2019, മാർച്ച് 25, തിങ്കളാഴ്‌ച

ടച്ച് മീ നോട്ട്



 ടച്ച് മീ നോട്ട്

രണ്ട് കിലോ നേന്ത്രപ്പഴത്തിനു കൊടുത്ത പണത്തിൽ ബാക്കി തരുവാനായി കടക്കാരൻ മേശയിലെ നോട്ടുകൾ പരതിയിരിക്കുമ്പോഴാണ് പിന്നിൽ നിന്ന് ചോദ്യം കേട്ടത്
" ഈ പൂവമ്പഴത്തിനെന്താ വെലാ?"
തിരിഞ്ഞു നോക്കിയപ്പോൾ കടയുടെ മുമ്പിൽ കൊളുത്തിയിട്ട ലക്ഷണമൊത്ത പൂവൻ കുലയിൽ തൊട്ട് തലോടി ഭംഗി ആസ്വദിക്കുകയാണൊരാള്‍.
"അയ് അയ് കൊല തൊടരുത്!."
ചില്ലറ തിരയുന്നത് നിർത്തി കടക്കാരൻ ഉറക്കെ വിളിച്ചു പറഞ്ഞപ്പോൾ ആഗതന്‍ പരിഭ്രമിച്ച് കുലയിൽ നിന്നും കയ്യെടുത്തു.
" കിലോ 50 രൂവ. എത്ര്യാ വേണ്ട്?.''
" ദേ ഈ താഴത്തെ പടലേന്ന്.....;"
വീണ്ടും അടിപ്പടല തൊട്ട് വേണ്ട തൂക്കം പറയാൻ തുടങ്ങിയ അയാളോട് കടക്കാരൻ ആക്രോശിച്ചു.
"കൊല തൊടര്തെന്ന് പറഞ്ഞില്ലിടോ?. തനിക്കെത്ര വേണംന്ന് പറഞ്ഞാ മതി. ഞാട്ത്തരാം!."
ഞെട്ടലും ജാള്യതയും മാഞ്ഞ് ആഗതന്‍റെ മുഖത്ത് രോഷം തെളിഞ്ഞു വന്നു.
"ഐന് താനെന്തിനാ ചൂടാവണ്?. കൊല തൊട്ടാന്താ ആകാശം ഇടിഞ്ഞ് വീഴോ?."
"വീഴും. ആവശ്യല്ലാത്തോടത്ത് തൊടണ്ട അതന്നെ!."
"ന്നാ താന്‍ പുഴുങ്ങിത്തിന്ന് തന്‍റെ പഴം!."
രണ്ടു കയ്യും വിടർത്തി മുന്നിലേക്ക്‌ തള്ളി ഒരശ്ലീല ചേഷ്ട ചമച്ചുകൊണ്ട് അയാള്‍ പറഞ്ഞു. പിന്നെ തിരിഞ്ഞു പോകുന്ന പോക്കിൽ നിലത്ത് ആഞ്ഞു തുപ്പിക്കൊണ്ടു കൂട്ടിച്ചേര്‍ത്തു:
" ഔ ഇനീണ്ടോ ഒരു മെരുമ്പൂവ്!."
രോഷം ചവിട്ടി മെതിച്ച് നടന്നു പോകുന്ന അയാളെ നോക്കി നിന്നപ്പോൾ അയാളുടെ പ്രസക്തമായ ഒരു ചോദ്യത്തിനുള്ള മറുപടി എന്‍റെ സഞ്ചിതസ്മരണകളില്‍ നിന്നും പൊന്തി വന്നു.
‍ആകാശമൊന്നുമല്ലെങ്കിലും കുല തൊട്ടാല്‍ വില പിടിച്ച ചിലതൊക്കെ ഇടിഞ്ഞു വീഴും ചങ്ങാതീ. അത് വിനാശകരവുമായിരിക്കും!.
കോളേജിൽ പഠിക്കുന്ന കാലത്താണ്. വീടിനടുത്തുള്ള വിളക്കുംകാൽ കവലയിലെ സുഹൃത്ത് കുട്ടിപ്രാഞ്ചിയുടെ പല ചരക്കുകടയ്ക്കു മുന്നിൽ ഞങ്ങൾ കൂട്ടുകാരെല്ലാവരും ഞായറാഴ്ച്ചകളില്‍‍ പതിവുള്ള നർമ്മസദസ്സിനു കൂടിയിരിക്കയാണ്. കച്ചവടത്തിരക്കിനിടയിലും കുട്ടിപ്രാഞ്ചി അളന്നു തൂക്കി പൊട്ടിക്കുന്ന തമാശകളാണ് കൂട്ടായ്മയിലെ മുഖ്യ ആകർഷണം. കടയുടെ വരാന്തയിൽ കൊച്ചപ്പേട്ടനും ചന്ദ്രൻ മാഷും കുടി ചെസ്സ് കളിക്കുന്നുണ്ട്. ഇടയ്ക്കിടെ ബോർഡിൽ എത്തിച്ചുനോക്കി വിദഗ്ദാഭിപ്രായവും പറയും പ്രാഞ്ചി.
“ അയ്‌! അയ്‌!, ആ തേരങ്ങട് എഴില്‍ക്ക് വലിച്ചിട്ടാ രാജാവിന്‍റെ നീക്കം ഒതുക്കാര്‍ന്നില്ല്യെ!. ന്തൂട്ട് വഷള് കള്യാ നിങ്ങള് കളിക്കണേ ന്‍റെ കൊച്ചപ്പേട്ടാ!.”
കളിതമാശകള്‍ മൂത്തു പഴുത്തിരിക്കുമ്പോഴാണ് കടക്കു മുന്നിൽ പ്രാഞ്ചിയുടെ അമ്മ കൊണ്ടു വന്നു കെട്ടിത്തൂക്കിയ വിശിഷ്ടമായ ഒരു പഴക്കുല ഞാൻ ശ്രദ്ധിച്ചത്. നല്ല ഭംഗിയുള്ള മുഴുത്ത പൂവൻപഴങ്ങൾ. വലിയ കുല. ഞാൻ അതിനടുത്തു ചെന്നു.
"ഉഷാറ് കൊല്യാണലോ പ്രാഞ്ച്യേ!. ദെവടേണ്ടായീതാ?.”
‘അത് മ്മടെ എരേങ്ങല്‍ത്തെ മനക്കലെ വളപ്പില്.”
പ്രാഞ്ചിയുടെ അമ്മ പറഞ്ഞു.
“അത്യാ?....ഒശത്തി കൊല!.”
എന്നും പറഞ്ഞ് ഒരു രസത്തിന് ഞാന്‍ കുലയുടെ കടത്തണ്ട് പിടിച്ച് ഇടംവലം ഒന്നു തിരിച്ചതും
പ് ത് പ് ത് പ് ത് പ് ത് പ് ത് പ് തും.....
ദാ കിടക്കുന്നൂ പത്തിരുപത് എമണ്ടൻ പഴങ്ങൾ നിലത്ത്!.
വർത്തമാനങ്ങളൊക്കെ പെട്ടെന്ന് നിലച്ചു. ചിതറിക്കിടക്കുന്ന പഴങ്ങളെയും കാരണക്കാരനായ ഇതികര്‍ത്തവ്യതാമൂഢനേയും മാറി മാറി നോക്കി ഞെട്ടിത്തരിച്ചു നിന്നു ഞായറാഴ്ചക്കൂട്ടം.
"ന്‍റെ കർത്താവേ ദെന്തൂട്ടായി മേനോൻ കുട്ടി കാട്ടീത്!. ഇതിന്‍റെ കയ്യും കാലും വെർതേരിക്കില്ല്യേ!."
താടിക്കു കൈകുത്തി കഷ്ടം വെച്ചു കൊണ്ട് പ്രാഞ്ചിയുടെ അമ്മ രോഷം പൂണ്ടു.
"അറ്യാണ്ട് പറ്റീതാ ചേട്ത്ത്യാരെ."
അപരാധി വേറെന്തു പറയാനാണ്!.
"അറ്യാണ്ടായാലും അറിഞ്ഞിട്ടായാലും വേണ്ടില്ല്യ; ഒന്ന്...രണ്ട്.....പത്ത്.... പൈനൊന്ന്...പത്തൊമ്പത്....ഇരുവത് ഒന്നും ഇരുപത്തൊന്നു പഴം. പത്ത് പൈസ വെച്ച് കൂട്ട്യാ രണ്ടു രൂപ പത്ത് പൈസ. പോട്ടെ രണ്ട്
രൂവ തന്ന്ട്ട് സാനെട്ത്തോളോ!. പോത്യേണോ സഞ്ചി വേണോ?."

