2021, ജൂലൈ 12, തിങ്കളാഴ്‌ച

ആപൽബാന്ധവം

 

ആപൽബാന്ധവം

പത്തിരുപതു വർഷം മുമ്പത്തെ ഒരു തൃശ്ശൂർ പൂരം. പകൽ അന്നമനട പരമേശ്വരൻ്റെ മഠത്തിൽ വരവ് പഞ്ചവാദ്യം തിമില വറുത്ത് മട്ടന്നുരിൻ്റ പാണ്ടി കൊലുമ്പിയപ്പോൾ ഞങ്ങൾ തേക്കിൻകാടിറങ്ങി. ഞാൻ, മകൻ, രണ്ടു മരുമക്കൾ. നമ്പീശൻ ഡയറിയിൽ നിന്ന് ഓരോ ഐസ് മസാല മോരു കുടിച്ച് ജോലി ചെയ്തിരുന്ന ബാങ്കിൽ പോയി എ.സി ഹാളിലിരുന്ന് അല്പം ശീതീകരിച്ച ശേഷം വടക്കുന്നാഥൻ ശ്രീമൂലസ്ഥാനം കയറി. മതിൽക്കകത്ത് പെരുവനം പാണ്ടി കത്തുന്നു. ഇലഞ്ഞിമരം വിറകൊള്ളുന്നു.
നാല്പതു പിറന്നാൾ ഉണ്ടു കഴിഞ്ഞപ്പോൾ ഇറങ്ങിപ്പോന്നതാണ് ഇലഞ്ഞിത്തറയിൽ നിന്ന്. പോകാൻ മടിയുണ്ട്. എങ്കിലും ഞാൻ ചോദിച്ചു.
"ഉള്ളില് കടക്കണോ?."
"വേണ്ട ചന്ദ്രമ്മാമാ. അടുക്കാൻ പറ്റില്ല്യ."
ചേച്ചിയുടെ മകൻ എതിർത്തപ്പോൾ
സമാധാനമായി.
"അപ്പൊ മട്ടന്നൂരിനെ കേക്കാം ല്ലേ?"
"അതെ. അത്ര തെരക്ക്ണ്ടാവില്ല്യ."
(പക്ഷേ കിഴക്കൂട്ട് വന്നപ്പോൾ സ്ഥിതി മാറി. സമുദ്രമാണ് ചുറ്റും.)
"ശര്യാ. ഞാൻ മട്ടന്നൂരിനെ കണ്ടിട്ടില്ല്യ."
രാവിലെ ചൂരക്കോട്ടുകാവ് പാണ്ടി കലാശം തുള്ളുന്നതിനിടയിൽ അടിച്ചു പോയ ക്യാമറയെ പ്രതിയുള്ള ദു:ഖത്തിനവധി കൊടുത്ത് മകൻ ആവേശം പൂണ്ടു..
"ന്നാങ്ങനെ."
മേളം നായ്ക്കനാൽ വിട്ട് മന്ദം മന്ദം കയറിവരുന്നുണ്ട്. ആൽത്തറക്കു സമീപം ഒരു മുക്കാലടി ഉയരമുള്ള കോൺക്രീറ്റ് വരമ്പു കണ്ടപ്പോൾ ഞങ്ങൾ അതിൽ കയറി സ്ഥാനം പിടിച്ചു. സ്ത്രീകളും കുട്ടികളുമായി നൂറു കണക്കിനാളുകൾ ആൽത്തറകളിലും ആനപ്പള്ള മതിലിലും നിറഞ്ഞു കഴിഞ്ഞു. മേളം കലാശം അല്പം കഴിഞ്ഞാൽ മുന്നിലെത്തും. വിസ്തരിച്ച് കാണാം. മുക്തകർണ്ണം കേൾക്കാം.
ആളും ആനയും മേളവും ശ്രീമൂലസ്ഥാനത്ത് നിരന്നു. മേളാസ്വാദകരുടെ ആയിരം കൈൾ അന്തരീക്ഷത്തിലുയർന്നു. തീരെ അകലെയല്ലാത്ത വെടിത്തറയിൽ കതിനകൾ താളത്തിൽ പൊട്ടി.
ജിവശ്ശാസ്ത്രപരമായ അനിവാര്യതപോലെ ഞങ്ങളുടെ കൈകളും കർമ്മനിരതമായി. മുക്കാലടി തിണ്ടിലാണ് നിൽപ്പെന്നതിനാൽ ഞങ്ങൾ നാലു പേരും ജനത്തിരക്കിൽ ഒന്നുയർന്നു നിന്നു. പാണ്ടിമേളം ശരീരഭാഷയിലേക്ക് വിവർത്തിച്ചു മതിമറന്നു നൃത്തമാടിയപ്പോൾ മാരാന്മാരടക്കം പലരും ഞങ്ങളെ ശ്രദ്ധിക്കാൻ തുടങ്ങി.
ആ വകയിൽ പല വാദ്യക്കാർക്കും ഞാൻ സുപരിചിതനാണ്!. (ക്ഷമിക്കണം; സുഹൃത്ത് ടൈറ്റസ്‌ ഇനാശു രംഗത്ത് വരുന്നതിനും സൂപ്പർ സ്റ്റാർ ആകുന്നതിനും മുമ്പത്തെ കഥയാണ് പറയുന്നത്!.)
പെട്ടെന്നാണവരെത്തിയത്. ചെറുപ്പക്കാരും മദ്ധ്യവയസ്കരും ചേർന്ന നാലാൾ സംഘം. നാൽവരും മുണ്ടും ജുബ്ബയും രണ്ടാം മുണ്ടും ധരിച്ച മുറുക്കാൻ വായക്കാർ. ഭീഷണമായ മുഖഭാവത്തോടെയാണവർ വന്നത്.
"ഹലോ!."
അടുത്തെത്തിയപാടെ ഒരാൾ എൻ്റെ പുറത്തു തട്ടി.
"ഇവടെ നിക്കാൻ പാടില്ല്യ!."
"അതെന്താ?."
ഞാൻ ചോദിച്ചു.
"മേളക്കാർക്ക് ബുദ്ധിമുട്ടുണ്ടാവും."
"എന്ത് ബുദ്ധിമുട്ട്?."
"അതൊക്കേണ്ട്. അലമ്പുണ്ടാക്കാതെ എറങ്ങി നിക്കണം."
