2020, ഒക്‌ടോബർ 30, വെള്ളിയാഴ്‌ച

നിരീക്ഷണം

  നിരീക്ഷണം


നിരീക്ഷകന്മാരെ തട്ടിത്തടഞ്ഞ് വഴി നടക്കാൻ പറ്റാത്ത കാലമാണല്ലോ?. പറയാം ഒരു പഴയകാല നിരീക്ഷണത്തിൻ്റെ കഥ. മനുഷ്യസ്നേഹിയും പ്രായോഗികമതിയും നർമ്മജ്ഞനുമായിരുന്ന ഒരു ന്യാസിയുടേയും......

ഞാൻ പഠിക്കുന്ന കാലത്ത് ആശ്രമം സ്കൂളിലെ പ്രധാന അദ്ധ്യാപകനായിരുന്നു ശ്രീരാമകൃഷ്ണമഠം സംന്യാസിയായിരുന്ന അന്തരിച്ച ശ്രീ. വ്യോമകേശാനനന്ദ സ്വാമി. പേര് അന്വർത്ഥമാക്കുന്ന ആകാരം. തലമുടി ആകാശം തൊടുന്ന ഉയരം. ഒത്തവണ്ണം. മികച്ച അദ്ധ്യാപകനുള്ള ദേശീയ അവാർഡ് നേടിയിട്ടുള്ള സ്വാമി പുറനാട്ടുകര സ്വദേശി തന്നെയായിരുന്നു. വാരിയർ സ്വാമി എന്നായിരുന്നു നാട്ടുകാരെല്ലാം വിളിച്ചിരുന്നത്. പുറനാട്ടുകര വാരിയം കുടുംബാംഗമായിരുന്നു പൂർവ്വാശ്രമത്തിൽ. നാട്ടിലുള്ള എല്ലാ വീട്ടുകാരുടേയും മക്കളുടേയും ഡാറ്റാ ബാങ്കായിരുന്നു സ്വാമി. അതിനാൽ സ്കൂളിൽ പഠിക്കുന്ന കാലത്ത് വികൃതിത്തരം കാട്ടി സ്വാമിക്കു മുന്നിൽ ചെന്നു പെടാതിരിക്കുന്നതിന് പരമാവധി നിയന്ത്രണങ്ങൾ ഞങ്ങൾ സ്വയം പാലിക്കാറുണ്ടായിരുന്നു.

എല്ലാ ദിവസവും രാവിലെ വിവേകാനന്ദൻ്റെയും ഗാന്ധിജിയുടേയും കൂറ്റൻ ചിത്രങ്ങൾ സ്ഥാപിച്ചിരുന്ന കമ്മ്യൂണിറ്റി ഹാളിൽ നടന്നിരുന്ന അസംബ്ളിയിൽ പ്രാർത്ഥനക്കു ശേഷം നിത്യപഠനം, കുളി, പ്രാർത്ഥന, അനുസരണ, അദ്ധ്വാനം തുടങ്ങിയ വിഷയങ്ങളിൽ സ്വാമിയുടെ ഹ്രസ്വ പ്രഭാഷണങ്ങൾ പതിവുണ്ടായിരുന്നു. അതിൽ അദ്ധ്വാനമായിരുന്നു മിക്ക ദിവസങ്ങളിലും വിഷയം.