പ്രാഞ്ചിയുടെ അമ്മ പഴങ്ങളെല്ലാം പെറുക്കി ഒരു മുറത്തിലിട്ട് നിഷ്ക്കരുണം ചോദിച്ചു.
നല്ലവണ്ണം പാകമായ പൂവമ്പഴം കുല തൊട്ടാൽ ഞെട്ടറ്റു പിടിപിടീന്ന്‍ താഴെ വീഴും എന്ന ജൈവയാഥാർത്ഥ്യം അന്നു മനസ്സിലാക്കാൻ സാധിച്ചു. പക്ഷേ കൊടുക്കേണ്ടിവന്ന വില വലുതായിരുന്നു. ഊണിന് എഴുപത്തഞ്ചും മസാല ദോശക്ക് അമ്പതും പനാമ സിഗരറ്റിന് പതിനഞ്ചും പൈസയായിരുന്ന കാലമാണ്. നിസ്വനായ ഒരു കോളേജ് കുമാരൻ എവിടെ നിന്നെടുത്തു കൊടുക്കുവാനാണ് രണ്ടു രൂപ?. എങ്കിലും സൌഹൃദത്തിന്‍റെ പേരില്‍ അമ്മയോട് ഏറെ നേരം പയറ്റി പ്രാഞ്ചി വാങ്ങിച്ചു തന്ന രണ്ടു ദിവസത്തെ അവധി വലിയൊരാശ്വാസമായി.
വിദ്യാര്‍ത്ഥി കണ്സഷന്‍ ബസ്സ് കൂലി (എസ്റ്റി) അങ്ങോട്ടും ഇങ്ങോട്ടും പത്തും പത്തും ഇരുപത്, കാന്‍റീന്‍ ഊണ് എഴുപത്തഞ്ച് എന്ന കണക്കില്‍ അച്ഛന്‍ നിത്യേന തിരുമ്പി തിരുമ്പി തന്നിരുന്ന കൃത്യം ഒരു രൂപയിൽ മിച്ചം വന്നിരുന്ന അഞ്ചു പൈസ സ്വരൂപിച്ച് സി.ഐ.ഡി. നസീർ കാണാനായി കരുതിയിരുന്ന ഒരു രൂപയും, അടിയന്തിര സാഹചര്യം കണക്കിലെടുത്ത് അച്ഛന്‍റെ പോക്കറ്റില്‍നിന്നും ചൂണ്ടിയ ഒരു രൂപയും കൂട്ടിയാണ് ബാധ്യത അവസാനിപ്പിച്ചത്.
കുലച്ചന്തമാസ്വദിക്കവേ കടക്കാരന്‍റെ കോപവചനങ്ങള്‍ കേട്ട് പ്രഷേധിച്ചിറങ്ങിപ്പോയവനറിയുന്നുണ്ടോ മുടിനാരിഴ കൊണ്ട് തനിക്കൊഴിഞ്ഞു പോയ വിപത്തെന്താണെന്ന്!.