"എന്തലമ്പ്? കൈ വീശുന്നതോ?. അങ്ങന്യാച്ചാ നൂറുകണക്കിനാൾക്കാര് വിശ്ണ്ടലോ?"
"തർക്കിക്കാണ്ട്. എറങ്ങി നിക്ക്വാ നല്ലത്."
മദ്ധ്യവയസ്ക്കൻ ജുബ്ബക്കൈ ചുരുട്ടി.
പേടിക്കണം. കമ്മിറ്റിക്കാരാവും. തിണ്ണബലമുണ്ട്!. പൂരം രണ്ടുനാൾ തദ്ദേശഭരണം തങ്ങളുടെ കൈകളിലെന്നു ഭാവിക്കുന്നവരാണ്!.
"എറങ്ങണില്ല്യ!."
വരുന്നതു വരട്ടെ എന്നുതന്നെ ഞാൻ കരുതി.
അത് കേട്ടയുടൻ അയാൾ എൻ്റെ ഷർട്ട് പിടിച്ച് താഴോട്ടു വലിച്ചു. ഭാഗ്യം കൊണ്ട് ഞാൻ വീണില്ല. നാൽവർ സംഘങ്ങൾ തമ്മിൽ പിടിവലിയായി. ജനശ്രദ്ധ ഞങ്ങളിലേക്ക് തിരിഞ്ഞു. പലരും ഞങ്ങൾക്കനുകൂലമായി പ്രതികരിക്കാൻ തുടങ്ങി.
"മാറി നിക്ക്!. എന്താ എന്താ പ്രശ്നം?."
ഗൌരവത്തിലുള്ള പുതിയൊരു സ്വരം കേട്ടപ്പോഴാണ് സംഭവമറിഞ്ഞ് അവിടെ തിക്കിത്തിരക്കിയെത്തിയ രണ്ടു പോലീസ് കോൺസ്റ്റബിൾമാരെ ഞങ്ങൾ കണ്ടത്.
"ഇവന്മാരിവിടെ അലമ്പുണ്ടാക്കുന്നു. പിടിച്ചു മാറ്റണം."
കമ്മിറ്റിക്കാരിൽ ഒരുവൻ ഞങ്ങളെ ചൂണ്ടി പറഞ്ഞു.
"അരമുക്കാ മണിക്കൂറായി ഞങ്ങള് നോക്കി നിക്ക്വാ. ഒരലമ്പും അവരുണ്ടാക്കീട്ടില്ല. ഉണ്ടാക്കീത് നിങ്ങളാണ്. തൽക്കാലം നിങ്ങള് സ്ഥലം വിട്!."
"ഞങ്ങളാരാന്നറീല്ല്യേ?."
നെഞ്ചിൽ കുത്തിയ ബാഡ്ജിൽ ചൂണ്ടുവിരൽ തൊടീച്ചുകൊണ്ട് ഒരു ചെറുപ്പക്കാരൻ ചോദിച്ചു.
"ഓ അറിയാലോ!. ഉത്സാഹക്കമ്മിറ്റിക്കാര് പോയി ആ മാരാന്മാർക്ക് ചായയോ സംഭാരമോ എന്താ വേണ്ട്ന്ന് ചോദിച്ച് കൊടുക്കാൻ നോക്ക്. ക്രമസമാധാനം ഞങ്ങൾക്ക് വിട്!. ചെല്ല് ചെല്ല്!."
ഞങ്ങളേയും പോലീസുകാരേയും മുറുക്കാൻ ചവച്ച് രൂക്ഷമായി നോക്കിക്കൊണ്ട് അവർ തിരക്കിന് പുറത്തുകടന്നു.
"സാർ താങ്ക്സ്!."
പോകാൻ തിരിഞ്ഞ പോലീസുകാരോട് ഞാൻ പറഞ്ഞു.
"ങ്ഹാ ശരി ശരി."
ഗൌരവം വിടാതെ തന്നെ നന്ദി സ്വീകരിച്ചു കൊണ്ട് അവർ മടങ്ങി.
മേളം തീർന്നു. ആരവമൊടുങ്ങി. ആനകളും ജനങ്ങളും കുടമാറ്റത്തിനു തെക്കോട്ടിറങ്ങാനായി വടക്കുന്നാഥൻ മതിൽക്കകത്ത് കയറാൻ തുടങ്ങിയപ്പോൾ ഞങ്ങൾ തിണ്ടിറങ്ങി നടന്നു. ഒരു ചായ കുടിക്കണം. വീട്ടിൽ പോണം. കുടമാറ്റം അജണ്ടയിലില്ല.
നടുവിലാലിലേക്ക് പത്തടി നടന്നപ്പോൾ പിന്നിൽ നിന്നും ഒരു കനത്ത സ്വരം.
"മേളത്തില് അലമ്പ്ണ്ടാക്കി പൂവ്വാല്ലേ?."
തിരിഞ്ഞു നോക്കിയപ്പോൾ മലർക്കെ ചിരിച്ചു നിൽക്കുന്ന പോലീസ് സബ്ബ് ഇൻസ്പെക്ടർ!. നേരത്തെ പറഞ്ഞ രണ്ടു പോലീസുകാരും അടുത്തു നിന്നു ചിരിക്കുന്നുണ്ട്.
"ങ്ഹ!. ഹലോ മോഹൻ!."
വളരെ കാലങ്ങൾക്കു ശേഷം കാണുന്ന ക്രിക്കറ്റ് സൌഹൃദത്തിൻ്റെ നാളുകളിലെ സുഹൃത്തിനെ ഞാൻ അഭിവാദ്യം ചെയ്തു.
"ഹലോ, മേളൊക്കെ നന്നായില്ല്യേ?."
സുഹൃത്തിൻ്റെ പ്രത്യഭിവാദ്യം.
"പിന്നേ! ഉഗ്രൻ. ശരിക്കും ആസ്വദിച്ചു!."
"ബാലേന്ദ്രൻ്റെ മേളം ഞങ്ങളും!. ഹ ഹ ഹ ഹ!."
സുഹൃത്തിൻ്റേയും സബോർഡിനേറ്റ്സിൻ്റേയും ഹൃദയം തുറന്ന ചിരി കണ്ടപ്പോൾ പിടിവലിയിലെ പോലിസ് നടപടിയിലെ ദുരൂഹതയുടെ ചുരുളഴിയുകയായിരുന്നു!.

