2014, ഡിസംബർ 3, ബുധനാഴ്‌ച

കണ്‍കെട്ട്



കണ്‍കെട്ട്



പത്തിരുപത്തെട്ടു കൊല്ലം മുമ്പാണ്..

സുഹൃത്തിന്‍റെ കല്യാണത്തിന് അന്നകരയില്‍ എത്തിയതാണ് ഞങ്ങള്‍ നാലു പേര്‍. കെട്ടും കുരവയും കഴിഞ്ഞു ഇലയിടാറായപ്പോള്‍ നാല്‍വരില്‍ മൂന്നു പേര്‍ക്കും പാങ്ങില്‍ പോയി കള്ളു കുടിക്കാന്‍ മുട്ടി. പാവര്‍ട്ടിക്കടുത്ത്‌ പാങ്ങില്‍ അക്കാലത്തൊക്കെ നല്ല മധുരക്കള്ള് കിട്ടുമായിരുന്നു. അധികം ദൂരമില്ല സ്ഥലത്തേക്ക്. ബസ്സില്‍ പോയി ശടേന്ന് മോന്തി വരാം. പക്ഷെ ഒരു പ്രശ്നം. നാലാമന്‍, അതായത് ഞാന്‍, നാല് വയസ്സുകാരന്‍ മകനേയും കൊണ്ടാണ് വന്നിരിക്കുന്നത്. കുട്ടിയുമായി  എങ്ങിനെ കള്ളുഷാപ്പില്‍ കയറും?


അതിനുടന്‍ സമാധാനം കണ്ടുപിടിച്ചു ഒരാള്‍.



"വാ വണ്ടീ കേറ്!. സൂത്രണ്ട്."


പാങ്ങില്‍ ഇറങ്ങി ആദ്യം കണ്ട ഷാപ്പില്‍ത്തന്നെ കയറി. സൂത്രധാരന്‍ മറ്റുള്ളവരെ ഡെസ്ക്കില്‍ ഇരുത്തി അകത്തു ചെന്ന് ഷാപ്പുകാരന്‍റെ ചെവിയില്‍ എന്തോ മന്ത്രിച്ചു തിരിച്ചു വന്നു.

"ഓരോന്ന് പോരെ. അധികായാ വയറ് വീര്‍ത്തു മുട്ടും. ഊണും  കഴിക്കണ്ടേ?."

"മതി മതി."

"അപ്പോ ഇയാളേ, ഒരു മൂന്നു കുപ്പി പാല്. കുട്ടിക്ക് ഒരെണ്ണം ഗ്ലാസില്."

സൂത്രധാരൻ അകത്തേക്കു വിളിച്ചു പറഞ്ഞു.

"പാലാ!?" ഒരു മന്ദബുദ്ധിക്ക് സംശയം 

" ശ്ശെ!.  മിണ്ടാണ്ടിരിക്കട തെണ്ടീ. അതാ ഞാന്‍ പറഞ്ഞ സൂത്രം!"

മൂന്നു കുപ്പിയും ഒരു ഗ്ലാസ്സും ഡെസ്ക്കില്‍ വന്നു. ഗ്ലാസ്സിലുള്ളത് കുട്ടിക്കുള്ള പാലുവെള്ളം.

"മോന്‍ കുടിച്ചോ. നല്ല പാലാ." 

ഷാപ്പുകാരൻ കളിയില്‍  സഹകരിച്ചു .

"കള്ളുഷാപ്പിലെങ്ങനെ പാല് വന്നു?" എല്ലാ കൂട്ടുകെട്ടിലും ഒരു ജഗദീഷ് അല്ലെങ്കില്‍ ഹരിശ്രീ അശോകന്‍ കഥാപാത്രം ഉണ്ടാവുമല്ലോ!

"അപ്പര്‍ത്തെ ഹോട്ടല്‍ന്ന്." സൂത്രധാരന്‍ കണ്ണുരുട്ടി.

കുപ്പിയും ഗ്ലാസും ഒഴിഞ്ഞു. നാലര പേരും സദ്യയുണ്ടു മടങ്ങി.

അച്ഛനും മോനും വീട്ടില്‍ എത്തിയപ്പോള്‍ കുട്ടിയോട് അച്ഛമ്മയുടെ പതിവു കൊഞ്ചല്‍:

"അച്ചുട്ടന്‍ നല്ലോണം ഉണ്ട്വോ?"

"ഉവ്വ്."

"എന്താര്‍ന്നു പാച്ചം?"

"പരിപ്പ്!"

"പാച്ചം നല്ലോണം കുച്ച്വോ മോന്‍?

"ഉവ്വ്. ഉണ്ണണേന് മുമ്പ് പാലും കുച്ചു."

"പാലാ?  സദ്യക്ക് പാലാ?"

"സദ്യക്കല്ലച്ഛമ്മേ!.  ഹോട്ടല്‍ന്ന്!."

" ദെന്തിനാവന്‍ കുട്ടിക്ക് പാല് മേടിച്ചു കൊടുത്തേ ആവോ!."

"ഞാന്‍ മാത്രല്ലച്ഛമ്മേ! അച്ഛനും കൂട്ട്വാരും ഒക്കെ കുച്ചു. അവരൊക്കെ കുപ്പീല് ഞാന്‍ ഗ്ലാച്ച് ."

"ദെന്തൂട്ടൊക്ക്യാ ഈ കുട്ടി പറേണേ!. കല്യാണത്തിനു പോയിട്ട്  പാല്  കുടിക്ക്യെ? അതും ഓരോ കുപ്പി! ദ് നല്ല കൂത്ത്!" 

അപ്പോള്‍ അകത്ത്  ഉറങ്ങാന്‍ കിടന്ന അച്ഛാച്ഛന്‍ വിളിച്ചു പറഞ്ഞു:

"നിങ്ങക്കത് മനസ്സിലായില്ല്യേ പാറൂട്ട്യേ?. നിങ്ങടെ തൃപ്പുത്രന്‍ മോനേം കൊണ്ട് കള്ളുഷാപ്പില് കേറി!. കണ്ണ് വെട്ടിക്കാന്‍ കുട്ടിക്ക് ഗ്ലാസില് പാലും വാങ്ങിക്കൊടുത്തു. അതന്നെ!."

'എന്തൂട്ടാ അച്ഛാച്ഛാ കള്ളുച്ചാപ്പ്' എന്നു ചോദിക്കാനാവണം  കുട്ടി തെക്കകത്തേക്ക് കുതിച്ചപ്പോള്‍ അച്ഛന്‍ തട്ടുമ്പുറത്തെ   മുറിയിലേക്കുള്ള മരക്കോണി മൂന്നു പടി ഇടവിട്ട് ഓടിക്കയറി!.