2017, നവംബർ 3, വെള്ളിയാഴ്‌ച

വട്ട്


വീണ്ടും ഒരു മോണിംഗ് വാക്ക് കഥ.

ആമ്പക്കാട് പള്ളിവരെയും തിരിച്ചുമുള്ള മൂന്ന് മൂന്നര കിലോമീറ്റര്‍ പതിവുനടത്തത്തിൻ്റെ രണ്ടാം പാതിയായിരുന്നു മുഹൂര്‍ത്തം . നടുവത്തുപാറ പാടത്തിനു നടുവിലുള്ള റോഡിലൂടെയാണ് കുറച്ചു കാലമായി ബ്രിസ്ക്കനടിക്കുന്നത്. കുര്‍ബ്ബാന കൈകൊള്ളാന്‍ കാലിലും കാറിലും ബൈക്കിലുമായി പള്ളിയിലേക്ക് പോകുന്നവരുടെ തിരക്കുണ്ട്. വെള്ളം വറ്റിച്ചുകൊണ്ടിരിക്കുന്ന കോള്‍പാടത്തെ നിലങ്ങളില്‍ ടില്ലറുകള്‍ കുട്ടികളെപ്പോലെ ചേറില്‍ ചപ്ലി കളിക്കുന്നു. നടരാജന്മാരായി ധാരാളം പേര്‍ വേറെയുമുണ്ട് വഴിയില്‍. പലരും പരിചിതര്‍.

"ഹലോ ബാലന്ദ്രന്‍!."
"ബാലേട്ടാ!."
"ബാലന്ദ്രേട്ടൈന്‍!."
പരിചയവും സ്നേഹവും പുരട്ടിയ അഭിവാദ്യങ്ങളും പ്രത്യഭിവാദ്യങ്ങളും മുക്തകണ്ഠം ആസ്വദിച്ചുകൊണ്ടുള്ള ഈ പ്രഭാതസവാരി പകര്‍ന്നു തരുന്ന ആഹളാദം ഒന്ന് വേറെ തന്നെ..
വൈദികപരിശീലത്തിന്‍റെ ഭാഗമായുള്ള സേവനപ്രവര്‍ത്തനങ്ങള്‍ക്കായി നാട്ടില്‍ വന്നു താമസിക്കുന്ന ശെമ്മാശന്‍മാരുടെ ഒരു സംഘം എതിരെനിന്നു വന്നു. കടന്നു പോകുന്ന വേളയില്‍ ഒരാഴ്ചത്തെ പരിചയത്തിന്‍റെ സൌഹൃദത്തില്‍ പൊതിഞ്ഞ് അവര്‍ സമ്മാനിച്ച സുപ്രഭാതങ്ങള്‍ക്ക് പകരമായി ഈണത്തില്‍ ഒരെണ്ണം തിരിച്ചുകൊടുത്തു. ആയതിലുണ്ടായ ഉള്‍പ്പുളകവുമായി നടത്തം ഉഷാറാക്കി. ഒരു നൂറടി നടന്ന് കാണും; എതിരെനിന്നു വരുന്ന രണ്ടു പേര്‍ക്ക് സമീപം ഒരു കാറ് വന്നു നിന്നു.
"ജോസേട്ടാ വാ കേറ്!,"
"ഏയ്‌ വേണ്ട്ര നിയ്യ് പൊക്കോ."
"നിയ്യ് പള്ളീല്‍ക്കല്ലേ?."
"അതെ."
"ന്നാ വാന്ന്, സ്ഥലണ്ട്."
"വേണ്ട ഞാന്‍ നടന്നോളാo."
"അയ്‌! കേറടപ്പാ.ഒന്നൊന്നര കിലോമീറ്റ്റില്ല്യേ? എന്തിനാ നടന്ന് ക്ഷീണിക്കണ്?."
"അത് സാരല്ല്യ, നിയ്യ് പൊക്കോ. എനിക്ക് നടക്കണം. അതോണ്ടാ."
"മടക്കോം നടത്തന്ന്യാ?."
"പിന്നല്ലാണ്ട്?"
"ഈശോയേ നാല് കിലോമീട്ട്രാ?. ങ്ങ്ഹും ശരി; ന്നാ നിയ്യ് കേറടാ ബാബ്വോ."
"ജോസേട്ടാ ന്നാ ഞാനങ്ങട് പോയാലോ?."
"നിയ്യ് പൊക്കറാ."
കാറ് വിട്ട് കാലില്‍ ഉറച്ചുനിന്നതിനോട് ഐക്യപ്പെട്ട എന്‍റെ മനസ്സ് ജോസേട്ടന് സിന്ദാബാദ് വിളിച്ചു.
"ബെസ്റ്റ് പാര്‍ട്ടി ഷ്ടാ! രണ്ടും രണ്ടും നാല് കിലോമീറ്ററ് ദിവസോം നടക്കാന്‍ യാള്‍ക്കെന്താ വട്ട്ണ്ടാ?."
ബാബുവിനെയും കയറ്റി പോകുന്ന വഴി എന്നെ നോക്കി കാറോട്ടി പറഞ്ഞത് കേട്ടപ്പോള്‍ എനിക്ക് സംശയവും ലേശം ജാള്യതയും അനുഭവപ്പെട്ടു.
എന്നോടായിരുന്നോ?.
പക്ഷെ കടന്നുപോകുമ്പോള്‍ ജോസേട്ടന്‍ നടത്തിയ പിറുപിറുപ്പില്‍ എല്ലാം കലങ്ങി തെളിഞ്ഞു.
"മേലനങ്ങാണ്ട് വട്ടുംപിടിച്ച് നടക്കണത് നിയ്യാ!."
അദ്ദ് കറക്റ്റ്!.




