2017, ഒക്‌ടോബർ 18, ബുധനാഴ്‌ച

ഗുരു സമക്ഷം

 ഗുരു സമക്ഷം  


ഷഷ്ഠിപൂർത്തിക്കു തൊട്ടു മുന്നത്തെ വർഷമാണ് ചെണ്ടപ്പൂതി മനസ്സിൽ കയറിയത്. ആളൊപ്പം നിന്നു കൊട്ടാനൊന്നുമല്ല. ഉള്ള മേളാസ്വാദനക്ഷമതയെ ഒന്നു പുഷ്ടിപ്പെടുത്തണം. തക്കിട്ടയും തരികിടയും നേർക്കോലും കുഴമറിച്ചിലും കൊട്ടിയറിഞ്ഞാസ്വദിക്കണം അതു മാത്രമായിരുന്നു മോഹം. അതു വരെ തിരുവമ്പാടിയിലും പാറമേക്കാവിലും പെരുവനത്തും ആറാട്ടുപുഴയിലും കുട്ടല്ലൂരും എടക്കുന്നിയും മറ്റുമായി അമ്പലങ്ങളും കാവുകളും തീണ്ടി പഞ്ചാരിക്കാമം കണ്ടും കേട്ടും ആടിയും കരഞ്ഞു തീർക്കുകയായിരുന്നു. അതു പോരെന്നായി. പൂതി മൂത്ത് ഇരിക്കപ്പൊറുതി മുട്ടിയപ്പോൾ തിരുവമ്പാടിയുടെ യുവ ഉത്സാഹപ്രമുഖൻ അരുണാണ് ഒരു വഴി കാണിച്ചു തന്നത്. ശങ്കരങ്കുളങ്ങരെ പഠിപ്പിക്കുന്നുണ്ട്. വീട്ടിൽ നിന്നും വലിയ ദൂരമില്ല.  കൂടുതൽ അറിയാനായി അരുൺ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന ആനന്ദ് കേശവന്റെ നമ്പർ തന്നു. ആനന്ദാണ് ആശാനെ പറഞ്ഞ് തരപ്പെടുത്തിയത്. പിറ്റേ ദിവസം സന്ധ്യക്ക് ക്ഷേത്രത്തിൽ ചെല്ലുമ്പോൾ മുറുക്കി ചുവപ്പിച്ച് ക്ഷേത്രക്കമ്മിറ്റി ആപ്പീസിൽ കാര്യവിചാരത്തിലിരിക്കുകയായിരുന്നു ആശാൻ.
" എന്തേ?."
" ഞാൻ ബാലചന്ദ്രൻ. ആനന്ദ് പറഞ്ഞിരുന്നില്ലേ?."
"അ: ആ, മൻസിലായി പൊറാട്രേന്നല്ലേ?."
"അതെ. എങ്ങന്യാ, സംഗതി ശര്യാവോ?."
"എന്താ ശര്യാവാണ്ടിരിക്കാൻ?. നല്ല  കാര്യായി!."
"അല്ല അടുത്ത ചിങ്ങത്തില് അറുപതാ!."
"അതിനെന്താന്നേയ്?. ഒരു കൊഴപ്പോല്ല്യ. മഞ്ജു വാര്യരുടെ    അച്ഛൻ അരങ്ങേറിത് എത്രാം വയസ്സിലാ?. ജഗന്നാഥ വർമ്മ?. അവരിലും താഴേല്ലേ മാഷ്?."
"അപ്പ ശര്യാവും ല്ലേ?.'
"പിന്നെന്താന്ന്!. ഒട്ടും പേടിക്കണ്ട. മാഷൊക്കെ വേഗം പഠിക്കും. താളബോധണ്ട്. ഇക്കറ്യാം."
" അയ്, അതെങ്ങനെ?."
"ഇക്കറ്യാം. ശ്ശി മേളങ്ങളില് കൈക്കലാശം കണ്ട്ണ്ട്. കൊട്ടി നെടേല് ആ രസോം ആസ്വദിക്കാറ്ണ്ട് ഞാൻ. "
"അല്ല അത്..."
"ഒന്നും ആലോചിക്കണ്ട. നാളെത്തന്നെ പോന്നോളോ. വൈകിട്ട് എട്ടു മണി കഴിഞ്ഞ് നട അടച്ചാ തൊടങ്ങും ട്ടാ."
പിറ്റെ ദിവസം ദക്ഷിണ കൊടുക്കുമ്പോൾ ആശാൻ പ്രായത്തിൽ മുതിർന്ന ശിഷ്യന്റ ചെവിയിൽ മന്ത്രിച്ചു:
"അതേയ് ദക്ഷിണ തന്നാ മതി. നമസ്കരിക്കണ്ട ട്ടാ!."
അങ്ങിനെയായിരുന്നു ഗണപതിക്കൈ.
എട്ടു മുതൽ അമ്പതു വയസ്സു വരെയുള്ളവരോടൊത്ത് തക്കിട്ട കൊട്ടി തുടങ്ങിയ പരിശീലനം ഇടക്കിടെയുള്ള ദേശാന്തരങ്ങൾ, നാടകം, സിനിമ, അസുഖങ്ങൾ ഇത്യാദികൾക്കായി മുങ്ങിയ  ദിവസങ്ങൾ കഴിച്ച് ബാക്കി മൂന്നു മാസമേ ഉണ്ടായുള്ളു. വിദ്യാരംഭത്തിന് അരങ്ങേറ്റം നിശ്ചയിച്ചപ്പോൾ ഒന്നു പരുങ്ങി.
"അരങ്ങേറ്റം വേണോ ആശാനേ!. ഞാൻ ജസ്റ്റ്..."
"വേണം വേണം!. ഒരു കല അഭ്യസിച്ചാ അരങ്ങേറണം. അല്ലെങ്ങെ അതിന് ഫലല്ല്യാണ്ടാവും. ധൈര്യായിട്ട് കൊട്ടിക്കോളു!."
കൊട്ടി. 
സീനിയർ ശിഷ്യൻ സൂരജ് പ്രമാണം. പിന്നിൽ വലം തലയിലും ഇലത്താളത്തിലുമായി കൃഷ്ണദാസ്, ജിത്തു, സൂര്യ, പ്രവീൺ, നിഖിൽ, തുടങ്ങിയ സീനിയർ ശിഷ്യന്മാരും മുതിർന്ന വാദ്യക്കാരുമടക്കം പത്തെൺപതു പേർ. കേളികേട്ട മേളാസ്വാദകനായ അരണാട്ടുകരക്കാരൻ ടൈറ്റസ് ഉൾപ്പെടെ നൂറു കണക്കിന് ആസ്വാദകർ!.


