2015, മാർച്ച് 10, ചൊവ്വാഴ്ച

എന്‍ക്വയറി

എന്‍ക്വയറി


ശുദ്ധഹൃദയനും സരസനുമായ ഒരു പൊതുമേഖലാ ബാങ്ക് ജീവനക്കാരനായിരുന്നു  മാത്തപ്പന്‍.  നീറ്റ് ആന്‍ഡ്‌ ക്ലീന്‍ വസ്ത്രധാരണം. ജോലിയില്‍ നിപുണന്‍. അതീവ ശ്രദ്ധാലു.      മാനവ ബന്ധങ്ങളില്‍ കാര്യമാത്രപ്രസക്തന്‍.  ഓഫീസിലേക്ക് വരും പോവും. അത്രതന്നെ. അധികമൊന്നും ആരോടും സംസാരിക്കില്ല. അതുകൊണ്ടു തന്നെ പരദൂഷണമെന്നത് അങ്ങാടിയോ പച്ചയോ എന്നറിയില്ല. തനി നാടന്‍ പ്രകൃതം. സംസാരിക്കുന്നതൊക്കെ കുന്നംകുളം സ്ലാങ്ങില്‍ നേരെ ചൊവ്വേ.

ഒരിക്കല്‍ ബാങ്കില്‍ നടന്ന ഒരു വായ്പ തിരിമറിക്കേസില്‍ സസ്പെന്‍ഷനിലായ ജീവനക്കാരനെതിരെ വകുപ്പുതല അന്വേഷണത്തിനായി   ഉന്നതോദ്യോഗസ്ഥന്‍ ബ്രാഞ്ചിലെത്തി വിഷയവുമായി ബന്ധപ്പെട്ടവരെ ചോദ്യം ചെയ്യുന്ന കൂട്ടത്തില്‍ നമ്മുടെ മാത്തപ്പനെയും വിളിച്ചു. മുറിയുടെ വാതില്‍ക്കല്‍ വന്നു  മുരടനക്കി നിഷ്ക്കളങ്കമായി പുഞ്ചിരിച്ചുകൊണ്ടു നില്‍ക്കുന്ന മാത്തപ്പനെ കണ്ടപ്പോള്‍  അന്വേഷണോദ്യോഗസ്ഥന്‍ ചോദിച്ചു:

“മിസ്റ്റർ മാത്തപ്പന്‍ അല്ലേ?”

“അതെ.”

“യെസ്. വരൂ, ഇരിക്കൂ.” 

മുന്നിലിരുന്ന കസേര ചൂണ്ടിക്കാണിച്ചുകൊണ്ട് ഉദ്യോഗസ്ഥന്‍ ക്ഷണിച്ചു.

 ദേന്താവോ സാറ്  വിളിച്ചത്?." 

മാത്തപ്പന്‍ കസേരയില്‍ പതുക്കെ ഇരുന്നു 

മേശയില്‍ അടുക്കി വെച്ചിരിക്കുന്ന കേസുമായി ബന്ധപ്പെട്ട  രേഖകള്‍ അടിയും മുകളും തിരയുന്നതിനിടയില്‍  അതീവ ഗൌരവത്തില്‍ ഇംഗ്ലീഷും മലയാളവും സമാസമം കൂട്ടിയിളക്കി എന്‍ക്വയറിഓഫീസര്‍ പറഞ്ഞു: 

“മിസ്റ്റര്‍ മാത്തപ്പന്‍, ഫീല്‍ഡ് ഓഫീസര്‍ മിസ്റ്റര്‍ വിശ്വനാഥനെതിരെ ലാസ്റ്റ് ജാന്വരിയില്‍  ആരോപിക്കപ്പെട്ട ഫ്രോഡിനെക്കുറിച്ച് അന്വേഷിക്കാന്‍  വന്ന എന്‍ക്വയറി ഓഫീസറാണ് ഞാന്‍. അറിയാമല്ലോ? ഞാന്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്കെല്ലാം മാത്തപ്പന്‍ വ്യക്തമായി ഉത്തരം പറയണം. ഐ ഹോപ്‌ യു മേ കോപ്പറേറ്റ് വിത്ത് ദ് എന്‍ക്വയറി. റൈറ്റ്?"