2017, ഒക്‌ടോബർ 18, ബുധനാഴ്‌ച

ഗുരു സമക്ഷം

 ഗുരു സമക്ഷം  


ഷഷ്ഠിപൂർത്തിക്കു തൊട്ടു മുന്നത്തെ വർഷമാണ് ചെണ്ടപ്പൂതി മനസ്സിൽ കയറിയത്. ആളൊപ്പം നിന്നു കൊട്ടാനൊന്നുമല്ല. ഉള്ള മേളാസ്വാദനക്ഷമതയെ ഒന്നു പുഷ്ടിപ്പെടുത്തണം. തക്കിട്ടയും തരികിടയും നേർക്കോലും കുഴമറിച്ചിലും കൊട്ടിയറിഞ്ഞാസ്വദിക്കണം അതു മാത്രമായിരുന്നു മോഹം. അതു വരെ തിരുവമ്പാടിയിലും പാറമേക്കാവിലും പെരുവനത്തും ആറാട്ടുപുഴയിലും കുട്ടല്ലൂരും എടക്കുന്നിയും മറ്റുമായി അമ്പലങ്ങളും കാവുകളും തീണ്ടി പഞ്ചാരിക്കാമം കണ്ടും കേട്ടും ആടിയും കരഞ്ഞു തീർക്കുകയായിരുന്നു. അതു പോരെന്നായി. പൂതി മൂത്ത് ഇരിക്കപ്പൊറുതി മുട്ടിയപ്പോൾ തിരുവമ്പാടിയുടെ യുവ ഉത്സാഹപ്രമുഖൻ അരുണാണ് ഒരു വഴി കാണിച്ചു തന്നത്. ശങ്കരങ്കുളങ്ങരെ പഠിപ്പിക്കുന്നുണ്ട്. വീട്ടിൽ നിന്നും വലിയ ദൂരമില്ല.  കൂടുതൽ അറിയാനായി അരുൺ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന ആനന്ദ് കേശവന്റെ നമ്പർ തന്നു. ആനന്ദാണ് ആശാനെ പറഞ്ഞ് തരപ്പെടുത്തിയത്. പിറ്റേ ദിവസം സന്ധ്യക്ക് ക്ഷേത്രത്തിൽ ചെല്ലുമ്പോൾ മുറുക്കി ചുവപ്പിച്ച് ക്ഷേത്രക്കമ്മിറ്റി ആപ്പീസിൽ കാര്യവിചാരത്തിലിരിക്കുകയായിരുന്നു ആശാൻ.
" എന്തേ?."
" ഞാൻ ബാലചന്ദ്രൻ. ആനന്ദ് പറഞ്ഞിരുന്നില്ലേ?."
"അ: ആ, മൻസിലായി പൊറാട്രേന്നല്ലേ?."
"അതെ. എങ്ങന്യാ, സംഗതി ശര്യാവോ?."
"എന്താ ശര്യാവാണ്ടിരിക്കാൻ?. നല്ല  കാര്യായി!."
"അല്ല അടുത്ത ചിങ്ങത്തില് അറുപതാ!."
"അതിനെന്താന്നേയ്?. ഒരു കൊഴപ്പോല്ല്യ. മഞ്ജു വാര്യരുടെ    അച്ഛൻ അരങ്ങേറിത് എത്രാം വയസ്സിലാ?. ജഗന്നാഥ വർമ്മ?. അവരിലും താഴേല്ലേ മാഷ്?."
"അപ്പ ശര്യാവും ല്ലേ?.'
"പിന്നെന്താന്ന്!. ഒട്ടും പേടിക്കണ്ട. മാഷൊക്കെ വേഗം പഠിക്കും. താളബോധണ്ട്. ഇക്കറ്യാം."
" അയ്, അതെങ്ങനെ?."
"ഇക്കറ്യാം. ശ്ശി മേളങ്ങളില് കൈക്കലാശം കണ്ട്ണ്ട്. കൊട്ടി നെടേല് ആ രസോം ആസ്വദിക്കാറ്ണ്ട് ഞാൻ. "
"അല്ല അത്..."
"ഒന്നും ആലോചിക്കണ്ട. നാളെത്തന്നെ പോന്നോളോ. വൈകിട്ട് എട്ടു മണി കഴിഞ്ഞ് നട അടച്ചാ തൊടങ്ങും ട്ടാ."
പിറ്റെ ദിവസം ദക്ഷിണ കൊടുക്കുമ്പോൾ ആശാൻ പ്രായത്തിൽ മുതിർന്ന ശിഷ്യന്റ ചെവിയിൽ മന്ത്രിച്ചു:
"അതേയ് ദക്ഷിണ തന്നാ മതി. നമസ്കരിക്കണ്ട ട്ടാ!."
അങ്ങിനെയായിരുന്നു ഗണപതിക്കൈ.
എട്ടു മുതൽ അമ്പതു വയസ്സു വരെയുള്ളവരോടൊത്ത് തക്കിട്ട കൊട്ടി തുടങ്ങിയ പരിശീലനം ഇടക്കിടെയുള്ള ദേശാന്തരങ്ങൾ, നാടകം, സിനിമ, അസുഖങ്ങൾ ഇത്യാദികൾക്കായി മുങ്ങിയ  ദിവസങ്ങൾ കഴിച്ച് ബാക്കി മൂന്നു മാസമേ ഉണ്ടായുള്ളു. വിദ്യാരംഭത്തിന് അരങ്ങേറ്റം നിശ്ചയിച്ചപ്പോൾ ഒന്നു പരുങ്ങി.
"അരങ്ങേറ്റം വേണോ ആശാനേ!. ഞാൻ ജസ്റ്റ്..."
"വേണം വേണം!. ഒരു കല അഭ്യസിച്ചാ അരങ്ങേറണം. അല്ലെങ്ങെ അതിന് ഫലല്ല്യാണ്ടാവും. ധൈര്യായിട്ട് കൊട്ടിക്കോളു!."
കൊട്ടി. 
സീനിയർ ശിഷ്യൻ സൂരജ് പ്രമാണം. പിന്നിൽ വലം തലയിലും ഇലത്താളത്തിലുമായി കൃഷ്ണദാസ്, ജിത്തു, സൂര്യ, പ്രവീൺ, നിഖിൽ, തുടങ്ങിയ സീനിയർ ശിഷ്യന്മാരും മുതിർന്ന വാദ്യക്കാരുമടക്കം പത്തെൺപതു പേർ. കേളികേട്ട മേളാസ്വാദകനായ അരണാട്ടുകരക്കാരൻ ടൈറ്റസ് ഉൾപ്പെടെ നൂറു കണക്കിന് ആസ്വാദകർ!.


അരങ്ങേറ്റം അടിപൊളി!.
ഒപ്പം നിന്ന് തീറ് കലാശിപ്പിച്ച് ചെണ്ട മറ്റൊരു ശിഷ്യനെ ഏല്പിച്ച ശേഷം ആശാൻ അടുത്തു വന്നു പറഞ്ഞു:
"ഇപ്പെങ്ങനീണ്ട്?. ഞാൻ പറഞ്ഞില്ല്യേ?. നന്നായി കൊട്ടി ട്ടാ!. "
തൊഴുതു നന്ദി ചൊല്ലിയപ്പോൾ ഓർമ്മിപ്പിച്ചു:
"ഇതോണ്ടായില്ല്യ ട്ടാ!. ബാക്ക്യൊക്കെ മേളത്തിൽ വലംതല കൊട്ടി പഠിക്കണം. പൂരക്കാലം വര്വായി. അവസരം വരുമ്പോ ഞാൻ വിളിക്കും. വരണം. മ്മക്കൊന്നു തകർക്കണം!."
മൂന്നു കൊല്ലം കഴിഞ്ഞു!. വല്ലതുമുണ്ടായോ?. ഇല്ല !.
അരങ്ങേറിയ സന്തോഷത്തിന് മരുമകൻ സമ്മാനിച്ച ചെണ്ടയിൽ പൊടിപിടിച്ചിരിക്കുന്നു!. 
തിരക്കൊഴിഞ്ഞ് ആശാനോടൊപ്പം ചേരാൻ സമയം കഷ്ടി. വല്ലപ്പോഴും കാണുമ്പോൾ ആശാൻ പറയും:
"കാണാല്ലിലോ?. വരൂന്ന്!. പിള്ളേരൊക്കേണ്ട് ...."
പക്ഷെ നിർത്തിയേടത്ത് നിൽപ്പാണ് ശിഷ്യൻ.
കഴിഞ്ഞ ഞായറാഴ്ച സാഹിത്യ അക്കാദമിയിൽ മലയാളി മുദ്ര പുരസ്കാരം സ്വീകരിക്കുവാൻ വന്നപ്പോൾ അദ്ദേഹത്തെ വീണ്ടും കണ്ടു. അറുപതുകാരൻ ശിഷ്യന്റെ പഞ്ചാരിപ്പിപാസയകറ്റിയ, നാല്പതുകളിൽ ഇടംതല പെരുക്കി മുന്നേറുന്ന ആശാൻ ശ്രീ.ശങ്കരങ്കുളങ്ങര രാധാകൃഷ്ണനെ....
സന്തോഷം.... ആദരം....നന്ദി!.
മറക്കില്ല ഒരിക്കലും!.

--------------------------------------------------

2017, ഒക്‌ടോബർ 17, ചൊവ്വാഴ്ച

സുഖദം


സുഖദം


ഒരു നാള്‍ റീജിയണല്‍ തിയ്യറ്ററില്‍ വെച്ചു കണ്ടു മുട്ടിയപ്പോള്‍ സുനിലും ജയചന്ദ്രനുമൊത്തൊരു പടമെടുത്തു. മുഖപുസ്തകത്തില്‍ അതൊരു പോസ്റ്റാക്കി. രണ്ടു വര്‍ഷം മുമ്പ്‌ നടന്നതാണ്. ആദ്യമായി കണ്ടിട്ടാവണം ആരോ ഒരാള്‍ കമന്റിട്ടതിനെ തുടര്‍ന്ന് ആഴങ്ങളിൽനിന്നു പൊന്തിവന്ന് സംഗതി ദാ വീണ്ടും ലൈവായി പേജില്‍ ഒഴുകി നടക്കുന്നുണ്ട്!.
വിശേഷം അതല്ല.
മേല്‍ചൊന്ന പോസ്റ്റിന്‍റെ പുതുവായനക്കാരനായ ഒരു സുഹൃത്താണ്. മോണിറ്ററിൽ 'അവൈലബിൾ ' പച്ച കണ്ടിട്ടാവണം കൊച്ചു വെളുപ്പിന് കോട്ടുവായ്ക്ക്‌ പകരം ഹായ് ഇട്ട് ഇഷ്ടന്‍ ഇൻബോക്സിൽ തെളിഞ്ഞു.
"ഹായ്, ബാലേട്ടാ!."
"ഹലോ."
"എന്ത് പറയുന്നു സുഖല്ലേ?."
"പരമസുഖം."
"പുതിയ വർക്കൊക്കെ ?"
"ഒന്നൂല്ല്യ. "
"ആമി എന്നാ?."
"ഡിസംബറിലാണെന്നു തോന്നുന്നു. കൃത്യമായറിയില്ല. "
"വല്ല്യേ വേഷാണോ?."
"ചെറുത് . വേഷ്ടി വലുതാ പക്ഷെ."
"ആരായിട്ടാ?."
"സിനിമ കാണ്. ഇപ്പ പറേല്ല്യ."
" ഓക്കേ. പക്ഷെ ഈ ചെറിയ വേഷങ്ങളുമായി എത്ര കാലം മുന്നോട്ട് പോവാനാ പരിപാടി?."
" അതുംകൂടി ഇല്ല്യാണ്ടാവണ വരെ."
"ഹ ഹ ഹ ! ബാലേട്ടൻ അടിപൊളി തമാശ്യാ ട്ടാ!. ങ്ങ്ഹാ, അതൊക്കെ പോട്ടെ ഞാനിപ്പോ വന്നത് ഒരു കാര്യം പറയാനാ."
"എന്താദ്?."
"സുനിൽ സുഗതയുമൊത്തുള്ള പടവും പോസ്റ്റും കണ്ടു. കലക്കീണ്ട് ട്ടാ!. "
"താങ്ക്യൂ ."
"പക്ഷെ ബാലേട്ടൻ ശ്രദ്ധിച്ചോന്നറീല്ല്യ; സുനിലിന്‍റെ സർണെയിം എഴുതിയേല് ഒരു പെശകുണ്ടല്ലോ ?"
"മനസ്സിലായില്ല്യ." (ചതിച്ചോ ദൈവമേ!.)
"സുഗത എന്നത് സുഖദ എന്നായല്ലോ?. വെണ്ണ വെണ്ണ പോലത്തെ വാക്കിനെ ബാലേട്ടൻ കൊണ്ടോയി കടുപ്പാക്കി!."
"സുഗതയോ?."
"ങ് ഹാ സുഗത?. സു .....ഗ ....ത !. ബാലേട്ടൻ അത് സുഖദയാക്കി സു...ഖ...ദ !. "
"ആരാ തന്നോടു പറഞ്ഞേ സുഗത്യാന്ന്?."
"അയ്, അതിപ്പോ ആരെങ്കിലും പറയാണ്ടോ ബാലേട്ടാ?. അതല്ലേ ശരി?. ഈ സുഖദാന്ന് ബാലേട്ടനോടാരാ പറഞ്ഞേ?."
"സുനിൽ സുഖദ്യന്നെ. ഇന്യതും സംശയണ്ടെങ്ങേ പൂത്തോള് പോയിട്ട് സുനിലിന്‍റെ വീടിന്‍റെ ഗേറ്റില് നോക്ക്യാ വീടിന്‍റെ പേരായി കാണാം . "
"വീടിന്‍റെ പേര് സുഖദാന്നാ?."
"അതെ. സുഖദം"
"അത് ശരി!. പക്ഷെ അങ്ങനൊരു വാക്കുണ്ടോ മ്മടെ ഭാഷേല് ? എന്താതിന്റർത്ഥം ബാലേട്ടാ? "
"സുഖകരമായത്. സുഖം നൽകുന്നത് ."