അരങ്ങേറ്റം അടിപൊളി!.
ഒപ്പം നിന്ന് തീറ് കലാശിപ്പിച്ച് ചെണ്ട മറ്റൊരു ശിഷ്യനെ ഏല്പിച്ച ശേഷം ആശാൻ അടുത്തു വന്നു പറഞ്ഞു:
"ഇപ്പെങ്ങനീണ്ട്?. ഞാൻ പറഞ്ഞില്ല്യേ?. നന്നായി കൊട്ടി ട്ടാ!. "
തൊഴുതു നന്ദി ചൊല്ലിയപ്പോൾ ഓർമ്മിപ്പിച്ചു:
"ഇതോണ്ടായില്ല്യ ട്ടാ!. ബാക്ക്യൊക്കെ മേളത്തിൽ വലംതല കൊട്ടി പഠിക്കണം. പൂരക്കാലം വര്വായി. അവസരം വരുമ്പോ ഞാൻ വിളിക്കും. വരണം. മ്മക്കൊന്നു തകർക്കണം!."
മൂന്നു കൊല്ലം കഴിഞ്ഞു!. വല്ലതുമുണ്ടായോ?. ഇല്ല !.
അരങ്ങേറിയ സന്തോഷത്തിന് മരുമകൻ സമ്മാനിച്ച ചെണ്ടയിൽ പൊടിപിടിച്ചിരിക്കുന്നു!. 
തിരക്കൊഴിഞ്ഞ് ആശാനോടൊപ്പം ചേരാൻ സമയം കഷ്ടി. വല്ലപ്പോഴും കാണുമ്പോൾ ആശാൻ പറയും:
"കാണാല്ലിലോ?. വരൂന്ന്!. പിള്ളേരൊക്കേണ്ട് ...."
പക്ഷെ നിർത്തിയേടത്ത് നിൽപ്പാണ് ശിഷ്യൻ.
കഴിഞ്ഞ ഞായറാഴ്ച സാഹിത്യ അക്കാദമിയിൽ മലയാളി മുദ്ര പുരസ്കാരം സ്വീകരിക്കുവാൻ വന്നപ്പോൾ അദ്ദേഹത്തെ വീണ്ടും കണ്ടു. അറുപതുകാരൻ ശിഷ്യന്റെ പഞ്ചാരിപ്പിപാസയകറ്റിയ, നാല്പതുകളിൽ ഇടംതല പെരുക്കി മുന്നേറുന്ന ആശാൻ ശ്രീ.ശങ്കരങ്കുളങ്ങര രാധാകൃഷ്ണനെ....
സന്തോഷം.... ആദരം....നന്ദി!.
മറക്കില്ല ഒരിക്കലും!.

