2020, മാർച്ച് 14, ശനിയാഴ്‌ച

സമ്പ്രതി വാർത്താഹ ശ്രൂയന്താം





സമ്പ്രതി വാർത്താഹ ശ്രൂയന്താം

തൂവാനമടിച്ച് നനഞ്ഞു കിടന്ന സിറ്റൗട്ടിലെ ചവിട്ടി വഴുക്കി രാവിലെ ഇരിക്കക്കുത്താലെ ഒന്നു വീണു. വീഴ്ചയുടെ ഷോക്കിനിടയിലും ശ്രദ്ധ കൊടുത്തത് പതനം ആരെങ്കിലും കണ്ടുവോ എന്ന് നോക്കുന്നതിലാണ്. ഇല്ല, സർവ്വം ഭദ്രമെന്ന് ഉറപ്പിച്ച് എഴുന്നേറ്റിരുന്നു. ചന്തി, കാൽമുട്ട് എന്നീ പ്രദേശങ്ങളിലെ പരിക്കുകൾ അവഗണിക്കത്തക്കതാണ്. പക്ഷേ ഇടത്തേ റിസ്റ്റിലേത് ആദരവും പരിചരണവും ആവശ്യപ്പെടുന്നതായി തോന്നി. വേദനയേക്കാളേറെ മരവിപ്പാണ്.

ടൈഗർ ബാം പുരട്ടി ഭാര്യ പതുക്കെ തലോടി തന്നതിന്റെ തരിപ്പിൽ വേദന ലേശം കുറഞ്ഞതായി തോന്നി. എങ്കിൽ അങ്ങിനെയങ്ങ് പോട്ടെ, കാര്യമാക്കണ്ട എന്നുവെച്ചു.


കഠിനമായ വേദനയിൽ ഉച്ചമയക്കം മുറിഞ്ഞപ്പോഴാണ് സംഗതി നിസ്സാരമല്ലെന്ന് മനസ്സിലായത്. മണിബന്ധത്തിൽ തരക്കേടില്ലാത്ത നീരുകൂടി കണ്ടപ്പോൾ താമസിച്ചില്ല, ഭാര്യയുമൊത്ത് വെള്ളിമൂങ്ങ വിളിച്ചിറങ്ങി. അമല ആശുപത്രിയിലേക്ക്. പോകുന്ന വഴിയിൽ വായനശാലക്ക് മുമ്പിൽ പാർക്ക് ചെയ്തിരിക്കുന്ന ആക്റ്റീവ കണ്ടു. സ്കൂട്ടർ എന്റേതാണെന്നും തലേ ദിവസം വൈകീട്ട് പാർക്ക് ചെയ്തത് എടുക്കാൻ മറന്നിരിക്കുന്നുവെന്നും മനസ്സിലാക്കി.

ആശുപത്രിയിലെത്തി കാഷ്വാലിറ്റിയിൽ രജിസ്റ്റർ ചെയ്തു. യുവതിയായ അറ്റൻഡർ അടുത്തുള്ള നിരീക്ഷണക്കട്ടിലിൽ കൊണ്ടിരുത്തി. ഒരു ഹൌസ് സർജൻ വന്ന് ഞെക്കിയും തട്ടിയും വിരലുകൾ പിടിച്ചു വലിച്ചും വേദനയുടെ പ്രഭവകേന്ദ്രം കണ്ടെത്തി. ശേഷം ദേഹാരോഗ്യത്തിന്റെയും ഔഷധച്ചൊരുക്കിന്റേയും പുരാരേഖകൾ ചോദിച്ചു വാങ്ങി. അതിനു പിന്നാലെ ആചാര സംരക്ഷണാർത്ഥം മൂന്നു നാലു വിദ്യാർത്ഥിനികൾ അടുത്തുവന്ന് ക്ഷേമാന്വേഷണം നടത്തി കുണുങ്ങി ചിരിച്ചുകൊണ്ട് മടങ്ങി.

"കാര്യമായ കുഴപ്പമില്ല. നമുക്ക് ഒരെക്സ്റേ എടുത്തു നോക്കാം. എന്താ?."

 ഡോക്ടർ.

"ആയിക്കോട്ടെ."

പോരുമ്പോഴേ ഭയപ്പെട്ടതു സംഭവിക്കാൻ പിന്നെ വൈകിയില്ല. മുന്നിൽ വീൽ ചെയറുമായി യുവതിയായ അറ്റൻഡർ!.

"ങ്ങട് ഇരുന്നോളോ." അറ്റൻഡർ.

"എക്സ്റേ റൂമിലേക്കല്ലേ സിസ്റ്ററേ, ഞാൻ നടന്നോളാം."

"അയ്യോ അതു പറ്റില്ല സർ!."

"ഞാൻ ഇവടക്ക് നടന്നാ വന്നത്."

"അതു പറഞ്ഞാ പറ്റില്ല്യ; നിയമാ!. "

രക്ഷയില്ല. കസേരയിൽ ലാബിലേക്കുരുളുന്ന വഴി രോഗി മുഖം താഴ്ത്തിയിരിക്കുന്നതു കണ്ടപ്പോൾ അറ്റൻഡർ ചോദിച്ചു

"എന്താ സർ വല്ല വെഷമോം തോന്ന്ണ്ടാ?."

"ഒന്നൂല്ല്യ; ഒരു തോർത്തുമുണ്ട് കിട്ടുമോ?."

"എന്തിനാ?. വെയർക്ക്ണ്ടാ?."

"ഏയ്, തലയലിടാനാ പരിചയക്കാര് കണ്ടാ....!."

"സാറ് ഭയങ്കര കോമഡ്യണലോ ചേച്ച്യേ?."

രസികത്തി അറ്റൻഡറോടൊപ്പം ഭാര്യയും നിറഞ്ഞു ചിരിച്ചു.

എക്സ്റേ റൂമിലേക്കുള്ള വാതിൽ തള്ളി തുറന്ന് പ്രവേശിക്കുന്നതിനിടയിലാണ് വിളി കേട്ടത്.

" ബാലേട്ടാ!. "

ഒരു നോട്ടത്തിനുള്ള സമയമേ കിട്ടിയുള്ളു. നാട്ടുവാർത്തകളുടെ സമ്പാദകനും പ്രചാരകനുമായ പരിചയക്കാരൻ യുവാവ് ഓടി വരുന്നു. എനിക്ക് പ്രതികരിക്കാൻ ഇട കിട്ടുന്നതിനു മുമ്പ് പിന്നിൽ വാതിലടഞ്ഞു.

ചതിച്ചു!. വള്ളിച്ചെരിപ്പടിച്ച് ഓടി വന്ന അന്വേഷകന്റെ മുമ്പിൽ വിശദ വിവരങ്ങളുടെ വാതിലാണടഞ്ഞത്. അയാൾ പണി തുടങ്ങുവാനും എനിക്കു പണി കിട്ടുവാനും ഇനി നിമിഷങ്ങൾ മാത്രം!.

പരിക്ക് നിസ്സാരമായിരുന്നു. വെറുമൊരു റിസ്റ്റ് ബ്രേസിൽ ചികിത്സയൊതുക്കി ഡോക്ടർ. പക്ഷെ എക്സ്റേ റൂമിന്റെ വാതിൽക്കൽ വാർത്താവിതരണക്കാരന്റെ കണ്ടത്തിൽ വിതച്ച സസ്പെൻസ് ഇപ്പോൾ നല്ല വിളവിൽ കൊയ്തുകൊണ്ടിരിക്കുന്നു....

"ബാലന്ദ്രൻ ആസ്പത്രീലാത്രേ!."

"അയ്യോ എന്തേ പറ്റീത്?"

"അറീല്ല്യ; സീരിയസ്സാന്ന് കേട്ടു. വീൽചെയർല് കൊണ്ടോണത് കണ്ടോര്ണ്ട്!. കൂടുതലൊന്ന്വറീല്ല്യ!."

"അയ്യയ്യോ!. ഏതാസ്‌പ്ത്രീലാ?."

"അമലേല്!. "

"ഈശ്വരാ....!."