അമ്മിണിച്ചേച്ചി


അമ്മിണിച്ചേച്ചി

ആദ്യപാഠങ്ങൾ പഠിപ്പിച്ച ഗുരുവാണ്.
വല്ല്യമ്മാവൻ്റെ മകളാണ്.
അളിയൻ്റെ സഹോദരിയാണ്.
മരണം വരെയും എൻ്റെ അഭ്യുദയ കാംക്ഷിയുമായിരുന്നു.

1959ൽ ഒന്നാം ക്ലാസ്സിൽ ചേർന്ന കാലം. കരച്ചിലും പിഴിച്ചലും പിടിവലിയും ഒന്നുമില്ലാതെ കൃത്രിമമായി ഉണ്ടാക്കിയ ഒരു തരം മനശ്ശാന്തിയോടെയാണ് ആദ്യ ദിവസം സ്കൂളിൽ ചെന്നത്. ധൈര്യത്തിന് അയൽവാസിയും ബാല്യകാല സഖാവുമായ മനയ്ക്കലെ ജയന്തനുണ്ടായിരുന്നു കൂട്ട്.

"മ്മക്ക് രണ്ടാൾക്കും ഒരു ക്ലാസ്സിലിരിക്കാം ട്ടാ ചന്ദ്രാ!. "

"ശരി!."

ജയന്തൻ്റെ പദ്ധതി ഉഷാറോടെ സ്വീകരിച്ചു.
ഒന്നാം ക്ലാസ്സ് എ.....
പത്തു നാല്പത് കുട്ടികളുള്ള ഇരുട്ടു നിറഞ്ഞ ക്ലാസ് മുറിയിൽ നിലവിളികൾക്കും കളിചിരി ബഹളങ്ങൾക്കും നടുവിൽ ഇരുന്നപ്പോൾ തൊട്ടരികിൽ ആത്മസുഹൃത്തിൻ്റെ ചൂടുള്ള സാമീപ്യം ഉണ്ടായിട്ടും ഭയം മനസ്സിൽ ഇരച്ചുകയറാൻ തുടങ്ങി.
മുട്ടിനു താഴെ ഇറക്കമുള്ള നീലം മുക്കിയ വെള്ള ഖദർ ജുബ്ബയും വീതിയുള്ള പച്ചക്കര മുണ്ടും വസൂരിക്കല നിറഞ്ഞ മുഖവും ചോരക്കണ്ണുകളുമായി പിഷാരടി മാസ്റ്റർ ഒരു കൊടുങ്കാറ്റു പോലെ ക്ലാസ്സിൽ കടന്നു വന്നു.

"സൈലൻസ്!."