2017, ഒക്‌ടോബർ 9, തിങ്കളാഴ്‌ച

മീറ്റിങ്ങ്


  മീറ്റിങ്ങ്  

വെളുപ്പിനെണീറ്റപ്പോൾ നല്ല സമ്പ്രദായത്തിലുള്ള തലവേദന .

"ചായ ഡബിള്‍ സ്ട്രോങ്ങായിക്കോട്ടെ . നല്ല തലവേദനേണ്ട്‌."

ചായയിടാന്‍ തുടങ്ങിയ ഭാര്യയോടു പറഞ്ഞു. 


" ആ എനിക്ക്വതെ!. ന്നലെ രാത്രി തൊടങ്ങീതാ!."


ഗ്യാസടുപ്പിന്റെ നോബ് തിരിച്ച് തോക്ക് പൊട്ടിക്കുമ്പോള്‍ ഭാര്യയും പറഞ്ഞു.

പ്രതിശ്രുതി ലേശം അരിശം മനസ്സിൽ നുരപ്പിച്ചെങ്കിലും പെട്ടെന്ന് തന്നെ അടങ്ങി. അര നൂറ്റാണ്ടു പഴക്കമുള്ള ഒരോര്‍മ്മ പെട്ടെന്ന് ഓടിയെത്തി മുഖത്തൊരു പുഞ്ചിരി തേച്ചു പോയതു കണ്ടിട്ടാവണം ഭാര്യ ചോദിച്ചു.

"എന്തേ ചിരിച്ചേ?."

"ഒന്നൂല്ല്യ. അച്ഛന്റേം അമ്മേടെം കാര്യം ഓർത്തതാ."

"എന്താദ് പെട്ടെന്നോര്‍ക്കാന്‍?"

മറ്റിടങ്ങളിൽ ജോലിയും കുടുംബവും കുഞ്ഞുകുട്ടി പ്രാരബ്ദങ്ങളുമായി കഴിയുന്ന മക്കൾ മാസത്തിലൊരിക്കൽ വീട്ടിലേക്കു വരുമ്പോൾ അച്ഛൻ അവരെ സ്വാഗതം ചെയ്യുന്നത് സ്വന്തം ശാരീരിക വല്ലായ്മകൾ അവതരിപ്പിച്ചുകൊണ്ടായിരിക്കും. ക്ഷീണം, ശോധനക്കുറവ്, തണ്ടൽ വേദന, കഫം, ഉറക്കക്കുറവ് ഇത്യാദികളെല്ലാം വിസ്തരിച്ചു തുടങ്ങുമ്പോഴേക്കും അടുക്കളപ്പണിക്ക് സുല്ലിട്ട് അമ്മ ഉമ്മറത്തേക്ക് ഓടിയെത്തും. അച്ഛന്റെ മെഡിക്കൽ ബുള്ളറ്റിനിൽ ഇടംകോലിട്ടുകൊണ്ട് അമ്മയും തുടങ്ങും.

അച്ഛന്‍റെ കഫശല്യത്തിന് അമ്മയുടെ കാലു പൊളിച്ചൽ.

അച്ഛന്റെ വിശപ്പില്ലായ്മക്ക് അമ്മയുടെ ശ്വാസംമുട്ട്.

കാഴ്ചക്കുറവിനെതിരെ തണ്ടല്‍വേദന.

രണ്ടുപേരുടെയും അന്യോന്യം ഇടവേളക്കു പിരിയുന്നത് വന്നു കയറിയ മകളോ മകനോ ' ഇക്കൊരു ചായ വേണലോമ്മേ; ബാക്കി പിന്നെ സംസാരിക്കാച്ഛാ ' എന്നും പറഞ്ഞ് അടുക്കളയിലേക്കു തിരിക്കുമ്പോഴാണ്. അഹിതകരമായ ഇടപെടലുകളില്‍ മുഖഭാവംകൊണ്ടു അസ്വസ്ഥത പ്രദര്‍ശിപ്പിച്ചിരുന്നുവെങ്കിലും അമ്മക്കെതിരായി അച്ഛൻ ഒന്നും പറയാറില്ല. എങ്കിലും ഒരു നാൾ അച്ഛൻ പ്രതികരിക്കുക തന്നെ ചെയ്തു.

എല്ലാ മക്കളും മക്കളുടെ മക്കളും ഒരുമിച്ചു കൂടിയ ഒരോണനാളിലാണതുണ്ടായത്. പതിവുപോലെ അച്ഛന്‍ ആദ്യം പന്തുരുട്ടി.

"രാത്രി ഭക്ഷണം കഴിഞ്ഞ് കെടന്നാ അടിവയറ്റീന്നിങ്ങനെ എന്തോ ഉരുണ്ട് കേറും."

"എനിക്കൂണ്ട് . വെളിച്ചായാലാ ത്തിരി ഒറക്കം കിട്ട്വാ." അമ്മ 

"ഭക്ഷണം കഴിഞ്ഞാ നെഞ്ചെരിച്ചല് സഹിക്കില്ല്യ ." അച്ഛൻ 

"എനിക്കോ!. എരിച്ചിലൂണ്ട് ഗ്യാസൂണ്ട്. പിന്നെ പറേണോ!" വീണ്ടും അമ്മ 

"വാതത്തിന്റെ അസുഖം ഒരു കൊറവൂല്ല്യാ."

"ഞാന്‍ പിന്നെ പറേണില്ല്യാന്നേള്ളോ; കാലു പൊളിച്ചലൊഴിഞ്ഞ നേരല്ല്യ!." 'അമ്മ വിടുമോ?

എന്തുകൊണ്ടാണെന്നറിയില്ല   എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ആദ്യമായി അച്ഛന്‍ കയറു പൊട്ടിച്ചു:

"ശേന്തൊരു കഷ്ടാ നോക്ക്വോ!. ഞാന്തെങ്കിലും ദെണ്ണം പറഞ്ഞാ അതൊക്കെ അവര്ക്കൂണ്ട്! ."

"പിന്നല്ലാണ്ട്! എനിക്കും വയാസ്സായില്ല്യേ!. എന്‍റെ രോഗം പറയാണ്ട് കഴ്യോ.? അമ്മ പ്രതിഷേധിച്ചു .

"പറഞ്ഞോളോ പാറൂട്ട്യേ?. അതിവട്യന്നെ പറേണോ?."

"എന്താബടെ പറഞ്ഞാ? ഞാമ്പിന്നെവട്യാ പറേണ്ട്?."

"എന്‍റെ മീറ്റിങ്ങിലന്നെ പറേണന്ന് എന്താ നിങ്ങക്കിത്ര വാശി?. നിങ്ങക്ക് വേണെങ്ങെ വേറെ മീറ്റിങ്ങ് വിളിച്ചു കൂട്ട്വാ!. ഇതെന്‍റെ മീറ്റിങ്ങാ!."