--------------------------------------------------

2017, ഒക്‌ടോബർ 17, ചൊവ്വാഴ്ച

സുഖദം


സുഖദം


ഒരു നാള്‍ റീജിയണല്‍ തിയ്യറ്ററില്‍ വെച്ചു കണ്ടു മുട്ടിയപ്പോള്‍ സുനിലും ജയചന്ദ്രനുമൊത്തൊരു പടമെടുത്തു. മുഖപുസ്തകത്തില്‍ അതൊരു പോസ്റ്റാക്കി. രണ്ടു വര്‍ഷം മുമ്പ്‌ നടന്നതാണ്. ആദ്യമായി കണ്ടിട്ടാവണം ആരോ ഒരാള്‍ കമന്റിട്ടതിനെ തുടര്‍ന്ന് ആഴങ്ങളിൽനിന്നു പൊന്തിവന്ന് സംഗതി ദാ വീണ്ടും ലൈവായി പേജില്‍ ഒഴുകി നടക്കുന്നുണ്ട്!.
വിശേഷം അതല്ല.
മേല്‍ചൊന്ന പോസ്റ്റിന്‍റെ പുതുവായനക്കാരനായ ഒരു സുഹൃത്താണ്. മോണിറ്ററിൽ 'അവൈലബിൾ ' പച്ച കണ്ടിട്ടാവണം കൊച്ചു വെളുപ്പിന് കോട്ടുവായ്ക്ക്‌ പകരം ഹായ് ഇട്ട് ഇഷ്ടന്‍ ഇൻബോക്സിൽ തെളിഞ്ഞു.
"ഹായ്, ബാലേട്ടാ!."
"ഹലോ."
"എന്ത് പറയുന്നു സുഖല്ലേ?."
"പരമസുഖം."
"പുതിയ വർക്കൊക്കെ ?"
"ഒന്നൂല്ല്യ. "
"ആമി എന്നാ?."
"ഡിസംബറിലാണെന്നു തോന്നുന്നു. കൃത്യമായറിയില്ല. "
"വല്ല്യേ വേഷാണോ?."
"ചെറുത് . വേഷ്ടി വലുതാ പക്ഷെ."
"ആരായിട്ടാ?."
"സിനിമ കാണ്. ഇപ്പ പറേല്ല്യ."
" ഓക്കേ. പക്ഷെ ഈ ചെറിയ വേഷങ്ങളുമായി എത്ര കാലം മുന്നോട്ട് പോവാനാ പരിപാടി?."
" അതുംകൂടി ഇല്ല്യാണ്ടാവണ വരെ."
"ഹ ഹ ഹ ! ബാലേട്ടൻ അടിപൊളി തമാശ്യാ ട്ടാ!. ങ്ങ്ഹാ, അതൊക്കെ പോട്ടെ ഞാനിപ്പോ വന്നത് ഒരു കാര്യം പറയാനാ."
"എന്താദ്?."
"സുനിൽ സുഗതയുമൊത്തുള്ള പടവും പോസ്റ്റും കണ്ടു. കലക്കീണ്ട് ട്ടാ!. "
"താങ്ക്യൂ ."
"പക്ഷെ ബാലേട്ടൻ ശ്രദ്ധിച്ചോന്നറീല്ല്യ; സുനിലിന്‍റെ സർണെയിം എഴുതിയേല് ഒരു പെശകുണ്ടല്ലോ ?"
"മനസ്സിലായില്ല്യ." (ചതിച്ചോ ദൈവമേ!.)
"സുഗത എന്നത് സുഖദ എന്നായല്ലോ?. വെണ്ണ വെണ്ണ പോലത്തെ വാക്കിനെ ബാലേട്ടൻ കൊണ്ടോയി കടുപ്പാക്കി!."
"സുഗതയോ?."
"ങ് ഹാ സുഗത?. സു .....ഗ ....ത !. ബാലേട്ടൻ അത് സുഖദയാക്കി സു...ഖ...ദ !. "
"ആരാ തന്നോടു പറഞ്ഞേ സുഗത്യാന്ന്?."
"അയ്, അതിപ്പോ ആരെങ്കിലും പറയാണ്ടോ ബാലേട്ടാ?. അതല്ലേ ശരി?. ഈ സുഖദാന്ന് ബാലേട്ടനോടാരാ പറഞ്ഞേ?."
"സുനിൽ സുഖദ്യന്നെ. ഇന്യതും സംശയണ്ടെങ്ങേ പൂത്തോള് പോയിട്ട് സുനിലിന്‍റെ വീടിന്‍റെ ഗേറ്റില് നോക്ക്യാ വീടിന്‍റെ പേരായി കാണാം . "
"വീടിന്‍റെ പേര് സുഖദാന്നാ?."
"അതെ. സുഖദം"
"അത് ശരി!. പക്ഷെ അങ്ങനൊരു വാക്കുണ്ടോ മ്മടെ ഭാഷേല് ? എന്താതിന്റർത്ഥം ബാലേട്ടാ? "
"സുഖകരമായത്. സുഖം നൽകുന്നത് ."