"കുട്ടികൾ നല്ലവണ്ണം അദ്ധ്വാനിക്കണം. വീട്ടിലെ പറമ്പിൽ കൈക്കോട്ടെടുത്ത് കളയ്ക്കണം. കൃഷി ചെയ്യണം. കൃഷിക്ക് സ്ഥലമില്ലെങ്കിൽ ഉള്ള സ്ഥലത്ത്, അഞ്ചടിയേ ഉള്ളുവെങ്കിൽ അതു മതി, രാവിലെ കൈക്കോട്ടെടുത്ത് രണ്ടടി താഴ്ച്ചയിൽ ഒരു കുഴി കുഴിക്കുക. പിറ്റെ ദിവസം രാവിലെ കൈക്കോട്ടെടുത്ത് ആ കുഴി മൂടുക. ഇങ്ങിനെ ദിവസവും ചെയ്താൽ അത് അദ്ധ്വാനവും നല്ല വ്യായാമവുമായി. നിങ്ങൾ കുട്ടികൾ ഒത്ത ആരോഗ്യമുള്ളവരാവണം. വിവേകാനന്ദ സ്വാമി പറഞ്ഞ ഇരുമ്പു പേശികളും ഉരുക്കു സിരകളുമുള്ള മനുഷ്യർ."

സ്കൂൾ പ്രവർത്തന സമയത്തു പോലും ക്യാമ്പസിലെ വൃക്ഷങ്ങളുടെയും ചെടികളുടേയും സംരക്ഷണത്തിലും പരിപാലനത്തിലും സ്വാമിയുടെ കണ്ണും കരളുമെത്തിയിരുന്നു. ഒഴിവു ദിവസങ്ങൾ പൂർണ്ണമായും ആശ്രമം പറമ്പുകളിലായിരുന്നു സ്വാമിയുടെ വ്യാപാരം. ആശ്രമം പറമ്പുകളെല്ലാം വൃക്ഷനിബിഡവും കാർഷിക സമൃദ്ധവുമായി ഇന്നും നിലനില്ക്കുന്നത് സ്വാമിയുടെ ഭാവനയും ദീർഘവീക്ഷണവും തികഞ്ഞ പ്രവർത്തനങ്ങളുടെ ഫലമായാണ്.

നാട്ടിൽ പല സ്ഥലത്തുമായി ധാരാളം പറമ്പുകളുണ്ട് ആശ്രമത്തിനു്. ഇന്ന് കേന്ദ്രീയ വിദ്യാലയം സ്ഥിതി ചെയ്യുന്ന വിലങ്ങൻ കുന്നിൻ്റെ അടിവാരത്തിലുള്ള സ്ഥലം പിൽക്കാലത്ത് ആശ്രമം സൌജന്യമായി നൽകിയതാണത്രെ.

വലിയ സ്വാമിയെപ്പറ്റി പറഞ്ഞു വരുന്നത്‌ ചെറിയ തമാശയുള്ള ഒരു സംഭവത്തിലേക്കാണ്. പതിവുപോലെ ഒരു ഞായറാഴ്ച ദിവസം നാട്ടിലെ വിഷ്ണു ക്ഷേത്രത്തിനും സ്വാമിയുടെ തറവാടായ വാരിയത്തിനുമടുത്തുള്ള ആശ്രമം കൃഷിപ്പറമ്പിൽ സന്ദർശനവും പരിശോധനയും കഴിഞ്ഞു മടങ്ങുകയായിരുന്നു അദ്ദേഹം. വഴിയിൽ ആശ്രമത്തിൻ്റെ തന്നെ മറ്റൊരു പറമ്പുണ്ടായിരുന്നു. തോട്ടപ്പിള്ളി പറമ്പ് എന്ന് പഴമക്കാരും ഹനുമാൻ പറമ്പ് എന്ന് ഞങ്ങളുടെ തലമുറയും വിളിച്ചു വന്നിരുന്ന നാലഞ്ച് ഏക്രയോളം വരുന്ന ഒരു തേക്കിൻകാടായിരുന്നു അത്. ശക്തൻ തമ്പുരാൻ്റെ കാലത്ത് യോദ്ധാക്കളെ പരിശിലിപ്പിച്ചിരുന്ന തോട്ടപ്പിള്ളി കളരി നിന്നിരുന്ന സ്ഥലമായിരുന്നതുകൊണ്ടാണ് തോട്ടപ്പിള്ളി പറമ്പ് എന്ന പേര് കിട്ടിയതെന്ന് ചിറ്റിലപ്പിള്ളിക്കാരനും സുഹൃത്തും അവശ്യം ചരിത്രജ്ഞാനിയുമായ ചിറയ്ക്കൽ നാരായണൻ കുട്ടി പറഞ്ഞു കേട്ടിട്ടുണ്ട്.

