരും ഒക്കെയായി ൃശ്ശൂരിലെ ഒട്ടേറെ പ്രമുഖ നാടക പ്രവർത്തകർ എത്തിയിട്ടുണ്ട് . ശശിധരൻ നടുവിൽ,  സി. ആർ. രാജൻ , പ്രതാപൻ , ഗിരീഷ്‌ അങ്ങിനെ നിരവധി പേർ. കൂട്ടത്തിൽ ബാബു അന്നൂരും.

ദേഹാസകലം ഇളക്കി തന്റെ രസകരമായ സിനിമാനുഭവങ്ങൾ  പ്രതാപൻ അഭിനയിച്ചു കാണിക്കുന്നതും കണ്ടുകൊണ്ട്‌ ചിരിച്ചുലഞ്ഞങ്ങിനെ നിൽക്കുമ്പോഴാണ് സുമുഖനായ ആ ചെറുപ്പക്കാരൻ പുഞ്ചിരിച്ചുകൊണ്ട് നിക്കരികിൽ വന്നത് . നല്ല പരിചയം. പക്ഷെ എപ്പോൾ എവിടെയാണ് എന്നാണ് എന്നൊന്നും പിടി കിട്ടുന്നില്ല. ആൾ സിനിമാപ്രവത്തകനാണ് എന്നൊക്കെ ഉറപ്പിച്ച് ആജന്മപരിചയം നടിച്ചു നില്ക്കുമ്പോൾ ചെറുപ്പക്കാരൻ ചോദിച്ചു :

"ബാലേട്ടന് വേഷണ്ടോ ഇതില്?"

"അയ്യോ ഇല്ലില്ല്യ. ഷൂട്ടിംഗ് കാണാൻ വന്നതാ ." പിന്നെ ആവേശത്തിൽ  കൂട്ടിച്ചേർത്തു "എന്റെ വീട് ഇബടട്ത്താ. "

അപ്പോൾ എടുത്തടിച്ച പോലെ  ചെറുപ്പക്കാരൻ പറഞ്ഞു:

"അയ്‌ !. ഇയ്ക്കറിഞ്ഞൂടെ ബാലേട്ടാ ! ഞാൻ ഇബടെള്ളതന്ന്യല്ലേ . ബാലേട്ടന്റെ പിന്നിലാ താമസിക്കണേ .പ്രവീണും കൂട്ടുകാരും കൂടി മ്മളൊക്കെ ആൽത്തറേലിര്ന്ന് സംസാരിക്കാറില്ല്യെ?"

".......... !!"

എന്തൊക്കെയോ ഞഞ്ഞപിഞ്ഞ പറഞ്ഞു ചമ്മലൊഴിവാക്കി നിൽക്കുമ്പോൾ തിരിച്ചറിഞ്ഞു....

മനസ്സിനും വയസ്സാവുന്നു !

പുഞ്ചവയൽക്കരയിലെ  രാത്രിയുടെ മേടപ്പുഴുക്കത്തിലേക്ക്   റസൂലിന്റെ നിഷ്ക്കപടമായ പുഞ്ചിരിയുമായി ഫഹദ് ഫാസിൽ വന്നിറങ്ങിയപ്പോൾ പെട്ടെന്നുയർന്നലയടിച്ച കയ്യടികളിലും വിസിലടികളിലും പൂഴ്ത്തി മനസ്സിനെ                   ശാന്തമാക്കി....  