2019, മാർച്ച് 22, വെള്ളിയാഴ്‌ച

മീ....റ്റൂ!.



മീ....റ്റൂ!. 

മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് സംഭവം. സൈക്കോ സോമാറ്റിക്ക് ഡിസോർഡർ എന്നു പറയാമോ എന്നറിയില്ല സമിപത്തെങ്ങാനും ആൾസാന്നിദ്ധ്യമുണ്ടെങ്കിൽ മൂത്രം പോകാതിരിക്കുന്ന അസുഖമുണ്ടായിരുന്നു അന്നെനിക്ക്. അന്നെന്നല്ല ഇന്നുമുണ്ട്!. സിനിമാ തിയ്യറ്ററിലൊക്കെ പോയാൽ ഇടവേളയിൽ ടോയ്ലറ്റ് മാൻഫ്രീയായാലേ കാര്യം സാധിക്കാറുള്ളു!.
അന്നൊക്കെ മൂത്രപ്പിരിയഡിന് മണിയടിച്ചാൽ എന്റെ ഊഴമെടുക്കാൻ മൂത്രപ്പുര വിജനമാവുന്നതു കാത്തു നിൽക്കുമായിരുന്നു ഞാൻ. അതൂ മൂലം ക്ലാസ്സിൽ ലേറ്റാവലും ചോദ്യം ചെയ്യലും അടിയും പുറത്തു നിർത്തലും പെൺകുട്ടികളുടെ ബെഞ്ചിൽ കയറ്റി നിർത്തലും നിത്യസംഭവമായിരുന്നു. വൈകുന്നതിന്റെ കാരണം ടീച്ചറോട് വെളിപ്പെടുത്താൻ വയ്യ!. കാരണം ഭയം. നാണം. അഭിമാനക്ഷയം.
മൂത്രം പോവായ്മയും ക്ലാസിൽ വൈകിവരലും അനുസാരിയായ ശിക്ഷയും അസഹനീയമായപ്പോൾ ഒരു നാൾ ഉച്ചക്കു മുമ്പുള്ള മൂത്രപ്പിരിയഡ് സ്കിപ്പ് ചെയ്ത് ക്ലാസ്സിൽ തന്നെയിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ഒഴിക്കാതെ പിടിച്ചു നിർത്തിയതും പുതിയതുമായി മൂത്രസഞ്ചി നിറഞ്ഞ് അടിവയറ്റിൽ വേദന കഠിനമായി. ഇനിയും വൈകിയാൽ മൂത്രം അതിന്റെ വഴി തേടുമെന്നായപ്പോൾ ഞാൻ കരയാൻ തുടങ്ങി.
"എന്താടാ കരയണേ?."
ടീച്ചർ ഗൌരവത്തിൽ ചോദിച്ചു.
"മൂത്രം മുട്ടുണു!."
''അപ്പ നീ മൂത്രപ്പിരീഡില് ഒഴിച്ചില്ല്യേ?."
"ഇല്ല്യ!."
"എന്തേ?."
"............"
"എന്തേന്ന് ചോയ്ച്ചത് കേട്ടില്ല്യേ?."
ടീച്ചർ കണ്ണുരുട്ടി.
"............"
''ന്നാ അവടേരിക്ക് ട്ടാ. ഉച്ചബെല്ലടിക്കുമ്പോ പൂവാം."
അത്രയും നേരം ഇരിക്കേണ്ടതോർത്തപ്പോൾ വേദന ജീവൻ പറിച്ചെടുക്കുന്ന ലെവലിലായി. ഏതു നിമിഷവും ഷട്ടർ തുറന്നേക്കാമെന്ന നിലയായപ്പോർ ഞാൻ വാവിട്ടു നിലവിളിച്ചു.
''എനിക്കിപ്പ മൂത്രൊഴിക്കണം! അല്ലെങ്ങെപ്പൊ പൂവും!."
"മൂത്രപ്പിരീഡില് പൂവാണ്ട് നെനക്ക് ഇപ്പ മൂത്രപ്പെരേൽക്ക് പോണല്ലേ!. അഹമ്മതിക്കൊക്കൊരതിരില്ല്യേ!. നെന്നേന്ന് ഞാൻ!."
മേശയിൽ നിന്ന് ചൂരല് വലിച്ചൂരി രാക്ഷസീരൂപം പൂണ്ട് ടീച്ചർ വന്നതും തുടയിൽ ചൂരൽപ്പാടുകൾക്കു മേൽ മൂത്രത്തിന്റെ ചൂടുചാലുകൾ ഒഴുകിയതുമൊക്കെ ഈ വയസ്സാം കാലത്തും നിദ്രയിൽ കടന്നു വരുന്ന ബാല്യത്തിന്റെ ദുസ്വപ്നങ്ങളിലൊന്നാണ്!.
ഈ വാർത്താ ക്ലിപ്പുണ്ടായിരുന്നില്ലെങ്കിൽ ഇപ്പറഞ്ഞത് പല സുഹൃത്തുക്കൾക്കും അവിശ്വസനീയമായി തോന്നുമായിരുന്നേനെ. വീട്ടിലറിഞ്ഞാൽ അവിടെ നിന്നും കിട്ടുന്ന വിഹിതമോർത്ത് അന്ന് ആ ദുരന്തകഥ അവിടെ പറഞ്ഞിരുന്നില്ല. അര നൂറ്റാണ്ട് കഴിഞ്ഞ് ദാ ഇന്നാണ് അക്കാര്യം വെളിപ്പെടുത്തുന്നത്.
സാഡിസ്റ്റുകളായിരുന്ന ചില അദ്ധ്യാപകരും അവർക്ക് തങ്ങളുടെ സന്താനങ്ങൾക്കു മേൽ 'ചുട്ട അടി'യുടെ ബ്ലാങ്ക് ചെക്ക് നൽകിയിരുന്ന മാതൃകാ രക്ഷിതാക്കളും ചേർന്ന് എത്രയെത്ര ഭീരുക്കളെ സൃഷ്ടിച്ചിട്ടുണ്ടാവില്ല അന്നൊക്കെ!.

