2014, ഒക്‌ടോബർ 28, ചൊവ്വാഴ്ച

എന്തരോ മഹാനുഭാവുലു!

എന്തരോ മഹാനുഭാവുലു!


കുഴല്‍ക്കിണറില്‍നിന്നും വെള്ളമടിക്കുന്ന വീട്ടിലെ കമ്പ്രസര്‍ പമ്പ് സ്റ്റാര്‍ട്ടറുമായുള്ള ബന്ധം വഷളായതിനെത്തുടര്‍ന്ന് ഒരു നാള്‍ പ്രവര്‍ത്തനം നിര്‍ത്തി വെച്ചു. ഇരുപതു വര്‍ഷം മുന്‍പ് വാങ്ങിയതാണ്. ഇന്നേവരെ ഒരു അസുഖവുമുണ്ടായിട്ടില്ല. ലോക്കല്‍ മെക്കാനിക്കിന്‍റെ പരിശോധനയില്‍നിന്നാണ്‌ മോട്ടോറിനല്ല സ്റ്റാര്‍ട്ടറിനാണ് തകരാറെന്നു കണ്ടെത്തിയത്. 

വിശ്വാസം അതാണല്ലോ എല്ലാം.മെക്കാനിക്കിന്‍റെ കുറിപ്പടി പ്രകാരം പുതിയൊരു സ്റ്റാര്‍ട്ടര്‍ വാങ്ങാനായി ചെട്ടിയങ്ങാടിയിലെ പഴയ കടയിലേക്ക് തന്നെ പോയി. അന്നു മോട്ടോര്‍ വാങ്ങിയതിനു ശേഷം ആദ്യമായാണ്‌  വീണ്ടും അവിടെ ചെല്ലുന്നത്. ഇരുപതു വര്‍ഷംകൊണ്ട് പരിസരത്തിനുണ്ടായ മുഖച്ഛായമാറ്റം മൂലം പഴയ ആ കൊച്ചു കട കണ്ടുപിടിക്കാന്‍ തെല്ലു നേരമെടുത്തു.  കടയില്‍ നല്ല തിരക്കു തന്നെ. പണ്ട് മോട്ടോര്‍ വാങ്ങുമ്പോള്‍ ഉണ്ടായിരുന്ന ആള്‍ തന്നെയാണ് ഇപ്പോഴും മുതലാളിക്കസേരയിലെന്ന് പെരുത്ത പവറുള്ള കണ്ണടയുമായി എന്നെപ്പോലെ അറുപതുകളില്‍ ബാറ്റു ചെയ്യുന്ന സീനിയര്‍ കളിക്കാരന്‍റെ  മുഖം വ്യക്തമാക്കി.

"എന്താ മാഷേ വിശേഷം?"

ഒരിക്കലും  ചിരിക്കാനറിയാത്തതെന്നു   അന്നും   തോന്നിപ്പിച്ചിരുന്ന    ആ കണ്ണുകള്‍   ചോദിച്ചു.

"സുഖം തന്നെ."

വെറുമൊരു കുശലാന്വേഷണം  എന്നു  കരുതിയ എനിക്കു പക്ഷെ തെറ്റി .

"റിട്ടയറായാ?"

"ഉവ്വ്! കഴിഞ്ഞ വര്‍ഷം. എന്നെ  ഓര്‍മ്മയുണ്ടോ!?" ഞാന്‍ അത്ഭുതപ്പെട്ടു.

"പിന്നെല്ല്യാണ്ട്! സ്റ്റേറ്റ് ബാങ്കിലാര്‍ന്നില്ല്യെ?"

"അതെ!"

"എം.ജി.  റോഡ് ബ്രാഞ്ച്?"

" അയ്യയ്യോ അതേ!"

"പൊറനാട്ടുകര വീട്?."

" മൈ ഗോഡ്! വര്‍ഷെത്ര്യായീ! ഇതൊക്കെ എങ്ങനെ ഓര്‍ക്കാന്‍ കഴ്യേണൂ !?"

