2013, ഓഗസ്റ്റ് 22, വ്യാഴാഴ്‌ച

അഹമ്മതി




അഹമ്മതി 

നാട്ടിലെ അങ്ങേയറ്റം അദ്ധ്വാനശീലനായ ഒരു കൃഷിക്കാരനായിരുന്നു ചെറുപ്പക്കാരൻ. സുമുഖന്‍, നിഷ്കളങ്കന്‍, പരോപകാരി. വയല്‍ക്കരയില്‍ തലയുയര്‍ത്തിനിന്ന നാലുകെട്ടിലെ ശാലീനസുന്ദരിയുമായി കലശലായ പ്രണയത്തിലുമായിരുന്നു ഇഷ്ടൻ. പക്ഷെ തിരക്കഥയിലെന്നപോലെ പോല ബന്ധം രണ്ടു പേരുടെയും വീട്ടുകാർ നഖശിഖാന്തം എതിർത്തു. ഒന്നുകിൽ ഞങ്ങൾ അല്ലെങ്കിൽ അവൻ എന്നു വീട്ടുകാർ അന്ത്യശാസനമിറക്കിയപ്പോൾ ചരിത്രപരമായ മണ്ടത്തരത്തിനൊന്നും മുതിരാതെ അവസരമൊത്തുവന്ന ആലോചനയിലെ ഡൽഹിക്കാരനെ കെട്ടി കാമുകി ചന്ദ്രികയായി. നിലാവിന്‍റെ നാട്ടിൽ നിശാഗന്ധി പൂക്കുന്നതു കാത്തുനില്‍ക്കാതെ കാമുകൻ സാഹചര്യം രമണീയമായിതന്നെ കൈകാര്യം ചെയ്തു. കാമുകി കെട്ടിയോനോത്ത് നിസാമുദ്ദീനിലേക്കു ജയന്തി ജനത കയറിയ നാൾ അർദ്ധരാത്രി പുഞ്ചനെല്ലിന് പൂശാനായി തൊഴുത്തിന്‍റെ ഉത്തരത്തിൽ വെച്ചിരുന്ന പരാമർ കുപ്പി അപ്പാടെ മോന്തി തിരസ്കൃതനും യാത്രയായി......


കൊളുത്തിയ നിലവിളക്കിനു കീഴിൽ ഭസ്മക്കുറി തൊട്ട് അലക്കിയ മല്ലുമുണ്ടും പുതച്ചു നറുപുഞ്ചിരിയോടെ തളത്തില്‍ തെക്കോട്ടു തലവെച്ചു കിടന്ന കഥാവശേഷനെ ഒരു നോക്കു കാണാൻ ദേശക്കാര്‍ വന്നും പോയുംകൊണ്ടിരുന്നു. വടക്കേ അകത്ത് സന്ധുബന്ധുക്കളുടെ രാമച്ചവിശറിക്കു കീഴിൽ മോഹാലസ്യപ്പെട്ടു കിടന്ന അമ്മ. മുറിയുടെ മൂലയില്‍ കാല്‍മുട്ടുകള്‍ക്കിടയില്‍ തല പൂഴ്ത്തി വിങ്ങിക്കരയുന്ന അനിയത്തി.. തെക്കേ വളപ്പിൽ കരക്കാർ നടത്തുന്ന ശവസംസ്കാരശ്രമങ്ങളിലേക്ക് പടിഞ്ഞാപ്പുറത്തെ ഉത്തരത്തിൽ പിടിച്ചു ശൂന്യമായ മുഖത്തോടെ നോക്കി നിന്ന അച്ഛൻ.....


പൂമുഖത്തിണ്ണയിലെ ചിത്രത്തൂണും ചാരി കാലുകൾ നീട്ടി അവരിരുന്നു. മുത്തശ്ശി.....


മുറുക്കാൻ ചവച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ഉമ്മറത്തു വന്നു കയറുന്നവരെ അവർ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഇടക്കിടെ മുറ്റത്തു വന്നു പരുങ്ങി .നില്‍ക്കുന്നവര്‍ക്ക് അവർ വഴികാട്ടിയായി.


"അരാദ്, ദാ അങ്ങട് ചെന്നോളൂ. അവടെ തളത്തിലാ കെടത്ത്യേക്കണേ."

ജീര്‍ണവസ്ത്രമുപേക്ഷിച്ചവനെ കാണാൻ വീടു കയറിയിറങ്ങുന്നവരുടെ പദനിസ്വനങ്ങളും നിശ്വാസങ്ങളും തളം കെട്ടിനിന്ന നിശ്ശബ്ദതയില്‍ അലിഞ്ഞു .ചേര്‍ന്നു. ഇടക്ക് ഒരു കാരണവര്‍ അവരുടെ മുന്നില്‍ ചെന്നിരുന്നു അടക്കിപ്പിടിച്ച സ്വരത്തില്‍ ചോദിച്ചു:

"ദെന്തേ, കുട്ടിക്കിങ്ങനെ തോന്നാൻ!?."

വായിൽ കൊഴുത്തു നിറഞ്ഞ മുറുക്കാൻ അടുത്തിരുന്ന കോളാമ്പിയെടുത്ത് ശ്രദ്ധാപൂവം ഒതുക്കി തുപ്പി മരണവീടിന്‍റെ മൌനത്തെ ഭേദിച്ചുകൊണ്ട് അവർ ഉറക്കെ പറഞ്ഞു:

"അഹമ്മതീ !. അല്ലാണ്ടെന്താ ന്‍റെ കുഞ്ഞീഷ്ണാ?."

**********