----------------------------------------------------------------
അദ്ധ്യാപക സമൂഹത്തിലെ അപവാദങ്ങൾ മാത്രമാണ് പ്രതിപാദ്യം. എന്റെ നല്ല അദ്ധ്യാപക സുഹൃത്തുക്കൾ ക്ഷമിക്കുക.


ട്രെന്‍ഡ് സെറ്റേഴ്സ്


ട്രെന്‍ഡ് സെറ്റേഴ്സ്

നിനച്ചിരിക്കാത്ത ഒരു നിമിഷത്തിലായിരിക്കും ചിലര്‍ക്ക് ബോധോദയം സിദ്ധിക്കുക എന്ന് ഓഷോ പറയാറുണ്ട്‌. അതുപോലെ ഓര്‍ക്കാപ്പുറത്ത് കുടുംബസമേതം ചിലര്‍ മോഡേണാവുന്ന സന്ദര്‍ഭങ്ങളുമുണ്ട്‌. ദ് കമ്പ്ളീറ്റ് മാന്‍ ഷമ്മിയുടെ ഭാഷയില്‍ ഒരു മോഡേണ്‍ ഫാമിലി.

ഒന്നര വര്‍ഷം മുമ്പ് മകളുടെ കല്യാണവുമായി ബന്ധപ്പെട്ട് കമ്പനി വിലയില് ‍മേത്തരം വസ്ത്രങ്ങൾ വാങ്ങുന്നതിനായി മദ്ധ്യകേരളത്തിലെ പ്രശസ്ത കൈത്തറി ഗ്രാമത്തിലേക്ക് ഞാനും ഭാര്യയും മോളും കൂടി പോയിരുന്നു. രാവിലെ പത്തു മണിക്ക് ഷോ റൂമില്‍ കയറി സെലക്ഷന്‍ അവസാനിപ്പിച്ച് ബില്ലടച്ചപ്പോൾ സമയം ഒന്നര മണിയായി. മുടിഞ്ഞ വിശപ്പ്. ഹോട്ടലിൽ ഊണ് കഴിക്കണമെങ്കിൽ അടുത്ത ജംഗ്ഷനിലേക്ക് ബസ്സ് കയറണം എന്നു കാഷ് കൌണ്ടറിലെ സുന്ദരി. അതിനുള്ള ഇന്ധനമില്ല മൂന്നു പേരുടേയും ഉള്ളിൽ. എന്തു ചെയ്യും?. പെട്ടെന്നാണ് വ്യാപാര സമുച്ചയത്തിനു മുന്നിലെ ഒരു ചെറിയ കുടില്‍ കണ്ണിൽ പെട്ടത്. ആളുകൾ കയറിയിറങ്ങുന്നതും വാ കഴുകി തുപ്പുന്നതും ശ്രദ്ധിച്ചപ്പോൾ മനസ്സിലായി അതൊരു ഭക്ഷണക്കടയാണെന്ന്.