"അസ്സലായി! ഓര്‍ക്കാണ്ട് പറ്റ്വോ മാഷേ ?   മോട്ടറ്    ഇപ്പളും കണ്ടീഷനല്ലേ?"

"ഏതു മോട്ടറ്!?" ഞാന്‍  ശ്വാസഗതി  നിയന്ത്രിക്കാന്‍  പാടുപെട്ടു.

"അതെന്താ മാഷെന്നെ പരീക്ഷിക്ക്യാ?    ഇനിക്ക് തെറ്റില്ല്യാ ട്ടാ. ക്രോംപ്ടന്‍ കംപ്രസ്സര്‍ പമ്പല്ലേ ?"

"അതെ!."

"ഒന്നര എച്ച്. പി?."

"അതെ... അതെ !."

"തൊണ്ണൂറ്റിനാല് ഡിസംബറില് വാങ്ങി."

ഞാന്‍ തളര്‍ന്നു!

"പുത്തൂക്കാരന്‍ ശങ്കുരുട്ട്യാ മാഷക്ക് മോട്ടറ് ഫിറ്റീത് തന്നത്."

"...........!"


അടിച്ചു നീരു വന്നിടത്തു തന്നെ വീണ്ടും അടി!  'കിലുക്ക'ത്തില്‍ 'ലോട്ടറിയടിച്ച' ഇന്നസന്റായി ഞാന്‍.

"ഇന്യെന്താ  മാഷക്ക് അറ്യേണ്ടത്?"

"ഒന്നും വേണ്ടാ....ഒന്ന് നമസ്ക്കരിക്കണന്ന്ണ്ട്!"

കാലു തൊട്ടു തൊഴുവാന്‍ തുനിഞ്ഞ എന്‍റെ വിസ്മയത്തെ നട്ടും ബോള്‍ട്ടും ടാപ്പും മറ്റുമായി ഒരു നൂറായിരം വസ്തുക്കള്‍ ചിതറിക്കിടന്ന  അയാളുടെ   മേശ  നിര്‍വീര്യമാക്കി.

"ന്നാ  ഇനി പറഞ്ഞോളൂ; എന്താ മാഷക്ക് വേണ്ടത്?"


xxxxxxxxxxxxxx










2014, ഒക്‌ടോബർ 17, വെള്ളിയാഴ്‌ച

റിസോഴ്സ് മോബിലൈസേഷന്‍

റിസോഴ്സ് മോബിലൈസേഷന്‍


എഴുപതുകളുടെ ആദ്യപാദം. ശ്രീ കേരളവർമ കോളേജ്.

മസാല ദോശക്ക് രണ്ടും  , ഊണിന്  രണ്ടും , ചായക്കും പനാമക്കും അറ രൂപയും ബസ്‌ചാർജ് പത്തു പൈസ എസ്റ്റിയും നില നിന്നിരുന്ന എഴുപതുകളുടെ  ആദ്യപാദം . സൂക്ഷം പറഞ്ഞാൽ  1 9 7 2 . ശ്രീ കേരളവർമ കോളേജ് .

കാമ്പസിനു നടുവിലെ 'ആപ്പിള്‍' മരത്തിനു കീഴില്‍ ഞങ്ങളിരുന്നു. കോളേജ് വിടാന്‍ ഇനിയും ഒരു പിരിയഡ് ബാക്കി .  രാവിലെ മുതലുള്ള കട്ടിൽ വിരസത പൂണ്ട്    തോംസണ്‍  ഇന്ദിര  ടീച്ചറുടെ  ലോജിക്ക്
ക്ലാസ്സിലേക്ക്  പോയി.  വിശന്നിരുന്നു വിളി വന്ന സുധാകരൻ പറഞ്ഞു :

"അഞ്ചു പേരുണ്ട്. നമുക്കോരോ മസാലടിച്ചാലോ? "

"ബജറ്റെങ്ങിനെ?."  