“അയ്നെന്താ  സാറേ! സാറ് ചോയ്ക്ക്!”

"എത്ര നാളായി ബാങ്കിലായിട്ട്?"

"ങ്ഹാ... ഒരു പത്തു പന്ത്രണ്ടു കൊല്ലായീണ്ടാവും."


"ടെല്‍ മി പ്രിസൈസ്ലി  ! ഏതു വര്‍ഷമാണ്‌ ജോയിന്‍ ചെയ്തത്?"


" തൊള്ളായിരത്തി എമ്പത്‌."


"ഓകെ. ഇപ്പൊ മാത്യൂസ്‌ ഏതു സീറ്റിലാണ് ഇരിക്കുന്നത്?"


"മാത്യുസല്ല. മാത്തപ്പന്‍. ഇപ്പൊ എസ്റ്റാബ്ലിഷ്മെന്‍റ്."


"ആം സോറി. മാത്തപ്പന്‍. റൈറ്റ്!.........

രേഖകള്‍ക്കിടയില്‍നിന്നും തിരഞ്ഞു കിട്ടിയ ഒരു പഴയൊരു ചെക്കെടുത്ത് മാത്തപ്പന് നീട്ടിക്കൊണ്ടു  ഓഫീസര്‍ ചോദിച്ചു :


" നോക്കൂ ഈ ചെക്ക് പേയ്മെന്‍റ് നടത്തിയത്  മിസ്റ്റര്‍ മാത്തപ്പനാണോ ?”

ചെക്ക് വാങ്ങി അകവും പുറവും മാത്തപ്പന്‍ സസൂക്ഷ്മം പരിശോധിച്ചു.  ചെക്കില്‍ പതിച്ച ബാങ്ക് സീലിനുള്ളില്‍  ചുവന്ന മഷിയില്‍ തെളിഞ്ഞു കാണുന്നത് തന്‍റെ ഒപ്പ്. ചെക്കിനു പുറത്തു പണം വാങ്ങിയ ആളുടെ ഒപ്പിന്‍റെ  താഴെ വലിയ അക്കങ്ങളില്‍ താന്‍ കുത്തിക്കുറിച്ച  നോട്ടിന്‍റെ ഡിനോമിനേഷനുകള്‍. 

“അതേതെ. സംശയല്ല്യ . ഇത് രണ്ടു കൊല്ലം   മുമ്പ് ഞാന്‍ നടത്ത്യേ പേയ്മെന്റന്ന്യാ . “

“ സോ,  ഓണ്‍ ദാറ്റ് ഡേ, കൌണ്ടര്‍ നമ്പര്‍ എഴില്‍ മാത്തപ്പനായിരുന്നു  ഡ്യൂട്ടി അല്ലേ?” 

ഓഫീസറുടെ സേതുരാമയ്യര്‍  ചോദ്യം കേട്ടു  തമാശ തോന്നിയ   മാത്തപ്പന്‍ പറഞ്ഞു:

“അല്ലാണ്ട് പിന്നെ ചെക്കില് എന്റൊപ്പു വരില്ലില്ലോ സാറേ!.”

മുണ്ടന്തറി ഉത്തരം കേട്ട്  ഉള്ളില്‍ എന്തോ കിരുങ്ങിയപ്പോള്‍ ഓഫീസര്‍ മാത്തപ്പനെ രൂക്ഷമായൊന്നു നോക്കി. പിന്നെ ചെക്കിന്‍റെ പുറത്തുള്ള ഒപ്പില്‍ ചൂണ്ടുവിരല്‍ തൊട്ടു ചോദിച്ചു.