വഴിയിലൂടെ നടന്നുപോവുന്നതിനിടയിൽ ഹനുമാൻപറമ്പിനടുത്ത് എത്തിയപ്പോൾ ഉണങ്ങിയ തേക്കിലകൾ നിറഞ്ഞ പറമ്പിനുള്ളിൽ നിന്നും സ്വാമി ഒരു അനക്കം കേട്ടു. പറമ്പിൽ ആരോ വിഹരിക്കുന്നുണ്ട് എന്ന് സംശയിച്ച സ്വാമി നടത്തം നിർത്തി. ആറേകാലടി ഉയരമുള്ള സ്വാമിക്കു പോലും ഉൾവശം കാണാൻ കഴിയാത്ത വിധം എഴടിയോളം ഉയരത്തിൽ പൊട്ടുകല്ലുകൾ കൊണ്ട് കെട്ടിപ്പൊക്കിയ വേലിയിതയാണ് പറമ്പിന്. അതിനു മുകളിൽ മേലായി കൃഷ്ണൻ്റെ കരവിരുതിൽ ഉയർന്ന മുള്ളുവേലിയും. റോഡിൽ നിന്നാൽ നോട്ടം കിട്ടില്ല.

എന്തു ചെയ്യണമെന്നു നിശ്ചയമില്ലാതെ സ്വാമി നിന്നപ്പോഴാണ് ദിവാകരൻ നമ്പൂതിരി അതു വഴി വന്നത്. അയ്യന്തോളടുത്ത് ഒരമ്പലത്തിൽ ശാന്തിക്കാരനായിരുന്ന നമ്പൂതിരി സ്കൂളിൽ സ്വാമിയുടെ ശിഷ്യനായിരുന്നു. ആളെ കണ്ട വശം സ്വാമി പറഞ്ഞു.

"അഃ ദിവാകരാ പറമ്പില് എന്തോ അനക്കം കേക്കാണ്ട്. താനൊന്ന് നോക്ക്വാ ആരാ എന്താന്ന്!. "

"ഞാൻ നോക്കാം സ്വാമി!."

ദിവാകരൻ ഇതയിൽ അള്ളിപ്പിടിച്ചു കയറി വേലിക്കുള്ളിലൂടെ സസൂക്ഷ്മം പറമ്പിനകം നിരീക്ഷിച്ചു. അതിനിടയിൽ സ്വാമി ചോദിച്ചു:

"വല്ല പട്ടിയോ മറ്റോ ആയിരിക്കും ല്ലേ?."

ദിവാകരൻ ഒന്നുകൂടി ശ്രദ്ധിച്ചു നോക്കി ഉറപ്പു വരുത്തിയ ശേഷം പറഞ്ഞു:

"ഏയ്‌, പട്ട്യല്ല സ്വാമി!."

"പിന്നെ?."

"നായ."

തെല്ലിട മിണ്ടാട്ടം മുട്ടി നിന്നു സ്വാമി. പിന്നെ കയ്യാംഗ്യം കാട്ടി പറഞ്ഞു:

"ശരി. ന്നാ താനെറങ്ങ്യോള്വാ."

നിലത്തിറങ്ങി ദേഹത്തും മുണ്ടിലും പറ്റിപ്പിടിച്ച കരടുകൾ തട്ടിക്കളഞ്ഞു കൊണ്ടിരുന്ന ദിവാകരനോട് സ്വാമി ചോദിച്ചു.

"താനെത്ര വരെ പഠിച്ചു ദിവാകരാ?."

"പത്തുവരെ."

"പത്ത് പാസായില്ല്യേ?."