കായമൂപ്പ്



കായമൂപ്പ്

രണ്ടു മൂന്നു വർഷം മുമ്പാണ്‌.

ഭാര്യയുടെ പിറന്നാള്‍ ദിവസം ഉച്ചതിരിഞ്ഞു ഗുരുവായൂരിലേക്കുള്ള യാത്ര. ചൂണ്ടല്‍ പാടത്തെത്തിയപ്പോള്‍ ബസ്സിനുള്ളിൽ വലിയ ബഹളം. പത്തറുപതു വയസ്സു തോന്നിക്കുന്ന ഒരാള്‍ കണ്ടക്റ്ററുടെ മെക്കിട്ടു കയറുന്നു. സത്യന്‍ അന്തിക്കാടിന്റെ മുഖച്ഛായയുള്ള കണ്ടക്റ്റര്‍ അപൂർവ്വമാം വിധം സ്ഥിതപ്രജ്ഞനായിരുന്നു. കക്ഷത്തിരിക്കുന്ന ക്യാഷ് ബാഗിനുള്ളിലെ നാണയത്തുട്ടുകൾ പോലെ നാക്കിലും നല്ല നര്‍മ്മം കിലുങ്ങുന്ന രസികൻ.


തൃശ്ശൂരിലെ ശക്തന്‍ മാര്‍ക്കറ്റില്‍നിന്നും കായക്കച്ചവടം കഴിഞ്ഞു ലേശം മിനുങ്ങി ബസ്സില്‍ കയറിയതാണെന്നു തോന്നുന്നു മുതിര്‍ന്ന പൌരന്‍. ടിക്കറ്റെടുത്തു സൈഡിലെ കമ്പിയില്‍ തല ചായ്ച്ച് കൂര്‍ക്കം വലിച്ചുറങ്ങുമ്പോള്‍ കേച്ചേരിയെത്തിയാല്‍ കണ്ടക്റ്റര്‍ വിളിച്ചുണര്‍ത്തൂമെന്ന് ആശാന്‍ വല്ലാതെ പ്രതീക്ഷിച്ചിരുന്നുവത്രെ. താന്‍ മനസ്സില്‍ കണ്ടത് കണ്ടക്റ്റര്‍ പിടിച്ചുകൊടുത്തില്ലെന്നാണ് യാത്രിയുടെ ആക്ഷേപം.

"നിയ്യാളെ സൂപ്പാക്കീല്ലറാ!."

"അയ്യോ ചേട്ടാ സോറി, ഞാന്‍ മറന്നതാ!. വേണച്ചിട്ടല്ല!."

"നിയ്യ് കാശ് വാങ്ങാന്‍ മറന്നില്ലിലോ?."

"അയ് അതെന്തുട്ടു വര്‍ത്താനാ ചേട്ടാ!. കാശ് വാങ്ങീന്ന്ച്ചിട്ട് ബസ്സിക്കേറ്യോര്യൊക്കെ ഓര്‍ത്തു വിളിച്ചെറക്കാന്‍ എനിക്കു പറ്റ്വോ!."

ബാഗില്‍നിന്നും ഒരു പത്തു രൂപയെടുത്ത് നീട്ടിക്കൊണ്ട് കണ്ടക്റ്റര്‍ തുടര്‍ന്നു:

“ന്നാ ചേട്ടന്റെ പൈസ. ദാ അടുത്ത സ്റ്റോപ്പിലെറങ്ങി കേച്ചേരീല്‍ക്ക് തിരിച്ച് കേറിക്കോ. വെഷമല്ലിലോ?. ഇനി അതിലും ഇരുന്നൊറങ്ങി കൈപ്പറമ്പിലെറങ്ങണ്ട ട്ടാ!."

കേച്ചേരിക്കാരന്‍ രൂപ വാങ്ങി ഫുട്ബോഡില്‍ നിന്നുകൊണ്ട് കണ്ടക്റ്ററെ തുറിച്ചു നോക്കി ദഹിപ്പിച്ചു:

"വേണ്ട്ര, വേണ്ട്ര.... വെളഞ്ഞ കണ്ടത്തില്‍ക്ക് തേവണ്ട്രാ നിയ്യ്!. നോക്ക്യേ, നിയ്യ് വല്ല്യേ ആളായീന്നൊന്നും വിചാരിക്കണ്ട ട്ടാ!. നെനക്ക്ള്ളതൊക്കേയ് എനിക്കൂണ്ട്!. ശെകരം കൂട്യെങ്ങിലേള്ളോ!."

കണ്ടക്റ്റര്‍ പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു.

"അത്യാ!. ചേട്ടന് കൂടുതല്ണ്ട് ല്ലേ?. ഭാഗ്യവാന്‍!. നന്നാവട്ടേട്ടാ!. തൽക്കാലം ചേട്ടനെറങ്ങ്!."

കഥാനായകനെ ചൂണ്ടല്‍ കവലയില്‍ പ്രസവിച്ച് വണ്ടി നീങ്ങിയപ്പോള്‍ എനിക്കു മുന്നിലെ സീറ്റിലിരുന്നിരുന്ന രണ്ടു പേര്‍ തമ്മില്‍ പറഞ്ഞു:

"അയ്!. ശെന്താ കാര്‍ന്നോരടെ ചൊണ!."

"ഉം അതങ്ങന്യാ, നായ്ക്കൊര്‍ണക്കായക്ക് മൂക്കുംതോറും കടി കൂടും!."

വീണ്ടും ഒരു സ്കൂട്ടർ കഥ


 വീണ്ടും ഒരു സ്കൂട്ടർ കഥ

അഞ്ചാറ് വർഷം മുമ്പത്തെ കഥയാണ്.

പിന്നിൽ നിന്ന് കൈകൊട്ടി വിളിച്ച് വണ്ടി നിർത്തി കയറിയതാണ് ആ ചെറുപ്പക്കാരൻ. കുറച്ചു കാലം നാട്ടിൽ താമസിച്ചിരുന്നയാളാണ്. ഏതോ ഗാനമേള ട്രൂപ്പിലൊക്കെ പാടിയിരുന്നു. പിന്നീട് വേറൊരു നാട്ടിലേക്ക് പോയതിനു ശേഷം കണ്ടിട്ടില്ല.

"ബാലേട്ടൻ എവടയ്ക്കാ?."

"തൃശ്ശൂർ."

"റിട്ടയറായാ?."

"എന്നോ!."

"ഇപ്പൊ സിനിമ്യൊക്കേണ്ടോ?."

"വല്ലപ്പോഴൊക്കെ. ഗിരീഷിപ്പോൾ എന്തു ചെയ്യുന്നു."

"ഇങ്ങനെ പോകുന്നു. ഒന്നുരണ്ട് ട്രൂപ്പില് പാടുന്നുണ്ട്. "

"ഇപ്പെവടക്കാ ഗിരിഷ്?."

"വെർതെ ടൌൺലിക്ക്. അവടെ ഫ്രൻസൊക്കേണ്ട്."

"ഇപ്പെവട്യാ താമ.... ഗ്ഡ് ഗ്ഡ് ഗ്ഡ്.....!!."

"അയ്യോ ദെന്താ ബാലേട്ടാ!.''

"പിന്നിലെ ടയറ് പഞ്ചറ്!."

"അയ്യോ!."

പെട്ടു!. പഞ്ചറടക്കണമെങ്കിൽ ഹോണ്ട ഡീലേഴ്സിലെത്തണം. ഒന്നര കിലോമീറ്റർ പിന്നിലാണ് സ്ഥലം. അവരുടെ നമ്പർ ഫോണിലില്ല. ഇനി നടക്കണം. വണ്ടി എന്തു ചെയ്യും?. വഴിയിൽ വെച്ചു പോകാൻ ധൈര്യമില്ല. ഓ സമാധാനണ്ട്. സഹായത്തിനാളുണ്ടല്ലോ. ഗിരീഷിനെ കാവൽ നിർത്തി ജോൺസിൽ പോയി മെക്കാനിക്കിനേയും കൊണ്ടു വരാം.

"ഗിരീഷേ ഒരു സഹായം ചെയ്യണം!."