മേശയിൽ കനത്ത കൈപ്പത്തി കൊണ്ട് രണ്ടു തട്ടു തട്ടി മാഷ് പരുക്കൻ സ്വരമുയർത്തിയപ്പോൾ ക്ലാസ്സ് നിശ്ശബ്ദമായി. എൻ്റെ ഉള്ളിലെ കിളിയും പറന്നുപോയി.
ഹാജർ പുസ്തകമെടുത്ത് മാഷ് പറഞ്ഞു.

"ഞാൻ പേര് വിളിക്കുന്ന കുട്ട്യോളൊക്കെ എണീറ്റ് നിക്കണം!. മനസ്സിലായോ?."

ആനന്ദവല്ലി എം.
അന്തോണി എ കെ
അരവിന്ദാക്ഷൻ പി.
അയ്യപ്പൻ പി.സി.
ബാലകൃഷ്ണൻ സി
ചാന്ദ്നി പി എൻ
:
:
ഗോപിനാഥൻ പി.കെ
ജയന്തൻ പി.എൻ.
:
:
നന്ദിനി എം
ഔസേഫ് ടി പി
:
:
സാവിത്രി പി
വിത്സൻ സി.ഡി.
മാഷ് പുസ്തകമടച്ചപ്പോൾ ഇരിക്കുന്നവനായി ഞാൻ മാത്രം!.
ചോരക്കണ്ണുകളുമായി മാഷ് അടുത്തുവന്നു ചോദിച്ചു:

"നിൻ്റെ പേരെന്താ?."
"ബാലചന്ദ്രൻ!."

മാഷ് വീണ്ടും പുസ്തകമെടുത്ത് പരിശോധിച്ചു.

അരവിന്ദാക്ഷൻ
അയ്യപ്പൻ
ബാലകൃഷ്ണൻ
ചാന്ദ്........!?

" നിൻ്റെ പേരില്ലല്ലോ ഇതിൽ?."
ഞാൻ ഒന്നും മിണ്ടാനാവാതെ നിന്നു.

"നിന്നോടാരാ ഇവിടെ ഇരിക്കാൻ പറഞ്ഞത്?."

മാഷ് ചോദിച്ചപ്പോൾ ഉള്ള് കിടുങ്ങി!..

"ഇക്ക് ജയന്തൻ്റെ കൂടെ ഇരിക്കണം!."

"ആരാ ജയന്തൻ?."

"ഇവൻ."

ഞാൻ ജയന്തനെ ചൂണ്ടിക്കാട്ടി.

"ഇവനാരാ നെൻ്റെ?."

"ൻ്റെ കൂട്ടുകാരനാ!. "

"അത് ശരി!. ങ്ഹാ കൂട്ടും കള്യൊക്കെ നാട്ടിലും വീട്ടിലും മതി. ക്ലാസ്സില് വേണ്ട."

ഇതോടെ ഞാൻ വാവിട്ടു കരയാൻ തുടങ്ങി.

"കുട്ട്യോള് ക്ലാസില് കരയരുത്!. "

മാഷ് ഉറക്കെ പറഞ്ഞു. എൻ്റെ കരച്ചിൽ വർദ്ധിതവീര്യത്തോടെയായി.

"നീ ഇങ്ങട്ട് വാ!. "

മാഷ് പരുപരുത്ത കൈക്കൊണ്ട് എൻ്റെ കൈ പിടിച്ച് തട്ടിക കൊണ്ടു മറച്ച അടുത്ത ക്ലാസ്സിലേക്ക് ചെന്നു.

"അമ്മിണി ടീച്ചറേ!. രെയ്സ്റ്ററില് ബാലചന്ദ്രൻ എന്ന കുട്ടീടെ പേര്ണ്ടോ?."

സുവർണ്ണപ്രഭ പരത്തുന്ന മുഖവും പുഞ്ചിരിയുമായി ടീച്ചർ അടുത്തു വന്നു.

"ഉവ്വ് മാഷേ. ചന്ദ്രാ നീയ്യെവിട്യായിരുന്നു?. പേര് വിളിച്ചപ്പൊ കണ്ടില്ലിലോ?."

"എൻ്റെ ക്ലാസ്സില് കൂട്ടുകാരൻ്റെ ഒപ്പം വന്നിരിക്ക്യായിരുന്നു കൊച്ചു കള്ളൻ!."

രണ്ടു പേരും പൊട്ടിച്ചിരിച്ചപ്പോൾ എന്നിക്കത്ഭുതം തോന്നിയത് ഈ ഭയങ്കരൻ മാഷക്ക് ചിരിക്കാനും അറിയാമോ എന്നായിരുന്നു.

"എൻ്റെ അച്ഛൻ്റെ മരുമോൾടെ മോനാണ് മാഷേ. ചന്ദ്രൻ വാ. ഇബടേരിക്ക്. ഇതാണ് മോൻ്റെ ക്ലാസ്സ്. ചേച്ചീടെ ക്ലാസ്സാണ്, പേടിക്കണ്ട ട്ടാ."

ഒന്നാം ക്ലാസ്സ് ബി.....

പത്താം ക്ലാസ്സ് വരെയും ഡിവിഷൻ ബി പിന്നാലെ കൂടി. ബാലേന്ദ്രൻ്റെ ബി!.