"അവടെ കേറ്യാലോ?. കഴിക്കാന്‍ എന്താണ്ടാവാവോ."

ഞാൻ സംശയിച്ചു നിന്നു.

" എന്തായാലും വേണ്ടില്ല്യ. വെശന്ന്ട്ട് ദേഹം വെറച്ചൊടങ്ങി. കേറാം"

സംശയലേശമന്യയായി ഭാര്യ.

"അവടെ മത്യച്ഛാ!."

പിന്നെ സംശയിച്ചില്ല.

കടയിലേക്ക് ആർത്തിപൂണ്ട് കയറി വരുന്ന മൂന്നാള്‍ കുടുംബത്തെ വിളമ്പുന്നവരും കഴിക്കുന്നവരും അത്ഭുതം വിടർന്ന കണ്ണുകളോടെ നോക്കുന്നതിന്റെ ഹേതുവെന്തെന്നു ചിന്തിക്കണമെന്നുണ്ടായിരുന്നു. പക്ഷേ കാളുന്ന വിശപ്പ് അനുമതി നിഷേധിച്ചു.

"ഊണുണ്ടോ?.''

"ഉണ്ട് സർ!."

"മൂന്നൂണ്."

"സർ, സ്പെഷൽ?."

"ഒന്നും വേണ്ട."

"ചാള വറത്തതുണ്ട്."

''വേണ്ട!."

"ആംബ്ളേറ്റ്?."

" ഒന്നും വേണ്ട. ഊണു് മാത്രം മതി. േഗെടുക്കണം!."

"ശരി സർ. ഇപ്പെടുക്കാം."

നാട്ടിലെ കവലയിലെ ചായക്കടയുടെ പോലും ലുക്കില്ലാത്തതെങ്കിലും ഓലയും തട്ടികയും കൊണ്ടു മറച്ച ആ കുടിലിലെ ഊണ് മോശമായിരുന്നില്ല. പുളിങ്കറിയെന്നു തോന്നിച്ചെങ്കിലും സാമ്പാറും മുളകുപൊടിയിട്ടു ചുവപ്പിച്ച കാബേജ് ഉപ്പേരിയും മസാല തക്കാളിയുമെല്ലാം അച്ചാറിനൊത്ത എരിവാലും പുളിയാലും സമ്പന്നം!.

ഊണു് കഴിഞ്ഞ് വഴിയരികില്‍ വെച്ച പ്ലാസ്റ്റിക്ക് ബക്കറ്റിലെ വെള്ളത്തിൽ കൈ കഴുകാൻ നോക്കുമ്പോഴേക്കും തിടുക്കത്തിൽ ഒരു അലുമിനിയം ബോണിയിൽ വെള്ളം കൊണ്ടുവന്നുകൊണ്ട് കടയുടമ എന്ന് തോന്നിച്ചയാള്‍ പറഞ്ഞു.

"ഇതിൽ കഴുകാം സർ!."

ആ വിശേഷാല്‍ പരിചരണത്തിന്റെ കാരണവും പിടികിട്ടിയില്ല.

പക്ഷേ പണം കൊടുത്ത് ഏമ്പക്കമിട്ട് വഴിയിലിറങ്ങി പത്തടി നടന്ന് തിരിഞ്ഞു നോക്കിയപ്പോൾ സത്യം മറ നീക്കി കടയുടെ വശത്തുള്ള തട്ടികച്ചുമരിൽ തെളിഞ്ഞു.

കള്ള്!.

“അയ്യേ ഇവട്യാ കേറീത്!. അസ്സലായി!.”

“വെര്‍ത്യല്ല എല്ലാറ്റിലും ഇത്രെരിവ്!.”

"ആവും. പരിചയക്കാർക്കറ്യാലോ!."

“അയ്‌, അപ്പിത് കേറുമ്പാരും കണ്ടില്ലിലോ?.”

ആ സംശയത്തിന് മറുപടിയായി വിശന്നാൽ കണ്ണ് കാണില്ല എന്ന നാട്ടുമൊഴിയിൽ തെല്ലും അത്യുക്തിയില്ലെന്ന് വെള്ളയടിച്ച പനമ്പുതട്ടികയില്‍ കരിയിലെഴുതിയ ആ രണ്ടക്ഷരങ്ങൾ വിളിച്ചു പറഞ്ഞു.