ടയർ പരിശോധന നിർത്തി നടു നിവർത്തിയപ്പോൾ കക്ഷിയെ കാണാനില്ല. ആൾ നടന്നു നീങ്ങുകയാണ്!.

"അയ് ഗിരിഷ്....!."

"സാരല്ല്യ ബാലേട്ടാ. കൊർച്ച് നടന്നാ വെസ്റ്റ് ഫോർട്ട് ആസ്പത്രി സ്റ്റോപ്പ്ണ്ട്. ഞാൻ അവട്ന്ന് ബസ്സില് കേറി പൊക്കോളാം. ബൈ."
*
*
*
*
എന്തോ അതിനു ശേഷം ബന്ദ് ദിവസം നടന്നു വലഞ്ഞ് കൈകാട്ടുന്നവരോടു പോലും പിന്നിൽ കയറ്റുന്നതിനു മുമ്പ് 'നിബന്ധനകൾ ബാധകം'എന്ന് ഒരു സമാധാനത്തിന് മനസ്സിൽ പറയായാറുണ്ട്!.

ഉപചാരം



ഉപചാരം

മുഖസ്തുതി, ചോളാക്യം, കുശലവചനം ഇത്യാദി ഔപചാരികതകളിലൊക്കെ പിന്നോക്കക്കാരിയായിരുന്നു അമ്മ. വിനിമയം ആരോടൊത്തായാലും. ചക്കരവാക്കുകൾ നിഘണ്ടുവിലേയില്ല. തുറന്നടിക്കും.

മേൽചൊന്നതിന്റെയെല്ലാം തമ്പുരാട്ടിയായിരുന്ന അച്ഛന്റെ ചെറിയമ്മയുടെ മകളുടെ വീട്ടിലേക്ക് ഒരു നാൾ അമ്മ ചെന്നു. അച്ഛന്റെ വീട്ടിൽ പോയി മടങ്ങുന്നതിനു മുമ്പ് ഒന്നു കണ്ടുമിണ്ടിയിറങ്ങാൻ കയറിയതായിരുന്നു. കണ്ട വശം നാത്തൂൻ ഓടി വന്നു കൈക്കൂട്ടിപ്പിടിച്ചു.


"അയ്യോ ഏട്ത്യേമ്മേ എത്ര നാളായി കണ്ടട്ട്. ഇരിക്ക്വോ എട്ത്യേമ്മേ. ഡേ വിജയേ, ദാരാ വന്നേക്കണേ നോക്ക്യേ!. ഈശരാ!"

അമ്മ ഇരുന്നു.

"ന്തേ നാരണോപ്പ വരാഞ്ഞേ എട്ത്യേമ്മേ?. നാരണോപ്പടെ മൊകം കണ്ട കാലം മറന്നു!.ഡേ വിജയേ, കാപ്പിക്ക് വെള്ളം വെക്ക്."

"വേണ്ട തങ്കേ. പിന്ന്യാവാം."

"അയ്യോ അതു പറ്റില്ല്യേട്ത്യേമ്മേ കാപ്പുടിച്ച്ട്ട് പോയാ മതി. കൊറെ കാലംകൂടി കേറി വന്നട്ട്!."

എന്തെങ്കിലുമാവട്ടെ എന്നു വെച്ച് അമ്മ പിന്നെ ഒന്നും പറഞ്ഞില്ല. സ്വതവേ കാപ്പി ചായാദികൾ നിർബന്ധമല്ല അമ്മക്ക് എങ്കിലും.

"കുട്ടൻ പ്പെവട്യാ തങ്കേ?."

"അവൻ മദിരാശീല്. ഹോട്ടൽല് വെപ്പു പണ്യാ. ഓണത്തിന് വന്നു പോയേള്ളോ."

"വിജയത്തിനെത്ര കുട്ട്യോളാ?."

"അവൾക്ക് രണ്ട്. മൂത്തത് പത്തിലായി. താഴേള്ളോള് നാൽല്. മൂന്നാമത് വിശേഷോണ്ട്."

"നിർത്താറായില്ല്യേ?."

"ദുങ്കുടി രണ്ടും രണ്ടോടത്തായാ നിർത്ത്വാന്നാ തീരുമാനം."

"മതി. മ്മടെ പോലത്ത്യല്ല ഇപ്ലത്തെ കാലം."

"അതന്നേട്ത്യേമ്മേ!."

അങ്ങിനെ സംസാരിച്ച് കുറെ കഴിഞ്ഞപ്പോൾ അമ്മ പറഞ്ഞു:

"ന്നാ ഞാൻ എറങ്ങണില്ല്യ തങ്കേ. ചെന്ന്ട്ട് പണീണ്ട്. "

"അയ്യോ ഏട്ത്യേമ്മേ. കാപ്പി കുടിച്ച്ട്ട് പോയാ മതി ഏട്ത്യേമ്മേ. ഒരു കാപ്പി കുടിക്കാണ്ട് പോയാങ്ങന്യാ ഏട്ത്യേമ്മേ!. ഡേ... വിജയേ..."

അമ്മ വീണ്ടും ഇരുന്നു. വാതം, കഫം, കാലു പൊളിച്ചൽ, തണ്ടൽ വേദന, പാലിന്റെ വില ഇത്യാദി വിശേഷങ്ങൾ അനുഷ്ഠാനപരമായി കൈമാറി നേരമേറെ ചെന്നിട്ടും ഏട്ത്യേമ്മേടെ കാപ്പി കോഴിയുടെ മുലയായി. നാത്തൂന്റെ വാക്കല്ലാതെ ഭൌതിക രൂപത്തിൽ വിജയവും കാപ്പിയും വരുന്ന കാണുന്നില്ല.

"കാപ്പി കുടിച്ച് പൂവാം എട്ത്യേമ്മേ " മൂന്നാമത് ഒന്നുകൂടി കഴിഞ്ഞു. അല്ല; അമ്മ ക്ഷമിച്ചു.

"ഉണ്ണ്യപ്പൻ വരാറില്ല്യേ ഏട്ത്യേമ്മേ?."

"ഉവ്വ്. അതേയ് തങ്കേ, ബാക്കി വിശേഷൊക്കെ പിന്നൊരിക്ക്യാവാം. ഞാനെറങ്ങ്വാ. വീട്ടില് നെല്ലൊണക്കാട്ട്ണ്ട്. ചെന്നട്ട് വേണം;"

"അയ്യോ എട്ത്യേമ്മേ. കാപ്പി കുടിച്ചില്ലിലോ എട്ത്യേമ്മേ. കാപ്പുടിച്ചിട്ട് പൂവാം എട്ത്യേമ്മേ!."

അമ്മയുടെ പരമാവധി അതായിരുന്നു.

"ന്നാ കിണ്ങ്ങാൻ നിക്കാണ്ട് പോയി കാപ്പി വെക്ക്യാങ്ങട്!. കാപ്പുടിക്കാം എട്ത്യേമ്മേ കാപ്പുടിക്കാം ഏട്ത്യേമ്മേ, വിജയേ കാപ്പിവെക്ക് ന്നൊക്കെ രാവിലെ തൊടങ്ങീതണലോ!. കാപ്പീം കാണാല്ല്യ വിജയത്തിനേം കാണാല്ല്യ. വേണ്ടാന്ന് പർഞ്ഞാ അതും സമ്മയ്ക്കില്ല്യ!. യ്യയ്യേ ദെന്ത് കൂത്താദ്!. ങ്ങനേണ്ടോ മൻഷ്യര്!. ബാക്കിള്ളോരെ നട്ടം തിരിക്കാൻ!."

തോറ്റോടുന്നവരെ പിന്തുടർന്ന് ദ്രോഹിക്കരുത് എന്ന യുദ്ധമര്യാദ പാലിക്കാനാവണം മരിക്കുന്നതുവരെ അമ്മ കഥാശേഷം നമ്മളോട് പറഞ്ഞില്ല.

"അത്രറിഞ്ഞാ മതീപ്പൊ!." പിന്നെ അപ്പീലില്ലായിരുന്നു.