ദുസ്വപ്നസദൃശമാകുമായിരുന്ന ഒന്നാം ക്ലാസ്സിനെ ധൈര്യവും ആത്മവിശ്വാസവും പകർന്നു ഗൃഹസമാനമാക്കിയ സ്നേഹത്തിൻ്റെ ഗുരുമുഖമായിരുന്നു അമ്മിണിട്ടീച്ചർ എന്ന അമ്മിണിച്ചേച്ചി.

"ചന്ദ്രാ മോനേ... നെനക്ക് സുഖല്ലേടാ?. ങ്ഹാ മിടുക്കനാവണം ട്ടാ!. "

ബാങ്കിൽ നിന്ന് റിട്ടയർ ചെയ്തിട്ട് ആറു വർഷം കഴിഞ്ഞ സമയത്ത് എന്നോട് പറഞ്ഞ വാക്കുകൾ!.

അറുപത്തിയാറിലും ആറു വയസ്സുകാരനെ കണ്ട ആ നിഷ്ളങ്കതയും വാത്സല്യവും എനിക്ക് നഷ്ടമായിരിക്കുന്നു...
അമ്മിണിച്ചേച്ചി ഇനി ഓർമ്മകളിൽ മാത്രം..
:
.

 Parangodath 

തിരുമേനിയും തിരുമേനിയും

 

തിരുമേനിയും തിരുമേനിയും

കുഞ്ഞുട്ടൻ തിരുമേനി എൻ്റെ സുഹൃത്ത് ജയന്തൻ്റെ അച്ഛനും അയൽവാസിയുമായിരുന്നു.
അന്ന് തിരുമേനിക്ക് 90 കഴിഞ്ഞിട്ടുണ്ട്. സമപ്രായക്കാരനായ ഒരു ഹെർക്കുലീസ് സൈക്കിൾ ചവിട്ടി കക്ഷി ഊരു മുഴുവൻ ചുറ്റും. സൈക്കിളില്ലാതെ തിരുമേനിയെ ഇല്ലത്തിനു വെളിയിൽ കാണുക വിരളം.
ഒരു ദിവസം സൈക്കിളില്ലാതെ തൻ്റെ പാണ്ട്യാലയിലേക്ക് വന്ന് മുറുക്കാൻ സാധനങ്ങൾ ആവശ്യപ്പെട്ട തിരുമേനിയോട് കൊച്ചുദേവസ്സി ചോദിച്ചു:
"അയ് തമ്പുരാൻന്താ നടന്നട്ട്?. വണ്ടി?."
"വണ്ടി ഇല്ലത്ത്ണ്ട്?."
"ന്നട്ടെന്തേ?."
"ഒന്നൂല്ല്യ കൊർച്ചീസായിട്ട് കാലിൻ്റെ മുട്ടിനൊക്കെ ഒരു വേദന."
"ഔ എന്താദ്!."
"ആവോ, ഇപ്പന്നിങ്ങിന്യായാ നി വയസ്സാമ്പൊ എന്താ കണ്ടേക്കണേശ്ശല്ല്യ!."
ഏതാണ്ടിതുപോലൊന്ന് ക്രിസോസ്റ്റം തിരുമേനിയും പൊട്ടിച്ചിട്ടുള്ളതായി വായിച്ചിട്ടുണ്ട്.
നാല്പതുകാരനായ എബിയാണ് ക്രിസോസ്റ്റം തിരുമേനിയുടെ കാര്യസ്ഥൻ. ച്ചാൽ കാറോടിക്കുന്നതടക്കം തിരുമേനിയുടെ എല്ലാ കാര്യങ്ങളും നോക്കുന്നത് എബിയാണ്.
ഒരു ദിവസം കാറ് കഴുകി വൃത്തിയാക്കിക്കൊണ്ടിരുന്ന എബിയോട് നൂറു കഴിഞ്ഞ തിരുമേനി ചോദിച്ചു:
"എടാ എബി, ഞാനാലോചിക്കുവാ. നിൻ്റെ കാലം കഴിഞ്ഞാൽ എൻ്റെ കാറ് ആരോടിക്കുമെടാ?."
തിരുമേനിമാരൊക്കെ ഇങ്ങിനെ ചിരിപ്പിച്ചു ചിരിപ്പിച്ചാവണം മലയാളികളൊക്കെ ദീർഘായുഷ്മാന്മാരായത്!.
മനഷ്യസ്നേഹത്തിൻ്റെയും മതസാഹോദര്യത്തിൻ്റെയും പ്രതിപുരുഷനായിരുന്ന ചിരിയുടെ മാർപ്പാപ്പയ്ക്ക് പ്രണാമം!

ഗണപതി


ഗണപതി


"ആ പറങ്ങോടത്തെ പാറൂട്ടീടെ വയറ് കണ്ട്വോ?."