ബോസ് പുച്ഛത്തോടെ ചോദിച്ചു 

"കമ്മ്യാ. ഒരു രൂപേള്ളൂ. "

"ന്നാ വിട്ട ള ; രണ്ടു പനാമയിലൊതുങ്ങാം.  "

"അപ്പോ നിന്‍റെ കയ്യിലുള്ളതോ?."

" ഫീസടച്ചു.  ഇട്ടിരിക്കണത് പാപ്പര്‍ സൂട്ടാ."

"കളിക്കാണ്ട് ചിൽഡ്രേട്ക്ക് വണ്ടിമൊയ്ലാളീ!." 

"റൂട്ടില് കളക്ഷന്‍ മോശാ മോനെ . മാറിപ്പിടി!."
തൃശ്ശൂർ ഇരിഞ്ഞാലക്കുട റൂ ട്ടിൽ  നാല്  ബസ്സുള്ള അച്ഛന്‍റെ മകൻ ബോസ് കീശ തട്ടിക്കുടഞ്ഞു.

"നിങ്ങടെ കയ്യിലെത്രേണ്ട്?." 

സുധാകരന്‍ കണ്ണഞ്ചിരട്ട ഞങ്ങളുടെ നേരെ നീട്ടി.

തിരിച്ചു വീട്ടിലേക്ക് എസ്റ്റിക്കുള്ള പത്തു പൈസയുടെ ദാരിദ്രം ഞങ്ങൾ പുറത്തെടുത്തു കാട്ടി .

"സുവോളജി ലാബിലിക്ക്ള്ള തവളേ പിടിക്കാൻ പോക്കൂട്രാ ചെറ്റോളെ ! ഇനി എന്താ ചെയ്യ്വാ?. പറ്റുവകയിൽ ഏണ്‍പതിച്ചില്ല്വാനം കുടിശ്ശികയുള്ളള്ളതുകൊണ്ട് കാന്‍റീനില്‍ എനിക്കെതിരെ സാങ്ങ്ഷൻ നിലവിലുണ്ട്. ആ വഴി ബ്ലോക്കാ! ."

തെക്ക് ലേഡീസ് ഹോസ്റ്റലിന്‍റെ ഭാഗത്തേക്കു തിരിഞ്ഞു പാരാപരിപ്പു വേവിച്ചു നിന്ന സുധാകരന്‍റെ മുഖത്ത് പെട്ടെന്നു പ്രകാശം പരന്നു .

"അടി ശക്കേ! വഴിവിളക്ക് തെളിഞ്ഞു!. വിശപ്പിന്‍റെ സന്തതികളേ!. നിങ്ങൾ   കാന്‍റീനിലേക്ക് ചെല്ലുവിന്‍!. ഇന്നത്തെ അന്നത്തിനുള്ള വക ഞാന്‍ കണ്ടെത്തിയിരിക്കുന്നു!. "

"അതെങ്ങന്യാണ്ട്ര ശവി ഇത്ര പെട്ടെന്ന് തരായീത്‌?." 

മൊയ്തീനു  വിശ്വാസമായില്ല .

"ശ്ശേ! കുഴ്യെണ്ണാണ്ട് പോയി നക്കി തിന്നാന്‍ നോക്കട അമുക്കേ !.   ഞാന്‍ ദേ പിന്നാലെ വര്ണ്ട്."

ഇടിമിന്നലിന്‍റെ പുറത്തു കയറി കാന്‍റീനിലെത്തി ഞങ്ങള്‍ ഓര്‍ഡറിട്ടു.

"കൃഷ്ണേട്ടാ അഞ്ചു മസാല!. നല്ലോണം മൊരിഞ്ഞോട്ടെ!."

അഞ്ചു മസാല ദോശയും വെട്ടിയാല്‍ മുറിയാത്ത ഓരോ  ചായയും കഴിച്ച് കാന്‍റീനിന്‍റെ പടികൾ ഇറങ്ങുമ്പോള്‍ സുധാകരന്‍ പോക്കറ്റില്‍നിന്നും ഒരു നൂറുരൂപ  നോട്ടെടുത്തു  രാമേട്ടന്‍റെ മേശപ്പുറത്തിട്ടു!. ഞങ്ങള്‍ അന്തം വിട്ടു നിന്നു പോയി! ഇവനിതെങ്ങിനെ ഒപ്പിച്ചു !?