അച്ഛന്‍ ഉന്നയിച്ച ക്രമപ്രശ്നത്തിന്റെ  ഗൌരവത്തെ നേരിടാന്‍ കഴിയാഞ്ഞിട്ടാവണം മൌനം പാലിച്ചിരുന്ന മക്കളുടെ പ്രതികരണശേഷിയില്ലായ്മക്കെതിരെ ആളാംപ്രതി തീഷ്ണമായ ഓരോ നോട്ടം നല്‍കിയാണ്‌ അമ്മ അടുക്കളയിലേക്ക് മടങ്ങിയത്!.
:
:
:
"അമ്മ പറേണേലും കാര്യല്ല്യേ " എന്നൊരു ചോദ്യത്തിന്‍റെ സമീപസാദ്ധ്യതയെ കണക്കിലെടുത്ത് തലവേദനക്കുള്ള ചായയുമായി ഉത്തരക്ഷണം ഞാന്‍ അടുക്കള വിട്ടു.....

2017, സെപ്റ്റംബർ 14, വ്യാഴാഴ്‌ച

തൊണ്ടി

കൺഫർമേഷൻ 


ബി. എ. ഫൈനലിന് പഠിക്കുമ്പോഴാണ്  നാലുവര്‍ഷം മുമ്പ്‌ പ്രീഡിഗ്രിക്കു കൊളുത്തിയ ബീടി അച്ഛന്‍ പിടിച്ചെടുക്കുന്നത് .

ദിവസവും അത്താഴം കഴിഞ്ഞ ഉടന്‍ പ്രിയസുഹൃത്ത് അശോകനുമൊത്ത് സമീപത്തുള്ള വിളക്കുംകാല്‍ കവലയില്‍ പോയി  ഓരോ കെട്ടു കാജാ ബീടി വാങ്ങി  വീടുപടിക്കലെ ഇരുട്ടിന്‍റെ സുരക്ഷിതത്വത്തിലിരുന്നുകൊണ്ട് ഒരു മതിയാവോളം വലി പതിവുണ്ട്. സംഭവദിവസത്തെ ആദ്യത്തെ ബീടിയില്‍, പോയ വാരത്തെ പട്ടാമ്പി സംസ്കൃത കോളേജ് വിശേഷങ്ങള്‍ അശോകന്‍ പുകച്ചൂതിക്കൊണ്ടിരിക്കുമ്പോഴാണ് പിന്നില്‍ അച്ഛന്‍റെ വിളി കേട്ടത്:


"ചന്നരാ...!."



പുകച്ചുകൊണ്ടിരുന്നത് വലിച്ചെറിഞ്ഞ് അവശേഷിക്കുന്ന ബീടിക്കെട്ടും തീപ്പെട്ടിയും വെപ്രാളപ്പെട്ട് മടിയില്‍ തിരുകി വിനീതവിധേയനായി അച്ഛനുമുന്നില്‍ ചെന്നുനിന്ന് ചോദിച്ചു:


"എന്താച്ഛാ?"

ചോദിച്ചതും മടിക്കുത്തഴിഞ്ഞു ബീടിയും തീപ്പെട്ടിയും കട്ടിലിലിരുന്ന് നെഞ്ചു തടവുന്ന അച്ഛന്‍റെ കാല്‍ക്കല്‍ വീണു വണങ്ങിയതും ഒരുമിച്ചായിരുന്നു. ഗൂഡം പിടിക്കപ്പെട്ടവന്‍റെ ഹൃദയതാളം മാത്രം കേട്ടുകൊണ്ടിരുന്ന ഭീതിദമായ നിശ്ശബ്ദത ധന്വന്തരം ധന്വന്തരം കുഴമ്പിന്റെ  മണത്തോടൊപ്പം  അച്ഛന്‍റെ മുറിയില്‍ തളം കെട്ടി നിന്നു. ട്രാഫിക് സിഗ്നല്‍ തെറ്റിച്ചതിന് പോലീസ് വിസില്‍ കേട്ടവനെപ്പോലെ ഇതികര്‍ത്തവ്യതാമൂഡനായി നിന്നവനോട് അച്ഛന്‍ ഭയപ്പെടുത്തുന്ന നിര്‍വികാരതയോടെ ചോദിച്ചു :

"എന്താദ്?."

"ബീട്യാ."

കാലതാമസത്തിന്‍റെ ഭവിഷ്യത്ത് അതീവഗുരുതരമായിരിക്കും എന്നറിയാവുന്നതുകൊണ്ട് അച്ഛന്‍റെ ചോദ്യത്തിന് ഉടനടി മറുപടി നല്‍കുന്ന സ്വഭാവം ചെറുപ്പത്തിലേ ശീലിച്ചിരുന്നു.

"ദെന്നു തൊടങ്ങീ?."

നാലു വര്‍ഷം മുമ്പ്‌ എന്ന്  അമ്മക്കുപോലും അറിയാവുന്ന ഒരു വസ്തുത അച്ഛനറിയാതെ പോയത് എന്‍റെ തെറ്റല്ല എന്നോര്‍ത്തുകൊണ്ട്‌ പറഞ്ഞു:

"അധികായിട്ടില്ല്യ. പരീക്ഷ്യോക്ക്യല്ലേ.... ഒറക്കൊളിക്കുമ്പോ..... ഓരോന്ന്..."

"എത്ര ഓരോന്ന്ണ്ട്?."

"അധികല്ല്യ."

" ഒരു കെട്ടു കഴ്യേണ വരെ ല്ലേ?."

"അതേ."

ഉത്തരങ്ങളിലെ അവ്യക്തത ഒരു തരത്തിലും അച്ഛന്‍ അനുവദിച്ചു തരാറില്ല. മാത്രവുമല്ല അച്ഛനെ നിരായുധനാക്കാന്‍ ഉത്തരങ്ങളിലെ സത്യസന്ധത ധാരാളം.

"ങ്ങ്ഹും. അതിങ്ങട് എടുക്ക്വാ."

നിലത്തു കിടന്ന സഖാക്കളെ വാരിപ്പെറുക്കി അച്ഛന്‍റെ കൈകളില്‍ വെച്ചുകൊടുത്തുകൊണ്ട് നമ്രശിരസ്കനായി നില്‍ക്കുമ്പോള്‍ അച്ഛന്‍ പറഞ്ഞു:

"ശരി. പൊക്കൊള്വാ. പീട്യേ പോയി ഇത് വാങ്ങാനാ തന്നെ വിളിച്ചത്."

മുറിയിൽനിന്ന്  തടിയൂരി തിരിച്ചു പടിക്കലെത്തി  ഉണ്ടായതൊക്കെ വിവരിച്ചപ്പോൾ തൻ്റെ  മടിയിലിരുന്ന കാജയുടെ പുതിയ  പാക്കറ്റ് പൊളിച്ച് ഒരെണ്ണം നീട്ടിക്കൊണ്ട് അശോകൻ പറഞ്ഞു:


"തനിക്കു വേണ്ടത് താൻ  പോയി വാങ്ങിക്കോള്വാ
എന്ന ധ്വനിപാഠം അച്ഛന്റെ  വാക്കുകളിലുണ്ട്.  നിന്റെ  പൊകവലി പ്രൊബേഷൻ പിരിയഡ് അവസാനിച്ചു. അതാഘോഷിക്കണം. നീയിത് വലിച്ചേ!." 







2017, ജനുവരി 29, ഞായറാഴ്‌ച

പുല്ലും പുലിയും



///////// പുല്ലും പുലിയും ////////

പട്ടണത്തിലെ സീബീയെസ്സി സ്കൂളിലേക്ക് ബസ് കാത്തു നില്‍ക്കുന്ന കുട്ടികള്‍ക്കിടയില്‍ മകന്‍റെ സ്കൂള്‍ ബാഗും വാട്ടര്‍ ബോട്ടിലും തൂക്കി പുളകിതഗാത്രനായി നില്‍ക്കുന്ന സുഹൃത്തിനെ കണ്ടപ്പോള്‍ ചോദിച്ചു:
“മോനെവട്യാ പഠിക്കണേ?”

“ബീവീബീല്.” സുഹൃത്തിന് രണ്ടിഞ്ചു പൊക്കം കൂടി.

“അപ്പെന്തേ മ്മടെ ആശ്രമം സ്കൂളില് ചേർക്കാഞ്ഞേ ?”

“എയ്!. സ്റ്റാന്‍റേഡില്ല്യാ ബാലന്ദ്രേട്ടാ!. കുട്ട്യോള്‍ടെ ഭാവി മ്മള് നോക്കണ്ടേ!.”