പകല്‍വെളിച്ചം





പകല്‍വെളിച്ചം 

"ഒരുപകാരം ചെയ്തതാടോ. അതിങ്ങനെ പുലിവാലാവുന്ന് വിചാരിച്ചില്ല്യ!."

നമ്പൂരി മാഷ് സംഭവം വിവരിച്ചു തുടങ്ങി.

“രാവിലെ ഒരു പത്തു മണിക്ക് സ്കൂട്ടറെടുത്ത് തൃശ്ശൂര്ക്ക് പൊറപ്പെട്ടതാ ഞാൻ. ജസ്റ്റ് പേരാമംഗലം പോലീസ് സ്റ്റേഷന്‍ കടന്നപ്പോ എതിരേന്ന് ഹെഡ് ലൈറ്റിട്ട് ഒരാള്‍ സ്കൂട്ടറോടിച്ച് വരണ കണ്ടു. എടക്ക് എനിക്കും അറിയാണ്ടങ്ങനെ പറ്റാറുണ്ട്. എതിരേന്ന് വരണാള് വലത്തെ കൈപ്പത്തി വിരിച്ച് വിരലുകള്‍ കൂര്‍പ്പിച്ചും നിവര്‍ത്തീം കാണിക്കുമ്പളാ അറ്യാ മ്മടെ ലൈറ്റ് ഓണാണ്ന്ന്. അതുപോലൊന്ന് ആരേങ്കിലും സഹായിക്കണന്ന് കൊറേ നാളായി ഞാനും മോഹിച്ച് നടക്ക്വാര്‍ന്നു.”

കുമ്പിട്ട് ഉടുത്ത മുണ്ടിന്‍റെ കോന്തലയുയര്‍ത്തി മുഖം തുടക്കാനായി മാഷ് ഒന്നു നിര്‍ത്തി.

"അയ്‌ അപ്പൊ മാഷേ ഇപ്പൊ ടൂ വീലറുകള് പകലും ലൈറ്റ് കത്തിച്ചോടിക്കണം ന്നല്ലേ?."

"ഇക്കതറീണ്ടാർന്നില്ലിടോ. അറീച്ചാ ഈ കളിക്ക് ഒരുമ്പെടില്ലിലോ?."‍

“എന്നിട്ടെന്തേണ്ടായേ?.”

ഞാന്‍ ചോദിച്ചു.

“ഇത്തരം മുഹൂര്‍ത്തങ്ങളില് നടപ്പുള്ള ആ കൈമുദ്ര ഞാനും കാണിച്ചു. അടുത്തെത്തീപ്ലാ ഹെല്‍മറ്റ് വെച്ച് ഓടിക്കുന്നയാള്‍‍ സ്ത്രീയാണെന്ന് മനസ്സിലായീത്. ഒന്നും പറേണ്ടടോ; അവര് ലൈറ്റ് ഓഫാക്കീല്ല്യാന്ന് മാത്രല്ല വണ്ടി സ്ലോ ആക്കീട്ട് എന്‍റടുത്തൂടി കടന്നുപോവുമ്പോ രണ്ടു വാക്ക് പറേം ചീതു. പറഞ്ഞത് ഇപ്പളും ഓര്‍ക്ക്വയ്യ!.വണ്ടി നിര്‍ത്തി തിരിഞ്ഞു നോക്കി അവര് പോലീസ് സ്റ്റേഷനിലിക്ക് തിര്യേണില്ല്യാന്ന് ഒറപ്പാക്കീട്ടെ ഞാന്‍ പോയുള്ളൂ!.”

“അയ് എന്താ മാഷേ അവര് പറഞ്ഞേ?”

എനിക്ക് ആകാംക്ഷയായി!.

എന്‍റെ മുഖത്ത് നോക്കാന്‍ ശക്തിയില്ലാതെയാവാം മാഷ് കീഴോട്ട് നോക്കി പറഞ്ഞു.

"പ്ഫ പട്ടീ! തനിക്കെന്തിന്റെ കേടാണ്ടോന്ന്!."

“അയ്യയ്യോ....!. ദെന്താ മാഷേദ്?. അവര്‍ക്ക് വട്ട്ണ്ടാ!."

എനിക്കതിശയം തോന്നി. തന്നെ സഹായിച്ചയാളോട് ഒരു സ്ത്രീ!.

"അതൊന്ന്വാവില്ലിടോ."

"പിന്നെ?."

" ആ കൈപ്രയോഗാ പെഴച്ചേന്നു തോന്നുണു. കൈവിരലോള് കൂര്‍പ്പിച്ചും നീര്‍ത്തീം കൂര്‍പ്പിച്ചും നീര്‍ത്തീള്ള സിഗ്നല്‍ നമ്പ്രദായൊന്നും ആ സ്ത്രീക്ക് പരിചയണ്ടാവില്ല്യേരിക്കും. അവര് തെറ്റിദ്ധരിച്ചു കാണാനേ തരള്ളു!."

“അത് ശര്യാണല്ലോ മാഷേ!."

മാഷ് പറഞ്ഞതിന്‍റെ ഹെഡ് ലൈറ്റ് കത്തിയപ്പോള്‍ ഒരുള്‍ക്കിടിലത്തോടെ ഞാനോര്‍ത്തു:

“ദൈവമേ ഇങ്ങിനെ എത്രയെത്ര പേരെ ഞാനും സഹായിച്ചിരിക്കുന്നു!.”

2020, മാർച്ച് 13, വെള്ളിയാഴ്‌ച

പ്രസരണ നഷ്ടം



 പ്രസരണ നഷ്ടം 

"ങ്ഹാ ബാലന്ദ്രനാ. വള്ളി കാല്മ്മന്നെ ചുറ്റി!. തന്ന്യൊന്ന് കാണണന്ന് വിചാരിച്ച്ട്ട് കാലം കൊറ്യായി."

"ഗുഡ് മോണിങ്ങ്. എന്താ കാര്യം?."

"ഗുഡ് മോണിങ്ങ്. താൻ ദിവസോം നടക്ക്വോ?."

"ഉവ്വ്."

"എത്ര ദൂരം?."

''ങ്ഹാ ഏതാണ്ട് 6 കി.മീ."

"ഏയ് മോശല്ലിലോ!. എപ്പെറങ്ങും?."

"ആറ് മണി.''

''തിരിച്ചെത്തുമ്പോ?."

''ഏഴാവും."

"നടത്തം കഴിഞ്ഞ് വന്നാ എന്തീയും?."

" കുളി, പേപ്പർ വായന മറ്റു ഗാർഹികങ്ങൾ."

"ഏയ്!. ശര്യല്ലാദ്!."

"ങ്ഹും?."

"ഒരു നാല് മണിക്കെങ്കിലും എണീക്കണം."

"നാലു മണ്യോ?. അപ്പൊറങ്ങണ്ടേ?."

"വേണലോ. പറ്യാം; നാലു മണിക്ക് എന്നീറ്റ് അര മണിക്കൂറ് കൈവീശി വേഗത്തില് നടക്കണം. തിരിച്ചു വരുമ്പൊ നാലര. പിന്നൊന്നൊന്നര മണിക്കൂറ്ണ്ടലോ ആറാവാൻ. അത്രേം സമയം സുഖായിട്ടൊറങ്ങാം."

''ഹ ഹ!.''

"എന്താ താൻ ചിരിച്ചേ?. ''

''ഒന്നൂല്ല്യ. പിന്നീ നടത്തംകൊണ്ടെന്താ കാര്യം?. കെടന്നൊറങ്ങ്യാ പോരെ?."

"അല്ല. കാര്യണ്ട്. പറ്യാം. വെളുപ്പിന് നമ്മള് നടന്ന്ണ്ടാക്കണ ഊർജ്ജണ്ടലോ; ആ ഊർജ്ജം ദേഹത്തെ ഓരോ സെല്ലിലും വ്യാപിക്കണങ്ങെ വിശ്രമം വേണം. അതിനാണ് ഒറങ്ങണത്. വന്നൊടൻ പണീലേർപ്പെട്ടാ അത് നടക്കില്ല്യ. ശരീരം വേഗം ക്ഷീണിക്കും."