"അതന്നേ!. വല്ലാണ്ടേണ്ട്. എഴായിട്ടേള്ളോ!. രണ്ട് കുട്ട്യാവുന്നാ തോന്നണെ."
"എനിക്ക്വങ്ങനെ തോന്നായേല്ല്യ."
"ഏറെ പേറെട്ത്ത്ട്ട്ണ്ട് ഞാൻ. ഇങ്ങനൊന്ന് ആദ്യായിട്ടാ കാൺണ്; ബുദ്ധിമുട്ടിക്ക്യാവൊ!."
പക്ഷേ നാടിൻ്റേയും വയറ്റാട്ടിയുടേയും കണക്കുകൂട്ടലുകളും ഉത്കണ്ഠകളും അസ്ഥാനത്താക്കിക്കൊണ്ടാണ് പാറൂട്ടി പെറ്റത്; സുഖപ്രസവം. സിംഗിൾ.
"ഒന്നാച്ചാലും രണ്ടിൻ്റെ തൊടണ്ട് ട്ടാ!."
ഇരട്ടക്കുട്ടികൾക്ക് കണ്ണു നട്ടിരുന്നവർ സമാധാനിച്ചത് അങ്ങിനെയാണ്.
ആകാരത്തിൽ മാത്രമല്ല ആഹാരത്തിലും രണ്ടിൻ്റെ പ്രഭാവമുണ്ട് എട്ടാമത്തെ പുത്രനെന്ന് അച്ഛന് മനസ്സിലായത് പിന്നീടാണ്.
തൃപ്രയാറമ്പലത്തില് ചോറൂണിനു തന്നെ ആദ്യ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയിരുന്നു. പരികർമ്മി നമ്പൂതിരി നേദ്യച്ചോറും പരിപ്പും പപ്പടവും തൈരും വിളമ്പിത്തോറ്റു എന്നാണ് ചരിത്രം. അന്നപ്രാശത്തിന് രണ്ടാമത് വിളമ്പി ആചാരലംഘനം നടത്തിയ ഓർമ്മ തനിക്കില്ലെന്ന് വൃദ്ധൻ നമ്പൂതിരി അച്ഛനും അമ്മയും അറിയാതെ അമ്മാവനോട് കുശുകുശുത്തത് തനിക്കറിയാമെന്ന് പിൽക്കാലത്ത് ചേച്ചി പറഞ്ഞു കേട്ടിട്ടുണ്ട്.
ബകൻ എന്നു വിളിച്ചു കരയിപ്പിച്ചതിൻ്റെ വകയിൽ അമ്മയിൽ നിന്നും വേണ്ടത്ര വാങ്ങിക്കൂട്ടിയിട്ടുണ്ട് ചേച്ചി.
"അസത്ത്! കരിനാക്കോണ്ടോരോന്ന് പറഞ്ഞട്ട് കുട്ടിക്ക് വല്ലതും പറ്റ്വാവോ ൻ്റെ തേവരേ...!."
കൂട്ടിക്കുഴച്ച് ബ്ലാസിയ ചോറും തൈരും, വേവിച്ചുടച്ച് അരി കളഞ്ഞ നേന്ത്രപ്പഴവും രാവിലെ, ഉച്ച, രാത്രി പരിധികളില്ലാതെ കിണ്ണമൊഴിയുന്നതു കണ്ടപ്പോൾ അച്ഛന് ആധിയായി.
"ദെന്താദീ കുട്ടി ഇങ്ങനെ?. വല്ല സൂക്കേടെങ്ങാനും?."
"അതെ! കണ്ണിക്കണ്ടത് പറഞ്ഞിട്ട് കുട്ടിക്ക് വല്ല രോഗോം വര്ത്താഞ്ഞാ മതി!."
അമ്മ പ്രതിഷേധിക്കും.
പ്രതിഭാസത്തിന് വെച്ചടി വെച്ചടി ഏറ്റമല്ലാതെ ഇറക്കത്തിൻ്റെ ലക്ഷണം കാണുന്നില്ലെന്നു വന്നപ്പോൾ ഒരു നാൾ അമ്മയുടെ പ്രതിരോധങ്ങളെ വകവെയ്ക്കാതെ കുട്ടിയേയുമെടുത്ത് അച്ഛൻ ആശുപത്രിയിലെത്തി.