സുഹൃത്ത് കാഞ്ഞിരക്കായ കടിച്ചപ്പോള്‍ ആശ്രമം സ്കൂളില്‍ പഠിക്കുന്ന മോളുടെ ഭാവിയോര്‍ത്ത് എന്‍റെ മനസ്സ് കിടിലംകൊണ്ടു!

വര്‍ഷങ്ങള്‍ കഴിഞ്ഞു.

ആശ്രമം സ്കൂളില്‍ പ്ലസ് ടൂ വന്നു. ഡൊണേഷനില്ല. ശുദ്ധ മെറിറ്റില്‍ അദ്ധ്യാപകനിയമനം. സ്കൂള്‍ പണിയാനുള്ള വിഭവമൊക്കെ ഭഗവാന്‍ ശ്രീരാമകൃഷന്‍റെ കയ്യില്‍. സ്കൂള്‍ മാനേജര്‍ സ്വാമി ശക്രാനന്ദ എന്ന സുകൃതിയുടെ അചഞ്ചലമായ പരമഹംസഭക്തിയും നിശ്ചയദാര്‍ഡ്യവും കര്‍മ്മകുശലതയും ചേര്‍ന്ന് സമര്‍ത്ഥരും അര്‍പ്പണബോധമുള്ളവരുമായ അദ്ധ്യാപകരുടെ വലിയൊരു നിരയുമായി സെക്കണ്ടറി സ്കൂള്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. രണ്ടു വര്‍ഷത്തെ കോഴ്സിനൊടുവില്‍ കണ്ണഞ്ചിക്കുന്ന പരീക്ഷാഫലം!. സ്കൂളിന്‍റെ പ്രശസ്തി നാടാകെ....

ഇടയ്ക്കൊരുനാള്‍ നമ്മുടെ പഴയ സുഹൃത്തിനെ ആശ്രമം പടിക്കല്‍ വെച്ചു കണ്ടു.

“എന്താവോ ഇവടെ?”

“ഒന്നൂല്ല്യ മോന് പ്ലസ് വണ്ണില്‍ മാനേജ്മെന്‍റ് കോട്ടേലഡ്മിഷന്‍ കിട്ട്വോന്നറ്യാന്‍ വന്നതാ. മാര്‍ക്ക് ലേശം കൊറവാ. പിന്നെ ഏകജാലകല്ലേ.”

“അപ്പോ പഠിച്ച സ്കൂളില് കിട്ടില്ല്യെ?.”

“എയ്; എന്തിനാ ബാലന്ദ്രേട്ടാ മ്മടെ സ്കൂള് ള്ളപ്പൊ ടൌണിലിക്കൊക്കെ പറഞ്ഞയച്ച് പിള്ളേരെ നാശാക്കണ്? മ്മളൊക്കെ ഇവട്യല്ലേ പഠിച്ചത്?.”
-------------------------------------------------------------

പേരിലെന്തിരിക്കുന്നു




 പേരിലെന്തിരിക്കുന്നു?.

പണ്ട് ബാങ്കിന്റെ കുന്നംകുളം ശാഖയിൽ ജോലിചെയ്തിരുന്ന കാലത്ത്  നടന്നതാണ്.

ആടുവളര്‍ത്തലിന് വായ്പ്പയെടുക്കാനായി ഭാര്യയും ഭര്‍ത്താവും ബാങ്കില്‍ വന്നു. ഭാര്യയെ പുറത്തിരുത്തി അയാള്‍ കൃഷി വികസന ആപ്പീസറുടെ മുന്നില്‍ ചെന്നിരുന്നു. പ്രാഥമിക അന്വേഷണങ്ങള്‍ പൂർത്തിയാക്കി ആപ്പീസര്‍ പ്രമാണപത്രം പൂരിപ്പിക്കാന്‍ തുടങ്ങി.

“എന്താ ഇയാള്‍ടെ പേര്?”
“ശങ്കു.”
“മുഴുവന്‍ പേര് പറയൂ.”
“ശങ്കരന്‍.”
“ഭാര്യേടെ പേര്?.”
“തങ്കു”
“ഏയ്, അതൊന്ന്വാവില്ല്യ!. ശരിക്ക്ള്ള പേര് പറേണം.”
“അതിപ്പോ...”
“അതിപ്പോ? എന്തേ ഭാര്യേടെ പേരറീല്ല്യെ ശങ്കരന്?.”
“തങ്കൂന്നാ വിളിക്കാറ്.”
“ വിളിപ്പേര് പോരാ. താന്‍ അവരെ വിളിക്ക്. ബെസ്റ്റ്  കമ്പനി!”
ആപ്പീസര്‍ക്ക് ക്ഷമ കെട്ടു.
“ട്യേ...”
ശങ്കരന്‍ എണീറ്റ് നിന്നു പുറത്തിരിക്കുന്ന ഭാര്യയെ ഉച്ചത്തിൽ വിളിച്ചു. മുന്നില്‍ ഭാവ്യതയോടെ വന്നുനിന്ന ഭാര്യയോട് ആപ്പീസര്‍ ചോദിച്ചു:
“എന്താ നിങ്ങള്‍ടെ പേര്?.”
“ കേസി തങ്കമണി.”
"വീട്ടുപേര് ?."
"കാമ്പ്രത്ത്."
"അച്ഛന്റേയോ?."
"ചാത്തക്കുട്ടി."
മണിമണിയായി ഭാര്യ പേര് പറഞ്ഞപ്പോള്‍ ശങ്കരന്‍ ഒന്നു ചൂളി.
“ശങ്കരൻ കേട്ടില്ല്യേ  തങ്കമണി പറഞ്ഞത് ?."
ശങ്കരന്‍ തല താഴ്ത്തി ഇരുന്നു.
"എന്താ സാറേ?." ഭാര്യക്ക് ആകാംക്ഷ.
“ഒന്നൂല്ല്യ; ഇയാള്‍ക്ക് നിങ്ങള്‍ടെ ശരിക്ക്ള്ള പേരറീല്ല്യാത്രേ!.”
ശങ്കരനെ ഈര്‍ഷ്യയോടെ ഒന്നു നോക്കി തങ്കമണി പറഞ്ഞു:
“അതിലിപ്പത്ര അല്‍ബുതൊന്നൂല്ല്യ സാറേ. “
“അയ്, അതെന്താ തങ്കമണീ?.”
“പെറ്റ തള്ളേടെ പേരന്നറീല്ല്യ അയ്ന്. ന്നട്ടല്ലേ കേട്ട്യേ പെണ്ണിന്‍റെ പേര്?.”
“അ:അ! അത്യോ ശങ്കരാ? തനിക്ക് തന്‍റമ്മേടെ പേരും അറീല്ല്യേ?.”
‘സാറേ, വെര്‍തെ മന്‍ഷ്യനേട്ട് കോഴ്യാക്കാന്‍ നിക്കാണ്ട് നടോട്യളെന്താച്ചാ കഴിച്ചേ!. പണി പക്   ”
ശങ്കരന്റെ ശുണ്ഠിയും പരവേശവും  പുഞ്ചിരിച്ചാസ്വദിച്ചുകൊണ്ട്  ആപ്പീസർ മേല്‍നടപടികളിലേക്ക് നീങ്ങി..

--------------------------------------

ജൈവാജൈവം




 ജൈവാജൈവം 

രണ്ടു വർഷം  മുമ്പ് ഒരോണണക്കാലത്ത് വടക്കാഞ്ചേരിയില്‍ ഒരു കല്ല്യാണത്തിന്‍റെ ബുഫേ മേശയിലെ 'ജൈവ വൈവിധ്യം' മുക്തകണ്ഠം ആസ്വദിച്ചുകൊണ്ടിരുന്നപ്പോള്‍ അവിഹിതമായി കേട്ടത്:

"ഒണോക്കെങ്ങനെ നന്നായാ മേന്‍നേ?."

"ങ്ഹാ, തരക്കേടില്ല്യാണ്ട് പോയി. ഇക്കൊല്ലം വെഷല്ല്യാത്ത സാനങ്ങള് കിട്ടീത് വല്ല്യേ കാര്യായി!."

"പഴത്തിന്‍റെ കാര്യാ പറേണേ?."

"പഴത്തിന്‍റേന്നല്ല എല്ലാം! അരീം പച്ചക്കറീം ഒക്കെ ജൈവാര്‍ന്നു."

"എവടന്ന് കിട്ടീ?."

"സ്വയംസഹായത്തീന്ന്!."

"ഓ, അവര്‍ക്ക് ജൈവക്കൃഷീണ്ടോ?."

"പിന്നില്ല്യാണ്ട്! രണ്ടേക്കര്‍ലായിരുന്നു പരിപാടി!."

"സംശയം ചോയ്ക്കട്ടെ; ശരിക്കും ജൈവകൃഷ്യാര്‍ന്ന്വോ?."

"എന്താങ്ങനെ ചോദിച്ചേ?.".

"അല്ല; പലരും സംശം പറേണ്ടേയ്!."