കള്ളുനോട്ടം അവസാനിപ്പിച്ച് തിരിയുന്നതിനിടയില്‍ കാലുകള്‍ കൂട്ടിത്തട്ടി ഇടറി വീഴാൻ പോയ അച്ഛനെ താങ്ങി സ്റ്റെഡിയാക്കുമ്പോൾ മകൾ കാതിൽ മന്ത്രിച്ചു:

"അച്ഛാ സൂക്ഷിച്ച് നടക്കണം. ദേ ആൾക്കാര് നോക്ക്ണ്ട്!."

മകളുടെ നര്‍മ്മബോധത്തെ മനസാ അഭിനന്ദിക്കുമ്പോഴും ഒരു കാര്യം അവഗണിക്കാനായില്ല; നട്ടുച്ചക്ക് ഷാപ്പിറങ്ങി വരുന്ന കുടുംബത്തെ പരിസരത്തുള്ളവര്‍ സാകൂതം നിരീക്ഷിക്കുന്നുണ്ട്!.

2019, മാർച്ച് 21, വ്യാഴാഴ്‌ച

വീ ഐ പി



 വീ ഐ പി

വർഷങ്ങൾക്ക് മുമ്പാണ്.

സാഹിത്യ അക്കാദമി പോർട്രേറ്റ് ഗ്യാലറിയുടെ മുറ്റത്ത് ബഷീർ വേദിയിൽ ഒരു നാടകം കളിക്കുന്നതിനുള്ള ഒരുക്കങ്ങൾ നടക്കുന്നു. ഇലക്ട്രിക്ക് പണികളിൽ ഏർപ്പെട്ടിരിക്കുന്നവരുടെ ജീപ്പ് അക്കാദമി അതിഥിമന്ദിരത്തിലേക്കുള്ള വഴിയിൽ കിടക്കുന്നുണ്ട്. ജീപ്പ് നിൽക്കുന്നിടത്തു നിന്ന് ഇരുപതടി നടന്നാൽ മന്ദിരത്തിലെത്താം.

പെട്ടെന്ന് പണി നടക്കുന്നിടത്തേക്ക് ഒരു സെക്യുരിറ്റിക്കാരൻ ഓടിക്കിതച്ച് വന്ന് അവര്‍ക്ക് സ്വത:സിദ്ധമായ ധാർഷ്ട്യത്തോടെ ഉറക്കെ വിളിച്ചു ചോദിച്ചു.

"ആരാ ജീപ്പിന്‍റെ ഡ്രൈവറ്?."
"എന്തേ ചേട്ടാ?."
നാടകത്തിന്റെ സംവിധായകൻ അയാളുടെ അടുത്തുചെന്നു.
"ഈ ജീപ്പ് മാറ്റണം!."
''മാറ്റാലോ; എന്താ കാര്യം?."
''.........ഷന്‍റെ ചെയർമാനേം കൊണ്ട് സെക്രട്ടറി ഇപ്പൊ വരും. കാറ് പോകാൻ വഴി ക്ലിയറാക്ക്!."
ഒരു സാമൂഹ്യ വിദ്യഭ്യാസ സാംസ്ക്കാരിക ഭാഗ്യാന്വേഷിയാണ് എഴുന്നെള്ളാനിരിക്കുന്ന വീയൈപ്പി.
"ശരി, ഡാ ഗോപ്യേ ആ ജീപ്പ് മാറ്റാൻ പറഞ്ഞേ സോമനോട്."
സംവിധായകൻ ഇലക്ട്രീഷ്യനോട് നിർദ്ദേശിച്ചു.
"അയിന് വിശ്വേട്ടാ അവനൂണ് കഴിക്കാൻ പോയേക്ക്യാ."
"അത്യാ?."
സംവിധായകൻ മൊബൈലെടുത്തു.
"സോമാ നീയെവട്യാ?."
"വേം വാ. ആ ജീപ്പൊന്ന് നീക്കീടണം."
"ശരി. വേഗാട്ടെ ഒരു വീഐപ്പി വര്ണ്ട്. വഴീലാ ജീപ്പ്."
"ചേട്ടാ ഡ്രൈവറ് ഊണ് കഴിക്ക്വാ. ഇപ്പൊ വരും ട്ടാ. ഒരഞ്ച് മിൻറ്റ്. ദേ ഹീറോ ഹോട്ടൽലാ."
"അതൊന്നും പറഞ്ഞാ പറ്റില്ല. താൻ വണ്ടി മാറ്റ്. അവരിപ്പൊ വരും."
"അതിപ്പെങ്ങന്യാ ചേട്ടാ, എനിക്ക് വണ്ടി ഓടിക്കാറീല്ല്യ. ചേട്ടനറീച്ചാ എടുത്തു മാറ്റിക്കോ. താക്കോല് വണ്ടിമേണ്ട്."
"എന്താ താനാളെ കള്യാക്കാ?."
"കള്യാക്കീതല്ല ചേട്ടാ. കാര്യം പറഞ്ഞതാ. ഡ്രൈവറ് വരാണ്ട് വണ്ടി എങ്ങനെടുക്കാനാ?. ഒരഞ്ച് മിനിറ്റ് പ്ലീസ്."
"വേഷംകെട്ട് നാടകത്തില് മതി ട്ടാ!."
"ശെന്താ നോക്ക്യേൻ!. ശരി അങ്ങന്യാച്ചാ അങ്ങനെ. വേറെ നൂർത്തീല്ല്യ!."
"വണ്ടീട്ക്കടോ!. "
"ഡ്രൈവറ് വന്നാട്ക്കും!."
"അല്ലെങ്ങെടുക്കില്ല്യാ?."
"ബുദ്ധിമുട്ടാ!."
"അവര് വന്നെറങ്ങി നടക്കണ്ടി വന്നാ കാര്യൊക്കെ തകരാറാവുട്ടാ!."
"കൊഴപ്പല്ല്യ ചേട്ടാ!. അവര് വരട്ടെ. ഞാന്‍ ഡീലീതോളാം. ഇവടന്നങ്ങട് പത്തടി നടന്നാ ആരട്യായാലും കൊഴിഞ്ഞു പോവൊന്നൂല്ല്യ!. ചേട്ടൻ ചെല്ല്!."