"അവടേ;  അഞ്ചു മസാലാ....അഞ്ചു....ചായാ!." 

അടുക്കളയിൽനിന്നും കൃഷ്ണേട്ടന്‍റെ  നിർദ്ദയമായ വിളിച്ചു ചൊല്ലൽ  വാസുവേട്ടന്‍ അക്കത്തിലേക്കു വിവർത്തനം ചെയ്തു.

"പന്ത്രണ്ടര രൂവ.  നിക്കണതും കൂട്ടി തൊണ്ണൂറ്റി  ഏഴര . "

" എത്ര്യാ നിക്കണത്?."

"എണ്‍പത്തഞ്ച്."

ബാക്കി  കിട്ടിയ  രണ്ടര രൂപ ഉയര്‍ത്തിക്കാട്ടി സുധാകരന്‍ പറഞ്ഞു.

"ധനവിനിയോഗത്തിലെ   കൃതഹസ്തത  കണ്ട്രാ?. കൃത്യം അഞ്ചു  പനാമക്കുള്ള വഹ തിരുശേഷിപ്പ് !. വാ  പൊറത്ത് പുവ്വാം. "

കാമ്പസിനു പുറത്തേക്കുള്ള വഴിയിലെ ആല്‍ത്തറക്കു സമീപം എത്തിയപ്പോഴാണ് കേട്ടത്!.

'ഡാ.....സുധാകരാ! നിക്കറാവടെ...!!"

പ്ലാവുകള്‍ക്കും സപ്പോട്ട മരങ്ങള്‍ക്കുമിടയിലൂടെ കൊഴിഞ്ഞ ഇലകള്‍ ചവിട്ടി മെതിച്ച് ഇരയെ കണ്ട വ്യാഘ്രത്തെപ്പോലെ അവന്‍ കുതിച്ചു വന്നു!. സുനില്‍!.

"ദാ വരുണു  പിശാശ്! . ഡാ ബോസേ ഞാന്‍ വിട്വാ . ഇല്ലിങ്ങെ ഇപ്പവടെ കൊല നടക്കും. നാളെ കാണാം."

"എന്താണ്ട്രാ വിഷയം?." ഞങ്ങൾ ആശങ്കാകുലരായി! 


മുണ്ട് വളച്ചു കുത്തി ഗേറ്റും കടന്നു ശങ്കരങ്കുളങ്ങര വഴിയിലേക്ക് തൊണ്ണൂറു ഡിഗ്രി വെട്ടിത്തിരിയുന്നതിനിടയിൽ സുധാകരൻ വിളിച്ചു പറഞ്ഞു.

"അതൊക്കെ നാളെ പറയാം ."

"സുധാ...! മര്യാദക്ക് നിയ്യവടെ നിന്നോ !  അത് തിരിച്ച് തരണതാ  നെനക്ക്  നല്ലത്!"

സുധാകരനെ പിന്തുടർന്ന് മരണ വെപ്രാളത്തോടെ സുനിലും പാഞ്ഞു.

കാര്യമറിയാതെ ഞങ്ങൾ പകച്ചു നിന്നു!. 

നാളെ  കാണാമെന്നു  പറഞ്ഞ  സുധാകരൻ  മൂന്നു ദിവസം കോളേജിൽ വന്നില്ല. ഇതിനിടയിൽ  അവനെ അന്വേഷിച്ചു പത്തു തവണ ഞങ്ങളുടെ അടുത്തു വന്നെങ്കിലും  സുനിലും കാര്യമെന്തെന്നു പറഞ്ഞില്ല.

നാലാം  ദിവസം  സുധാകരൻ തന്നെ വരേണ്ടി വന്നു ദുരൂഹതയുടെ   കെട്ടഴിക്കാൻ. 