"ഒരു സംശോല്ല്യ, നൂറു ശതമാനം ജൈവാ!."

"എന്തോ!. രാസവളോ കീടനാശിന്യോ ഒന്നും പ്രയോഗിച്ചില്ല്യാന്നൊക്കെ പറേമ്പോ ഇക്കാലത്ത് വിശ്വസിക്കാന്‍ ഇത്തിരി പ്രയാസാ മേന്‍നേ.!"

"എന്തായാലും കീടനാശിനി പടി കേറ്റീട്ടില്ല്യ. ഒറപ്പാ!."
"അപ്പൊ രാസവളം?."

" ലേശം യൂറിയ."

"അങ്ങനെ വരട്ടേ! അപ്പോ യൂറിയ ജൈവായീതെന്നാ?."

"യൂറിയ ലേശട്ടില്ലിങ്ങേ പിന്നെന്തൂട്ട് കോപ്പാ കിട്ട്വാ?."

" അപ്പൊ കീടനാശിന്യാ കൊഴപ്പം ല്ലേ!."

"സംശെന്താ?. അവനാ പെശക്!. അല്ലാണ്ട് ലേശം യൂറിയ തൂളിച്ചോണ്ട് ജൈവം ജൈവല്ലാണ്ടാവി‌ല്ല്യ!."
------------------------------------------------------------------------------------

കൂട്ടത്തില്‍ കൂട്ടാവുന്നത്:
"ബാലഷ്ണന്‍ എങ്ങന്യാ എറിച്ചീം മീന്വോക്കെ കഴിക്ക്യോ?."
"ഇല്ല്യ !."
"ഒട്ടും?."
"കൂട്യാല്‍ ഒരു കഷ്ണോo രണ്ടു തുള്ളി വെള്ളോo അത്രന്നെ."

നവോത്ഥാനം



 പരിഹാരം 

ഒരു ലൈൻ ബസ് യാത്രക്കിടയിൽ  പിന്നിലെ സീറ്റില്‍നിന്നും കേട്ടത്:

"ദെവടന്നാ സൂമാരേട്ടന്‍?."

"ഞാന്‍ ആസ്പത്രീന്ന്."


"ഉം? ദെന്തേ?."

"ചെക്കനെ പിന്നേം അഡ്മിറ്റീതു. പനി."

"അയ്! ദിന്നാളല്ലെ ചെക്കന്‍ പനി മാറി ആസ്പത്രീന്ന് പോന്നത്!."

"അതേന്നേയ്!. ഒരാഴ്ച്ച്യായില്ല്യ. ഇതിപ്പോ ഒരു മാസത്തില് മൂന്നാമത്തെ തവണ്യാ!."

"ദെന്താപ്പദ് പനി വിട്ട് മാറാത്ത്!."

"എന്താറീല്ല്യ. ടെസ്റ്റോളൊക്കെ വേണ്ടത് നടത്ത്ണ്ട്."

"എന്താ ഡോക്ട്ടറ് പറേണേ?."

"കൊഴപ്പല്ല്യ പേടിക്കണ്ടാന്നൊക്ക്യാ പറേണ്."

"ങ്ഹും... അവരതൊക്കെ പറേo!. അതും വിശ്വസിച്ച് പനി ങ്ങനെ വെച്ച് കളിക്കണതത്ര നന്നല്ലാട്ടാ സൂമാരേട്ടാ!."

"ഞാഞീപ്പെന്താ ചെയ്യ്വാ രാമഷ്ണാ?."

"പേടിക്കാണ്ടിരിക്ക്, വഴീണ്ട്."

"എന്താദ്?."

"സൂമാരേട്ടന്‍ ഒരു പണിക്കരെ കാണ്!."

"ന്നട്ട്?."

"ഒന്നു പ്രശ്നം വെപ്പിക്ക്. ഗ്രഹപ്പിഴോള് വല്ലതും കാണും. പണിക്കര് നോക്ക്യാലേ അതെന്താന്നറീള്ളോ. പരിഹാരോo പറഞ്ഞരും. അതില് പറേണ പോല്യോക്കെ ചെയ്താ ഒക്കെ ശര്യാവും.സൂമാരേട്ടന്‍ വാ മ്മക്ക് കോലഴി വര്യൊന്ന് പൂവാം!."

"രാമഷ്ണാ...!?."

"അതേന്ന്!."

ഉപദേഷ്ടാവിനെ ഞാനൊന്നു തിരിഞ്ഞു നോക്കി.

നല്ലോരു ചെറുപ്പക്കാരന്‍!

ഈഗോ


ഈഗോ


നാല്പതു കിലോമീറ്ററിൽ കൂടുതൽ വേഗതയിൽ സ്കൂട്ടർ ഓടിക്കാറില്ല ചന്ദ്രൻ. ഒരു ദിവസം എട്ടു വയസ്സുകാരൻ മകനേയും കൂട്ടി അയാൾ തൃശ്ശൂർക്ക് പോവുകയായിരുന്നു. പുഴക്കൽ പാടത്തെത്തിയപ്പോൾ തൊട്ടു മുന്നിൽ മറ്റൊരാൾ ഇടവും വലവും വെട്ടിച്ച് അലസമായി സ്കൂട്ടർ ഓടിച്ചു പോകുന്നതു കണ്ടു. നാല്പതു കി.മീ. കണിശക്കാരൻ ചന്ദ്രന് അയാളെ മറി കടന്നു പോകാൻ ഭയം. മുന്നിലുള്ളവന്‍റെ കളി കണ്ടു ബോറടിച്ചിട്ടാവണം മകൻ പറഞ്ഞു:

" അയാളെ വെട്ടിക്കച്ഛാ!"

മകന്‍റെ റോൾ മോഡലാണ് അച്ഛന്‍!. ഉള്ള ഹീറോ പരിവേഷം നഷ്ടപ്പെടുത്തരുത്! വേഗത കൂട്ടി മറി കടക്കാൻ ഭയം സമ്മതിക്കുന്നുമില്ല. ചന്ദ്രൻ വിവശനായി. എന്തും വരട്ടെ എന്നു നിനച്ച് അയാളെ ഓവർ ടേക്ക് ചെയ്യുമ്പോൾ കൈ വിറക്കുന്നുണ്ടായിരുന്നു. പക്ഷെ മകന്‍റെ കയ്യടിച്ചാഹ്ളാദം നിലയ്ക്കും മുമ്പേ ഒരിരമ്പത്തോടെ അയാളുടെ സ്കൂട്ടർ അവരെ മറി കടന്നു പോയി. പോകുന്ന പോക്കിൽ അയാൾ അവരെ രൂക്ഷമായൊന്നു നോക്കുകയും ചെയ്തു.

നിരാശ പൂണ്ട മകൻ വിളിച്ചു പറഞ്ഞു:

"ഇനീം വെട്ടിക്കച്ഛാ!"

മകന്‍റെ ആരാധന നഷ്പ്പെട്ടോട്ടെ എന്നു തന്നെ അച്ഛൻ തീരുമാനിച്ചു.

" വേണ്ട മോനേ, അയാളൊരു ഭയങ്കരനാ!!"

" അയാളാരാച്ഛാ?."

മകന് ഭയം കലർന്ന ഔത്സുക്യം.

" അയാളാണ് മോനെ ഈഗോ."

" ആര്?."

" ഈഗോ ഈഗോ!."

മഹാപ്രസ്ഥാനം




മഹാപ്രസ്ഥാനം 


സ്വര്‍ഗത്തില്‍ ഞാന്‍ ചെല്ലുമ്പോൾ പൂമുഖത്തിരുന്ന് ഒരു ചെല്ലത്തിൽനിന്നു മുറുക്കുകയായിരുന്നു അച്ഛനും അമ്മയും. കാൽപെരുമാറ്റം കേട്ടപ്പോൾ രണ്ടു പേരും തിരിഞ്ഞു നോക്കി. പ്രതീക്ഷിച്ച സന്തോഷമൊന്നും അവരുടെ മുഖത്തു കണ്ടില്ല. ഇരുവരും ഒന്നു ചിരിച്ചു എന്നു വരുത്തി.

"എങ്ങന്യേ നീയ് വന്നേ?."

അമ്മയാണ് ആദ്യം സംസാരിച്ചത്.

" അപ്പാളോ പതിനൊന്നില്."

"ആരേര്‍ന്നു കൂടെ?."

"നീൽ ആംസ്ട്രോങ്ങ്."

"അയ് അപ്പോ കാലനെന്തു പറ്റി?."

"ദേ വരുണൂന്ന് പറഞ്ഞ് എടക്ക് കണ്ണൂരെറങ്ങി."

"അപ്പ ഇനി ആള് അടുത്തൊന്നും ഇങ്ങട്ണ്ടാവില്ല്യേരിക്കും. നീലന് നല്ല പണ്യായി!.