മേളം ജനപ്രിയമാവുമ്പോള്‍

മേളം ജനപ്രിയമാവുമ്പോള്‍

മേളാസ്വാദനസമ്പ്രദായങ്ങളിലെ സംസ്ക്കാരച്യുതിയെച്ചൊല്ലിയുള്ള ആവലാതികൾ ഏറുകയാണ്. തിരക്ക് കൂടുന്നു. അച്ചടക്കം നഷ്ടപ്പെടുന്നു. കൂക്കിവിളിയും ആർപ്പു വിളിയും മേളത്തെ ഭരിക്കുന്നു. പൈപ്പ് ബലൂണുകൾ ആനക്കാഴ്ചകളുടെ മാറ്റു കുറയ്ക്കുന്നു. കാവടിയിലെന്ന പോലെ കായിക സംഘട്ടനങ്ങൾ പെരുകുന്നു. (പറയുന്നതിലെ 'കാവടിയിലാവാം'എന്ന ധ്വനി ശ്രദ്ധേയമാണ്!.)
പാരമ്പര്യപ്രിയരായ മേളാസ്വാദകർ അനാശാസ്യങ്ങളിൽ അരിശം മൂത്ത് പൂരപ്പറമ്പിൽ ബലൂൺ കച്ചവടം നിരോധിക്കണമെന്നു വരെ ആവശ്യപ്പെടുന്നുണ്ട്!. 'സംസ്കാര ശോഷണ'ത്തിന് പാതി ശമനം കിട്ടുമത്രേ അങ്ങിനെ ചെയ്യുന്ന പക്ഷം!.
ആ പാവങ്ങളുടെ കച്ചവടം പൂട്ടി കുടുംബത്തിന്‍റെ കഞ്ഞികുടി മുട്ടിച്ചാൽ മേളാസ്വാദനത്തിന്റെ 'നഷ്ടസൌന്ദര്യം' വീണ്ടെടുക്കാനാവുമെങ്കിൽ നല്ലതു തന്നെ!!. കൂടാതെ പൂരപ്പറമ്പിലേക്കുള്ള വഴികളെല്ലാം കെട്ടിമറച്ച് ടിക്കറ്റ് കൗണ്ടറിട്ട് ഉത്തമരായ ആസ്വാദകരെ മാത്രം പൂരപ്പറമ്പിലേക്ക് കടത്തി വിടുന്ന പുതിയൊരു സമ്പ്രദായവും പരീക്ഷിക്കാവുന്നതാണു്. ആയതിന് പേരുകേട്ട മേള പ്രമാണിമാരുടെ സാക്ഷ്യപത്രം നിഷ്കർഷിക്കാം!. കൈ വീശാതെ വിരലിൽ എണ്ണമിട്ട് താളം പിടിക്കണം. വേഷ്ടിയാവാം പക്ഷെ വീശരുത്. വെറ്റില മുറുക്കാം തലയാട്ടാം പക്ഷേ വാ തുറക്കരുത്. കാലിന്റെ ഉപ്പുറ്റി ഒരു മില്ലിമീറ്ററിൽ കൂടുതൽ പൊങ്ങരുത് തുടങ്ങിയ ആംഗിക വാചിക സാത്വികാഹാര്യാദി പെരുമാറ്റച്ചട്ടങ്ങളും ആസ്വാദകർക്കിടയിൽ ഏർപ്പെടുത്താവുന്നതാണ്!.
'മഠത്തിൽ വരവ് പഞ്ചാരി കർണ്ണാമൃതമായി' എന്നൊക്കെ വെച്ചു കാച്ചുന്ന മാധ്യമങ്ങളാണ് ഇന്ന് വ്യക്തികളുടേയും സംഭവങ്ങളുടേയും താരമൂല്യം നിർണ്ണയിക്കുന്നത്. അങ്ങിനെയാണ് സിനിമാ താരങ്ങൾക്കെന്ന പോലെ വാദ്യക്കാര്‍ക്കും പൊക്കം വെച്ചത്. സിനിമയിൽ മോഹൻ ലാലിന്റെയും മമ്മുട്ടിയുടെയും സ്ഥാനമാണ് മേളത്തിലിന്ന് പെരുവനത്തിനും കിഴക്കൂട്ടിനും. ഫാൻസ് അസോസിയേഷൻ വരെ ഉണ്ടോയെന്ന് സംശയമുണ്ട്.