2017, ഒക്‌ടോബർ 9, തിങ്കളാഴ്‌ച

മീറ്റിങ്ങ്


  മീറ്റിങ്ങ്  

വെളുപ്പിനെണീറ്റപ്പോൾ നല്ല സമ്പ്രദായത്തിലുള്ള തലവേദന .

"ചായ ഡബിള്‍ സ്ട്രോങ്ങായിക്കോട്ടെ . നല്ല തലവേദനേണ്ട്‌."

ചായയിടാന്‍ തുടങ്ങിയ ഭാര്യയോടു പറഞ്ഞു. 


" ആ എനിക്ക്വതെ!. ന്നലെ രാത്രി തൊടങ്ങീതാ!."


ഗ്യാസടുപ്പിന്റെ നോബ് തിരിച്ച് തോക്ക് പൊട്ടിക്കുമ്പോള്‍ ഭാര്യയും പറഞ്ഞു.

പ്രതിശ്രുതി ലേശം അരിശം മനസ്സിൽ നുരപ്പിച്ചെങ്കിലും പെട്ടെന്ന് തന്നെ അടങ്ങി. അര നൂറ്റാണ്ടു പഴക്കമുള്ള ഒരോര്‍മ്മ പെട്ടെന്ന് ഓടിയെത്തി മുഖത്തൊരു പുഞ്ചിരി തേച്ചു പോയതു കണ്ടിട്ടാവണം ഭാര്യ ചോദിച്ചു.

"എന്തേ ചിരിച്ചേ?."

"ഒന്നൂല്ല്യ. അച്ഛന്റേം അമ്മേടെം കാര്യം ഓർത്തതാ."

"എന്താദ് പെട്ടെന്നോര്‍ക്കാന്‍?"

മറ്റിടങ്ങളിൽ ജോലിയും കുടുംബവും കുഞ്ഞുകുട്ടി പ്രാരബ്ദങ്ങളുമായി കഴിയുന്ന മക്കൾ മാസത്തിലൊരിക്കൽ വീട്ടിലേക്കു വരുമ്പോൾ അച്ഛൻ അവരെ സ്വാഗതം ചെയ്യുന്നത് സ്വന്തം ശാരീരിക വല്ലായ്മകൾ അവതരിപ്പിച്ചുകൊണ്ടായിരിക്കും. ക്ഷീണം, ശോധനക്കുറവ്, തണ്ടൽ വേദന, കഫം, ഉറക്കക്കുറവ് ഇത്യാദികളെല്ലാം വിസ്തരിച്ചു തുടങ്ങുമ്പോഴേക്കും അടുക്കളപ്പണിക്ക് സുല്ലിട്ട് അമ്മ ഉമ്മറത്തേക്ക് ഓടിയെത്തും. അച്ഛന്റെ മെഡിക്കൽ ബുള്ളറ്റിനിൽ ഇടംകോലിട്ടുകൊണ്ട് അമ്മയും തുടങ്ങും.

അച്ഛന്‍റെ കഫശല്യത്തിന് അമ്മയുടെ കാലു പൊളിച്ചൽ.

അച്ഛന്റെ വിശപ്പില്ലായ്മക്ക് അമ്മയുടെ ശ്വാസംമുട്ട്.

കാഴ്ചക്കുറവിനെതിരെ തണ്ടല്‍വേദന.