"ഇല്ല്യ സ്വാമി. "

"എന്തേ?."

"നാലഞ്ച് തവണ എഴുതിത്തോറ്റപ്പോ നിർത്തി. പിന്നെ ശാന്തിപ്പണി തൊടങ്ങി. "
ദിവാകരൻ നമ്പൂതിരിയെ ആപാദചൂഢം ഒന്നുഴിഞ്ഞു നോക്കിയ ശേഷം ഒരു ഗൂഢസ്മിതത്തോടെ സ്വാമി പറഞ്ഞു:

"അല്ല; എനിക്കതിശയം തോന്ന്വാ ദിവാകരാ!."

"എന്താദ് സ്വാമി?."

"ഇത്ര നിരീക്ഷപാടവള്ള തനിക്ക് പത്താം ക്ലാസ് ജയിക്കാൻ പറ്റീല്ലിലോന്ന് വിചാരിച്ചിട്ട്!."



2020, ഒക്‌ടോബർ 21, ബുധനാഴ്‌ച

ലക്ഷ്മിയേടത്തി

  

ലക്ഷ്മിയേടത്തി

പേരക്കുട്ടിക്ക് വിരശല്ല്യത്തിനു മരുന്നു വാങ്ങുവാനായി വൈദ്യൻ മാഷെ കാണാൻ പോകുന്ന വഴി ആൽത്തറയിൽ നിന്ന് പൊങ്ങിയ വലിയ കൂട്ടച്ചിരിയിൽ ലക്ഷ്മ്യേടത്തി ഒന്നു ഞെട്ടി. കൌമാരക്കാരും യുവാക്കളുമായി ഞങ്ങൾ പത്തുപന്ത്രണ്ട് പിള്ളേരുണ്ട് വായനശാലയ്ക്കു മുന്നിലുള്ള ആൽത്തറയിൽ. മുപ്പതിനു മുകളിലെത്തിയ സുന്ദരൻ മാഷാണ് ഞങ്ങൾക്കിടയിൽ മുതിർന്നയാൾ. മാഷ് പൊട്ടിച്ച കുഴിമിന്നലിലാണ് ആൽത്തറ കുലുങ്ങിയതെന്ന് ലക്ഷ്മ്യേടത്തി ഊഹിച്ചെടുത്തു.

വായിലെ നാവിലും നേരമ്പോക്ക് പറയുന്നതിലും ഡോക്റ്ററേറ്റുള്ള പ്രതിഭയാണ് ലക്ഷ്മ്യേട്ത്തി. ധാരാളം ശിഷ്യ സമ്പത്ത്. ഞങ്ങക്കിടയിൽ ധാരാളം ശിഷ്യന്മാരും ആരാധകരുമുണ്ട്. വാത്സല്യം കലർന്ന ഒരടുപ്പമായിരുന്നു ലക്ഷ്മ്യേടത്തിക്ക് ഞങ്ങളോട്. പരസ്പരമുള്ള സ്നേഹ ബഹുമാനങ്ങളുടെ ഒരു രസതന്ത്രം നമുക്കിടയിലുണ്ടായിരുന്നു. ഏതു സമയമായാലും ആൽത്തറയ്ക്കു മുന്നിലുടെ പോവുന്നതു കണ്ടാൽ ലക്ഷ്മ്യേടത്തിയെ ആൽത്തറയിലേക്ക് വിളിച്ചുവരുത്തും ഞങ്ങൾ. ഇല്ലെങ്കിൽ ലക്ഷ്മ്യേടത്തി തന്നെ വരും. സോഫ്റ്റ് ഏയും യൂയും കലർന്ന പൊടിപ്പുകൾ വിട്ട് എല്ലാവരേയും ചിരിപ്പിച്ച് കണ്ണീരു വരുത്തിയേ ഷഷ്ഠിപൂർത്തി കഴിഞ്ഞ അവർ മടങ്ങൂ.