അതും പറഞ്ഞ് അച്ഛൻ നീട്ടിത്തുപ്പിയ മുറുക്കാൻചാറത്രയും മരതകത്തിൽ വാർത്ത 
ഡിസൈനർ ടൈലുകൾ വിരിച്ച മുറ്റത്തു വീണ് വൈഡൂര്യമണികളായി ഉരുണ്ടു കളിച്ചു. സ്വര്‍ഗമുറ്റത്ത് അതിരിട്ടു നിന്ന 156 റോസാച്ചെടികളിലെ പൂക്കളിൽ ചിലർ അതു കണ്ട് അസൂയ മൂത്ത് കറുത്തു.

"അച്ഛന്വമ്മക്കും എങ്ങന്യാ ഇവടെ?."

"സുഖക്കൊറവൊന്നൂല്ല്യ ന്‍റെ കുട്ട്യേ. ഒന്നിന്വൊരു കൊറവൂല്ല്യ. ഒക്കേണ്ട്. തിന്നാനും കുടിക്കാനും വേണ്ടത്ര!."

"പിന്നെന്താമ്മേ?."

"ഒന്നിനും പഴേ രുച്യങ്ങട് കിട്ടണില്ല്യ. കാലത്തും ഉച്ചരിഞ്ഞും വല്ലിച്ചോണങ്ങട് കഴിച്ചൂട്ടും. അന്ത്യാവുമ്പോ വാർത്തു വെച്ച കഞ്ഞീന്ന് മെളക് തിരുമ്പി എളം ചുടുക്കനെ ലേശം കഴിക്കാണ്ട് പറ്റണില്ല്യ നിക്ക്!. അതിനിവടെ ഒരു വഴീം കാണാല്ല്യ!."

"ആ ട്രിപ്റ്റനോൾ ഗുളിക കൊണ്ടന്ന്ണ്ടോ നീയ്?."

"എന്തിനാച്ഛാ ഇവടെ ഒറക്കഗുളിക?."

"പാട്ടും ഡാൻസും കഴിഞ്ഞ് കണ്ണിന്‍റെ പോള കൂട്ടാൻ നേരല്ല്യബടെ!."

"എങ്ങനേങ്ങിലും അജസ്റ്റീത് പോവാൻ നോക്ക്വ രണ്ടു പേരും."

"അല്ലാണ്ട്പ്പോ നൂർത്തീല്ലിലോ!. നെന്‍റെ പോലെ ഇഷ്ടള്ളപ്പോ ഇങ്ങട് പറഞ്ഞയക്കാനും തിരിച്ചു വിളിക്കാനും അവടത്തെ പോലെ സൗകര്യല്ലിലോബടെ.".

"അതേയ് മാഷേ സമയായീട്ടാ!. പതിനഞ്ച് മിനിറ്റാ പറഞ്ഞേക്കണെ! കളിക്കാന്‍ നിക്കാണ്ട് എറങ്ങാന്‍ നോക്ക്.വേറോട്ടണ്ട്!."

സ്വർഗവാതിൽക്കൽ നീൽ ആംസ്‌ട്രോങ്ങ്‌ വാണം കൊളുത്താന്‍ തീപ്പെട്ടിയുരച്ചു.

"ന്നാ ഞാന്‍ പോട്ടെ അച്ഛാ? മടങ്ങാന്‍ നേരായി."

"പോട്ടേന്ന് പറേര്ത് കുട്ട്യേ!. വരട്ടേന്ന് പറ്യോ!."
അമ്മ വിലക്കി.

"ശര്യമ്മേ വരട്ടെ!."

"ശരി. ന്‍റെ മോൻ ഭാഗ്യവാനാ!. തോന്നുമ്പൊക്കെ ഇങ്ങട് വരാനും പോകാനും പറ്റ്ണ്ടലോ!. ഈശ്വരാ!."

പടിപ്പുര വാതിൽ കടക്കുമ്പോൾ പിന്നിൽ നിന്നും കേട്ടു:

"ചന്നരാ......! അടുത്തവണ വരുമ്പോ മറക്കണ്ടാ ട്രിപ്റ്റനോൾ! ട്രിപ്റ്റനോള്‍!."

സ്വർഗവാതില്‍ക്കല്‍ ഒരു പക്ഷി ചിലച്ചു.

പൈപ്പ് ലൈന്‍ കവലയിലെ യാത്രക്കാര്‍



 പൈപ്പ് ലൈന്‍ കവലയിലെ യാത്രക്കാര്‍ 

സ്റ്റോപ്പില്‍ നിര്‍ത്തി യാത്രക്കാരെ കയറ്റുക, രാത്രികാലങ്ങളില്‍ അവരുടെ ബുദ്ധിമുട്ടുകളോര്‍ത്ത് നിയതമല്ലാത്ത സ്റ്റോപ്പുകളിലും വണ്ടി നിര്‍ത്തി സഹായിക്കുക, മാന്യമായി പെരുമാറുക തുടങ്ങി യാത്രീസൌഹൃദ ബന്ധങ്ങളില്‍ പ്രകടവും ആശാവഹവുമായ മാറ്റങ്ങള്‍ കുറച്ചു കാലമായി കെയെസ്സാര്‍ട്ടീസി ജീവനക്കാരില്‍ വന്നിട്ടുള്ളതു കണ്ടു സന്തോഷിച്ചു വരികയായിരുന്നു . അതിനിടക്ക് ഇന്നലെ എറണാകുളത്തു വെച്ചുണ്ടായ അനുഭവം അതിനു ലേശം മങ്ങലേല്‍പ്പിച്ചുവോ എന്നു സംശയം!.
വാഴക്കാലയിൽ വ്യക്തിപരമായ ഒരാവശ്യം കഴിഞ്ഞു തൃശ്ശൂര്‍ക്കു മടങ്ങുവാനുള്ള ബസ്സും കാത്ത് പൈപ് ലൈന്‍ ജങ്ക്ഷനില്‍ നില്‍ക്കുകയായിരുന്നു ഞാൻ. അര മണിക്കൂര്‍ നിന്നു കാലു കഴച്ചിട്ടും ഒരൊറ്റ ട്രാന്‍സ്പോര്‍ട്ട് ബസ്സും വന്നു കാണാത്തതില്‍ ഖിന്നരും അസ്വസ്ഥരുമായിരുന്നു സ്റ്റോപ്പില്‍ കാത്തു നിന്നിരുന്നവരെല്ലാം. തൃശ്ശൂര്‍ക്കും മലപ്പുറത്തേക്കും കോഴിക്കോട്ടേക്കും മറ്റുമായി പത്തിരുപതു യാത്രക്കാരുണ്ട്. റോഡിന് നടുവിലുള്ള ഫ്ലൈ ഓവറില്‍കൂടി കാറുകളും ചരക്കുലോറികളും ടൂറിസ്റ്റ് ബസ്സുകളും അങ്ങോട്ടും ഇങ്ങോട്ടും പോകുന്നുണ്ട്. സ്വകാര്യ പൊതുമേഖലാഭേദമന്യേ എല്ലാ യാത്രാബസ്സുകളും ഫ്ലൈ ഓവറിലെ കുറുക്കുവഴിയിലൂടെ പോകാതെ പഴയ റോഡിലൂടെതന്നെ പോകണമെന്ന കര്‍ശന നിയമം നിലവിലുണ്ടെന്നാണ് അറിവ്. കേയെസ്സാര്‍ട്ടീസിയുടെ വൈറ്റില ഹബ്ബില്‍നിന്നു വരുന്ന ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ്, ലിമിറ്റഡ് സ്റ്റോപ്പ്, ഡീലക്സ്, സൂപ്പര്‍ ഡീലക്സ് തുടങ്ങിയ സഹസ്രനാമി ബസ്സുകളെല്ലാം പൈപ്പ് ലൈന്‍ ജങ്ക്ഷനിലെ ഈ അംഗീകൃത ബസ് സ്റ്റോപ്പില്‍ നിര്‍ത്തണം. തന്ത്രപ്രധാനമായ ആ സ്ഥാനത്തോടുള്ള മമതയും വണ്ടിയെത്തിയാല്‍ കയറാന്‍ നേരത്ത് പ്രയോഗിക്കേണ്ട അഭ്യാസബലത്തിലുള്ള വിശ്വാസവും ഉള്ളിലൊതുക്കിക്കൊണ്ടാണ് ഞങ്ങള്‍ യാത്രക്കാര്‍ ഓരോരുത്തരും നില്‍ക്കുന്നത്.
പെട്ടെന്നാണ് എല്ലാവരുടേയും ദൃഷ്ടി ആകാശത്തിലേക്കുയര്‍ന്നത്!. അതാ കോഴിക്കോട്ടേക്കുള്ള ഒരു സൂപ്പര്‍ഫാസ്റ്റ് ബസ്സ് ഫ്ലൈ ഓവറിലൂടെ മന്ദം മന്ദം നീങ്ങുന്നു!. ഒന്നോ രണ്ടോ യാത്രക്കാരുടെ ഉറക്കംതൂങ്ങുന്ന തലകളൊഴിച്ചാല്‍ ബസ്സ് ശരിക്കും കാലി!. ഉദ്ദേശം അമ്പതടി അകലത്തും എഴുപത്തടി ഉയരത്തിലും മറ്റു വാഹനങ്ങളുടെ ബഹളങ്ങള്‍ക്കിടയിലുമായി ചരിക്കുന്ന ബസ്സിന്‍റെ ശ്രദ്ധയാര്‍ഷിക്കാനായി നിരാശയും രോഷവും കയറിയ ചിലര്‍ കയ്യടിച്ചും കൂക്കിവിളിച്ചും തിരുമണ്ടന്‍ ശ്രമങ്ങള്‍ നടത്തുന്നത് കണ്ട് ഞാന്‍ പതിയെ പിന്നിലേക്ക് വലിഞ്ഞു. വണ്ടി ഫ്ലൈ ഓവറിറങ്ങി അപ്രത്യക്ഷമാവുന്നതുവരെ എല്ലാവരും എന്തോ കളഞ്ഞു പോയ അണ്ണാനെപ്പോലെ അങ്ങോട്ടുതന്നെ നോക്കി നിന്നു. എല്ലാ നിരാശയും ഉള്ളിലൊതുക്കി എന്‍റെ അരികില്‍ മുണ്ടും ഷര്‍ട്ടുമായി ആസകലം ശുഭ്രവസ്ത്രം ധരിച്ചുനിന്ന ഒരു മധ്യവയസ്കന്‍ പ്രേമം എന്ന സിനിമയിലെ നായകന്‍റെ രണ്ടാമത്തെ നായികയുടെ പ്രചുരപ്രചാരം സിദ്ധിച്ച പേരിന്‍റെ ആദിരൂപം ഒന്നൊതുക്കി ഉച്ചരിച്ചുകൊണ്ട് പാതയരികിലെ മതിലിലേക്കു കാര്‍ക്കിച്ചുതുപ്പി . തൊട്ടടുത്ത് നില്‍ക്കുന്ന മാന്യദേഹം തന്‍റെ വചനാമൃതം കേട്ടുവോ, മാനക്കേടായോ എന്നൊക്കെയുള്ള സംശയമുഖത്താല്‍ എന്നെ നോക്കി വ്രീളാവിവശനായിനിന്ന അയാളോട് ഞാന്‍ ഉള്ളാലേ മൊഴിഞ്ഞു:
"തരക്കേടൊന്നൂല്ല്യ സുഹൃത്തേ, സന്തോഷമായിട്ടിരിക്കൂ!. എന്‍റെ വായില്‍ ഉരുക്കഴിയാതെ പോയ സാരസ്വതമാണ് താങ്കള്‍ മന്ത്രിച്ചത്. നന്നായി, വളരെ നന്നായി!. ദീര്‍ഘസുമന്ത്രോ ഭവ:!."