"ഹഹ!."

"താൻ ചിരിക്കും. ഇക്കറ്യാം. കൊർച്ച് കാലം മുമ്പ് ഇങ്ങനെ ചെയ്യണ ചെലരെ കള്യാക്കി താൻ ഫേസ് ബുക്കില് പോസ്റ്റിട്ടിരുന്നുലോ?. അന്ന് വിചാരിച്ചതാ തന്ന്യൊന്ന് കാണണന്ന്. പ്പളേ നടന്ന്ള്ളോന്ന് മാത്രം."

"അപ്പൊ ഫേസ്ബുക്കിലൊക്കേണ്ട് ല്ലേ?."

"ഏയ് ഞാനൊന്നുല്ല്യദില്. നല്ല കാര്യായി. ക്ക് വേറെ പണീണ്ട്!."

"പിന്നെങ്ങനറിഞ്ഞൂ ഞാനെഴുത്യേ കാര്യം?."

"മോൻ വായിച്ച് ചിരിക്കണ കണ്ടപ്പൊ ചോയ്ച്ചറിഞ്ഞതാ."

"ങ്ഹാ ന്നാ ഫേസ് ബുക്കില് ഒരക്കൗണ്ട് തൊടങ്ങണം."

"ഹേയ് എന്തിനാദ്?. ഞാനൊന്നൂല്ല്യ പിന്നെ!."

"അങ്ങനെ പറയര്ത്. ആളുകളൊക്കെ ഇപ്പോ വളരെ ഹെൽത്ത് കോൺഷ്യസാണ്. ഇത്തരം ടിപ്സൊക്കെ അവർക്ക് നല്ലണം പ്രയോജനപ്പെടും. പലർക്കും അറ്യാത്ത കാര്യങ്ങളാ."

"ഏയ്, അതൊന്നും വേണ്ടടോ. താനെഴുതിക്കോ. എങ്ങനെ വേണെങ്ങിലും. പക്ഷെഴുത്വാച്ചാ ന്റെ പേരൊന്നും വെക്കര്ത് ട്ടാ!."

"എന്താങ്ങനെ പർഞ്ഞേ?."

"അല്ല; പറഞ്ഞുന്നേള്ളൊ. മൂപ്പിക്കണ തരത്തിലാവൂലോ താനെഴുത്വാ!."

ഓലാപ്പ്



ഓലാപ്പ് 

പതിവുപോലെ അയാൾ മൊബൈൽ ആപ്പുകളിൽ കയറി തൊട്ടും തോണ്ടിയും പര്യവേഷണങ്ങൾ നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് വീട്ടു പടിക്കൽ നിന്ന് ഹോണടി കേട്ടത്. ചെന്നു നോക്കിയപ്പാർ ഗേറ്റിനു മുന്നിൽ ഒരു കാർ വന്ന് നിൽക്കുന്നു. വീട്ടിലേക്ക് നോക്കി ചക്രത്തിൽ താളം പിടിച്ചിരിക്കുകയാണ് ഡ്രൈവർ. അയാൾ കാറിനടുത്ത് ചെന്നു ചോദിച്ചു.

"എന്തേ?."

"കാറ് വിളിച്ചിരുന്നില്ലേ?."

''കാറോ?. ഞാനോ?. ഇല്ലല്ലോ?."

"ഉവ്വല്ലോ; വിളിച്ചിരുന്നു."

"ഏയ്, എന്താ നിങ്ങൾ പറയുന്നത്?. ഞാൻ കാറൊന്നും വിളിച്ചിട്ടില്ല. നിങ്ങൾക്ക് തെറ്റിയതാവും!."

"സാറിന്റെ മൊബൈൽ നമ്പറെത്രയാ?."

അയാൾ മൊബൈൽ നമ്പർ പറഞ്ഞു കൊടുത്തു.

"ഓക്കെ. സാറ് മൊബൈലൊന്ന് നോക്കൂ. അതിൽ ഓ.ടി.പി. വന്നിട്ടുണ്ടാവും.''
"ഓടീപിയോ?."

"അതെ. ഓടീപി. നോക്കൂ."

അയാൾ മൊബൈൽ നോക്കി. ദാ കിടക്കുന്നു ഓടീപി!. ചതിച്ചോ ദൈവമേ!.

"ഏയ് അതെങ്ങിനെ?."

"അതങ്ങിനെയാണ് സർ. വേഗം കയറൂ; ഓടീപി പറഞ്ഞു തന്നാൽ നമുക്ക് പോകാം."

നൂറ് രൂപ മോചനദ്രവ്യം വാങ്ങി പോക്കറ്റിലിടുമ്പോൾ അയാളുടെ ഇടനെഞ്ചു പൊട്ടുന്ന ശബ്ദം വ്യക്തമായി കേട്ടെങ്കിലും ഡ്രൈവർ നിർമ്മമനായിരുന്നു.

ന മൂഢാ: ദാക്ഷിണ്യമർഹതി!.


ലൊക്കേഷൻ: ബംഗളുരു.
ഭാഷ: കന്നഡ.
റൈഡ് ഷെയറിങ്ങ് കമ്പനി: ഓല.

റഫറൻസ്



റഫറൻസ് 

"എന്തായാലും നാരായണൻ സുഹൃത്തിനോട് ഒന്നന്വേഷിക്കു. എനിക്ക് വേറാരൂല്ല്യ സഹായത്തിനായിട്ട്."

"ഒഫ് കോഴ്സ് ഹരിദാസ്. ഞാനിന്നു തന്നെ അന്വേഷിച്ചു വിവരം പറയാം."

''താങ്ക്സ്!."

"ഓക്കേ."

സഹപ്രവർത്തകനായിരുന്ന സുഹൃത്ത് തന്റെ മരുമകളുടെ മകൾക്ക് വന്ന ആലോചനയിലെ ചെക്കന്റെ സ്വഭാവ ഗുണമറിയാൻ വിളിച്ചതാണ് നാരായണനെ. എവിടെ നിന്നോ നാട്ടിൽ വന്നു സെറ്റിലായിട്ടുള്ള കുടുംബത്തിലെ ചെക്കനെക്കുറിച്ച് നാരായണന് ഒരു പിടിപാടുമില്ല. പക്ഷെ നാട്ടിൽ തന്റെ ഒരു സുഹൃത്ത് വിജയന്റെ പരിചയക്കാരാണ് കൂട്ടരെന്നും അയാൾക്ക് അവരെക്കുറിച്ച് അറിയാം എന്നുമുള്ള ധാരണക്കു പുറത്താണ് അയാളോടന്വേഷിച്ചു പറയാം എന്ന വാക്ക് ഹരിദാസിന് കൊടുത്തത്. വിവാഹാലോചനയൊക്കെ അല്ലെ; തന്നാൽ കഴിയുന്ന പ്രകാരം ചെയ്തു കളയാം. നാരായണൻ ഉടൻ തന്നെ സുഹൃത്തിനെ വിളിച്ചു.

"ഹലോ എന്താ നാരേണാ രാവില്യന്നെ?.''

"ഒന്നൂല്യ വിജിയാ ഞാനൊരു കാര്യറിയാൻ വിളിച്ചതാ."

"എന്താദ് പറയൂ."

"നിങ്ങൾടെ വീടിന്റെ പിന്നില് താമസിക്കണ ഒരു കൂട്ടരില്ല്യേ എന്തോ രാമചന്ദ്രനോ രാമകൃഷ്ണനോ .... മറ്റോ?."

''ഉവ്വ്, രാമചന്ദ്രൻ. എക്സാ. എന്താ കാര്യം?."

"അയാൾടെ മകനുണ്ടല്ലോ ഒരു ....; "

"രൂപേഷ്."

"യെസ് രൂപേഷ്. എന്തായാൾക്ക് ജോലി?."

"മെഡിക്കൽ റെപ്പാണ്."