ആരാധകർ വർദ്ധിച്ചപ്പോൾ അവരുടെ ഇച്ഛക്കൊത്ത് വാദ്യക്കാര്‍ മേളത്തിന്റെ താള വിന്യാസങ്ങളിൽ ചില പൊടിക്കൈകൾ പ്രയോഗിക്കുവാൻ തുടങ്ങി. ആസ്വാദകരെ ചാടിക്കലും ആരവങ്ങൾക്ക് വ്യാപ്തിയും ആഴവും കൂട്ടലുമായി ചില പാണ്ടി പഞ്ചാരി വാദ്യക്കാരുടെ ലക്ഷ്യം. തൃപ്പേക്കുളം ചക്കുംകുളം പഞ്ചാരികളുടെ കരടില്ലാത്ത ശാലീന സൗന്ദര്യമൊക്കെ ഇന്ന് പഞ്ചതന്ത്ര കഥകള്‍ മാത്രമാണ്. സ്പീഡാണ് മുഖ്യം. സൂപ്പർ സോണിക്ക് കലാശങ്ങൾക്കാണ് മാർക്കറ്റ്. കലാശ താളവട്ടങ്ങളുടെ എണ്ണം നാലിരട്ടിയാക്കിയാൽ എരമ്പി. പഞ്ചാരി അഞ്ചാം കാലം മുറുകുമ്പോൾ താള സ്ഥാനങ്ങളിൽ കൌശലം കാണിച്ച് ശിങ്കാരി സമാനമാക്കുന്നത് ട്രെൻഡായി. തായമ്പകയിൽ പോലും വട്ടം പിടിക്കുന്നവർ ഉരുളുകോൽ കൊട്ടിയും വകക്കാരൻ മൂന്നടി ഉയരത്തിൽ ചാടി നേർക്കോലിട്ടും ഇലത്താളക്കാരൻ കോമരം തുള്ളിയും ശിങ്കാരിമേളത്തെ നാണിപ്പിക്കുന്നതു കീഴ്വഴക്കമായിട്ടുണ്ട്. ഈ 'പരിഷ്ക്കാര'ത്തിലൊന്നും ആർക്കും ഒരു പരിഭവമോ പരാതിയോ രോഷമോ കാണുന്നില്ല. ബലൂണാണ് വില്ലൻ. ആരവങ്ങളും!.
മേളാസ്വാദന മേഖല 'സംവാദഭരിത'മാണിന്ന്. ഉത്തരാധുനിക വിന്യാസങ്ങൾ തിരുകിക്കയറ്റി ഇടക്കലാശങ്ങളും കലാശങ്ങളും അഡാറാക്കിയപ്പോൾ ആരവക്കാരും ബലൂൺ കച്ചവടവും വർദ്ധിച്ചതാണോ മൂല്യച്യുതിക്ക് കാരണം അതോ തിരിച്ചോ എന്ന തരത്തിൽ അണ്ടി-മാങ്ങാ ശങ്ക സ്ഥാനം പിടിച്ചിട്ടുണ്ട് തർക്ക വിതർക്കങ്ങളിൽ!. അക്കാര്യമൊക്കെ ഇക്കണോമിസ്റ്റുകൾ പഠനവിധേയമാട്ടെ!.
മാറും. എല്ലാം മാറും. കടലിലെ തിരകളെ നിരോധിക്കാനാവുമോ?. ആവുമെങ്കിൽ മേളത്തിലെ തിക്കും തിരക്കും ആരവവും പുളയുന്ന ബലൂണുകളും ഈസിയായി നിയന്ത്രിക്കാം. നിവൃത്തിയില്ലാത്ത പക്ഷം കളിക്കാരൻ പോയിന്റ് നേടുമ്പോൾ സ്റ്റേഡിയത്തിൽ ഉയരുന്ന കയ്യടിയും മർമ്മരങ്ങളുമെല്ലാം റഫറിയുടെ ഒരൊറ്റ "സൈലൻസ്‌......!!!.'' ആഹ്വാനത്തോടെ നിശ്ശബ്ദമാക്കി കോർട്ടിൽ കളിക്കാരന്റെ നെറ്റിയിലെ വിയർപ്പു വീഴുന്ന ശബ്ദം പോലും കേൾക്കുമാറാക്കുന്ന വിംബിൾഡൺ ടെന്നീസ് സംഘാടന മാതൃക പരീക്ഷിക്കാവുന്നതാണ്!.
ആയതിന് തിടമ്പേറ്റിയ കോലം പിടിക്കുന്നയാൾക്ക് കോഡ് ലസ് മൈക്രഫോൺ നൽകി ചട്ടം കെട്ടാവുന്നതുമാണു്!.