ബുദ്ധപഥo



ബുദ്ധപഥo  

അമ്പതു വര്‍ഷം മുമ്പ് .......
അച്ഛമ്മ മരിച്ച് സഞ്ചയനകര്‍മം നടക്കുകയാണ്. വെളുപ്പിന് ചീരിയന്‍ വന്നപ്പോള്‍ മുതൽ തൊട്ടും പിടിച്ചും എടുത്തും വെച്ചും ഇഴഞ്ഞു നീങ്ങിയ ചടങ്ങാണ്. പതിനൊന്നു മണിയായിട്ടും അവസാനിച്ചിട്ടില്ല. അറുപതിനടുത്തെത്തിയ മൂത്ത മകനായ അച്ഛന് ശരീരം വിറച്ചിട്ടു നില്‍ക്കാന്‍ വയ്യാതായി. വെളുപ്പിന് ഉണര്‍ന്നതില്‍പിന്നെ ജലപാനമുണ്ടായിട്ടില്ല. നിഷിദ്ധമാണത്രേ!. എല്ലാ ചടങ്ങുകളും കഴിഞ്ഞ് അസ്ഥി നിറച്ച കുടം വരിക്കപ്ലാവിന്‍റെ ചുവട്ടില്‍ നിക്ഷേപിച്ച് കുളികഴിഞ്ഞതിനു ശേഷമേ പച്ചവെള്ളം തൊടാന്‍ പോലും ശാസ്ത്രാനുവാദമുള്ളൂ!. സാധാരണ ദിവസങ്ങളില്‍ ഈ സമയത്തിനുള്ളില്‍ പ്രാതലിനു പുറമെ നാലഞ്ചു ചായയെങ്കിലും കുടിക്കുന്ന പ്രകൃതമാണ് അച്ഛന്‍റേത്. ആ അച്ഛനാണ്.......!.

തലേ ദിവസത്തെ മഴയില്‍ ചിതയില്‍ പതിഞ്ഞമര്‍ന്ന ചാരത്തിൽ നിന്നും അത്തിമരക്കമ്പുകൾകൊണ്ട് തോണ്ടിയെടുത്ത അസ്ഥിശകലങ്ങൾ പാളത്തൊട്ടിയിലിട്ട് പാലും തൈരും എണ്ണയും വെള്ളവും കൂട്ടി ശുദ്ധം വരുത്താന്‍ തുടങ്ങിയിട്ടേയുള്ളൂ ചീരിയന്‍. ഒരു ചായ കുടിക്കണമെങ്കില്‍ ഇനിയും മണിക്കൂറുകള്‍ കഴിയണമെന്നോര്‍ത്തപ്പോള്‍ അച്ഛന് പാരവശ്യം കൂടി. ചിതക്കരികിലെ കവുങ്ങില്‍ കെട്ടിപ്പിടിച്ചുനിന്നിട്ടും ശരീരത്തിന്‍റെ വിറയല്‍ ശമിക്കാതായപ്പോള്‍ കവുങ്ങു വിട്ടു കവുങ്ങു മാറിപ്പിടിച്ച് അച്ഛന്‍ ഒരുവിധം തറവാട്ടുമുറ്റത്തെത്തി. കൈകള്‍ പിന്നിലേക്ക് കുത്തി ഇറയത്തിരുന്നുകൊണ്ട് തളര്‍ന്ന സ്വരത്തില്‍ സഹോദരിയെ വിളിച്ചു:

“കൊച്ചമ്മണ്യേ..!”

അച്ഛന്‍പെങ്ങള്‍ ഭയഭക്തിബഹുമാനങ്ങളോടെ ഓടി അടുത്തെത്തി.

“എന്തേ ഓപ്പേ?.”

“വേഗൊരു ചായേട് !.”

“അയ്യോ ഓപ്പേ.... എന്തായി പറേണേ! ഇപ്പോ പാടില്ല്യ!.”

“അതൊന്നും സാരല്ല്യാ. വേഗാട്ടെ.”

“കര്‍മ്മങ്ങള് കഴ്യാണ്ട് എങ്ങന്യാ ഓപ്പേ!?.”

“കര്‍മ്മങ്ങള് കഴ്യാന്‍ കാത്ത്ന്നാ ഇന്നന്നെ എന്നേം അമ്മടടുത്തക്ക് ഇടുക്കണ്ടി വരും. നിയ്യ് പറഞ്ഞത് കേക്ക്.”.

“ ഓപ്പേ!.”

“കിണ്ങ്ങാന്‍ നിക്കാണ്ട് പോയി ചായേടടേ!.”

തളര്‍ച്ചക്കിടയിലും അച്ഛന്‍ പൊട്ടിത്തെറിച്ചു!.

ഇരിപ്പില്‍നിന്നും ചെരിഞ്ഞ് അനന്തശയനത്തിലേക്ക് ശരീരഭാഷ പരിവര്‍ത്തിപ്പിക്കുമ്പോള്‍ രണ്ടു നേരം കുളിയും ജപവും മാസാമാസം ഗുരുവായൂര്‍ ദര്‍ശനവും മുടക്കാറില്ലാത്ത അച്ഛന്‍ സ്വയം പറഞ്ഞു:

"ശരീരം ദണ്ഡിച്ച് പിതൃകര്‍മ്മം  ചെയ്യാൻ   ഒരോലേലും എഴുതിവെ ച്ചിട്ടില്ല്യ!. ഇന്യതിന്‍റെ പേരില് നരകാച്ചാ ഞാന്‍ സഹിച്ചു!."

അപ്പുറത്ത് അടുക്കളയില്‍ തീയെരിഞ്ഞു തുടങ്ങിയിരുന്നു......

വിശ്വാസത്തിന്‍റെ കാര്യത്തില്‍ അന്ന് ആത്മീയഗുരുവായി വരിച്ചതാണ് അച്ഛനെ. അര നൂറ്റാണ്ടു കഴിഞ്ഞു. ഇന്നും മറ്റൊരാളില്ല!.