2018, ഒക്‌ടോബർ 13, ശനിയാഴ്‌ച

കൊലവെറി

കൊലവെറി


നല്ല ഊക്കന്‍ പാളയങ്കോടന്‍ കുലയായിരുന്നു. കടയും തലയും നീക്കിയാല്‍തന്നെ മൂന്നടിയോളം നീളം. കുറഞ്ഞത് ഇരുനൂറു തുടമുള്ള കായകള്‍. വിളവെടുപ്പ് പക്ഷേ സുകരമായിരുന്നില്ല. കായ ഉന്നതകുലനാണ്. അസാധാരണ ഉയരമുള്ള വാഴയില്‍ മൂത്തു മിനുങ്ങി നില്‍ക്കുന്നു. ചുറ്റിലും തെങ്ങടിച്ചാല്‍ പന വീഴുന്ന മട്ടിലുള്ള ദീര്‍ഘകായന്മാര്‍ നാലഞ്ചെണ്ണം വേറെയുമുണ്ട്. ന്യൂജെന്‍ വാഴകളൊക്കെ ബുര്‍ജ് കലീഫയുടെ തറവാട്ടുകാര്‍.
ആസൂത്രിതമായായിരുന്നു ഓപ്പറേഷന്‍. കഴുത്തു വെട്ടി തല കുമ്പിടീച്ച് കുല വെട്ടണം. കെല്‍പ്പിനൊപ്പം ഏനവും അനുഭവസമ്പത്തും ആവശ്യപ്പെടുന്ന പണിയാണ്. താങ്ങാന്‍ രണ്ടാളെ ചട്ടം കെട്ടി പതിനഞ്ചടിയോളം പൊക്കമുള്ള വാഴയുടെ പത്തടിക്ക് മുകളിലുള്ള അടിക്കഴുത്തില്‍ വെട്ടി മെല്ലെ ചായ്ച്ച് കുല അറുത്തെടുക്കണം. ഭാര്യയും വീട്ടുജോലിക്കാരിയും അരുംകൊലയ്ക്ക് കൂട്ടിനുണ്ട്.
പ്രവര്‍ത്തിപരിചയം കമ്മിയാണെങ്കിലും അഹന്തക്ക് കുറവില്ലാതിരുന്നവന്‍റെ അഞ്ചടി പതിനൊന്നിഞ്ച്‌ ഉയരത്തില്‍നിന്നുയര്‍ന്ന രണ്ടടി നീളമുള്ള വീശുവാള്‍ ചെന്ന്‍ വീണത്‌ കൃത്യം പത്തടിയില്‍. പക്ഷേ ഉന്നതകുലൻ അചഞ്ചലന്‍.

“ഒരു വെട്ടുംകൂടി വെട്ട്വോ!.”

പണിക്കാരിയുടെ ആഹ്വാനം.
ഒന്നുകൂടി കൊടുത്തു. അതേറ്റു. പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി കാണിക്കുന്ന അവധാനതയോടെ വാഴ താഴേക്ക് ചെരിഞ്ഞു ചെരിഞ്ഞു കുനിഞ്ഞു നിന്നു. തിങ്ങിക്കൂടിനിന്ന കട്ടിയുള്ള ഇലകള്‍ അരിഞ്ഞ് വെട്ടിയെടുക്കാന്‍ നോക്കിയപ്പോള്‍ കുലയെവിടെ?.


“അയ്‌ ദെന്താപ്പദ്, കൊലെവടെപ്പോയ്!.”

വേലക്കാരി അന്തംവിട്ടു നിന്നു.
ചതി മനസ്സിലാക്കാന്‍ ഒരു നിമിഷമെടുത്തു; ഭാര്യയുടെ കഷ്ടം വെപ്പ് കാണുന്നതു വരെ.


“അസ്സലായി. വാഴ മാറി വെട്ടീ!.”

നോക്കിയപ്പോള്‍ ശരിയാണ്; സന്താനഭാഗ്യമില്ലാതെ മുന്നേ ഗമിച്ചവളുടെ ജീവജലം ഇറ്റ് വീഴുന്ന വാള്‍ത്തലപ്പിനേയും ആള് മാറി വെട്ടിയവന്‍റെ ജാള്യതയേയും മാറി മാറി നോക്കി ഉറഞ്ഞു ചിരിക്കുന്ന കുലവാഴ!.

“ അല്ലാ എന്തൂട്ട് പണ്യാ ഈ കാട്ട്യേ!. കഷ്ടം!.”

“അദ്ദന്നെ!.”

“അപ്പ വെട്ടുമ്പൊ നിങ്ങള്‍ടെ രണ്ടാള്‍ടെ മോത്തും കണ്ണ്ണ്ടാര്‍ന്നില്ല്യെ!.”

ഒറ്റ വീശിന് കഴുത്തറുത്ത് കുല വെട്ടി പിണ്ടി രണ്ടും പിളര്‍ന്ന് ഉണ്ണികളെ പുറത്തെടുത്ത് തുണ്ടം തുണ്ടമാക്കി ഫ്രിജ്ജില്‍ കയറ്റിയിട്ടേ കലിയടങ്ങിയുള്ളു!.