രണ്ടുപേരുടെയും അന്യോന്യം ഇടവേളക്കു പിരിയുന്നത് വന്നു കയറിയ മകളോ മകനോ ' ഇക്കൊരു ചായ വേണലോമ്മേ; ബാക്കി പിന്നെ സംസാരിക്കാച്ഛാ ' എന്നും പറഞ്ഞ് അടുക്കളയിലേക്കു തിരിക്കുമ്പോഴാണ്. അഹിതകരമായ ഇടപെടലുകളില്‍ മുഖഭാവംകൊണ്ടു അസ്വസ്ഥത പ്രദര്‍ശിപ്പിച്ചിരുന്നുവെങ്കിലും അമ്മക്കെതിരായി അച്ഛൻ ഒന്നും പറയാറില്ല. എങ്കിലും ഒരു നാൾ അച്ഛൻ പ്രതികരിക്കുക തന്നെ ചെയ്തു.

എല്ലാ മക്കളും മക്കളുടെ മക്കളും ഒരുമിച്ചു കൂടിയ ഒരോണനാളിലാണതുണ്ടായത്. പതിവുപോലെ അച്ഛന്‍ ആദ്യം പന്തുരുട്ടി.

"രാത്രി ഭക്ഷണം കഴിഞ്ഞ് കെടന്നാ അടിവയറ്റീന്നിങ്ങനെ എന്തോ ഉരുണ്ട് കേറും."

"എനിക്കൂണ്ട് . വെളിച്ചായാലാ ത്തിരി ഒറക്കം കിട്ട്വാ." അമ്മ 

"ഭക്ഷണം കഴിഞ്ഞാ നെഞ്ചെരിച്ചല് സഹിക്കില്ല്യ ." അച്ഛൻ 

"എനിക്കോ!. എരിച്ചിലൂണ്ട് ഗ്യാസൂണ്ട്. പിന്നെ പറേണോ!" വീണ്ടും അമ്മ 

"വാതത്തിന്റെ അസുഖം ഒരു കൊറവൂല്ല്യാ."

"ഞാന്‍ പിന്നെ പറേണില്ല്യാന്നേള്ളോ; കാലു പൊളിച്ചലൊഴിഞ്ഞ നേരല്ല്യ!." 'അമ്മ വിടുമോ?

എന്തുകൊണ്ടാണെന്നറിയില്ല   എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ആദ്യമായി അച്ഛന്‍ കയറു പൊട്ടിച്ചു:

"ശേന്തൊരു കഷ്ടാ നോക്ക്വോ!. ഞാന്തെങ്കിലും ദെണ്ണം പറഞ്ഞാ അതൊക്കെ അവര്ക്കൂണ്ട്! ."

"പിന്നല്ലാണ്ട്! എനിക്കും വയാസ്സായില്ല്യേ!. എന്‍റെ രോഗം പറയാണ്ട് കഴ്യോ.? അമ്മ പ്രതിഷേധിച്ചു .

"പറഞ്ഞോളോ പാറൂട്ട്യേ?. അതിവട്യന്നെ പറേണോ?."

"എന്താബടെ പറഞ്ഞാ? ഞാമ്പിന്നെവട്യാ പറേണ്ട്?."

"എന്‍റെ മീറ്റിങ്ങിലന്നെ പറേണന്ന് എന്താ നിങ്ങക്കിത്ര വാശി?. നിങ്ങക്ക് വേണെങ്ങെ വേറെ മീറ്റിങ്ങ് വിളിച്ചു കൂട്ട്വാ!. ഇതെന്‍റെ മീറ്റിങ്ങാ!."

അച്ഛന്‍ ഉന്നയിച്ച ക്രമപ്രശ്നത്തിന്റെ  ഗൌരവത്തെ നേരിടാന്‍ കഴിയാഞ്ഞിട്ടാവണം മൌനം പാലിച്ചിരുന്ന മക്കളുടെ പ്രതികരണശേഷിയില്ലായ്മക്കെതിരെ ആളാംപ്രതി തീഷ്ണമായ ഓരോ നോട്ടം നല്‍കിയാണ്‌ അമ്മ അടുക്കളയിലേക്ക് മടങ്ങിയത്!.
:
:
:
"അമ്മ പറേണേലും കാര്യല്ല്യേ " എന്നൊരു ചോദ്യത്തിന്‍റെ സമീപസാദ്ധ്യതയെ കണക്കിലെടുത്ത് തലവേദനക്കുള്ള ചായയുമായി ഉത്തരക്ഷണം ഞാന്‍ അടുക്കള വിട്ടു.....