"ങ്ഹ നാരായണൻ നായരോ?. എന്താവോ ഈ മിട്ക്കനേം കൊണ്ട്?."
കുട്ടിയെ നോക്കി ഹൃദ്യമായി ചിരിച്ചുകൊണ്ട് ഡോക്ടർ ചോദിച്ചു.
"ഒടുക്കത്തോനാ."
"എത്ര്യായീ?."
"എട്ട് മാസം."
"ഭേഷ്! ഒരു വയസ്സിൻ്റെ വളർച്ചേണ്ട് കുട്ടപ്പന്. ഭക്ഷണൊക്കെ നല്ലണം കഴിക്ക്വല്ലേ? "
" കഴിക്ക്വോന്നാ!. അസ്സലായി!. അത് പറ്യാനാ ഡോട്ടറേ ഞാൻ ഇയാളേം കൊണ്ട് വന്നത്!."
പ്ളും പ്ളും പരുവത്തിലുള്ളവനെ ഡോക്ടറുടെ മുന്നിലുള്ള മേശയിൽ കുത്തി പ്രതിഷ്ഠിച്ചുക്കൊണ്ട് അച്ഛൻ പറഞ്ഞു.
"എന്താദ്?.".
"ദിവസം മുഴൻ കഴിച്ചോണ്ടിരിക്കണം കുട്ടിക്ക്. മുതിർന്നൊരാള് കഴിക്കണത്ര ചോറ് മൂന്നേരോം കഴിക്കും. കുടിക്കണേനും കണക്കില്ല്യ. എട്ടാമത്തോനാ. മൂത്ത ഏഴാൾക്കും ഇതുപോലെ കണ്ടട്ടില്ല്യ. പരിഭ്രമായീപ്പോ ഡോട്ടറെ കാണിക്കാന്ന് വെച്ചതാ. ന്തെങ്കിലും അസുഖം...."
" ഹ ഹ ഹ ഹ ഹ ഹ ഹ...."
നൂറു മീറ്റർ നീളമുള്ള ഒരു ചിരി ചിരിച്ചുകൊണ്ട് ഡോക്ടർ മേശയിലിരുന്നു പ്രഷർ അപ്പാരറ്റസ്സിൽ ഗവേഷണം നടത്തുന്ന കുട്ടിയെ എടുത്ത് മടിയിലിരുത്തി. തുടുതുടുത്ത കവിളിലും വയറിലും അരുമയോടെ തഴുകി.
"എന്ത് കൂട്ട്യാ ഇയാൾക്ക് ചോറ് കൊടുക്ക്വാ?."
"തൈര്."
"പോര!. ട്ടോ മോനേ... മോൻ അസ്സലായിട്ട് കഴിച്ചോളോ. അച്ഛനങ്ങട് പരിഭ്രമിക്കട്ടെ. തൈര് കൂടാണ്ട് നെയ്യും കൂട്ടിക്കൊഴച്ച് വയറ് നറച്ച് തരണന്ന് ഞാനച്ചനോട് പറേണ്ട് ട്ടാ. ഹമ്പട അച്ഛാ!."
കുട്ടിയെ തിരിച്ചേൽപ്പിക്കുമ്പോൾ ഡോക്ടർ അച്ഛനെ ഉപദേശിച്ചു.
"കഷ്ടം നാരേണൻനായരേ!. ഇക്കാര്യോം പറഞ്ഞ് എന്നെ കാണാൻ വന്ന വിവരം ആരോടും പറേണ്ട!. കുട്ട്യോള് ഭക്ഷണം കൂടുതല് കഴിക്കണത് ഒരു സൂക്കേടാ!?. കഴിക്കട്ടെ. ഇനീം കഴിക്കട്ടെ. ഒട്ടും പരിഭമിക്കണ്ട ട്ടോ."
കൺസൾട്ടേഷൻ റൂമിൽ നിന്നു പുറത്തു കടന്ന് കുട്ടിയെ മാറോട് ചേർത്തമർത്തുമ്പോൾ അച്ഛൻ്റെ കണ്ണു നിറഞ്ഞു.
"ഗുര്വാരപ്പാ...!."