XXXXXXXXX 

2013, ഒക്‌ടോബർ 20, ഞായറാഴ്‌ച

രണ്ട് അഭിവാദനങ്ങൾ

രണ്ട് അഭിവാദനങ്ങൾ


2013 സെപ്തംബർ 


മരുമകളുടെ പ്രസവാനന്തരശുശ്രൂഷകൾക്കായി പരിചാരിക തന്ന കുറിപ്പടിപ്രകാരം കുറച്ചു പച്ചമഞ്ഞൾ വാങ്ങിക്കാനായി തൃശ്ശൂരങ്ങാടിയിലെ  പച്ച മരുന്നുകടയിൽ കയറിച്ചെന്നു. കന്നിച്ചൂടിൽനിന്നും താല്‍ക്കാലികമായി ലഭിച്ച മുക്തിയില്‍ മരുന്നുഷാപ്പിലെ സസ്യ ഗന്ധം മുക്തകണ്ഠം  നുകർന്നു നിൽക്കുമ്പോൾ പീടികക്കാരന്റെ പരുക്കൻ ചോദ്യം:


"എന്താ?"


"ഒരു കിലോ പച്ചമഞ്ഞള് ." 


"പച്ചമഞ്ഞളില്ല്യ ."


"ഇല്ലേ ;  വേറെ എവട്യാ കിട്ട്വാ?"


"അറീല്ല്യ."


ഞാൻ അയാളുടെ മുഖത്തേക്ക്  സൂക്ഷിച്ചു നോക്കി. ശിലാമുഖൻ! . തൊട്ടപ്പുറത്ത് നഗരസഭാ കാര്യാലയത്തിന്‍റെ മുന്നിലെ മഹാരാജാവിന്‍റെ പ്രതിമക്ക് കുറച്ചെങ്കിലും ജീവനുണ്ടാവും!


ഫ്ലാഷ് ബാക്ക് -1971 മേയ്


പോയ ഏപ്രിലിൽ  ഏഴുതിയ പൊട്ടുമെന്നു നല്ല ഉറപ്പുള്ള  പ്രീഡിഗ്രി പരീക്ഷയുടെ റിസൾട്ട്‌  വന്നാൽ സെപ്തംബർ പരീക്ഷക്കുള്ള തുടർപഠനത്തിന് സ്റ്റാർ , കമ്പൈൻഡ്, മേനോൻ ആൻഡ്‌ കൃഷ്ണൻ ട്യൂട്ടോറിയലുകളിൽ ഏതു വേണം  എന്നു തീരുമാനമാകാതെ ആശയക്കുഴപ്പവുമായി   നടക്കുന്ന കാലം. വിട്ടു മാറാത്ത തൊണ്ടവേദനക്ക് കിഴക്കേ കോട്ടയിലുള്ള ഇ എൻ ടി സ്പെഷലിസ്റ്റ് ഡോക്ട്ടർ  ഇഗ്നേഷ്യസ്സിനെ  കണ്ട് നാട്ടിലേക്കുള്ള ബസ്സ്‌  പിടിക്കാൻ അച്ഛനോടൊപ്പം മുൻസിപ്പൽ  സ്റ്റാന്‍ഡില്‍ എത്തിയ ഒരു സായാഹ്നം. എന്തോ വാങ്ങാനായി തൊട്ടുള്ള പാരമ്പര്യ  പച്ചമരുന്നു പീടികയിൽ  കയറിയ അച്ഛനെ  മലർക്കെ ചിരിച്ചുകൊണ്ട്  മുതലാളി സ്വാഗതം ചെയ്തു :


"അയ്‌ ! എന്താ നായരേ ഇയ്യ് വഴ്യൊക്കെ മറന്നാ ? കാലം തോന്യായീലോ തന്നെ കണ്ട്ട്ട് !  പെൻഷനായാ  ?"


സ്റ്റേറ്റ് ബാങ്കിൽ ജീവനക്കാരനായിരുന്ന അച്ഛൻ പറഞ്ഞു:



" ഇല്ല്യാന്‍റെ  പൈലോതാപ്ലേ . ഇനീണ്ട് ഒരു കൊല്ലം "

"ഔ, ഒരു കൊല്ലല്ലേള്ളോനി.  സമാധാനണ്ട് ".

ഇടക്ക് അച്ഛന്‍റെ പിന്നിൽ  കയ്യും കെട്ടി നിന്ന എന്നെ ആകെ   ഒന്നുഴിഞ്ഞുനോക്കികൊണ്ട്  പൈലോതാപ്ല ചോദിച്ചു:

"ദേതാ യ്യ് ക്ടാവ് ?"