"ലേഡീസ് ഹോസ്റ്റലിനു മുന്നിലെ ആലിന്‍കീഴില്‍ സുനിലും രണ്ടാംവർഷം ഇംഗ്ലീഷിലെ വിമലയും പഞ്ചാരി കൊട്ടി നില്‍ക്കുന്നതു കണ്ടപ്പഴാണ്ടാ  അന്നെന്‍റെ ബള്‍ബ് കത്തിയത്. ഏറെക്കാലത്തെ അദ്ധ്വാനത്തിന്  ശേഷം  അവനവളെ ഏതാണ്ട് വളച്ചു തുടങ്ങിയതായി ഇക്ക് വിവരം കിട്ട്യേർന്നു  .  മുറിച്ചിടത്ത് ഉപ്പു തേക്കാത്തവന്‍റെ ചെലവിൽ മസാലയടിക്കാൻ ഇതിലും നല്ലൊരവസരം ഇനി കിട്ടാല്ല്യ . നിങ്ങളെ കാന്‍റീനിലേക്ക് തെളിച്ച ശേഷം ഞാൻ നേരെ പോയത്  അവരുടെ അടുത്തക്കാ . ചെന്ന പാടെ ചോദിച്ചു .

 'ഡാ  സുനിലേ  ഒരു ഇരുപത്തഞ്ചു രൂപ കാട്ട്യേ. ഫീസ്‌ അടച്ചിട്ടില്ല. നാളെ തിരിച്ചു തരാം.'

 വിമല കാണാതെ  സുനിൽ  എന്നെയൊന്നു നോക്കി 'ഡാ കള്ളക്കഴുവേറിമോനേ!' എന്നു കണ്ണിലെഴുതി കാണിച്ചു. പിന്നെ പോക്കറ്റിൽ നിന്നും ഒരു പുത്തൻ നൂറിന്‍റെ നോട്ടെടുത്ത് ഇടംകൈക്കൊണ്ട് പുല്ലു പോലെ എനിക്കു നേരെ നീട്ടിയശേഷം തരളിതനായിക്കൊണ്ട് വിമലയിലേക്കുതന്നെ തിരിച്ചു പോയി...!

ആ കഫം കൊണ്ടാണ്ടാ , തെണ്ടികളേ  നീയൊക്കെ മസാലദോശ ചുട്ടു തിന്നത്! ഇന്നേവരെ ഒരു കപ്പലണ്ടി മുട്ടായിക്കുപോലും കാശിറക്കാത്ത മാപ്രാണത്തെ  ആ പൂത്ത പണച്ചാക്ക് ഇങ്ങന്യല്ലാതെ എങ്ങന്യാണ്ടാ ചോർത്ത്വ  !."

ആരാധനയോടെ നോക്കി നിന്ന ഞങ്ങളോട് അവൻ തുടർന്നു .

"പണം തന്നതിന് താങ്ക്സ് കൊടുത്തപ്പൊ എന്നോട് ആ ആറടിമന്തൻ  പറഞ്ഞേന്നറിയ്വോ ? 'ഓൾറൈറ്റ് സുധാ. ഞാൻ ദാ വരുന്നു' ന്ന്! എന്താതിന്‍റെ അര്‍ത്ഥന്നറ്യോ?"

"ഇല്ല്യ; എന്താ ?"

"ഇവളുടെ മുന്നില്‍ വെച്ചു ഞാൻ നീട്ടുന്ന നൂറിന്‍റെ നോട്ട് നിമിഷങ്ങള്‍ക്കകം തിരിച്ചു തന്നില്ലിങ്ങെ കാനാട്ടുകരേന്ന് ശങ്കരങ്കുളങ്ങര വഴി ബൈ ഫൂട്ട് വെറും പതിനഞ്ചു മിനിട്ടോണ്ട് നിന്നെ ഞാന്‍ പുതൂർക്കരക്കെത്തിക്കുംന്ന്! സത്യം! മൂന്നീസം ഞാൻ വരാഞ്ഞത് ശരിക്കും മേല് വേദനിച്ചിട്ടാടാ!"


x-x-x-x-x