ഒരു പിന്നാമ്പുറക്കഥ

 

ഒരു പിന്നാമ്പുറക്കഥ

"കാശ് കൊടുത്ത് കൂട്ടാൻ കഷ്ണം വാങ്ങാത്തോർക്ക് കൊള്ളാം!."
അപമാനവും അരികുവൽക്കരണവും അതിജീവിച്ച കായ്ക്കറിയാണ് കൊപ്പ. ആ കൊപ്പക്കും ചക്കക്കുമൊക്കെ ഇന്ന് അദാനി അംബാനി അടുക്കളകളിലും കസേരയുണ്ട്. താങ്ക്സ് റ്റു ദി പാൻഡെമിക്ക്!.
കൊപ്പക്കായ കണ്ണിൻ്റെ ദൃഷ്ടിക്കു കണ്ടുകുടാതിരുന്നിട്ടും വീടിന് മുന്നിൽ രണ്ട് തയ്യ് വളർന്നതിൻ്റെ പേരിൽ പണ്ട് ഈയുള്ളവൻ കേട്ട പരിഹാസങ്ങൾക്കും അപഖ്യാതികൾക്കും കണക്കില്ല.
"ആ വളരണത് കൊക്കോത്തയ്യൊന്ന്വല്ല ട്ടാ. കൊപ്പ്യാ കൊപ്പ. ബാലന്ദ്രൻ രാസവളട്ട് വളർത്തണതാ!. കണ്ട്വോ കായേടെ എണ്ണോം തൊടോം!."
കിണറ്റിൻ കരയിലെ കൊപ്പമരങ്ങൾ ചൂണ്ടി സുഹൃത്ത് പറഞ്ഞു.
"മോൻ്റെ ചോറൂണിന് കൊപ്പക്കായോണ്ട് പുളിങ്കറി വെച്ചോനാ ഖള്ളൻ!."
തരം കിട്ടുമ്പോഴൊക്കെ കൊപ്പയിൽ ചാരി കളിയാക്കിയിരുന്ന സുഹൃത്തിൻ്റെ വീട്ടിൽ ഒരു ദിവസം ഞങ്ങൾ മൂന്നു പേർ ചെന്നു. വായനശാല വാർഷികത്തിന് നാടകം അവതരിപ്പിക്കുന്നതിനെ പറ്റി ചർച്ചിക്കാൻ. ചർച്ചയ്ക്കൊടുവിൽ ഞാൻ ചോദിച്ചു:
"ഡാ നിൻ്റെ ചാമ്പ കാച്ചില്ല്യേ?."
നല്ല വലിപ്പവും മധുരവുമുള്ള ചൊകചൊകാ ചാമ്പക്ക കുലകുലയായി കായ്ക്കുന്ന വലിയ മരമുണ്ട് അവൻ്റെ വീടിനു പിന്നിലെ തെങ്ങിൻ തോപ്പിൽ.
"ആവോ. നോക്കീട്ടില്ലിട."
സുഹൃത്ത് ചോദ്യം അവഗണിച്ചതായി എനിക്കു തോന്നി.
"വാ നോക്കാം."
ഞങ്ങളെണീറ്റു.
"വേണ്ട്ര ഇണ്ടാവില്ല്യ."
"എന്താണ്ടാവില്ല്യാന്ന്. ഇപ്പതിൻ്റെ ടൈമാ."
ഞങ്ങൾ പടിഞ്ഞാറേ വളപ്പ് ലക്ഷ്യമാക്കി മറ്റത്തേക്കിറങ്ങിയപ്പോൾ സുഹൃത്ത് വഴി തടഞ്ഞു.
"എവടക്കാണ്ടാ നിങ്ങള്. ചാമ്പ കാച്ചിട്ടില്ല്യാന്ന് പറഞ്ഞില്ല്യേ!."
എല്ലാ തവണയും വന്ന് ഇഷ്ടം പോലെ പൊട്ടിച്ചു തിന്നാറുള്ളതാണ്. ഇതെന്താണ് ഇത്തവണ ഇവനൊരു വെപ്രാളം?. എന്നാ അതൊന്നറിഞ്ഞിട്ടു തന്നെ കാര്യം. എനിക്കു തോന്നി.
"അങ്ങനെ വരാൻ വഴീല്ല്യ. നോക്കട്ടെ, നീ മാറി നിക്ക്!."
"ഡാ ബാലന്ദ്രാ!."
''മിണ്ടാണ്ട് നിക്കട നിയ്യ്!."
ഞങ്ങളവനെ തള്ളി മാറ്റി തെക്കേപ്പുറത്തു കൂടി പടിഞ്ഞാറെ വളപ്പിൽ കടന്നു.
തെങ്ങും ഇടയിൽ കവുങ്ങുകളും നിറഞ്ഞ് ഇരുണ്ടു നിൽക്കുന്ന തൊടി. വടക്കു പടിഞ്ഞാറെ മൂലയിലേക്ക് ഞങ്ങൾ നോക്കി. കായ നിറഞ്ഞ് ചുവന്ന പൂക്കാവടി പോലെ അതാ ചാമ്പ!. കാളത്തേക്ക് നടത്തി വെള്ളമൊഴുക്കുന്ന ആണികളിലൂടെ ചാമ്പയ്ക്കരികിലേക്ക് ആർത്തി പൂണ്ട് നടക്കുമ്പോഴാണ് ഞങ്ങളത് ശ്രദ്ധിച്ചത്. കവുങ്ങെന്ന് കരുതിയത് മുഴുവനും കവുങ്ങല്ല. മുഴുത്ത കായകൾ നിറഞ്ഞു ചാഞ്ചാടുന്ന മുട്ടൻ കൊപ്പമരങ്ങൾ!.
"ഡാ...."
ഒരു മുഴുക്കാപ്പ് ചാർത്താനായി ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് സുഹൃത്തിനെയല്ല പറമ്പിലേക്ക് നടന്നു വരുന്ന അവൻ്റെ അച്ഛനെ.
"എന്താല്ലാവരും നോക്കി നിന്നേ, ചാമ്പക്കായ പൊട്ടിക്കണില്ല്യേ?."
"ഇല്ല്യ, പൊട്ടിക്കാൻ പോവാ. എടക്ക് കൊപ്പകള് കണ്ടപ്പൊ ഒന്ന് നോക്കി നിന്നതാ!. ശെന്താ, എത്ര കൊപ്പോളാ!. ഒരഞ്ചുപത്തെണ്ണണ്ടാവും ല്ല്യേ?."
"ഇരുവത്തഞ്ച്."
"ഇരുവത്തഞ്ചാ!. "
"അതെ. ഒക്കവൻ നട്ടതാ."
ഞങ്ങൾ പരസ്പരം നോക്കി വാ പൊളിച്ചു നിന്നു.
"അഞ്ചെണ്ണം നമ്മക്ക് നിർത്തീട്ട് ബാക്ക്യൊക്കെ ദേവസ്സിക്ക് കരാറാക്കി."
മതിവരുവോളം പൊട്ടിച്ചു തിന്നും മടിയിൽ കിഴി കെട്ടിയും ചാമ്പക്കയുമായി വീട്ടുമുറ്റത്തു വന്നപ്പോൾ തിണ്ണയിലിരുന്നു ചിരിക്കുകയാണ് സുഹൃത്ത്!. ബേപ്പൂർ സുൽത്താൻ ഇടക്കിടെ പറയാറുള്ള ആ അളുമ്പൂസൻ ചിരി!.