2017, നവംബർ 3, വെള്ളിയാഴ്‌ച

വട്ട്


വീണ്ടും ഒരു മോണിംഗ് വാക്ക് കഥ.

ആമ്പക്കാട് പള്ളിവരെയും തിരിച്ചുമുള്ള മൂന്ന് മൂന്നര കിലോമീറ്റര്‍ പതിവുനടത്തത്തിൻ്റെ രണ്ടാം പാതിയായിരുന്നു മുഹൂര്‍ത്തം . നടുവത്തുപാറ പാടത്തിനു നടുവിലുള്ള റോഡിലൂടെയാണ് കുറച്ചു കാലമായി ബ്രിസ്ക്കനടിക്കുന്നത്. കുര്‍ബ്ബാന കൈകൊള്ളാന്‍ കാലിലും കാറിലും ബൈക്കിലുമായി പള്ളിയിലേക്ക് പോകുന്നവരുടെ തിരക്കുണ്ട്. വെള്ളം വറ്റിച്ചുകൊണ്ടിരിക്കുന്ന കോള്‍പാടത്തെ നിലങ്ങളില്‍ ടില്ലറുകള്‍ കുട്ടികളെപ്പോലെ ചേറില്‍ ചപ്ലി കളിക്കുന്നു. നടരാജന്മാരായി ധാരാളം പേര്‍ വേറെയുമുണ്ട് വഴിയില്‍. പലരും പരിചിതര്‍.

"ഹലോ ബാലന്ദ്രന്‍!."
"ബാലേട്ടാ!."
"ബാലന്ദ്രേട്ടൈന്‍!."
പരിചയവും സ്നേഹവും പുരട്ടിയ അഭിവാദ്യങ്ങളും പ്രത്യഭിവാദ്യങ്ങളും മുക്തകണ്ഠം ആസ്വദിച്ചുകൊണ്ടുള്ള ഈ പ്രഭാതസവാരി പകര്‍ന്നു തരുന്ന ആഹളാദം ഒന്ന് വേറെ തന്നെ..
വൈദികപരിശീലത്തിന്‍റെ ഭാഗമായുള്ള സേവനപ്രവര്‍ത്തനങ്ങള്‍ക്കായി നാട്ടില്‍ വന്നു താമസിക്കുന്ന ശെമ്മാശന്‍മാരുടെ ഒരു സംഘം എതിരെനിന്നു വന്നു. കടന്നു പോകുന്ന വേളയില്‍ ഒരാഴ്ചത്തെ പരിചയത്തിന്‍റെ സൌഹൃദത്തില്‍ പൊതിഞ്ഞ് അവര്‍ സമ്മാനിച്ച സുപ്രഭാതങ്ങള്‍ക്ക് പകരമായി ഈണത്തില്‍ ഒരെണ്ണം തിരിച്ചുകൊടുത്തു. ആയതിലുണ്ടായ ഉള്‍പ്പുളകവുമായി നടത്തം ഉഷാറാക്കി. ഒരു നൂറടി നടന്ന് കാണും; എതിരെനിന്നു വരുന്ന രണ്ടു പേര്‍ക്ക് സമീപം ഒരു കാറ് വന്നു നിന്നു.
"ജോസേട്ടാ വാ കേറ്!,"
"ഏയ്‌ വേണ്ട്ര നിയ്യ് പൊക്കോ."
"നിയ്യ് പള്ളീല്‍ക്കല്ലേ?."
"അതെ."
"ന്നാ വാന്ന്, സ്ഥലണ്ട്."
"വേണ്ട ഞാന്‍ നടന്നോളാo."
"അയ്‌! കേറടപ്പാ.ഒന്നൊന്നര കിലോമീറ്റ്റില്ല്യേ? എന്തിനാ നടന്ന് ക്ഷീണിക്കണ്?."
"അത് സാരല്ല്യ, നിയ്യ് പൊക്കോ. എനിക്ക് നടക്കണം. അതോണ്ടാ."
"മടക്കോം നടത്തന്ന്യാ?."
"പിന്നല്ലാണ്ട്?"
"ഈശോയേ നാല് കിലോമീട്ട്രാ?. ങ്ങ്ഹും ശരി; ന്നാ നിയ്യ് കേറടാ ബാബ്വോ."
"ജോസേട്ടാ ന്നാ ഞാനങ്ങട് പോയാലോ?."
"നിയ്യ് പൊക്കറാ."
കാറ് വിട്ട് കാലില്‍ ഉറച്ചുനിന്നതിനോട് ഐക്യപ്പെട്ട എന്‍റെ മനസ്സ് ജോസേട്ടന് സിന്ദാബാദ് വിളിച്ചു.
"ബെസ്റ്റ് പാര്‍ട്ടി ഷ്ടാ! രണ്ടും രണ്ടും നാല് കിലോമീറ്ററ് ദിവസോം നടക്കാന്‍ യാള്‍ക്കെന്താ വട്ട്ണ്ടാ?."
ബാബുവിനെയും കയറ്റി പോകുന്ന വഴി എന്നെ നോക്കി കാറോട്ടി പറഞ്ഞത് കേട്ടപ്പോള്‍ എനിക്ക് സംശയവും ലേശം ജാള്യതയും അനുഭവപ്പെട്ടു.
എന്നോടായിരുന്നോ?.
പക്ഷെ കടന്നുപോകുമ്പോള്‍ ജോസേട്ടന്‍ നടത്തിയ പിറുപിറുപ്പില്‍ എല്ലാം കലങ്ങി തെളിഞ്ഞു.
"മേലനങ്ങാണ്ട് വട്ടുംപിടിച്ച് നടക്കണത് നിയ്യാ!."
അദ്ദ് കറക്റ്റ്!.