"യെസ് യെസ് അതന്നെ. എന്റെ പഴേ ഓഫീസ് കൊളീഗിന്റെ മരുമോൾക്ക് അയാൾടൊരു കല്യാണാലോചന ചെന്നണ്ട്. സുഹൃത്തെന്നെ കൊറച്ച് മുമ്പ് വിളിച്ചിരുന്നു. ഒന്നന്വേഷിക്കാൻ പറഞ്ഞട്ട്. അവര് നാട്ടില് വന്നട്ട് നാലഞ്ച് കൊല്ലായീച്ചാലും എനിക്ക് യാതൊരു പരിചയോല്ല്യ. തനിക്കറിയാലോ അവരെപ്പറ്റി?. അയലക്കല്ലെ?."

"ആ നെലക്ക്ളള പരിചയല്ല്യായേല്ല്യ."

"അപ്പ തനിക്കറ്യാലോ അത് മതീ. എങ്ങന്യാ പയ്യൻ തരം?."

"സ്വഭാവാവും ചോദിക്കണത്?."

"അതെ."

"നാരേണാ വെഷമം വിചാരിക്കര്ത്. സ്വഭാവ സർട്ടിഫിക്കറ്റ് കൊടുക്കല് നിർത്തി.''

"അയ് എന്താടോദ്!."

''അതേന്നേയ്, ആ പണി നിർത്തി."

"ചേതല്ല്യാത്ത ഉപകാരല്ലടോ?. എനിക്കറ്യാത്തോണ്ടല്ലേ തന്നോട് ചോദിച്ചേ."

"ചേതണ്ടടോ. ചേതണ്ട്‌!. നല്ലതായാലും ചീത്ത്യായാലും നാട്ടാരെപ്പറ്റീള്ള അഭിപ്രായ ശേഖരണോം വിതരണോം ഇപ്പൊ പതിവില്ല്യ."

"എന്താ വിജയാ താനിങ്ങന്യൊക്കെ പറേണേ?."

"അതങ്ങന്യാടോ!. അനുഭവം ഗുരു. ഇതുപോലെ ഒരു കല്ല്യാണക്കേസില് റഫറ്യായീതാ ഒരിക്കെ. വേറാർക്ക്വല്ല; ഭാര്യേടെ അമ്മാമന്റെ മോൾക്ക്‌. പയ്യൻ ഓഫീസിലെ സുഹൃത്തിന്റെ മകൻ. കാണാൻ നല്ല ചെക്കൻ. സൌമ്യപ്രകൃതം. വെല്ലോഫായ ഡീസന്റ് ഫാമിലി. അമ്മ ഓഫീസ് സൂപ്രണ്ട്, അച്ഛൻ ഡെപൂട്ടി താസിൽദാറ്. സംശയൊന്നൂണ്ടായില്ല്യ ഞാൻ എക്സലന്റ് റിപ്പോർട്ട് കൊടുത്തു. കല്ല്യാണോം നടന്നു. പക്ഷേ ആ റിപ്പോർട്ട് പിടിപ്പിച്ച പുലീടെ വാല് ഇപ്പഴും എന്റെ കയ്യിലിരിപ്പാ!. "

''എന്താദ്?."

"ചെക്കൻ പൂര ഡ്രഗ്ഗാന്ന്!."

"അയ്യയ്യോ!."

"അതേടോ!. മ്മള് പൊറത്തക്ക് കാണണ പോല്യൊന്ന്വല്ല മൻഷ്യര്. "

"ഞാനത്രക്കാലോചിച്ചില്ല്യാട്ടാ വിജയാ!."

"ങ്ഹാ ആലോചിക്കണം. നല്ലോണാലോചിക്കണം!.''

"ഒഫ് കോഴ്സ്‌!. താങ്ക്യൂ വിജയാ, താങ്ക്യൂ താങ്ക്യൂ!."

പരിണാമം




പരിണാമം

കുറച്ചു വർഷം മുമ്പുവരെ നടക്കുമ്പോഴോ ഓടുമ്പോഴോ വല്ലയിടത്തും കാൽ തട്ടിയോ വഴുക്കിയോ വീണാൽ വീണിടം ഉരുളുവാനുള്ള വിദ്യ അറിമായിരുന്നു. എന്നു വെച്ചാൽ ചുരുണ്ടു മടങ്ങി വീഴ്ചയുടെ ഇമ്പാക്റ്റ് കുറച്ച് ദേഹക്ഷതമൊഴിവാക്കുന്ന തരത്തിലുള്ള നിയന്ത്രിത വീഴ്ചക്കും അനുസാരിയായ റോളിങ്ങിനും ശരീരം വഴങ്ങുമായിരുന്നു. പത്തു നാല്പതു വയസ്സു വരെ ഓടിയും ചാടിയും കളിച്ചിരുന്നതിന്റ ഗുണം.

പക്ഷേ ഇപ്പോൾ സീനാകെ ഡാർക്കായിരിക്കുന്നു. വീണാൽ കൊച്ചു കുട്ടികൾ വീഴുന്ന പോലെ 'പ്ടേ'ന്ന് സാഷ്ടാംഗം തല്ലിയലച്ചാണ് വീഴ്ച്ച. ഏതാണ്ട് കവുങ്ങ് വെട്ടിയിട്ട പോലിരിക്കും!. ഫിയർലസ് ഫോളിങ്ങുമില്ല, റോളിങ്ങുമില്ല!. മകരാസനത്തിൽ പതിഞ്ഞു കിടക്കാം. വേണമെങ്കിൽ കൈകൂപ്പി ശയനപ്രദക്ഷിണം ശ്രമിച്ചു നോക്കാം. അതും പരാജയപ്പെട്ടാൽ 'രക്ഷിക്കണേ!' പരീക്ഷിക്കാം.

എങ്കിലും കൈകാൽമുട്ടുകൾ ഭൂമി തൊടാത്ത വിധം രക്തസാക്ഷ്യമില്ലാത്ത പതനമാണെന്നതും ആന്തരികക്ഷതങ്ങളോ സ്രാവങ്ങളോ ഉണ്ടെങ്കിൽ അത് പൊതുജനം കാണുകയില്ലെന്നതും ഒരാശ്വാസമാണെന്നു പറയാതെ വയ്യ!.

"ഇതെന്താ ഇങ്ങനെ സാർ?."

ഒരു ദിവസം ഡോക്ടറോട് വിഷയം അവതരിപ്പിച്ചു.

"ബാലേന്ദ്രന് വയസ്സെത്ര്യായി?."

"അറവത്താറ്?."

"പിന്നെന്താത്ര സംശയം?."

"എന്താദ് സാർ?."

"അല്ല; ഇന്യൊക്കെ അങ്ങനെരിക്കുംന്ന്. റിഫ്ലക്സ്കളൊക്കെ വീക്കാവല്ലേ?."

"അപ്പോ?."

"അപ്പെന്താ?. നോക്കീം കണ്ടും നടക്ക്വ!. അത്രന്നെ."

ഇപ്പോൾ കാൽക്കീഴിൽ നോക്കി നടക്കുന്നു; പണ്ട് എം.ടി. പറഞ്ഞപോലെ.

BEAUTIFUL PEOPLE



 BEAUTIFUL PEOPLE 

കളഞ്ഞുപോയി തിരിച്ചു കിട്ടുവാൻ ഒരു സാദ്ധ്യതയുമില്ലെന്നു കരുതുന്ന വിലപിടിച്ച ചിലതുകൾ തിരിച്ചു കിട്ടുമ്പോഴുണ്ടാവുന്ന ത്രിൽ വാക്കുകളിൽ പകർത്താവതല്ല!.

പറയാം.