ആൽത്തറയിലെ ചിരി ഒന്നടങ്ങിയപ്പോൾ ലക്ഷ്മ്യേടത്തി ബ്രേക്കിട്ടു. വിരലുകൾ മടക്കി രണ്ടു കയ്യും എളിയിൽ കുത്തി അവർ ആൽത്തറയിലേക്ക് തിരിഞ്ഞു. വായിൽ നിറഞ്ഞ മുറുക്കാൻ ചാറ് നീട്ടി തുപ്പി.

"ലക്ഷ്മ്യേടത്ത്യേ, വരൂന്നേയ്!.''

സുന്ദരൻ മാഷക്ക് ആവേശമായി.

"ൻ്റെ പിള്ളേരടട്ത്ത് വരാൻ ഇക്ക് നെന്റെ ക്ഷണൊന്നും വേണ്ട്ര മുത്തൻ വാദ്ധ്യാരേ!."

ലക്ഷ്മ്യേടത്തി ആൽത്തറയിലേക്ക് നീങ്ങി. നീക്കത്തിൻ്റെ ഉന്നം ക്ഷണിച്ചവൻ തന്നെയായിരുന്നു. സുന്ദരൻ മാഷടെ അടുത്തുചെന്ന് രണ്ട് നിമിഷം കണ്ണിലേക്ക് ചുഴിഞ്ഞു നോക്കിയ ശേഷം ലക്ഷ്മ്യേടത്തി ചോദിച്ചു:

"ടാ, പത്തു മുപ്പത്തഞ്ച് വയസ്സായില്ല്യേ നെനക്ക്?. ഊരേലെ ചോപ്പ് മാറാത്ത പിള്ളേരടെ കൂടെ കളിച്ച് ചിരിച്ചിരുന്ന് ആൽത്തറേല് വേരെറക്കാൻ തന്ന്യാ നെന്റെ ഭാവം?. വീട്ടില് വാതില് സാക്ഷേട്ടിര്ന്ന് കിക്കിള്യാക്കാനും ചിരിപ്പിക്കാനും ഒരെണ്ണത്തിനെ കൊണ്ടരണ്ട്രാ നെനക്ക്!."

"എന്താ ചെയ്യാ ലക്ഷ്മ്യേടത്തി, എഴില് ചൊവ്വ വേരെറക്കി നിക്ക്വല്ലേ?."

"ന്നാ ആ പനോലേട്ത്ത് അടുപ്പിലിട്ടിട്ട് നല്ലതൊന്നിനെ വശ്യം ചീത് വീട്ടില് കേറ്ററാ നിയ്യ്!."

"വരട്ടെ സമയണ്ട്."

"ന്റെ തേവരേ!. മുപ്പത്തഞ്ച് കഴിഞ്ഞു; ന്നട്ടും സമയായിട്ടില്ല്യാന്ന് ഇള്ളക്കുട്ടിക്ക്!."

വായിൽ വീണ്ടും കൊഴുത്തു നിറഞ്ഞ മുറുക്കാൻ ചാറ് ആൽത്തറക്ക് കുറച്ചകലെ ചെന്ന് പാറ്റിച്ച് തുപ്പിയ ശേഷം തിരിച്ചു വന്നു് ലക്ഷ്മ്യേടത്തി പറഞ്ഞു:

"ടാ.....നോക്ക്യേൻ, മൂപ്പെത്തീട്ടും വെട്ടാത്ത നേന്ത്രക്കായ വിള്ളും. കിളി കൊത്തും. കണ്ടിട്ടില്ല്യേ നിയ്യ്?. നല്ലണോർമ്മച്ചോ!."
Image may contain: tree, house, plant and outdoor
Anandan Parangodath, Raman Mundanad and 99 others
35 comments
2 shares
Like
Comment
Share

കൈരഹസ്യം

    

കൈരഹസ്യം


"അച്ഛാ ഈ ഷർട്ടെങ്ങനേണ്ട്?."