“എങ്കില്‍ ടെല്‍ മീ, മിസ്റ്റര്‍ മാത്തപ്പന്‍, ചെക്കിന് പുറത്ത് ഈ ഒപ്പിട്ടു പണം വാങ്ങിയതാരാണ്? ഓര്‍മ്മയുണ്ടോ?”

"അയ്‌;!" 

അന്വേഷണോദ്യോഗസ്ഥന്‍റെ മുഖത്തേക്ക് മാത്തപ്പന്‍ ഒരു നിമിഷം വാ പൊളിച്ചു നോക്കി നിന്നു!  ശേഷമുണ്ടായത് വലിയൊരു പൊട്ടിച്ചിരിയാണ്.  തോളു കുലുക്കി ഭീഷണമായി ചിരിക്കുന്ന  മാത്തപ്പനെ നോക്കി  സേതുരാമയ്യര്‍ അന്തം വിട്ടിരുന്നു.  മിനിറ്റൊന്നു  കഴിഞ്ഞിട്ടും ചിരിക്കു കര്‍ട്ടന്‍ വീഴുന്നില്ലെന്നു കണ്ടപ്പോള്‍ ഭയം പുറത്തു കാട്ടാതെ ഓഫീസര്‍ അലറി:

“സ്റ്റോപ്പ്‌ ദിസ്‌ നോണ്‍സെന്‍സ് മാത്യൂസ്‌!. ആര്‍ യു കിഡ്ഢിഗ്? ഇതിലെന്താ ഇത്ര ചിരിക്കാന്‍?”

പൊട്ടിച്ചിരിയുടെ തുടർചലനങ്ങൾ നിയന്ത്രിക്കാൻ പാടുപെട്ടുകൊണ്ട്‌ മാത്തപ്പൻ ചോദിച്ചു :

“അല്ല സാറേ, ഇക്കറ്യാണ്ട് ചോയ്ക്ക്യാ.  ഒരീസം നൂറുകണക്കിന് ആളോൾക്ക്  കൊടുത്തും വാങ്ങീം  എടവാട് നടത്തണ കൌണ്ട്രാ. അതില് രണ്ട്വോല്ലം   മുമ്പ് വന്നു കാശു വാങ്ങിപ്പോയോനെ  ഓര്‍ത്തിരിക്കാന്‍  ഞാനാരാ ദൈവാ!?”

ഇത്തവണ ചിരിച്ചത് എൻക്വയറി ഓഫീസറായിരുന്നു. അതും കയ്യിലിരുന്ന പാര്‍ക്കര്‍ പേന മേശയിലെറിഞ്ഞു രണ്ടു കയ്യും മേശയില്‍ പരത്തിയടിച്ച് തല പുറകിലേക്കെറിഞ്ഞു മുക്തകണ്ഠം!.  സംഭവം കണ്ടപ്പോൾ  അവ്യക്തമായ ഒരു ഭീതി മാത്തപ്പന്‍റെ ഉള്ളില്‍ വേരിറക്കി.

“ അയ്യോ സാറേ..ഞാന്‍!.”   

“ഇല്ല്യടപ്പ! എന്‍ക്വയറ്യോക്കെ കഴിഞ്ഞു.  ആളെ  ചിരിപ്പിച്ച് കൊല്ലാന്‍  നിക്കാണ്ട് ഏറ്റ്  പോയേര മാത്തപ്പാ നിയ്യ്‌! ഹയ്യൂ..വയ്യെന്റമ്മച്ച്യേയ്!"

പിന്നെ താമസമുണ്ടായില്ല. കോട്ടും കഴുത്തിക്കെട്ടും  പത്രാസും  അഴിഞ്ഞു ജനിച്ച പടി തന്‍റെ മുന്നിലിരുന്നു തലതല്ലുന്ന  ഒല്ലൂക്കാരൻ റപ്പായിയുടെ ചിരിക്കമ്പനിയിൽ   കുന്നോളത്തുകാരന്‍ മാത്തപ്പനും ഒരോഹരിയെടുത്തു.