"ഒടുക്കത്തോനാ. "

"ന്താ ഇയാൾക്കേർപ്പാട് ?"

"ഏർപ്പാട്ന്ന്   പറ്യാൻ  തക്കണൊന്ന്വായിട്ടില്ല്യ . പഠിക്ക്യാ  . "

"എന്തിന്  പഠിക്കുണൂ  ?"

"പ്രീ ഡിഗ്രി എഴുതീരിക്ക്യാ ." ഞാൻ പറഞ്ഞു .

" കർത്താവേ ! ഈ തോക്കൻ ചെക്കൻ പ്രീഡിഗ്ര്യാ ?" 

ഒന്നുകൂടി എന്നെ ആപാദചൂഡം ഒന്നളന്നു തൂക്കി മുതലാളി   വിസ്മയിച്ചു.

" അതെ.  ചിങ്ങത്തില് പതിനേഴു കഴിഞ്ഞേള്ളൂ! " 

അച്ഛന്‍റെ അന്തരംഗം അഭിമാനപൂരിതമായി .

"ഉം . ചെക്കന് വയസ്സില് കവിഞ്ഞ മുതർച്ചേണ്ട് ട്ടാ!. "

പ്രീഡിഗ്രിക്കാരന്‍റെ  ആകാരപരിശോധന മുഴുമിപ്പിച്ചുകൊണ്ട് മുതലാളി ചോദിച്ചു :

"അതൊക്കെ പോട്ടെ . എന്താ പ്പോ തനിക്ക് വേണ്ട് ?"

"പച്ച മഞ്ഞളില്ല്യേ ?"

"ഇണ്ടോന്നാ?  എന്തൂട്ട് ചോദ്യാണ്ട്രോദ്‌!   പച്ചമരുന്നു പീട്യേല് പിന്നെ പച്ചെറിച്ച്യാ കിട്ട്വാ ?"

"ഒരര കിലോ ."

"ഡാ , ലൂവീസേ, നെനക്കെന്താവടെ പണി ?. അതവടെ വെച്ചട്ട് യ്യ്‌  നായര്ക്ക് അരക്കിലോ പച്ചമഞ്ഞള് പിടിച്ച് കൊട്ത്തേന്‍ ! . ഡോ തനിക്ക് അസുഖൊന്നൂല്ലിലോ  "

"ഗുര്വാരപ്പൻ സഹായിച്ചിട്ട് ഇപ്പൊന്നൂല്ല്യ ."

"അല്ലാ പിന്നെ!."

അച്ഛന്‍റെ കയ്യിൽനിന്നും പണം വാങ്ങി മേശവലിപ്പിലിടുമ്പോൾ മുതലാളി ചോദിച്ചു :

" ടോ നായരേ ചോയ്ക്കട്ടെ; നാട്ടില് തനിക്കത്യാവശ്യം പറമ്പൊക്കേല്ല്യേ ? രണ്ട് കണ്ണി മഞ്ഞള് നടാൻ ന്താ വെഷമം?. "

തേക്കിലയിൽ പൊതിഞ്ഞു കെട്ടിയ മഞ്ഞൾ എന്‍റെ കയ്യിൽ ബലമായി പിടിപ്പിക്കുമ്പോള്‍ മാപ്ലാര് അർത്ഥഗർഭം ധരിച്ചു :

"ദേ കണ്ടില്ല്യേ; തെങ്ങടിച്ചാ പന വീഴണ സൈസ് ഒരണ്ണം ; കൈക്കോട്ട്ട്ത്ത് കളക്കട്രോ!." 





xxxx 













 'രണ്ട് അഭിവാദനങ്ങൾ ' 
ശീർഷകം കടപ്പാട് : കുട്ടികൃഷ്ണമാരാര് (ഭാരത പര്യടനം )