"നന്നായീണ്ട്. "
"അച്ഛന് വാങ്ങീതാ."
"ഫുൾ സ്ലീവ്സാ!?."
"ങ്ഹാ എന്തേ?."
"എനിക്ക് വേണ്ട!."
"അയ് എന്താ വേണ്ടാന്ന്? അച്ഛന് ഫുള്ളാ ഗെറ്റപ്പ്."
"വേണ്ട!."
"എന്താദ്?."
"ബട്ടണിട്ട് ഫുൾ സ്ലിവ്സില് നടക്കാൻ എനിക്കിഷ്ടല്ല്യ."
"വേണ്ട, മടക്കി വെച്ചൂടെ?. അതന്ന്യാ ഭംഗീം."
"അത് ശര്യാവില്ല്യ."
"എന്ത് ശര്യാവില്ല്യാ?."
"മടക്കിക്കേറ്റാൻ പറ്റില്ല്യ. ഭയങ്കര ടൈറ്റാവും."
"ഇട്ട് നോക്കാണ്ടാ അച്ഛൻ പറേണത്?."
"ന്നാ ഞാനിടാം. നീയ്യാ കയ്യൊന്ന് മടക്കിത്തന്നേൻ!."
"ശരി........
ദാ കണ്ടാ എന്താ കൊഴപ്പം?."
"വരട്ടെ. ഇതെടത്തയ്യല്ലേ?. ഈ കയ്യിലെ മടക്ക്. "
"അത് ശരി!. അതാ കാര്യല്ലേ?. അച്ഛാ അതങ്ങന്യന്ന്യാ."
"എന്തൂട്ടങ്ങന്യന്നെ?. ഏത് ഷർട്ട് വാങ്ങ്യാലും വലത്തെ കയ്യ് ഇങ്ങന്യാ. മടക്കുമ്പൊ ടൈറ്റായിട്ട് കയ്യിലെ രോമം പറഞ്ഞ് പോരും!."
"അച്ഛാ, അതച്ഛന് മാത്രല്ലാ എല്ലാവർക്കും അങ്ങന്യാ. പൊതുവെ എല്ലാവരടേം വലത്തെ കൈത്തണ്ട വണ്ണം കൂടില്ല്യേ?. അധികം ആക്ഷൻ ആ കയ്യോണ്ടല്ലെ? അപ്പൊ മസിൽസൊക്കെ...."
".....അങ്ങന്യാച്ചാ കമ്പനിക്കാർക്ക് ആ സ്ലീവ്സ് ഇത്തിരി സൈസ് കൂട്ടീണ്ടാക്കിക്കൂടെ?."
"ഹ ഹ ഹ ഹഹ!. അയ്യോൻ്റെച്ഛാ!. അച്ഛനെ സമ്മതിച്ചു!."
"എന്തൂട്ട് സമ്മയ്ച്ചു?. എന്താ ഞാൻ പറഞ്ഞേല് തെറ്റ്?.''
"അച്ഛാ അപ്പോ എടത്തയ്യന്മാരില്ല്യേ?."
"അയ്...അ...അത്...അതിപ്പൊ; ന്നാ പിന്നെ വേറൊന്നും നോക്കണ്ട; രണ്ട് കയ്യും മുക്കാലിഞ്ച് വണ്ണം കൂട്ടി തുന്നണം. അതന്നെ!."
.
.
.
.
.
എന്തായാലും കണ്ണടേണേന് മുമ്പ് ഒരു ലോകരഹസ്യെങ്കിലും അറ്യാൻ കഴിഞ്ഞൂലോ!. തീരെ വ്യർത്ഥായി ജിവിതംന്ന് പറഞ്ഞൂടാ!.
Image may contain: one or more people
Rajan Parangodath, Chithira Balachandran and 153 others
19 comments
1 share
Like
Comment
Share