ഹൈദരബാദിൽ നിന്നും ബംഗളുരുവിലെത്തി കൻ്റോൺമെൻ്റ് സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങുമ്പോൾ വെളുപ്പിന് ആറര മണി. അന്തരീക്ഷത്തിന് നേരിയ സുഖകരമായ തണുപ്പുണ്ടായിരുന്നു. പെട്ടി സാമാനങ്ങളെല്ലാം എണ്ണി തിട്ടപ്പെടുത്തി എല്ലാം ഭദ്രമെന്നുറപ്പു വരുത്തി. യേലഹാങ്ക സ്റ്റേഷനിൽ വണ്ടിയെത്തിയ നേരം ചേട്ടൻ്റെ മകൻ ദീപു വിളിച്ചിരുന്നു. പാർക്കിങ്ങ് പ്രശ്നങ്ങളുള്ളതുകൊണ്ട് പ്ലാറ്റ് ഫോമിലേക്ക് വരുന്നില്ല നിങ്ങൾ രണ്ടു പേരും ഇറങ്ങി പുറത്തു വരൂ ഞാൻ കാറിലിരിപ്പുണ്ടാവും എന്ന് അവൻ പറഞ്ഞിട്ടുണ്ടായിരുന്നു. അതു പ്രകാരം ട്രോളി ബാഗുരുട്ടി വാതിൽക്കലേക്ക് നടക്കുമ്പോൾ ഞങ്ങൾ വന്ന കാച്ചിഗുഡ - മൈസൂരു എക്സ്പ്രസ്സ് മെജസ്റ്റിക്ക് ലക്ഷ്യമാക്കി പ്ലാറ്റ്ഫോം വിട്ടു.

"ദീപൂനെ ഒന്ന് വിളിക്കാർന്നില്ല്യേ?. അവൻ? എത്തിയോ എന്തോ?."

ഭാര്യ പറഞ്ഞത് ന്യായമാണെന്ന് തോന്നി അവനെ വിളിക്കാൻ തുനിഞ്ഞപ്പോഴാണ് കാര്യങ്ങൾ നേരത്തെ തിട്ടപ്പെടുത്തിയ പോലെ ഭദ്രമല്ലെന്ന് ഒരു ഞെട്ടലോടെ അറിയുന്നത്!. ഷർട്ടിൻ്റെ പോക്കറ്റിൽ മൊബൈൽ ഇല്ല!. പാൻസിൻ്റെ പോക്കറ്റിലുമില്ല. ബാക്ക് പാക്കിലുമില്ല. ട്രോളിബാഗ് പൂട്ടിയിരിക്കയാണ്. അതു നോക്കേണ്ടതില്ല.

"നിങ്ങളൊന്നതിലേക്ക് വിളിക്കൂ."

ഭാര്യ വിളിച്ചു. ഫോണിൽ റിങ്ങ് ടോൺ കേൾക്കുന്നുണ്ട്. പക്ഷേ ഇവിടെ ഈ ജംഗമങ്ങൾക്കുള്ളിൽ ഒരു ശബ്ദവുമില്ല!.

അന്തരീക്ഷോഷ്മാവ് പെട്ടെന്ന് വർദ്ധിച്ച പോലെ തോന്നി. മൊബൈൽ ട്രെയിനിലെ സീറ്റിൽ മറന്നു വെച്ചിരിക്കുന്നു!. സ്റ്റേഷനെത്തിയ വെപ്രാളത്തിൽ സീറ്റിനടിയിലെ ട്രോളി ബാഗ് വലിച്ചെടുക്കുമ്പോൾ നോക്കിക്കൊണ്ടിരുന്ന മോബൈൽ ഇരുന്ന സീറ്റിൽ വെച്ചത് ഓർമ്മ വന്നു.

ആത്മത്തിൽ അഷ്ടബന്ധമിട്ടുറപ്പിച്ച മൊബൈൽ കാണാതാവുമ്പോഴുണ്ടാവുന്ന നടുക്കം കാൽ ലക്ഷം രൂപ പോക്കറ്റടിച്ചു പോയാൽ പോലുമുണ്ടാവില്ല. പോരാത്തതിന് മകൾ സ്നേഹപൂർവ്വം അച്ഛന് സമ്മാനിച്ച പുതിയ മൊബൈലുമാണ്. കുറച്ചൊന്നുമല്ല മനസ്സിലെ നീറ്റം!

ഭാര്യയുടെ ഫോണിൽ ദീപുവിനെ വിളിച്ചു കാര്യം പറഞ്ഞു.

"എന്താനി വേണ്ട്രാ?. വല്ല രക്ഷേണ്ടാ?."

"കുഞ്ഞച്ചാ ഒരു കാര്യം ചെയ്യൂ; ഉടനെ സെക്യൂരിറ്റിയിൽ പോയി വിവരം അറിയിക്കൂ.''

''നീ വേഗം ഇങ്ങ് വാ. കമ്മ്യൂണിക്കേറ്റ് ചെയ്യാൻ നീയ്യായിരിക്കും നല്ലത്."

"ശരി കുഞ്ഞച്ചാ ഞാനിതാ വരുന്നു."

പ്ളാറ്റ്ഫോമിൻ്റെ ഏറ്റവും അറ്റത്തായിരുന്നു ഞങ്ങൾ ഇറങ്ങിയത്. നടന്ന് ആർ പി എഫിൻ്റെ ഓഫീസിലെത്തിയപ്പോൾ അവിടെ ദീപുവും ഒരു കോൺസ്റ്റബിളും ഞങ്ങളെ കാത്തു നിൽക്കുന്നു. ദീപുവിന് കന്നഡ കരതലാമലകമാണ്. അവൻ കാര്യങ്ങളെല്ലാം ഇതിനകം അയാളെ പറഞ്ഞു ബോധ്യപ്പെടുത്തിയിരുന്നു. മൊബൈൽ ചേതം സംഭവിച്ചയാളെ ഉടലോടെ കാണുവാൻ നിൽക്കുകയാണ് നാസർ എന്നു പേരുള്ള കോൺസ്റ്റബിൾ.

"ഇതാണ് സർ എൻ്റെ അങ്കിൾ."

"വരൂ. ഇവിടെ ഇരിക്കാം."


നാസർ ഞങ്ങളെ ക്ഷണിച്ചു.


ഞങ്ങൾ അകത്തു കടക്കുമ്പോൾ പുറത്ത് ലഗ്ഗേജിനു കാവൽ നിന്ന ഭാര്യയോട് നാസർ വിളിച്ചു പറഞ്ഞു.

"മാഡം വരൂ. ഇവിടെ ഇരിക്കാം. സർ ലഗ്ഗേജ് എടുത്ത് അകത്തു വെച്ചോളൂ."

തികച്ചും മാന്യവും സ്നേഹനിർഭരവുമായ പെരുമാറ്റം. നഷ്ടപ്പെട്ട കുളിര് അന്തരീക്ഷത്തിനു തിരിച്ചു കിട്ടി.

ഞങ്ങളെ കസേരയിലിരുത്തി സഞ്ചരിച്ച ട്രെയിനിൻ്റെ പേര്, കമ്പാർട്ട്മെൻ്റ് നമ്പർ, മൊബൈൽ വെച്ച സീറ്റ് നമ്പർ തുടങ്ങിയ വിവരങ്ങളല്ലാം ചോദിച്ചറിഞ്ഞ് ആയവ അടുത്ത സ്റ്റേഷനായ ബംഗളുരു മെജസ്റ്റിക്കിലെ (സിറ്റി) ആർപിഎഫ് ഓഫീസിലേക്ക് വിളിച്ചു പറഞ്ഞ് വേണ്ട നിർദ്ദേശങ്ങൾ നൽകിയ ശേഷം ഓഫീസർ ഞങ്ങളോടു പറഞ്ഞു.

"അവർ വേണ്ടതു ചെയ്യും സർ. മൊബൈൽ മറ്റാരെങ്കിലും എടുത്തിട്ടില്ലെങ്കിൽ നിങ്ങൾക്കതു തിരിച്ചു കിട്ടും. സമാധാനിക്കു."

"താങ്ക് യൂ സർ."

"മൊബൈൽ ലോക്ക് ചെയ്തിട്ടുണ്ടല്ലോ?.''

"ഉണ്ട്. "

"ശരി. വെയ്റ്റ് ചെയ്യൂ. വണ്ടി സിറ്റി എത്തി പരിശോധന കഴിഞ്ഞാൽ അവർ വിളിക്കും."
പതിനഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ ദീപു അവൻ്റെ ഫോണിൽ നിന്ന് നഷ്ട്ടപ്പെട്ട എൻ്റെ ഫോണിലേക്ക് വെറുതെ ഒന്നു വിളിച്ചപ്പോൾ മൊബൈൽ ആരോ എടുത്തു. കന്നടയിൽ എന്തൊക്കെയോ അവൻ സംസാരിച്ച് ഫോൺ ഓഫീസർക്ക് കൊടുക്കുന്നതു കണ്ടു.

"എന്താടാ ?."

"എടുത്തത്‌ സിറ്റി RPF ഓഫീസിലാ. ഫോൺ നാസറിനു കൊടുക്കാൻ പറഞ്ഞു. "

"സാനം കിട്ടിയോ?."

"അറിയില്ല കുഞ്ഞച്ചാ.. ലെറ്റസ് ഹിയർ ഇറ്റ് ഫ്രം ദിസ് ഓഫീസർ."

ടെൻഷനും താപനിലയും വീണ്ടും വർദ്ധിക്കുന്നു.

ഒരു മിനിറ്റ് കഴിഞ്ഞപ്പോൾ നാസർ ഫോൺ ഓഫാക്കി. അയാളുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു.

"നിങ്ങൾ ഭാഗ്യവാനാണ് സർ. മൊബൈൽ കിട്ടി. സീറ്റിൽ തന്നെ ഉണ്ടായിരുന്നു."

"താങ്ക് ഗോഡ്!. താങ്ക് യൂ സർ. താങ്ക് യൂ താങ്ക് യൂ!."

ദീപുവിൻ്റെ പ്രതികരണത്തിൽ എല്ലാമുണ്ടായിരുന്നു. ഞങ്ങളുടെ മൊത്തം എക്സൈറ്റ്മെൻ്റ്!.

"നിങ്ങൾ ഉടനെ മെജസ്റ്റിക്കിലേക്ക് പോയ്ക്കോളൂ. അഞ്ചാം നമ്പർ പ്ലാറ്റ്ഫോമിൽ ഞങ്ങളുടെ പോസ്റ്റ് കമാണ്ടറുടെ ഓഫീസുണ്ട്. അവിടെ ചെന്ന് ലമാനി എന്നയാളെ ബന്ധപ്പെടുക."

ലോകത്തു കിട്ടാവുന്ന നന്ദിയൊക്കെ ചൂടുള്ള ഒരാലിംഗനത്തിൽ പൊതിഞ്ഞ് നാസറിന് സമർപ്പിച്ച് പതിനഞ്ചു മിനിറ്റിനുള്ളിൽ ഞങ്ങൾ മെജസ്റ്റിക്കിലെത്തി. ഹർത്താൽ ദിവസമായതിനാൽ പതിവ് വാഹനത്തിരക്കുകൾ ഉണ്ടായിരുന്നില്ല.

സിറ്റി സ്റ്റേഷനിൽ ലമാനി എന്ന ഓഫീസറും കമാണ്ടറും ഞങ്ങളെ കാത്തിരിക്കുന്ന പോലെ തോന്നി. എത്തിയ വശം ലമാനി ഒരു പേപ്പറെടുത്തു തന്ന് വിവരങ്ങളെല്ലാം എഴുതി മൊബൈൽ തിരിച്ചു കിട്ടിയതായി ഒപ്പിട്ടു തരുവാൻ പറഞ്ഞു. എല്ലാം കഴിഞ്ഞപ്പോൾ മൊബൈൽ കയ്യിൽ തന്നുകൊണ്ട് ലമാനി ചോദിച്ചു:.

"ഇതല്ലേ?."

"അതെ സർ!."

"അൺലോക്ക് ചെയ്യൂ."

ഞാൻ വിരൽമുദ്ര വെച്ച് മൊബൈൽ തുറന്നു കാണിച്ചു.

"ഓക്കെ!. ഇനി എൻ്റെ കൂടെ വരൂ."

മൊബൈൽ തിരികെ വാങ്ങി കമാണ്ടറെയും കൂട്ടി ലമാനി എന്നെ ഓഫീസിൻ്റെ വാതിലിനു മുമ്പിലേക്ക് ക്ഷണിച്ചു.

തനിക്കും കമാണ്ടറിനും നടുവിലായി എന്നെ നിറുത്തി ഒരു ചെറുപ്പക്കാരനെ വിളിച്ച് തൻ്റെ മൊബൈൽ അയാളുടെ കയ്യിൽ കൊടുത്ത് ലമാനി എന്തൊക്കെയോ നിർദ്ദേശങ്ങൾ നൽകി.

രണ്ട് RPF ഉദ്യോഗസ്ഥന്മാർക്കു നടുവിൽ നിന്നപ്പോൾ ഉള്ളിൽ ഭയവും ആശങ്കയും നിറഞ്ഞു. അതു മുഖത്തു നിഴലിച്ചു കണ്ടിട്ടാവണം ലമാനി പറഞ്ഞു:

"ഒന്നുമില്ല സർ; ഒരു ഫോട്ടോ എടുക്കാനാണ്. റെക്കോഡിന്. എൻ്റെ കയ്യിൽ നിന്നു നിങ്ങൾ സ്വീകരിക്കുന്ന പോലെ മൊബൈൽ പിടിച്ചു നിൽക്കൂ പ്ലീസ്."

"ഓക്കെ സർ...!.'' എനിക്കാശ്വാസമായി.

"ശരി എടുത്തോ; ഫോട്ടോയിൽ ഓഫീസിൻ്റെ പേര് കാണണം."

ലമാനി ചെറുപ്പക്കാരനോട് വിളിച്ചു പറഞ്ഞു. പടമെടുത്തു കഴിഞ്ഞപ്പോൾ ദീപു അയാൾക്കരികിലേക്ക് ഓടിച്ചെന്ന് അവൻ്റെ മൊബൈൽ കൊടുത്ത് ഒരു ഫോട്ടോ അതിലും എടുക്കാൻ പറഞ്ഞു.

"സർ വിരോധമില്ലല്ലോ?"

"നോ നോ ടേക്കിറ്റ്!. "

ലമാനിക്കും കമാണ്ടർക്കും സന്തോഷം.

"താങ്ക് യൂ സർസ്...!."

മൂന്നു പേരും വാക്കാലും ഹസ്തദാനത്താലും നന്ദി പറഞ്ഞ് കാറിലേക്ക് നടക്കുമ്പോൾ ഓർത്തു:

സ്വന്തം കാര്യത്തിലെന്ന പോലെ കൃത്യമായ വിവരങ്ങളും നിർദ്ദേശങ്ങളും ഏറ്റവും വേഗത്തിൽ സിറ്റി ആർ പി എഫ് ഓഫീസിലേക്ക് വിളിച്ചു പറഞ്ഞ് അവരെ ജാഗരൂകരാക്കിയ നാസർ....

നിരവധി പ്ലാറ്റ്ഫോമുകളുള്ള സിറ്റി സ്റ്റേഷനിലെ എസ്ക്കലേറ്ററുകളും മേൽപ്പാലവും കോവണിപ്പടികളും മിന്നൽവേഗത്തിൽ കയറിയിറങ്ങി ട്രെയിനും കമ്പാർട്ടുമെൻ്റും സീറ്റും കണ്ടു പിടിച്ച് എൻ്റെ നഷ്ടപ്പെട്ട മൊബൈൽ കണ്ടെടുത്ത ലമാനി...

സത്യസന്ധരും സേവനോത്സുകരുമായ ഈ ഉദ്യോഗസ്ഥന്മാരോട് എങ്ങിനെ നന്ദി പറഞ്ഞാലാണ് പൂർണ്ണമാവുക!.

അതെ.....


These people are beautiful...wonderful...and great!.


"കുഞ്ഞച്ചാ, നമുക്കിത് ഫേസ് ബുക്കിൽ പോസ്റ്റാക്കണം. അതിനും കൂട്യാ ഞാൻ ഫോട്ടോ എടുപ്പിച്ചേ."

"സംശയണ്ടോ; ഇതെഴുതീല്ലെങ്കിൽ പിന്നെ വേറെന്തെഴുതാനാടാ!. "

എഴുതുന്നു. ആ മൊബൈലിൽ തന്നെ!.